Skip to content

ശ്രീബാല – 6

ശ്രീബാല

അമ്മയിത് എവിടെ പോയതാ….

“പൊന്നിച്ചേച്ചീ….”

ചേച്ചി വീടിന്റെ മുന്നിലില്ലല്ലോ…

ദേവൂനെ കുളിപ്പിക്കുകയാവും….

പൊന്നിച്ചേച്ചിയുടെ വീടിന്റെ പിറകു വശത്തേക്ക് ഞാൻ നടന്നു…. അടുക്കുന്തോറും ദേവൂന്റെ ഒച്ചയും ബഹളവും കേൾക്കാം…

“ഈ കുട്ടി… അടങ്ങിയിരിക്ക് കൊച്ചേ….”

തടിപ്പലകയിലിരുന്ന് ദേവൂട്ടിയെ കുളിപ്പിക്കാനുള്ള ശ്രമത്തിലാണ് ചേച്ചി…

ദേവൂട്ടി വലിയ ബേസനിലെ വെള്ളം കൈ കൊണ്ട് കോരി തലയിൽ ഒഴിക്കാൻ നോക്കുന്നുണ്ട്…

പക്ഷേ അവളുടെ കുഞ്ഞിക്കൈ ചോർന്ന്, വെള്ളത്തിൽ കുളിച്ചു നിൽക്കുന്നത് പൊന്നിച്ചേച്ചിയും….

“മോളേ…. മതിയാക്ക്…

അമ്മ കുളിപ്പിക്കാം….”

പൊന്നിച്ചേച്ചി പറയുന്നത് അവൾ ശ്രദ്ധിക്കുന്നതേ ഇല്ല….

“അമ്മയും മോളും ഒരുമിച്ച് കുളിക്കയാ…. എന്തായാലും കാണാൻ നല്ല ചേല്…”

ഞാൻ ചിരിച്ചു…

“ബാലാ… നീയെത്തിയോ…”

ദേവൂട്ടിയുടെ കയ്യിൽ നിന്ന് അപ്പോഴും വെള്ളം പൊന്നിച്ചേച്ചിയുടെ തലയിൽ വീഴുന്നുണ്ട്…

“ഞാൻ സഹായിക്കണോ ചേച്ചി…”

“വേണ്ട… നിന്നെയും കുളിപ്പിക്കും ഇവൾ….

നീ ആ അയയിൽ നിന്ന് കൈലി ഇങ്ങെടുത്തേ…”

ഞാൻ കൈലിയെടുത്തു കൊടുത്തു…

“ചേച്ചി… അമ്മയെവിടെ പോയെന്നറിയോ…”

“ഇതു വരെ വന്നില്ലേ… കുറെ നേരം ആയല്ലോ പോയിട്ട്…”

“എവിടെ പോയതാ…”

“നിങ്ങൾടെ തറവാട്ടിലേക്ക് ആകണം… ഒരാൾ വന്ന് കൂട്ടിക്കൊണ്ട് പോയി…”

“ആരാന്ന് കണ്ടോ…”

“കണ്ടു…. ഞാൻ കോഴിക്കൂട് മറക്കാൻ ഓലക്കീറ് എടുക്കാൻ വരുമ്പോഴാ….

പൊക്കം കുറഞ്ഞിട്ട് ഒരു കഷണ്ടി തലയൻ…”

ഈശ്വരാ… വല്യച്ഛൻ…

“വേറെ ആരെങ്കിലും കൂടെ ഉണ്ടാരുന്നോ….”

“ഇല്ല… ”

“കാര്യം… കാര്യം വല്ലതും പറഞ്ഞോ…”

വീണ്ടും കല്യാണക്കാര്യം ആകണം…

“അതൊന്നും ഞാൻ കേട്ടില്ല… വേറെന്ത് കാര്യം… നിന്റെ കല്യാണം അല്ലാണ്ട്…”

“അത്… ചേച്ചിക്കെങ്ങനെ മനസിലായി….”

“ഇതൊക്കെ നാട്ടുനടപ്പല്ലേ…

പ്രായമായാൽ പിടിച്ചങ്ങ് കെട്ടിച്ചു വിടും… വീട്ടുകാർ മിണ്ടാതിരുന്നാലും ബാക്കിയുള്ളോർ വെറുതെ വിടില്ലല്ലോ…

എന്നാൽ കെട്ടിച്ചു കഴിഞ്ഞിട്ടോ… ഇത്രയും അട്ടഹാസം കാട്ടി കെട്ടിച്ചത് ഇതിനാണോന്ന് തോന്നും…”

“ചേച്ചി… വിവാഹം കഴിക്കേണ്ടിയിരുന്നില്ലന്ന് ചേച്ചിക്ക്… എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ….”

തല തുവർത്തി, ദേവൂട്ടിയെ കൈലിയിൽ പൊതിഞ്ഞെടുത്ത്, പൊന്നിച്ചേച്ചി അകത്തേക്ക് നടന്നു…

“പൊന്നിച്ചേച്ചി…. ഞാൻ ചോദിച്ചത് കേ….”

ചേച്ചി പെട്ടെന്ന് എന്നിലേക്ക് തിരിഞ്ഞു…

“കേട്ടു ബാലാ…. എനിക്കെന്റെ ജീവിതം ഇപ്പോൾ എന്റെ ദേവു ആണ്…

ഇവളുടെ ഒപ്പം കൂടി, ഞാൻ എന്നെ തന്നെ മറന്ന് കഴിയുകയാണ്…

അടുത്ത കൊല്ലം ഇവൾ സ്കൂളിൽ കൂടി പോകാൻ തുടങ്ങിയാൽ…. ഞാൻ പിന്നെ…. എനിക്കറിയില്ല… ഞാനെങ്ങനെ സന്ധ്യ വരെ കഴിച്ചു കൂട്ടുമെന്ന്….

പിന്നെ… ഇതാണല്ലോ ജീവിതം… ഇതൊക്കെ എല്ലാര്ക്കും അറിയാം…. പക്ഷെ ആരും സമ്മതിച്ചു തരില്ല…”

“സൂരജേട്ടൻ…”

മറുപടി നൽകാതെ ചേച്ചി ഉള്ളിലേക്ക് പോയി…

“നിനക്ക് ഒറ്റക്കിരിക്കാൻ പേടിയാണേൽ, പുറത്തെ ലൈറ്റ് ഇട്ടിട്ട്, ഇങ്ങ് പോന്നോളൂ ട്ടാ….”

“അമ്മ വരാൻ വൈകിയാൽ ഞാൻ വരാം ചേച്ചി….”

മുറ്റത്തെ ചെടികൾ ഒക്കെ വാടിയല്ലോ… ഇതിനു കൂടി സമയം കൊടുക്കാതെയാണോ വല്യച്ഛൻ പാവത്തെ കൊണ്ടുപോയത്…

ഞാൻ കാരണം അമ്മ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്…

ഒരു ഗോകുൽ…. ഗോകുൽ പോയിട്ട്, വിവാഹമേ കഴിക്കാതിരിക്കുന്നതാ നല്ലതെന്ന് തോന്നുന്നു…

എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ തോന്നുന്നുണ്ട്…

പാവം അമ്മ… ഈ പാവത്തിനെ ഞാൻ എങ്ങനെയാ ഒറ്റക്കിവിടെ ഇട്ടേച്ച്…

“ചെടി നനയ്ക്കാൻ സമയം കിട്ടീല അമ്മയ്ക്ക് ശ്രീക്കുട്ടീ…”

അമ്മയെത്തിയല്ലോ…

“അമ്മയെവി….ടെ….പ്പോ…….

എന്താ എല്ലാരും കൂടി…”

വല്യച്ഛനും വല്യമ്മയും വന്നിട്ടുണ്ട്, അമ്മയുടെ പുറകെ…

“നിന്നോട് ചിലത് ചോദിക്കാൻ തന്നെയാണ് ഞങ്ങൾ വന്നത്….”

വല്യമ്മ നല്ല ചൂടിലാണ്…

“അങ്ങനെ എല്ലാരേയും പറ്റിച്ചു, ഇനിയും അഴിഞ്ഞാടി നടക്കാമെന്ന് അമ്മയും മോളും കരുതണ്ട…”

വല്യച്ഛൻ എന്നോട് മോശമായി സംസാരിക്കുന്നത് ആദ്യമായിട്ടാണ്…

ഇതിപ്പോൾ എന്തുണ്ടായിട്ടാ….

“മതി…. ഞാൻ ചോദിച്ചോളാം എന്റെ മോളോട്…..

ശ്രീ…. നീയിന്ന് ആരുടെ കൂടെയാ ബൈക്കിൽ വന്നത്…”

വിചാരിച്ച പോലെ… അതും പ്രശ്നമായി…

“അമ്മേ… അത് പിന്നെ… വിജയ്….”

“തൃപ്തിയായില്ലേ നിങ്ങൾക്ക്…. ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ അത് വിജയ് ആണെന്ന്….”

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ….”

“ഇനിയെന്തെങ്കിലും അറിയാനുണ്ടേൽ പിന്നീടാകാം…. സന്ധ്യ നേരത്ത് ഒരു തർക്കം വേണ്ട…

ശ്രീക്കുട്ടി അകത്തേക്ക് പൊയ്‌ക്കോളൂ….”

വല്യച്ഛന്റെ ഉണ്ടക്കണ്ണ് അവഗണിച്ചു, ഞാൻ അകത്തേക്ക് നടന്നു…

അമ്മയ്ക്ക് എന്റെ മേലുള്ള വിശ്വാസം…. അതൊന്ന് മാത്രമാണ് ഞാൻ ഈ ജീവിതത്തിൽ സമ്പാദിച്ചത്…

വിളക്ക് കൊളുത്തി, ഞാൻ പുറത്തെ ലൈറ്റ് ഇട്ടു…

അമ്മയെന്തോ ചിന്തയിൽ ആണ്…

“അവരൊക്കെ പോയോ അമ്മേ….”

“അവർ അപ്പോൾ തന്നെ പോയി…

മോളെ…. ശ്രീക്കുട്ടി…”

“എന്താമ്മേ…”

“അമ്മയ്ക്ക് എന്തോ ഒരു പേടി…

മോളിവിടെ അടുത്ത് വന്നിരുന്നേ…”

ഞാൻ അമ്മയുടെ അടുക്കൽ ചെന്ന്, മടിയിൽ തല വയ്ച്ചു കിടന്നു…

അമ്മയുടെ വിരലുകൾ അമ്മ അറിയാതെയെന്നവണ്ണം എന്റെ മുടിയിഴകളെ തലോടിക്കൊണ്ടിരുന്നു…

“എന്തു പറ്റിയമ്മേ… തറവാട്ടിൽ എന്തായിരുന്നു ഇന്ന്…”

“മോളും കേട്ടതല്ലേ…വല്യച്ഛൻ പറഞ്ഞതൊക്കെ….

നീ ബൈക്കിൽ പോയതൊന്നും അല്ല അവർക്ക് പ്രശ്നം… നീ അകന്ന് പോകുന്നതാ…

ഇന്ന് ഞാൻ കർക്കശ്ശേ പറഞ്ഞു… ഗോകുലിന് നിന്നെ കൊടുക്കില്ലാന്ന്…

ഞാൻ നിന്നെ വഷളാക്കുന്നു എന്നായിരുന്നു മൊത്തം സംസാരം….

എന്റെ കുട്ടിയെ അമ്മ നന്നായിട്ടല്ലേ നോക്കുന്നേ…”

“എന്നെ അമ്മ പൊന്നു പോലെയാ നോക്കുന്നേ…. അമ്മയ്ക്കതിൽ ഒരു പേടിയും വേണ്ടാ….”

“അമ്മയുടെ പേടി…. മോള് സൂക്ഷിക്കണം…. ആരെയും വിശ്വസിക്കാൻ കൊള്ളില്ല ഇക്കാലത്തു…

മോൾടെ വല്യച്ഛന്റെ വാശി കണ്ടില്ലേ…

മോളെ ഗോകുലിന് കൊടുക്കില്ലെന്ന് പറഞ്ഞതിനാ…

അവർ വിചാരിച്ചത് നടന്നില്ലാ എങ്കിൽ…. അവരെന്തും ചെയ്യാൻ മടിക്കില്ല… മോൾടെ ജീവിതം അവർ നശിപ്പിക്കാൻ നോക്കും…

എന്റെ കുട്ടി കരുതിയിരിക്കണം….”

എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല….

ഞാൻ കാരണമാണല്ലോ ഈശ്വരാ ഇതൊക്കെ….

“മോളെന്താ ഒന്നും മിണ്ടാത്തെ…

അമ്മയുടെ കുട്ടി ഒന്നും പേടിക്കണ്ട…. എനിക്ക് കൊക്കിന് ജീവനുള്ളപ്പോൾ നിന്നെയാരും ഒന്നും ചെയ്യില്ല…”

“എനിക്കറിയാം അമ്മേ…”

ഈ പ്രശ്നങ്ങളൊക്കെ എങ്ങനെയാ ഒഴിവാക്കുക….

വിജയോടുള്ള അടുപ്പം കുറക്കണം…. എല്ലാർക്കും മുന്നിൽ ഇനിയും അമ്മയെ ഇങ്ങനെ നിർത്താൻ പാടില്ല…

ശരിക്കും വിജയ് ഇല്ലായിരുന്നു എങ്കിൽ, അഭിയുടെ വേർപിരിവ് എന്നെ തളർത്തിയേനെ….

പക്ഷേ കാര്യം മനസിലാക്കാത്ത നാട്ടുകാർക്കും ബന്ധുക്കൾക്കും മുന്നിൽ, എന്ത് പറഞ്ഞ് ജയിക്കാനാ…

നാട്ടുകാരോട് പറയുന്നതിനേക്കാൾ എളുപ്പത്തിൽ വിജയെ പറഞ്ഞ് മനസിലാക്കാം….

അയാൾക്കേ അല്ലെങ്കിലും എന്നെ മനസിലാകൂ….

* * *

“തന്നെയിപ്പോൾ കാണാനേ ഇല്ലല്ലോ… മെന്റർഷിപ് ഒന്നും വേണ്ടേ….”

അഭി….

“എനിക്ക് എന്തെങ്കിലും ആവശ്യം വന്നാൽ പലരും സഹായിക്കാറുണ്ട് അഭിനവ്…. അതുകൊണ്ടാ നിങ്ങളുടെ അടുത്ത് വരാത്തത്…”

“സഹായിക്കുമല്ലോ…. താൻ ഇപ്പോൾ ഇവിടുത്തെ സ്റ്റാർ അല്ലേ….

പ്രൊജക്റ്റ് തുടങ്ങാൻ താനായിരുന്നില്ലേ മുൻപിൽ…..

തന്റെ മൊഡ്യൂൾ താൻ ഒറ്റക്കാ ചെയ്യുന്നതെന്നും കേട്ടു….”

എനിക്കിപ്പോൾ അഭിയോട് അറപ്പ് മാത്രമായി തുടങ്ങി….

വിജയെ കാണാൻ കഴിയാത്ത ദേഷ്യം കൂടിയുണ്ട്…. ഉള്ളിൽ…. എന്തൊക്കെ ആയാലും എന്റെ ഒപ്പം നിന്നതല്ലേ അയാൾ….

“അഭിനവ്… എനിക്ക് കുറച്ചു വർക്ക് ഉണ്ട് ചെയ്‌തു തീർക്കാൻ….

പ്രൊജക്റ്റ് റിലേറ്റഡ് ആണെങ്കിൽ, വി ക്യാൻ ടോക്….”

“ഞാൻ തനിക്ക് ഇപ്പോൾ ശല്യമായോ ബാല….”

“അഭിനവ്…. പ്ളീസ് ലീവ് ദി പ്ലേസ്….”

അഭി പോകുന്ന ലക്ഷണമില്ല….

ഞാൻ ഇയർ ഫോണെടുത്തു ചെവിയിൽ വച്ചു….

പെട്ടെന്നായിരുന്നു അഭി എന്റെ ചെവിയിൽ നിന്നും ഒരു ഇയർ ഫോൺ വലിച്ചൂരിയത്….

“അഭിനവ്….!!”

വിജയെ കാണാത്ത അമർഷമാണോ ഉള്ളിൽ….

എന്റെ ശബ്ദമുയർന്നത് കേട്ട് നിമ്മി ചാടിയെണീറ്റു… മറ്റുള്ളവർ ഒക്കെ ഏതോ മീറ്റിംഗിൽ ആണ്….

“വാട്ട് ടു യു വാണ്ട് അഭിനവ്….?”

“ആൻസർ മൈ ക്വസ്ട്യൻ…”

“വാട്ട്സ് യുവർ ക്വസ്ട്യൻ…??”

“യു നോ ദാറ്റ് ബാല….”

നിമ്മി ഞങ്ങളെ തന്നെ മാറി മാറി നോക്കുന്നുണ്ട്….

“സോറി അഭിനവ്… എനിക്ക് താൽപര്യമില്ല…. പാസ്റ്റ് ഈസ് പാസ്റ്റ്….!

നിങ്ങൾക്ക് ആൾറെഡി മനസിലായി കാണുമെന്ന് കരുതി ഞാൻ…”

“ആർ യു സീരിയസ് ബാലാ….”

അഭി എന്നെ നോക്കി കണ്ണുരുട്ടി….

“ഡാം സീരിയസ്….!!”

തെല്ലും ഭയമില്ലാതെ ഞാൻ തുറന്നടിച്ചു…

അഭി മുഷ്ടി ചുരുട്ടി, എന്റെ ഡെസ്കിൽ ആഞ്ഞിടിച്ചു, പുറത്തേക്ക് നടന്നു പോയി…

അഭി പോയതും, നിമ്മി എന്റെ ഡെസ്കിൽ ഓടിയെത്തി…

“ബാല…. ആർ യു ഓക്കേ…”

ഞാനൊന്ന് പുഞ്ചിരിച്ചു….

“റിലാക്‌സ്….” എന്റെ തോളിൽ തട്ടി, നിമ്മി സ്വന്തം ഡെസ്കിലേക്ക് പോയിരുന്നു….

* * *

“എന്നാലും സത്യം അറിഞ്ഞിട്ട് പോരായിരുന്നോ ശ്രീ…. അവനോട് നോ പറയുന്നത്….”

“അഭിയുമായി ഞാൻ ഒരുപാട് അകന്ന് കഴിഞ്ഞു വിജയ്…

സത്യം അറിഞ്ഞാലും…. ഇനി പഴയ പോലെയൊക്കെ…. അതിനൊരു സാധ്യത ഇല്ലെന്ന് എനിക്ക് തന്നെ തോന്നാൻ തുടങ്ങി…..

ഐ വോണ്ട് റിഗ്രറ്റ് ദിസ് എവർ….”

“അമ്മയോടെന്താ താൻ ചോദിക്കാത്തത്…”

“ഞാൻ അമ്മയെ ആൾറെഡി ഒരുപാട് സങ്കടപ്പെടുത്തുന്നുണ്ട്….അതാ…

ഇനി വയ്യ വിജയ്…

അതുകൊണ്ടാ ഞാൻ ഇത്രയും നാൾ തന്റെ കൂടെ വരാത്തത് തന്നെ…. തനിയ്ക്കറിയാല്ലോ….

ഞാൻ ബസിൽ വന്നാൽ ആർക്കും കുഴപ്പമുണ്ടാകില്ല…. ബന്ധുക്കൾ പ്രശ്നവുമുണ്ടാക്കില്ല….”

“തന്റെ ബന്ധുക്കൾ എന്തിനാ ഇത്ര കൃത്യമായിട്ട് എനിക്ക് തന്നെ പാര വയ്ക്കുന്നേ…..”

വിജയ് പറയുന്ന കേട്ട് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല…

“തനിക്കെന്ത് പാര…”

“എന്റെ ചങ്കത്തിയെ അല്ലെ എനിക്ക് നഷ്ടമായത്….

സത്യം പറയട്ടെ…. ഒറ്റയ്ക്ക് പോയും വന്നും, എനിക്ക് ശരിക്കും ബോറടിക്കാൻ തുടങ്ങി ശ്രീ ….”

“ബോറടിയൊക്കെ മാറ്റാനല്ലേ ഇന്ന് കാണുന്നത്….

കുറെ നേരമായല്ലോ… താൻ എവിടെയെത്തി….”

“എത്താറായി…. ഈയൊരു വളവ് കൂടി കഴിഞ്ഞാൽ മതി…..

ദാ… എത്തി….ഇല്ല…. ഇനിയൊരു വളവ് കൂടിയുണ്ടെന്ന് തോന്നുന്നു….

പണ്ട് വന്നതാ…. ഒരു 2 മിനിറ്റ്…. ഏതാണ്ടൊക്കെ എത്തിയെന്ന് തോന്നുന്നു….”

“ഞാനിവിടെ തൊടിപ്പുറത്തുണ്ട്….”

“തൊടിപ്പുറം കഴിഞ്ഞാൽ വണ്ടി പോകില്ലേ….”

“ബൈക്ക് ചിലപ്പോൾ പോകും…കാർ ആണേൽ പോകില്ല… ഇവിടുന്ന് ഇറങ്ങി നടക്കണം…”

“നന്നായി….”

“ഞാൻ തന്റെ വണ്ടി കണ്ടു….

എന്റെ വിജയ്…. വണ്ടി പോകില്ലാന്ന് പറഞ്ഞിട്ടും കാറും കൊണ്ടാണോ വരുന്നേ….”

“വണ്ടിയേത് വരെ പോകുമെന്ന് നോക്കാനാ…. ഇതാകുമ്പോൾ പെട്ടെന്ന് ഇതിനെ സൈഡിലിട്ടിട്ട് നടക്കാല്ലോ…

ബൈക്ക് ആണേൽ, അധികം നടക്കാൻ പറ്റിയില്ലെങ്കിലോ…. തന്റൊപ്പം….

ടോ…. ഞാനും തന്നെ കണ്ടു….ന്ന് തോന്നുന്നു…. ടോ താനാണോ അത്…. ഒരു വെള്ള സാരി….!!”

“സാരിയല്ല… ദാവണി….

ഞാൻ തന്നെയാ….”

“ഉം…. ഞാൻ കാർ സൈഡിലൊതുക്കിയിട്ട് വരാം….”

“ശരി… പിന്നേയ്…. കാർ അവിടെയിട്ടാലും കുഴപ്പമില്ല…. വേറെയാരും വണ്ടിയിൽ ഇത് വഴി വരാറില്ല….”

“കൂൾ….”

വിജയ് കാറിൽ നിന്നും മെല്ലെ ഇറങ്ങുന്നുണ്ട്….

എന്താ ഇത്ര താമസം ഇറങ്ങാൻ….

വിജയ്….!! മുണ്ടിലോ…. ഓ… റിയലി….

വിജയെ കണ്ടപ്പോൾ തന്നെ മനസിലെ ഭാരം ഇറങ്ങിയ പോലെ….

കാറിൽ നിന്നിറങ്ങിയിട്ടും കക്ഷി അവിടെ തന്നെ നിന്ന്, നോക്കിച്ചിരിക്കുവാണ്….

ഇതെന്ത് പറ്റി…. എന്നെ തന്നെ നോക്കുന്നുണ്ട്…

“ശ്രീ…. താൻ….”

വിജയ് മെല്ലെ അടുത്തേക്ക് വന്നു….

മുണ്ട് വിജയ്ക്ക് നന്നായി ചേരുന്നുണ്ട്….

“വിജയ്… യു ലുക്ക് സോ ക്യൂട്ട്….”

“ക്യൂട്ട്…?”

വിജയ് മുണ്ടിലേക്കും ഷർട്ടിലേക്കും മാറി നോക്കി….

“ഐ മീൻ…. ഹാൻഡ് സം…. ആ…. എനിക്ക് ക്യൂട്ട് ആയിട്ടാ തോന്നുന്നേ…”

ഞാൻ ചിരിച്ചു….

“ശ്രീ….ടോ…. താൻ മൊത്തത്തിൽ മാറിയ പോലെ….”

“ഏയ്… അങ്ങനെ വരാൻ വഴിയില്ല….

നമ്മൾ കണ്ടിട്ട് ഒരുപാട് നാളൊന്നും ആയില്ലല്ലോ…”

വിജയ് അവിടെ നിന്ന് എന്നെ തന്നെ നോക്കുന്നുണ്ട്…. എന്തോ ഒരു കള്ളലക്ഷണം ഉണ്ടല്ലോ…

“ടോ…. ഇങ്ങ് അടുത്ത് വന്നേ….”

ഞാൻ വിജയുടെ അടുത്തേക്ക് നടന്നു…. ചെറുതായൊരു നാണമുണ്ടോ ഉള്ളിൽ… ആ…

“എന്താ വിജയ്….”

വിജയ് എന്റെ ചെവിയിൽ എന്തോ പറയാൻ തുനിഞ്ഞു…. അപ്പോഴും ഒരു കള്ളച്ചിരി….

“ശ്രീ…. തന്നെ കെട്ടിച്ചു വിടാറായി കേട്ടോ….”

വിജയ്…. താനും…. ദേ… പൊട്ടിച്ചിരിക്കുന്നു…

പെട്ടെന്നുള്ള ദേഷ്യത്തിൽ, ഞാൻ വിജയുടെ കയ്യിൽ തുരുതുരാ ഇടിച്ചു…

“ഹഹഹ… താൻ ടെൻഷൻ ആകണ്ട…. ഞാൻ വെറുതെ പറഞ്ഞതാ ടോ…”

ഞാൻ കൈ പിൻവലിച്ചു…

“ബട്ട് യു റിയലി ലുക്ക് ഗോർജിയസ് ശ്രീ….”

ഞാൻ വിജയോടൊപ്പം നടന്നു….

“എന്താ വിജയ്… പെട്ടെന്ന് അമ്പലത്തിലേക്ക് വരാൻ തോന്നാൻ….”

“വെറുതെ…. താൻ പറഞ്ഞപ്പോൾ… വെറുതെയൊന്ന് കൂടാമെന്ന് കരുതി….

പിന്നെ… അമ്പലവും പരിസരവുമൊക്കെ കാണാമല്ലോ….”

“അല്ലാതെ ദേവിയെ തൊഴാൻ അല്ലേ…”

“ദേവിയോ….

ശ്രീ… ഈ പ്രപഞ്ചത്തിൽ ഈശ്വരൻ ഉണ്ടെങ്കിൽ, അത് എല്ലായിടത്തും ഉണ്ട്…. അമ്പലത്തിൽ മാത്രമല്ല….

അമ്പലത്തിൽ വരുന്നത്, അവിടുത്തെ അന്തരീക്ഷം…. അതിന്റെ ഒരു സമാധാനം…. അതിനു വേണ്ടിയാ…”

ദൂരെ അരയാലും അതിനോട് ചേർന്ന് ഒഴുകുന്ന തോടും കാണാം….

ചിപ്പിച്ചേച്ചിയുടെ വീട്ടിൽ നിന്ന് ആരും വരാതിരുന്നാൽ മതി…. വിജയുടെ കൂടെയെന്നെ കണ്ടാൽ പിന്നെ അത് മതി….

“ഇവിടം ഒരുപാട് മാറിയല്ലോ…. ഞാൻ നാല് വര്ഷം മുൻപ് കണ്ടതാ ടോ….”

“അതേയ്…. നടയടയ്ക്കും…. ഭംഗിയൊക്കെ പിന്നെ ആസ്വദിക്കാം….

പെട്ടെന്ന് വന്നേ മാഷ്….”

വിജയെ കൂട്ടി ഞാൻ അമ്പലത്തിലേക്ക് നടന്നു…

ദേവിയെ തൊഴുമ്പോൾ വിജയ് എന്റെ പിറകിൽ നിൽപ്പുണ്ടായിരുന്നു….

പുള്ളി പരിസരം നോക്കി നിൽക്കയാണോ, അതോ പ്രാർത്ഥിക്കയാണോ….

തൊഴുതിറങ്ങി…. ഞങ്ങൾ തിരികെ നടന്നു….

“ഈ നാട് വിട്ട് ഞാൻ അന്യനാട്ടിൽ കിടന്നിട്ട് എന്തിനാ… അല്ലേ….

ഇവിടത്തെ കാറ്റ് പോലും…. ഐ റിയലി മിസ്ഡ് ഇറ്റ് ശ്രീ….”

“പിന്നെ എന്തിനാ താൻ പോയത്…. ഇവിടെ തന്നെ നിന്നാൽ പോരായിരുന്നോ….”

അതിനുള്ള മറുപടി കിട്ടിയില്ല…

വിജയ് മറ്റേതോ ലോകത്തായിരുന്നു….

“ടോ…. താൻ ആ അരയാൽ നോക്ക്….

നമുക്ക് അവിടേക്ക് നടന്നാലോ….

ഞാൻ പണ്ട് ഇവിടെ എന്ത് മാത്രം പോക്രിത്തരം കാട്ടിയതാണെന്നോ…”

വിജയുടെ ഓരോ ഭാവങ്ങളും നോക്കി ഞാനും ഒപ്പം കൂടി…. നാട് വിട്ട് മാറി നിന്നാൽ നാടിനോട് ഇത്ര സ്നേഹം കൂടുമോ….

“നല്ല ഓർമയാണല്ലോ വിജയ് തനിക്ക്….”

“യെസ്…. ഇതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല ടോ….

ഇതൊക്കെയാണ് ലൈഫ്….. ഇവിടെയാണ് ശരിക്കും ലൈഫ്…. ഐ ക്യാൻ ഫീൽ ഇറ്റ് ശ്രീ….”

ഞാൻ വിജയോടൊപ്പം അരയാലിന്റെ അടുക്കലേക്ക് നീങ്ങി…

“തനിക്കറിയോ…. ഈ വള്ളികൾക്കൊന്നും പണ്ട് ഇത്രയും നീളം ഉണ്ടായിരുന്നില്ല….

ഞങ്ങൾ കഷ്ടപെട്ടാ തോട് മുറിച്ച് കടന്നിരുന്നേ….”

“ഇപ്പോൾ ഈ വള്ളിയിൽ പിടിച്ചാ എല്ലാരും നടക്കുന്നേ….”

“നമുക്ക് അവിടെ ഇരുന്നാലോ…. കുറച്ചു നേരം….”

തോടിന് കുറുകെ കിടന്ന തെങ്ങും തടിയിലേക്ക് വിജയ് വിരൽ ചൂണ്ടി….

“ടോ…. തനിക്ക് വൈകോ….”

“സാരമില്ല…. അമ്മയോട് ഞാൻ പറഞ്ഞോളാം….”

ഇനിയെന്നാ വിജയെ കാണുകയെന്ന് കൂടി അറിയില്ല…. ഇതിന്റെ പേരിൽ പ്രശ്നമുണ്ടായാൽ വരുന്നിടത്ത് വച്ച് നോക്കാം….

വിജയ് എനിക്കും മുന്നേ തോടിനു കുറുകെയുള്ള തെങ്ങും തടിയിൽ സ്ഥാനമുറപ്പിച്ചു…. എന്നെയും ഒപ്പം പിടിച്ചിരുത്തി…..

തെളിഞ്ഞ വെള്ളത്തിൽ ഞങ്ങൾ കൊച്ചു കുട്ടികളെ പോലെ കാലിട്ടടിച്ചു…. പരൽ മീനുകളെ കുഞ്ഞു കല്ലുകളെറിഞ്ഞ് പേടിപ്പിച്ചു….

ഒന്നും മിണ്ടാതെ ഞങ്ങൾ കുറെ നേരം എന്തൊക്കെയോ ചിന്തയിൽ മുഴുകിയിരുന്നു….

ഒരു പ്രശ്നവുമറിയാതെ…. നാളയെ കുറിച്ച് ചിന്തയില്ലാതെ…. മനസ് ഒരുപാട് ഫ്രീ ആയ പോലെ….

വിജയ് പറഞ്ഞതാണ് ശരി…. ഇതാണ് ലൈഫ്…

“ശ്രീ…. തനിക്കെന്നെ ഓർമയേ ഇല്ലേ…. ഒരൽപം പോലും…”

“തന്നെയോ….”

വിജയ് എന്തൊക്കെയാ പറയുന്നേ…

“എന്നെ താൻ മുൻപൊരിക്കലും കണ്ടിട്ടില്ലേ….”

“ഐ ഡോണ്ട് തിങ്ക് സോ…. എന്താ ഇങ്ങനെ ചോദിയ്ക്കാൻ….

തനിക്ക് എന്നെ അറിയോ…”

“പിന്നല്ലാതെ….

തന്റെ അമ്മയും എന്നെ പറ്റിയൊന്നും പറഞ്ഞിട്ടില്ലേ…. തന്റെ കസിൻ ചിത്രയും…”

“അമ്മയ്ക്ക് അറിയോ തന്നെ….?”

വിജയുടെ മുഖത്തു ഒരു ചെറു ചിരി മാത്രമുണ്ട്….

മറുപടി നൽകാതെ വിജയ് പെട്ടെന്ന് ചാടിയെഴുന്നേറ്റു….

“പ്രകൃതിയാസ്വദിച്ചത് മതി ട്ടോ….

വാ…. പോകാം….”

ഇതെന്താ പെട്ടെന്ന്… ഞാനാണോ ഇവിടെ ഇരിക്കാമെന്ന് പറഞ്ഞത്….

ഞാൻ വിജയുടെ പിറകെ നടന്നു…. വിജയ് കാറിലേക്ക് നടന്നു…

പോകാൻ മനസു വരാത്ത പോലെ….

“ബൈ വിജയ്….”

“ബൈ പിന്നെ പറയാം…. താൻ വന്ന് വണ്ടിയിൽ കേറ്…

ഞാൻ ഡ്രോപ്പ് ചെയ്യാം….”

“വേണ്ട… എനിക്ക് കുറുക്കു വഴിയേ പോകാൻ പറ്റും…. അടുത്താ…

പിന്നെ ഈ കോലത്തിൽ എന്നെ തന്നോടൊപ്പം ആരും കാണാതിരിക്കുന്നതാ നല്ലത്….”

“ഇങ്ങനെ പേടിച്ചാൽ താൻ ജീവിതകാലം മുഴുവനും പേടിക്കും ശ്രീ…..

താൻ കേറുന്നോ… അതോ ഞാനിവിടെ സമരം ചെയ്യണോ….”

വിജയോട് പറഞ്ഞിട്ട് കാര്യമില്ല…. നിന്ന് വൈകിക്കാതെ, ഞാൻ വണ്ടിയിൽ കയറി….

കുട്ടേട്ടന്റെ കടയ്ക്ക് മുന്നിൽ വണ്ടി പാർക്ക് ചെയ്‌ത്‌ വിജയ് എന്നോടൊപ്പം ഇറങ്ങി….

വിജയ് ഇതെങ്ങോട്ടാ…

“എവിടെക്കാ….”

“തന്റെ വീട്ടിലേക്ക്…”

“എന്തിന്…”

“തന്റെ അമ്മയെ കാണാൻ….”

“അതാ… എന്തിനെന്ന്….”

“ശ്ശെടാ… ഞാൻ ഉമയാന്റിയെ കാണുന്നതിൽ തനിക്കെന്താ….”

എന്റെ അമ്മയുടെ പേരും അറിയോ…

ഈശ്വരാ…. കുട്ടേട്ടന്റെ കട മൊത്തം ഞങ്ങളെയാണല്ലോ നോക്കുന്നത്….

അമ്മ കയ്യിൽ എന്തൊക്കെയോ തുണിയുമായി നിൽക്കുകയാണ്…. അമ്മയോടെന്താ പറയാ….

“ഉമയാന്റി….”

അമ്മ വിജയെ അടിമുടി നോക്കുന്നുണ്ട്…. ഞാൻ വിളിച്ചു കൊണ്ട് വന്നതല്ല അമ്മേ…. എന്നോട് ചോദിക്കരുത്….

“എടാ വിച്ചു… നിയ്യോ….

ശ്രീക്കുട്ടി പറഞ്ഞ്, നിന്റെ വിശേഷങ്ങളൊക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു….”

വിജയ് അമ്മയെ കെട്ടിപിടിച്ചു…. അമ്മ വിജയുടെ തലയിൽ തലോടുന്നുണ്ട്….

ഇവർക്ക് ഇത്രയും പരിചയുമുണ്ടോ….

“ഒരു മാറ്റവുമില്ല… ചന്ദ്രേട്ടന്റെ അതേ പൊക്കം….

പക്ഷേ ആ കണ്ണും ചിരിയും… അത് നിർമ്മലയുടെ തന്നെ…. നിർമല എവിടെ….”

അമ്മയുടെ ഉറ്റചങ്ങാതിയാണ് നിർമല ആന്റി…

“അമ്മയെ കൂട്ടീലാ…. ഇനി വരുമ്പോൾ ഞാൻ കൊണ്ട് വരാം ആന്റി….”

“നീ ഇവന്റെ കൂടെയാണോ അമ്പലത്തിൽ പോയത് ശ്രീക്കുട്ടി…”

ഈ ചോദ്യം എന്നോടാണല്ലോ….

അമ്മയോട് പറഞ്ഞിട്ട് പോയാൽ മതിയാരുന്നു….

“അതെ ആന്റി…. ഞാനാണ് ശ്രീയെ നിർബന്ധിച്ചത്…. പഴയ പോലെ വഴിയൊന്നും ഇപ്പോൾ പിടിയില്ല….”

“എന്നോട് പറയാറുണ്ട്… നിന്റെ കാര്യങ്ങളൊക്കെ….

ആൾക്കാര് പലതും പറയും…. എന്റെ മോളെയും നിർമ്മലയുടെ മോനെയും എനിക്ക് അറിയാവുന്നതല്ലേ….

അതൊന്നും നിങ്ങൾ കാര്യമാക്കണ്ട മക്കളേ…..”

“നമ്മുടെ നാട്ടുകാരല്ലേ….എനിക്കറിയാം ആന്റി.

എന്നാൽ ഞാൻ ഇറങ്ങട്ടെ…..

പിന്നൊരിക്കൽ എല്ലാരേയും കൂട്ടി വരാം….”

“മോനെ…. എന്തെങ്കിലും കഴിച്ചിട്ട്….”

“ഞാൻ ഇനിയും വരുമല്ലോ…. അപ്പോളാകാം….

ബൈ ശ്രീ….”

വിജയ് പോയിക്കഴിഞ്ഞ്, ഞാൻ അമ്മയുടെ അടുക്കൽ നടന്നു….

“നിർമല ആന്റിയുടെ മോനാണോ അമ്മേ വിജയ്…”

“നിനക്കിത്രേം നാൾ ആയിട്ട് മനസിലായില്ലേ….

നിങ്ങൾ ഒരുമിച്ച് കളിച്ചു വളർന്നതല്ലേ….

മോളുടെ അച്ഛൻ മരിച്ചതിനു ശേഷമല്ലേ, ഒരു പെൺകുട്ടിയുള്ളത് കൊണ്ട്, ആൾക്കാരൊന്നും പറയണ്ടാന്ന് കരുതി, നിർമല ഇവിടെ വരാതായത്…..

അവന്റെ വഷളത്തനം കൂടിയപ്പോൾ, നിർമല എന്നോടാ വന്നു പറഞ്ഞത്…. ഒന്ന് ഉപദേശിക്കാൻ….

ഞാൻ പറഞ്ഞാൽ അവൻ പണ്ടേ കേൾക്കും…. എന്നോട് വലിയ കാര്യമാ…. ചെറുപ്പത്തിൽ കുറുമ്പ് കാണിക്കുമ്പോൾ, ഒരുപാട് വട്ടം തല്ല് കിട്ടാതെ ഞാൻ നോക്കീട്ടുണ്ട്…. അതിന്റെ സ്നേഹം….

ഞാൻ അവനോട് സ്നേഹത്തോടെ പറഞ്ഞു…. പോയി രക്ഷപ്പെടാൻ…. അങ്ങനെ പോയതാ അവൻ നാടും വീടും ഒക്കെ വിട്ട്….

ഒട്ടും മാറിയിട്ടില്ല ആ കുട്ടി…. പഴയ അതേ സ്നേഹം അതിനിപ്പോഴും ഉണ്ട്….”

എനിക്ക് മൂന്ന് വയസുള്ളപ്പോൾ അച്ഛൻ പോയതാ….

വിജയെ കണ്ട ഓര്മ കൂടിയില്ല…

ഇപ്പോഴല്ലേ മനസിലായത്…. വിജയെ അറിയാവുന്നത് കൊണ്ടാണ് അമ്മയിത് വരെ സപ്പോർട്ട് ചെയ്‌തത്‌ എന്ന്….

ഇതൊന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ, വെറുതെ ടെൻഷൻ അടിക്കണ്ടായിരുന്നു….

* * *

ഈ വർക്ക് കൂടി കഴിഞ്ഞാൽ വീട്ടിലേക്ക് വിടാം…

എന്തോ ഉണ്ടല്ലോ…. പെട്ടെന്ന് എല്ലാര്ക്കും ഒരു സന്തോഷം….

“എന്താ നിമ്മീ… എന്തുണ്ടായി…”

“സാലറി കെയിം…. ചെക്ക്…. ചെക്ക്… ചെക്ക്….”

ശമ്പളം വന്നോ….

ഫോൺ എവിടെ….

വൺ മെസ്സേജ് റിസീവ്‌ഡ്…. യെസ്…. സാലറി ക്രെഡിറ്റഡ്….

ഈശ്വരാ… എന്റെ ആദ്യത്തെ ശമ്പളം….

27300 രൂപ… എന്റെ വിയർപ്പിന്റെ തുക….

എന്തൊക്കെയാ ചെയ്യേണ്ടത്….

അമ്മയ്ക്ക് എന്തെങ്കിലും വാങ്ങണം…. പിന്നെ വിജയ്ക്ക് ട്രീറ്റും കൊടുക്കണം…

ശമ്പളം കിട്ടിയ സന്തോഷത്തിൽ ഓരോരുത്തരായി നേരത്തെ തന്നെ ഓഫീസ് ഒഴിഞ്ഞു…

ഞാൻ ഫോണെടുത്തു വിജയെ ഡയൽ ചെയ്‌തു….

“പറയെടോ….”

“വിജയ്…. താൻ തിരക്കിലാണോ…. ഒരുമിച്ച് പോയാലോ ഇന്ന്….”

“മാഡത്തിന് നാട്ടുകാരുടെ പേടിയൊക്കെ മാറിയോ…”

“ഇന്നൊരു ദിവസം പേടിയില്ല….”

“എന്തോ ഉണ്ടല്ലോ കാര്യം… എന്താടോ….”

കാര്യമറിയാതെ വിജയ് പിടിതരില്ല….

“വിജയ്… ക്യാൻ വി ഗോ ഫോർ ഷോപ്പിംഗ്….താൻ ഫ്രീ ആണെങ്കിൽ….”

“ഹേയ്… സാലറി കിട്ടിയല്ലേ… കൺഗ്രാറ്സ് ശ്രീ….

അപ്പോൾ ഇന്ന് ട്രീറ്റ്……!!

താൻ പുറത്തേക്ക് വാ… ഞാൻ വണ്ടിയെടുക്കട്ടെ….

ഒരു മിനിറ്റേ…. ടാ കൂട്ടൂസേ…. ബാക്കി സാധനങ്ങൾ ആ പിക്ക് അപ്പിൽ കേറ്റി, നീ വിട്ടോ…. ഞാൻ വന്നേക്കാം…

ഇനി താൻ പറ….”

“അതാരാ… പുതിയൊരാൾ….”

“ജോലിക്ക് നിൽക്കുന്ന പയ്യനാ… തന്റെ കമ്പനി കിട്ടാതായപ്പോൾ ഞാൻ അപ്പോയ്ന്റ് ചെയ്തതാ….

അവനാ ഇപ്പോൾ സാധനങ്ങൾ കൊണ്ടു വരുന്നേ…. ഞാൻ വല്ലപ്പോഴും കണക്ക് നോക്കാൻ വേണ്ടി ഇറങ്ങും….

താൻ എവിടെയാ…. പുറത്തെത്തിയോ…”

“യെസ്… തന്നെ കാണുന്നില്ലല്ലോ… ആ… കണ്ടു… ദാ വരുന്നു…”

കാറിൽ കയറി, ഡോർ ഞാൻ വലിച്ചടച്ചു….

അന്ന് വീട്ടിൽ വന്നതിൽ പിന്നെ, ഇന്നാണ് വിജയെ കാണുന്നത്… ഇയാൾക്ക് മാത്രമെന്താ ഇത്ര പോസിറ്റീവ് എനർജി…

ആളാകെ മാറിയ പോലെ… മുണ്ട് അല്ലാത്തത് കൊണ്ടാണോ….

“നെക്സ്റ്റ്….?”

വിജയുടെ ചോദ്യം എനിക്ക് മനസിലായില്ല….

“എന്താ ഉദ്ദേശിച്ചത്….”

“എവിടെക്കാ പോകേണ്ടതെന്ന് പറഞ്ഞാലും ശ്രീക്കുട്ടി എന്ന്….”

“ഹഹഹ…. താനെന്തിനാ എന്നെ ശ്രീ എന്ന് വിളിക്കുന്നേ….

എല്ലാരും എന്നെ ബാലയെന്നാ വിളിക്കുന്നേ….”

“ആന്റി അന്ന് കല്യാണത്തിന് തന്നെ വിളിക്കുന്ന കേട്ടു….

പറയും പോലെ…. ആന്റി എന്ത് പറഞ്ഞു, എന്നെ പറ്റി….”

“അമ്മയെന്ത് പറയാൻ…. ഒന്നും പറഞ്ഞില്ലല്ലോ….”

ഞാനൊരു കള്ളഭാവം നടിച്ചു….

“അങ്ങനെ വരാൻ വഴിയില്ലല്ലോ….”

“അങ്ങനെ വരാൻ വഴിയുണ്ടല്ലോ….”

സത്യമാണോ എന്നർത്ഥത്തിൽ, വിജയ് എന്നെ നോക്കി…. ഞാൻ ഒന്ന് ചിരിച്ചതേ ഉള്ളൂ…

“ഉം…. കള്ളം ഒന്നും ചെയ്യാൻ അറിയാത്ത ഒരു പാവം ശ്രീ ഉണ്ടായിരുന്നു…. ഇപ്പോൾ എവിടെയാണോ ആവോ….”

ഓരോന്ന് പറഞ്ഞ് ചിരിച്ചു, വണ്ടി മാൾ ഓഫ് ട്രാവൻകൂറിൽ എത്തി നിന്നു….

പാർക്ക് ചെയ്‌ത്‌, ഞങ്ങൾ പുറത്തിറങ്ങി….

“ആന്റിയ്ക്ക് എന്താ വാങ്ങുന്നേ….”

“സാരി….”

“റിലയൻസ് ട്രെൻഡ്സിൽ കേറിയാലോ….”

“എവിടെ ആയാലും മതി…. ഞാൻ ആദ്യമായിട്ടാ ഇവിടെ….”

വിജയ് എന്നെയും കൂട്ടി, ട്രെൻഡ്സിൽ കേറി….

“വിജയ്…. തനിക്കും കൂടി ഒരു ഷർട്ട് നോക്കോ…. എന്റെ ട്രീറ്റ്….!”

“അയ്യടാ… അങ്ങനെ ഒരു ഷർട്ടിലൊന്നും എന്നെ ഒതുക്കാമെന്ന് താൻ കരുതണ്ട….”

“വേറെന്താ….”

ശമ്പളം മുഴുവൻ തീർക്കോ വിജയ്….

“എന്റെ ട്രീറ്റ്…. ഞാനും ആലോചിക്കുന്നതേ ഉള്ളൂ…. എന്തായാലും ഇന്ന് വേണ്ട….”

“എന്നാലും ഒരു ഷർട്ട്…. എന്റെ ഫസ്റ്റ് സാലറി…. പ്ളീസ്…. എനിക്ക് വേണ്ടി….”

“ഓക്കേ….ബട്ട് ട്രീറ്റ് അല്ല…. എന്നാൽ അമ്മയ്ക്ക് മാത്രമാക്കണ്ട…. താനും എടുക്ക് തനിക്ക് ഒരെണ്ണം….”

“എന്റെ ശമ്പളത്തിൽ, എനിക്കെന്തിനാ….”

“അതൊന്നും പറഞ്ഞാൽ പറ്റില്ല….. നമ്മൾ നമ്മളെ മറക്കാൻ പാടില്ല…. പോയെടുക്ക്… തനിക്കും കൂടി….”

ആയിക്കോട്ടെ…. ഞാൻ സമ്മതിച്ചു….

നീല നിറത്തിൽ കടുംനീല കര വയ്ച്ച സാരി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു… അമ്മയ്ക്ക് നന്നായി ചേരും…

എനിക്കെന്താ എടുക്ക….

വിജയ് അപ്പോഴേക്കും ഒരു ബ്ലാക്ക് ഷർട്ട് ട്രൈ ചെയ്‌ത്‌ വന്നു….

ഞാൻ കൈ കൊണ്ട് സൂപ്പർബ് എന്ന് കാണിച്ചു….

വിജയ് അടുത്തത് ട്രൈ ചെയ്യാൻ പോയി….

എനിക്കെന്താ എടുക്ക…. ദാവണിയെടുക്കാൻ അമ്മയുടെ ഒപ്പം തന്നെ വരണം…. ഇവിടെ കിട്ടോന്നും അറിയില്ല….

“താൻ എടുത്തില്ലേ….”

“അതാ നോക്കുന്നേ…. എനിക്ക് ഞാൻ പിന്നെ എടുത്തോളാം വിജയ്…

തന്റെ കഴിഞ്ഞോ….”

“ഞാൻ ആ ബ്ലാക്ക് തന്നെ ഫിക്സ് ചെയ്തു….

താൻ വാ…. തനിക്ക് ഞാൻ കാണിച്ചു തരാം….”

വിജയ് എന്നെയും കൂട്ടി വെസ്‌റ്റേൺ വിയറിന്റെ അടുത്തേക്ക് നടന്നു….

“ഏയ്… ഞാൻ ഇതൊന്നും എടുക്കില്ല…. ഇതും ഇട്ടോണ്ട് നാട്ടിൽ ആരേലും കണ്ടാൽ പിന്നെ… നല്ല കഥ….”

“ടോ…. തനിക്ക് ഇപ്പോഴും നാട്ടുകാരെ പേടിയാണോ….”

വിജയ് എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്….

“ടോ…. എനിക്ക് വേണ്ടി…. ജസ്റ്റ് വൺസ്….

അറ്റ് ലീസ്റ്റ് ട്രൈ ആൻഡ് സീ….”

വിജയുടെ നിർബന്ധത്തിൽ ഞാൻ പലതും ട്രൈ ചെയ്തു…. ഒടുവിൽ അതിലൊന്ന് ഞാൻ സെലക്റ്റും ചെയ്‌തു….

“ഇനിയെന്തെങ്കിലും ഉണ്ടോ തനിക്ക് മേടിക്കാൻ….”

“ഇല്ല… എല്ലാം കഴിഞ്ഞു വിജയ്…. ബാക്കി കാശ് അമ്മയുടെ കയ്യിൽ അത് പോലെ കൊടുക്കണം….

അടുത്ത സാലറി കിട്ടിയിട്ട്, ദേവൂന് കൂടി വാങ്ങണം…”

“താൻ ഇതൊക്കെ പിടിച്ചു ഇവിടെ നിൽക്ക്…. ഞാൻ പേ ചെയ്തിട്ട് വരാം….”

“മാഷെന്താ പറഞ്ഞേ….

അതേയ്…. ഇതെന്റെ സാലറി കിട്ടിയിട്ട് ഞാൻ വാങ്ങുന്നതാ….

ഇതിന് ഞാൻ തന്നെ കാശ് കൊടുത്തോളാം…. കേട്ടോ….”

പേ ചെയ്യാനുള്ള ക്യുവിൽ പിറകിലായി ഞാനും നിന്നു…

“ഓക്കേ… താൻ എടുത്തതിന് താൻ കൊടുത്തോ…. ഞാൻ എടുത്തതിന് ഞാൻ കൊടുക്കാം….”

വിജയ് അതിന് എന്താ എടുത്തത്…. എന്റെ ടോപ്പും തട്ടിപ്പറിച്ച് വിജയ് എനിക്ക് പുറകിൽ ക്യുവിൽ വന്ന് നിന്നു….

വിജയ് ആസ് ആൽവേയ്സ്…! ഒന്നും പറഞ്ഞിട്ട് കാര്യമില്ല….

ബാഗുകൾ താങ്ങി, ഞങ്ങൾ കാറിലെത്തി, വണ്ടി തിരിച്ചു…

എന്റെ വലിയൊരു ആഗ്രഹമായിരുന്നു, എന്റെ സ്വന്തം കാശിൽ അമ്മയ്ക്ക് എന്തെങ്കിലും വാങ്ങണം എന്നത്… അത് നടന്നു….

കുട്ടേട്ടന്റെ കടയെത്തിയതും, വിജയ് വണ്ടി നിർത്തി….

“വിജയ്…. ഒരു മിനിറ്റ്…. ഞാൻ ഇവിടെ കുറച്ചു കാശ് കൊടുക്കാനുണ്ട്….

അത് കൊടുത്തിട്ട് വന്ന്, ഞാൻ വണ്ടിയിൽ നിന്ന് സാധനങ്ങൾ എടുത്തോളാം….”

ഹാൻഡ് ബാഗും എടുത്ത് ഞാൻ കടയിലേക്ക് നടന്നു… മുൻപ് സാധനം വാങ്ങിയ കാശും കൊടുത്ത് തിരികെ കാറിലേക്ക് നടന്നു….

ചായക്കടയിലെ പുതിയ വിഷയം കേട്ട് എനിക്ക് ചിരി വന്നു…. പ്രതീക്ഷിച്ച പോലെ ഞാൻ അല്ല….

“എന്താ ടോ ഇത്ര ചിരിക്കാൻ….”

“കുട്ടേട്ടന്റെ കടയിലെ സംസാരം… അത് കേട്ട് ചിരിച്ചതാ….”

“ആരാ ഇന്നത്തെ ലക്കി പേഴ്‌സൺ….”

“താൻ തന്നെ…. ഹഹ….”

“ഹഹ…. എന്നെ പറ്റി ഒരുപാടുണ്ടല്ലോ…. അതിലെന്താ….”

“ചന്ദ്രേട്ടന്റെ പേർഷ്യയിൽ പോയ ചെക്കനല്ലേ ആ കാറിൽ എന്ന് ആരോ ചോദിച്ചു… ഞാൻ അപ്പോഴേക്കും കാശും കൊടുത്ത് പോന്നു….”

“ഇവരെയൊന്നും ഒരു കാലത്തും മാറ്റാൻ പറ്റില്ല….”

“എന്നാൽ ഞാൻ പോട്ടേ വിജയ്….”

“ഇനിയെന്നാ തന്നെയിങ്ങനെ ഒന്ന് കാണാൻ കിട്ടാ…”

“വിച്ചു വിളിക്ക്…. ഞാൻ വരാം….”

“വിച്ചുവോ…. വിച്ചുവേട്ടൻ എന്നെങ്കിലും വിളിക്കെടോ….

പണ്ട് താൻ അങ്ങനെയൊക്കെയാ വിളിച്ചിരുന്നേ…”

“വിച്ചുവേട്ടനോ…. അതിനുള്ള മച്യുരിറ്റി ഒന്നും തനിക്കില്ല വിജയ്….”

എന്താ മറുപടിയൊന്നും ഇല്ലാത്തത്….

വിജയ് എന്നെ നോക്കി എന്തൊക്കെയോ മനസ്സിൽ കണക്കു കൂട്ടുകയാണെന്ന് എനിക്ക് മനസിലായി…

ഈ തക്കത്തിന് വണ്ടി വിട്ടേ പറ്റൂ…. ഇനി ഇവിടെ നിന്നാൽ ശരിയാകില്ല….

ഞാൻ മെല്ലെ ഡോർ തുറന്ന് പുറത്തിറങ്ങാൻ നോക്കി….

ഡോർ തുറക്കാൻ പറ്റുന്നില്ല….

“വിജയ്…. ലോക്ക് തുറക്ക്….”

“താൻ ആർക്കാ മച്യുരിറ്റി ഇല്ലാന്ന് പറഞ്ഞേ…. കേൾക്കട്ടെ…”

“ആര് എന്ത് പറഞ്ഞു…. ഞാൻ ഒന്നും പറഞ്ഞിട്ടില്ല….”

“ഇപ്പോൾ അങ്ങനെയായോ…. അസൽ കുറുമ്പത്തി…”

ഞാൻ ലോക്ക് മുകളിലേക്ക് ഉയർത്താൻ നോക്കിയതും, വിജയുടെ കൈ എന്റെ കൈത്തണ്ടയിൽ തന്നെ വീണു….. “എന്നെ എന്താ വിളിക്കുമെന്ന് പറഞ്ഞേ… ഒന്നു കൂടി പറ…”

“വിജയ്… ഞാൻ ഉറക്കെ കരയും…. ആൾക്കാർ ഓടിക്കൂടും….”

“ഓടിക്കൂടട്ടെ… ഒന്ന് കാണണമല്ലോ…”

“ഉറപ്പായും കരയും….”

വിജയ് അപ്പോഴും എന്നെ നോക്കി ചിരിക്കുന്നുണ്ട്…

പെട്ടന്നായിരുന്നു കാറിന്റെ ഗ്ലാസിൽ ആരോ വന്ന് മുട്ടിയത്…

കൈയിലെ പിടി വിട്ട്, വിജയ് ഗ്ലാസ് ഡോർ മെല്ലെ താഴ്ത്തി…

ഒരു താടിക്കാരൻ ചേട്ടനും ചുറ്റും കുറെ ആൾക്കാരും….

“എന്താ ഇവിടെ…. കൊറേ നേരമായല്ലോ രണ്ടും കൂടി….”

“എന്താ ചേട്ടാ…. എന്താ പ്രശ്നം….”

വിജയ് ഡോർ തുറന്ന് പുറത്തേക്കിറങ്ങി….

ഈശ്വരാ… പ്രശ്നമാകുമോ….

വിൻഡോയിലൂടെ വിജയ് എന്നെ നോക്കി…

“ശ്രീ… താൻ അവിടെ തന്നെ ഇരിക്ക്…. ഐ വിൽ മാനേജ് ദിസ്….”

ഞാൻ എന്താ ചെയ്യേണ്ടേ…. ആൾക്കാരൊക്കെ കൂടുന്നുണ്ട്….

എന്റെ കൈ വിറയ്ക്കുന്നുണ്ട്…

കൂട്ടത്തിൽ മുന്നിട്ട് നിന്നൊരാളെ ഞാൻ കണ്ടു…. പൊക്കം കുറഞ്ഞിട്ട് കഷണ്ടിയുള്ള ഒരാൾ…

എന്റെ വല്യച്ഛൻ….!!

(തുടരും)

 

Click Here to read full parts of the novel

3.9/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!