കല്യാണിയമ്മയെ കണ്ടതും മുഖത്തൊരു പുഞ്ചിരി വരുത്താൻ അവിക ശ്രമിച്ചു,..
“എന്താണ് കുട്ട്യേ താമസിച്ചത് ?? ശിവൻ അയച്ച വണ്ടി വന്നില്ലാരുന്നോ ??”
“വന്നിരുന്നു കല്ല്യാണി അമ്മേ, സ്പെഷ്യൽ ക്ലാസ്സ് ഉണ്ടായിരുന്നു,.. പിന്നെ നീതുവിന്റെ കയ്യിൽ നിന്ന് കുറച്ചു നോട്ട്സ് വാങ്ങിക്കാൻ അവളുടെ വീട്ടിൽ പോവേണ്ടി വന്നു,.. അതാ ലേറ്റ് ആയത്,.. ”
“മ്മ്, വരാൻ വൈകുമെന്ന് ആ കുട്ടീടെ വീട്ടിൽ നിന്നെങ്കിലും വിളിച്ചു പറഞ്ഞൂടാരുന്നോ ???”
“ഞാനും കരുതീലന്നെ ഇത്രേം ലേറ്റ് ആവുമെന്ന്,.. നല്ല ട്രാഫിക് ആയിരുന്നു അതാ,.. അല്ല അമ്മ എത്തീലല്ലേ ഇതുവരെ?,.. ”
“ഇല്ല കുട്ടി,. ഇറങ്ങാൻ നേരം എന്തോ ആക്‌സിഡന്റ് കേസ് വന്നൂത്രേ,.. എന്തായാലും കുളിച്ചിട്ട് വാ, ഞാൻ ഭക്ഷണം എടുത്തു വെക്കാം,.. ”
“എനിക്ക് വേണ്ട കല്ല്യാണി അമ്മേ,. , ഞാൻ അവളുടെ വീട്ടീന്ന് ചായ കുടിച്ചതാ തീരെ വിശപ്പില്ല,.. ”
“ഈയിടെ ആയി തീരെ വിശപ്പില്ലല്ലോ കുട്ടിക്ക് ?? നല്ല വിളർച്ചയും ”
“അതൊക്കെ തോന്നണതാ, നല്ല ക്ഷീണം ഉണ്ട്, ഞാനൊന്ന് കിടക്കട്ടെ,.. ”
കല്ല്യാണി അമ്മയുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനായി അവൾ റൂമിൽ കയറി വാതിൽ അടച്ചു,.
അവിക ശബ്ദമടക്കി കരഞ്ഞു,.. തന്റെ ശരീരത്തിൽ അഴുക്കേറ്റിരിക്കുന്നു, ഏത് ഗംഗയിൽ കുളിച്ചാലും പോകാത്തത്ര അഴുക്ക്,.. അവിക ഷവറിന് ചുവട്ടിൽ നിന്നു,.. വെള്ളത്തുള്ളികൾ, അവളുടെ മുറിവുകളെ കൂടുതൽ പൊള്ളിച്ചു,.. കണ്ണാടിയിൽ കണ്ട തന്റെ രൂപം അവളെ കൂടുതൽ ഭയപ്പെടുത്തി,..
അവൾ ഉറക്കെ കരഞ്ഞു,…
***********
“ഏട്ടനെന്താ ഇത്ര താമസിച്ചത്.?”
അഖിലയുടെ ചോദ്യം അവനെ പരിഭ്രാന്തിയിലാക്കി,..
“വർക്ക് ഉണ്ടായിരുന്നു മോളെ,.. ” അവനെന്തോ അവളുടെ മുഖത്ത് നോക്കാൻ ധൈര്യം കിട്ടിയില്ല,.
“അമ്മയ്ക്ക് ഉടനെ ഓപ്പറേഷൻ വേണമെന്നാ ഡോക്ടർ പറയുന്നത്,. ഇനിയും വൈകിപ്പിച്ചാൽ,.. ”
അവളുടെ കണ്ണു നിറഞ്ഞൊഴുകി,.
“ഏട്ടൻ ശ്രമിക്കുന്നുണ്ട് മോളെ,… ”
അവൾ അവന്റെ നെഞ്ചോട് ചേർന്ന് നിന്നു,.
“ഇനി ഏട്ടൻ വൈകരുത്ട്ടോ,. ഞങ്ങക്ക് ഇവിടെ പേടിയാ,. ഓരോരുത്തരുടെ നോട്ടവും പറച്ചിലുമൊക്കെ കേൾക്കുമ്പോൾ,. ഉള്ള ധൈര്യമൊക്കെ ചോർന്നു പോകുന്നു ഏട്ടാ,.. ”
അവന്റെ ഉള്ള് കൂടുതൽ പൊള്ളി,.. അഖിലയുടെ പ്രായമേ ഉള്ളൂ, താനിന്ന് ചീന്തിയെറിഞ്ഞ പെൺകുട്ടിക്കും,. അവൻ അഖിലയിൽ നിന്നടർന്ന് മാറി, അവനെ വല്ലാതെ വിയർത്തിരുന്നു,..
“എന്താ ഏട്ടാ ??”
“ഹേയ്, ഒന്നൂല്ല്യ,… ”
“ഞാൻ ഭക്ഷണം വിളമ്പട്ടെ ?? ”
“വേണ്ട, നീ കഴിച്ചിട്ട് കിടന്നോ ? എനിക്ക് തീരെ വിശപ്പില്ല,.. ”
അവൻ ഉരുകുകയായിരുന്നു,. അഖിലയ്ക്ക് ഒരു നിമിഷം അവികയുടെ മുഖമായിപോലും തോന്നി അവന്,.. അവൻ കണ്ണുകൾ ഇറുക്കിയടച്ചു,…
************
അവിക കണ്ണുമടച്ചു ബ്ലേഡ് ഞെരമ്പുകളെ തൊടുന്ന രീതിയിൽ വെച്ചു,.. ധൈര്യം സംഭരിച്ചു അമർത്താൻ ഒരു ശ്രമം നടത്തിയതും, കിഷോറിന്റെ മുഖം മനസ്സിൽ വന്നു,.. ബ്ലേഡ് നിലത്ത് വീണു,.. “ഇല്ല കിഷോർ, ഞാനില്ലാതായാൽ,. നീ എങ്ങനെയും രക്ഷപെടും,.. അതുണ്ടാവാൻ പാടില്ല,. വേറൊരു പെൺകുട്ടി കൂടി നിന്റെ ഇരയാവാൻ ഞാൻ സമ്മതിക്കില്ല,.. നിന്നോട് ഞാൻ പകരം ചോദിക്കും കിഷോർ,.. നിനക്ക് മാപ്പില്ല,.. ”
അവികയുടെ കണ്ണുകൾ ജ്വലിക്കുകയായിരുന്നു,.
“കല്യാണിയമ്മേ മോളെന്തിയെ ? കിടന്നോ ?”
“ഹാ,.. ഭക്ഷണം പോലും വേണ്ടാന്ന് പറഞ്ഞു,.. നല്ല ക്ഷീണമാണത്രേ,… ”
“അയ്യോ അതെന്താ പറ്റിയെ ?”
ഡോക്ടർ മീരയുടെ ശബ്ദം കേട്ടതും, അവിക കണ്ണുനീർ തുടച്ചു,.. പതിയെ കട്ടിലിൽ കയറി കിടന്നു,…
“വിളിക്കണ്ട മോളെ,.. പഠിക്കാൻ ഒരുപാട് ഇല്ലേ ? അതിന്റെ ക്ഷീണമാവും,… ”
ഡോക്ടർ മീര അവളുടെ അരികിൽ ഇരുന്നു, അവളുടെ നെറുകിൽ ചുംബിച്ചു,..
“പനിയുണ്ടോ ? നല്ല ചൂട്,… ”
ശരീരമല്ല, ഉള്ളാണ് പൊള്ളുന്നതെന്ന് പറയണമെന്നുണ്ടായിരുന്നു അവികയ്ക്ക്,. പക്ഷേ അത് അവരെ എത്രമാത്രം തകർത്തു കളയുമെന്ന ഉത്തമബോധ്യം ഉണ്ടായിരുന്നു അവൾക്ക്,..
“തോന്നണതാവും മോളെ,.. അവളുറങ്ങിക്കോട്ടെ,.. ” കല്യാണിയമ്മ ആശ്വാസമായി തോന്നി അവൾക്ക്,. ഇനിയൊരല്പ നേരം കൂടി അമ്മ അരികിലിരുന്നാൽ തനിക്ക് തന്നെ കൈ വിട്ട് പോകുമെന്ന് ഉറപ്പായിരുന്നു അവികയ്ക്ക്,.. മകൾക്ക് സംഭവിച്ച ദുരന്തത്തിന്റെ കഥയറിയാതെ അവർ ശാന്തമായി ഉറങ്ങട്ടെ,…
*******
സെല്ലിൽ ലാത്തി കൊണ്ട് തട്ടുന്ന ശബ്ദം കേട്ടാണ് കിഷോർ എഴുന്നേറ്റത്,..
“എന്തൊരു ഉറക്കമാടോ ഇത് ? തനിക്കിന്നു പോവണ്ടേ ??”
റിലീസ് ഷീറ്റിൽ ഒപ്പ് വെക്കുമ്പോൾ,. എസ്. ഐ ഹമീദിന്റെ മുഖത്ത്, രോഷം നിറഞ്ഞിരുന്നു,..
“നിന്നെയൊന്ന് നന്നായി പെരുമാറാൻ പോലും കഴിഞ്ഞില്ലല്ലോടാ എനിക്ക്,.. ”
അവൻ മറുപടി പറഞ്ഞില്ല,..
“വിട്ടേക്ക് ഹമീദ്, അവൻ പൊയ്ക്കോട്ടേ,.. ” എസ്. ഐ രാജഗോപാലിന്റെ മുഖത്ത് ശാസനം ഉണ്ടായിരുന്നു,…
“സാറിനെ പോലെ ഉള്ളവരൊക്കെ ഇവനെ സപ്പോർട്ട് ചെയ്യുന്നതിന്റെ അർത്ഥമാണ് എനിക്ക്, മനസിലാവാത്തത്,.. ”
“അത്, താങ്കൾക്ക്, ഇവനെ അറിയാത്തതു കൊണ്ടാ,.. ”
“ശരിയായിരിക്കും സാറെ,.. ഇവനെ എനിക്ക് പിന്നേം മനസിലാവും, എനിക്കിപ്പോഴും മനസിലാവാത്തത് ആ പെങ്കൊച്ചിനെയാ,.. പീഡിപ്പിച്ചവനോടൊക്കെ ആർക്കേലും പ്രേമം തോന്നുവോ,.. ”
“അതിനു അവളെന്നെ പ്രേമിക്കുന്നുണ്ടെന്ന് സാറിനോടാരാ പറഞ്ഞേ ?? അവൾക്കെന്നോട് പക മാത്രമേ ഉള്ളൂ,. ഈ ജന്മത്തിലൊന്നും അത് തീരുകയുമില്ല,.. ഇറങ്ങട്ടെ സാറെ, തിരിച്ചു ഇങ്ങോട്ടേക്ക് വരാൻ ഒട്ടും താല്പര്യം ഇല്ലാത്തത് കൊണ്ട്, വരാമെന്ന് പറയുന്നില്ല ”
7 വർഷങ്ങൾക്ക് ശേഷം പുറം ലോകം കാണുകയാണ്,. മാധവൻ നായർ പുറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു,. കിഷോർ അദേഹത്തെ മറികടന്ന് മുൻപോട്ട് നടന്നു,..
********
“അവിക,.. ഒരു മിനിറ്റ്,.. ”
“എന്താ അർജുൻ ???”
“താനിപ്പോൾ നടന്നാണോ പോകുന്നേ ?”
അവികയുടെ ഉള്ളൊന്ന് കത്തി,..
“ഡ്രൈവർ അങ്കിൾ ഇല്ല,.. അങ്കിൾ നാട്ടിൽ പോയതാ,.. ”
“എന്നാൽ ഇന്ന് തനിക്കൊപ്പം ഞാനും വന്നോട്ടെ ?”
അവളുടെ മുഖത്ത് നിറഞ്ഞ പരിഭ്രമം അവനെ അല്പമൊന്ന് ഉത്കണ്ഠാകുലനാക്കി,..
“എന്തേ ??”
“അത് അർജുൻ,… ”
വഴിയരികിൽ കിഷോർ ഉണ്ടാകുമെന്ന് അവൾക്ക് ഉറപ്പായിരുന്നു,. അർജുൻ കൂടെയുണ്ടെങ്കിൽ ഒരു പക്ഷേ അവൻ അടുത്തേക്ക് വരില്ല,..
“അല്ല, നിന്റെ വീട് ആ ഭാഗത്ത് അല്ലല്ലോ, പിന്നെന്തിനാ ?”
“അത് പിന്നെ, അവിടെ അടുത്ത് എന്റെ ഒരു റിലേറ്റീവിന്റെ വീടുണ്ട്,.. അവിടേക്ക് പോണം,.. ” റിലേറ്റീവ് ഉണ്ടോ ഇല്ലയോ എന്നൊന്നും അന്വേഷിക്കേണ്ട കാര്യമില്ല, അർജുൻ കൂടെയുണ്ടെങ്കിൽ കിഷോർ തന്നെ തൊടില്ല,..
“ഓക്കേ അതിനെന്താ,… ”
അവൾ അർജുനൊപ്പം നടന്നു,…
“അല്ലവികാ തനിക്കെന്തെലും വിഷമം ഉണ്ടോ ?? ഇന്നാകെ മൂഡ് ഔട്ട് ആണല്ലോ,.. ”
മനസിലുള്ള കാര്യങ്ങൾ അറിയാതെ പോലും പുറത്ത് വരാതിരിക്കാൻ അവൾ ഒരു ശ്രമം നടത്തി,..
“ഹേയ് ഒന്നൂല്ല,.. ”
മുന്നിൽ കിഷോർ, അവളുടെ നെഞ്ചിടിപ്പിന്റെ ആഴം കൂടി,.. അർജുനെ കണ്ട കിഷോർ അനങ്ങിയില്ല,..
അവിക കിഷോറിനെ ശ്രദ്ധിക്കാതെ മുന്നോട്ടേക്ക് നടന്നു, അതവനിൽ അമർഷം ഉണ്ടാക്കിയെന്ന് അവൾക്ക് ബോധ്യമായി,. പെട്ടന്നാണ് ഒരു കല്ലിൽ കാൽ തട്ടിയത്,.. വീഴാതെ അർജുന്റെ കൈകൾ അവളെ താങ്ങി,. കിഷോറിന്റെ മുഖം കോപം കൊണ്ട് ജ്വലിച്ചു,..
“നോക്കി നടക്ക് അവിക,.. ”
അവൾ അർജുന്റെ കൈ എടുത്തു മാറ്റി,..
“ഓ, അയാം സോറി,.. ”
“ഇറ്റ്സ് ഓക്കേ അർജുൻ,.” കിഷോർ പ്രശ്നമൊന്നും ഉണ്ടാക്കിയില്ലെന്നത് അവൾക്ക് ആശ്വാസമായി തോന്നി,.
“അർജുൻ, എനി വേ താങ്ക്സ് ഫോർ കമിംഗ്,.. ”
“വീട്ടിലേക്കൊന്നും വിളിക്കുന്നില്ലേ ??”
“ഓ സോറി,.. ഞാൻ,.. ”
“ഞാൻ ചുമ്മാ ചോദിച്ചതാ,.. ലേറ്റ് ആയില്ലേ ? സീ യൂ, ബൈ ”
“ബൈ,.. ”
ഗേറ്റ് തുറന്നതും ഒരു ഹോൺ,. തിരിഞ്ഞു നോക്കിയതും ഏറെ ദൂരെയല്ലാതെ കിഷോർ തനിക്ക് പുറകിൽ,.. അവന്റെ കണ്ണുകളിൽ കോപം ആളികത്തുകയായിരുന്നു,.. അവിക ഗേറ്റിൽ മുറുകെ പിടിച്ചു,..
(തുടരും )
അവിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission