Skip to content

ശ്രീബാല – 5

ശ്രീബാല

ഞാനാണോ ഈ ബന്ധത്തിൽ കടിച്ചു തൂങ്ങുന്നത്…

എന്നെ വേണ്ടാന്ന് അഭി പറഞ്ഞതല്ലേ…

എന്റെ ഹൃദയമിടിപ്പ് ഉയരാൻ തുടങ്ങി… അഭി അപ്പോഴേക്കും അടുത്തെത്തി…

“തനിക്ക് ഇത്ര പെട്ടെന്ന് ജോലി കിട്ടുമെന്ന് ഞാൻ കരുതിയില്ല…”

അഭി എന്തൊക്കെയാ പറയുന്നേ…

“ബാലാ… താൻ ഇവിടെ വർക്ക് ചെയ്യുന്നത് എനിക്കിഷ്ടമല്ല….

ഇത് ശരിയാകില്ല… താൻ ഇവിടുന്ന് പോകണം…”

ഞാൻ ഒരു നിമിഷം ഞെട്ടി…

“അഭിനവ്… എന്നോട് ഇവിടെ വർക്ക് ചെയ്യണോ വേണ്ടയോ എന്ന് പറയാൻ നിങ്ങളാരാ…”

പറയുമ്പോൾ എന്റെ നാവ് വിറക്കുന്നുണ്ട്…

“ഓഹോ… ഇപ്പോൾ അങ്ങനെയൊക്കെ ആയോ… എത്ര പെട്ടെന്നാണ് ബാല ബാലയല്ലാതാകുന്നെ…”

അഭിയുടെ മുഖത്തെ പുച്ഛഭാവം എനിക്കിഷ്ടമായില്ല…

ഞാനാണോ മാറിയത്…

“ലുക്ക് ബാല… ഇത് ഞാൻ വർക്ക് ചെയ്യുന്ന ഓഫീസ് ആണ്…

ഇതിനുള്ളിൽ അനാവശ്യമായി ഒന്നും വലിച്ചിഴക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല…

കല്യാണം കഴിഞ്ഞ് വീട്ടിൽ കുത്തിയിരിക്കാൻ പോകുന്ന നിനക്കൊന്നും ജോലിയുടെ വില അറിയില്ല…

സോ… പ്ളീസ്… താനിവിടെ നിന്ന് പോണം…”

ഛെ…. മറുത്തൊന്നും പറയാതെ, ഞാൻ മുഖം തിരിച്ചു നടന്നു…

ഇത് കേൾക്കാനാണോ ഞാൻ വന്നത്… അഭിയോട് എനിക്ക് അറപ്പായ പോലെ…

ഒരിക്കൽ ഞാൻ ജീവനു തുല്യം സ്നേഹിച്ചതാണ്… പക്ഷെ ഇപ്പോൾ… ഒന്നും വേണ്ടിയിരുന്നില്ല…

തലയ്ക്ക് മൊത്തത്തിൽ വട്ട് പിടിക്കുന്നു….

“രവി…. ഞാൻ നേരത്തെ ഇറങ്ങിക്കോട്ടെ… നല്ല തലവേദന…”

“ഓ… ഇറ്റ്സ് ഓക്കേ… യു ടേക്ക് കെയർ…

നാളത്തെ തന്റെ സെഷൻ മറക്കണ്ട….”

“താങ്ക് യു രവി…. ഐ വിൽ ബി ഫൈൻ ടുമാറോ…”

* * *

“വേണ്ട വിജയ്… താൻ വരണ്ട… ഞാൻ ബസിൽ പൊയ്‌ക്കോളാം…”

“ഈ എന്നോടോ… ഞാൻ ദാ എത്താറായി… താൻ ഫോൺ വച്ചേ…”

വിജയ് എന്താ ഇങ്ങനെ…

ഞാൻ കാൾ കട്ട് ചെയ്‌ത്‌ വിജയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യാൻ തന്നെ തീരുമാനിച്ചു…

“ഹേ ബാലാ… താനും നേരത്തെ ഇറങ്ങിയോ….”

പുറകിൽ നിന്നുള്ള വിളി കേട്ട് നോക്കുമ്പോൾ ബാഗും തൂക്കി നിമ്മി വരുന്നുണ്ട്…

“ഹായ് നിമ്മീ… അതെ… നേരത്തെ ഇറങ്ങി… വല്ലാത്ത തലവേദന…”

“എന്ത് പറ്റി പെട്ടെന്ന്…”

ഇനിയെന്ത് പറ്റാൻ…

“അറിയില്ല… എന്തോ… പെട്ടെന്നൊരു വല്ലായ്‌മ…”

“ടേക്ക് കെയർ… താൻ എങ്ങനെയാ പോക… ഒറ്റയ്ക്ക് പോകാൻ പറ്റോ…”

“എന്റെ ഫ്രണ്ട് വരും… പിക്ക് ചെയ്യാൻ….”

“ഉം… മനസിലായി… പെൻ സ്റ്റാൻഡ്…. അല്ലെ…”

ഈശ്വരാ… വിജയ് ഒന്നു പെട്ടെന്ന് വന്നെങ്കിൽ….

ഫോൺ റിങ് ചെയ്‌ത്‌, നോക്കുമ്പോൾ വിജയ്….

“ഒരു മിനിട്….” ഞാൻ നിമ്മിയോട്‌ പറഞ്ഞു…

“വിജയ്… എവിടെയെത്തി…. വൈകുമെങ്കിൽ ഞാൻ ബസിൽ പോകാം…”

“ടോ… ഞാനിവിടെ റോഡിന്റെ ഓപ്പോസിറ്റ് ഉണ്ട്… താൻ ക്രോസ് ചെയ്‌ത്‌ വാ….”

“ഓക്കേ… ദാ വരുന്നു…”

“വെയിറ്റ്… വെയിറ്റ്… വെയിറ്റ്… ഫോൺ വയ്ക്കല്ലേ… അതേതാ ഒരു കുട്ടി…”

നിമ്മി അടുത്ത് നിൽക്കുമ്പോൾ ഞാൻ ഇതിനെങ്ങനെയാ മറുപടി പറയുന്നേ….

ഞാൻ നിമ്മിയെ നോക്കിയൊന്ന് ചിരിച്ചു…

“എന്താ വിജയ്… കേൾക്കുന്നില്ല…”

“കേൾക്കുന്നുണ്ടെന്ന് എനിക്കറിയാം….

താൻ അവിടെ നിൽക്ക്… ഞാൻ അവിടേക്ക് വരാം… വണ്ടിയൊന്ന് മുന്നിലാക്കി നിർത്തട്ടെ…

സിഗ്നൽ ആയോണ്ടാ….

പിന്നെ… അവളെ വിടല്ലേ….

ഞാനിപ്പോൾ എത്തും…!!”

വിജയ് നിമ്മിയെ സൈറ്റ് അടിക്കാനാണോ….

എന്തായാൽ എനിക്കെന്താ…

എന്നാലും… വിജയ്…

“എന്നാൽ ഞാൻ പോട്ടേ ബാലാ… ”

നിമ്മി പോകാൻ തുനിഞ്ഞു…

അയ്യോ… വിജയ് എത്തിയില്ല… നിമ്മിയെ എന്തെങ്കിലും പറഞ്ഞ് നിർത്തണം…

“നിമ്മി എങ്ങനെയാ പോക….”

“ബസിൽ… എനിക്കിവിടുന്ന് ഡയറക്റ്റ് ബസുണ്ട്…

ഈ സ്റ്റോപ്പ് ആയോണ്ട് സീറ്റും കിട്ടും…”

വിജയ് ഒന്ന് പെട്ടെന്ന് വാ…

“തന്റെ ഫ്രണ്ട് എത്താറായില്ലേ… ബാലാ…”

“ദേ എത്തിയല്ലോ…”

വിജയ് അപ്പോഴേക്കും ഓടിയെത്തി…

“ഹേയ്… തനിക്ക് എന്ത് പറ്റി… പെട്ടെന്നൊരു തലവേദന…”

“അറിയില്ല വിജയ്… പെട്ടെന്ന് എന്തോ…

വിജയ്… ഇത് നിമ്മി…. ഞങ്ങൾ ഒരു പ്രോജെക്ടിലാ വർക്ക് ചെയ്യുന്നേ…

നിമ്മീ… ഇത് എന്റെ ഫ്രണ്ട് വിജയ്….”

നിമ്മി എന്നെ നോക്കി പെൻ സ്റ്റാൻഡ് എന്ന് ആംഗ്യം കാണിച്ചു… ഞാൻ പുഞ്ചിരിച്ചു…

“ഹായ് നിമ്മീ… ശ്രീ പറഞ്ഞിട്ടുണ്ട് തന്നെ പറ്റി…”

ഞാനെപ്പോൾ പറഞ്ഞു…

“ശ്രീ പറഞ്ഞ പോലെ തന്നെ… യു ലുക്ക് സ്മാർട്ട്…”

ഇതെപ്പോൾ…

വിജയ് പറഞ്ഞത് കേട്ട് നിമ്മിയുടെ മുഖത്തു വല്ലാത്ത സന്തോഷം…

“സോറി ടു ഇന്ററപ്റ്റ്… എന്നാൽ ഞങ്ങൾ പൊയ്‌ക്കോട്ടെ നിമ്മീ…

ശ്രീ… പോകാം….”

നിമ്മിയോട്‌ യാത്ര പറഞ്ഞ് വിജയോടൊപ്പം ഞാൻ റോഡ് ക്രോസ്സ് ചെയ്‌തു…

കാറിൽ കയറുമ്പോൾ, എന്റെ തലവേദനയൊക്കെ പമ്പ കടന്ന പോലെ…

“എന്താണ് വിജയ്… ലൈൻ വലിക്കാൻ നോക്കിയതാണോ…”

“വിജയെ അങ്ങനെ ചെറുതാക്കല്ലേ ടോ…”

എന്റെ കളിയാക്കൽ വിജയ് കാര്യമാക്കുന്നില്ല…

“പിന്നെന്തിനാ സർ ഓടിയൊക്കെ വന്നത്…”

“സർ ഓടി വന്നതും സംസാരിച്ചതും ഒക്കെ തനിക്ക് വേണ്ടിയാ…”

“എനിക്ക് വേണ്ടിയോ…”

“അതൊക്കെ തനിക്ക് വഴിയേ മനസിലാകും…

പിന്നെ… എന്ത് പറഞ്ഞു, തന്റെ കള്ളക്കാമുകൻ…”

എന്ത് പറയാൻ…

നടന്നതൊക്കെ ഞാൻ വിജയോട് പറഞ്ഞു…

“അവൻ ഒരു മെയിൽ ഷോവനിസ്റ് ആണോ…”

“ആ… ആർക്കറിയാം…”

“തനിക്കറിയില്ലേ… താനല്ലേ സ്നേഹിച്ചത്…

പണ്ടേ ഇങ്ങനെയാണോ…”

“പണ്ടത്തെ കാര്യം ഒന്നും എനിക്കറിയില്ല… ഞാൻ കണ്ടപ്പോൾ തൊട്ട് എന്നോട് പെരുമാറുന്നത് ഇങ്ങനെയാ…

എന്നോട് മുൻപും ജോലിക്ക് പോകണ്ട എന്നൊക്കെ പറഞ്ഞിട്ടുണ്ട്…

പിന്നെ ഞാൻ നിർബന്ധിച്ചപ്പോൾ, അഭിയുടെ കമ്പനിയിൽ മാത്രം വരണ്ടാന്ന് പറഞ്ഞു…”

“ടോ… ഞാനൊന്ന് ചോദിക്കട്ടേ….”

“എന്താ വിജയ്…”

എന്താന്നറിയില്ല… വിജയ് എന്താ ചോദിയ്ക്കാൻ പോകുന്നതെന്ന് അറിയാൻ ഞാൻ ഒരുപാട് കൊതിച്ച പോലെ…

“തനിക്ക് ഇവനെയല്ലാതെ വേറെ ആരെയും കിട്ടിയില്ലേ… പുറകെ നടക്കാൻ…”

ഒന്ന് പുഞ്ചിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ…

“ഞാൻ പുറകെ നടന്നതൊന്നുമല്ല… അഭി തന്നെ വന്ന് പ്രൊപ്പോസ് ചെയ്തതാ…”

“കോളേജിൽ തുടങ്ങിയതാണോ…”

“അതേ… പക്ഷെ കോളേജിൽ ആർക്കും അറിയില്ല… നാട്ടിലും ആർക്കും അറിയില്ല…

അഭി പുറത്തു വച്ചു കണ്ടാൽ എന്നോട് മിണ്ടാറ് പോലുമില്ല…

ആരെങ്കിലും കാണുമോന്ന് പേടിച്ച്…”

“അയ്യേ… അവൻ നല്ലൊരു പേടിത്തൊണ്ടനാണല്ലോ…

അങ്ങനെ ആലോചിക്കുമ്പോൾ…ഉം…”

വിജയ് പെട്ടെന്നെന്തോ ചിന്തയിൽ മുഴുകി…

“ഹലോ… ആലോചിക്കുന്നതൊക്കെ കൊള്ളാം… വണ്ടി നോക്കി ഓടിചോളൂ ട്ടാ…”

“ടോ… ഞാൻ തുറന്ന് പറയാം….

ഇവനെ വിട്… തനിക്ക് വേറെ നല്ല ആരെയെങ്കിലും കിട്ടും…

ബേസിക്കലി അവനൊരു ഭീരുവാ…

എന്നിട്ടും അവൻ ഇല്ലാത്ത ധൈര്യത്തിൽ, തന്നെ വളച്ചു… എന്നാൽ അത് ആർക്കും അറിയ പോലുമില്ല….”

“അമ്മയ്ക്കറിയാം…”

“ടോ… നിങ്ങളുടെ വീട്ടുകാർ തമ്മിൽ പിണക്കമല്ലേ… അതെന്തിനാ…”

“അതിനെ പറ്റി എനിക്കറിയില്ല… ഞാൻ നിൽക്കവേ ആരും സംസാരിക്കാറില്ല…

വിജയ് അതേപ്പറ്റി എന്തെങ്കിലും കേട്ടിട്ടുണ്ടോ….”

“നല്ല കഥ… ഞാൻ വല്ലപ്പോഴും വീട്ടിലോ നാട്ടിലോ ഉണ്ടെങ്കിൽ അല്ലേ ഇതൊക്കെ അറിയൂ…”

“വിജയ്… എനിക്ക് അറിയണം… അഭി എന്തിനാ എന്നെയിങ്ങനെ പറ്റിച്ചതെന്ന്…

അതിനെന്താ ഒരു വഴി…”

“ഒരു വഴിയുണ്ട്…”

“എന്താ….”

“അവനോട് തന്നെ ചോദിക്ക്…”

അഭി എന്തിനാ എന്നോട് ഇങ്ങനെ… എനിക്കറിയണം…

വിജയ് പറഞ്ഞ പോലെ വീട്ടുകാരുടെ പിണക്കവുമായി ഇതിനു ബന്ധമുണ്ടാകുമോ….

എന്തായാലും അറിയണം…

അത് ഇനി അഭിയോട് ചോദിച്ചിട്ടാണെങ്കിൽ അങ്ങനെ…

* * *

“ശ്രീമോളേ…. എന്ത് ആലോചിച്ച് ഇരിക്കാ… ദേ പൊന്നി നിന്നെ വിളിക്കുന്നു…”

“എന്തിനാ മ്മേ…”

“അറിയില്ല… ദേവൂട്ടി കരയുന്നുണ്ട്… അതാകണം…

ദീപം വയ്ച്ചിട്ട്, മോളൊന്ന് അത്രേടം വരെ ചെല്ല്…”

സന്ധ്യാദീപം തെളിയിച്ച്, ഞാൻ പൊന്നിച്ചേച്ചിയുടെ വീട്ടിലേക്ക് നടന്നു…

“പൊന്നിച്ചേച്ചീ… ദേവൂട്ടി എന്തിനാ കരയുന്നേ…”

പൊന്നിച്ചേച്ചി ദേവൂന് ചോറ് വാരി കൊടുക്കുകയാണ്….

“ദേ നോക്ക്… ദേവൂട്ടീടെ ബാലച്ചേച്ചി വന്നല്ലോ… ദേവൂട്ടി വാ തുറക്ക്… ഒരു പിടി….

കണ്ടോ ബാല… കഴിക്കുന്നില്ല….

നീ എങ്ങനെയെങ്കിലും ഒന്ന് കഴിപ്പിക്ക്….”

“ചേച്ചി പോയി ജോലി നോക്കിക്കോളൂ…. ഞാൻ കഴിപ്പിക്കാം അവളെ…”

പൊന്നിച്ചേച്ചിയുടെ കയ്യിൽ നിന്നും ചോറ്റുപാത്രം വാങ്ങി, ദേവൂട്ടിയെ ഞാൻ മടിയിലിരുത്തി…

ദേവൂട്ടിയോട് മല്ലിട്ട്, ഭക്ഷണം കഴിപ്പിക്കുമ്പോൾ, മനസിലെ തീ കെട്ടടങ്ങിയ പോലെ….

കുഞ്ഞു വാവകൾ അല്ലെങ്കിലും മനസ്സിനൊരു കുളിരാണ്…

“മോളെ ശ്രീ… ഈ സൂചിയിൽ നൂലൊന്ന് കൊരുത്തു താ… ഇരുട്ടായാൽ പിന്നെ കാണാൻ പറ്റില്ല…”

നൂല് കോർത്ത്, ഞാൻ വിജയ് തന്ന ബുക്ക് എടുത്തു….

എന്തെങ്കിലും പഠിക്കാതെ നാളെ ഓഫീസിലേക്ക് പോകാൻ കഴിയില്ല… ലാപ്‌ടോപ്പിൽ ഓരോന്നായി ചെയ്തു നോക്കി…

ആ ഇരിപ്പിൽ ഞാൻ എപ്പോഴോ ഉറങ്ങി…

* * *

മീറ്റിംഗ് തുടങ്ങുന്നതിനു പത്ത് മിനിറ്റ് മുൻപേ ഞാൻ വേണ്ട കാര്യങ്ങളൊക്കെ റെഡിയാക്കി…

അഭിയൊഴികെ എല്ലാരും കൃത്യസമയത്തെത്തി…

എന്റെ സെഷൻ ആയതുകൊണ്ട് മനഃപൂർവം ലീവാണോ…

ഇനി ലേറ്റ് ആണോ…

ഞാനെന്തിനു സെഷൻ വൈകിക്കണം…

ഞാൻ തുടങ്ങി…

“ഗുഡ് മോർണിംഗ് ടീം… ഞാൻ പൈത്തണിന്റെ തിയറി ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല…

നമുക്ക് ചെയ്‌തു തന്നെ പഠിക്കാം…

പൈത്തൺ ഇൻസ്റ്റാൾ ചെയ്യാത്തവർ, ആദ്യം അത് ഇൻസ്റ്റാൾ ചെയ്യണം… ഒരു ഐ ഡി ഇ കൂടി ഇൻസ്റ്റാൾ ചെയ്താൽ അത്രയും നല്ലത്….”

അഭി എത്തി… എന്നെ തറപ്പിച്ചു നോക്കി ഉള്ളിൽ കയറി…

അഭി മുറിയിലില്ല എന്ന് സങ്കൽപ്പിച്ചു കൊണ്ട്, ഞാൻ ക്ലാസ് തുടർന്നു…

ഓരോ വട്ടം അഭിയുടെ കണ്ണുമായി ഉടക്കുമ്പോഴും, അവനെ ഞാനൊരു അപരിചിതനായി എഴുതിത്തള്ളി…

എന്റെ ശ്രമം വിജയിച്ചു… അധികശ്രമം ഇല്ലാതെ തന്നെ അഭിയെ അവഗണിക്കാനും ഞാൻ പഠിച്ചു…

“ഹേയ് ബാല… ഈ കോഡ് നോക്ക്… എന്തോ എറർ കാണിക്കുന്നു…”

“നോക്കട്ടെ… ഇന്റെൻടേഷൻ എററാ…”

“ഇന്റെൻടേഷന് ഒക്കെ എറർ കാണിക്കോ… അത് വല്യ ബുദ്ധിമുട്ടാകുമല്ലോ….”

“ഏയ് ഇല്ല… കുറച്ചൂടി എളുപ്പമാകും… ഇതിൽ ബ്രേസ് ഇടേണ്ടി വരില്ല…”

പെട്ടെന്ന് ഡോർ തുറന്ന് രവി റൂമിലേക്ക് വന്നു…. “എന്തായി ഗയ്‌സ്… എങ്ങനെ പോകുന്നു ഫസ്റ്റ് സെഷൻ…”

“വെൽ… ബാല റിയലി ഹെല്പ്ഡ് അസ് എ ലോട്ട്…. ബാക്കി ഞങ്ങൾ തന്നെ ചെയ്‌തു നോക്കണം…

കണ്ടിട്ട് ഈസിയാണെന്ന് തോന്നുന്നു…”

നിമ്മിയാണ് മറുപടി നൽകിയത്…

“ഗ്രേറ്റ്… ഒരു ഫ്രഷർ ആയിട്ട്…. ബാല… യു റിയലി ഡിഡ് എ ഗ്രേറ്റ് ജോബ്…”

അഭിയുടെ അസൂയ നിറഞ്ഞ കണ്ണുകൾ എന്റെ മേൽ വീഴുന്നുണ്ട്…

ഞാൻ കാര്യമാക്കിയില്ല…

ഡെസ്കിലേക്ക് നടക്കുമ്പോൾ നിമ്മിയും ഒപ്പം കൂടി….

“ബാല… തന്റെ ബോയ് ഫ്രണ്ട് ആളൊരു ചുള്ളനാ കേട്ടോ…”

നിമ്മി ഇപ്പോഴും വിജയ് പറഞ്ഞ ‘സ്മാർട്ട്’ മയക്കത്തിലാണ്…

“നിമ്മീ…. ഹി ഈസ് മൈ ഫ്രണ്ട്…”

“ഓക്കേ… ഓക്കേ… തന്റെ ബോയ് ഫ്രണ്ട് അല്ലാത്ത ഫ്രണ്ട്… എന്നാ ഒരു കെയറിങ്ങാ…

ഒരു തലവേദനയ്ക്ക് ഇത്രയോ…

തന്നെ റോഡ് ക്രോസ്സ് ചെയ്‌ത്‌ കൊണ്ട് പോകുന്നു… ഉം…ഉം… ഞാനൊക്കെ കണ്ടിരുന്നു…”

ഇതിനൊന്നും മറുപടി പറഞ്ഞാൽ മതിയാകില്ല…

“മേ ബി… തനിക്ക് അയാൾ ഫ്രണ്ട് ആയിരിക്കാം… പക്ഷേ അയാൾക്ക് അങ്ങനെയല്ല… കരുതിയിരുന്നോ….”

വിജയ്… അപ്പോൾ നിമ്മി ഇങ്ങനെ ചിന്തിക്കാൻ വേണ്ടിയാണ് താൻ ഇതൊക്കെ ചെയ്‌തത്‌…

“നിമ്മീ… ഐ ഹാവ് സംതിങ് ടു ടോക് ടു യു…”

തൊട്ടു പുറകിൽ അഭി… എല്ലാം കേട്ട മട്ടുണ്ട്….

“എന്താ അഭി… പറയു…”

അഭിയ്ക്ക് എന്താ നിമ്മിയോട്‌ ചോദിയ്ക്കാൻ…. വിജയെ പറ്റി ആയിരിക്കോ…

“ഇവിടെ അല്ല… നമുക്ക് പാൻട്രിയിൽ പോകാം…”

എന്നെ ഒഴിവാക്കുന്നതാണ്… അപ്പോൾ വിജയ് തന്നെ വിഷയം…

നിമ്മി അഭിയോടൊപ്പം പോയതും ഞാൻ വിജയെ വിളിച്ചു…

“യെസ് മാഡം…. ഞാനും കാത്തിരിക്കുകയായിരുന്നു…

എന്ത് പറഞ്ഞു തന്റെ നിമ്മി…?”

“വിജയ്… യു ആർ ഇമ്പോസ്സിബിൾ….

നിമ്മി തന്റെ ഒരു ഫാൻ ആയ പോലെ സംസാരിച്ചു… അഭി എല്ലാം കേൾക്കുകയും ചെയ്‌തു….

അതിലും തമാശ…. താൻ എന്നെ സ്നേഹിക്കുന്നു എന്നവൾ കണ്ടുപിടിച്ചു….”

“ഹഹ… എന്നിട്ട് താനെന്ത് പറഞ്ഞു…”

“ഞാനെന്ത് പറയാൻ… അപ്പോഴേക്കും അഭി അവളെ കൊണ്ട് പോയി….”

“താൻ അവനോട് ചോദിച്ചോ…”

“ഇല്ല… ചോദിക്കണം…”

ഇന്ന് തന്നെ ചോദിക്കണം…

പാൻട്രിയിൽ അപ്പോഴും അഭി നിമ്മിയോട്‌ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്…

ഞാൻ കുപ്പിയിൽ വെള്ളം നിറക്കുമ്പോൾ, എന്റെ പേര് അവർ അടക്കത്തിൽ പറയുന്ന പോലെ തോന്നി…

എന്നെ പറ്റിയാകണം…

കുറെ നേരമായിട്ടും രണ്ടു പേരും ഡെസ്കിൽ വരുന്നില്ല…

അഭിയ്‌ക്കെന്താ എന്റെ കാര്യമറിയാൻ ഇത്ര ഉൽകണ്ഠ…

* * *

“ബാല… താൻ ഫ്രീ ആണോ… കുറച്ചു സംസാരിക്കാനുണ്ട്…”

അഭി… എന്റെ ഞെട്ടൽ മാറിയിട്ടില്ല…

“ഇപ്പോഴോ… സംസാരിക്കാം… പറയൂ…”

“ഇപ്പോൾ… ഇപ്പോൾ വേണ്ട… വൈകിട്ട് മതി… ഓഫീസ് കഴിഞ്ഞ്…”

“ഓക്കേ…”

ഞാൻ അപ്പോൾ തന്നെ വിജയെ മെസ്സേജ് ചെയ്‌ത്‌ അറിയിച്ചു…

വിജയ് ഏതാണ്ടൊക്കെ ഉറപ്പിച്ചു, എന്നെ കൊണ്ടു പോകാൻ വരാമെന്ന് പറഞ്ഞു…

വിജയ് ആയതുകൊണ്ട്, എന്താണെന്നൊന്നും ഞാൻ ചോദിച്ചില്ല…

* * *

ഓഫീസ് വിട്ട് ഇറങ്ങാൻ നേരം എത്ര നോക്കിയിട്ടും അഭിയെ കണ്ടില്ല…

പറ്റിച്ചതാണോ… വീണ്ടും….

ഓരോ സെക്കന്റ് കഴിയുമ്പോഴും ഞാൻ അഭിയിൽ നിന്നും അകലുന്ന പോലെ….

“ബാല… സോറി… അല്പം വൈകി…

വരൂ… നമുക്ക് നടക്കാം…”

അഭി ഓടിയെത്തി… എന്നെ കണ്ടിട്ട് അവനു നല്ല സന്തോഷമുണ്ടല്ലോ…

“ബസ് സ്റ്റോപ്പിൽ നിന്ന് സംസാരിക്കാം ബാല… ഇവിടെ ആരും കാണണ്ട… കുറച്ച് പേർസണൽ ആണ്…”

ക്യാമ്പസ് വിട്ട് അഭിയോടൊപ്പം ഞാൻ പുറത്തിറങ്ങി…

“തനിക്ക് എന്നോട് വിരോധമുണ്ടെന്ന് എനിക്കറിയാം… അത്രയ്ക്കുള്ള പണിയാണ് ഞാനൊപ്പിച്ചത്…”

“അത് എന്തിനായിരുന്നു എന്ന് കൂടി പറയാമോ…”

“അതിപ്പോൾ അറിഞ്ഞിട്ടെന്തിനാ… അതൊക്കെ പോട്ടെ…

ഞാൻ ഇപ്പോൾ വന്നത് തന്നോട് ചെയ്‌ത തെറ്റിന് സോറി പറയാനാ…

കഴിഞ്ഞതൊക്കെ മറന്നൂടെ തനിക്ക്… എന്റെ പഴയ ബാല ആയിക്കൂടെ…”

ഒടുവിൽ വിജയ് പറഞ്ഞത് തന്നെ സംഭവിച്ചു…

പെട്ടന്നായിരുന്നു ബസും വന്നത്…

ഞാൻ ബസിൽ കയറാൻ മടിച്ചു…

“എന്റെ ഫ്രണ്ട് വരും പിക്ക് ചെയ്യാൻ…”

“നിമ്മി പറഞ്ഞ കക്ഷി ആണോ…”

അപ്പോൾ വിജയെ പറ്റി തന്നെയായിരുന്നു സംസാരം…

“എന്തിനാ എന്നെ ചതിച്ചതെന്ന് പറഞ്ഞൂടേ….

അത് അറിയാതെ… എനിക്കൊരു തീരുമാനം എടുക്കാൻ കഴിയില്ല….”

“ടോ… അത്… തന്റെ അമ്മയോടുള്ള ദേഷ്യം കൊണ്ടാ…”

“എന്റെ അമ്മ എന്ത് ചെയ്‌തു…”

“ഞാൻ ജനിച്ച കാലം മുതൽക്കേ, എല്ലാരും എന്നെ വിശേഷിപ്പിക്കുന്നത്, മൊണ്ടി മാധവന്റെ മകനെന്നാ…

അപ്പോൾ മുതലേ ഉള്ള ദേഷ്യമാ… തന്റെ കുടുംബത്തോട്…

അതു കൊണ്ട്, മനഃപൂർവം ഞാൻ തന്നെ വീഴ്ത്തിയതാ….

പക്ഷേ അന്നത്തെ തന്റെ മെസ്സേജ് കണ്ടപ്പോൾ, ഞാനൊരുപാട് തന്നെ വിഷമിപ്പിച്ചു എന്ന് തോന്നി….

ഇപ്പോൾ തന്നെ വീണ്ടും കാണുമ്പോൾ, ഞാൻ ചെയ്‌ത തെറ്റ് തിരുത്തണം എന്നെന്റെ മനസ് പറയുന്നു…”

“മാധവമ്മാമയുടെ കാല് വയ്യാത്തതിന്, എന്റെ അമ്മയെന്ത് ചെയ്തു…”

“തന്റെ അമ്മയുടെ പുറകെ നടന്നതിന്, തന്റെ അമ്മയുടെ ആങ്ങളമാർ തല്ലിയൊടിച്ചതാ, എന്റെ അച്ഛന്റെ കാല്…

നഷ്ടപെട്ടത് എന്റെ അച്ഛനും…

ജാതിഭ്രാന്ത് പിടിച്ച ഒരു കുടുംബം….!! എന്തൊക്കെയായാലും ഇങ്ങനെയൊക്കെ ചെയ്യാമോ…

അത് കൊണ്ടാ, ഞാൻ… തന്നെയും…”

ദൂരെ നിന്നും വിജയ് നടന്നുവരുന്നത് ഞാൻ കണ്ടു…

“എന്റെ ഫ്രണ്ട് വന്നു… എനിക്ക് പോണം….”

“താനൊന്നും പറഞ്ഞില്ല…”

“ശ്രീ… പോകാം….”

അപ്പോഴേക്കും വിജയ് അടുത്തെത്തി…

അഭിയുടെ മുഖം ഇഞ്ചി കടിച്ച പോലെയായി…

“എനിക്ക് ആലോചിക്കാൻ സമയം വേണം….”

അതും പറഞ്ഞ് ഞാൻ തിരിഞ്ഞു…

അഭി ഇപ്പോൾ എന്റെ മനസിലുണ്ടോ… എന്തിനാ സമയം…

തിരിഞ്ഞു നടക്കുമ്പോൾ അഭി എന്നെ നോക്കി നിൽക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു…

“ടോ… എന്തുണ്ടായി… അവൻ കൺഫെസ്സ് ചെയ്തില്ലേ…”

“ഉം… തന്റെ കാർ എവിടെ…”

“ഇന്ന് ഇതാ ശകടം… സെർവീസിങ്ങിനു പോയിട്ട് വരുന്ന വരവാ…

കുറെ നാളായി ഇവൻ പുറം ലോകം കണ്ടിട്ട്…”

മുന്നിലിരുന്ന റോയൽ എൻഫീൽഡ് ക്ലാസിക് 350 യിൽ വിജയ് വിരലോടിച്ചു…

“ബൈക്കിലോ…”

ഞാൻ ചിന്തിച്ചത് ഉറക്കെയായി പോയി…

“എന്താ… താൻ ബൈക്കിൽ കേറില്ലേ…”

“അത് പിന്നെ…”

ഇതിൽ കേറി ചെന്നാൽ, പിന്നെ അത് മതി… നാട്ടിൽ അടുത്ത കഥയിറങ്ങാൻ….

“ടോ… തനിക്ക് ബുദ്ധിമുട്ട് ആണേൽ പറ… ഞാനൊരു ഓട്ടോ വിളിക്കാം…

ബൈക്ക് ഇവിടെ മാറ്റി വച്ചിട്ട് നമുക്ക് പോകാം…. ഞാൻ പിന്നെ വന്നെടുത്തോളാം…”

ഇതാണ് വിജയ്… എന്തിനും പ്ലാൻ ബി യുള്ള കക്ഷി…

അഭി അപ്പോഴും ബസ് സ്റ്റോപ്പിൽ നിന്ന് ഞങ്ങളെ തന്നെ നോക്കുന്നുണ്ട്…

“ദേഹത്തു മുട്ടും, പിന്നിലിരിക്കുന്നതാണ് പ്രശ്നമെങ്കിൽ, താൻ മുന്നിലിരുന്നോ….

ഞാൻ പിന്നിലിരുന്നോളാം…”

വിജയ് എനിക്ക് നേരെ കീ നീട്ടി…

“അതോ… ഓട്ടോ തന്നെ വിളിക്കണോ…. എന്താ വേണ്ടതെന്ന് മാഡം തന്നെ പറയ്…”

“എനിക്ക് ഓടിക്കാനറിയില്ല…. ഓട്ടോ ഒന്നും വേണ്ട… താൻ വണ്ടിയെടുക്ക്…”

ഞാൻ പിന്നിൽ കേറി…

അഭി അപ്പോഴും നോക്കുന്നുണ്ട്…

മാധവമ്മാമയെ അമ്മ ചതിച്ചതാണോ… അമ്മയൊരിക്കലും അങ്ങനെ ചെയ്യില്ല…

ബൈക്ക് നിന്നത് പെട്ടന്നായിരുന്നു….

“എന്ത് പറ്റി വിജയ്…”

“ഞാൻ നിർത്തിയതാ… എന്താ ഇത്ര വലിയ ആലോചന…

വാ… നമുക്ക് തന്റെ ട്രീറ്റ് ഇന്ന് തന്നെയാക്കാം…”

ട്രീറ്റോ… ഇന്നോ…

അതും മദീന റെസ്റ്റോറെന്റ്… ഈശ്വരാ… ശമ്പളം കൂടി കിട്ടിയിട്ടില്ല…

“ടോ… അങ്ങോട്ടല്ല… ഇവിടേക്ക്…”

അടുത്തുള്ള ചെറിയ ചായക്കടയിൽ വിജയ് എന്നെയും കൊണ്ട് കയറി…

“ഞാനും ഇവിടെ വന്നിട്ട് കുറെ നാളായി… ഇവിടത്തെ ദാമുവേട്ടന്റെ മുളകു ബജ്ജിയും ചായയും…

ആഹാ… ആലോചിക്കുമ്പോൾ തന്നെ….

ദാമുവേട്ടാ… രണ്ടു ചായയും ബജ്ജിയും…”

തോളിൽ തോർത്തുമുണ്ടിട്ട് പൊക്കം കുറഞ്ഞ അമ്മാവൻ വിജയുടെ ശബ്ദം തിരിച്ചറിഞ്ഞു…

“ഇതാര്… വിജയോ… എപ്പോൾ എത്തി മോനെ…”

“കുറച്ചു നാളായി… ചേട്ടന്റെ മോൻ എവിടെ… സുബി…”

“അവൻ ഇപ്പോൾ ദുബായിലാ… കഴിഞ്ഞ കൊല്ലം പോയി…

മോനെന്നാ തിരിച്ചു…”

“തിരിച്ചില്ല…. ഇനി ഇവിടെ തന്നെ കൂടാനാ പ്ലാൻ…”

ദാമുവേട്ടൻ ഞങ്ങൾക്ക് ചായയെടുക്കാൻ അകത്തേക്ക് പോയി…

“വിജയ്… തനിക്ക് ജോലിയും കൂലിയും ഒന്നുമില്ലേ…

എന്നും ഉണ്ടല്ലോ….ടെക്നോപാർക്കിന്റെ പരിസരത്തു താൻ…”

“ഞാൻ പറഞ്ഞിരുന്നില്ലേ… ഒരു ബിസിനസ് തുടങ്ങാൻ നോക്കുന്നത്…

ഒരു മെക്കാനിക്കൽ ഷോപ്…

നമ്മുടെ പയ്യന്മാർക്ക് ആൾട്ടറേഷൻ ഒക്കെ ചെയ്യാൻ പറ്റുന്ന സൗകര്യത്തിൽ….

അതിനുള്ള സ്പെയർ പാർട്സ് വാങ്ങാൻ, പോകുകയും വരുകയും ചെയ്യുമ്പോഴാ തന്നെ കാണുന്നത്…

പിന്നെ… തന്നെ കാണുന്നത് ഒരു ആശ്വാസമാ ടോ…

വേറെ ഫ്രണ്ട്‌സ് ഒന്നും ഇല്ലല്ലോ, ഇപ്പോൾ… എല്ലാരും കല്യാണം കഴിഞ്ഞു പോയില്ലേ…

തന്റെ കല്യാണം കഴിഞ്ഞാൽ തന്നെയും വിടും ഞാൻ…”

ഞാൻ കല്യാണം കഴിക്കണോ…

ചായയും വടയും വാങ്ങി, ഞങ്ങൾ കടയുടെ പുറത്തു വന്നു നിന്നു…

“വിജയ്…. ശരിക്കും വിവാഹം ആണോ ജീവിതം…”

“ആണോ… എനിക്ക് അങ്ങനെ തോന്നിയിട്ടില്ല…

നമ്മുടെ ജീവിതം തീരുമാനിക്കുന്നത് നമ്മളാ…

വിവാഹം… കുട്ടികൾ… അതൊക്കെ ഏറ്റവും എളുപ്പമുള്ള കാര്യങ്ങളാ ശ്രീ….. ആർക്കു വേണേലും ചെയ്യാം…

നമ്മുടെ സമൂഹം അതിനെ ജീവിതമായി കാണുന്നു… ചിലർ അതിൽ ഹാപ്പിയാണ്… ഒരുപാട് പേർക്കും അങ്ങനെയല്ല…

നമ്മൾ ഹാപ്പി ആയിരിക്കണം… അതാണ് ജീവിതം…

അതിനു വേണ്ടി എന്തും ചെയ്യാം…”

ഒരു ബസ് ഞങ്ങളെ കടന്നു പോയി…

അഭി ഉണ്ടാകും ബസിൽ…

“ശ്രീ… താൻ ആ പോയ ബസ് കണ്ടോ… എല്ലാരും കയറും പോലെ തനിക്കും കയറാം അതിൽ….

എല്ലാരുടെയും ഒപ്പം ഇറങ്ങാം… ഇടക്ക് വച്ച് ഇറങ്ങാൻ നോക്കിയാൽ മറ്റുള്ളവർക്ക് ഇഷ്ടപ്പെടില്ല… അത് പോലെയാണ് നമ്മുടെ സമൂഹവും… മാറി ചിന്തിക്കുന്നവരെ അവർ അകറ്റി നിർത്തും…

ഇടക്ക് വച്ച് ഇറങ്ങണമെങ്കിൽ, തന്റെ ജീവിതം താൻ തന്നെ ഉണ്ടാക്കി എടുക്കണം…..

ഉദാഹരണത്തിന്…. തനിക്കൊരു ബൈക്ക് ഉണ്ടെന്ന് വച്ചോ….

തന്റെ ബൈക്കിൽ തനിക്ക് എവിടെ വേണമെങ്കിലും പോകാം… എവിടെ വേണമെങ്കിലും ഇറങ്ങാം… അത് തന്റെ ഇഷ്ടം…

ബൈക്ക് വേണോ, അതോ എല്ലാരേയും പോലെ, താനും ബസിൽ തന്നെ പോണോന്ന് ചിന്തിക്കേണ്ടത് താനാണ്….

തീരുമാനം തന്റെയാണ്…”

ഞാനറിയാതെ കുറെ നേരം വിജയെ നോക്കി നിന്നോന്നൊരു സംശയം…

“എന്താടോ…”

അഭി പറഞ്ഞതൊക്കെ ഞാൻ വിജയോട് പറഞ്ഞു…

“എനിക്ക് അഭിയെ പഴയ പോലെ കാണാൻ കഴിയുന്നില്ല വിജയ്….

എന്റെ അമ്മ… അമ്മയോട് എന്ത് വൈരാഗ്യമായാലും… അത് ആരായാലും… എനിക്ക് സഹിക്കില്ല…

അമ്മയെന്നോട് പറഞ്ഞിട്ടുണ്ട്, അമ്മയ്ക്ക് ഇഷ്ടമല്ലാത്ത വിവാഹമായിരുന്നു അച്ഛനുമായിട്ട് എന്ന്…

പിന്നെ… മാധവമ്മാമയോട് അമ്മയ്ക്ക് ദേഷ്യമൊന്നും ഇല്ലാന്ന്…”

“അവർ തമ്മിൽ…. അടുപ്പത്തിലായിരുന്നോ…”

“എനിക്കും അങ്ങനെ തന്നെ തോന്നുന്നു… അങ്ങനെയെങ്കിൽ… എനിക്ക് വേണ്ടി ഇത്രയും സ്ട്രോങ്ങ് ആയി നിൽക്കുന്ന അമ്മ…

ആ അമ്മയെങ്ങനെയാ ഇഷ്ടപെടുന്ന പുരുഷനെ ചതിക്കുന്നത്…

അമ്മയങ്ങനെ ചെയ്യില്ല… എനിക്കുറപ്പാണ്…”

“അഭി പറഞ്ഞോ, തന്റെ അമ്മയാ ചതിച്ചതെന്ന്…”

“ഏതാണ്ട് അങ്ങനെയായിരുന്നു സംസാരം…”

“ശ്രീ… തന്റെ അമ്മ ചതിച്ചു എന്നത് വിശ്വസിക്കാൻ എനിക്കും ബുദ്ധിമുട്ടാണ്…”

“തനിക്കെന്താ അങ്ങനെ തോന്നാൻ…”

“തന്റെ അമ്മയാണ് ചതിച്ചതെങ്കിൽ… അഭിനവ് എങ്ങനെ തനിക്കും മുൻപ് ജനിച്ചു…

അപ്പോൾ മാധവൻ അങ്കിൾ അല്ലേ ആദ്യം വിവാഹം കഴിച്ചിട്ടുണ്ടാക…

അങ്ങനെയെങ്കിൽ, മാധവൻ അങ്കിൾ ആയിക്കൂടെ ചതിച്ചത്….

അഭിയ്ക്ക് എല്ലാം അറിയണമെന്നുണ്ടോ…

അഭിയെ വിശ്വസിക്കാതെ, തനിക്ക് തന്റെ അമ്മയോട് തന്നെ ചോദിച്ചൂടെ….”

അമ്മയോട് ചോദിക്കണം…. സത്യം എന്താണെന്ന് അറിയണം…

ചായ ഗ്ലാസ് വിജയ് എന്റെയും ചേർത്തു, ഉള്ളിൽ കൊണ്ട് പോയി കൊടുത്തു…

ഈ കട ആയത് നന്നായി… അല്ലെങ്കിൽ കാശിനു വിജയോട് തന്നെ കടം ചോദിക്കേണ്ടി വന്നേനേ…

“ടോ… ഇവിടെ… വന്ന് വണ്ടിയിൽ കയറ്….”

വിജയ് അപ്പോഴേക്കും ബൈക്ക് സ്റ്റാർട്ട് ചെയ്‌തിരുന്നു…

“കാശ് കൊടുത്തിട്ടില്ല… ഞാൻ കൊടുത്തിട്ട് വരാം…”

“കാശൊക്കെ ഞാൻ കൊടുത്തു…”

“അതെന്താ… എന്റെ ട്രീറ്റ് ആണെന്ന് പറഞ്ഞിട്ട്…”

“അയ്യടാ… അങ്ങനെ എനിക്കുള്ള ട്രീറ്റ് ഒരു ചായയിൽ ഒതുക്കാൻ നോക്കണ്ട…

അതൊക്കെ ഞാൻ വഴിയേ മേടിച്ചോളാം…

വന്ന് വണ്ടിയിൽ കേറാൻ നോക്ക്….”

ഈശ്വരാ… ആ ട്രീറ്റ്, ശമ്പളം കിട്ടിയിട്ട് ആകണേ… ഇത് പോലെ എന്നെ പെട്ടെന്ന് വിളിച്ചോണ്ട് വരല്ലേ…

വിജയ് ആയത് കൊണ്ട് പറയാൻ പറ്റില്ല…. എന്തും സംഭവിക്കാം….

(തുടരും)

 

Click Here to read full parts of the novel

3.9/5 - (14 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!