Skip to content

ശ്രീബാല – 9

ശ്രീബാല

“ആരും കണ്ടിട്ടില്ല…. താൻ ചാടിക്കോ….

എന്നിട്ട് ഞാൻ ബാഗ് ഇട്ടു തരാം….”

മതിലിൽ അള്ളിപ്പിടിച്ചു കേറി… അവിടെ നിന്നും താഴേക്ക് ഒരു ചാട്ടം….

വീട്ടിൽ ലൈറ്റ് ഒന്നും കത്തിയിട്ടില്ല…. എല്ലാരും ഉറക്കം തന്നെയാണ്….

വിജയിൽ നിന്നും ഓരോ ബാഗായി വാങ്ങി, ഒച്ചയുണ്ടാക്കാതെ, ഞാൻ താഴെ വച്ചു….

ഠപ്പേ….! വിജയും ചാടി…

“വിജയ്…. പതുക്കെ….”

നോക്കുമ്പോൾ, അമ്മയുടെ മുറിയിൽ വെളിച്ചം തെളിഞ്ഞു….

“അയ്യോ… അമ്മ…. ശ്രീ… ഓടിക്കോ….”

വിജയുടെ നീട്ടി പിടിച്ച കയ്യിൽ, കൈ കോർത്ത്…. കുറെ ദൂരം… മുന്നോട്ട്….

വഴികാട്ടിയായി ഞങ്ങൾക്ക് മുന്നിൽ നിലാവെളിച്ചം മാത്രമുണ്ട്….

റോഡിലെത്തിയിട്ടും, ലിഫ്റ്റ് തരാൻ ഒരു വണ്ടി പോലുമില്ല….

കിതച്ചു കിതച്ചു, ഒടുവിൽ ഞാൻ ശ്വാസത്തിനായി മല്ലിട്ടപ്പോൾ, വിജയ് എന്നെ ചേർത്തു പിടിച്ചിരുന്നു….

“ശ്രീ…. ഇനിയെങ്ങോട്ടാ….”

“ഇനിയെങ്ങോട്ടാ വിജയ്….”

“താൻ വാ…”

ദൂരെ നിന്നും ചീറിപ്പാഞ്ഞു വന്ന ഓട്ടോ നിർത്താൻ വേണ്ടി, ഞങ്ങൾ അല്പം റോഡിൻറെ നടുവിലേക്ക് തന്നെ കയറി നിന്നു…

ആ ചേട്ടൻ നിർത്തി…

“ചേട്ടാ… റെയിൽവേ സ്റ്റേഷൻ…”

“മീറ്റർ പോരല്ലോ അനിയാ….”

“അതൊക്കെ തരാം ചേട്ടാ…”

ഞങ്ങളെയും കൊണ്ട് ഓട്ടോ ചീറിപ്പാഞ്ഞു….

എന്തെന്നറിയില്ല…. ഡ്രൈവർ ചേട്ടൻ ഗ്ലാസ്സിലൂടെ ഇടക്കൊക്കെ ഞങ്ങളെ നോക്കുന്നുണ്ട്….

“പേർഷ്യയിൽ ആയിരുന്ന ചന്ദ്രേട്ടന്റെ മോൻ ആണോന്നല്ലേ, ചേട്ടാ നോക്കുന്നേ….”

“അതെ… നിന്നെയല്ലേ ഈയിടെ ആരൊക്കെയോ കൂടി തല്ലാൻ പിടിച്ചത്…”

“കാറിലെ അനാശാസ്യത്തിനല്ലേ…. അത് ഞാൻ തന്നെയാ….”

“ഇതേതാ ഈ കൊച്ച്….”

“കാറിലെ അനാശാസ്യം തന്നെയാ….”

ഞാൻ ചിരി അടക്കി പിടിച്ചിരുന്നു…

ഓട്ടോയിൽ നിന്നിറങ്ങുമ്പോൾ ഓട്ടോ ചേട്ടൻ അടിമുടി ഞങ്ങളെ സ്‌കാൻ ചെയ്യുന്നുണ്ട്….

റെയിൽവേ സ്റ്റേഷന് ഉള്ളിൽ കടന്ന്, വിജയ് ടിക്കറ്റ് എടുത്ത് വന്നു…

“അപ്പോൾ നമ്മൾ നാട് വിട്ടതായിരിക്കും, നാളെ കുട്ടേട്ടന്റെ കടയിലെ ചർച്ച…. അല്ലേ വിജയ്….”

“കുറെ ചായയും വടയും വിറ്റു പോകും, നമ്മള് കാരണം….

എന്ത് കഥയാന്ന് നോക്ക്… ആ ഇരുട്ടിനിടയിലും, അയാൾക്ക് എന്നെ നല്ല പോലെ മനസിലായി…. തന്നെയൊട്ടും മനസിലായതുമില്ല… ചീത്തപ്പേര് മുഴുവൻ ഇപ്പോൾ എനിക്ക്…”

“തനിക്ക് ചീത്തപ്പേര് പുതിയതൊന്നും അല്ലല്ലോ….”

“എന്താ തന്റെ കയ്യിലിരുപ്പ് മോശമാണോ….

സ്വന്തം ചേച്ചിയുടെ കല്യാണത്തിന് വന്നിട്ട്, മാറി നിന്ന് ചെക്കന്മാരോട് കിന്നരിക്കുന്നു….

മുൻപരിചയം ഇല്ലാത്ത പയ്യന്റെ കൂടെ കാറിൽ കറങ്ങുന്നു…. കാറ് പോട്ടേ… ബൈക്കിൽ ഊരു ചുറ്റുന്നു…

പിന്നെ… ഇപ്പോൾ കേട്ടില്ലേ…. കാറിൽ അനാശാസ്യത്തിന് പിടിക്കപ്പെടുന്നു… ഹഹഹഹ….

തീർന്നില്ല…. എന്നിട്ട്, കല്യാണത്തലേന്ന് ഒളിച്ചോടുന്നു…

അതും പോരാഞ്ഞിട്ട് കല്യാണത്തിന് മുൻപേ, ചെക്കന്റെ വീട്ടിൽ താമസവും… അതും ആരും അറിയാതെ….

എന്നിട്ടോ…. ഫസ്റ്റ് നൈറ്റിന്, പാവം ഹസ്ബന്റിനെയും കൊണ്ട് നാട് വിടുന്നു…”

“ഈ ഹസ്ബൻഡ് തന്നെയാ ഫസ്റ്റ് നൈറ്റിന് ഓടാനുള്ള ഐഡിയ പറഞ്ഞു തന്നത്….

തന്റെ കൂടെ കൂടുന്നതിന്, തൊട്ട് മുൻപ് വരെ എന്നെ പറ്റി എല്ലാർക്കും നല്ല അഭിപ്രായമായിരുന്നു…”

“എനിക്കല്ലേ അറിയൂ, ശരിക്കുള്ള സ്വഭാവം….”

“അനാശാസ്യം പിടിച്ചത് നന്നായി പോയി…. ഇനിയിപ്പോൾ ആരുടേയും സ്വഭാവ സർട്ടിഫിക്കറ്റ് നോക്കണ്ടല്ലോ….”

“എക്സാക്റ്റ്ലി…. അതാകുമ്പോൾ ആർക്കും ഒരു എക്സ്പെക്റ്റേഷൻ ഉണ്ടാകില്ല…. നമുക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാം….”

ഒരു വശത്തു കുളിർ കാറ്റ്, ഞങ്ങളെ തഴുകി അലയടിക്കുന്നുണ്ട്… മറുവശത്തു വിജയിൽ നിന്ന് പുറത്തേക്കൊഴുകുന്ന ചൂടും…

തോളോട് തോൾ ചേർന്നിരുന്ന്, കണ്ണടഞ്ഞത് ഞാൻ അറിഞ്ഞില്ല….

“ശ്രീക്കുട്ടി… എഴുന്നേൽക്ക്…. ട്രെയിൻ എത്തി….”

“ഈ ട്രെയിൻ എവിടെക്കാ….”

“ഇതിൽ ഷൊർണ്ണൂർ ഇറങ്ങാം…. ബാക്കിയൊക്കെ നമുക്ക് അവിടെ ചെന്നിട്ട് നോക്കാം….

നമ്മുടെ സീറ്റ്… 35… 38… ഈ രണ്ടു അപ്പർ ബെർത്താ….

ശെടാ…. അപ്പർ ബെർത്തിനൊക്കെ എന്തിനാ ഇത്രയും ഗ്യാപ്…”

കൈമുട്ടു കൊണ്ട്, വിജയുടെ വയറ്റിൽ ഒരു ഇടി കൊടുത്ത്, ഞാൻ എന്റെ സീറ്റിൽ കയറി…

അഴിഞ്ഞ കാർകൂന്തൽ വിടർത്തിയിട്ട്, വിജയെ അഭിമുഖീകരിച്ചു ഞാൻ കിടന്നു…

വിജയ് പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നാൻ തുടങ്ങി…. അപ്പർ ബെർത്തിനിടയിൽ ഒരു മൈൽ ദൂരമുണ്ട്….

ചേർന്നു കിടക്കുന്നത് പോയിട്ട്, കൈ പോലും എത്തില്ല…

ശബ്ദം പുറത്തു കേൾക്കാതെ, വിജയുടെ ചുണ്ടുകൾ എന്നോട് ഗുഡ് നൈറ്റ് പറഞ്ഞു….

കൺപോളയുടെ ഭാരം താങ്ങാനാകാതെ എന്റെ കണ്ണുകൾ അടഞ്ഞു വീഴുമ്പോൾ, ഇമ വെട്ടാതെ എന്നെത്തന്നെ നോക്കി കിടക്കുന്ന വിജയെ ഞാൻ കാണുന്നുണ്ടായിരുന്നു….

* * *

“അമ്മ എന്നെ ഒരുപാട് വട്ടം വിളിച്ചിരുന്നു വിജയ്… ഉറക്കത്തിൽ ആയത് കൊണ്ട്, ഞാൻ അറിഞ്ഞില്ല…”

“ഹഹ… അമ്മ എന്തായാലും എന്നെ വിളിക്കില്ല… അമ്മയ്ക്ക് ഒരുപാട് അനുഭവമുണ്ട്…”

“തിരികെ ചെല്ലുമ്പോൾ പുറത്താക്കോ നമ്മളെ…

അതോ അന്നത്തെ പോലെ…. ഓപ്പൺ ടെറസിൽ കിടക്കേണ്ടി വരോ…”

“രണ്ടിനും ചാൻസ് ഉണ്ട്…. എന്റെ അമ്മയല്ലേ…”

“നമ്മളിത് എവിടെക്കാ വിജയ്…”

“ഇവിടുന്ന് നേരെ നിലമ്പൂർ… കേരളത്തിൽ കണ്ടിരിക്കേണ്ട റെയിൽവേ സ്റ്റേഷനാ അത്…

അതും… ദേ, ഇതു പോലെ… പാസ്സഞ്ചറിൽ തന്നെ പോണം…”

കൂവിപ്പായുന്ന ട്രെയിൻ, ഇരുവശങ്ങളിലും തിങ്ങി നിറഞ്ഞ മരങ്ങളെ പിന്നിട്ടു…

ശ്വാസം മുട്ടി നിൽക്കുന്ന കവുങ്ങുകളും പനകളും…. കണ്ണാടി പോലെ വെട്ടിത്തിളങ്ങി ഒഴുകുന്ന അരുവികളും… കാടിന്റെ തന്മയത്വം നിറയ്ക്കുന്ന ചീവീടിന്റെ കാഹളവും…. എല്ലാം കൂടി മനസിന് ഒരുപാട് കുളിർമയേകുന്നുണ്ട്…

ഒരു നിമിഷം കണ്ണടച്ചാൽ, എനിക്കു തന്നെ ഭാരമില്ലാത്തതായി തോന്നുന്നു…

“തനിക്കറിയോ… ഇവിടെ നിന്നും തേക്കിന്റെ തടി കടത്തി കൊണ്ട് പോകാനാണ്, പണ്ട് ബ്രിട്ടീഷുകാർ റെയിൽവേ കണക്ഷൻ കൊണ്ടു വന്നതു തന്നെ…”

“ഞാനും കേട്ടിട്ടുണ്ട്… റോൾസ് റോയ്‌സ് കാറിന് വേണ്ടി ഇപ്പോഴും ഇവിടുത്തെ തേക്ക് ഉപയോഗിക്കാറുണ്ട് എന്നൊക്കെ….”

“യെസ്… ഇവിടെ ഒരു തേക്ക് മ്യൂസിയം ഉണ്ടെടോ… പക്ഷെ അതിനേക്കാൾ കേമം എന്താന്നോ… കനോലി പ്ലോട്ട്….

അവിടേക്ക് വിട്ടാലോ നമുക്ക്…”

“വൈ നോട്ട്….”

ട്രെയിനിൽ നിന്നും നിലമ്പൂർ ഇറങ്ങി, ഒരു കൈ എന്റെ തോളിലിട്ട്, മറുകൈ സ്വന്തം ഇടുപ്പിൽ താങ്ങി നിൽപ്പാണ് വിജയ്…

“അതിന് മുൻപ്…. നമുക്ക് എന്തെങ്കിലും അകത്താക്കിയാലോ ശ്രീ…”

അടുത്ത് കണ്ട കടയിൽ തന്നെ ഞങ്ങൾ ഇടിച്ചു കേറി…

“ഇക്കാ… കഴിക്കാനെന്താ ഉള്ളത്…”

“അള്ളാ… ഇന്നേരായിട്ടും ഒന്നും കയ്ച്ചില്ലേ ഇങ്ങള്…

ബഷീറേ… ഇബടെ ബരീൻ….

ഇങ്ങക്കെന്താ ബേണ്ടേ… പത്തിരീം ബീഫും എട്ക്കട്ടാ…”

സന്തോഷത്തോടെ ഞങ്ങൾ തലയാട്ടി…

“വൗ… രാവിലെ തന്നെ പത്തിരിയും ബീഫും….

പാതി രാത്രി ഒരു ഗ്ലാസ് പാലും പഴവും മാത്രം കഴിച്ചിട്ട്, ഇറങ്ങിയതാ…. അല്ലേ ടോ…”

“ഒന്നല്ല വിജയ്… പാതി…”

ഞാനത് പറയുമ്പോൾ, ആരും കാണാതെ വിജയ് എന്നെ നോക്കുന്നുണ്ടായിരുന്നു… ഒരു കള്ളച്ചിരിയോടെ…

ഭക്ഷണം എത്തിയതും ഞങ്ങൾ പരസ്പരം മറന്ന് കഴിക്കാൻ തുടങ്ങി… ഒടുക്കത്തെ വിശപ്പ്…

കഴിച്ച കാശും കൊടുത്ത് അടുത്ത ലക്ഷ്യത്തിലേക്ക് ഞങ്ങൾ നീങ്ങി….

കനോലി പ്ലോട്ട്….!

കൈയെത്തി പിടിക്കാൻ കഴിയാത്ത വണ്ണത്തിലുള്ള തേക്ക് രാജാക്കന്മാരുടെ കൂട്ടം…

സൂര്യരശ്മികൾ മുക്രയിട്ട് നോക്കിയിട്ടും, ഉള്ളിലേക്ക് കടക്കാൻ കഴിയാത്ത വിധം മരങ്ങൾ അഹങ്കരിച്ചു നിൽക്കുന്നുണ്ട്…

“അയ്യോ തൂക്കുപാലം…. നോ വേ… എനിക്ക് പേടിയാ വിജയ്…. അത് കുലുങ്ങും…. ഞാൻ വരില്ല…”

“എന്നാലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം…”

ബാഗ് രണ്ടും തറയിൽ വലിച്ചെറിഞ്ഞ്, എന്റെ കൈപിടിച്ചു വലിച്ചു കൊണ്ട് വിജയ് നടക്കാൻ തുടങ്ങി… പലവട്ടം ഞാൻ തിരികെ പോകാൻ നോക്കിയെങ്കിലും വിജയ് എന്നെ വിടാൻ ഒരുക്കമായിരുന്നില്ല…

“ശ്രീ…. കണ്ണ് തുറന്ന് നോക്ക്…

ഇതിൽ പേടിക്കാനൊന്നുമില്ല….”

മെല്ലെ കണ്ണ് തുറക്കാൻ ധൈര്യപ്പെട്ടെങ്കിലും, പാലത്തിനു കീഴെ കുത്തിയൊഴുകുന്ന വെള്ളം കണ്ടപ്പോൾ, തുറന്നതിലും വേഗത്തിൽ ഞാൻ കണ്ണടച്ചു….

“ടോ… ഞാൻ ഇല്ലേ കൂടെ….”

ആ ഒരു വിശ്വാസം മാത്രമായിരുന്നു എനിക്കുള്ളത്… പക്ഷേ…

മെല്ലെ കൈ പിടിച്ചു ഞങ്ങൾ അക്കരെയെത്തി…. അവിടെ അൽപനേരം തങ്ങി ഞങ്ങൾ തിരികെ പോകാനൊരുങ്ങി…

“ഇപ്പോഴും പേടിയാണോ തനിക്ക്….”

“ചെറുതായിട്ട്…”

“എന്നാലൊന്ന് കാണണമല്ലോ…. ഞാൻ പോകുന്നു ട്ടോ…

പൊന്നുമോള് പതുക്കെ ഒറ്റയ്ക്ക് നടന്ന് തിരികെ വാ…. ഞാൻ അക്കരെ ഉണ്ടാകും…”

അതും പറഞ്ഞു വിജയ് പോയതും… ഗത്യന്തരമില്ലാതെ എനിക്ക് കണ്ണ് തുറന്നു തന്നെ പാലം കടക്കേണ്ടി വന്നു….

എങ്ങനെയോ… ഒടുവിൽ കടന്നു കിട്ടി….

ഞാൻ വരുമ്പോൾ ബാഗിന്റെ അടുത്ത് മറഞ്ഞു നിൽക്കയാണ് വിജയ്…

“ഇപ്പോൾ പേടി മാറിയില്ലേ ശ്രീക്കുട്ടി…”

ഇരച്ചു കയറിയ ദേഷ്യത്തിൽ, ഞാൻ വിജയെ ഓടിപ്പിടിക്കാൻ നോക്കി… എവിടുന്ന് പിടി കിട്ടാൻ…. ഓടിത്തളർന്ന്, കിതച്ചു, ഒടുവിൽ അടുത്തെത്തിയപ്പോഴേക്കും, വിജയ് തന്നെ എന്നെ മാറോട് ചേർത്തു പിടിച്ചു…

“വിച്ചുവേട്ടാ… എനിക്ക് വയനാട് പോണമെന്നുണ്ട്…”

കണ്ണെടുക്കാതെ വിജയ് എന്നെ തന്നെ നോക്കിനിന്നു…

“ഇന്നത്തെ രാത്രി… നമ്മൾ വയനാട്ടിൽ ആയിരിക്കും…. മതിയോ…”

മലനിരകൾ ചുറ്റിയടിച്ചു, കിട്ടിയ ബസുകൾ മാറിക്കേറി, ഞങ്ങൾ പറന്നു…. വയനാട്ടിലേക്ക്….

ചിപ്പിച്ചേച്ചി പത്താം ക്ലാസ് ടൂർ പോയിട്ട് വന്നപ്പോൾ മുതൽ പറഞ്ഞു കേട്ടതാണ്… വയനാടിന്റെ സൗന്ദര്യത്തെ പറ്റി…

ഇന്ന് ഞാനത് നേരിൽ കാണുന്നു….

തേയിലത്തോട്ടങ്ങളും… കാപ്പിത്തോട്ടങ്ങളും… മലഞ്ചരിവും…. പറഞ്ഞറിയിക്കാൻ കഴിയാത്ത ഭംഗി…

“വിജയ്…. ഈ ആൾക്കാരൊക്കെ എന്തിനാ വീട്ടിൽ തന്നെ ഇരിക്കുന്നത്…”

“കാശുണ്ടാക്കാൻ…. അല്ലാതെന്തിന്….

എല്ലാരും വിചാരിക്കും…. എൻജോയ് ചെയ്യണം എന്നൊക്കെ….

എന്നിട്ടോ…. കുറച്ചു സമ്പാദിച്ചിട്ട്, പിന്നെ എൻജോയ് ചെയ്യാമെന്ന് വിചാരിക്കും…. സമ്പാദിച്ചു വരുമ്പോഴേക്കും കുട്ടികളായി… പ്രാരാബ്ധമായി….

ഒടുവിൽ എൻജോയ് ചെയ്യാൻ ടൈം ആകുമ്പോൾ കുഴിയിൽ കാലും നീട്ടി ഇരിക്കുന്ന അവസ്ഥയായിരിക്കും…

നമുക്ക് കുട്ടികളൊക്കെ പതുക്കെ മതി…. കേട്ടോ…”

എന്റെ കാതുകൾക്കടുത്തു വന്ന്, വിജയ് അത് പറയുമ്പോൾ, ഒരു മിന്നൽപ്പിണർ എന്നിലൂടെ പായുന്നത് ഞാൻ അറിഞ്ഞു…

പെട്ടെന്ന് വിജയ് ബസിൽ നിന്നും ചാടിയെണീറ്റു…

“ചേട്ടാ…. വണ്ടി നിർത്താമോ…. ഇവിടെ ഇറങ്ങാനുണ്ട്…”

വിജനമായ കാപ്പിത്തോട്ടങ്ങൾക്ക് നടുവിൽ ഞങ്ങൾ ബസിറങ്ങി… വിജയ് സ്ഥലമൊക്കെ നോക്കി ഉറപ്പു വരുത്തുന്നുണ്ട്….

“ഇത് കണ്ടിട്ട് ബസ് സ്റ്റോപ്പ് പോലെ തോന്നുന്നില്ലല്ലോ വിജയ്…”

“ഇവിടെ തന്നെയാ… എന്റെ ഒരു ചങ്ങാതി ഇവിടെ ഉണ്ട്….

അവനാ ഈ സ്ഥലം പറഞ്ഞുതന്നത്….

ഈ കാപ്പിത്തോട്ടത്തിനിടയിലൂടെ നടന്നാൽ, ഒരു മലയുണ്ട്… ഇന്ന് അവിടെ തങ്ങാം നമുക്ക്…”

“ഓപ്പൺ സ്പെയ്‌സോ….”

എന്നെ ഒരു കള്ളനോട്ടം നോക്കി, കാപ്പിത്തോട്ടത്തിന് നടുവിലൂടെ വിജയ് നടന്നു… ഞാൻ പിറകെയും…

“എന്തേയ്… തനിക്ക്…. ഓപ്പൺ സ്‌പെയ്‌സ് ഇഷ്ടമല്ലേ…”

മറ്റൊരു അർത്ഥത്തിൽ ആണോ വിജയ് സംസാരിക്കുന്നത്, അതോ എനിക്ക് മാത്രം തോന്നുന്നതാണോ…

“അത്…. ഇത് വരെ അറിയാത്തത് ഇഷ്ടമാണോ അല്ലേന്ന് എങ്ങനെ പറയാനാ…”

“അപ്പോൾ ഇന്ന് അറിയാം…

എന്നിട്ട് നാളെ രാവിലെ പറഞ്ഞാൽ മതി, ഇഷ്ടമായോ ഇല്ലേന്ന്… ഓപ്പൺ സ്പേസ്….”

കാപ്പിത്തോട്ടം കഴിഞ്ഞ്, മുന്നിലെ മല കയറി…. ഒടുവിൽ ഞങ്ങൾ എത്തി…

വിജയ് പറഞ്ഞ ഓപ്പൺ സ്പേസ്…

മലമുകളിൽ ഒരു മരം മാത്രം ഉണ്ട്… ചുറ്റും മഞ്ഞുകണം പാകിയ പുല്ലു മെത്ത…

വിജയ് ബാഗ് തുറന്ന് എന്തൊക്കെയോ പുറത്തെടുക്കാൻ തുടങ്ങി….

“ഞാനും ചോദിക്കണമെന്ന് കരുതിയതാ… എന്റെ ബാഗിൽ ആണല്ലോ ഡ്രെസ് മുഴുവൻ…

താൻ ഇതിൽ എന്താ കൊണ്ടു വന്നത്…”

“താൻ കാണാൻ പോകുവല്ലേ…”

ബാഗിലെ സാധനങ്ങൾ കണ്ടു ഞാൻ ഞെട്ടി…. വലിയൊരു ക്യാമ്പിംഗ് ടെന്റ്… എമെർജൻസി ലൈറ്റ്… പിന്നെ ഏതൊക്കെയോ പ്രാണികളെ അകറ്റി നിർത്താനുള്ള റെപ്പലന്റ്… ടോർച്ച്… കത്തി… ബെഡ് ഷീറ്റ്….അങ്ങനെ വിജയ് ഒരു ട്രിപ്പിങ് ഫ്രീക്കനാണെന്ന് തെളിയിക്കുകയായിരുന്നു….

കുറച്ചു സമയത്തിനുള്ളിൽ തന്നെ ഭംഗിയായി, വിജയ് ടെന്റ് തയ്യാറാക്കിയെടുത്തു…

നേരിയ വെളിച്ചമുള്ള ഒരു ലാമ്പും ടെന്റിനുള്ളിൽ തെളിഞ്ഞു…

ഇവിടെ നിന്നും നോക്കുമ്പോൾ, ദൂരെ ചുരം തെളിഞ്ഞു കാണാം… മിന്നാമിനുങ്ങുകളെ പോലെ ചുരം കയറുന്ന വാഹനങ്ങളും….

തണുത്ത കാറ്റ് അടിവാരത്തിൽ നിന്നും മുകളിലേക്ക് വീശിയടിച്ചു കൊണ്ടിരുന്നു….

ഒരു ചെറു ചിരിയോടെ, ഞാൻ വിജയുടെ ഒപ്പം ടെന്റിനുള്ളിലേക്ക് കടന്നു….

“പുതപ്പ് ഒന്നേ ഉള്ളു വിജയ്…. താൻ രണ്ടെണ്ണം എടുക്കാൻ മറന്നതാണോ….”

“മറന്നതല്ല ശ്രീ…!”

വിജയ് എന്നെത്തന്നെ നോക്കുന്നുണ്ട്…

ഉള്ളം കാലിൽ നിന്നും ഒരു മിന്നൽപ്പിണർ, എന്റെ ഹൃദയധമനിയെ മുഴക്കിക്കൊണ്ട് കടന്നു പോയി…

എത്ര നേരം അങ്ങനെ തമ്മിൽ നോക്കിയിരുന്നെന്നറിയില്ല… പതിയെ പതിയെ ഞങ്ങൾക്കിടയിലെ അകലം കുറഞ്ഞു വന്നു… അധികം താമസിയാതെ തന്നെ, വിജയ് എന്റെ അധരങ്ങളെ അനായാസേന കീഴടക്കി… അരണ്ട വെളിച്ചത്തിൽ, മതിവരാത്ത സ്നേഹവികാരങ്ങളുടെ മറുതലം തേടി, പരസ്പരം ഞങ്ങൾ ഇഴുകിച്ചേർന്ന് കൊണ്ടിരുന്നു…

* * *

“വിജയ്…. ഇന്ന് ഏതാ ദിവസം എന്നറിയോ…”

“എനിക്കറിയില്ല… ഒരു ഊഹം വച്ചിട്ട്, നമ്മൾ വീട്ടിൽ നിന്നിറങ്ങി പതിനാറോ, പതിനേഴോ ദിവസം കഴിഞ്ഞുകാണും…”

ചിക് മംഗ്ലൂർ നിന്നും മുള്ളയനഗിരിയിലേക്കുള്ള യാത്രയിലാണ് ഇപ്പൊൾ ഞങ്ങൾ…

യാത്ര ചെയ്യുന്നത് ഒരു ട്രക്കിന്റെ പിറകിൽ… കെട്ടിയിട്ട കുറെ ആടിൻപറ്റങ്ങളോടൊപ്പവും….

ഞാൻ ഫോണെടുത്തു നോക്കി… ഇന്ന് വ്യാഴമാണ്…

അപ്പോഴാണ് കാണുന്നത്…. ഒരു മെസ്സേജ് വന്നിരിക്കുന്നു….

ദയേച്ചി അയച്ചതാണ്…

“നിങ്ങൾ രണ്ടും എവിടെയാ….

ഉടനെ എങ്ങാനും നാട്ടിൽ വരാൻ ഉദ്ദേശം ഉണ്ടോ….

എന്തായാലും വിജയ് ഒരു കൊച്ചിച്ചൻ ആയെന്ന് പറഞ്ഞേക്ക് അവനോട്….”

“വിജയ്….. നോക്ക്…

ദയേച്ചി പ്രസവിച്ചു….”

“ഉവ്വോ…”

“മൂന്ന് ദിവസം മുൻപ് വന്ന മെസ്സേജാണ്…. ഞാൻ ഇപ്പോഴാ കാണുന്നത്…

നമുക്ക് പോണ്ടേ… ചേച്ചിയുടെ വാവയെ കാണാൻ…”

“പോകണം…. പക്ഷേ… അമ്മയെ ഫേസ് ചെയ്യുന്നത് ആലോചിക്കുമ്പോഴാ….”

“അതിനെന്താ… താൻ ആദ്യമായൊന്നും അല്ലല്ലോ ഒളിച്ചോടുന്നത്…”

“അതാണല്ലോ പ്രശ്നം… എന്റെ വിവാഹം കഴിഞ്ഞാൽ, ഞാനും മറ്റുള്ളവരെ പോലെ ഒതുങ്ങി കൂടുമെന്നാ അമ്മ വിചാരിച്ചിരുന്നത്…

തന്നോട് വാരിക്കോരി സ്നേഹം കാണിച്ചത് വെറുതെയൊന്നുമല്ല… താൻ എന്നെ ഉപദേശിച്ചു നന്നാക്കുമെന്നൊക്കെ ആയിരുന്നു അമ്മയുടെ പ്രതീക്ഷ…

എന്നിട്ട് എന്തായി…

ഫസ്റ്റ് നൈറ്റിന് തന്നെ നമ്മൾ ഒരുമിച്ച് സ്ഥലം വിട്ടില്ലേ…”

“എന്തായാലും പോയി നോക്കാം… അമ്മ അകത്തു കയറ്റുന്നില്ല എങ്കിൽ, നമുക്ക് ടെറസിൽ കിടക്കാം….”

“ഹഹഹഹ…. അമ്മ കേൾക്കണ്ട….”

* * *

കുറെ ദിവസങ്ങൾ വൈകിയാണെങ്കിലും ഒടുവിൽ ഞങ്ങൾ വീട്ടിലെത്തി….

കുഞ്ഞിനേയും താലോലിച്ചു, പുറത്തേക്ക് കടക്കാനൊരുങ്ങിയ ദയേച്ചി, വാതിൽക്കൽ ബാഗിറക്കി വച്ച്, മുഖം വിനയത്തോടെ കുനിച്ചു നിൽക്കുന്ന, ഞങ്ങളെ കണ്ടു ഞെട്ടി….

“അമ്മേ… ദേ എത്തി…. രണ്ടാളും…”

ഈശ്വരാ… കയ്യിൽ ചട്ടുകവുമായി ഓടി വരുന്നു, അമ്മ…

ഉമിനീര് കുടിച്ചിറക്കി, ഞാൻ വിജയോടൊപ്പം ചേർന്ന് നിന്നു…

“നിങ്ങളിൽ ആരെയാ ഞാൻ ഉപദേശിക്കേണ്ടത്…”

ഞങ്ങൾ അന്യോന്യം നിഷ്കളങ്കഭാവത്തിൽ നോക്കി…

“വെറുതെ ഞാൻ എന്തിനാ വഴക്ക് പറയുന്നത്…

നിങ്ങൾക്ക് വേണമെങ്കിൽ, നിങ്ങൾ തന്നെ നന്നാവണം…

ഞാൻ പറഞ്ഞിട്ട് എന്ത് മാറാനാ….

രണ്ടും കൂടി നിന്ന് കണ്ണുരുട്ടാതെ, കേറി പോ അകത്ത്….!”

“ശ്രീ… വാ… പോകാം പോകാം….”

അമ്മയുടെ ഓരോ കവിളിലും, ഒരുമിച്ച് മുത്തം വച്ച്, ഞങ്ങൾ മുറിയിലേക്കോടി….

ബാഗ് മുറിയിൽ വലിച്ചെറിഞ്ഞ് ഞങ്ങൾ, കട്ടിലിലേക്ക് മറിഞ്ഞു വീണു…

“പിന്നേയ്…. ബാലമോളുടെ വീട്ടിൽ നിന്ന് വിരുന്നൊരുക്കാൻ അവർ കുറെ വട്ടം വിളിച്ചിരുന്നു…

അവളുടെ ചേച്ചിയ്ക്ക് വിശേഷമുണ്ടെന്നും പറഞ്ഞു കേട്ടു…

വന്ന സ്ഥിതിക്ക് രണ്ടാളും പോയി എല്ലാരേയും ഒന്ന് കണ്ടേക്കൂ ട്ടാ….”

അമ്മ പറയുന്നത് ശ്രദ്ധിക്കാതെ മത്സരിച്ചു സ്നേഹിക്കാനുള്ള തിരക്കിലായിരുന്നു ഞങ്ങൾ………

* * *

കുളിച്ചൊരുങ്ങി, ദാവണിയുടുത്ത്, വിജയുടെ ബൈക്കിൽ പിന്നിൽ കയറുമ്പോൾ എനിക്ക് എന്റെ അമ്മയെ കാണാനുള്ള തിടുക്കമായിരുന്നു…

“നിങ്ങൾ രണ്ടും എത്തിയോ… മക്കളേ…”

എന്നെ കണ്ട സന്തോഷം നിറഞ്ഞുനിൽക്കുകയാണ് അമ്മയുടെ മുഖത്ത്…

“ഇരിക്ക് മക്കളേ… ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കാം….”

“അമ്മ അവിടെ നിൽക്ക്…. കഴിക്കാനൊക്കെ ഞാനും ശ്രീയും കൂടി എടുത്ത് കഴിച്ചോളാം…

പിന്നെ… ഇത് അമ്മ തന്നെ വയ്‌ച്ചോ… അമ്മയ്ക്കും ആവശ്യങ്ങളൊക്കെ കാണുമല്ലോ….”

എന്റെ എടിഎം കാർഡ് വിജയ് അമ്മയുടെ കയ്യിൽ തിരുകുന്നുണ്ട്….

“എനിക്കെന്തിനാ ഡാ…. ഇത് നിങ്ങൾ തന്നെ വയ്‌ച്ചോ…

അവള് കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശല്ലേ….”

“ശ്രീക്കുട്ടി അമ്മയ്ക്ക് വേണ്ടിയാ കഷ്ടപ്പെട്ടത്…. അത് കൊണ്ട് അമ്മ ഇത് വാങ്ങണം….

അതിന്റെ പേരിൽ അവൾ സങ്കടപെടുന്നത് എനിക്ക് കാണാൻ കഴിയില്ല….”

“ഏയ്… ഞാൻ ഇങ്ങനെ പറഞ്ഞിട്ടൊന്നുമില്ല അമ്മേ….

വിജയ് തന്നെ ഓരോന്ന് തട്ടിവിടുന്നതാ….”

“വിജയോ…. ശ്രീക്കുട്ടി…. അവനെ ഏട്ടാന്ന് വിളിക്കണം നീ….”

“നല്ല ആളോടാ അമ്മ പറയുന്നത്….”

വിജയ് ഇടം കണ്ണിട്ട് എന്നെ നോക്കുന്നുണ്ട്….

“ഇപ്പോൾ അമ്മയും മകനും കൂടി ഒന്നായോ…. ഞാൻ പുറത്തും…

ഞാൻ എന്തായാലും അപ്പുറത്ത് പോയി പൊന്നിച്ചേച്ചിയെ കണ്ടേച്ചും വരാം….”

പൊന്നിച്ചേച്ചി ഞാൻ ചെല്ലുമ്പോൾ അടുക്കളയിൽ തിരക്കിലാണ്…

“ബാലയോ… എപ്പോളെത്തി….”

“ഇപ്പോൾ വീട്ടിൽ വന്നതേ ഉള്ളു ചേച്ചി…. ദേവൂട്ടി എവിടെ….”

“ദേവൂട്ടി… മോളേ ദാ ബാലച്ചേച്ചി വിളിക്കുന്നു…”

ഒരു കാലിൽ മാത്രം ചെരുപ്പിട്ട്, പിച്ച വയ്ച്ച് ഏന്തിയേന്തി, ദേവൂട്ടിയെത്തി….

“ഹായ്… നല്ല ഫ്രോക്കാണല്ലോ ഇത്…. ചേച്ചിക്ക് തരോ ദേവൂട്ടി…..”

“തരില്ല്യ…”

“തന്നാൽ ചേച്ചി ഒരു സാധനം തരാല്ലോ….”

“ന്താ…”

എന്റെ കയ്യിൽ ഒളിപ്പിച്ചു വച്ചിരുന്ന മുത്തുമാല ഞാൻ ദേവൂട്ടിയെ കാണിച്ചു….

“നിച്ച് തരോ….”

“ചേച്ചിക്ക് ദേവൂട്ടി ഈ ഫ്രോക്ക് തരോ…. ഒരു വട്ടം ഇട്ടിട്ട് ചേച്ചി തിരിച്ചു തരാം…”

മടിച്ചു മടിച്ചാണെങ്കിലും ദേവൂട്ടി സമ്മതം മൂളി…. മുത്തുമാല ഞാൻ അവളുടെ കഴുത്തിൽ അണിയിച്ചും കൊടുത്തു…

“നിന്റെ ചെക്കൻ എവിടെ ബാല….”

“അവിടെ അമ്മയോട് സംസാരിക്ക….”

വീട്ടിൽ വരുമ്പോൾ, ഒരു കട്ടനും കയ്യിൽ പിടിച്ച്, മതിമറന്നിരിക്കുന്ന വിജയെ ആണ് ഞാൻ കണ്ടത്….

“മോളെ ശ്രീക്കുട്ടി…. നീ അറിഞ്ഞായിരുന്നോ….

ചിപ്പിക്ക് വിശേഷമുണ്ട്…. നിങ്ങൾ രണ്ടാളും കൂടി അത്രടം വരെ പോയൊന്ന് കണ്ടേക്കൂ ട്ടോ….”

ചിപ്പിച്ചേച്ചിയെ പറ്റി കേട്ടിട്ടും, വിജയ്ക്ക് ഒരു കൂസലുമില്ല…

“ചിത്രയുടെ വീട്ടിലേക്ക് ഇവിടുന്ന് വഴിയുണ്ടോ ശ്രീ….”

“വഴിയുണ്ട്… പക്ഷെ നടക്കണം…. വണ്ടി പോകില്ല….”

“അമ്പലം വഴിയാണെങ്കിൽ വണ്ടി പോകുമല്ലോ….”

“തോട് വരെ പോകും…. ബാക്കി ഇറങ്ങി നടക്കേണ്ടി വരും….”

“നമുക്ക് അത് വഴി പോകാം…. അതാകുമ്പോൾ കുറച്ചു നടന്നാൽ മതിയല്ലോ….”

ബൈക്കിൽ പോയി പാതി എത്തിയപ്പോഴേക്കും, മഴ പെയ്യാൻ തുടങ്ങി…. വിജയ് ആണെങ്കിൽ ബൈക്ക് നിർത്തുന്നതുമില്ല…

അരയാലിനോട് ചേർന്ന് ബൈക്ക് വയ്ച്ചു, തോടിലേക്ക് ഞങ്ങൾ നടന്നു…. മഴ തോർന്നിട്ടുണ്ട്…

“ആരുടെയോ ഹൃദയം വല്ലാണ്ട് ഇടിക്കുന്ന ശബ്ദം കേൾക്കാം എനിക്ക്….

തനിക്ക് കേൾക്കുന്നുണ്ടോ വിജയ്….”

എന്റെ കളിയാക്കൽ മനസിലായോ…

“എന്നെയാണ് ഉദ്ദേശിച്ചതെങ്കിൽ, വേണ്ട മോളെ….

വിജയ് ഒരിക്കൽ നോ പറഞ്ഞാൽ, പറഞ്ഞതാ….”

“വിജയ് അല്ലല്ലോ അതിന് നോ പറഞ്ഞത്….”

മറുപടിയൊന്നും കേൾക്കുന്നില്ലല്ലോ….

ഞാൻ തെങ്ങും തടിയിൽ കാലു വച്ചതും വിജയ് എന്നെ ഉന്തിയതും ഒന്നിച്ചായിരുന്നു…

അടുത്ത നിമിഷത്തിൽ കണ്ണുതുറക്കുമ്പോൾ, ഞാനാകെ നനഞ്ഞ് തോട്ടിലാണ്….

“വിജയ്…!! എന്റെ ദാവണി മൊത്തം നനഞ്ഞു….”

“സാരമില്ല ട്ടോ…. ശ്രീക്കുട്ടി വിച്ചുവേട്ടന്റെ കൈ പിടിച്ചു മെല്ലെ കേറി വാ….”

“വിച്ചുവേട്ടൻ കൈ നീട്ട്….”

വിജയ് കൈ നീട്ടിയതും, ഞാൻ ആഞ്ഞു വലിച്ചു…. എന്നോടൊപ്പം, ദാ കിടക്കുന്നു താഴെ….വെള്ളത്തിൽ…

എന്നെ ഉടനെ വിടാൻ വിജയ് ഉദ്ദേശിച്ചിരുന്നില്ല…

വെള്ളത്തിൽ കിടന്ന് അടികൂടി, തളർന്നാണ്, ഒടുവിൽ ഞങ്ങൾ ലക്ഷ്യസ്ഥാനം എത്തിയത്…

നനഞ്ഞ കോഴികുഞ്ഞിനെ പോലെ നിൽക്കുന്ന ഞങ്ങളെ രണ്ടുപേരെയും ചെറിയമ്മ മാറിമാറി നോക്കുന്നുണ്ട്….

“ചിപ്പി…. ഒരു തോർത്തും മുണ്ടിങ്ങെടുക്ക്….”

തോർത്തുമായി വന്ന ചിപ്പിച്ചേച്ചി ഞങ്ങളെ കണ്ടതും ഒന്ന് ഞെട്ടി….

“ബാല… വിച്ചു… വിജയ്…. രണ്ടു പേരും കേറി വാ…”

ചേച്ചിയ്ക്ക് ഒന്നും മറക്കാൻ കഴിഞ്ഞിട്ടില്ല, എന്ന് വിജയെ വിളിച്ച കേട്ടപ്പോഴേ എനിക്ക് മനസിലായി… പോരാത്തതിന് എന്നോട് തികഞ്ഞ അസൂയയും കാണുന്നുണ്ട്….

തല തുവർത്തി ഞങ്ങൾ അകത്തേക്ക് കയറിയതും, ചിപ്പിച്ചേച്ചി ചായയെടുക്കാൻ ഉള്ളിലേക്ക് പോയി…

“നിങ്ങൾ എന്നാ എത്തിയത്….”

ചെറിയമ്മ ഓരോ കാര്യങ്ങൾ തിരക്കാൻ തുടങ്ങി…

“ഇന്ന് രാവിലെ എത്തി ചെറിയമ്മേ….”

ചിപ്പിച്ചേച്ചി ചായയും ആയി എത്തിയിട്ടുണ്ട്…

“ചേച്ചിക്ക് സുഖമാണോ…. ചെക്കപ്പ് ഒക്കെ തുടങ്ങിയോ….”

“ചെക്കപ്പ് ഒക്കെ അതിന്റെ മുറയ്ക്ക് നടന്നു പോകുന്നു ബാല….

നിങ്ങൾ എവിടെയൊക്കെ കറങ്ങി…. പോയിട്ട് കുറെ നാൾ ആയെന്ന് കേട്ടല്ലോ…”

ചേച്ചി കൊണ്ടു വന്നതിൽ ഒരു ചായ ഞാൻ എടുത്തു….

“കുറെ സ്ഥലങ്ങൾ പോയി ചേച്ചി… ഒടുവിൽ ദയേച്ചിക്ക് കുഞ്ഞ് ആയെന്ന് അറിഞ്ഞപ്പോഴാണ് ഞങ്ങൾ വന്നത്….”

ഓരോന്ന് പറയുമ്പോഴും ചിപ്പിച്ചേച്ചി അസൂയ കൊണ്ട് ജ്വലിക്കുന്നുണ്ടായിരുന്നു…

എനിക്കും അല്പം സന്തോഷം തോന്നി…

അസൂയപ്പെടട്ടെ…. വിജയെ സങ്കടപെടുത്തിയതല്ലേ…

“സോറി… എനിക്ക് വേണ്ടാ…. ഞാൻ ഇപ്പോൾ ഒരു കട്ടൻ കുടിച്ചിട്ടാ ഇറങ്ങിയത്…”

വിജയ് നിരസിച്ചത് ചിപ്പിച്ചേച്ചിക്ക് ഒരു അടികൊണ്ട പോലെ ആയി…

“ചേച്ചി ഇങ്ങു താ…. ഞാൻ കൊടുത്താൽ വിച്ചുവേട്ടൻ കുടിക്കും….

വിച്ചുവേട്ടാ…. കുടിക്ക് വിച്ചുവേട്ടാ… ഞാനല്ലേ തരുന്നത്….”

ചേച്ചിയുടെ കയ്യിൽ നിന്നും ചായ മേടിച്ചു ഞാൻ വിജയ്ക്ക് കൊടുത്തു…

ഞാൻ വിളിച്ചത് കേട്ട് ഒന്ന് അന്തിച്ചെങ്കിലും, സീൻ കുളമാക്കാതെ വിജയ് കുടിക്കുന്നുണ്ട്…

ചിപ്പിച്ചേച്ചിക്കാണെങ്കിൽ എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന് കണ്ടാൽ തന്നെ അറിയാം…

“മോൻ അന്ന് ചിപ്പിയുടെ കല്യാണത്തിന് വന്നിരുന്നു അല്ലേ… ബാലയുടെ കൂടെ ഞങ്ങൾ കണ്ടിരുന്നു…”

“അതെ…”

“വിച്ചുവേട്ടൻ ഞാൻ എവിടെ പോയാലും എന്റെ പുറകെ ഉണ്ടാകുമായിരുന്നു… കുറെ നാൾ പിറകെ നടന്നു എന്നെ വളയ്ക്കാൻ….”

“കുറെ നാളെന്ന് വച്ചാൽ….”

ചിപ്പിച്ചേച്ചി ചോദിച്ചതും, ഉത്തരം പടച്ചുവിടാനുള്ള ത്വരയും എനിക്ക് കൂടി….

“കുറെ നാളെന്ന് വച്ചാൽ…. പണ്ട് തൊട്ടേ…

ഞങ്ങളൊക്കെ കുഞ്ഞിലേ കളിച്ചു വളർന്നതാ… ഒരുമിച്ച്… അപ്പോഴേ വിച്ചുവേട്ടന് എന്നോട് അല്പം കുറുമ്പ് കൂടുതലായിരുന്നു….

ഞാൻ സ്കൂളിൽ പോകുമ്പോൾ എന്നും സൈക്കിളിൽ പുറകെ വരും… ഞാൻ വേണ്ടാന്ന് പറഞ്ഞാൽ കേൾക്കില്ല…

പിന്നെ വിച്ചുവേട്ടൻ കോളേജിൽ പഠിച്ച കുറെ നാൾ… അപ്പോൾ ഞങ്ങൾ അധികം കണ്ടിട്ടില്ല… എന്നാലും സ്ഥിരം ഫോൺ ചെയ്യുമായിരുന്നു…”

വിജയും ചിരിച്ചു കേട്ട് എല്ലാം സമ്മതിക്കുന്നുണ്ട്…

ചിപ്പിച്ചേച്ചി ഒന്നും മിണ്ടാനാകാതെ നിൽപ്പുണ്ട്…. കണ്ടാൽ അറിയാം, വിജയ് തന്നെ ചതിച്ചോ എന്ന ചിന്തയിലാണ്….

“ശ്രീക്കുട്ടി… ഇറങ്ങാം….”

വിജയ് അത് കൂടി വിളിച്ചു കേട്ടപ്പോൾ, ഒന്നും മിണ്ടാതെ ചിപ്പിച്ചേച്ചി ദേഷ്യത്തിൽ അകത്തേക്ക് പോയിരുന്നു….

“ചിപ്പിയ്ക്ക് വിശേഷമായി… അടുത്തത് ബാലയാണ് കേട്ടോ….”

ചെറിയമ്മയ്ക്ക് വേറെ ഒന്നും ചോദിക്കാനില്ലേ…

ഒന്നും മിണ്ടാതെ ഒരു പുഞ്ചിരി നൽകി ഞങ്ങൾ ബൈക്ക് ലക്ഷ്യമാക്കി നടന്നു…

“ടോ…. അവിടെ നിന്നേ….”

“എന്താ….”

“വിച്ചുവേട്ടൻ ശ്രീക്കുട്ടിയെ ഒന്നു കാണട്ടെ…”

“കണ്ടോളു….”

ഞാൻ അൽപനേരം പുഞ്ചിരിയോടെ നിന്നു കൊടുത്തു….

“കലക്കുന്നുണ്ട് താൻ…. മറ്റൊരാൾ അസൂയപ്പെട്ടു കാണുമ്പോൾ അതിന് ഇത്രയും സുഖമുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു…”

“പഠിപ്പിച്ചു തന്ന തനിയ്ക്ക് അറിയില്ലേ വിജയ്…”

“ഇത്രയും പ്രതീക്ഷിച്ചില്ല ടോ….”

തിരികെ ഞങ്ങൾ നടന്നത് വലിയ സന്തോഷത്തിലാണ്….

* * *

വീട്ടിൽ എത്തുമ്പോൾ അമ്മയില്ല… ഏതോ വിവാഹത്തിന് പോയതാണ്…

ദയേച്ചി കുളിക്കാൻ പോയതോടെ കുഞ്ഞിനെ നോക്കാനുള്ള ചുമതല എനിക്കും വിജയ്ക്കും ആയിരുന്നു…

“ചേച്ചിയുടെ അതേ മൂക്ക് തന്നെ മോനും….അല്ലേ വിജയ്….”

“ശ്രീ…. താൻ വേറെ ജോലിയൊന്നും നോക്കുന്നില്ലേ….”

“ഞാൻ അതിനെപ്പറ്റി ആലോചിക്കുന്നുണ്ട് വിജയ്…..

വേറെ ഒരു കമ്പനിയിൽ പോകുന്നതിനേക്കാൾ, ഞാൻ തന്നെ പ്രൊജക്റ്റ് ഏറ്റെടുത്ത് ചെയ്താലോന്ന് ചിന്തിക്കുവായിരുന്നു….

സ്റ്റാർട്ട് അപ്പ് ഒന്നുമല്ല…. എന്നാലും ഇൻഡിവിജ്വൽ ആയി പ്രൊജക്റ്റ് ചെയ്യുന്നവരുണ്ടല്ലോ…. അത് പോലെ…

പ്രൊജക്റ്റ് ഒപ്പിക്കണമെന്ന് മാത്രം….”

“ഹേയ്… ദാറ്റ്സ് റിയലി ഗ്രേറ്റ് ശ്രീ….

തനിക്ക് സ്റ്റാർട്ട് ചെയ്യാൻ വേണമെങ്കിൽ ഞാൻ ഹെല്പ് ചെയ്യാം….”

“എങ്ങനെ….”

“ഞാൻ തന്നെ ഫസ്റ്റ് പ്രൊജക്റ്റ് തരാം….”

“എന്ത് പ്രൊജക്റ്റ്….”

“എന്റെ ഷോപ്പിലേക്ക് ഒരു ബില്ലിംഗ് സോഫ്റ്റ്‌വെയർ താൻ ചെയ്‌ത്‌ താ…. എന്ത് പറയുന്നു….”

“സൂപ്പർബ് വിജയ്…”

അമ്മ അപ്പോഴേക്കും എത്തി…

“നിങ്ങൾ ഇവിടെ പ്രോജെക്ടിന്റെ കാര്യവും സംസാരിച്ച് ഇരുന്നോ….

രണ്ടിനോടും കൂടി പറയാ…. ഇന്ന് രാവിലെ വന്നു കയറിയത് പോലെ, ഇനി വന്നാൽ ഞാൻ ഇവിടെ കയറ്റില്ല…

ഒരു കൊച്ചായാലേ രണ്ടിനും ഉത്തരവാദിത്തം വരൂ….”

അതും പറഞ്ഞ് അമ്മ അകത്തേക്ക് പോയി…

ഞങ്ങൾ അന്യോന്യം നോക്കിയിരിപ്പായി…

ദയേച്ചിയുടെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ച്, അത്താഴം കഴിച്ച് ഞങ്ങൾ മുറിയിലേക്ക് നടന്നു…

മുന്നിലൊരു ചോദ്യചിഹ്നമായിരുന്നു…

കുറെ നേരത്തെ മൂകത…

ഒടുവിൽ തീരുമാനിച്ചുറപ്പിച്ച പോലെ, രാവിലെ കൊണ്ട് വന്ന ബാഗുമെടുത്ത് ഒച്ചയുണ്ടാക്കാതെ, എന്നെയും ചേർത്ത് പിടിച്ചു, വിജയ് വാതിൽ മെല്ലെ തുറന്നു….

* * * * *

ഫോൺ വൈബ്രേറ്റ് ചെയ്യുന്നതറിഞ്ഞ്, ഞാൻ ബൈക്ക് സൈഡിലേക്ക് ഒതുക്കി നിർത്തി….

എന്റെ പുറകെ വിജയും തന്റെ ബൈക്ക് നിർത്തി….

ഫോൺ ലൗഡ് സ്പീക്കറിലിട്ടു…

“ജെനിക്കുട്ടാ… എന്തായി…”

“മോം…. ഞാൻ ജയിച്ചല്ലോ… ഞങ്ങളുടെ ടീമിന് തന്നെ കിട്ടിയല്ലോ ഇത്തവണ ചാമ്പിയൻഷിപ്പ്….”

“കൺഗ്രാറ്സ് മോളു….”

ജെനി പറഞ്ഞ കേട്ട് വിജയ് എന്നെ അണച്ചു പിടിച്ചു…

“അമ്മ…. അപ്പ എവിടെ….”

“അപ്പയും ഇവിടെ ഉണ്ടല്ലോ മോളു…. അമ്മയുടെ കൂടെ തന്നെ….

ജെനിക്കുട്ടാ… അച്ഛമ്മ എന്തെങ്കിലും പറഞ്ഞിരുന്നോ മോളോട്….”

“രാവിലെ നിങ്ങളെ കാണാഞ്ഞിട്ട് എന്നോട് ചോദിച്ചിരുന്നു എവിടെ പോയതാണെന്ന്…”

“എന്നിട്ട് മോളെന്ത് പറഞ്ഞു…”

“യു നോ മി അപ്പ… അപ്പ പറയും പോലെയല്ലേ ഞാൻ പറയുള്ളൂ…. ഞാൻ പറഞ്ഞു എന്തോ ബിസിനസ് ട്രിപ്പ് ആണെന്ന്…”

“ഹഹ… മോളുടെ കോമ്പറ്റിഷൻ നേരത്തെ കഴിഞ്ഞെങ്കിൽ മോൾക്കും വരാമായിരുന്നല്ലോ…..”

“നോ… നോട്ട് ദിസ് ടൈം അപ്പ….

അപ്പയോട് ഞാൻ പറഞ്ഞതല്ലേ, ഞാൻ ഒരു സൈക്ലിംഗ് ടീം ഉണ്ടാക്കാൻ നോക്കുവാണെന്ന്…

കുറെ പേരെ കിട്ടിയാൽ ഞാനും കറങ്ങുമല്ലോ…. സൈക്കിളിൽ….

എനിക്കൊരു സ്ലീപ്പിങ് ബാഗ് മേടിച്ചു തരോ അപ്പ….”

“അതിനെന്താ… മേടിക്കാല്ലൊ….”

ഓരോ കിന്നാരം പറഞ്ഞ് ജെനി ഫോൺ വച്ചു…

“നാലാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയെ ഒറ്റയ്ക്ക് വിട്ടിട്ട്, കറങ്ങി നടക്കുവാണോ നമ്മൾ വിജയ്….”

“താനെന്താ ടോ അങ്ങനെ ചിന്തിക്കുന്നത്….

അവളുടെ ഒപ്പം എല്ലാത്തിനും നമ്മളില്ലേ….

ഇത് അവളുടെ ജീവിതമല്ലേ ടോ…. നമ്മുടെ അനുഭവങ്ങൾ കൊണ്ടല്ല, അവളുടെ അനുഭവങ്ങൾ കൊണ്ട് തന്നെ അവൾ പഠിക്കട്ടെ…

പിന്നെ അവൾ പറഞ്ഞത് താനും കേട്ടില്ലേ…. ലോകം ചുറ്റാൻ ടീം ഉണ്ടാക്കുവാണെന്ന്…. നമ്മൾ അവളെ അത്രയും പ്രാപ്തയാക്കിയതിൽ, അഭിമാനിക്കുകയാ വേണ്ടത് ശ്രീ….”

ഫോൺ വച്ച്, തണ്ടർ ബേർഡിൽ ഞാനും ക്ലാസിക്കിൽ വിജയും കുതിക്കാൻ തുടങ്ങി….

ഹിമവാനിലേക്ക്….

വിജയ് സിഗ്നൽ കാണിച്ചതനുസരിച്ച് ഞാൻ മലഞ്ചെരുവിൽ വണ്ടി നിർത്തി….

കൂരാ കൂറ്റിരുട്ട്….

“ഇരുട്ടിയില്ലേ…. ഇന്ന് ഇവിടെ തന്നെ തമ്പടിക്കാം ശ്രീ…”

ഒതുങ്ങിയ ഒരിടത്ത് ഞങ്ങൾ ടെന്റ് ഒരുക്കി…. അതിനുള്ളിൽ ചെറിയ ദീപം തെളിയിച്ചു….

“വിജയ്…. നമ്മുടെ വീട്ടിലൊരു മെത്ത വാങ്ങുന്നതിനെ പറ്റി എന്താണ് തന്റെ അഭിപ്രായം… ടെറസിൽ ഇടാൻ….”

“അടിപൊളി…. ഒന്നല്ല… ജെനിയ്ക്കും കൂടി വാങ്ങാം….

നമ്മുടെ മോളല്ലേ…. അവൾക്കും ഒരിക്കൽ വേണ്ടി വരും….”

അസഹനീയമായ തണുപ്പിൽ, വിജയുടെ ഓരം പറ്റി ഞാൻ കിടന്നു….

മങ്ങിയ വെളിച്ചത്തിൽ വിജയ് എന്നെ തേടുന്നത് ഞാൻ കണ്ടു… വിജയെ പിന്നിലേക്ക് തള്ളി, മുകളിലായി ഞാൻ സ്ഥാനം പിടിച്ചു… വൈകിയെത്തിയ നിലാവെളിച്ചത്തിൽ, ഞങ്ങൾ ഞങ്ങളുടേത് മാത്രമായി മാറുകയായിരുന്നു….

മുന്നിൽ ഇനിയും ഒരുപാട് യാത്രകൾ ബാക്കി…

മൂടൽ മഞ്ഞ് അപ്പോഴും അവിടമാകെ പരന്നൊഴുകി കൊണ്ടിരുന്നു…. ആകാശത്തെ താരകങ്ങൾ ദൂരെ മാറി നിന്ന് കർമ്മത്തിനു സാക്ഷ്യം വഹിച്ചപ്പോൾ, വെള്ളത്തൂവലുകൾ പോലെ നനുത്ത മഞ്ഞുകണങ്ങളും ഭൂമിയിലേക്കിറങ്ങി വന്ന് ആശീർവദിച്ചു….!

* * *

(അവസാനിച്ചു)

 

Click Here to read full parts of the novel

4.5/5 - (13 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ശ്രീബാല – 9”

Leave a Reply

Don`t copy text!