Skip to content

ശ്രീബാല – 8

ശ്രീബാല

“വിജയ് തന്നെ ഒരിക്കലും ചതിക്കില്ല….!!!”

മനസ്സിൽ നിന്നും മായുന്നില്ല…. എന്നെ ചതിക്കാതിരിക്കാൻ, മറ്റൊരാളെ ചതിക്കണോ….

മറ്റൊരാളുടെ ജീവിതം തട്ടിയെടുത്തു കൊണ്ട് വേണോ ഈ വിവാഹം….

എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല…

ഇന്ന് ഈ രാത്രി കൂടി കഴിഞ്ഞാൽ…. നാളെ എന്റെ വേളി….

കൂടി നിൽക്കുന്ന ബന്ധുക്കൾക്ക് അറിയില്ല, എന്റെ ഉള്ളിലെ വേവലാതി….

സ്വീകരണച്ചടങ്ങ് കഴിഞ്ഞതും ഞാൻ എന്റെ മുറി ലക്ഷ്യമാക്കി നടന്നു….

ഉള്ളിലെ ചോദ്യത്തിന് ആക്കം കൂടും പോലെ…. ഈ വിവാഹം…. ഇത് വേണോ….

എനിക്കും മുൻപേ വല്യമ്മ മുറിയിലുണ്ട്….

ഇന്ന് കൂടി കഴിഞ്ഞാൽ ഈ കൂട്ടുകിടപ്പും കാണില്ല….

പണ്ടങ്ങൾ ഊരി വയ്ച്ചു, ഞാൻ കുളിച്ചു വന്നു….

“എല്ലാരേയും പോലെ ബസിൽ പോണോ…. അതോ ബൈക്കിൽ പോണോ… അത് തീരുമാനിക്കേണ്ടത് താൻ തന്നെയാണ് ശ്രീ….!!”

വിജയ്…. താൻ എന്നെ വേട്ടയാടുകയാണ്…

എല്ലാം മറന്നൊന്ന് ഉറങ്ങാൻ കഴിഞ്ഞെങ്കിൽ ….

“മോളെ… ശ്രീ….”

അമ്മ….. എന്റെ നെഞ്ചിടിപ്പ് മെല്ലെ കുറയുന്നുണ്ട്….

“ഉമ എന്താ ഇവിടെ…”

“സുമേച്ചി ഇന്ന് ഇവിടെ കിടക്കേണ്ട…. അപ്പുറത്തെ മുറിയിൽ പൊയ്‌ക്കോളൂ…”

“ഞാൻ എവിടെ കിടക്കണമെന്ന് പറയാൻ നീയാരാ….”

“എനിക്ക് എന്റെ കുഞ്ഞിന്റെ കൂടെ ഈ ഒരു ദിവസമെങ്കിലും കിടക്കണം സുമേച്ചി….”

ഊതി വീർപ്പിച്ച മുഖവുമായി വല്യമ്മ ഞങ്ങളെ മാറി മാറി നോക്കുന്നുണ്ട്…..

“പ്ളീസ് വല്യമ്മേ…. ഇന്നൊരു ദിവസം… എനിക്ക് എന്റെ അമ്മയുടെ കൂടെ കിടക്കണം….”

കണ്ണിലെ ഇറ്റു വീഴാറായ കണ്ണുനീർ തുള്ളി കൂടി കണ്ടപ്പോൾ വല്യമ്മയുടെ മനസ് അലിഞ്ഞ പോലെ….

പായും ചുരുട്ടി കക്ഷത്താക്കി വല്യമ്മ പോയി…

ഉടനെ തന്നെ പുറത്ത് ആരും ഇല്ലെന്ന് ഉറപ്പു വരുത്തി, വാതിൽ അമ്മ താഴിട്ടു പൂട്ടി….

“അമ്മേ….”

ഉള്ളിൽ അടക്കി വച്ച സങ്കടം അണ പൊട്ടി കുത്തിയൊലിക്കുന്നുണ്ട്…..

അമ്മ മെല്ലെ എന്തോ എന്റെ കൈക്കുള്ളിൽ തിരുകുന്നുണ്ടല്ലോ…..

“സുമേച്ചി കാണാതെ ഞാൻ എടുത്ത് വച്ചതാ….”

എന്റെ ഫോൺ….

ഇനിയിത് കിട്ടിയിട്ട് എന്തിനാ….

“എന്റെ കുട്ടി ഇങ്ങനെ കഷ്ടപ്പെടുന്നത് കാണാൻ അമ്മയ്ക്ക് വയ്യ…. മോള് ഇപ്പോൾ തന്നെ ഇവിടുന്ന് പൊയ്‌ക്കോളൂ…”

എങ്ങോട്ടെങ്കിലും ഇറങ്ങി പോകണമെന്ന് എനിക്കും തോന്നാതിരുന്നില്ല…. പക്ഷേ….

“അമ്മയെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ടോ….”

“അമ്മയെ കുറിച്ച് എന്റെ മോള് ഒന്നും ചിന്തിക്കണ്ട…. അമ്മയെ അവർ ഒന്നും ചെയ്യില്ല….”

“ഇല്ല…. അമ്മയെ ഒറ്റയ്ക്ക് ഇവിടെ….”

“ശ്രീക്കുട്ടി…. അമ്മയെ കുറിച്ചു ആലോചിച്ചു നില്ക്കാൻ സമയമില്ല….

എല്ലാരും മയങ്ങി തുടങ്ങി…. മോള് അഭിനവിനോട് വിളിച്ചു പറ… നിങ്ങൾ എവിടെയെങ്കിലും പോയി രക്ഷപ്പെട്….”

അഭിനവ്….?

അമ്മയോട് ഞാൻ ഒന്നും പറഞ്ഞിട്ടില്ലായിരുന്നു…. തീരുമാനങ്ങൾ ഒക്കെ പെട്ടെന്നായിരുന്നുവല്ലോ….

മാധവമ്മാമയെ പോലെ നല്ലവനാണ് അഭിയെന്ന് അമ്മയും കരുതിക്കാണും…

“അമ്മേ…. അമ്മയെ സങ്കടപ്പെടുത്തണ്ട എന്നു കരുതിയാ ഞാൻ ഇത്രയും നാൾ ചോദിക്കാത്തത്…

അമ്മയും മാധവമ്മാമയും തമ്മിൽ….”

“മോള് കേട്ടതൊക്കെ ശരിയാ….

അതിൽ അമ്മയ്ക്ക് സങ്കടമൊന്നും ഇല്ല…. അല്ലെങ്കിലും കഴിഞ്ഞതിനെ കുറിച്ചോർത്തു വിഷമിച്ചിട്ട് ആർക്ക് എന്ത് ലാഭം….

എന്റെ മോൾക്ക് അങ്ങനെ ഒരു ഗതി വരാതിരിക്കാനാ അമ്മ പറയുന്നത്…. മോള് ഇവിടെ നിൽക്കണ്ട….”

“അമ്മയ്ക്കും പോയി രക്ഷപെട്ടു കൂടായിരുന്നോ…. മാധവമ്മാമയുടെ കൂടെ….”

“അമ്മ ശ്രമിക്കാഞ്ഞിട്ടല്ല….”

അമ്മയുടെ കണ്ണിൽ നിന്നും ജ്വലിക്കുന്ന കണ്ണീർ പുറത്തേക്ക് ചാടാൻ വെമ്പൽ കൊള്ളുന്നത് കാണാം….

“മാധവേട്ടൻ…. ഓര്മയുള്ള കാലം മുതൽ ഞാൻ മനസ്സിൽ കൊണ്ട് നടന്നതാ….

അന്തസായി അദ്ദേഹം വന്നു പെണ്ണ് ചോദിച്ചിട്ടും… ജാതി ചൊല്ലി…. എല്ലാരും എതിർത്തു….

ഞങ്ങളുടെ ബന്ധം നാട്ടിൽ പാട്ടായതോടെ, എനിക്കവർ മറ്റൊരു വേളി ഉറപ്പിച്ചു…. അമ്മായീടെ മോൻ ബാലേട്ടനുമായിട്ട്….”

“മരിച്ചു പോയ ബാലൻ കൊച്ചാപ്പനോ…”

ഞാൻ ഫോട്ടോയിൽ മാത്രം കണ്ടിട്ടുള്ള ആൾ…. പിന്നെ എങ്ങനെ അമ്മ അച്ഛനെ വിവാഹം കഴിച്ചു….

“അതെ…. ബാലേട്ടൻ മരിച്ചതല്ല മോളെ….

അത് ആത്മഹത്യ ആയിരുന്നു….

ഈ ഞാൻ കാരണം….”

“അമ്മയോ…”

“എനിക്ക് അറിയില്ലായിരുന്നു…. ബാലേട്ടന് എന്നോട് ഉള്ള ഇഷ്ടം….

വീട്ടിൽ ബാലേട്ടനുമായി ആലോചന മുറുകിയപ്പോൾ…. വേറെ വഴിയില്ലാതെ…. കല്യാണത്തലേന്ന് മാധവേട്ടന്റെ ഒപ്പം നാടുവിടാൻ തന്നെ ഞാൻ തീരുമാനിച്ചു….

ആ സങ്കടവും നാണക്കേടും താങ്ങാതെ… ബാലേട്ടൻ…. പോയി….”

“ആ ദേഷ്യത്തിനാണോ…. മാധവമ്മാമയുടെ കാല് അമ്മയുടെ വീട്ടുകാർ….”

“മോള് എങ്ങനെ അറിഞ്ഞു…. അത്….”

“അഭി പറഞ്ഞു…”

“കുടുംബങ്ങൾ തമ്മിലുള്ള വഴക്ക് അപ്പോൾ അവനും അറിയാമല്ലേ….

എനിക്കും തടയാൻ കഴിഞ്ഞില്ല മോളെ…

ബാലേട്ടൻ പോയ വേദനയിൽ…. വല്യേട്ടൻ ഞങ്ങളെ ആ രാത്രിയിൽ തന്നെ തേടിയെത്തി….

എന്റെ കണ്മുന്നിൽ വച്ചുതന്നെ വല്യേട്ടൻ…. മാധവേട്ടനെ വെട്ടി…

എന്നെ പിടിച്ചുകൊണ്ട് വന്ന് പൂട്ടിയിട്ടു….”

“മാധവമ്മാമ എന്നിട്ട് എപ്പോഴാ വിവാഹം കഴിച്ചത്….”

“ഞാൻ വീട്ടുതടങ്കലിൽ ആയപ്പോൾ മാധവേട്ടനെ വീട്ടുകാർ നിർബന്ധിച്ചു കല്യാണം നടത്തി….

അത് കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞ്, എന്നെയും മോളുടെ അച്ഛന്റെ തലയിൽ കെട്ടി വച്ചു….”

വീട്ടുതടങ്കൽ എനിക്ക് തന്നെ ഇങ്ങനെയാണെങ്കിൽ…. അമ്മയെ അവർ എന്തൊക്കെ ചെയ്തു കാണും….

“അച്ഛന് ഇഷ്ടമായിരുന്നോ വിവാഹത്തിൽ…..”

“മോളുടെ അച്ഛൻ അമ്മയുടെ ആരായിരുന്നു എന്നറിയോ….

എന്റെ ചെറിയമ്മേടെ മോൻ… ഞാൻ അത്രയും നാൾ സഹോദരനായി കണ്ടിരുന്ന മനുഷ്യൻ….

മോളുടെ അച്ഛനും എന്നെ അങ്ങനെ തന്നെ ആയിരുന്നു കണ്ടിരുന്നത്…. പക്ഷേ കുടുംബക്കാരുണ്ടോ കേൾക്കുന്നു….”

ഈശ്വരാ…..

ഗോകുലിനെ മറ്റൊരു രീതിയിൽ ചിന്തിക്കാൻ ഉള്ള ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം….

പാവം എന്റെ അമ്മ…. ജീവിതകാലം മുഴുവൻ….

“മോളുടെ അച്ഛൻ…. മരിക്കുമ്പോഴും കുറ്റബോധമായിരുന്നു…. ആ മനുഷ്യന്….

എന്റെ ജീവിതം നശിപ്പിച്ചതിൽ….”

എങ്ങനെ കുറ്റബോധം തോന്നാതിരിക്കും….

“എന്റെ മോള് എങ്കിലും ഇഷ്ടപെട്ട ആളുടെ കൂടെ ജീവിക്കണം….

അത് കൊണ്ടാ അമ്മ പറയുന്നത്…. കാര്യങ്ങൾ ഒക്കെ പറയുമ്പോൾ അവനു മനസിലാകും….”

അഭിയുടെ അടുത്തേക്കോ….

ഒരിക്കലുമില്ല….!!

“മോളുടെ കാർഡ് എവിടെ….”

“എടിഎം കാർഡ് ആ ബാഗിലുണ്ട്….”

കയ്യിൽ കിട്ടിയ രണ്ടു തുണി അമ്മ ആ ബാഗിൽ കുത്തിത്തിരുകി…. ബാഗ് എന്റെ കയ്യിൽ പിടിപ്പിച്ചു….

“മോള് പോയ്‌ക്കോ…. ഇനിയിവിടെ നിൽക്കണ്ട….

ഇവിടുത്തെ കാര്യങ്ങൾ ഒക്കെ അമ്മ നോക്കിക്കോളാം….”

അതെ…. പോകണം….

“ഞാൻ പോകുന്നു അമ്മേ…. അമ്മ സങ്കടപ്പെടരുത്….”

“അമ്മയ്ക്ക് സങ്കടം ഒന്നുമില്ല…. എന്റെ മോള് സന്തോഷമായി ഇരിക്കുന്നത് കണ്ടാൽ മതി അമ്മയ്ക്ക്…”

“ഞാൻ പോകുന്നത് അഭിയുടെ അടുത്തേക്കല്ല അമ്മെ…. ഞങ്ങൾ എല്ലാം ഉപേക്ഷിച്ചിട്ട് നാളുകളായി….

അമ്മയോട് എനിക്ക് പറയാൻ കഴിഞ്ഞില്ല….

പക്ഷേ ഇപ്പോൾ…. എനിക്ക് വിജയെ ഒരുവട്ടം കാണണം…..”

അമ്മയുടെ മുഖത്തെ ഞെട്ടലിനുള്ള മറുപടി എന്റെ കയ്യിൽ ഇല്ല…. അമ്മയെ ഇറുകി കെട്ടിപിടിച്ചു ബാഗുമെടുത്ത് ഞാൻ ഇറങ്ങി….

ഒച്ചയുണ്ടാക്കാതെ അമ്മ വാതിൽ ഉള്ളിൽ നിന്നും ചാരി….

ചുവടുകൾ സൂക്ഷിച്ചു വച്ച്…. മെല്ലെ…. ഞാൻ നടന്നു….

ഒരു കാൽ പെരുമാറ്റം…. ഇവിടെ ആരോ ഉണ്ട്….

പിറകിലേക്ക് തിരിഞ്ഞതും…. ഗോകുൽ….

ഞങ്ങളുടെ സംസാരം കേട്ടോ….

“താൻ പൊയ്‌ക്കോളൂ ബാല…. ഞാൻ ആരോടും പറയില്ല….”

സംഭാഷണം ഒക്കെ കേട്ടിട്ടുണ്ട്….

“ഞാൻ…. തന്നോട്….

എനിക്ക് എങ്ങനെ സോറി പറയണമെന്ന് അറിയില്ല….

നിങ്ങളുടെ സംസാരം കേട്ടപ്പോഴാ…. ഞാൻ ചെയ്യാൻ നോക്കിയതും വലിയ തെറ്റാണല്ലോ എന്ന് മനസിലായത്….”

“ഇപ്പോഴെങ്കിലും മനസിലായല്ലോ…. താങ്ക്‌സ്….”

ഗോകുൽ ആരോടെങ്കിലും പറയോ….

നിന്ന് വൈകിക്കാതെ ഞാൻ അടുക്കള വാതിൽ തുറന്ന്…. പുറത്തേക്കിറങ്ങി….

വിവാഹത്തിന് വേണ്ടി കെട്ടിയ പന്തൽ, പകൽ വെളിച്ചം നോക്കി നിൽപ്പുണ്ട്….

സമയം പതിനൊന്നു കഴിഞ്ഞു…. എന്നിട്ടും പാചകപ്പുരയിൽ അനക്കം കേൾക്കാം….

“ഉഴുന്ന് മുഴുവൻ വെള്ളത്തിൽ ഇപ്പോഴേ ഇട്ടേക്കാം….”

ശ്വാസം അടക്കി പിടിച്ചു, ചുറ്റുമുള്ള വസ്തുക്കളിൽ ഒന്നും തട്ടി ശബ്ദമുണ്ടാക്കാതെ…. ഞാൻ നീങ്ങി…

പിന്നാമ്പുറം കണ്ണോടിച്ചു…. ആരെയും കാണുന്നില്ല….

ബാഗ് മാറോട് ചേർത്തു പിടിച്ചു, എന്നാൽ കഴിയുന്ന വിധത്തിൽ, ഞാൻ ചുവടുകൾ പായിച്ചു….

പടിമുറ്റം കഴിഞ്ഞ് മതിൽക്കെട്ട് താണ്ടി….

ആരും കണ്ടിട്ടില്ല….

ഈശ്വരാ….

ഇനി എങ്ങോട്ട്….

നിലാവെളിച്ചത്തിൽ…. റോഡിലേക്കുള്ള വഴിയേ ഞാൻ നടന്നു….

കുട്ടേട്ടന്റെ കടയൊക്കെ അടച്ചു കഴിഞ്ഞു….

ഈ സമയത്ത് എന്നെ കണ്ടാൽ വിജയ് എങ്ങനെ പ്രതികരിക്കും….

രണ്ടും കൽപിച്ചു ഞാൻ വിജയെ ഡയൽ ചെയ്‌തു….

“ഉറങ്ങിയില്ലേ ഇത് വരെ താൻ….”

“ഇല്ല വിജയ്…. ഞാൻ വീട്ടിൽ അല്ല….

എനിക്ക് തന്നോട് സംസാരിക്കാനുണ്ട്…..”

“എവിടെയാ താൻ….”

“കുട്ടേട്ടന്റെ കടയുടെ മുൻപിൽ ഉണ്ട്…. ഇവിടെ ഇപ്പോൾ വേറെ ആരും ഇല്ല….”

“ഞാൻ ദാ വരുന്നു…. അവിടെ തന്നെ നിൽക്ക്….”

അഞ്ചു മിനിറ്റ് ആയില്ല…. വിജയ് എത്തി…. ബുള്ളറ്റിൽ….

“കേറെടോ….”

ഉള്ളിലെ മടി പുറത്തു കാണിക്കാതെ, ഞാൻ പുറകിൽ കയറി….

കോച്ചുന്ന തണുപ്പ്….

ബൈക്ക് സ്റ്റാർട്ട് ചെയ്‌ത്‌ കാറ്റ് വീശാൻ കൂടി തുടങ്ങിയപ്പോൾ, പിന്നെ പറയണ്ട….

പല്ല് കൂട്ടിയിടിക്കുന്നുണ്ട്….

“ശ്രീ…. തനിക്ക് അപ്പവും ബീഫും ഇഷ്ടമാണോ….”

അത് പിന്നെ…. വിശന്നിരിക്കുമ്പോൾ…. ഇതൊക്കെ കേട്ടാൽ തന്നെ….

“വിജയ്…. എനിക്ക് നല്ല വിശക്കുന്നുണ്ട്….

ടെൻഷൻ കാരണം ഒന്നും നേരെ ചൊവ്വേ കഴിക്കാൻ കൂടി പറ്റിയിട്ടില്ല….”

വായിലെ വെള്ളം ഞാൻ കുടിച്ചിറക്കി….

വീട്ടിലേക്കുള്ള വഴി മാറി, ബുള്ളെറ്റ് ചലിച്ചു….

ഒരു തട്ടുകട എത്തിയതും, താനേ നിന്നു….

“ചേട്ടാ…. രണ്ടു പ്ലേറ്റ് അപ്പവും ബീഫും….”

ബൈക്കിൽ നിന്ന് ഇറങ്ങും മുന്നേ വിജയ് വിളിച്ചു പറഞ്ഞു….

കൈ കഴുകി വരുമ്പോഴേക്കും ആ ചേട്ടൻ അപ്പം മുന്നിൽ എത്തിച്ചിരുന്നു….

ബീഫ് കാണുന്നില്ലല്ലോ….

വിജയ് എന്നെ നോക്കി ചിരിക്കുന്നുണ്ട്….

“നല്ല വിശപ്പുണ്ടല്ലേ….”

ചേട്ടൻ ചൂടോടെ ബീഫ് മേശപ്പുറത്ത് കൊണ്ട് വച്ചു….. തേങ്ങാക്കൊത്തും ഉള്ളിയും എന്നെ നോക്കി കൊതിപ്പിക്കുന്നുണ്ട്….

ആർത്തിയോടെ വാരി കഴിച്ച ശേഷമാണ് ഒന്ന് സമാധാനമായത്….

ഞാൻ ഇതിനാണോ വന്നത്….

വിജയുടെ കൂടെ നിൽക്കുമ്പോൾ പ്രശ്നങ്ങൾ എവിടെയോ ഓടി ഒളിക്കുന്ന പോലെ….

“താൻ ഒളിച്ചോടാൻ ഇറങ്ങിയതാണോ….”

എങ്ങനെ മനസിലായി….

“അത് പിന്നെ…. ചിലപ്പോൾ….

അതിനു മുൻപ് ചില കാര്യങ്ങൾ എനിക്ക് അറിയണം…..”

“എന്നാൽ നമുക്ക് ഇരുന്ന് സംസാരിക്കാം….”

ഞാനും സമ്മതിച്ചു….

വിജയ് ബൈക്ക് സ്റ്റാർട്ട് ചെയ്തു….

ഞങ്ങളെയും കൊണ്ട് ബുള്ളറ്റ് ഓടി എത്തിയത് വിജയുടെ വീട്ടിൽ ആയിരുന്നു….

“ഇവിടേക്കോ….”

വീട് എത്തും മുൻപ്, വിജയ് എൻജിൻ ഓഫ് ആക്കി….

“ശ്ശ്…. മിണ്ടാതെ വാ….

അകത്തു ബന്ധുക്കൾ ഒക്കെ ഉണ്ട്…. എല്ലാരും ഉറങ്ങിയിട്ടില്ല….”

ഇവിടെ എവിടെ ഇരുന്ന് സംസാരിക്കാനാ….

അതും എന്നെ ഈ സമയത്ത് ആരെങ്കിലും കണ്ടാൽ…..

മതിലിനോട് ചേർന്ന് വിജയ് നിവരാതെ ചുവടുകൾ വച്ചു…. കൈപിടിച്ചു എന്നെയും ഒപ്പം നടത്തിച്ചു….

ഉയരം കുറഞ്ഞ ഭാഗത്ത് എത്തിയതും വിജയ് പെട്ടെന്ന് മതിലിനു മുകളിൽ വലിഞ്ഞു കയറി…. ഞാനും ഒപ്പം കേറണമല്ലോ….

ഒച്ചയുണ്ടാക്കാതെ വിജയുടെ പിറകെ…. നേരെ ടെറസിലേക്ക്….

“തനിക്ക് ഭാഗ്യമുണ്ട്…. ആരെങ്കിലും കണ്ടിരുന്നേൽ, ഇന്ന് രാത്രി തന്നെ കെട്ടിച്ചേനേ….

പിന്നെ ഒളിച്ചോടാൻ പറ്റിയെന്ന് വരില്ല….”

“അറിയാഞ്ഞിട്ട് ചോദിക്കുവാ…. മതില് ചാടൽ ആണോ തന്റെ ഹോബി….”

“ഹഹ…. പണ്ട് ട്രിപ്പ് പോയി വന്നാൽ പിന്നെ അമ്മ അകത്തു കയറ്റില്ല…. അപ്പോൾ ഇവിടെ ടെറസിലാ ഞാൻ കിടക്കുന്നേ…..”

അതും പറഞ്ഞ് വിജയ് ടെറസിലെ തറയിൽ ഇരിപ്പായി….

“വാ ടോ…. ഇരിക്ക്…. ഇന്ന് ഇവിടെ കൂടാം….”

ഇവിടെയോ….

തറവാട്ടിൽ നിന്നും എന്നെ പുറത്താക്കിയത് തന്നെ….

ടെറസിലെ ചുമരിൽ ചാരി, വിജയോടൊപ്പം ഞാൻ തറയിൽ ഇരുന്നു….

പൊടുന്നനെ എന്റെ മടിയിൽ തല ചായ്ച്ചു, വിജയ് ആകാശത്ത് കണ്ണ് നട്ടു….

“താൻ ഇനി പറ…. ഞാൻ സ്നേഹിച്ചിരുന്ന കുട്ടിയെ പറ്റി അറിയാനല്ലേ താൻ വന്നത്….”

എന്റെ മുഖത്ത് എഴുതി വച്ചിട്ടുണ്ടോ….

“ആരാണ് എന്ന് അറിഞ്ഞില്ല എങ്കിലും…. നിങ്ങൾ തമ്മിൽ അകലുന്നത് ഞാൻ കാരണം ആണോന്ന് അറിയണം….”

“ഏയ്… തനിക്ക് അതുമായി ഒരു ബന്ധവും ഇല്ല ടോ….

കക്ഷി ആരാണെന്ന് അറിഞ്ഞാൽ ചിലപ്പോൾ താൻ ഞെട്ടും….”

“ആരാ….”

“ചിത്ര…. തന്റെ ചിപ്പിച്ചേച്ചി…”

ഈശ്വരാ…. വിജയെ ഉപേക്ഷിച്ചാണോ ആ കോന്തനെ കെട്ടിയത്….

“കോളേജിൽ വച്ച് തുടങ്ങിയതാ…. കല്യാണം ആലോചിച്ച് അവളുടെ വീട്ടിൽ ചെന്നപ്പോൾ, ആരും സമ്മതിച്ചില്ല….

പോരാത്തതിന്, തന്റെ വല്യച്ഛൻ… അന്ന് കണ്ട താടിക്കാരൻ ഇല്ലേ…. അവന് കാശ് കൊടുത്ത് എന്നെ തല്ലാൻ വിട്ടു….

അടിപിടിയായി…. മൊത്തം പ്രശ്നമായി….

അങ്ങനെയാ ഞാൻ അന്ന് നാട് വിട്ടത്….

പോകുമ്പോൾ അവൾ കാത്തിരിക്കാമെന്ന് ഒക്കെ പറഞ്ഞു….

പക്ഷെ…. പെട്ടെന്നൊരു ദിവസം കോളേജ് ഗ്രൂപ്പിൽ അവൾ എല്ലാരേയും അവളുടെ കല്യാണത്തിന് ക്ഷണിച്ചു…. അപ്പോഴാ ഞാനും അറിയുന്നത്….

അങ്ങനെ ഞാൻ എല്ലാം ഉപേക്ഷിച്ച് നാട്ടിൽ വന്നതാ….

ഇവിടെ എത്തിയപ്പോൾ ഫ്രണ്ട്‌സ് ഒക്കെ പറഞ്ഞിരുന്നു…. അവൾ പഴയ ചിത്ര അല്ലെന്ന്….ഒരുപാട് മാറി എന്നൊക്കെ…

എന്നാൽ, എനിക്ക് വാശിയായിരുന്നു…. താലി കെട്ടും മുൻപ് അവളോട് എല്ലാം ചോദിക്കണമെന്ന്…

ചോദിയ്ക്കാൻ ചെല്ലുമ്പോൾ…. അവിടെയൊരു പെൺകുട്ടി… എന്നെ ഉള്ളിലേക്ക് കടത്തിവിടാൻ പറ്റില്ലെന്ന് അവൾക്ക് എന്നേക്കാൾ വാശി….

എല്ലാം പോയല്ലോ എന്ന് വിചാരിച്ചു… വൻ ഡെസ്പ് ആയി… എങ്ങനെയാ താലി കെട്ട് കാണുന്നതെന്ന് വിചാരിച്ചു നിൽക്കുമ്പോൾ…. ദേ…. അതേ പെൺകുട്ടി…. എന്നേക്കാൾ സങ്കടത്തിൽ പൊട്ടിക്കരയുന്നു….

താലി കെട്ട് പോയിട്ട്, സ്റ്റേജിലേക്ക് നോക്കാൻ പോലും ഈ പെങ്കൊച്ചു സമ്മതിക്കുന്നില്ല…. കരച്ചിലോട് കരച്ചിൽ….

എനിക്കൊന്ന് സങ്കടപ്പെടാൻ പോലും ഗ്യാപ് തരുന്നില്ല….

തന്റെ സങ്കടം കണ്ടപ്പോൾ പിന്നെ, തന്നെ സന്തോഷിപ്പിക്കണം എന്ന് തോന്നി…

തന്നോട് കമ്പനി ആകാനാ… തന്റെ നമ്പർ ഒക്കെ എടുത്തത്… താൻ മെസ്സേജ് ചെയ്‌തതോ….രണ്ടാഴ്ച കഴിഞ്ഞ്….”

ഞാൻ മൊത്തത്തിൽ ഉരുകുന്ന പോലെ….

“ആന്റി…. അമ്മയെങ്ങനെയാ എന്നെ തെറ്റിദ്ധരിച്ചേ….”

എന്താ ഒരു കള്ളച്ചിരി…. ഞാൻ അമ്മയെന്ന് വിളിച്ചോണ്ടാണോ….

“അമ്മയ്ക്ക് അറിയാമായിരുന്നു എനിക്കൊരു റിലേഷൻ ഉണ്ടെന്ന്…. ആരാന്ന് അറിയില്ലെങ്കിലും….

ഞാൻ നാട്ടിൽ വന്നപ്പോൾ അമ്മ എനിക്ക് ഓരോ ആലോചന തുടങ്ങി…. ചിത്രക്ക് വേറെ വിവാഹം ഉറപ്പിച്ചു എന്ന് ഞാൻ പറഞ്ഞു….

സംശയമുണ്ടെങ്കിൽ, അമ്മ തന്നെ വന്ന് അവളോട് ചോദിയ്ക്കാൻ പറഞ്ഞു….

അമ്മയും അന്ന് കല്യാണത്തിന് വന്നിരുന്നു…. അമ്മ കരുതിയില്ല കല്യാണപെണ്ണ് തന്നെ ആണ് ഞാൻ പറഞ്ഞ കക്ഷിയെന്ന്…. എന്റെ കൂടെ ഫുൾ ടൈം കണ്ടത് തന്നെയും….

താൻ കരയുന്നു…. ഞാൻ സമാധാനിപ്പിക്കുന്നു…. താൻ പിന്നേം കരയുന്നു…. ഞാൻ പിന്നേം സമാധാനിപ്പിക്കുന്നു…

അത് തെറ്റിദ്ധരിച്ചാ താനുമായി കല്യാണം നോക്കിയത്….

ബട്ട് സീ…. അന്ന് നമ്മൾ വേണ്ടാന്ന് പറഞ്ഞു….

ഇന്നോ…”

വിജയുടെ കണ്ണ് എന്നെ വല്ലാതെ ചൂണ്ടയിൽ കൊളുത്തി വലിക്കുന്നുണ്ട്….

“അമ്മയ്ക്ക് തന്നെ ഒരുപാട് ഇഷ്ടമാ….”

“എനിക്കറിയാം….”

“എനിക്കും…”

ഞാൻ അറിയാതെ, വിജയുടെ അധരത്തിലേക്കുള്ള അകലം കുറയും പോലെ….

വിജയുടെ ഒരു കൈ ഉയർന്ന്… എന്റെ പിൻകഴുത്തിലെ മുടിയിഴകൾക്കിടയിൽ മാർദവത്തോടെ സ്ഥാനം പിടിച്ച്…. പതിയെ ആ അകലം കുറച്ചു പോന്നു…. ഞങ്ങളുടെ ചുണ്ടുകൾ അമർന്നതും ഉള്ളിലൊരു ആന്തലായിരുന്നു….

മെല്ലെ വിട്ടു മാറുമ്പോഴും, ആ വിരലുകൾ എന്റെ കവിളുകളെ പരിപാലിക്കുന്നുണ്ട്….

“ഒളിച്ചോട്ടം നാളെ ആക്കിയാലോ ശ്രീ…. ഞാനും കൂടാം….”

മറുപടിയായി എന്റെ മടിയിൽ ചാഞ്ഞു കിടന്ന മുടിയിഴകളെ ഞാൻ തഴുകി കൊണ്ടിരുന്നു….

* * *

“വിജയ്…. എഴുന്നേൽക്ക്…. വിജയ്….

സമയം ഒരുപാട് ആയി…. എഴുന്നേൽക്ക് വിജയ്….”

7 മണിയായി…. എല്ലാരും ഉണർന്നിട്ടുണ്ടാകും….

പിടിച്ചു കുലുക്കത്തിന് ശക്തിയാർജിച്ചപ്പോൾ മടിയിൽ നിന്നും വിജയ് ചാടി എഴുന്നേറ്റു….

“എന്താ…. എന്ത് പറ്റി….”

“സമയം….!!”

ഫോണിലെ ടൈം ഞാൻ കാണിച്ചു കൊടുത്തു….

“അതിനെന്താ…. താൻ ഇനി മുതൽ എന്റേതല്ലേ…. വേണമെങ്കിൽ ഇവിടുന്ന് റെഡിയായി പോകാമല്ലോ….

നല്ല പോലെ ഉറങ്ങി വന്നതായിരുന്നു….”

“തമാശ വിട് വിജയ്…..

ഞാൻ ഒളിച്ചോടിയെന്ന് കരുതും എല്ലാരും അവിടെ…. എന്നോട് ഉള്ള ദേഷ്യം എന്റെ അമ്മയോട് അവർ കാണിക്കും….”

ഫോണിൽ മെസ്സേജ് വന്ന ശബ്ദം കേട്ട് ഞാൻ തുറന്ന് നോക്കി….

“ബാല…. ഞാൻ അറിയാതെ അമ്മയോട് നടന്നതൊക്കെ പറഞ്ഞു പോയി….

എല്ലാരും തന്നെ അനേഷിക്കുന്നുണ്ട്….

ഇത് ശരിയാകില്ല…. താൻ എത്രയും പെട്ടെന്ന് തിരികെ വരണം….

– ഗോകുൽ ”

ഇത് പറയാൻ ഇവനാരാ…

“അയ്യേ…. ഇവനെന്താ ചെറിയ പിള്ളേരെ പോലെ….”

വിജയ് ഫോൺ പിടിച്ചു വാങ്ങി, എന്തോ ടൈപ്പ് ചെയ്‌ത്‌ തിരികെ തന്നു….

“മൈ ലൈഫ്…. മൈ റൂൾസ്….!”

അതും സെൻഡ് ആയിട്ടുണ്ട്….

“താൻ വാ…. കുറച്ചു നേരത്തേക്ക് ആണെങ്കിലും, കൊണ്ടാക്കണമല്ലോ….”

വിജയുടെ പുറകെ ഞാനും പതിയെ സ്റ്റെപ്പിറങ്ങി….

പുറത്ത് ആരൊക്കെയോ കൂടി നിൽപ്പുണ്ട്….

അകത്തു നിന്നും ഒരുങ്ങുന്നതിന്റെ ബഹളം കേൾക്കാം….

“മുല്ലപ്പൂ കെട്ടിയത് ആ പിച്ചിയിൽ തൂക്കിയിട്ടിട്ടുണ്ട്….”

“സ്ലൈഡ് ഉണ്ടോ….”

“ദയയുടെ മുറിയിൽ ഉണ്ട് മോളെ…. പോയെടുത്തോ….”

“എപ്പോഴാ ചേച്ചി സ്വീകരണം…. വണ്ടി എപ്പോഴാ എത്ത….”

“സ്വീകരണം 9 മണിക്ക്…. നമുക്ക് ഒരു എട്ടരയ്ക്ക് ഇറങ്ങാം…. എല്ലാരും അതിന് മുന്നേ റെഡി ആയി നിൽക്കണം….”

“ചിന്നൂട്ടി…. ഈ ഫ്‌ളീറ്റ് ഒന്നു പിടിച്ചേ….”

ഈശ്വരാ…. ഒരുക്കവും തുടങ്ങിയോ….

വിജയ് ഒന്നും കൂസലാക്കാതെ, എല്ലാരുടെയും മുന്നേ നടന്ന് പുറത്തിറങ്ങി….

തല കുനിച്ചു ആരെയും നോക്കാതെ ഞാനും….

ശ്രദ്ധിച്ചു കാണുമോ ആരെങ്കിലും….

മതിലിന് പുറത്തിരുന്ന ബൈക്ക് വിജയ് സ്റ്റാർട്ട് ചെയ്‌തതും…. ഞാൻ ചാടി കയറി….

എത്രയും പെട്ടെന്ന് പോയാൽ മതി…

ബൈക്ക് മുന്നോട്ട് കുതിച്ചതും, ഞാനൊന്ന് പാളി നോക്കി…. അന്തം വിട്ട മുഖത്തോടെ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു സകലരും….

എന്റെ വീടിനു മുന്നിൽ മറ്റൊരു പട…. ഞങ്ങളുടെ വരവും നോക്കി നിൽക്കയാണ്….

എല്ലാരും അറിഞ്ഞിട്ടുണ്ട്….

“ശ്രീക്കുട്ടി….. പോകുന്നതിന് മുൻപ് വിച്ചുവേട്ടന് ഒന്നും തരാനില്ലെ….”

“നല്ല തല്ലു തരാൻ തോന്നുന്നുണ്ട്…. ഇത്രയും നേരം ഉറങ്ങിയതിന്….”

വിജയോടൊപ്പം ഞാൻ അമ്മയുടെ അടുക്കലേക്ക് നടന്നു….

“തൽക്കാലത്തേക്ക് ഞാൻ ശ്രീക്കുട്ടിയെ അമ്മയെ ഏൽപ്പിക്കുന്നു….

അല്ല…. നിങ്ങളൊക്കെ എന്തിനാ ഇങ്ങനെ നോക്കി നിൽക്കുന്നേ…

വേഗം റെഡിയാകാൻ നോക്ക്…. എന്റെ വീട്ടിൽ നിന്നും ഇപ്പോൾ എത്തും സ്വീകരണത്തിന്….”

കൂടി നിന്നവർ ഒക്കെ അന്യോന്യം നോക്കുന്നുണ്ട്…. ശിവപ്പ വാതിൽ പിന്നിൽ വലിച്ചടച്ചു ദേഷ്യത്തിൽ അകത്തേക്ക് പോയി….

വല്യച്ഛനും പരിവാരവും ഒന്നും മിണ്ടാൻ കഴിയാതെ നിൽക്കയാണ്….

“മോള്…. വാ… ഒരുങ്ങാനുള്ളതാ….”

അമ്മയോടൊപ്പം ഞാൻ അകത്തേക്ക് നടന്നു…. വാതിൽ കടക്കും മുൻപ് ഒരു നോക്ക് വിജയെ കാണണമെന്ന് തോന്നി….

ബൈക്ക് സ്റ്റാർട്ട് ചെയ്യുകയായിരുന്ന വിജയ്, എന്നെ നോക്കി കണ്ണടച്ച് കാണിച്ചു…

* * *

കൊട്ടും നാദസാരമേളവും മുഴങ്ങുന്നുണ്ട്….

“മോളെ കൂട്ടിക്കൊണ്ട് വന്നോളൂ….”

“വാ മോളേ…. മുഹൂർത്തത്തിന് സമയമായി….”

എന്നെ കാത്തു നിൽക്കുന്നുണ്ടാകും…. വിജയ്….

കുഞ്ഞിക്കയ്യിൽ തട്ടവും പൂവും ഏന്തി ദേവൂട്ടിയാണ് താലപ്പൊലിയ്ക്ക് മുന്നിൽ…. ഒപ്പം ദേവൂട്ടിയെ ചുവടു തെറ്റാതെ നോക്കി പൊന്നി ചേച്ചിയും….

ഓരോ കുട്ടികളായി, ഒരുക്കി വച്ച താലപ്പൊലി തട്ടവുമായി, ഒരുക്കുമുറി ഒഴിഞ്ഞു….

അവസാനമായി എന്റെ ആഭരണങ്ങൾ, കൂടി നിന്നവർ അലങ്കരിച്ചു എന്ന് ഉറപ്പു വരുത്തി….. തായ് വഴി വര്ഷങ്ങളായി കൈ മാറുന്ന പണ്ടങ്ങളും…. ചുവന്ന പട്ടു സാരിയും…. തല നിറയെ കുടമുല്ല പൂവും ചൂടി….

അപ്പച്ചിയോടൊപ്പം…. വിളക്കും തട്ടവും പേറി ഞാനും….

ഇനിയൊരു താലിമാലയ്ക്കായുള്ള കാത്തിരിപ്പ്….

മണ്ഡപം വലംചെയ്‌ത്‌ താലപ്പൊലി സംഘം പിൻവാങ്ങി…. വിളക്കും തട്ടവും സദസിന് മുന്നിൽ വയ്ച്ചു ഞാൻ സദസിനെ വണങ്ങി….

ഇനി എനിയ്ക്കായ് കാത്തിരുന്ന വരന്റെ അടുക്കൽ….

വിജയ് എന്നെ കണ്ണെടുക്കാതെ നോക്കുന്നുണ്ട്….

മന്ത്രജപം തുരടുമ്പോൾ…. ഹോമകുണ്ഡത്തിനു മുന്നിൽ ഞാൻ ചമ്രം പടഞ്ഞിരുന്നു….

വെറ്റിലയും പാക്കും ദാനം നൽകി, തിരികെ ലഭിച്ച ചന്ദനം ഏറ്റു വാങ്ങുമ്പോഴും, വിജയുടെ ശ്രദ്ധ എന്നിലാണ്….

അച്ഛന്റെ കയ്യിൽ നിന്നും വിജയ് താലി മേടിച്ചതും…. കുരവുയുയർന്നു…. ഞാൻ കണ്ണടച്ചു തൊഴുതു….

താലി കഴുത്തിലേക്ക് വീഴുമ്പോൾ…. ഞാൻ കണ്ടത് വിജയെ മാത്രമായിരുന്നു…. ആ ചിരിച്ച മുഖം….

പരസ്പരം ഹാരം സ്വീകരിച്ചു, അമ്മ തന്ന മാല വിജയെ അണിയിച്ചു…. കൈ മുറുകെ പിടിച്ച്…. ഹോമകുണ്ഡത്തെ മൂന്നു വട്ടം ഞങ്ങൾ വലം വച്ചു….

അപ്പോഴാണ് കാണുന്നത്, വല്യമ്മയോടൊപ്പം ഒരു വശത്തു മാറി നിൽക്കുകയാണ് ചിപ്പിച്ചേച്ചി….

“ചെറുക്കനും പെണ്ണും ഒന്ന് ചേർന്ന് നിന്നേ…”

ഫോട്ടോ സെഷന് നിൽക്കുമ്പോൾ വിജയ് എന്നെ തട്ടി വിളിക്കുന്നുണ്ട്….

“ശ്രീബാല…. ചിൻ അൽപം ഉയർത്തിയെ…. ഒരു പൊടിക്ക്….

വിജയ്…. വലത് കൈ കുട്ടിയുടെ തോളിൽ ഇട്ടോളൂ…

രണ്ടുപേരും കുറച്ചൂടി ചേർന്ന് നിൽക്കാമോ….

ആ…. അങ്ങനെ തന്നെ….”

“ശ്രീ…. ഏറ്റവും പുറകിലെ റോ നോക്കിയേ….”

പരിചയമുള്ള ചില മുഖങ്ങൾ…. എന്നോടൊപ്പം വർക്ക് ചെയ്തവർ….

രവിയോട് മാത്രമേ വിവാഹക്കാര്യം പറയാൻ കഴിഞ്ഞുള്ളു…. എന്നാൽ രവിയോടൊപ്പം നിമ്മിയും…. കൂടെ അഭിനവും….

“ഹായ് അഭിയേട്ടൻ….”

“അഭിയേട്ടനോ….. ഞാൻ വിജയ്… അവൻ അഭി ഏട്ടനോ….”

അതും പറഞ്ഞ് വിജയ് വയറിലൂടെ എന്നെ വട്ടം പിടിച്ചതും… ഞാൻ കുതറി മാറാൻ ശ്രമിക്കുന്നതുമാണ് ഫോട്ടോഗ്രാഫർ ക്ലിക്ക് ചെയ്‌തത്‌…

* * *

ഒമ്പതു മണിയെ ആയിട്ടൂള്ളൂ…. എന്നാലും വിജയ് കണ്ണും കലാശവും കാണിക്കാൻ തുടങ്ങി….

വീട്ടിൽ ഇപ്പോഴും അടുത്ത ബന്ധുക്കൾ നിറഞ്ഞിട്ടുണ്ട്‌…

“അമ്മേ…. ഞങ്ങൾ കിടക്കാൻ പോണു….

ശ്രീ ആൾറെഡി ടയേർഡാ….”

അമ്മ എന്ത് കരുതും…. ഇന്ന് രാവിലത്തെ കൂടിക്കാണലിനു ശേഷം കഷ്ടിച്ചാണ് ഞാൻ അമ്മയെ നോക്കുന്നത്….

“ടാ… ആൾക്കാർ ഒന്നും പോയിട്ടില്ല….”

“അമ്മ എല്ലാരോടും പോകാൻ പറഞ്ഞാൽ മതി….”

ഭാഗ്യത്തിന് ദയേച്ചി മാത്രമേ ഈ സംഭാഷണം കേൾക്കുന്നുള്ളൂ….

വിജയോട് പറഞ്ഞിട്ട് കാര്യമില്ല എന്ന ഭാവത്തിൽ, അമ്മ പുറത്തേക്ക് നടന്നു… കൂടി നിന്ന ബന്ധുക്കളോടൊക്കെ സംസാരിക്കുന്നുണ്ട്….

വിജയ് അപ്പോഴേക്കും മുറിയിലേക്ക് പോയിരുന്നു….

അമ്മ തിരികെ വന്ന്, ഒരു ഗ്ലാസ് പാലും പഴവും എന്നെ ഏൽപിച്ചു…

അതുമായി ഞാൻ മുറിയിൽ എത്തുമ്പോൾ വിജയ് അലമാര മുഴുവൻ അരിച്ചു പെറുക്കുന്നുണ്ട്….

എന്നെ ഉള്ളിലേക്ക് കടത്തി… വിജയ് വാതിൽ താഴിട്ടു….

“നോക്കി നിൽക്കാതെ വാ ടോ…. പാക്ക് ചെയ്യണ്ടേ….

തനിക്കുള്ള ഡ്രസ്സ് അമ്മ മേടിച്ചത് എടുക്കണ്ട…. ഞാൻ വേറെ വാങ്ങിയിട്ടുണ്ട്….

അതൊക്കെ ഈ ബാഗിൽ ആക്കിയാൽ മതി….”

എനിക്ക് അറിയാമായിരുന്നു…. പാന്റ്‌സും ടോപ്പും ആകുമെന്ന്….

വൈൽഡ് ക്രാഫ്റ്റിന്റെ ബാഗിലേക്ക് ഞാൻ എല്ലാം നിറച്ചു….

എന്റെ സാലറിയിൽ മേടിച്ച തുണികളിലേക്ക് ഞങ്ങൾ രണ്ടും മാറി….

സമയം പത്തിനോട് അടുക്കുന്നു….

“വിജയ്…. പാല്….”

കൊണ്ടു വച്ച പാലും പഴവും ഞങ്ങൾ പകുത്തു കഴിച്ചു…

വിജയ് എന്നെ ചേർത്തണച്ചു…. നെറ്റിയിൽ ഒരു ചുടു ചുംബനവും അർപ്പിച്ചു….

“അപ്പോൾ ഇറങ്ങുവല്ലേ….”

ബാക്ക് പാക്ക് വിജയും, ക്രോസ്സ് ബാഗ് ഞാനും തൂക്കി…

എന്നെ ഒപ്പം ചേർത്തു പിടിച്ചു, വിജയ് മെല്ലെ വാതിൽ തുറന്നു….

(തുടരും)

 

Click Here to read full parts of the novel

4.9/5 - (13 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!