കെട്ടിപ്പിടിച്ച് നെറുകയിൽ ഒരു മുത്തം തന്നിട്ടാണ് ജീനയാന്റി എന്റെ കയ്യിൽ പാൽഗ്ലാസ്സ് തന്നത്.ദേവു വിനോടൊപ്പം അസുരന്റെ റൂമിലേക്ക് നടക്കുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു എന്റെ മാത്രമല്ല ദേവൂന്റേയും .റൂമിന്റെ വാതിലിൽ എത്തിയപ്പോൾ ദേവു എന്റെ പുറത്തു തട്ടി ശരി എന്ന് പറഞ്ഞു. വാക്കുകൾ പുറത്തു വരുന്നുണ്ടായിരുന്നില്ല രണ്ടാൾക്കും. സങ്കടം മാത്രമല്ല സന്തോഷവും ചിലപ്പോൾ നമ്മെ നിശബ്ദരാക്കും എന്ന് തോന്നിപ്പോയി.
റൂമിന്റെ വാതിൽ ചാരിയിട്ടുണ്ടായിരുന്നു ഞാൻ പതുക്കെ അത് തുറന്നു. റോസാപ്പൂക്കളും മുല്ലപ്പൂക്കളുമൊക്കെ കൊണ്ട് മനോഹരമായി അലങ്കരിച്ചിരിക്കുന്നു. അസുരനെ ഞാനവിടെ പ്രതീക്ഷിച്ചു പക്ഷേ ആള് അവിടെ ഉണ്ടായിരുന്നില്ല. അതു പിന്നെ അങ്ങനെയാണല്ലോ എല്ലായിടത്തും സംഭവിക്കുന്നതിന്റെ നേരെ തിരിച്ചാണല്ലോ എന്റെ കെട്ടിയോന്റെ കാര്യത്തിൽ. അങ്ങനെ ചിന്തിച്ച് കട്ടിലിൽ ഇരുന്നു അപ്പോഴാണ് എന്റെ റൂമിലേക്ക് തുറക്കുന്ന ജനൽ കണ്ടത്. ഒരു കൗതുകം .പാൽഗ്ലാസ്സ് ടീപ്പോയിൽ വെച്ച് പതുക്കെ ജനലിനടുത്തേക്ക് ചെന്നു. ജനൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഞാനത് തുറന്നു. എന്റെ മുറിയിലെ ജനൽ തുറന്നു കിടക്കുകയാണ് മുറിയുടെ ഉൾവശം നന്നായി കാണാം. എന്തോ ഒരു വേദന തോന്നി.
ആ മുറിയിലിരുന്ന് അസുരനെ കാണാൻ കൊതിച്ചത് ഓർത്തു. ദപ്പാംകൂത്ത് കേട്ട് പ്രാകിയത് ഓർത്തു പിന്നെ എപ്പഴോ അസുരനെ പ്രണയിക്കാൻ തുടങ്ങിയത് ഓർത്തു .
കഴുത്തിന് പിറകിൽ ഒരു ചുടുനിശ്വാസം തട്ടിയപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്. തല തിരിച്ച് നോക്കാൻ തോന്നിയില്ല. പിറകിലൂടെ രണ്ട് കൈകൾ എന്നെ ചുറ്റിവരിഞ്ഞു
“എന്താടോ ആലോചിക്കുന്നേ?”
എന്നെ മെല്ലെ തിരിച്ചു നിർത്തിയിട്ടാണ് അസുരൻ ചോദിച്ചത്.
“ഒന്നുമില്ല “അതും പറഞ്ഞ് തല കുനിച്ചു
കൈ കൊണ്ട് മെല്ലെ മുഖം പിടിച്ച് ഉയർത്തി കണ്ണുകളിലേക്ക് നോക്കി. ഞാൻ ആ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. വല്ലാത്തൊരു കാന്തശയക്തിയോടെ ആ കണ്ണുകൾ എന്നെ വലിച്ചടുപ്പിക്കുന്നുണ്ടായിരുന്നു
“എന്താണ് മിണ്ടാത്തത്? പറയടോ?”
“ഞാൻ നമ്മുടെ … ഓ സോറി എന്റെ പ്രണയത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നു ”
അതു കേട്ടതും അസുരന്റെ മുഖത്ത് കുസൃതിച്ചിരി വിരിഞ്ഞു..
“അതെന്താ നിനക്ക് മാത്രമായി ഒരു പ്രണയം?”
“എനിക്ക് മാത്രമെ പ്രണയമുണ്ടായിരുന്നുള്ളൂ അതുകൊണ്ട് തന്നെ ”
“എന്നാരു പറഞ്ഞു?”
“ആരും പറയണ്ട എനിക്കറിയാം”
“അതേയോ അതു കൊള്ളാലോ പിന്നെ നിനക്ക് എന്തൊക്കെ അറിയാം കേൾക്കട്ടെ ”
അതും പറഞ്ഞ് എന്നെ ചേർത്തു പിടിച്ച് കട്ടിലിലേക്ക് നടന്നു.
കട്ടിലിൽ ഇരുന്നപ്പോൾ ഞാൻ പാൽഗ്ലാസ്സ് എടുത്ത് നീട്ടി. ഒരു ചിരിയോടെ അത് വാങ്ങി പകുതി കുടിച്ച് എനിക്ക് തന്നു. ബാക്കി കുടിച്ചു കഴിഞ്ഞതും മെല്ലെ കൈ പിടിച്ച് അരികെ നെഞ്ചോട് ചേർത്ത് ഇരുത്തി..
“ഇനി പറ താൻ എന്നു മുതലാണ് എന്നെ പ്രണയിക്കാൻ തുടങ്ങിയത്?” ദേവേട്ടൻ ചോദിച്ചു.
“അത് എപ്പോഴോ.. ഇവിടുന്നുള്ള ദപ്പാംകൂത്ത് കേട്ടു പ്രാകിയിട്ടുണ്ട് പിന്നെ ദേവു പറഞ്ഞ് കേട്ട് എപ്പോഴോ…” ഞാൻ പറഞ്ഞു നിർത്തി.
“ശരി ഇനി ഞാൻ എപ്പോഴാണ് തന്നെ പ്രണയിക്കാൻ തുടങ്ങിയതെന്നറിയോ? തന്നെ കാണുന്നതിനും മുൻപ്. ”
വിശ്വസിക്കാനാവാതെ ഞാൻ ദേവേട്ടനെ നോക്കി.മെല്ലെ എന്നെയാ നെഞ്ചിലേക്ക് ചായ്ച്ചു കിടത്തി നെറ്റിയിൽ ചുംബിച്ച് ഒരു ചിരിയോടെ ദേവേട്ടൻ പറഞ്ഞു
“തനിക്കറിയാലോ ഞാൻ മുത്തശ്ശിയുടെ കൂടെയാണ് വളർന്നതെന്ന്.അച്ഛനും അമ്മയും അടുത്തില്ലാത്തതു കൊണ്ട് മനസ്സ് വിഷമിപ്പിക്കണ്ട എന്നു കരുതി മുത്തശ്ശി എനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്നിരുന്നു. അവധിക്കാലത്താണ് ഇവിടേക്ക് വരുക. ഇവിടെ വരുമ്പോഴാണ് പലപ്പോഴും കരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി അമ്മ വഴക്കു പറയാറ്. എന്റെ കുരുത്തക്കേടുകളെപ്പറ്റി അമ്മ എപ്പോഴും പറയുക മാലതിയാന്റിയോടാണ്. മാലതിയാന്റി അപ്പോഴൊക്കെ തന്റെ കുരുത്തക്കേടുകൾ അമ്മയോട് തിരിച്ചും പറയും. ആദ്യമൊക്കെ ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് അതൊരു കൗതുകമായി.ഏകദേശം എന്റെ അതേ സ്വഭാവമുള്ള മറ്റൊരാൾ അങ്ങനെയാണ് തോന്നിയത്.തന്റെ കരുത്തക്കേടുകൾ എന്റെ അമ്മ ന്യായീകരിക്കുമ്പോൾ എന്റെ കുരുത്തക്കേടുകൾ മാലതിയാന്റിയും ന്യായീകരിക്കും. ഒരു ദിവസം നമ്മുടെ കാര്യം പറയുന്നതിനിടയിൽ അമ്മ പറഞ്ഞു “എന്തായാലും രണ്ടിനേം ഒരു നുകത്തിൽ കെട്ടാം. വലുതാവുമ്പോൾ കാർത്തു വിനെ നമുക്ക് ദേവനെ കൊണ്ട് കെട്ടിക്കാം .” അന്ന് അതിന്റെ അർത്ഥം ഒന്നും ശരിക്ക് അറിയില്ലായിരുന്നു എങ്കിലും താൻ എന്റെ ആരോ ആണ് എന്ന് തോന്നി.പിന്നെ പിന്നെ മാലതിയാന്റി വരുമ്പോഴൊക്കെ ഞാൻ അമ്മയുടെ അടുത്ത് തന്നെക്കുറിച്ച് കേൾക്കാനായി ചുറ്റിപ്പറ്റി നിൽക്കും .
അന്ന് ബോൾ തട്ടി നിന്റെ തലവേദനിച്ച ദിവസം എനിക്ക് സഹിക്കാൻ പറ്റിയില്ല… ”
ദേവേട്ടൻ അതു പറയുമ്പോൾ എന്റെ തലയിൽ ബോൾ തട്ടിയതിന് എന്നെക്കാൾ ഉച്ചത്തിൽ കരഞ്ഞ ദേവേട്ടന്റെ മുഖമായിരുന്നു മനസ്സിൽ.
“പിന്നെ വളർന്നപ്പോഴല്ലേ മനസ്സിലായത് നിന്നോടെനിക്ക് കൊണ്ടു പിടിച്ച പ്രണയമാണെന്ന്…”
“പ്രണയം മൂത്തിട്ടാണോ എട്ടുദിക്കും പൊട്ടുമാറുച്ചത്തിൽ ദപ്പാംകൂത്ത് വെച്ചത്?”
“ഓ അതാണോ അപ്പോഴല്ലേ നീ വിറളി പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കൂ. എന്നാലല്ലേ എനിക്ക് നിന്നെ കാണാൻ പറ്റൂ. അല്ലേൽ പോത്തുപോലെ കിടന്ന് ഉറങ്ങില്ലേ “അസുരൻ പൊട്ടിച്ചിരിയോടെ പറഞ്ഞു.
“ചുരുക്കിപ്പറഞ്ഞാൽ ഞാൻ പൊട്ടി ഇയാള് വലിയ ബുദ്ധിമാൻ അല്ലേ “അതും പറഞ്ഞ് പരിഭവം നടിച്ച് ഞാൻ മാറി നിന്നു.
അസുരൻ എഴുന്നേറ്റ് എന്റെ അടുത്തുവന്നു. പതുക്കെ ചേർത്തു പിടിച്ചു അസുരന്റെ നേർത്ത താടിരോമങ്ങൾ എന്റെ ചെവിക്ക് പിറകിൽ ഇക്കിളി കൂട്ടുന്നുണ്ടായിരുന്നു.എന്റെ ശരീരത്തിന് ഭാരക്കുറവ് അനുഭവപ്പെടുന്നുണ്ടായിരുന്നു ശരീരത്തിലെ രോമങ്ങളെല്ലാം എഴുന്നേറ്റുനിന്ന് അസുരനെ സ്വാഗതം ചെയ്തു..
കണ്ണുകൾ ഇറുകെ അടച്ച് ഞാൻ നിന്നു.മെല്ലെ എന്നെ തിരിച്ചു നിർത്തി. താടിയിൽ പിടിച്ച് പതുക്കെ മുഖം ഉയർത്തി. ഞാൻ കണ്ണുകൾ തുറന്നു. അസുരൻ എന്നെ തന്നെ നോക്കി നിന്നു. ചുണ്ടിലപ്പോഴും ആ കുസൃതിച്ചിരി മായാതെ നിൽപ്പുണ്ടായിരുന്നു
“നീ പൊട്ടി തന്നെയാ അതു കൊണ്ടല്ലേ എന്റെ പ്രണയം നീ അറിയാതെ പോയത്?”
“ഇങ്ങനെയാണോ പ്രണയിക്കുന്നത്? എപ്പോഴും എന്നെ കളിയാക്കിയും വഴക്കു കൂടിയും തല്ലിയും ”
“ഇങ്ങനെ പ്രണയിച്ചാൽ എന്താ കുഴപ്പം എനിക്കിങ്ങനേ പ്രണയിക്കാനറിയൂ. നിന്നെ മാത്രമല്ലേ ഞാൻ കളിയാക്കാറുളളൂ. പൂവും കൊണ്ട് പിന്നാലെ നടക്കാനൊന്നും എനിക്ക് പറ്റില്ല.”
“എന്റെ ഇഷ്ടങ്ങളറിയാതെ എന്നെ പ്രണയിച്ചിട്ടെന്താ കാര്യം?”
” നിന്റെ ഇഷ്ടങ്ങൾ അറിഞ്ഞില്ലെന്ന് ആരാ പറഞ്ഞത്. എന്റെ ബർത്ത് ഡേയ്ക്കു പോലും നീ സെലക്ട് ചെയ്ത ഷർട്ടല്ലേ ഞാനിട്ടതെടി പൊട്ടിക്കാളി…”
“ഞാൻ സെലക്ട് ചെയ്ത ഷർട്ടാണോ അത്?” അതിശയത്തോടെ ഞാൻ ചോദിച്ചു
“പിന്നല്ലാതെ.. ”
“എന്നിട്ട് ഞാൻ ഷർട്ട് സെലക്ട് ചെയ്യുന്ന സമയത്തെല്ലാം ഫോണിൽ നോക്കി ഇരിക്കയായിരുന്നല്ലോ?”
“അതു പിന്നെ നിന്നെ തന്നെ നോക്കിയിരുന്നാൽ നീ അഹങ്കാരിയായിപ്പോവില്ലേ.. ”
“ഓ.അപ്പോൾ അതാണ് കാര്യം എനിക്ക് അഹങ്കാരം ഉണ്ടാവാതിരിക്കാനാണ് ആ ഫോണെടുത്ത് കയ്യിൽ പിടിച്ചത്? “ഞാൻ കൃത്രിമ ദേഷ്യത്തോടെ ചോദിച്ചു.
“അതെല്ലോ “അസുരൻ പിന്നേം ചിരിച്ചു
“എന്നാലെ ഇനിയും നോക്കിയാൽ ഞാൻ ചിലപ്പോൾ വല്ലാതങ്ങ് അഹങ്കരിച്ചു പോകും പോ അവിടുന്ന്” അതും പറഞ്ഞ് ഞാൻ ദേവേട്ടനെ തള്ളി മാറ്റി.
“യ്യോ അതു വേണ്ട ഇനി നീ കുറച്ച് അഹങ്കരിച്ചോ ഞാൻ സഹിച്ചോളാം”
“വോ വേണ്ട “അതും പറഞ്ഞ് ഞാൻ മുന്നോട് നീങ്ങി.അസുരൻ പെട്ടെന്ന് എന്നെ വലിച്ച് ഭിത്തിയോട് ചേർത്ത് നിർത്തി ഇരുവശവും കൈകൾ വെച്ച് എന്നെ അതിനുള്ളിലാക്കി
“നിനക്കറിയില്ല കാത്തു ഞാൻ നിന്നെ എത്രമാത്രം പ്രണയിക്കുന്നുവെന്ന് .അരുണിന് വേണ്ടി നിന്നെ ആലോചിക്കുന്നുവെന്ന് ഗീതയാന്റി പറഞ്ഞപ്പോൾ എന്റെ സമനില തെറ്റുന്ന പോലെ തോന്നി. ഓരോന്ന് പറഞ്ഞ് നിന്നെ കളിയാക്കുമ്പോഴും ഉളളിൽ ഒരായിരം തവണ നീ എന്റേതാണെന്ന് പറഞ്ഞ് ചേർത്ത് നിർത്തിയിട്ടുണ്ട്.നിനക്ക് വേണ്ടിയാണ് ഞാൻ മാറിയത്. അന്ന് നീ ആ കുളത്തിൽ വീഴാൻ പോയപ്പോൾ ഞാൻ വല്ലാതെ ഭയന്നു പോയി. സഹിക്കാൻ കഴിഞ്ഞില്ല അതാ തല്ലിപ്പോയത്. നിന്നെ തല്ലിയ തോർത്ത് ഒരു പാട് കരഞ്ഞു ഞാൻ. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. ഒന്നു ഫോൺ ചെയ്ത് നിന്നോട് മാപ്പ് പറയണമെന്നുണ്ടായിരുന്നു. എന്തോ കഴിഞ്ഞില്ല.നീയും എന്നെ വെറുത്തു കാണും എന്ന് തോന്നി.കാർത്തിയാണ് പിന്നെ എന്നെ കൂട്ടികൊണ്ട് വന്നത്. ”
“കാർത്തിയേട്ടൻ കൂട്ടിക്കൊണ്ട് വരികയായിരുന്നോ? ”
“ഉം.”
“എനിക്ക് എനിക്ക് ഇങ്ങനെ സ്നേഹിക്കാനേ അറിയു കാർത്തു. ബഹളം വെച്ചും കളിയാക്കിയും ഒക്കെ ”
“തല്ലിയും “ഞാൻ കൂട്ടിച്ചേർത്തു.
“ഉം ചിലപ്പോൾ തല്ലിയെന്നും ഇരിക്കും എന്നാലും താൻ എന്നെ ഇട്ടേച്ചു പോകരുത് കേട്ടോ. താനില്ലേൽ ഞാനില്ലെടോ..” ഞാൻ രണ്ടു കൈ കൊണ്ടും ദേവേട്ടന്റെ മുഖം പിടിച്ച് താഴ്ത്തി നെറുകയിൽ ചുംബിച്ചു. കണ്ണ് നിറഞ്ഞിരിപ്പുണ്ടായിരുന്നു .
ദേവേട്ടൻ പെട്ടെന്ന് പോക്കറ്റിൽ നിന്ന് എന്തോ എടുത്തു…
” ഇതെന്താണെന്ന് ഓർമ്മയുണ്ടോ?”
“എന്റെ കമ്മൽ? ഇതും കയ്യിലുണ്ടായിരുന്നോ?”
ദേവേട്ടൻ ചിരിച്ചു കൊണ്ട് എന്നെ ചേർത്തു പിടിച്ചു. മറുപടി പറഞ്ഞില്ല അപ്പോഴേക്കും എന്റെ ചുണ്ടുകൾ ദേവേട്ടൻ സ്വന്തമാക്കിയിരുന്നു.എന്നിലെ ഞാൻ ഉണരുന്നത് ഞാൻ അറിഞ്ഞു. എന്നെ കൈകളിൽ കോരിയെടുത്ത് ദേവേട്ടൻ കട്ടിലിൽ കിടത്തുമ്പോൾ മനസ്സുകൊണ്ടും ശരീരം കൊണ്ടും ഞാൻ അസുരനെ ആവാഹിക്കാൻ ഒരുങ്ങിയിരുന്നു. ഒരുപാട് കാലം ഈ അസുരന്റെ പെണ്ണായി കഴിയാൻ ഭാഗ്യം ഉണ്ടാവണേ എന്ന് പ്രാർത്ഥിക്കുമ്പോഴേക്കും അസുരൻ എന്നിലേക്ക് പടർന്നു കയറിയിരുന്നു…..
ശുഭം…
മാരീചൻ മാരീചൻ
ദേവരാഗം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Ee novel എത്രയോ വട്ടം വായിച്ചിരുന്നു എത്രയോ മുമ്പ് എന്നിട്ടും ഞാൻ ശ്രദ്ധിച്ചിരുന്നില്ല annonnum ഇതിൻ്റെ ലാസ്റ്റ് part illa എന്നുള്ളത് എന്തായാലും അസുരൻ്റെ ലൗ അറിഞ്ഞതിൽ സന്തോഷം പിന്നെ മരിച്ച ഇതൊരുമാതിരി ആയിപ്പോയി ഇത്രേം കാലം കഴിഞ്ഞൊരു അവസാന ഭാഗം .ഈ സ്റ്റോറി എനിക്ക് വളരെ ഇഷ്ടമാണ് കേട്ടോ..❤️❤️❤️😏😍🤩😍🤩
Last part miss ayi poyathu ipozhanu arinje.. Ishtayathil santhosham