“അതിനെന്താ അത് നല്ല കാര്യമല്ലേ നമുക്ക് ആലോചിക്കാലോ. ജീനയോടും ബാലേട്ടനോടും ഞാൻ പറയാം”
അമ്മ സന്തോഷത്തോടെ പറഞ്ഞു – ഞാൻ ഒന്നു തല ഉയർത്തി അസുരനെ നോക്കി. ചിരിച്ചോണ്ട് നിൽക്കുന്നു. ദേവുവിനെ നോക്കിയപ്പോൾ ഇപ്പോൾ കരയും എന്ന മട്ടിലാണ് നിൽപ്പ്.
അപ്പോഴേക്കും കാർ വന്നു.എല്ലാരും കാറിൽ കയറി. ഞാനും ദേവുവും പാറുവും അസുരനും കാർത്തിയേട്ടനും ഒരു കാറിലായിരുന്നു.ദേവു സങ്കടം കടിച്ചമർത്തി ഇരിക്കുവാണെന്ന് മനസ്സിലായി.അവളുടെ മുഖത്തെ വിഷാദം കണ്ടിട്ടാവാം കാർത്തിയേട്ടൻ ഇടയ്ക്കിടെ കണ്ണാടിയിലൂടെ നോക്കുന്നുണ്ട്.
അസുരൻ ഏതോ റൊമാന്റിക് പാട്ടൊക്കെ ഇട്ട് ഹാപ്പിയായി വണ്ടി ഓടിക്കുന്നു. പാറു ഫങ്ങ്ഷനെക്കുറിച്ച് വാ തൊരാതെ പുകഴ്ത്തുന്നുണ്ട്. എന്റെ മനസ്സിൽ വല്ലാത്തൊരു ശൂന്യതയായിരുന്നു.
വീട്ടിലെത്തിയതും ക്ഷീണം കാരണം ഞാൻ സെറ്റിയിലേക്ക് ചാഞ്ഞു.കാർത്തിയേട്ടൻ ഫോണും പിടിച്ച് പുറത്തേക്ക് പോകുന്നതു കണ്ടു.
അച്ഛൻ എന്നോടൊപ്പം സെറ്റിയിൽ വന്നിരുന്നു.
” ഇന്നൊരു വിശേഷം ഉണ്ടായി” അമ്മ തുടങ്ങി
“എന്ത് വിശേഷം?”
“ഗീത ഒരു പ്രപ്പോസലിന്റെ കാര്യം പറഞ്ഞു ”
“പ്രപ്പോസലോ ആർക്ക് കാർത്തിക്കോ?”
“കാർത്തിക്കല്ല നിങ്ങളുടെ പുന്നാരമോൾക്കും ദേവൂനും ”
“രണ്ടു പേർക്കുമോ?”
“ഉം അരുണിനും വരുണിനും വേണ്ടി രണ്ടുപേരേയും ആലോചിച്ചാലോ എന്ന്. ”
“എന്നിട്ട്?”
“എന്നിട്ടെന്താ ഞാൻ പറയാം എന്നു പറഞ്ഞു.രണ്ടു പേരും ഇണക്കുരുവികളല്ലേ ഒരു വീട്ടിലോട്ട് പോയാൽ പിന്നെ കൂട്ടുപിരിയണ്ടല്ലോ മാത്രമല്ല ബന്ധങ്ങൾ തമ്മിൽ ഒരു അടുപ്പവും ഉണ്ടാവും”
അതു കേട്ടുകൊണ്ടാണ് കാർത്തിയേട്ടൻ വന്നത് മുഖമൊക്കെ ചുവന്നിരിപ്പുണ്ട്
“അമ്മയെന്തിനാ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നത്?”
” മറ്റുള്ളവരുടെ കാര്യമോ?”
” ദേവുന്റ കാര്യം അമ്മയാണോ തീരുമാനിക്കുന്നേ അവൾക്ക് എന്താ അച്ഛനും അമ്മയുമില്ലേ ”
“എടാ അതിന് ഞാൻ തീരുമാനിച്ചില്ലല്ലോ അവളുടെ അമ്മയോട് ചോദിക്കാം എന്നല്ലേ പറഞ്ഞുള്ളൂ”
“എന്നാലും അമ്മ അങ്ങനെ പറയേണ്ട ആവശ്യമില്ലായിരുന്നു ..വെറുതെ ആളുകൾ തമ്മിൽ വിരോധമുണ്ടാക്കാനായിട്ട് ”
“എന്തു വിരോധം ? വരുൺ നല്ല പയ്യനല്ലേ ജോലിയും ഉണ്ട്. നമുക്ക് അറിയുകയും ചെയ്യാം പിന്നെന്താ?”
“അതൊക്കെ ശരി തന്നെ പക്ഷേ അവൾക്ക് കൂടി ഇഷ്ടപ്പെടണ്ടേ? “ഞാൻ ചോദിച്ചു.
“ഇഷ്ടപ്പെടാതിരിക്കാൻ അവൾക്ക് വേറെ വല്ല ഇഷ്ടവും ഉണ്ടോ?”
അച്ഛനാണ് ചോദിച്ചത്. ഞാനപ്പോൾ കാർത്തിയേട്ടന്റെ മുഖത്തേക്ക് നോക്കി.കർച്ചീഫ് വെച്ച് മുഖം തുടയ്ക്കുന്നു.
പോങ്ങൻ മിണ്ടാതെ നിൽക്കുന്നത് കണ്ടില്ലേ.
“ഇവർക്ക് രണ്ടാൾക്കും എന്നും ഒരുമിച്ച് നിൽക്കാലോ എന്നു മാത്രമേ ഞാൻ കരുതിയുള്ളൂ” അമ്മയാണ്
“ഒരുമിച്ച് നിൽക്കാനാണെങ്കിൽ അവളെ ഈ വീട്ടിലേക്ക് കെട്ടിക്കൊണ്ട് വന്നാൽ പോരേ?”
ഞാനത് ചോദിച്ചിട്ട് കാർത്തിയേട്ടനെ നോക്കി.
” അതിന് ഇവന് ഇപ്പോൾ കല്യാണം വേണ്ട എന്നല്ലേ പറയുന്നേ” അമ്മയാണ്.
ഞാൻ പതുക്കെ കാർത്തിയേട്ടന്റെ അടുത്തുചെന്ന് ചെവിയിൽ പറഞ്ഞു.
“കെട്ടിപ്പിടിക്കാനും ആശ്വസിപ്പിക്കാനുമല്ല ചങ്കൂറ്റം കാണിക്കേണ്ടത് കൂടെ കൂട്ടാനാണ് ”
കാർത്തിയേട്ടൻ എന്നെ പകപ്പോടെ നോക്കി
“എനിക്ക് സമ്മതമാണ്. എനിക്കവളെ ഇഷ്ടമാണ്. അവൾക്ക് എന്നേയും…” അതു പറഞ്ഞിട്ട് കാർത്തിയേട്ടൻ പെട്ടെന്ന് റൂമിലേക്ക് പോയി.
ഞാൻ നോക്കുമ്പോൾ അമ്മ അന്തം വിട്ടു നിൽക്കുന്നു. അച്ഛന്റെ മുഖത്തുമുണ്ട് ഞെട്ടൽ.
” വിളക്ക് ഒരെണ്ണം തേച്ചു വൃത്തിയാക്കി വെച്ചോളാൻ ഞാൻ മുമ്പേ പറഞ്ഞത് ഓർമ്മയുണ്ടോ?ഹി ഹി ” ഞാൻ അത് അമ്മയോട് പറയുമ്പോഴും അമ്മ അന്ധാളിച്ച് നിൽക്കുവായിരുന്നു.
പിന്നെ അമ്മ ഫോൺ ചെയുന്നതു കണ്ടു. കുറച്ച് കഴിഞ്ഞ് അസുരനും കുടുംബവും വീട്ടിലേക്ക് വന്നു.ദേവു സന്തോഷം കൊണ്ട് പൂത്തിരുന്നു.കാർത്തിയേട്ടനും നാണത്തോടെ നിൽക്കുന്നുണ്ടായിരുന്നു.
അച്ഛൻമാരും അമ്മമാരുമെല്ലാം സന്തോഷത്തോടെ ചർച്ചയിലാണ്. മക്കള് തമ്മിൽ പ്രേമമാണെന്ന് പറയുമ്പോൾ സന്തോഷിക്കുന്ന അപൂർവ്വം അച്ഛനമ്മമാരായിരിക്കും ഇവർ. ഞാൻ ചിരിയോടെ ഓർത്തു.ദേവു എന്റെ കയ്യും പിടിച്ച് റൂമിലേക്ക് പോയി. റൂമിലെത്തിയതും അവളെന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു..
” എയ് ദേവൂസേ എന്തായിത്”? കരച്ചിൽ അടക്കുന്നില്ല അവൾ. എന്നാലും നിനക്ക് ഇത് എന്നോട് പറയാമായിരുന്നു ”
”എനിക്കൊരു ചമ്മലായിരുന്നു. നീ എങ്ങനെയാ അറിഞ്ഞേ ?”
‘ഓഅതോ അതീ പൂച്ച കണ്ണടച്ച് പാലു കുടിക്കുമ്പോൾ അതിന് തോന്നും വേറെ ആരും കാണുന്നില്ലെന്ന് ഹും പബ്ലിക്കായി നിന്ന് കെട്ടിപ്പിടിക്കയും ഉമ്മവെക്കയും ഒക്കെ ചെയ്യുമ്പോൾ ഓർക്കണം ബാക്കിയുള്ളോർക്കും കണ്ണൊക്കെ ഉണ്ടെന്ന് ”
ദേവു ചമ്മലോടെ മുഖം താഴ്ത്തി. അപ്പോഴേക്കും ജീനയാന്റി ദേവൂനെ വിളിക്കുന്നത് കേട്ടു. ഞങ്ങൾ താഴേക്ക് ചെന്നു.
” നീ ഇന്നേ ഇവിടെ കൂടണ്ട പറ്റിയ ദിവസം നോക്കി ഞങ്ങൾ തന്നെ കൊണ്ടു വിടാം ഇപ്പോൾ പോരാൻ നോക്ക് ” ആന്റി ചിരിച്ചോണ്ട് പറഞ്ഞപ്പോൾ അവിടെ കൂട്ടച്ചിരി മുഴങ്ങി.
“എന്നാൽ പിന്നെ ഞങ്ങളിറങ്ങുവാ വച്ചു താമസിപ്പിക്കണ്ട നാളെത്തന്നെ ജ്യോത്സനെ കാണാം ” ബാലനങ്കിൾ പറഞ്ഞു
ശരി എന്ന് അച്ഛനും പറഞ്ഞു. എല്ലാരും യാത്ര പറഞ്ഞ് പോയി ഞാൻ അസുരനെ നോക്കി നിറഞ്ഞ സന്തോഷം മുഖത്ത്. എന്റെ കണ്ണുകൾ നിറയുന്നത് അറിഞ്ഞപ്പോൾ ഞാൻ റൂമിലേക്ക് നടന്നു
“ദേവുന്റെ കാര്യം ശരിയായി.കാർത്തുവിന്റേയും അരുണിന്റേയും കൂടി ജാതകം – ഒന്ന് നോക്കണം പറ്റിയാൽ അതും പെട്ടെന്ന് നടത്താം”
അമ്മ പറയുന്നത് കേട്ടുകൊണ്ടാണ് റൂമിലേക്ക് പോയത്.കട്ടിലിൽ കിടന്ന് എന്തിനെന്നറിയാതെ കുറെ നേരം കരഞ്ഞു. അങ്ങനെ തന്നെ കിടന്ന് ഉറങ്ങിപ്പോയി .
സ്വപ്നത്തിൽ ആദ്യമായി അസുരൻ കടന്നു വന്നു. സർവ്വാഭരണ വിഭൂഷിതയായി നിൽക്കുന്ന ഞാൻ എന്റെ കഴുത്തിൽ അസുരൻ താലികെട്ടുന്നു. താലികെട്ടിയിട്ട് പെട്ടെന്ന് എന്റെ കവിളിൽ ചുംബിക്കുന്നു. എല്ലാവരും ചിരിക്കുന്നു. പെട്ടെന്ന് ഉണർന്നു പോയി. നോക്കുമ്പോൾ സമയം പുലർച്ചെ 4 മണി. പിന്നെ ഉറക്കം വന്നില്ല. ഛെ ഇത്രയും നാൾ എന്റെ ചിന്തകളിൽ അയാളായിരുന്നു ഇപ്പോൾ സ്വപ്നത്തിലും .എത്ര മറക്കാൻ ശ്രമിച്ചിട്ടും കൂടുതൽ മികവോടെ ആ മുഖം മനസ്സിൽ തെളിഞ്ഞു വരുന്നു .എനിക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.
രാവിലെ ദേവു വന്നു.അവൾ പതിവിലും സുന്ദരിയായ പോലെ. സന്തോഷം അവളിൽ നിറഞ്ഞ് നിൽക്കുന്നതു പോലെ .കോളേജിലേക്ക് അസുരന്റെ കാറിലാണ് പോയത്.ദേവു നിർത്താതെ സംസാരിക്കുന്നുണ്ടായിരുന്നു ഞാനെല്ലാം മൂളി കേട്ടുകൊണ്ടിരുന്നു. ഇടയ്ക്ക് എപ്പോഴൊക്കെയോ എന്റെ നോട്ടം അറിയാതെ അസുരനിൽ പതിച്ചിരുന്നു. ഒരു ഭാവമാറ്റവും ഇല്ല.
പെങ്ങളുടെ സംസാരമൊക്കെ ആസ്വദിച്ച് വണ്ടിയോടിക്കുന്നു.
കോളേജിൽ ഇരിക്കുമ്പോൾ ദേവുന് കാർത്തിയേട്ടന്റെ കോൾ വന്നു. എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് അവൾ മാറി നിന്ന് ഫോൺ ചെയ്തു. സന്തോഷത്തോടെയാണ് തിരികെ വന്നത് ജാതക പ്പൊരുത്തമുണ്ട്. ഇപ്പോൾ കല്യാണ സമയമാണ് .പെട്ടെന്ന് നടത്തണം എന്ന് ജ്യോത്സJൻ പറഞ്ഞത്രേ. ഞാനും ഉള്ളുതുറന്ന് ചിരിച്ചു
പിന്നെ മേളമായിരുന്നു. തൊട്ടടുത്ത മാസം 14-ന് കല്യാണം തീരുമാനിച്ചു. ലെറ്റർ സെലക്ട് ചെയ്യലും കല്യാണ വിളിയും ഇവന്റ് മാനേജ്മെന്റ്റ്കാരൻമാരുടെ വക അഭിപ്രായം ചോദിക്കലും ആകെ ബഹളം.ദേവു ആണെങ്കിൽ എന്തിനും ഏതിനും എന്നെ വിളിക്കും.
രാവിലെ കോളേജിൽ പോക്കും കല്യാണ വിളിയുമായി പോകും രാത്രിയാണ് പ്രശ്നം. മിക്കപ്പോഴും കരഞ്ഞു കരഞ്ഞാണ് ഉറക്കം.
ശ്രീരാഗ് സാറിനും കല്യാണക്കത്ത് കൊടുത്തു.| സാർ അത് വാങ്ങി ഒന്നു പുഞ്ചിരിച്ചു. ഒരു All the bestഉം പറഞ്ഞു. എനിക്കെന്തോ അന്നാദ്യമായി സാറിനോട് സഹതാപം തോന്നി. എവിടെയൊക്കെയോ ഞാനും സാറിനെപ്പോലെ ആണെന്ന് തോന്നി.
പല തവണ അസുരനെ കണ്ടെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ല എന്തൊക്കെയോ തിരക്കുകളിലായിരുന്നു. എങ്കിലും ഒരു കാര്യം ഉറപ്പായിരുന്നു ആൾ അങ്ങേയറ്റം സന്തോഷ വാനാണ് .അത് എന്റെ എല്ലാ ചോദ്യത്തിനുമുള്ള ഉത്തരമായിരുന്നു.
ഡ്രെസ്സെടുക്കാൻ പോയപ്പോൾ അരുണേട്ടനും വന്നു. അരുണേട്ടൻ ഇടയ്ക്കിടെ എന്നെ ഒളികണ്ണിട്ട് നോക്കും ഞാൻ നോക്കുമ്പോൾ ചിരിക്കും, എനിക്കത് വല്ലാത്ത വീർപ്പുമുട്ടലുണ്ടാക്കുന്നുണ്ടായിരുന്നു.
ഡ്രെസ്സെടുക്കുമ്പോൾ എനിക്ക് വലിയ ഉത്സാഹം ഉണ്ടായിരുന്നില്ല എങ്കിലും എന്റെ ദേവു ആ ദിവസം ഏറ്റവും സുന്ദരിയായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു.ദേവു ഓരോ സാരിയും എടുത്ത് എന്നെ വന്ന് നോക്കും. തൃപ്തിയാകാതെ വീണ്ടും പോകും. ഒടുവിൽ മെറൂണിൽ കല്ലൊക്കെ വെച്ച ഒരു സാരി തെരഞ്ഞെടുത്തു. സാരി സെലക്ട് ചെയ്ത് കഴിഞ്ഞപ്പോൾ കാർത്തിയേട്ടൻ വന്ന് റിസപ്ഷനുള്ള ഷർട്ട് തെരഞ്ഞെടുത്തു കൊടുക്കാൻ പറഞ്ഞു.
എന്നേം വിളിച്ച് ദേവു ജെൻസിന്റെ സെക്ഷനിലേക്ക് പോയി. അവിടെ അരുണേട്ടനും അസുരനും കാർത്തിയേട്ടനും ഉണ്ടായിരുന്നു. എന്നെ കണ്ട സന്തോഷം അരുണേട്ടന്റെ മുഖത്ത് തെളിഞ്ഞു കണ്ടു. എനിക്കത് അസ്വസ്ഥത ഉണ്ടാക്കി.
” ടീ ഷർട്ടെടുക്കുമ്പോൾ ദേവേട്ടനും കൂടി എടുക്കണേ”ദേവുവാണ് .
“എന്തിന്?”
“അന്ന് നീ സെലക്ട് ചെയ്ത ഷർട്ടല്ലേ ഏട്ടൻ ഇട്ടത്. അപ്പോൾ നിന്റെ സെലക്ഷൻ എട്ടന് ഇഷ്ടപ്പെടും….” ഞാൻ മറുപടി പറഞ്ഞില്ല
ഓരോ ഷർട്ടും എടുത്തിട്ട് അസുരനെ നോക്കും ചേർച്ചയുണ്ടോ എന്ന്. പുള്ളി മൊബൈലും കുത്തി നിൽപ്പാണ്. ഇടയ്ക്ക് ആരെയൊക്കെയോ ഫോൺ ചെയ്യുന്നു. ആൾ ഇവിടെയെങ്ങും അല്ലെന്ന് തോന്നി. ഇതിനിടയിൽ അരുണേട്ടൻ ഒന്നു രണ്ട് ഷർട്ടുമായി വന്ന് ” ഇത് എനിക്ക് ചേർച്ചയുണ്ടോ കാർത്തു ” എന്ന് ചോദിച്ചു. എനിക്ക് സങ്കടം തോന്നി. ഞാൻ അരുണേട്ടനൊപ്പം ചെന്ന് ഡ്രെ സ് സെലക്ട് ചെയ്ത് കൊടുത്തു. ഏട്ടൻ വളരെ സന്തോഷത്തിലായിരുന്നു.
നന്നായി ക്ഷീണിച്ചിരുന്നതുകൊണ്ട് കുറച്ചു നേരം ഞാൻ അവിടെയുള്ള ഒരു കസേരയിൽ ഇരുന്നു
”സെലക്ഷനൊക്കെ കഴിഞ്ഞോ? മൊത്തത്തിൽ എല്ലാത്തിനേം പിങ്കിൽ മുക്കി നിർത്തോ?” ആ ചോദ്യത്തിനുടമയെ എനിക്ക് തിരിഞ്ഞു നോക്കാതെ തിരിച്ചറിയാമായിരുന്നു. ഞാൻ മിണ്ടിയില്ല. അതോടെ അസുരന് ദേഷ്യമായി
“നിനക്കെന്താടി പൊട്ടുണ്ടോ?
“എന്താ?”
“അല്ല ചോദിക്കുന്ന തൊന്നും കേൾക്കുന്നില്ല. നീയെന്താ സ്വപ്ന ലോകത്താണോ?”
ഞാൻ ദേഷിച്ച് ആ മുഖത്തേക്ക് നോക്കി.
“ഓ ഇപ്പോഴാ ഓർത്തത് നീ അന്ന് ചോദിച്ചില്ലേ നീ വായിനോക്കുന്നത് ഞാനെങ്ങനെ അറിഞ്ഞെന്ന് എന്റെ കൂട്ടുകാരൻ പറഞ്ഞതാ മൂങ്ങയുടെ മുഖമുള്ള ഒരുത്തി എന്നെ വായിനോക്കുന്നെന്ന്.. ” ”
അതും കൂടി കേട്ടപ്പോൾ സഹിക്കാൻ പറ്റിയില്ല എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
“എ .. ഏയ് ടീ നീയെന്തിനാ കരയുന്നത് ?അസുരന്റെ ശബ്ദത്തിൽ പതർച്ച ഉണ്ടായിരുന്നു .
“കാർത്തു കരയല്ലേ ഞാൻ .. ഞാൻ വെറുതെ … ”
അപ്പോഴാണ് കാർത്തു എന്ന് വിളിച്ച് ദേവു വരുന്നത് കണ്ടത്. ഞാൻ പെട്ടെന്ന് മുഖം തുടച്ചു.തിരിഞ്ഞു നോക്കിയപ്പോൾ അസുരൻ നിന്ന ഇടം ശൂന്യമായിരുന്നു.
അടുത്തുവന്നപ്പോഴാണ് അവളെന്റെ കലങ്ങിയ കണ്ണുകൾ കാണുന്നത്
“നീയെന്താ കരഞ്ഞോ ?”
“ഏയ് കുഴപ്പമില്ല നല്ല തലവേദന.. നീ സെലക്ട് ചെയ്യൂ ഞാനിവിടിരിക്കാം.
“വേണ്ടടീ ഞാനും മടുത്തു നീയില്ലാതെ ശരിയാവില്ല. ഇന്നിത് മതി നമുക്ക് ബാക്കി നാളെ എടുക്കാം.. ”
ഞാൻ എന്തൊക്കെ പറഞ്ഞിട്ടും അവൾ കേട്ടില്ല. ഒടുവിൽ നിവൃത്തിയില്ലാതെ മടങ്ങിപ്പോകാൻ തീരുമാനിച്ചു.അസുരനെ അവിടെയെങ്ങും കണ്ടില്ല. അരുണേട്ടൻ ഒന്നു രണ്ടു തവണ വന്ന് തലവേദന കുറവുണ്ടോ എന്ന് ചോദിച്ചു.
വീട്ടിലെത്തിയതും ഞാൻ റൂമിലേക്ക് പോയി .പിന്നാലെ ദേവുവും വന്നു.
“എന്താടി എന്തു പറ്റി?” മറുപടി പറയാൻ കഴിഞ്ഞില്ല കരഞ്ഞതേ ഉള്ളൂ.
ദേവു എന്റെ മുഖം പിടിച്ചു ഉയർത്തി
” ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?”
ഞാൻ അവളെ നോക്കി
“നീ– നീ ദേവേട്ടനെ സ്നേഹിക്കുന്നുണ്ടോ?”
ഒരു പൊട്ടിക്കരച്ചിലോടെ ഞാൻ അവളെ കെട്ടിപ്പിടിച്ചു.
(തുടരും..)
ദേവരാഗം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission