Skip to content

അവിക – 10

അവിക

“എന്താ പറഞ്ഞേ ??” അവികയ്ക്ക് വിശ്വാസമായില്ലെന്ന് അവൾക്ക് തോന്നി,..

“അമലേച്ചി,. കിഷോറേട്ടന്റെ ഭാര്യയാണെന്ന്,.. ”

അവിക കണ്ണുനീർ നിയന്ത്രിക്കാൻ ശ്രമിച്ചു,.

“മോളെ അഖിലേ,… ”

“അമ്മ വിളിക്കുന്നു,.. ഞാൻ അകത്തേക്ക് ചെല്ലട്ടെ, ഇടയ്ക്ക് ഇറങ്ങ്ട്ടോ !”

അഖിലയുടെ വാക്കുകളിൽ അമർഷവും പരിഹാസവുമുണ്ടായിരുന്നു,.. നടക്കുമ്പോൾ കാലുകൾ വേക്കാതിരിക്കാൻ അവിക പാട് പെട്ടു,..

അഖിലയുടെ നീരസത്തിന് കാരണം അപ്പോൾ അതാണ്, അവൾ കിഷോറിന്റെ സ്വന്തം അനുജത്തി അല്ല, ഭാര്യയുടെ അനുജത്തി ആണ്,.. അതിനർത്ഥം കിഷോർ തന്നെ,..

അവൾക്ക് അതിനെക്കുറിച്ച് ചിന്തിക്കുക എന്നത് പോലും അസഹനീയമായിരുന്നു,.. ഇല്ല അഖില വെറുതെ പറഞ്ഞതാ തന്നെയും കിഷോറിനെയും തെറ്റിക്കാൻ… ഇല്ല എന്റെ കിഷോർ എന്നെ ചതിക്കില്ല,… ഓർക്കുംതോറും അവികയ്ക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി,…

**********
“പുതിയ കാമുകിയോട് ഭൂതകാലമൊന്നും പറഞ്ഞില്ലേ ?? അങ്ങനല്ലേ നാട്ടുനടപ്പും മര്യാദയും.. ”

കിഷോർ മറുപടി പറഞ്ഞില്ല, പല തവണ താൻ ഈ കാര്യം അവികയുടെ അടുത്ത് പറയാൻ ശ്രമിച്ചതാണ്,.. പക്ഷേ കഴിഞ്ഞില്ല, എന്തോ ധൈര്യം വന്നില്ല,. അവൾ തന്നെ വിട്ട് പോകുമോ എന്ന ഭയത്തേക്കാൾ തന്നെ തടഞ്ഞത്,. അവിക അതറിഞ്ഞാൽ തകർന്നു പോകുമെന്നതാണ്..

“എനിക്ക് നിങ്ങളോടിപ്പോൾ വെറുപ്പാ കിഷോറേട്ടാ തോന്നണത്.. അവൾ പോയിട്ട് അധികകാലം ആയില്ലാലോ അപ്പോഴേക്കും,.. ”

കിഷോർ നിസഹായനായി നിന്നതേ ഉള്ളൂ,.. ഷീല മകളെ ദയനീയമായി നോക്കി,..

“അമ്മ എന്നെ നോക്കണ്ട , ഞാൻ പറയും,.. എന്നാലും എങ്ങനെയാ ഏട്ടാ,.. എന്റെ പ്രായമല്ലേ ഉള്ളൂ അവൾക്ക് ?? പ്രേമം മാത്രമാണെങ്കിലും സഹിക്കാം ഇതിപ്പോൾ , വേറെന്തെങ്കിലും നിങ്ങൾ തമ്മിൽ സംഭവിച്ചിട്ടില്ലെന്നാരു കണ്ടു ??”

അവന്റെ ഉള്ളിൽ വെള്ളിടി വെട്ടി,..
*******
ഇനി ഏറെ ദൂരം നടക്കാനാകുമെന്ന് തോന്നുന്നില്ല, ശരീരം വല്ലാതെ തളരുന്നുണ്ട്,. മനസിനേറ്റ മുറിവാണ് കാരണം,. തനിക്കൊന്ന് പൊട്ടിക്കരയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നവൾ ആത്മാർഥമായി ആഗ്രഹിച്ചു,… അവിക വഴിയരികിലെ ആൽമരത്തണലിൽ ഇരുന്നു..

“ഞാനെന്ത് തെറ്റ് ചെയ്തിട്ടാ എന്നെ ഇങ്ങനെ ശിക്ഷിക്കണത്,.. ” സർവ്വ നിയന്ത്രണവും നഷ്ടപ്പെട്ട് കണ്ണ് നീർ കവിളിലൂടെ ഒലിച്ചിറങ്ങി,..

“ചേച്ചി,… ”

അവൾ തലയുയർത്തി നോക്കി,. അന്ന് കിഷോർ തന്റെ കോട്ടൂരി പുതപ്പിച്ച പെൺകുട്ടി,..
എല്ലാം അവന്റെ സ്ക്രിപ്റ്റ് ആണ്, ഈ പെൺകുട്ടി അടക്കം,. താൻ ചതിക്കപ്പെടുകയായിരുന്നു,.. അവൾക്ക് വെറുപ്പാണ് തോന്നിയത്,..

“ചേച്ചി എന്തിനാ കരയണത് ?” അവളുടെ നിഷ്കളങ്കമായ ചോദ്യത്തിന് മുൻപിൽ അവളുടെ വെറുപ്പ് ഉരുകിയൊലിച്ച് ഇല്ലാതായി,..

“ഒന്നൂല്ലടോ,.. ചേച്ചീടെ കണ്ണിൽ ഒരു പൊടി പോയതാ,. ” അവളുടെ കണ്ണുകളിലും മിഴിനീർ തിളക്കം,…

“ഞാൻ ഊതിത്തരാട്ടോ,.. ” അവൾ പതിയെ അവികയുടെ കണ്ണുകളിൽ ഊതി,.. എത്ര ഊതിയാലും പോവാത്ത കരടാണ് മനസ്സിൽ വീണത്,…

“പോയോ ചേച്ചി,… ”

“മ്മ്,.. ” അവിക വിങ്ങലോടെ അവളെ കെട്ടിപ്പിടിച്ചു,.

“പിന്നേം കരയുവാണോ ???” അവൾ തന്റെ കൈകൾ കൊണ്ട് അവികയുടെ മിഴികൾ തുടച്ചു,…

അവൾ തന്റെ മുഷിഞ്ഞ വസ്ത്രത്തിന്റെ കീശയിൽ നിന്നും ഒരു ബോൾ എടുത്തു അവൾക്ക് നീട്ടി,.. ഒരു സ്മൈലി ബോൾ,.. ഇത് അന്ന് കിഷോർ, പേടിച്ചു കരഞ്ഞ അവളുടെ കയ്യിൽ വെച്ചു കൊടുത്തതാണ്.. കിഷോർ എന്ന മൃഗം തന്റെ മനസ്സിൽ ആട്ടിൻതോലണിഞ്ഞു കുടിയേറിയ നിമിഷം,.. അവികയ്ക്ക് ദേഷ്യം ഇരച്ചു കയറി,.. അഗ്നിപർവതം കണക്കെ അവൾ നിന്ന് പുകഞ്ഞു,…

“ചേച്ചിക്ക് എന്ത് വിഷമം വന്നാലും ഇതെടുത്ത് നോക്കിയാൽ മതി,. നമ്മടെ വിഷമമെല്ലാം പമ്പ കടക്കും,.. ”

“എന്നിട്ട് മോൾടെ വിഷമം മാറിയോ ?”

“മ്മ്,.. മോൾടെ അമ്മയെ കാണണമെന്ന് തോന്നുമ്പോൾ ഞാൻ ഇതെടുത്ത് നോക്കും, അപ്പോൾ അമ്മ എന്നെ നോക്കി ചിരിക്കുവാ എന്ന് തോന്നും,.. ”

“അപ്പോൾ ഇതെനിക്ക് തന്നാൽ മോളെന്ത് ചെയ്യും ?”

“മോൾക്ക്‌ അമ്മേനെ കാണണം എന്ന് തോന്നുമ്പോൾ ആകാശത്തേക്ക് നോക്കും, അപ്പോൾ അവിടെ ഒത്തിരി നക്ഷത്രങ്ങൾ കാണും, അതിലൊന്ന് എന്റെ അമ്മയാ, ഞാൻ നോക്കുമ്പോൾ മോളെ അത് കണ്ണ് ചിമ്മി കാണിക്കും ”

എത്ര കൂൾ ആയിട്ടാണ് അവൾ അത് പറഞ്ഞത്,.. അമ്മയില്ലെന്നത്,… എങ്കിലും ആ സ്നേഹം കൊതിക്കുന്ന ഒരു മനസുണ്ട് അവൾക്ക്,.. വിങ്ങുന്ന ഹൃദയം,… അവിക അവളെ അമർത്തി ചുംബിച്ചു,….

**—-**

അവികയുടെ പ്രതീക്ഷിക്കാതെ ഉള്ള ആലിംഗനം ഡോക്ടർ മീരയെ അല്പമൊന്നുലച്ചു,.. അവളുടെ കണ്ണുനീർ അവരെ പരിഭ്രാന്തയാക്കി,..

“മോളെ, അവീ എന്താടാ,… ” അവൾ അമ്മയോട് ചേർന്ന് നിന്നു,…

“ഐ റിയലി മിസ്സ്‌ മൈ ഡാഡ് അമ്മ,.. ഐ മിസ്സ്‌ അവർ ഫാമിലി,… ” അവികയുടെ ദുഃഖമെല്ലാം ഒരു പെരുമഴ പോലെ മീരയിൽ പെയ്തിറങ്ങുമ്പോഴും,. അവളപ്പോഴും പറയാതെ ബാക്കി വെച്ചത് തന്റെ പ്രണയനഷ്ടത്തെക്കുറിച്ചായിരുന്നു,. ഒരമ്മ സ്വന്തം മകളിൽ നിന്ന് കേൾക്കാനാഗ്രഹിക്കാത്ത പ്രണയനഷ്ടത്തെക്കുറിച്ച്,..

മീര കൂടുതൽ ചോദ്യങ്ങൾക്ക് മുതിർന്നില്ല,.. കാരണം അവളുടെ തുറന്നു പറച്ചിലിൽ ഒരായിരം ചോദ്യങ്ങൾ ഉണ്ടായിരുന്നു,. തനിക്ക് പറയാൻ ഉത്തരം നഷ്ടപ്പെട്ട ചോദ്യങ്ങൾ,.. അവർ ഭിത്തിയിൽ തൂക്കിയ തങ്ങളുടെ ഫാമിലി ഫോട്ടോയിലേക്ക് നോക്കി,..

**********

“നോക്ക് ഹരി,.. എനിക്ക് എന്റെ പ്രൊഫഷണൽ ലൈഫിനോടും ഫാമിലി ലൈഫിനോടുള്ള ഉത്തരവാദിത്തം തന്നെയുണ്ട്,.. നിങ്ങളുടെ ആർഗുമെന്റ്സ് എനിക്ക് മനസിലാവുന്നില്ല,… ”

“നീ നിനക്ക് ഇഷ്ടമുള്ളത് പോലെ ജീവിച്ചോളു മീര,.. പക്ഷേ എന്റെ മക്കളെ ഞാനങ്ങു കൊണ്ടുപോകുവാ,… ”

കോടതി വിധിയിൽ അവിനാഷിനെ അച്ഛനൊപ്പവും അവികയെ തനിക്കൊപ്പവും അയച്ചു, ഇന്ന് പത്തു വർഷങ്ങൾക്ക് ശേഷം തന്റെ മകൾ ആദ്യമായി പറയുകയാണ്,. അവൾ അവളുടെ അച്ഛനെ മിസ്സ്‌ ചെയ്യുന്നുവെന്ന്,.. കുടുംബം മിസ്സ്‌ ചെയ്യുന്നുവെന്ന്,.. അന്ന് ഹരീന്ദ്രൻ തന്നെ മനസിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ അവികയുടെ കൂടെ ഇന്ന് അച്ഛനും സഹോദരനും കാണുമായിരുന്നു,.. പക്ഷേ,..
ഡോക്ടർ മീര കണ്ണുകൾ തുടച്ചു,. ഹരീന്ദ്രൻ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ ഐ സി യൂ വിന്റെ വാതിൽക്കൽ നിൽക്കുകയാണ്,. അച്ഛനും അമ്മയും എന്ന നിലയിൽ തങ്ങൾ പൂർണ്ണ പരാജയമാണ് തന്റെ മകൾക്ക് സംഭവിച്ച വലിയൊരു ആപത്തിനെ തടയാൻ പോലും കഴിയാത്തവർ,…

അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു,.. അവൾ ആ ബോളിൽ മുറുകെ പിടിച്ചു,.. മീര കണ്ണുനീർ തുടച്ചു,. താൻ കണ്ട അവികേച്ചി ഇങ്ങനല്ലായിരുന്നു, തന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ പ്രതിസന്ധികളെയും തോൽപ്പിച്ചവളാണ്,.. ഇങ്ങനെ കിടക്കുമ്പോഴും തോറ്റു കൊടുക്കാൻ തയ്യാറല്ലെന്ന് വിളിച്ചു പറയുന്നുണ്ട് ആ മുഖം,…
സിസ്റ്റർ കാതെറൈൻ അവളുടെ ചുമലിൽ കൈ വെച്ചു,…
“സിസ്റ്റർ, എന്റെ ചേച്ചി,.. ”
“അവിക തിരിച്ചു വരും മോളെ,.. നിനക്ക് തന്ന വാക്ക് അവൾ തീർച്ചയായും പാലിക്കും,… ”

****—-****

അവിക എല്ലാം നഷ്ടപ്പെട്ട് നിൽക്കുകയായിരുന്നു,. ഒരുപക്ഷേ താൻ നിയന്ത്രണം വിട്ട് പെരുമാറിയാൽ ഇതുവരെ മറച്ചു വെച്ചതെല്ലാം എല്ലാവരും അറിയും,.. അവൾ ഉറക്കെ കരഞ്ഞു,..

“ഇപ്പോഴാണ് താൻ കളങ്കപ്പെട്ടവളായത്,.. കിഷോർ തന്നെ നശിപ്പിച്ചത് ഇപ്പോഴാണ്,.. ആദ്യം അവൻ തന്റെ വിലപ്പെട്ടതെല്ലാം കവർന്നെടുത്തു,.. പിന്നെ തന്നെ ചൂഷണം ചെയ്തു,.. തന്റെ വിശ്വാസത്തെ ചവിട്ടി മെതിച്ചു,.. താൻ എല്ലാം നഷ്ടപ്പെട്ടവളായി,.. ക്രൂരനാ, കിഷോർ,. തന്റെ വികാരങ്ങളെ എത്ര പെട്ടന്നാണ് അവൻ നിയന്ത്രണത്തിലാക്കിയത്,.. ” അവൾ പൊട്ടിക്കരഞ്ഞു,..
*********
“എന്തായാലും കൊള്ളാം കിഷോറേട്ടാ, നിങ്ങൾ അസ്സലായി അഭിനയിക്കുന്നുണ്ട്,.. എല്ലാരും തള്ളിപ്പറഞ്ഞിട്ടും ഞാനും എന്റെ അമ്മയും നിങ്ങളെ വിശ്വസിച്ചതാ ,.. പക്ഷേ അതെന്റെ ചേച്ചി നിങ്ങളെക്കുറിച്ച് പറഞ്ഞ നല്ല ചിത്രങ്ങളെ ഓർത്താണ് , പക്ഷേ ഇപ്പോഴാ അവരെല്ലാം ശരിയായിരുന്നു എന്ന് മനസിലാവുന്നത്,.. ”

” അഖില, മോളെ ഞാൻ !”

“അവൾ നിങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്നു കിഷോറേട്ടാ,.. വിശ്വസിച്ചിരുന്നു,.. പക്ഷേ നിങ്ങൾ !” അവളുടെ വാക്കുകൾ ഇടറി,.. ഷീല പൊട്ടിക്കരഞ്ഞു,..

“നല്ലതാ,.. ഇപ്പോഴാ അവിക എന്തിനാ അമ്മയുടെ ഓപ്പറേഷന് വേണ്ടി പണം നൽകിയതെന്ന് മനസിലാവാണത്,.. ”

അവൻ ഞെട്ടലിൽ അവളെ നോക്കി,..
‘നീയെന്താ പറഞ്ഞത് ??”

“നിങ്ങളും നിങ്ങളുടെ കാമുകിയും കൂടി മുതലെടുപ്പ് നടത്തി എന്ന്,. അവൾ പറഞ്ഞു അവളുടെ അമ്മയെക്കൊണ്ട് ഓപ്പറേഷൻ ചെയ്യിച്ചാൽ, ഞങ്ങൾ അവളെ അംഗീകരിക്കുമെന്ന് നിങ്ങളോട് ആരാ പറഞ്ഞത്,… ”

കിഷോർ ഞെട്ടലിൽ അവളെ നോക്കി,. അവൾ പറഞ്ഞതിനർത്ഥം. അവിക ഡോക്ടർ മീരയുടെ മകളാണെന്ന്,.. അവൻ തളർച്ചയിൽ അഖിലയെ നോക്കി,.. താൻ ചെയ്ത പാപത്തിന്റെ തിരിച്ചടികൾ വന്നു കൊണ്ടേ ഇരിക്കുന്നു,…
*******

“മോളെന്തിനാ ഈ പഴയ പത്രങ്ങളൊക്കെ നോക്കുന്നത്,.. ”

“ആവശ്യമുണ്ട് കല്യാണിയമ്മേ,.. ”

അതിലൊന്നിൽ നിന്നും അവൾ കണ്ടു,. പത്രത്തിന്റെ ഫ്രണ്ട് പേജിൽ നിന്നും,.. അമലയുടെ ആത്മഹത്യാ വാർത്ത,…

“മെഡിക്കൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ,. ഭർത്താവ് അറസ്റ്റിൽ,… ” കിഷോറിന്റെയും അമലയുടെയും ചിത്രമടക്കം,…
അവികയ്ക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി,…
“മോളെ,.. ” കല്യാണിയമ്മ ഉറക്കെ വിളിച്ചു,.. അപ്പോഴേക്കും അവിക തറയിലേക്ക് കുഴഞ്ഞു വീണിരുന്നു,…

(തുടരും )

അവിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!