Skip to content

ശ്രീബാല – 4

ശ്രീബാല

“സർ… മേ ഐ കം ഇൻ…?”

“ഹേയ്… ശ്രീബാല… വരൂ…”

“സർ… ചോദിച്ച പേപ്പേഴ്സ് ഒക്കെയുണ്ട്… ഞാനിന്നു തന്നെ ജോയിൻ ചെയ്യുവാണ്…”

കയ്യിലിരുന്ന ഡോക്യൂമെൻറ്സ് ഞാൻ രവിക്കു മുന്നിൽ വച്ചു…

“കൂൾ…. പിന്നെ ആ സർ വിളി വേണ്ട കേട്ടോ…. ഇവിടെ എല്ലാരേയും പേര് വിളിച്ചാൽ മതി…”

“താങ്ക് യു രവി…”

“കം… ഞാൻ തന്റെ ടീമിനെ പരിചയപ്പെടുത്താം…”

ഏതു നിമിഷമാണോ അഭിയേട്ടനെ കാണുക…

കണ്ടുമുട്ടും… ഉറപ്പാണ്…. അതൊക്കെ നേരിടാൻ ഞാൻ തയ്യാറുമാണ്…

പക്ഷെ അത് എത്രത്തോളം വൈകിക്കാമോ, അത്രയും വൈകിക്കണേ ഈശ്വരാ….

രവി എന്നെയും കൂട്ടി അടുത്ത ക്യാബിനിലേക്ക് നടന്നു…

“ഹലോ ഗയ്‌സ്…”

രവിയുടെ ഒച്ചകേട്ട് ക്യാബിനിലെ സകലകണ്ണുകളും എന്നിലേക്ക് തിരിഞ്ഞു… പകരം ഞാനൊന്നു പുഞ്ചിരിച്ചു…

“ഹിയർ ഈസ് അവർ ന്യൂ മെമ്പർ… ഷി ഈസ് ശ്രീബാല… യു ക്യാൻ കാൾ ഹേർ ശ്രീ ഓർ ബാല…?”

രവി എന്നെ നോക്കി….

“കാൾ മി ബാല…”

“യെസ്… ബാല… ബാല ഇനി മുതൽ നിങ്ങളുടെ ടീമിൽ ആയിരിക്കും വർക്ക് ചെയ്യുന്നത്… ആൻഡ്, ബാലയ്ക്ക് ഒരു ബഡ്ഡി വേണമല്ലോ ഗയ്‌സ്…

ആരാണ് ഇവിടെ ഇത് വരെ മെന്റർ ചെയ്യാത്തത്…?

വെർ ഈസ് അഭിനവ്…?”

പേരു കേട്ട് ഞാൻ മുറിയാകെ പരതി…

അഭിയേട്ടൻ ആകല്ലേ…

ഒരായിരം വട്ടം ഞാൻ മനസ്സിൽ കുഴിച്ചുമൂടാൻ ശ്രമിച്ചതാണ്…. പക്ഷേ ഈ കൂടിക്കാഴ്‌ച്ച…

മുറിയുടെ കോണിൽ ഒളിച്ചിരിക്കുകയാണ് അഭിയേട്ടൻ….

“അഭിനവ്… അഭിനവ്… അഭിനവ്….” ആരവം റൂം മൊത്തം നിറഞ്ഞപ്പോൾ അഭി എഴുന്നേറ്റു വന്നു എനിക്ക് കൈ തന്നു…

ഉള്ളിലെ ശങ്ക പുറത്തുകാണിക്കാതെ, ഞാനും കൈ കൊടുത്തു… എന്തൊക്കെ ആയാലും ഇതെന്റെ ഓഫീസ് ആണ്…

ഇവിടെ സ്വകാര്യവികാരങ്ങൾക്കെന്ത് സ്ഥാനം…

“ബാലയ്ക്ക് എന്ത് സഹായം വേണമെങ്കിലും അഭിനവിനോട് ചോദിക്കാം… ഹി വിൽ ഹെല്പ് യു… ഓർ വേറെ ആരോട് വേണമെങ്കിലും ചോദിക്കാം… ഒക്കെ…?”

രവി എന്നെ ആ മുറിയിലാക്കി പുറത്തു പോയി…

മീറ്റിംഗ് കഴിഞ്ഞതും ലാപ്ടോപ്പും എടുത്ത് എല്ലാരും അവരുടെ ഡെസ്കിലേക്ക് നടന്നു… അഭിയും…

ഞാനെന്താ ചെയ്യേണ്ടത്…

ആരോടാ ചോദിക്ക…

“അഭിനവ്… എന്റെ ഡെസ്ക്…?”

ഞാൻ പേര് വിളിച്ചത് അഭിയ്ക്ക് ഇഷ്ടപെടാത്ത പോലെ…

“ഓഹ്… യെസ്… ഞാൻ മറന്നു… വരൂ…”

അഭിയുടെ പുറകെ ഞാനും നടന്നു…

പലരുടെയും ഡെസ്കുകളിൽ പല തരത്തിലുള്ള രചനകൾ… ചിത്രപ്പണി, കടലാസു കൊട്ടാരം, ചെറിയ ഫിഷ് ടാങ്ക്, ചെടികൾ…

മൊത്തത്തിൽ ജീവനുള്ള അന്തരീക്ഷം…

എനിക്കൊരുപാട് ഇഷ്ടായി…

ഒരു അലങ്കാരവുമില്ലാത്ത ടേബിൾ എത്തിയതും അഭി എന്നിലേക്ക് തിരിഞ്ഞു…

“ഇതാണ് തന്റെ ടേബിൾ… ഞാൻ ഇവിടുന്ന് നാലാമത് കാണുന്ന ടേബിൾ… അവിടെയാണ്… എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ…

ഐ മീൻ, ഓഫീസിൽ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ചോദിക്കാം…”

ഇടറിയ ഒച്ചയിൽ പറഞ്ഞൊപ്പിച്ചു അഭി തന്റെ ഡെസ്കിലേക്ക് പോയി…

ആദ്യദിവസം ആയതു കൊണ്ട് പ്രത്യേകിച്ച് പണിയൊന്നും ഉണ്ടായിരുന്നില്ല…

നേരത്തെ തന്നെ ഞാൻ വീട്ടിലേക്ക് തിരിച്ചു…

ബസിലിരിക്കുമ്പോൾ ഒരു ആന്റി എന്റെ അടുത്ത് വന്നിരുന്നു…

“മോൾക്ക് എന്നെ മനസിലായോ…?”

“ഇല്ല…”

“മോളെ എനിക്കറിയാം… രണ്ടാഴ്ച മുൻപ് ഒരു കല്യാണത്തിന് ഞാൻ കണ്ടിരുന്നു…”

ഈശ്വരാ… ചിപ്പിച്ചേച്ചിയുടെ കല്യാണം… വീണ്ടും വല്ല ആലോചനയും ആണോ…

“ഉമയെ ഞാൻ കണ്ടിരുന്നു… അവൾ പറഞ്ഞു മോൾക്ക് ഇപ്പോൾ ആലോചനയൊന്നും നോക്കുന്നില്ലാന്ന്…

മോളായിരിക്കും വേണ്ടാന്ന് പറഞ്ഞത്…

പക്ഷേ ആന്റിക്കറിയാം എന്തു കൊണ്ടാ ഇപ്പോൾ നോക്കാത്തതെന്ന്…

നിങ്ങൾ തമ്മിൽ ഇഷ്ടമാണെന്നൊക്കെ ആന്റിക്കറിയാം… അമ്മയോട് ആന്റി സംസാരിച്ചോളാം….”

“ആന്റി ഇതാരുടെ കാര്യമാ പറയുന്നേ….?”

ആന്റി കയ്യിലിരുന്ന പേഴ്‌സ് തുറന്ന് ഒരു പേപ്പർ തുറന്നു കാണിച്ചു…

പേപ്പറിന്റെ ഇടതുവശത്തു പിൻ ചെയ്‌ത്‌ ഒരു ചെറുപ്പക്കാരന്റെ ഫോട്ടോയും…. വിജയ്…

ചിപ്പിച്ചേച്ചിയുടെ കല്യാണത്തിനു കണ്ട് തെറ്റിദ്ധരിച്ചതാണ്…

“മോൾക്ക് ജോലി ആയോ…?”

“ആ…ആയി… എന്ത്യേ…?”

“മോൾക്ക് ജോലി കിട്ടിയാലേ കെട്ടിക്കൂന്ന് മോളുടെ അമ്മ പറഞ്ഞിരുന്നു…

ജോലി ആയ സ്ഥിതിക്ക് ഇനിയിപ്പോൾ ആന്റിക്ക് വരാമല്ലോ അല്ലേ…”

“വേണ്ടാ… വീട്ടിലേക്കൊന്നും വരണ്ട… അതൊന്നും ശരിയാകില്ല…”

“അതിനിടയ്ക്ക് നാണമായോ….?”

നാണോ…

“ആന്റി നല്ലൊരു ദിവസം നോക്കി അവരെ കൂട്ടിക്കൊണ്ട് വരാം…

അവൻ നല്ല ചെക്കനാ… മോൾക്ക് ആന്റി പറഞ്ഞ് തരേണ്ടല്ലോ….

എന്നാൽ ആന്റി ഇറങ്ങട്ടെ… ആന്റിയുടെ സ്റ്റോപ്പ് എത്തി….”

ബസ് ബെല്ലടിച്ചു നിർത്തിയതും ആ സ്‌ത്രീ വാതിലിലേക്ക് നടന്നു…

ഇറങ്ങാൻ നേരം എന്നെയൊന്നു തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു…. വേറെ വഴിയില്ലാതെ ഞാനും….

ഈശ്വരാ…എനിക്ക് മാത്രമെന്താ ഇങ്ങനെ പ്രശ്നങ്ങൾ ബസ് പിടിച്ചു വരുന്നത്…

ഈ ആലോചന എങ്ങനെയാ ഒഴിവാക്കുക…

ഫോണിലെ സേവ് ചെയ്യാത്ത ആ നമ്പർ മെസ്സേജ് ലിസ്റ്റിൽ നിന്നും ഞാൻ കണ്ടെത്തി…

ഈ നമ്പറിൽ നിന്നാണ് അന്ന് മെസ്സേജ് വന്നത്… ഇത് വിജയ് തന്നെയാകണം…

“ഹലോ… വിജയ്…?”

“ഫൈനലി… ഇപ്പോഴാണോ മനസിലായത് വിജയ് ആണെന്ന്… താൻ ജോയിൻ ചെയ്‌തോ…?”

“ചെയ്തു… ഇന്നായിരുന്നു ഫസ്റ്റ് ഡേ…”

“വൗ… ദാറ്സ് എ ഗുഡ് ന്യൂസ്… കൺഗ്രാറ്സ്….!”

“വിജയ്… ഞാൻ വിളിച്ചത്…”

“പറയെടോ…”

“തനിക്ക് വല്ല കല്യാണ ആലോചനയും നടക്കുന്നുണ്ടോ…?”

“എന്റെ അമ്മയെന്തൊക്കെയോ നോക്കുന്നുണ്ട്… എന്താ താൻ അത് ചോദിയ്ക്കാൻ…”

“ഇന്നൊരു ആന്റിയെ കണ്ടു… ബസിൽ വച്ച്… ദല്ലാൾ ആണെന്ന് തോന്നുന്നു…

തന്റെ ആലോചനയും കൊണ്ട് എന്റെ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞു…”

“എന്റെയോ…. ടോ സ്റ്റോപ്പ് സ്റ്റോപ്പ്….!”

“എന്ത് സ്റ്റോപ്പ് സ്റ്റോപ്പ്…”

“താൻ ബസിലല്ലേ…. തന്നെ ഞാൻ കണ്ടു… അടുത്ത സ്റ്റോപ്പിൽ ഇറങ്ങ്…. ഞാൻ അടുത്ത് തന്നെയുണ്ട്…

പെട്ടെന്നിറങ്ങ്….!! ഞാൻ അങ്ങോട്ട് വരാം…”

“ആളിറങ്ങണം…. ആളിറങ്ങണം….”

കാൾ കട്ട് ചെയ്‌ത്‌, ഞാൻ അടുത്ത സ്റ്റോപ്പിലിറങ്ങി….

അല്ല… ഞാനെന്തിനാ ഇപ്പോൾ ഇവിടെ ഇറങ്ങിയേ…

വിജയ് എന്തിനാ എന്നോടിത്ര അടുപ്പം കാണിക്കുന്നേ…

ഒരു ചുവന്ന ബലേനോ എന്റെ മുന്നിൽ വന്നുനിന്നു… ഉള്ളിൽ നിന്നും അതിന്റെ വാതിൽ അല്പം തുറക്കപ്പെട്ടു…

“കേറെടോ…”

മുൻവശത്തെ വാതിൽ തുറന്ന് ഞാൻ വിജയുടെ ഇടതുഭാഗത്തായി ഇരുന്നു…

“ഇനി പറ… എന്താ തന്റെ പ്രശ്നം…?”

കാർ മുന്നിലേക്ക് കുതിച്ചു…

“എവിടെ ചെന്നാലും എല്ലാർക്കും എന്നോട് ചോദിക്കാനുള്ളത് കല്യാണക്കാര്യം മാത്രാ… മടുത്തു…”

“നാട്ടുകാരും ബന്ധുക്കളും ആയിരിക്കും… അല്ലേ…”

വിജയ് അത് പറഞ്ഞത് കളിയാക്കിയ ചിരിയോടെയായിരുന്നു…

“തനിക്ക് തമാശയായായിരിക്കാം… എനിക്ക് അങ്ങനെ അല്ല വിജയ്‌…

ഇപ്പോൾ ഒരു കല്യാണത്തെ പറ്റി എനിക്ക് ചിന്തിക്കാനേ പറ്റില്ല….”

“ടോ… എന്റെ കാര്യം തീരുമാനിക്കുന്നത് ഞാനാ… അല്ലാതെ ബ്രോക്കർ അല്ല…

വീട്ടിൽ അങ്ങനെയൊരു ആലോചനയുണ്ടെങ്കിൽ അത് ഞാൻ ഹാൻഡിൽ ചെയ്‌തോളാം…

എന്റെ വീട്ടിൽ നിന്നാരും തന്റെ വീട്ടിലേക്ക് ആലോചനയുമായി വരാൻ പോകുന്നില്ല… എന്താ അത്രയും ഉറപ്പ്
പോരെ….”

ഞാനൊന്നു പുഞ്ചിരിച്ചു…

“മാടത്തിനു ചിരിക്കാനൊക്കെ അറിയാമായിരുന്നോ…. നോട് ബാഡ്… ഇടക്കൊക്കെ ചിരിക്കുന്നത് നല്ലതാ…”

“സാഹചര്യം…”

ഓഫീസിലെ ചിന്തകൾക്ക് വിട പറഞ്ഞ് ഞാൻ നെടുവീർപ്പിട്ടു…

“താനവനെ വീണ്ടും കണ്ടു, അല്ലേ…”

ഇത്ര എളുപ്പത്തിൽ എന്നെ വായിച്ചെടുക്കാൻ കഴിയോ…

“നിങ്ങൾ ശരിക്കും ആരാണ്…”

എന്റെ ചോദ്യത്തിലൊരു കുസൃതി പതുങ്ങിയിരുന്നു…

“പേരാണ് അറിയേണ്ടതെങ്കിൽ വിജയ് ചന്ദ്രശേഖർ…

തനിക്കെന്നെ വിജയ് എന്നു വിളിക്കാം…

കുറച്ചു നാൾ മുൻപ് വരെ ഒരു പ്രവാസി ആയിരുന്നു… എന്റെ ശല്യം സഹിക്കവയ്യാതെ വീട്ടുകാരൊക്കെ കൂടി കെട്ട് കെട്ടിച്ചതാ… ഏതാണ്ട് നാല് കൊല്ലം മുൻപ്…”

“അത്രയ്ക്ക് ശല്യമായിരുന്നോ താൻ…”

“കോളേജിൽ അസ്സലൊരു ഉഴപ്പനായിരുന്നു… എങ്ങനെയൊക്കെയോ ഡിഗ്രി ഒപ്പിച്ചെടുത്തു…

അന്നൊരു ട്രിപ്പിങ് ഫ്രീക്കൻ ആയിരുന്നു… ഒരുപാട് സഞ്ചരിക്കണം… അതായിരുന്നു ആഗ്രഹം….

സോളോ ട്രിപ്പും ട്രെക്കിങ്ങും റാപ്പേലിങ്ങും ഒക്കെയായി, ഒരുപാട് കറങ്ങി….

ആരോടും പറയാതെയുള്ള പോക്ക്… അതാണൊരു ത്രിൽ…

അമ്മയ്ക്ക് ആണെങ്കിൽ വല്ലാത്ത ആധിയും….

എനിക്കെന്തെങ്കിലും പറ്റുമോന്ന്…

പിന്നെ ബന്ധുക്കളും നാട്ടുകാരും ഉണ്ടല്ലോ, ഇല്ലാത്തത് പറഞ്ഞ് ടെൻഷൻ കയറ്റാൻ…

ഒടുവിൽ അമ്മയെ സങ്കടപ്പെടുത്തേണ്ടന്ന് കരുതി ഞാൻ കടലുകടന്നു…”

“ഇനിയെന്നാ തിരിച്ച്…”

“ഇനി തിരിച്ചൊന്നും ഇല്ല… എന്നെ കെട്ടിക്കാൻ വേണ്ടിയാ ഇപ്പോൾ വിളിച്ചു വരുത്തിയെ…

എനിക്കതിലൊന്നും നോ ഇന്ററസ്റ്…. ഞാൻ ഒരു ബിസിനസ് ഒക്കെ തുടങ്ങി ഇവിടെ തന്നെ കൂടാൻ നോക്കുവാ…”

“കല്യാണം കഴിക്കാതെയോ…. നടന്ന തന്നെ…”

“ഒരിക്കൽ അവരുടെയൊക്കെ ആഗ്രഹത്തിനു ഞാൻ വഴങ്ങി കൊടുത്തതാ… ഇനിയില്ല…

ഇനി എന്റെ കാര്യങ്ങൾ ഞാൻ തന്നെ തീരുമാനിക്കും…

പിന്നെ… തന്റെ കക്ഷി എന്ത് പറയുന്നു… എന്താ അവന്റെ പേര്…?”

“അഭിനവ്… എല്ലാരും കൂടി ഓഫീസിൽ എന്റെ ബഡ്ഡിയാക്കി…”

“ഒരു കണക്കിനു നോക്കിയാൽ അവൻ നല്ലവനാ… തന്നെ സ്നേഹിക്കുന്നില്ല എന്നവൻ തുറന്നു പറഞ്ഞില്ലേ…”

“ഒന്നര വർഷത്തിനു ശേഷം…”

“ആയിരിക്കാം… അവൻ എന്തൊക്കെയോ തന്നോട് മറക്കുന്നുണ്ട്….”

ഇതെനിക്കും തോന്നിയിട്ടുള്ളതാ…

“തനിക്ക് ഇതൊക്കെ എങ്ങനെ അറിയാൻ കഴിയുന്നു….”

“മനഃശാസ്ത്രം… ഹഹ… ഞാനൊരു ആണല്ലേ… അപ്പോൾ, അവൻ ചിന്തിക്കുന്നതൊക്കെ ഊഹിക്കാം….

പിന്നെ നിങ്ങളുടെ മെസ്സേജ് മൊത്തത്തിൽ ഞാൻ വായിച്ചതല്ലേ….

അവൻ ഇതു വരെ തന്നെ സ്നേഹിച്ചിട്ടില്ല…. എന്നാൽ……”

“എന്നാൽ….?”

“എന്നാൽ…. ഇനി വേണമെങ്കിൽ സ്നേഹിക്കാം….”

“ഇനിയോ… കാക്ക മലർന്നു പറക്കും ചിലപ്പോൾ…”

“ചിലപ്പോൾ മലർന്ന് പറക്കും… നിങ്ങൾ ഒരേ കമ്പനി… ഡെയിലി കാണുന്നു… അവന് എന്തായാലും കുറ്റബോധം കാണും….

അങ്ങനെ നോക്കുമ്പോൾ ഇനിയൊരു ആത്മാർത്ഥ പ്രണയത്തിനു സാധ്യതയുണ്ട്…

തനിക്കെങ്ങനെയാ… അവൻ വന്നാൽ സ്വീകരിക്കോ….?”

“എനിക്കറിയില്ല….”

“അപ്പോൾ സ്വീകരിക്കും… എന്നാൽ ഞാൻ തന്നെ ഇതിനൊരു തുടക്കം കുറിക്കാം….”

എനിക്കൊന്നും മനസിലായില്ല…

“നിങ്ങൾ എന്ത് പ്രൊജക്റ്റാ ചെയ്യുന്നേ…?”

“ടീം ഇതു വരെ ജാവ ആയിരുന്നു… ഇപ്പോൾ ഓട്ടോമേഷൻ സ്റ്റാർട്ട് ചെയ്യാൻ പോകുന്നു…

പുതിയ പ്രൊജക്റ്റ്… ”

“ഏത് ടെക്നോളോജിയാ ഉപയോഗിക്കുന്നേ…?”

“അറിയില്ല….”

“ഗുഡ്… തന്റെ ഫോണെവിടെ….”

വിജയ് കാർ സൈഡിലേക്ക് ഒതുക്കിനിർത്തി…. പിന്നിൽ നിന്നും വന്ന വാഹനങ്ങൾ ഞങ്ങളെ കടന്നു പോയി…

ഞാൻ എന്റെ ഫോൺ പുറത്തേക്കെടുത്തു… “എന്തിനാ….”

“അവനു മെസ്സേജ് ചെയ്… ഓട്ടോമേഷന് ഏത് ടെക്നോളോജിയാ ഉപയോഗിക്കുന്നതെന്ന് ചോദിക്ക്…”

“‘അഭിയേട്ടാ… ഓട്ടോമേഷന് ഏത് ടെക്നോളോജിയാ ഉപയോഗിക്കുന്നേ…’ ഇത്രയും മതിയോ…”

ഞാൻ ഫോണിൽ ടൈപ്പ് ചെയ്തത് വിജയ്ക്ക് കാണിച്ചു കൊടുത്തു…

“അയ്യോ… കള്ളത്തനം ഒന്നും കാണിക്കാൻ അറിയില്ല അല്ലേ…. ഫോൺ ഇങ്ങെടുക്ക്…. ഒരു അഭിയേട്ടൻ…! ”

അഭിയേട്ടൻ എന്നെഴുതിയത് വിജയ് മായ്ച്ചു കളഞ്ഞു, സെൻറ് ചെയ്‌തു…

“ഇപ്പോൾ അറിയാം, അവൻ തന്നോട് സംസാരിക്കാൻ എത്ര വെമ്പൽ കൊണ്ട് നിൽക്കുവാണെന്ന്…”

അപ്പോൾ തന്നെ ഫോണിൽ വെളിച്ചം തെളിഞ്ഞു…. ഇത്ര പെട്ടെന്നോ…

അഭിയേട്ടന്റെ മെസ്സേജ്…

ഞാൻ തുറന്ന് നോക്കി…. “പൈത്തൺ….”

സാധാരണ എന്റെ മെസ്സേജിനു മണിക്കൂറുകൾ കഴിഞ്ഞാലും മറുപടി തരാത്ത ആളാണ്…

“ഹഹ… ഇപ്പോൾ എന്തായി…. ഞാൻ പറഞ്ഞില്ലേ….”

വിജയ് ആർത്ത് ചിരിക്കാൻ തുടങ്ങി….

എനിക്ക് എന്ത് പറയാമെന്നറിയില്ല…. വിജയ് പറഞ്ഞതാണോ ശരി…

ചിരിച്ചു കൊണ്ട് വിജയ് കാർ വിട്ട് പുറത്തിറങ്ങി…. അടുത്തുള്ള ബുക്ക് സ്റ്റാളിൽ കയറി…

“ദാ… പൈത്തൺ പഠിച്ചു തുടങ്ങാൻ ഈ ബുക്ക് തന്നെ സഹായിക്കും…

താൻ എങ്ങനെയാ… പഠിക്കാൻ മിടുക്കിയാണോ….

അതോ എന്നെ പോലെയാണോ…”

വിജയെ നോക്കി ഇളിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ….

“എന്തൊക്കെ ആയാലും ഇത് വായിച്ചു പഠിച്ചേ പറ്റൂ… അവനോട് ഏറ്റു മുട്ടാൻ റെഡിയായിക്കോ….

അവൻ ഉടനെ തന്നെ വിശദീകരണവുമായി വരും…”

എല്ലാം ഞാൻ തലയാട്ടി കേട്ടു…

എന്റെ മനസ് വിജയോട് അടുക്കുന്ന പോലെ…

“ഇത് കൂടി വച്ചോ….”

ഗിഫ്റ് പേപ്പറിൽ മൂടിയ ഒരു പൊതി വിജയ് എനിക്കു നേരെ ചോദ്യചിഹ്നമായി വച്ചു…

“ഇതെന്താ…”

“തുറന്ന് നോക്കേടോ…..”

എന്റെ മനസ്സിൽ നൂറു ചോദ്യങ്ങൾ നിറഞ്ഞു…

മെല്ലെ തുറക്കുമ്പോൾ ആ പൊതിക്കുള്ളിൽ ഒരു പെൻ സ്റ്റാൻഡ് ഇരിക്കുന്നത് ഞാൻ കണ്ടു…

വെള്ളിനിറത്തിൽ ഒരു കുഞ്ഞു ക്ലോക്കും, അതിനു ചുറ്റും മഞ്ഞ നിറത്തിലുള്ള കുറെ സ്‌മൈലിയും….

അതിനു താഴെ ചുവന്ന ചതുരത്തിനുള്ളിൽ പല വർണങ്ങളാൽ ഒരു എഴുത്ത്….

കീപ് സ്മൈലിങ്…! ബി ഹാപ്പി…!

“ഇതെന്തിനാ വിജയ്….”

“ഇത് തന്റെ ഓഫീസിൽ താനിരിക്കുന്ന സ്ഥലത്തു വക്കണം….

ഇത് കാണുമ്പോഴൊക്കെ താൻ ചിരിക്കണം… അത് ഈ വിജയ്ക്ക് വേണ്ടി….

പിന്നെ ഇത് കാണുമ്പോഴൊക്കെ വെറുതെ അവനും വിചാരിക്കട്ടെ…. താൻ ഹാപ്പിയാണെന്ന്….

നമുക്കവനെ കുറച്ചു ജെലസ് ആക്കി പുറത്തു ചാടിക്കാം….”

എനിക്കൊരു നല്ല സുഹൃത്തിനെ കിട്ടിയ സന്തോഷം തോന്നി…

അമ്മയോട് പോലും പലതും തുറന്ന് പറയാൻ ഞാൻ മടിക്കാറുണ്ട്… അഭിയേട്ടനോട് സംസാരിക്കാൻ അതിലേറെ പേടിയാണ്…

പക്ഷേ… വിജയോട് ഞാനറിയാതെ തന്നെ എല്ലാം തുറന്ന് പറയുന്നു…

പെട്ടെന്നാണ് കുട്ടേട്ടന്റെ ചായക്കട കടന്നത് ഞാൻ കണ്ടത്….

“വിജയ്… വണ്ടി നിർത്ത്‌…. ഞാൻ ഇവിടെ ഇറങ്ങാം…”

“ഇവിടെയോ…. ഞാൻ തന്നെ വീട്ടിലാക്കാം….”

“വണ്ടി ഉള്ളിലേക്ക് പോകില്ല… ഇവിടെ ഇറങ്ങി ഞാൻ നടന്നോളാം…”

വണ്ടിയിൽ നിന്നിറങ്ങി, ഞാൻ കുട്ടേട്ടന്റെ കടയിലേക്ക് നടന്നു…

വീട്ടിലേക്ക് കഴിക്കാൻ എന്തെങ്കിലും മേടിക്കാം… പുതിയ ജോലി കിട്ടിയതല്ലേ…

ഇപ്പോഴൊക്കെയല്ലേ സന്തോഷിക്കേണ്ടത്…

ചായക്കടയിൽ പതിവ് തിരക്കാണ്… ചായയും കടിയും ഇരുകൈകളിൽ പിടിച്ച്, സകലരും അവിടുണ്ട്…

“മോൾക്ക് ജോലി കിട്ടിയെന്ന് കേട്ടല്ലോ…. നേരാണോ…”

“അതെ കുട്ടേട്ടാ… അവസാനം കിട്ടി…”

തെല്ലു സന്തോഷത്തോടെ തന്നെ ഞാൻ പറഞ്ഞു…

“മൊണ്ടി മാധവേട്ടന്റെ മോനാണോ ശരിയാക്കി തന്നേ…?”

ഞാനും അഭിയും ഒരു കമ്പനിയാണെന്ന് ഇത്ര പെട്ടെന്ന് ഇവരൊക്കെ അറിഞ്ഞോ…

“അല്ല… അല്ലാതെ കിട്ടിയതാ…”

“നിങ്ങളൊരു കമ്പനിയിൽ ആണെന്ന് കേട്ടിരുന്നു… ഞാൻ നിരീച്ചു അവൻ തരപ്പെടുത്തിയതാണെന്ന്…”

നാട്ടിൽ കരക്കമ്പിക്ക് ഒരു പഞ്ഞവുമില്ല…

“കുട്ടേട്ടാ… കുറച്ചു വടയും പഴം പൊരിയും, പിന്നെ ഒരു കവർ ചിപ്സും… പൊതിഞ്ഞെടുത്തോളു…

കാശ്, ഞാൻ ഈ മാസം അവസാനം തരാം…”

“ശമ്പളക്കാരി ആയി, അല്ലേ മോളേ…”

ഞാനൊന്നു പുഞ്ചിരിച്ചു…

കുട്ടേട്ടൻ തന്ന പൊതിയും മേടിച്ചു, ഞാൻ തിരിഞ്ഞു നടന്നു… കടയിലിരുന്നവർ ഒക്കെ മത്സര ചർച്ചയിലാണ്…

ഇന്ന് ആരെപ്പറ്റിയാണോ കുശലം…

“മോളെ… അതാരാ മോളെ കൊണ്ടാക്കിയേ….”

കുട്ടേട്ടൻ പുറകിന്ന് വിളിച്ചു ചോദിച്ചു….

അതും ശ്രദ്ധിച്ചോ…

“അത്… എന്റെ… എന്റൊരു സുഹൃത്താ….”

മറുപടി പറഞ്ഞ്, പിന്നൊരു ചോദ്യത്തിനു സമയം കൊടുക്കാതെ, ഞാൻ വേഗത്തിൽ വീട്ടിലേക്ക് നടന്നു…

“ആടിന് കൊഴ വെട്ടുവാണോ ചേച്ചീ…”

വീട്ടിലെത്തുമ്പോൾ അപ്പുറത്തെ പൊന്നിച്ചേച്ചി അരിവാളും പിടിച്ചു, വീട്ടിൽ നിൽപ്പാണ്….

“ബാലയോ… നിന്റെ അമ്മ എന്നോട് കൊഴ വെട്ടിക്കോളാൻ പറഞ്ഞു…. ഇവിടിപ്പോൾ നോക്കിയിട്ട് വെട്ടാൻ പാകത്തിന് ഞാനൊന്നും കണ്ടില്ല….”

“പിന്നാമ്പുറത്ത്, ഒരു പ്ലാവിന്റെ കൊമ്പ് ചാഞ്ഞ് കിടക്കുവാ… മുറ്റമടിക്കാൻ പറ്റില്ല… എപ്പോഴും കരിയില വീഴും…

അമ്മ അതായിരിക്കും പറഞ്ഞേ…

വാ… ഞാൻ കാട്ടി തരാം….”

വീടു ചുറ്റി, പ്ലാവ് നിൽക്കുന്ന ഭാഗത്തേക്ക് ഞാൻ നടന്നു… അവിടെ കുത്തനെ ചരിഞ്ഞു കിടന്ന വരിക്കപ്ലാവിന്റെ കൊമ്പ് ഞാൻ കൈചൂണ്ടി കാണിച്ചു…

“ആഹാ… ഇതൊരുപാട് ഉണ്ടല്ലോ…. രണ്ടാഴ്ചത്തേക്കായി….”

പൊന്നിച്ചേച്ചി കൊഴ വെട്ടാൻ പോയി…

“ചേച്ചിക്ക് അറിയാൻ മേലേൽ അമ്മയോട് ചോദിച്ചൂടാരുന്നോ…”

“നിന്നോട് പറയാൻ മറന്നു… ഉമേച്ചി ഇവിടില്ല…”

“എവിടെ പോയി…”

“നിങ്ങടെ തറവാട്ടിലേക്ക്…”

“അവിടെന്താ….”

“അതൊന്നും എനിക്കറിയാൻ പാടില്ല… നീ വേണേൽ പോയി നോക്ക്…”

കുളിച്ചു വന്നിട്ടും അമ്മയെ കാണുന്നില്ല…

തറവാട്ടിലേക്ക് പോകണോ…

വേണ്ട… എന്റെ ആവശ്യമുണ്ടേൽ അമ്മ എന്നെ വിളിച്ചേനേ…

* * *

“ശ്രീക്കുട്ടി…. ഈ പാല് അകത്തേക്ക് വച്ചോളു…”

അമ്മയെത്തി…

ഞാൻ പാല്‌പാത്രം അമ്മയിൽ നിന്നും മേടിച്ചു, അടുക്കളയിൽ വച്ചു…

“നീയിന്ന് ആരുടെ കൂടെയാ വന്നത് മോളെ…”

അമ്മയുടെ ചെവിയിലും എത്തിയോ…

“എന്റെ ഒരു സുഹൃത്താ അമ്മേ…. വിജയ്…”

“അന്ന് കല്യാണത്തിന് കണ്ട ചെക്കൻ ആണോ…”

“അതെ…”

“ശ്രീക്കുട്ടി… നമ്മുടെ ആൾക്കാർ ഒക്കെ പാവങ്ങളാ… മറ്റുള്ളവരുടെ ജീവിതത്തിൽ കുറച്ചു താൽപര്യം കൂടുതൽ ഉള്ളവരും…

അതനുസരിച്ചു മോൾ മാറണം എന്ന് അമ്മ പറയില്ല…

നിന്റെ ജീവിതം തീരുമാനിക്കുന്നത് നീയാണ്… അത് എപ്പോഴും അങ്ങനെ തന്നെ ആയിരിക്കണം…”

“അമ്മയെന്തിനാ ഇപ്പോൾ എന്നോട് ഇങ്ങനെയൊക്കെ പറയുന്നേ…

എന്തോ ഉണ്ട്… എന്നോട് പറ അമ്മേ…

തറവാട്ടിൽ അമ്മ പോയത് ഇത് സംസാരിക്കാനാണോ….”

“ഇത് സംസാരിക്കാനല്ല പോയത്…. ഒടുവിൽ ഇതായി സംസാരം….”

“എന്താ ഉണ്ടായേ… അമ്മ തെളിച്ചു പറയ്…”

“ചിപ്പിയും ചെക്കനും വന്നിരുന്നു… സ്വത്ത് ഭാഗം വയ്ക്കാൻ…മോളുടെ അച്ഛൻ ഉറങ്ങുന്ന മണ്ണാ…

എല്ലാര്ക്കും ഇപ്പോൾ അതിന്റെ അവകാശം വേണം…

പ്രമാണം ചെയുമ്പോൾ നിനക്കും കിട്ടണമല്ലോ ഒരുപിടി…

സുമേച്ചി അതിനു സമ്മതിച്ചില്ല… നിന്റെ പേരിലുള്ളത് അവർക്ക് ഗോകുലിന്റെ പേരിൽ എഴുതിക്കണം…

അതിനു വേണ്ടി എന്തൊക്കെയോ സംസാരിച്ചു… നിങ്ങളുടെ കല്യാണം കഴിഞ്ഞു മതി ഭാഗം വയ്പ് എന്നായി…”

“അമ്മയെന്ത് പറഞ്ഞു….”

“മോള് പേടിക്കണ്ട… അമ്മ ജീവനോടെയിരിക്കുമ്പോൾ മോളെ ആരും നിർബന്ധിച്ചു കല്യാണം കഴിപ്പിക്കില്ല….

അതിന് ഈ ഉമ സമ്മതിക്കില്ല….”

“അമ്മേ… ഞാനൊന്നു ചോദിച്ചോട്ടെ…

അമ്മയെ നിർബന്ധിച്ചാണോ കല്യാണം കഴിപ്പിച്ചത്…??”

അമ്മയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു….

“എന്റെ എതിർപ്പ് ആരും വകവച്ചില്ല….”

“എന്തിനാ ഇതൊക്കെ… എന്തിനാ അവർ ഇങ്ങനെയൊക്കെ ചെയ്യുന്നേ….”

“അവർക്ക് അവരുടെ ജാതിയാണ് മോളേ എല്ലാറ്റിലും വലുത്… ജാതിഭ്രാന്ത് പിടിച്ചാൽ പിന്നെ അയാൾ മനുഷ്യനല്ല മോളേ….

എന്റെ മോള് മനുഷ്യനെ മനുഷ്യനായി തന്നെ കാണണം…

നിന്നെ ഗോകുലിനെ കൊണ്ട് കെട്ടിക്കാൻ സുമേച്ചി നോക്കുന്നത് സ്വത്തിനു വേണ്ടിയാ…

ബാക്കിയുള്ളവർ ജാതി അന്യം വിട്ട് പോകാതിരിക്കാനും….

വിജയുടെ കൂടെ കണ്ടപ്പോൾ നിങ്ങൾ തമ്മിൽ അടുപ്പത്തിലാണെന്ന് കരുതിയായിരുന്നു തർക്കം…

വിജയ് നമ്മുടെ ജാതിയല്ല എന്നായിരുന്നു അവരുടെ കണ്ടുപിടിത്തം….”

ഈശ്വരാ…. അപ്പോൾ അഭിയേട്ടൻ… ആ ബന്ധവും ആരും സമ്മതിക്കില്ലല്ലോ…

“ആരൊക്കെ എതിർത്താലും നിന്റെയും അഭിനവിന്റെയും വിവാഹം ഞാൻ നടത്തിത്തരും…

അതാലോചിച്ച് എന്റെ മോൾ പേടിക്കണ്ട…”

അമ്മ പറഞ്ഞത് എനിക്ക് വിശ്വസിക്കാനായില്ല…

ഇങ്ങനെയുമുണ്ടോ മനുഷ്യർ…

എന്തിനു വേണ്ടി ആയാലും സഹോദരനെ പോലെ കാണുന്നയാളെ എങ്ങനെയാ വിവാഹം ചെയ്യാ…

* * *

“ഗയ്‌സ്… നമ്മുടെ പുതിയ പ്രൊജക്റ്റ് നെക്സ്റ്റ് വീക്ക് സ്റ്റാർട്ട് ചെയ്യണം… ഇവിടെ ആർക്കും ഓട്ടോമേഷൻ ഡൊമൈനിൽ പരിചയമില്ല…

അതുകൊണ്ട് തന്നെ അത്രെയും സീരിയസ്‌നെസ്സ് നമ്മൾ ഈ പ്രോജെക്ടിനോട് കാണിക്കണം…

ബാക്കി ഞാൻ നിങ്ങൾക്ക് വിട്ടു തരുന്നു…

ടെക്നോളജി നിങ്ങൾക്ക് ചൂസ് ചെയ്യാം…”

രവി പറഞ്ഞ് നിർത്തിയതും അഭി കൈ ഉയർത്തി….

“രവി… ടെക്നോളജി ഞങ്ങൾ ആൾറെഡി തീരുമാനിച്ചു കഴിഞ്ഞു….”

“ദാറ്റ്സ് ഗ്രേറ്റ്… ഏത് ടെക്നോളോജിയാ….”

“പൈത്തൺ… ഇനിയത് ടീം ആയി പഠിച്ചെടുക്കേണ്ടി വരും….

ഇഫ് പോസ്സിബിൾ, ഒരു ഇന്റർണൽ ട്രെയിനിങ് പ്ലാൻ ചെയ്യാം….”

“അങ്ങനെയാകട്ടെ… ആരാ ട്രെയിൻ ചെയ്യാ… നിങ്ങൾക്ക് ആർക്കെങ്കിലും അറിയോ…”

“ഇല്ല… ഞങ്ങൾക്കൊക്കെ പൈത്തൺ പുതിയതാ….”

ഷൈൻ ചെയ്യാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുതെന്നാണ് വിജയ് പറഞ്ഞത്…

ഞാൻ മെല്ലെ കൈയുയർത്തി….

“യെസ് ബാല… പറയൂ….”

“രവി… എനിക്ക് കുറച്ചൊക്കെ അറിയാം… സ്റ്റാർട്ട് ചെയ്യാൻ എനിക്ക് ഹെല്പ് ചെയ്യാൻ കഴിയും….”

“വൗ… ദാറ്റ്സ് റിയലി ഗ്രേറ്റ് ബാലാ…”

അഭി ഞെട്ടലോടെ എന്നെ നോക്കുന്നത് ഞാൻ ഇടം കണ്ണിട്ട് കണ്ടു…

“ഇത് വരെ നമ്മുടെ പ്രൊജക്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജിൽ ആയിരുന്നു… എന്നാൽ ഇത് സ്ക്രിപ്റ്റിംഗ് ലാംഗ്വേജ് ആണ്…

അത് കൊണ്ട് പഠിക്കാൻ എളുപ്പമായിരിക്കും…”

ഞാൻ പറഞ്ഞ് നിർത്തി…

“ഗുഡ്… ഗുഡ്… അപ്പോൾ ബാല തന്നെ ട്രെയിനിങ് ഫസ്റ്റ് സെഷൻ നടത്തട്ടെ…. എന്തു പറയുന്നു ഗയ്‌സ്…”

എല്ലാരും തലയാട്ടി…

അഭി എന്നെ അപ്പോഴും നോക്കുന്നത് എനിക്കറിയാൻ കഴിയുന്നുണ്ട്…

മീറ്റിങ് കഴിഞ്ഞ് ടീം എന്റെ ഡെസ്കിൽ തടിച്ചു കൂടി….

“എപ്പോഴാ ബാല തന്റെ സെഷൻ…”

“നാളെ… രാവിലേ പത്തു മണിക്ക്…”

നാളെ എന്തെങ്കിലും പഠിച്ചു കൊണ്ട് വന്നേ പറ്റൂ…

“ഹേ ഗയ്‌സ്… സീ ദിസ്…. നൈസ്….”

എന്റെ ഡെസ്കിൽ ഇരുന്ന പെൻ സ്റാൻഡിലായി അവരുടെ ശ്രദ്ധ…

അതുവരെ കാണാത്ത ആ സാധനത്തെ അഭിയും നോക്കുന്നുണ്ട്…

“ഹേയ് ബാല… തന്റെ ബോയ് ഫ്രണ്ട് തന്നതല്ലേ… പറ പറ…” നിമ്മിയാണത് ചോദിച്ചത്…

“ഏയ്… അല്ല… എനിക്ക് ബോയ് ഫ്രണ്ട് ഒന്നുമില്ല…”

ഞാൻ അഭിയെ നോക്കി പറഞ്ഞു…. അവന്റെ മുഖത്തു അസൂയ മിന്നിമറയുന്നത് എനിക്ക് കാണാം…

“ബാല… ഡോണ്ട് ലൈ… ഇത് കണ്ടാലേ അറിയാം ഏതോ ചെക്കൻ പണിയൊപ്പിച്ചതാണെന്ന്….”

“ചെക്കൻ തന്നെയാ… ഒരു ഫ്രണ്ട്…”

അഭിയെ നോക്കാതെ ഞാൻ പറഞ്ഞു…

“കീപ് സ്‌മൈലിങ്… ബി ഹാപ്പി… ഉം… ഒരു പ്രേമം മണക്കുന്നുണ്ട്….”

“അങ്ങനെയൊന്നുമില്ല നിമ്മീ…”

ഞാനത് പറയുമ്പോൾ മനഃപൂർവം അഭിയെ നോക്കി…

ടീം പിരിഞ്ഞു പോയതും, ഞാൻ വിജയെ വിളിച്ചു…

നടന്നതൊക്കെ കേട്ട് വിജയ് പൊട്ടിച്ചിരിച്ചു…. എനിക്കും ഒരുപാട് സന്തോഷമായി…

“വിജയ്… പിന്നൊരു കാര്യം…”

“എന്താടോ…”

“ഞാനിപ്പോൾ തന്നോട് സംസാരിക്കുന്നത്, അഭി വാച്ച് ചെയ്തോണ്ടിരിക്ക…”

“പൊളിച്ചു ശ്രീ… അവന്റെ ഉള്ളു പിടയുവായിരിക്കും…”

“ഞാൻ ഒരുപാട് സങ്കടപ്പെടുത്തുവാണോ പാവത്തെ…”

“ഒരിക്കലുമില്ല… അവനിതു വേണം… താൻ അല്പം കൊഞ്ചി കുഴഞ്ഞൊക്കെ സംസാരിച്ചോ…”

ഞാൻ മുഖത്തു നാണം വരുത്താൻ നോക്കി…

“ഇപ്പോഴും നോക്കുന്നുണ്ടോ അവൻ…”

“ഉണ്ട്…”

“അപ്പോൾ താൻ ഫോൺ വയ്ക്കാൻ കാത്തു നിൽക്കുവാണ് അവൻ… ഫോൺ വച്ചാൽ അവൻ വരും…

തന്നോട് എല്ലാം തുറന്ന് പറയാൻ…

വന്നാൽ എനിക്ക് ട്രീറ്റ് തരണം കേട്ടോ….”

“അതൊക്കെ തരാം വിജയ്…”

“എന്നാൽ ഫോൺ വച്ചോ….”

വിജയ് പറഞ്ഞതു പോലെ ഞാൻ ഫോൺ വച്ചു….

എന്താകുമോ…

തിരിഞ്ഞതും, പൊടുന്നനെ എന്നിലേക്ക് നടന്നടുക്കുന്ന അഭിയേട്ടനെ ഞാൻ കണ്ടു…

(തുടരും)

 

Click Here to read full parts of the novel

4.4/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!