Skip to content

അവിക – 1

അവിക

സെന്റ് മേരീസ് ഓർഫനേജിന് മുന്നിൽ കാർ നിർത്തുമ്പോൾ, മറക്കാനാഗ്രഹിച്ച പലതിലേക്കുമുള്ള മടങ്ങിപ്പോക്കാവും ഇതെന്ന് അവികയ്ക്കുറപ്പുണ്ടായിരുന്നു,.

ഫോൺ സ്വിച്ച് ഓൺ ചെയ്തതും മെസ്സേജുകൾ ഒന്നൊന്നായി വന്നു കൊണ്ടിരുന്നു,.. ഇരുപത്തിയേഴ് മിസ്സ്ഡ് കോൾസ്,. അതിൽ പതിമൂന്നെണ്ണവും അർജുന്റെതായിരുന്നു,..

സ്‌ക്രീനിൽ വീണ്ടും അർജുന്റെ മുഖം തെളിഞ്ഞു,.. അവൾ കോൾ കട്ട്‌ ചെയ്തു പടികൾ കയറി,…

“സിസ്റ്റർ കാതറിൻ ?!”

“സിസ്റ്റർ ചാപ്പലിൽ ആണ്, ഞാൻ പറയാം,. കുറച്ചു നേരം വെയിറ്റ് ചെയ്യൂട്ടോ,.. ”

“ഒക്കെ താങ്ക് യൂ,.. ” അവിക പുറത്തെ സന്ദർശകർക്കുള്ള കസേരകളൊന്നിൽ ഇരുന്നു,.

മനസിന്‌ ഭാരമേറി വരുന്നു,. താൻ വീണ്ടും ആ നിസ്സഹായായ പതിനേഴുകാരി ആയിമാറുകയാണെന്ന് അവൾക്ക് തോന്നി ,..

തന്റെ മാറിന്റെ ചൂട് പറ്റി ഉറങ്ങിയ ആ മൂന്നു വയസ്സ് കാരിയെ, ബലമായി പറിച്ചെടുത്താണ് അവർ സിസ്റ്റർ കാതറീന്റെ കയ്യിൽ കൊടുത്തത്,.. വർഷമിപ്പോൾ ഏഴ് കഴിഞ്ഞിരിക്കുന്നു, എങ്കിലും എല്ലാം ഇന്നലെ കഴിഞ്ഞതുപോലൊരു തോന്നൽ,…

“ആരോ കാണാൻ വന്നിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ താനാവുമെന്ന് ഞാൻ ഊഹിച്ചു,.. ” അവൾ അത്ഭുതത്തിൽ സിസ്റ്റർ കാതറീനെ നോക്കി,..

“വരൂ,.. ”
അവൾ അവർക്കൊപ്പം ഓഫീസ് മുറിയിലേക്ക് നടന്നു,. .

“ഇങ്ങനെ നോക്കാനൊന്നുമില്ല, കർത്താവ് ദിവ്യ ദൃഷ്ടിയിൽ കാണിച്ചു തന്നതൊന്നുമല്ല,.., നിന്റെ മമ്മി വിളിച്ചിരുന്നു നിന്നെ കാണാനില്ലെന്നും പറഞ്ഞ് ! ”

അവളുടെ മുഖം മങ്ങിയത് സിസ്റ്റർ ശ്രദ്ധിച്ചു,.

“ഇരിക്ക്,.. ” അവർക്ക് മുൻപിൽ കസേരയിൽ അവൾ ഇരുന്നു.

“നിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു അത്രേ,.. എന്തോ
നീയിങ്ങോട്ടേക്ക് വരുമെന്ന് എനിക്ക് തോന്നി ”
അവൾ മറുപടി പറഞ്ഞില്ല,. സിസ്റ്ററുടെ മുഖത്തെ ഗൗരവം സഹതാപത്തിലേക്ക് വഴി മാറി,..

” എന്തിനാ മോളെ അർജുൻ നല്ല ആളല്ലേ,.. എല്ലാം അറിഞ്ഞുവെച്ചുകൊണ്ട് നിന്നെ സ്വീകരിക്കാൻ തയ്യാറായതല്ലേ ? എന്നിട്ടും അവനും കുടുംബത്തിനും ഇങ്ങനൊരു വേദന നീ കൊടുക്കാൻ പാടില്ലായിരുന്നു !”

“അർജുൻ വളരെ നല്ല ആളായത് കൊണ്ടാണ്, സിസ്റ്റർ ഞാൻ അവനെ വേണ്ടാന്ന് വെച്ചത്,. എന്നെപ്പോലൊരു പെണ്ണിനെ വിവാഹം കഴിച്ച് അവന്റെ ജീവിതം കൂടി നശിപ്പിക്കേണ്ടെന്നു കരുതി,. ”
അവികയുടെ മിഴികൾ നിറഞ്ഞു വന്നു,..

” അവൻ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു, ഇപ്പോഴും സ്നേഹിക്കുന്നുണ്ട്,. അതെനിക്കറിയാം സിസ്റ്റർ,. പക്ഷെ എനിക്ക് ആ സ്നേഹം സ്വീകരിക്കാൻ ഉള്ള യോഗ്യത ഉണ്ടോ ? ”

“നീ പഴയ കാര്യങ്ങളൊന്നും മറന്നില്ലേ മോളെ?”

“അതിനെനിക്ക് കഴിയില്ല സിസ്റ്റർ !”

“നിന്റെ കാലിൽ ഒരു മുള്ള് തറച്ചു,.. അത് നീ പറിച്ചു ദൂരെയെറിഞ്ഞു അത്രേം വിചാരിച്ചാൽ പോരെ ?”

“പറിച്ചെറിഞ്ഞിട്ടും ആ മുള്ള് കൊണ്ടിടം, പഴുക്കുകയാണെങ്കിലോ ? ഒരിക്കലും ഉണങ്ങാത്ത മുറിവായി അത് പരിണമിക്കുകയാണെങ്കിലോ ? എന്റെ ജീവിതത്തിൽ സംഭവിച്ചതൊന്നും എനിക്ക് മറക്കാനാവില്ല സിസ്റ്റർ,… ”

“മോളെ,. അമ്മൂനെ കൂടെ സ്വീകരിക്കാമെന്ന് അർജുൻ പറഞ്ഞതല്ലേ ?”

“അങ്ങനെയെങ്കിൽ എനിക്ക് നേരത്തെ ആവാമായിരുന്നില്ലേ സിസ്റ്റർ ? ഈ ഏഴ് വർഷങ്ങൾ ഞാൻ കാത്തിരിക്കുമായിരുന്നോ ?”

“മോളെ, നിന്റെ മനസ്സിലിപ്പോഴും കിഷോർ ആണോ ?? അവനോട് നിന്റെ മനസ്സിൽ വല്ല പ്രണയവും ?”

“പ്രണയമെന്നൊന്ന് ഈ ജന്മത്തുണ്ടാവില്ല സിസ്റ്റർ,.. പക്ഷേ എനിക്കവനെ മറക്കാനാവില്ല, ശരീരത്തിനേൽപ്പിച്ചതിലേറെ മുറിവ് അയാളെന്റെ മനസ്സിനേൽപ്പിച്ചിട്ടുണ്ട്,.. ”

“പിന്നെയും എന്തിനാണ് കുട്ടി, നീ വീണ്ടും നീറിപ്പുകയുന്നത് ?”

“അതിന് എനിക്കൊരു ഉത്തരമില്ല സിസ്റ്റർ,.. !”

“നിന്നോട് ചെയ്തത് പോലെ അവൻ അമ്മൂനോട് ചെയ്യില്ലെന്ന് എന്താണ് ഇത്ര ഉറപ്പ് ?”

“ചെയ്യില്ല, ഞാൻ തന്നെയാണ് അതിനുള്ള ഉറപ്പ്,. ” അവളുടെ ശബ്ദത്തിലെ ദൃഢത മുഖത്തും പ്രകടമായിരുന്നു,.

. “ഇനി എല്ലാം നിന്റെ ഇഷ്ട്ടം,.. അർജുന് പകരം നീ കിഷോറിനെ തിരഞ്ഞെടുത്തത് തെറ്റായെന്നേ ഞാൻ പറയൂ ”

അവൾ വിരസമായി പുഞ്ചിരിച്ചു

“എന്നാൽ ഞാൻ ഇറങ്ങട്ടെ,. ”

“നീ അമ്മൂനെ ഇത്തവണയും കാണുന്നില്ലേ,?”

“ഇല്ല !”

” ഇവിടെ വരെ വന്നിട്ട് കൂടി നീയവളെ കാണാതെ പോകുന്നുണ്ടെന്ന പരാതി അവൾക്കുണ്ട് ?”

“സിസ്റ്റർ അവളോട്‌ പറയണം,. ഞാൻ ഉടനെ അവളെ കൂട്ടിക്കൊണ്ട് പോകാൻ വരുമെന്ന്,.. അവളുടെ കിച്ചു എട്ടനേം കൂട്ടി!”

സിസ്റ്റർ കാതറിൻ പുഞ്ചിരിക്കാൻ ഒരു ശ്രമം നടത്തി,.

“വരട്ടെ സിസ്റ്റർ,… ”

“മ്മ്,… ”

അവികയുടെ കാർ മുറ്റം കടന്നുപോകുന്നതും നോക്കി ബാൽക്കെണിയിൽ അമ്മു നിൽപ്പുണ്ടായിരുന്നു,.. അവളുടെ മിഴികൾ നിറഞ്ഞിരുന്നു,.. കണ്ണുനീർ നിയന്ത്രിക്കാൻ അവിക പാടുപെട്ടു,…

************

, അവികയുടെ ഫോൺ വീണ്ടും റിങ് ചെയ്തു,. സ്‌ക്രീനിൽ അർജുന്റെ മുഖം തെളിഞ്ഞു,. അവിക കാർ ഒതുക്കി നിർത്തി,.. പിന്നെ കോൾ അറ്റൻഡ് ചെയ്തു,..

“ഹലോ, അവീ നീയിത് എവിടെയാ, എത്ര നേരായീ വിളിക്കുന്നു, ഫോണും സ്വിച്ച് ഓഫ്‌ ചെയ്ത് നീയിതെവിടെപ്പോയി കിടക്കുവാ ?”

“ഇന്ന് നമ്മുടെ എൻഗേജ്മെന്റ് ആയിരുന്നു, അല്ലേ അർജുൻ ?”

മറുതലക്കൽ ഒരു നിശബ്ദത വ്യാപിച്ചു,..

“എന്നോട് ആരും ഒന്നും ചോദിച്ചില്ല അർജുൻ,. നീ പോലും,. ഫ്രണ്ട് ആയ നീയെങ്കിലും എന്നെ മനസിലാക്കുമെന്ന് കരുതി,.. ”

” നിനക്ക് സമ്മതമാണെന്ന് വിചാരിച്ചാ എൻഗേജ്മെന്റ് ഫിക്സ് ചെയ്തത്,. ”

“ഞാൻ നിന്നോട് എപ്പോഴേലും എനിക്ക് നിന്നെ ഇഷ്ടാണെന്ന് പറഞ്ഞിട്ടുണ്ടോ ? അങ്ങനൊരു രീതിയിൽ പെരുമാറിയിട്ടുണ്ടോ? ”

“അത് അവിക,.. ”

“നിന്റെ വല്ല്യ മനസാണ് അർജുൻ, അതാണ് എന്നെപ്പോലൊരാളെ സ്വീകരിക്കാൻ നീ തയ്യാറായത്,.. നിനക്ക് പക്ഷേ അവിക ചേരില്ല, ”

“കഴിഞ്ഞതെല്ലാം മറന്നൂടെ അവിക ? നിനക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് വിചാരിച്ചൂടെ ?”

“എനിക്കെന്നല്ല ഒരു പെണ്ണിനും മറക്കാൻ കഴിയില്ല അർജുൻ ഒന്നും,.. എന്റെ മരണം വരെ ആ ഓർമ്മകൾ എന്നെ കൊല്ലാതെ കൊന്നുകൊണ്ടിരിക്കും,.. എന്റെ പപ്പയ്ക്കും, അമ്മയ്ക്കുമൊന്നും അത് പറഞ്ഞാൽ മനസിലാവില്ല, ”

“അവീ പ്ലീസ്,.. ”
“ഞാനൊരു യാത്ര പോവാണ് അർജുൻ,.. നിങ്ങളൊന്നും ആഗ്രഹിക്കാത്ത ഒരിടത്തേക്ക്,.. ശരി ബൈ,.. ”

അവിക കോൾ കട്ട്‌ ചെയ്തു,… പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു,. അവിക വണ്ടി പതിയെ മുന്നോട്ടേക്കെടുത്തു,.. കണ്ണുനീർ പലപ്പോഴും നിയന്ത്രണം വിട്ട് തുളുമ്പുകയാണ്,…

ഇപ്പോഴും താൻ കാത്തിരിക്കുന്നത്, തന്റെ ജീവിതം ഇരുട്ടിലാക്കിയവന് വേണ്ടിയാണ്,. അത് പ്രണയം കൊണ്ടല്ല,.. മറിച്ച്,… എനിക്കതിന് ഉത്തരമില്ല,..

“ഇല്ല കിഷോർ, നിന്നോടെനിക്ക് ഒരു കാലത്തും ക്ഷമിക്കാനാവില്ല !”

പെട്ടന്നാണ്, കണ്ണിൽ ഇരുട്ട് കയറിയത് പോലെ അവൾക്ക് തോന്നിയത്,.. നിയന്ത്രണം വിട്ട കാർ എവിടെയോ ഇടിച്ചു ഒന്ന് മറിഞ്ഞു,..

ശരീരത്തിൽ എവിടെയൊക്കെയോ സഹിക്കാനാകാത്ത വേദനയനുഭവപ്പെടുന്നതവളറിഞ്ഞു,… രക്തം അവളുടെ തലയിൽ നിന്നും വാർന്നൊഴുകി,..

അമ്മുവിന്റെ നിഷ്കളങ്കതയാർന്ന മുഖം,. പതിയെ അവളുടെ ഉപബോധ മനസ്സിനെ ഉണർത്തി,.. “നിന്നോടെനിക്ക് ക്ഷമിക്കാനാവില്ല കിഷോർ,…. ഒരിക്കലും,…. ”
***********

കിഷോറിന്റെ മനസ്സ് അന്ന് പതിവിലേറെ പരിഭ്രാന്തമായി,… “എന്താടാ, മുഖത്തൊരു മ്ലാനത,. നാളെ നീ പോകുവല്ലേ,. പിന്നെന്താ ഒരു സന്തോഷമില്ലാത്തത്, ?”

“എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നുവെന്നൊരു തോന്നൽ,. എനിക്കൊന്ന് അവികയോട് സംസാരിക്കണം സാർ,… ”

“നാളെ, നീ റിലീസ് ആകുവല്ലേ ? നാളെ പോയി നേരിൽ കണ്ടു സംസാരിക്കാലോ,.. ”

“പറ്റില്ല സാർ, ഒന്ന് വിളിച്ചു തരുമോ, എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നുവെന്നൊരു തോന്നൽ,.. ”

“എന്തിന്റെ പേരിലായാലും നീ അവളോട്‌ ചെയ്തത് തെറ്റാണ്,. അവൾക്ക് നിന്നോടൊരു കാലത്തും പൊറുക്കാൻ കഴിയില്ല, കിഷോറേ,. ”

“അതെനിക്കറിയാം സാർ, എങ്കിലും,. അവളെന്നെ സ്നേഹിക്കുന്നുണ്ട്, എനിക്കായി അവൾ കാത്തിരിക്കുമെന്നുറപ്പാ,. ”

“എനിക്കറിയില്ല,. വിളിച്ചു നോക്കാം !”

അയാൾ അവികയുടെ നമ്പർ ഡയൽ ചെയ്തു,.. ഫോൺ റിങ് ചെയ്തതും സ്‌ക്രീനിൽ അവൾ,. S.I രാജഗോപാലിന്റെ നമ്പർ കണ്ടു,… അരുതെന്ന് മനസ്സ് പല തവണ വിലക്കിയിട്ടും അവിക കയ്യെത്തിച്ച് ഫോൺ എടുത്തു,….

“കിഷോർ,….. ” അവൾ വിളിച്ചു,…

“അവീ,.. ” അവന്റെ ശബ്ദമിടറി,.!”
അവികയ്ക്ക് ബോധം മറയുന്നത് പോലെ തോന്നി,…
“കിഷോർ, ഐ മിസ്സ്‌ യൂ,.. ” ഒരുവിധം അവൾ പറഞ്ഞൊപ്പിച്ചു,…

കിഷോറിന്റെ കണ്ണുകൾ നിറഞ്ഞു,..

“ഐ ലവ് യൂ അവീ ,. ”

അതിനു മറുപടി ഉണ്ടായില്ല,..
ആൾക്കൂട്ടത്തിന്റെ ശബ്ദം കേട്ട് അമ്പരപ്പിൽ അവൻ എസ്. ഐ രാജഗോപാലിനെ നോക്കി,..

( തുടരും )

അവിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.3/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!