Skip to content

ഗായത്രി – 12

kathakal in malayalam

ഏഴു തിരിയിട്ട് കത്തിച്ച നിലവിളക്കുകൾക്കിടയിൽ പൂക്കളാൽ അലങ്കരിച്ച മണ്ഡപത്തിലേക്ക് അച്ഛന്റെ കയ്യും പിടിച്ചു കയറുമ്പോൾ കയ്യും കാലും മരവിച്ച ഒരവസ്ഥയിലായിരുന്നു.. അവിടെ നിൽക്കുമ്പോൾ തൊട്ടടുത്ത് ആരോ നിൽക്കുന്നുണ്ടെന്ന് മനസിലായി. പക്ഷെ ഒരിക്കലും അങ്ങോട്ട്‌ നോക്കാൻ മനസ്സ് സമ്മതിച്ചില്ല. ഞങ്ങൾക്ക് രണ്ടുപേർക്കും നടുവിലായി അച്ഛനും വേറാരൊക്കെയും നിൽപ്പുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ശെരിക്കും കാണാനും
പറ്റുന്നുണ്ടായിരുന്നില്ല .

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമായിട്ടും മനസ്സ് നിറഞ്ഞൊന്ന് ചിരിക്കാൻ പോലും പറ്റുന്നില്ല. തലയും കുമ്പിട്ട് അവിടെ തന്നെ നിൽക്കുമ്പോൾ പന്തലിൽ നിന്ന് എന്നെ മാത്രം ഉറ്റുനോക്കുന്ന പലരെയും നോക്കാതെ ഞാനും നിന്നു..
കൈ വിരലിലെ ഏറ്റവും ഭാഗ്യമുള്ള വിരൽ മോതിര വിരലാണ് എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.. കാരണം മോതിരവിരലിൽ അണിയിക്കുന്ന ഓരോ മോതിരവും പിന്നീട് ഹൃദയവുമായി ബന്ധപ്പെട്ടു കിടക്കുമത്രേ…പക്ഷെ ഇന്ന് എന്റെ കയ്യിൽ ഒരു മോതിരമണിയുമ്പോൾ അതൊരിക്കലും ഞാൻ ഹൃദയത്തോട് ചേർത്തു വെക്കാൻ കൊതിച്ച ആളുടെ പേരുള്ളത് ആയിരിക്കില്ല എന്നുമാത്രം..

ജാതകം കൈമാറൽ കഴിഞ്ഞായിരുന്നു മോതിരം മാറ്റം അച്ഛൻ തന്ന മോതിരം വലതു കയ്യിൽ ഇട്ടു കൊടുത്തതും പെട്ടെന്ന് ഒരുപാട് ക്യാമറ കണ്ണുകൾ അത് ഒപ്പി എടുക്കുന്നതും കണ്ടപ്പോഴാണ് ഞാൻ
മുന്നിലുള്ള പടയെ മൊത്തമായി നോക്കിയത് എല്ലാം അറിയപ്പെടുന്ന ന്യൂസ്‌ ചാനലുകാരാണ്…

ഇവരെന്താ ഇവടെ അതും എന്റെ നിശ്ചയത്തിന്റെ ഫോട്ടോ എടുക്കാനായി എന്ന് ആലോചിച്ചു നിന്നപ്പോഴാണ് ആരോ കയ്യിൽ കേറി പിച്ചി കൊണ്ട് വായിൽ നോക്കി നിക്കാതെ കൈ നീട്ടടി പെണ്ണെ എന്ന് പറഞ്ഞത്..

നേരെ നോക്കിയതും തൊട്ടപ്പുറം എന്നെയും നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന മാധവേട്ടൻ.. അപ്പൊ ഞാനിട്ടു കൊടുത്ത മോതിരം മാധവേട്ടന്റെ വിരലിൽ കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചത്.. പുറകിൽ നിന്നാരൊക്കെയോ ചിരിക്കുന്നുണ്ട് തിരിഞ്ഞു നോക്കിയപ്പോൾ എല്ലാരുമുണ്ട് അച്ഛൻ അമ്മ മാധവേട്ടന്റെ അച്ഛനും അമ്മയും ഗൗരി, ലയ എന്റെ കൂട്ടുകാർ പട അങ്ങനെഏല്ലാവരും …

ഓഹോ.. അപ്പൊ എല്ലാരും കൂടി എന്നെ കളിപ്പിച്ചതാണല്ലേ… ആലോചിച്ചപ്പോൾ പെട്ടന്നൊരു ചിരി വന്നെങ്കിലും മുന്നിൽ നിന്ന് കിണിക്കുന്ന മാധവേട്ടനെ കണ്ടപ്പോൾ ആ ചിരിമാറ്റി മുഖത്തൊരു കൃത്രിമ ദേഷ്യം വരുത്തി ഞാൻ മാധവേട്ടനെ നോക്കികൊണ്ട്‌ നീട്ടി പിടിച്ച വിരലിലേക്ക് മോതിരമിട്ടു കൊടുത്തു…

ചടങ്ങിന് ശേഷം എല്ലാരും കൂടി നിന്ന് ഫോട്ടോ എടുക്കുമ്പോഴും ചിരിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രെധിച്ചു .

മാധവേട്ടൻ ഒന്ന് ചിരിക്കെന്റെ ഗായൂ.. മുത്തല്ലേ.. പൊന്നല്ലേ..
എന്നും പറഞ്ഞ് എന്നെയിട്ട് തോണ്ടാനും വലിക്കാനും പിച്ചാനും തുടങ്ങിയിട്ട് കുറെ നേരായി..

ഇത്രയും ദിവസം ഞാനനുഭവിച്ച സങ്കടം എനിക്ക് ഇങ്ങനെയെങ്കിലും വാശി കാണിച്ച് തീർക്കണം…

ഒന്നും മിണ്ടാതെ മൈൻഡ് ചെയ്യാതെ ഒരുഭാഗത്ത് മാറി നിൽക്കുമ്പോഴാണ് എന്നെ നോക്കി ചിരിക്കുന്ന അച്ചന്മാരെയും അമ്മമാരെയും മാധവെട്ടനേം കണ്ടത് കൂട്ടത്തിൽ ലയയും രാഹുലേട്ടനുമുണ്ട്..

എല്ലാരുടേം കളിയാക്കൽ കണ്ടപ്പോൾ എനിക്ക് കരച്ചിലാണ് വന്നത്… മാധവേട്ടന്റെ കൂടെ അച്ഛനും കൂടി ഉണ്ടെന്ന് കണ്ടപ്പോൾ അത് ഇരട്ടിയായി..

ഒന്നും മിണ്ടാതെ നിറഞ്ഞു നിൽക്കുന്ന കണ്ണുമായി നിൽക്കുന്ന എന്റെ അരികിലോട്ട് അച്ഛന്റെ മെല്ലെ നടന്ന് വന്ന്..

അച്ഛന്റെ കുഞ്ഞോൾക്ക് വിഷമമായോ എന്ന് ചോദിച്ചപ്പോൾ ആ നെഞ്ചിലേക്ക് ചാഞ്ഞ് ഞാനെന്റെ പരിഭവം പറഞ്ഞു .

” എന്നാലും അച്ഛനും കൂടി അവരുടെ കൂടെ കൂടി എന്നെ പറ്റിച്ചല്ലോ… ”

” എന്റെ കുഞ്ഞോളെ.. മാധവും നീയും ഇഷ്ട്ടത്തിലാണെന്ന് നീയൊരു വാക്ക് അച്ഛാ യോട് പറഞ്ഞില്ലല്ലോ.. അരുണിന്റെ ആലോചന വന്നതിനു ശേഷമാണ് പ്രകാശൻ വന്നു പറഞ്ഞപ്പോൾ ഞാനത് അറിഞ്ഞത് തന്നെ… അപ്പൊ പിന്നെ എല്ലാ കാര്യോം അച്ഛയോട് പറയണ മോള് ഇതു മാത്രം എന്നോട് പറയാതിരുന്നപ്പോൾ എന്റെ കൊച്ചിനെ ഒന്ന് കളിപ്പിക്കാൻ അച്ഛനും അവർക്കൊപ്പം നിന്നു അത്രമാത്രം … ”

അച്ഛ അത് പറഞ്ഞു തീരുമ്പോഴേക്കും മാധവേട്ടൻ അങ്ങോട്ടേക്ക് വന്നിരുന്നു..

” അച്ഛൻ വിഷമിക്കണ്ട ഗായൂന്റെ പിണക്കം എന്നോട് മാത്രമാണ് . എന്റെ ഗായു നിന്റെ അച്ഛന്റെ മുന്നിൽ വെച്ച് പറയേണ് ഇനി എന്റെ കൊച്ചിന്റെ കണ്ണ് ഞാൻ കാരണം ഒരിക്കലും നിറയില്ല സത്യം.. അച്ഛന്റെ ഈ മോളെ ഞാൻ പോന്നു പോലെ നോക്കിക്കോളാം.. ”

മാധവേട്ടൻ അത്രയും പറഞ്ഞപ്പോഴേക്കും അത് എന്നേക്കാൾ കൂടുതൽ അച്ഛന്റെ മനസിനെയാണ് ആ വാക്കുകൾ സന്തോഷിപ്പിച്ചതെന്ന് കണ്ണെല്ലാം നിറഞ്ഞുനിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ എനിക്ക് മനസിലായി ..

” എനിക്കറിയാം എന്റെ മോള് സന്തോഷത്തോടെ ആയിരിക്കണോങ്കി അവളെ അവൾടെ അച്ഛന്റേം അമ്മേടേം പോലെ സ്നേഹിക്കുന്ന ഒരാൾ കൂടെ വേണമെന്ന്… ”

” അവൻ മാത്രമെല്ലെടോ ഞങ്ങൾക്കും അവള് സ്വന്തം തന്നെയാ.. ഇപ്പൊ തന്നെ കൊണ്ടുപോയിക്കോട്ടെ ഞാൻ എന്റെ മരുമോളെ അങ്ങ് വീട്ടിലോട്ട്… ഒരു താലി പണിയിപ്പിച്ച് ഇവനെ കൊണ്ട് കെട്ടിക്കേണ്ട കാര്യം ഞാനേറ്റു.. ”

പ്രകാശച്ചനാണ് അത് പറഞ്ഞത്..

അമ്മയും അച്ഛനും അത് കേട്ട് എന്റെ അപ്പുറവുംമിപ്പുറവും നിന്ന് ചിരിക്കുകയാണ് ഒരുപാട് നാളുകൾക്ക് ശേഷം അവരിരുവരും ഇങ്ങനെ മനസ്സ് തുറന്നു സന്തോഷിക്കുന്നത് കണ്ടപ്പോൾ അതുവരെയുണ്ടായിരുന്ന എന്റെ എല്ലാ പിണക്കങ്ങളും ആ സന്തോഷത്തിൽ ഇല്ലാതായി..

പിന്നെ മാധവേട്ടനുള്ളത് പ്രത്യേകം ഞാൻ വേറെ കൊടുത്തോളാം ഇനി ഇതുപോലെ എന്നെ പറ്റിക്കാൻ തോന്നുമ്പോൾ ഓർക്കുവാൻ വിധത്തിലുള്ള സമ്മാനം..

അപ്പൊ എങ്ങനെയാ ചേട്ടത്തിയെ കാര്യങ്ങളൊക്കെ ലയയാണ്… വീട്ടിലോട്ട് വാ നിന്നെ ഞാൻ ശെരിയാക്കി തരാം നാത്തൂൻ പോരെന്താണെന്ന് ഞാൻ നിനക്ക് കാണിച്ചു തരാം..

അവളങ്ങനെ പറഞ്ഞതും ഞാൻ രാഗിണിയമ്മയെ നോക്കി

ദേ രാഗിണിയമ്മേ… ഈ പെണ്ണിനെ നമ്മുക്ക് കെട്ടിച്ചു വിടണ്ടേ…ഇവളെ കെട്ടിച്ചുവിടാതെ ഞാനങ്ങോട്ടേക്ക് വരില്ലട്ടോ… എന്ന് പറഞ്ഞു

” അതിന് ഇവളെ കെട്ടാൻ വെല്ലോരും സമ്മതിക്കൂന്നു മോൾക്ക്‌ തോന്നുണ്ടോ… എല്ലാരുടേം മുന്നിൽ മിണ്ടാപ്പൂച്ച ആണെങ്കിലും ഇവളെവിടെ കേറിയണവോ കലം ഉടക്കാൻ പോവുന്നതെന്ന് ദൈവത്തിനു മാത്രേ അറിയൂ ”

രാഗിണിയമ്മ അത് പറഞ്ഞതും മുഖവും കുത്തി പിടിച്ച് നിൽക്കുന്ന ലയ യെ കാണാൻ നല്ല രസമായിരുന്നു..

എന്തിനാ എല്ലാരും കൂടി ആ കൊച്ചിനെ കളിയാക്കുന്നെ അതൊരു പാവമല്ലേ…

ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയപ്പോൾ വേറാരുമല്ല.. എന്റെ പൊന്നാങ്ങള രാഹുലേട്ടൻ..

മോനെ നീ ഇന്ന് രാവിലെ എന്താടാ കഴിച്ചേ.. ?പുട്ടും കടലയും.. നീയും ഞാനും ഒരുമിച്ചല്ലേ കഴിച്ചേ … പിന്നെ എന്താ ഇപ്പൊ ഒരു ചോദ്യം… അല്ലാ കടലക്ക് പകരം കോഴിയാണോ എന്ന് ആലോചിച്ചതാ… ഭയങ്കര കോഴി കൂവൽ കേൾക്കണ് അതാ…

” ദേ അളിയാ ഇവളെ അളിയൻ വേഗം കെട്ടിക്കൊ അല്ലെങ്കി ഞാൻ തന്നെ തല്ലി കൊല്ലും അമ്മാവന്റെ മോളാണെന്നൊന്നും നോക്കില്ല.. ”

രാഹുലേട്ടൻ അത് പറഞ്ഞപ്പോഴാണ് ഞാൻ മാധവേട്ടനെ ശ്രെധിച്ചത്… എന്നെ തന്നെ നോക്കി നിന്ന് ചിരിക്കുകയാണ്…എന്തോ പെട്ടെന്ന് ഞാനെന്റെ നോട്ടം പിൻവലിച്ചു. അത്ര പെട്ടെന്നൊന്നും പിണക്കം മാറ്റാൻ പാടില്ല.. എന്നെയിട്ട് കുറച്ചു വട്ടു കളിപ്പിച്ചതല്ലേ അതിന്റെ പകുതിയെങ്കിലും ഞാനും ചെയ്യണം…

ഭക്ഷണം കഴിക്കുന്നതിനിടയിലും ഞാൻ മാധവേട്ടനെ അധികം നോക്കാൻ നിന്നില്ല എന്തെങ്കിലും പറയാൻ വരുമ്പോഴേക്കും എനിക്ക് തൊട്ടപ്പുറത്തിരിക്കുന്ന ലയയോട് അവൾടെ കോളേജിലെ വിശേഷം ചോദിച്ചു കൊണ്ടിരുന്നു.. ഞാനും ഭക്ഷണം കഴിച്ചു..

മാധവേട്ടനാണെങ്കിലോ ഒന്നും കഴിക്കാതെ എന്നെ തന്നെ നോക്കിയിരുപ്പാണ് ഇടയ്ക്കിടെ സോറി പറയുന്നുമുണ്ട്.. ഇതിപ്പോ ഇരുപതാമത്തെ തവണയായിരിക്കും ഇവിടെ വന്നിട്ട് തന്നോട് സോറി പറയുന്നത്.. ആ സാരമില്ല കുറച്ചു വെള്ളം കുടിക്കട്ടെ എന്നിട്ട് സോറി സ്വീകരിക്കാം…

ഭക്ഷണം കഴിഞ്ഞ് തിരികെ പോവുമ്പോൾ എല്ലാരും യാത്ര പറഞ്ഞ് തിരിച്ചു പോവുമ്പോഴും എന്നെ നോക്കി നിൽക്കുന്ന മാധവേട്ടനെ ഞാൻ കണ്ടത്.. രാവിലെ കണ്ടതുപോലെയല്ല ആ കണ്ണിലിപ്പോൾ ചെറിയൊരു സങ്കടക്കടൽ തന്നെ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് എനിക്ക് മനസിലായി.. എന്നാലും ഞാനത് കാണാത്തതുപോലെ നിന്നു..

ഒരുദിവസമെങ്കിൽ ഒരു ദിവസം മിണ്ടാതെ ഒഴിഞ്ഞു മാറിയുള്ള ഈ നടക്കലിന്റെ വേദന ഒന്നറിയട്ടെ..

മാധവേട്ടന് ഇപ്പോൾ ഞാനണിയിച്ച മോതിരമെങ്കിലും ഒരു വിശ്വാസമായി ഞാനെവിടെയും പോകാതെ കൂടെയുണ്ടാവുമെന്ന് ഉറപ്പു നൽകുന്നുണ്ട് .. പക്ഷെ അന്നെനിക്കോ.. ഒന്നുമുണ്ടായിരുന്നില്ല…

വൈകുന്നേരം കുളിച്ച് ഫ്രഷ് ആയി ഹാളിലോട്ട് ചെന്നപ്പോഴാണ്ഏതോ ഒരു ചാനലിൽ വാർത്തയിൽ പ്രമുഖ യുവ നടൻ മാധവ് പ്രകാശിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന തലകേട്ടോടെ വാർത്ത കണ്ടത്. എന്റെയും മാധവേട്ടന്റേം കൂടിയുള്ള ചിത്രവുമുണ്ട്..

വാർത്ത കണ്ടുകൊണ്ടിരിക്കെ ഞാൻ രണ്ടു മൂന്നു തവണ തുമ്മിയപ്പോൾ രാഹുലേട്ടനാണ് പറഞ്ഞത് ഇനി നീ കുറച്ച് ദിവസത്തേക്ക് തുമ്മി ചാവും..

എന്തെന്നുള്ള ഭാവത്തിൽ രാഹുലെട്ടനെ തന്നെ നോക്കി നിന്നപ്പോഴാണ് കാര്യം പറഞ്ഞത്..

അല്ല ഒരുപാട് ആരാധികമാരുള്ള സിംഗിൾ ആയി നടന്ന ഒരു യുവ നടനെ തട്ടിയെടുത്ത കാപാലികയാണല്ലോ നീയിപ്പോ ആ പെൺപിള്ളേർക്കെല്ലാം…

രാഹുലെട്ടനെ നിന്ന് കൊഞ്ഞനം കുത്തിയപ്പോഴാണ് വീണ്ടും രണ്ടുമൂന്നു തവണ തുമ്മിയത്… അപ്പൊ തന്നെ കയ്യിലിരുന്ന ഫോണും റിങ്ങ് ചെയ്തു ഡിസ്പ്ലേ നോക്കിയപ്പോൾ…. കെട്ട്യോൻ കാളിങ്… എന്നെഴുതി കാണിക്കുന്നു.. ഒരു ചെറിയ ചിരിയോടെ അവിടെ നിന്ന് ഫോണും കൊണ്ട് മുകളിലെ റൂമിലോട്ട് പോവുമ്പോൾ. രാഹുലേട്ടൻ ഒരു കള്ള ചിരിയോടെ എന്നെ നോക്കി നടക്കട്ടെ നടക്കട്ടെ എന്ന് പറയുന്നുണ്ടായിരുന്നു..

#####################

ഹാളിൽ എന്തോ വീണുടയുന്ന ഒച്ച കേട്ടാണ് മഹാദേവൻ അങ്ങോട്ട്‌ ചെന്നത് ചിഞ്ഞി ചിതറി കിടക്കുന്ന റിമോട്ട് കണ്ടപ്പോഴാണ് സോഫയിൽ തന്നെ ഇരിക്കുന്ന വീണയെ കണ്ടത്… എന്തുപറ്റി മോളെയെന്നും ചോദിച്ച് വീണയുടെ അരികിലോട്ട് ചെന്ന അയാൾ പെട്ടന്നുള്ള വീണയുടെ ഭാവമാറ്റം കണ്ട് ഭയന്നു..
ടീവി യിൽ കാണിക്കുന്ന മാധവിന്റേം ഗായത്രിടേം ചിത്രം അപ്പോഴാണ് അയാൾ കണ്ടത് താഴെ കാണിക്കുന്ന വാർത്ത കൂടി കണ്ടപ്പോൾ തന്നെ എന്താണ് വീണയുടെ മാറ്റത്തിന്റെ കാരണമെന്ന് അയാൾക്ക്‌ പെട്ടെന്ന് മനസിലായി..

” ഞാൻ വിചാരിച്ചു നമ്മുക്കൊരു വഴിമുടക്കിയായി നിൽക്കാതെ അവളവനെ വിട്ട് പോയിട്ടുണ്ടാവുമെന്നാണ്.. ”

” അവള് സ്വയം നാശത്തിന്റെ കുഴി തോണ്ടുകയാണ് അച്ഛാ ..
പറഞ്ഞു കൊടുത്തിട്ടും അവൾക്കാ ചെന്നായയെ മനസിലായില്ലെങ്കിൽ… ഇനി കാണിച്ചു കൊടുക്കാം തെളിവുകളോടെ എന്നിട്ടും മനസിലായില്ലെങ്കിൽ… ഈ വീണയുടെ വഴിമുടക്കിയായി ആര് വന്നാലും വേണ്ടി വന്നാൽ ഈ ഭൂമുഖത്തു നിന്ന് തന്നെ ഞാൻ തുടച്ചു മാറ്റും അത് ഗായത്രി ആയാലും ആരായാലും… ”

ഒന്നും മിണ്ടാതെ ചിതറി തെറിച്ചു കിടക്കുന്ന റിമോട്ട് കഷ്ണങ്ങൾ കാലുകൊണ്ട് തട്ടി തെറിപ്പിച്ച് വീണ അകത്തേക്ക് പോയി.
ഇരുട്ട് നിറഞ്ഞ ഒരു മുറിയിൽ ചെന്ന് ലൈറ്റ് ഓൺ ആക്കി ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്ന ഇന്ദ്രന്റെ അടുത്തായി അവള് ചെന്നിരുന്നു.. തളർന്നു കിടക്കുന്ന അവന്റെ കാലിലായി അവൾടെ കൈകൾ കൊണ്ട് തലോടി… വിദൂരത്തേക്ക് നോക്കി അവൾ പറഞ്ഞു… കുഞ്ഞേട്ടായി അറിഞ്ഞോ നമ്മളെയെല്ലാം ഈ ഗതിയിലാക്കി അവൻ കല്യാണം കഴിച്ച് സുഖമായി ജീവിക്കാൻ പോവുകയാണ്.. എന്റെ കുഞ്ഞേട്ടായിയുടെ ഒരു കാലെടുത്ത്… എന്റെ വിദ്യ ഏച്ചിയുടെ ജീവിതം തന്നെ പിച്ചി ചീന്തി അവനിപ്പോ സുഖിക്കാൻ പോവുന്നു..
നമ്മുടെ കുടുംബത്തിന്റെ മുഴുവൻ സന്തോഷം തട്ടി തെറിപ്പിച്ച് അങ്ങനെ അവൻ മാത്രം സന്തോഷിക്കരുത്, ഇഞ്ചിഞ്ചായി കൊല്ലണം അവനെ നമ്മളനുഭവിച്ച എല്ലാ വേദനയും അവനും അറിയണം… എന്റെ വിദ്യ ഏച്ചിയുടെ കണ്ണീരിന്റെ വില അവനറിയണം.. അവനുമുണ്ടല്ലോ ഒരു കുടുംബവും അനിയത്തിയുമെല്ലാം. ഒരുത്തനേം വിടരുത്. മാധവിന്റെ മുച്ചോഡ് നാശം കാണാനാണ് ഇത്രയും നാളും നമ്മൾ കാത്തത്. അതിനുള്ള സമയം അടുത്ത് കുഞ്ഞേട്ടാ..

വീണ അത് പറയുമ്പോൾ പെട്ടെന്ന് തന്റെ കയ്യിലേക്ക് ഇറ്റു വീണ വെള്ളത്തുള്ളി ഇന്ദ്രന്റെ കണ്ണുനീരാണെന്ന് അവൾക്ക് മനസിലായത് അവന്റെ മുഖത്തോട്ട് നോക്കിയപ്പോഴാണ്.അത് പ്രതികാരത്തിന്റെ കണ്ണുനീരാണെന്ന് അവൾക്ക് തോന്നി . അവന്റെ കണ്ണിലെ പകക്ക് മാധവിനെയും അവന്റെ ചുറ്റുമുള്ള സകലതിനേം ചുട്ടു കൊല്ലാനുള്ള ശക്തിയുണ്ടെന്ന് അവൾക്ക് മനസിലായി..

$$$$$$$$$$$$$$$$$$

രാവിലെ തന്നെ പ്രോജക്ടിന്റെ കാര്യത്തിന് ഗൗരിയെ കാണണമെന്നും പറഞ്ഞാണ് ഗായത്രി വീട്ടിൽ നിന്നിറങ്ങിയത്.. സംഭവം സത്യമാണ് പറഞ്ഞതെങ്കിലും അതിനിടയിൽ ഒരു കള്ളമുണ്ട്.. പോവുന്ന വഴിയിൽ വേറൊരു ആളെ കൂടി കാണാനുണ്ട്.. ആളാരാണെന്ന് പ്രത്യേകം പറയണ്ടല്ലോ.. എന്റെ ഫ്യുച്ചർ കെട്ട്യോനെ തന്നെ…

പക്ഷെ ഇതൊരു സർപ്രൈസ് ആണ് കേട്ടോ ഇന്നലെ പുള്ളി വിളിച്ചപ്പോൾ ഞാനധികം മൈൻഡ് കൊടുക്കാതെ ഫോണെടുത്ത് അവിടെ നിന്ന് ഹലോ പറയുന്നതിന് മുന്നേ എനിക്കൊന്നും കേൾക്കണ്ട.. ശല്യപ്പെടുത്താതെ ഫോൺ വെക്കാവോ എന്നും ചോദിച്ച് കട്ട്‌ ആക്കി… സ്വിച്ച് ഓഫ് ചെയ്തു വച്ചു… സംഭവം ഇത്തിരി കടന്നു പോയെന്ന് പിന്നെ ലയ വിളിച്ചപ്പോഴാണ് മനസിലായത്…

നീയും ഏട്ടനും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോന്ന് അവള് ചോദിച്ചപ്പോൾ ആദ്യം മിണ്ടാതെ നിന്നെങ്കിലും പിന്നെ കാര്യമൊക്കെ ഞാനവളോട് പറയേണ്ടി വന്നു..

ഞാൻ മിണ്ടാത്തതും മൈൻഡ് ചെയ്യാത്തതും കാരണം ഒരളവിടെ ആരോടും മിണ്ടാതെ ഭക്ഷണോം കഴിക്കാതെ വന്നപ്പോ തൊട്ട് മുറിയടച്ച് കിടക്കേണത്രെ… നിരാശ കാമുകനെ പോലെ… ആഹാ..

അത് കേട്ടപ്പോ എനിക്കും കുറച്ചു സങ്കടായി.. ഇപ്പൊ ഈ പോവുന്നത് ആ സങ്കടം മാറ്റാനാണ്.. ഇന്ന് ലയയും പ്രകാശച്ചനും രാഗിണിയമ്മയും കൂടി ഏതോ ബന്ധുവിന്റെ വീട്ടിൽ പോവുകയാണ് മാധവേട്ടന് ഒറ്റക്ക് വീട്ടിലുണ്ടാവൊള്ളൂ.. എന്തായാലും പാതിരാത്രി ആമ്പൽ പൂവും പൊട്ടിച്ച് എന്റെ വീട്ടിൽ വന്ന് എന്നോടിഷ്ടം പറഞ്ഞ ആളല്ലേ… അപ്പൊ ചെറിയൊരു സർപ്രൈസ് ഞാനും അങ്ങ് കൊടുത്തേക്കാം പിണക്കം മാറ്റാൻ…

പിന്നാമ്പുറത്തെ വഴിയിലൂടെയാണ് ഞാൻ ചെന്നത് അടുക്കളയിൽ തന്നെ ജോലിക്കാരി രാധ ചേച്ചി ഉണ്ടായിരുന്നു… അകത്തോട്ടു കേറി ചെന്നതും അവരെല്ലാം പുറത്തുപോയി കുഞ്ഞേ എന്നുള്ള രാധചേച്ചി പറഞ്ഞപ്പോൾ ഞാൻ അറിയാമെന്നും ലയയുടെ കയ്യിന്നു എന്റെ ഒരു ശരിയുണ്ട് അതെടുക്കാൻ വന്നതാണ് അവൾക്കറിയാമെന്നും പറഞ്ഞു..

ലയ നേരത്തെ ഞാൻ വരുന്ന കാര്യം രാധചേച്ചിയോട് പറഞ്ഞതിനാൽ പിന്നെ അധികം പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല..
രാവിലെ വിളിച്ചപ്പോഴും മാധവേട്ടൻ ഒന്നും കഴിച്ചിട്ടില്ലെന്ന് അവൾ പറഞ്ഞിരുന്നു..

രാധ ചേച്ചിയെ നോക്കി ചിരിച്ചു കൊണ്ട് അകത്തോട്ടു ചെന്ന് മാധവേട്ടന്റെ മുറിയുടെ മുന്നിൽ ചെന്ന് എത്തി നോക്കി കട്ടിലിൽ കമിഴ്ന്നു കിടക്കുകയാണ് പുള്ളിക്കാരൻ.. വീട്ടിൽ നിന്ന് പോരുമ്പോൾ തന്നെ അമ്മയുണ്ടാക്കിയ ശർക്കര അട ഒരെണ്ണം കയ്യിൽ എടുത്തു പിടിച്ചിരുന്നു ഗൗരിക്ക് കൊടുക്കാനെന്നും പറഞ്ഞ്.. പതിയെ ഒച്ചയുണ്ടാക്കാതെ മുറിക്കകത്തു കടന്ന് വാതില് അടച്ച് തിരിഞ്ഞ് നോക്കിയപ്പോ മാധവേട്ടന് കിടന്നിടത്ത് ഒരു പൂട പോലും ഇല്ല .. പെട്ടന്നാരോ എന്റെ പിന്നിലൂടെ വന്ന് ചുറ്റിപ്പിടിച്ച് കവിളോട് ചേർന്ന് എന്റെ ചെവിയിൽ ചോദിച്ചു.. “ആരും ശല്യപ്പെടുത്താൻ വിളിക്കേണ്ടെന്ന് പറഞ്ഞിട്ട്. പിന്നെ നീ ആരോട് ചോദിച്ചിട്ടാ ഇങ്ങോട്ട് വന്നേ.. ”

മറുപടി പറയാൻ തിരിഞ്ഞു നിന്ന് ആ മുഖത്തോട്ട് നോക്കിയതും നാവിൻ തുമ്പിൽ വന്ന എല്ലാ അക്ഷരങ്ങളും ഞാൻ വിഴുങ്ങിയതും ഒരുമിച്ചായിരുന്നു..

എത്ര നേരം അങ്ങനെ തന്നെ മാധവേട്ടനെ നോക്കി നിന്നെന്നറിയില്ല. ഒന്നും മിണ്ടാതെ മാധവേട്ടനെ ബെഡിലിരുത്തി കയ്യിലുണ്ടായിരുന്ന അപ്പം മാധവട്ടന്റെ വായിൽ വച്ചു കൊടുക്കുമ്പോൾ. അനുസരണയുള്ള ഒരു കുഞ്ഞിനെ പോലെ മാധവേട്ടന് വാ തുറന്നു തന്നു..

ഇപ്പൊ വിശപ്പ് മാറിയോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നും പറഞ്ഞ് എന്നെ തന്നെ നോക്കിയിരിക്കുന്ന മാധവേട്ടനെ കണ്ടതും എനിക്ക് ചിരിയാണ് വന്നത്…

പെട്ടെന്ന് എന്റെ പിന്നിലേക്ക് നോക്കി മാധവേട്ടൻ അമ്മ എന്ന് പറഞ്ഞപ്പോൾ ഞാനും തിരിഞ്ഞു നോക്കിയത് ഒരുമിച്ചായിരുന്നു നോക്കിയപ്പോൾ അവിടെ ആരും ഇല്ല..

എവിടെ അമ്മ എന്ന് ചോദിച്ച് തിരിഞ്ഞതും മാധവേട്ടന്റെ അധരങ്ങൾ എന്റെ അധരങ്ങളിൽ അമ്മർന്നതും ഒരുമിച്ചായിരുന്നു….

(തുടരും )

 

ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!