Skip to content

അവിക – 18

അവിക

“കിഷോർ,.. ” അവളുടെ നാവ് ചലിച്ചു,. മിഴികളിൽ കണ്ണുനീർ തിളക്കം,….

“അവിക,… ” അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി,.

“എപ്പോഴാ വന്നത് ?”

“ഇന്നലെ,… ”

“അപ്പോൾ ഞാനിവിടെ കിടക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസം ആയി അല്ലേ ?”

“മ്മ്,… ”
അവനവളുടെ കൈ പിടിച്ചു,…

“നിനക്കൊന്നുമില്ല അവിക നീ തിരിച്ചു വരും,… ”
“ഇല്ല കിഷോർ,.. എനിക്ക് ആ ഉറപ്പില്ല,.. ഞാനും പോകും നമ്മുടെ കുഞ്ഞിന്റെ അടുത്തേക്ക് !”

“എന്താ നീ പറഞ്ഞേ ?” അവികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി,…

“കൊന്നു കളഞ്ഞു കിഷോർ അവർ നമ്മുടെ കുഞ്ഞിനെ,. ജനിക്കും മുൻപേ അവളെ എന്നിൽ നിന്നടർത്തി മാറ്റി !”

“ഇല്ലാവികാ,.. അങ്ങനൊന്നും ഉണ്ടാവില്ല,.. ഡോക്ടർ എനിക്ക് വാക്ക് തന്നാരുന്നല്ലോ നിന്നെയും അമ്മുവിനെയും നമ്മുടെ കുഞ്ഞിനേയും ഒരാപത്തും വരുത്താതെ നോക്കിക്കോളാമെന്ന് !”

അവികയുടെ മുഖത്ത് പരിഹാസച്ചിരി വിരിഞ്ഞു,. “നോക്കണം വിശ്വസിക്കുന്നു എന്നല്ലേ പറഞ്ഞത്,.. നോക്കാമെന്ന് പറഞ്ഞില്ലല്ലോ ! ചതിച്ചു കിഷോർ എല്ലാരും കൂടെയെന്നെ ചതിച്ചു,. ”

“എനിക്കൊന്നും മനസിലാവുന്നില്ല അവിക !”
“ഞാൻ പറഞ്ഞതല്ലേ, എന്നെ വിട്ട് പോവല്ലേന്ന്, എനിക്കൊരു പരാതിയും ഇല്ലെന്ന് ഞാൻ പറഞ്ഞതല്ലേ,. എന്നിട്ടും എന്നെ ഒറ്റയ്ക്ക് ആക്കി പോയില്ലേ,. എന്റെ വീട്ടുകാരുടെ മേൽ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടല്ലേ ഞാൻ കിഷോറിനൊപ്പം ഇറങ്ങി വന്നത് എന്നിട്ടും വീണ്ടും അവരുടെ കൈകളിലേക്ക് എന്നെ ഇട്ടു കൊടുത്തില്ലേ, എന്റെ കുഞ്ഞിനെ കൊല്ലാൻ കൂട്ട് നിന്നില്ലേ ?”

“ഇല്ലവികാ, ഞാൻ അങ്ങനൊന്നും,.. ”

“ചിന്തിക്കേണ്ടിയിരുന്നു കിഷോർ,. ചെയ്യാത്ത തെറ്റിന് നിങ്ങൾ ജയിലിൽ കിടന്നപ്പോൾ എങ്കിലും നിങ്ങൾ തിരിച്ചറിയേണ്ടിയിരുന്നു, എന്റെ അച്ഛനും സഹോദരനും എത്ര മനസാക്ഷി ഇല്ലാത്തവരാണെന്ന് ! എന്നെ മനസിലാക്കുമെന്ന് ഞാൻ വിശ്വസിച്ച അമ്മയും അവർക്കൊപ്പം കൂട്ട് നിന്നു,. ”

കിഷോർ തളർന്നു പോയി,.

“അവർ കോർട്ട് ഓർഡർ വാങ്ങിയിരുന്നു കിഷോർ എന്റെ അബോർഷന്,.. ഞാൻ മൈനർ ആയിരുന്നത്കൊണ്ട് എന്റെ വാക്കുകൾക്ക് വില കല്പിച്ചില്ല ഒരു നിയമവും വീണ്ടും തെറ്റുകൾ ആവർത്തിക്കപ്പെട്ടു,.. കൊന്നു കളഞ്ഞു എന്റെ കുഞ്ഞിനെ, എന്നെ പ്രസവിച്ച അതേ അമ്മ എന്റെ കുഞ്ഞിന്റെ ഘാതകയായി,. ”

*********
“അവീ,. മോളേ അമ്മ പറയണത് ഒന്ന് കേൾക്ക് !”

“എനിക്ക് ആരേം കാണണ്ട,… എന്തിനാ ഇങ്ങനെ ബാക്കി വെച്ചത്,.. എന്നേം കൂടെ അങ്ങ് കൊന്നൂടാരുന്നോ ? നിങ്ങൾ ഈ ചെയ്തതിന് ഞാൻ ക്ഷമിക്കുമെന്നൊന്നും ആരും കരുതണ്ട,.. എന്റെ ജീവിതം തകർത്ത ആരെയും ഞാൻ വെറുതെ വിടില്ല,. അവിക പകരം ചോദിച്ചിരിക്കും ”
*******—–*******
“ഞാൻ ആരോടും മിണ്ടാതെയായി, ഞാനും അമ്മുവും മാത്രമായി എന്റെ ലോകം,.. പക്ഷേ അവിടെയും അശാന്തി പടർത്തി അവരെത്തി,… ”

“നോക്ക് ഇനി ഈ കുട്ടിയെ നിങ്ങൾക്കൊപ്പം താമസിപ്പിക്കാൻ നിയമതടസങ്ങൾ ഉണ്ട്‌,…”

“എനിക്കാ നിയമത്തിൽ വിശ്വാസമില്ല സാർ,.. ”

“ഞങ്ങൾക്ക് ഞങ്ങളുടെ ഡ്യൂട്ടി ചെയ്തല്ലേ പറ്റൂ,.. ”

“നിരപരാധികൾക്കെതിരെ തെളിവ് ശേഖരിക്കുന്നതും അപരാധികൾക്ക് പുറത്തിറങ്ങി നടക്കാൻ അവസരമൊരുക്കുന്നതും ആ ഡ്യൂട്ടിയുടെ ഭാഗമാണോ സാർ ?”

“കുട്ടി ഞങ്ങളുടെ ഡിപ്പാർട്മെന്റിനെ അടച്ചാക്ഷേപിക്കുകയാണോ ?”

“ഒരിക്കലും അല്ല സാർ,. നിങ്ങളിൽ ചിലരെങ്കിലും അങ്ങനെ ചെയ്യുന്നവർ ഉണ്ട്, സ്വന്തം സ്വാർത്ഥതയ്ക്ക് അനുസരിച്ചു മാത്രം പ്രവർത്തിക്കുന്നവർ,. അത് നിങ്ങളുടെ പ്രൊഫെഷനിൽ മാത്രമല്ല എല്ലായിടത്തും ഉണ്ട്,. ”
ഡോക്ടർ മീര കുറ്റബോധം കൊണ്ട് തല താഴ്ത്തി,..

“നിങ്ങൾ നിങ്ങളുടെ ഡ്യൂട്ടി കൃത്യമായി നിർവഹിച്ചിരുന്നെങ്കിൽ രണ്ടു വർഷങ്ങൾക്ക് മുമ്പ് നടന്ന മെഡിക്കൽ സ്റ്റുഡന്റ് ആയിരുന്ന അമലയുടെ സൂയിസൈഡ് കേസ് എവിടെയും എത്താതെ തേഞ്ഞുമാഞ്ഞു പോകുമായിരുന്നില്ല, അതിലെ പ്രതികൾ ഇപ്പോഴും സ്വര്യവിഹാരം നടത്തുമായിരുന്നില്ല,… ”

“അവിക,… ”

“മിണ്ടരുത് ഒരാളും,.. ഈ ലോകത്ത് അവിക എന്നൊരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടെങ്കിൽ ഉത്തരവാദി കിഷോർ മാത്രമല്ല,. അതിന് സൗകര്യം ചെയ്തു കൊടുക്കുന്ന നിയമം കൂടിയാണ്,.. ഒന്നിനും മതിയായ തെളിവുകൾ ഇല്ല പോലും,. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി മരിച്ചിട്ട് പോലും അവളുടെ ആത്മാവിനെപ്പോലും വെറുതെ വിടാതെ ക്രൂശിക്കുന്നവരെയാണ് ! ഇനിയും ആർക്കും എന്നെ നിശ്ശബ്ദയാക്കാൻ കഴിയില്ല,. തെറ്റ് ചെയ്തതിൽ ഒരാൾ മാത്രമല്ല എല്ലാവരും ശിക്ഷിക്കപ്പെടണം,. ” കൊടുങ്കാറ്റു പോലെ വീശിയടിച്ച അവളുടെ വാക്കുകളിൽ എല്ലാം നിലം പരിശായി,.

“നിയമപ്പോരാട്ടത്തിൽ ഒടുവിൽ ഞാൻ ജയിച്ചു,.. ശംഭുവും, ഹരീഷും, മിഥുനും ജയിലിലായി,. എന്നാൽ നിയമത്തിന് മുൻപിൽ തല കുനിക്കാൻ കഴിയാതെ അഭിമാനിയായ എന്റെ ചേട്ടൻ ആത്മഹത്യ ചെയ്തു,.. അതോടെ അച്ഛൻ മാനസികമായി തളർന്നു !

“നീ കാരണം എനിക്കെന്റെ മോനെ നഷ്ടപ്പെട്ടു,.. എല്ലാം നീ ചെയ്തു കൂട്ടിയത് അവനുവേണ്ടിയല്ലേ ആ കുടുംബം കലക്കി കിഷോറിന് വേണ്ടി ?” ഹരീന്ദ്രന്റെ ചങ്ക് പൊട്ടുകയായിരുന്നു !

” അച്ഛനിപ്പോൾ വേദനിക്കുന്നുണ്ടല്ലേ ? സ്വന്തം മകൻ മരിച്ചപ്പോൾ തകർന്നു പോവുന്നുണ്ടല്ലേ ? ഞാനും ഒരമ്മയായിരുന്നു,. എന്റെ ഉദരത്തിലും ഒരു ജീവൻ വളരുന്നുണ്ടായിരുന്നു നിർദാക്ഷീണം അതിനെ ഇല്ലാതാക്കിയപ്പോൾ നിങ്ങളിൽ ആർക്കും ഞാനാ വേദന കണ്ടില്ല,. പിന്നെ നമ്മുടെ കുടുംബം കലക്കിയത് കിഷോർ ആണോ അതോ അച്ഛനും അമ്മയുമാണോ ? പിന്നെ നിങ്ങളീ പറഞ്ഞ എന്റെ ചേട്ടൻ ഡോക്ടർ അവിനാഷ് ഹരീന്ദ്രൻ അത്ര മഹാനൊന്നും ആയിരുന്നില്ല എന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം,. ഒരു പെൺകുട്ടിക്ക് നീതി നിഷേധിച്ചതിലൂടെ സ്വന്തം പെങ്ങളുടെ ജീവിതവും സ്വപ്നവും തകർത്തു,. എന്നിട്ടും എത്ര ഉളുപ്പില്ലാതെയാണ് എന്റെ കുഞ്ഞിനെ കൊന്ന് കളയാൻ പറഞ്ഞത്,.. അയാൾ എന്റെ ആരും അല്ല,.. അയാൾ മാത്രമല്ല നിങ്ങളും,.. ”

“എല്ലാം നഷ്ടപ്പെട്ട കൂട്ടത്തിൽ എനിക്കെന്റെ അമ്മുവിനെയും നഷ്ടപ്പെട്ടു, എന്നിട്ടും ഞാൻ തളർന്നില്ല കിഷോർ കാരണം എനിക്കൊരു സ്വപ്നം ബാക്കിയുണ്ട്,.. അതിനായിട്ടാണ് ഞാൻ കിഷോറിന് വേണ്ടി ഇത്രയും കാലം കാത്തിരുന്നത് ! എനിക്കീ ലോകത്തിപ്പോൾ നിങ്ങളെ മാത്രമേ വിശ്വാസമുള്ളൂ കിഷോർ, എന്റെ സ്വപ്നം എനിക്ക് പൂർത്തീകരിച്ചു തരില്ലേ ”

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു,.
അവന്റെയും,…
*********
after:15 years

“അച്ഛൻ ഇതെന്തെടുക്കുവാ ? ദാ സമയം വൈകുന്നൂട്ടോ,. ” അമ്മു വിളിച്ചു പറഞ്ഞു,..

ഇന്ന് അവികയുടെ സ്വപ്നം പൂവണിയുകയാണ്,. അവൾ ആഗ്രഹിച്ചത് പോലെ അമ്മു ഇന്ന് ഡോക്ടർ ആയി ചുമതലയേൽക്കും,. ഒപ്പം തനിക്കവൾ ഏൽപ്പിച്ചു തന്ന വലിയൊരു ഉത്തരവാദിത്തം ഉണ്ട്‌,. അതും കൂടെ ഇന്ന് പൂർത്തിയാക്കപ്പെടും,.. കിഷോർ അഭിമാനത്തോടെ തലയുയർത്തി ജനക്കൂട്ടത്തിനിടയിലേക്ക് നടന്നു,.

“ഇന്ന് നമ്മുടെ കുടുംബത്തിലേക്ക് ഒരു ഡോക്ടർ കൂടെ വരികയാണ്,. നമ്മുടെ ഏറെ പ്രിയങ്കരിയായ അമ്മു,.. രണ്ടു വാക്ക് സംസാരിക്കുന്നതിനായി ഡോക്ടർ അമ്മുവിനെ ക്ഷണിക്കുന്നു !”

“ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സ്ട്രോങ്ങ്‌ ആയ സ്ത്രീ എന്റെ അമ്മ ആയിരുന്നു,. എന്നെ പ്രസവിച്ച അമ്മയല്ലാട്ടോ,.. എന്നാൽ അമ്മേ എന്നൊരിക്കൽ പോലും നേരിട്ട് വിളിക്കാൻ എനിക്ക് ഭാഗ്യം കിട്ടാത്ത . എന്റെ അവികേച്ചി,. ഇന്ന് നിങ്ങളുടെ മുൻപിൽ എനിക്കൊരു ഡോക്ടർ ആയി നിൽക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതെന്റെ അവികേച്ചി കാരണമാണ്,. അന്ന് ആ വലിയ ആപത്തിൽ നിന്നുമെന്നെ കൈ പിടിച്ചു കയറ്റിയില്ലായിരുന്നെങ്കിൽ,. ഞാൻ ഇന്ന് വല്ല വേശ്യാലയത്തിൽ കാണുമായിരുന്നു, അതുമല്ലെങ്കിൽ വല്ല വീട്ടുജോലിക്കാരിയായി ! ഇവിടിരിക്കുന്ന സ്നേഹസദനിലെ ഓരോ പെൺകുട്ടിയും അങ്ങനുള്ള സാഹചര്യത്തിൽ നിന്ന് വന്നതാണ്,. വഴിയരികിൽ ഉപേക്ഷിക്കപ്പെട്ടവർ, പ്രിയപ്പെട്ടവരുടെയും അന്യരുടെയുമൊക്കെ കൈകളാൽ പിച്ചിച്ചീന്തപ്പെട്ടവർ,. ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചു തുടങ്ങിയവർ, അവരെല്ലാം അതിനോട് പൊരുതി ജയിച്ചിട്ടുണ്ടെങ്കിൽ,. നാളെ എന്നെപ്പോലെ ഒരു ഡോക്ടറോ നഴ്‌സോ കളക്ടറോ ഒക്കെ ആയിത്തീരുമെങ്കിൽ അതിന് കാരണം ഞങ്ങളെല്ലാം അമ്മയെന്ന് വിളിക്കുന്ന അവികേച്ചി മാത്രമാണ്,. തനിക്ക് സംഭവിച്ച ദുരന്തം മറ്റൊരാൾക്കും സംഭവിക്കാതിരിക്കാൻ ജീവിതം മാറ്റി വെച്ചവൾ,.. ആ മടിയിൽ ഒന്ന് തല ചായ്ച്ചു കിടക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്, എന്തോ ആ ഭാഗ്യം പിന്നീടൊരിക്കലും എനിക്ക് കിട്ടിയില്ല,. പക്ഷേ എനിക്കറിയാം ഇതെല്ലാം കണ്ട് ആ കണ്ണുകൾ ആനന്ദത്താൽ നിറയുമെന്ന്,. ആ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാം എന്റെ മുന്നിൽ ഇരിക്കുന്ന കിഷോറേട്ടനിലൂടെ,. അവർ ഒരിക്കലും രണ്ടായിരുന്നില്ല ഒന്നായിരുന്നു,… നമ്മുടെ ജീവിതത്തിലേക്ക് പെട്ടന്ന് കടന്നു വരുന്ന ചിലരുണ്ട്,. തെറ്റായ വഴിയിലാണ് പോവുന്നത് എന്ന് തോന്നിയാൽ കൈ പിടിച്ചു നേരെ നടത്താൻ,.. അത് കഴിഞ്ഞു ചിലപ്പോൾ തിരിഞ്ഞു നോക്കിയാൽ നമുക്കവരെ കാണാൻ കഴിഞ്ഞെന്ന് വരില്ല, എങ്കിലും അറിയാൻ കഴിയും അദൃശ്യമെങ്കിലും അവരുടെ സാമിപ്യം,.. അതാണെനിക്ക് എന്റെ അവികേച്ചി,… ”

ആദ്യം കയ്യടിച്ചത് മാധവൻ നായരാണ്,. അഭിമാനപൂർവ്വം,. കിഷോറിന്റെ കണ്ണ് നിറഞ്ഞു ! ശാപമാണ് മകൻ എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ആ അച്ഛനെയും മാറ്റിമറിച്ചത് അവികയാണ്,. തനിക്ക് നഷ്ടപെട്ടതെല്ലാം അവൾ തിരികെ തന്നു,. ഒരിക്കൽ വഴിയിലുപേക്ഷിച്ചതെല്ലാം തന്റെ ജീവിതത്തിലേക്ക് തിരികെ വന്നു,.. ഒന്നൊഴിച്ച്, അത് എന്റെ അവികയായിരുന്നു,… അന്നവസാനമായി എന്റെ കൈ പിടിച്ചവൾ പറഞ്ഞൂ,.

“എനിക്കൊരു സ്വപ്നമുണ്ട് കിഷോർ,… ”

“എന്താ അവിക എന്താണേലും ഞാൻ സാധിച്ചു തരും,… ”

“ഈ ലോകത്ത് നിന്നും സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തുടച്ചു മാറ്റാൻ ആരെക്കൊണ്ടും കഴിയില്ല,. പക്ഷേ ഒന്ന് കഴിയും,. അവരെ സംരക്ഷിക്കാൻ,. പുനരധിവസിപ്പിക്കാൻ,. അവർക്ക് ജീവിതത്തിൽ പൊരുതാനുള്ള ധൈര്യം പകരാൻ,. കഴിഞ്ഞതിനെയോർത്ത് വിലപിക്കാതെ,. കരുത്തോടെ ജീവിതത്തെ നേരിടാൻ അവർ മുന്നോട്ട് വരണം,… അതിനാണ് സ്നേഹസദൻ ”

അമ്മു പറഞ്ഞത് വളരെ ശരിയാണ്,. ചിലരുടെ ജന്മം ചിലപ്പോൾ നമ്മെ നേർവഴി കാട്ടിത്തരാൻ വേണ്ടി ആയിരിക്കും,. അവികയെപ്പോലെ സ്നേഹത്തിന്റെയും സഹനത്തിന്റെയും പര്യായമായി മാറിയവൾ,. ജീവിതം തകർത്തെറിഞ്ഞവനായിട്ടുപോലും അവൾ എന്നോട് ക്ഷമിച്ചു,. അധികമാർക്കും കഴിയാത്തതാണ്, നമ്മെ ഒന്ന് വേദനിപ്പിച്ചാൽ അവർ നശിച്ചു പോകണമെന്നാഗ്രഹിക്കുന്ന എന്നെപ്പോലുള്ളവരുടെ ലോകത്ത് അവിക വ്യത്യസ്തയാണ്,. മഹത്വമുള്ളവളാണ്,..

“കിഷോറിന് ഈ ലോകത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും,. പകുതിയിലുപേക്ഷിച്ച എം. ബി. ബി. എസ് പഠനം പൂർത്തിയാക്കണം,. അമ്മുവിനെയും ഒരു ഡോക്ടർ ആക്കണം,. ഡോക്ടർ അവിനാഷ് ഹരീന്ദ്രനെപ്പോലെയോ, മീര ഹരീന്ദ്രനെപ്പോലെയോ സ്വാർത്ഥരായവരെയല്ല,. സമൂഹത്തിന് വേണ്ടി സേവനം ചെയ്യുന്ന അവരെ മനസിലാക്കുന്ന നന്മ വറ്റാത്ത നിസ്വാർത്ഥയായ ഒരു ഡോക്ടർ ,… ”

“ഹാ കൺഗ്രാറ്റ്സ് കിഷോർ,… ”
അർജുൻ ആണ്,. കാടുകയറിയ ഓർമകളിൽ നിന്നും അവൻ കിഷോറിന്റെ മനസ്സിനെ പിടിച്ചു നിർത്തി,. കൂടെ അഖിലയും ഉണ്ട്‌,…

“എന്താണ് അർജുൻ ലേറ്റ് ആയത്,.. ”

“ഒരു ബിസിനസ്‌ കോൺഫെറൻസ് ഉണ്ടായിരുന്നു,. ഞങ്ങളുടെ കമ്പനിയുടെ കോർപ്പറേറ്റ് റെസ്പോൺസിബിലിറ്റിയുടെ ഭാഗമായി, സ്നേഹസദന് ഒരു ഡൊനേഷൻ തരാൻ തീരുമാനിച്ചു, അതിന്റെ പേപ്പേഴ്സ് ഇപ്പോഴാ ശരിയായത് !”

അർജുൻ സ്നേഹസദന് വേണ്ടി ഇത്ര ഓടി നടക്കുന്നത് പോലും അവികയോടുള്ള കരുതൽ മൂലമാണ്,. അവന്റെ ഉള്ളിലുള്ള സങ്കടം മറ്റാരേക്കാളും എനിക്ക് വായിച്ചെടുക്കാൻ കഴിയും,. അവന്റെ ഉള്ളിലുണ്ടായിരുന്നതും അവികയോടുള്ള നിസ്വാർത്ഥമായ പ്രണയമാണ്, അതുകൊണ്ടാണ് അഖില ഇന്നവന്റെ ഭാര്യയായി ഇരിക്കുന്നത് പോലും,..

“അത് നീ അമ്മുവിനെ ഏൽപ്പിച്ചോളു,. എന്റെ ഉത്തരവാദിത്തം ഇവിടെ അവസാനിച്ചു,.. ”

“കിഷോർ,… ” അവൻ അർജുന്റെ ചുമലിൽ തട്ടി,.. അഖിലയുടെ നെറുകിൽ ചുംബിച്ചു,.

“നിന്റെ ചേച്ചിയോട് ഞാൻ ചെയ്തത് വിശ്വാസവഞ്ചനയാണെന്ന് നീ ഇപ്പോഴും കരുതുന്നുണ്ടെങ്കിൽ, ഏട്ടൻ ഒരിക്കൽ കൂടി മാപ്പ് ചോദിക്കുവാ !”

“എന്താ ഏട്ടാ ഇങ്ങനൊക്കെ പറയണത്, അന്ന് ഞാൻ അങ്ങനൊരു മാനസികാവസ്ഥയിൽ ആയിരുന്നു,. അന്നവികയോട് പറഞ്ഞത് ഇപ്പോഴും എന്റെ ഉറക്കം കെടുത്താറുണ്ട് !”

“ആ അതൊക്കെ പോട്ടെ, സാരല്ല്യ,. നീ അമ്മുവിനൊപ്പം അവികയുടെ സ്ഥാനത്ത് തന്നെ നിൽക്കണം !”
അഖില പുഞ്ചിരിച്ചു,..

“നീ നടന്നോ ഞാൻ വരാം,.. ”

അർജുൻ കിഷോറിനെ നോക്കി,.

“വല്ലാതെ ഉരുകുന്നുണ്ടല്ലേ കിഷോർ,.. അവികയെ ഓർത്ത്,.. ”

“മ്മ്,. അവൾ ഇന്നെന്റെ കൂടെയില്ലെന്നതാ അർജുൻ ഞാൻ അനുഭവിക്കുന്ന എറ്റവും വലിയ ശിക്ഷ,.. മരണതുല്യം ആണത്,… നിങ്ങളെല്ലാം ഇന്ന് അമ്മുവിന്റെ കൂടെയുണ്ട്,. എന്നും കൂടെ നിൽക്കുമെന്ന് തന്നെയാണ് വിശ്വാസവും, ഇനിയെനിക്ക് ധൈര്യമായി പോകാം എന്റെ അവികയുടെ അടുത്തേക്ക് !”

“ബീ പ്രാക്ടിക്കൽ കിഷോർ,. ഇതിനാണോ അവിക ഇത്രയും കഷ്ടപ്പെട്ടത്,. നിങ്ങളിവിടെ ഇല്ലെങ്കിൽ,… ”

“ഒന്നും സംഭവിക്കില്ല അർജുൻ, എന്റെ അമ്മു അവൾ അവികയെപ്പോലെ മിടുക്കിയാ,. അങ്ങനെയാ ഇവിടത്തെ ഓരോ പെൺകുട്ടിയെയും ഞാൻ വളർത്തിയത്,. എന്റെ അവികയെപ്പോലെ സ്ട്രോങ്ങ്‌ ആയി,. അത്കൊണ്ട് അവികയുടെ സ്വപ്നമായ ഈ പ്രസ്ഥാനം ഒരിക്കലും തകരില്ല !”

അർജുൻ മറുപടി ഇല്ലാതെ നിന്നു,.. കിഷോർ ആൾക്കൂട്ടത്തിനിടയിൽ അപ്രത്യക്ഷനായി,…

അമലയും അവികയും എനിക്ക് ജീവിതത്തിൽ രണ്ടു പാഠങ്ങൾ ആയിരുന്നു,. ഒരാൾ ജീവിതപ്രതിസന്ധികളെ ഭയന്ന് സ്വയം ജീവനെടുത്തപ്പോൾ മറ്റൊരാൾ ജീവന്റെ അവസാനനിമിഷം വരെയും ജീവിതത്തോട് പോരാടി ജയിച്ചു,. ഇവിടെ തോറ്റത് ഞാനാണ് അവളുടെ സ്നേഹത്തിന് മുൻപിൽ അവളിലെ നന്മയ്ക്ക് മുൻപിൽ,. ഇനി ഒരു പുരുഷനും എന്നെപ്പോലെ ആകാതിരിക്കട്ടെ .. വളർന്നു വരുന്ന ഓരോ പെൺകുട്ടിയും അവികയെപ്പോലെ കരുത്തുള്ളവളായി തീരട്ടെ,… തീയിൽ കുരുത്തവളാകട്ടെ ഓരോ പെണ്ണും,..

(അവസാനിച്ചു )

അവിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.2/5 - (28 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “അവിക – 18”

  1. വളരെ നല്ലത്……. ഒത്തിരി ഇഷ്ടമായി…….. ഇനിയും പ്രതീക്ഷിക്കുന്നു……….. സുഹൃത്തേ……….

Leave a Reply

Don`t copy text!