“ഞാൻ വേളി കഴിച്ചോട്ടേ എന്റെ ബാലയെ…? എനിക്ക് അമ്മയുടെ മറുപടി മാത്രം മതി….”
വെള്ളി മേഘങ്ങൾ ഞങ്ങൾക്ക് ചുറ്റും പാറി കളിച്ചു…
അഭിയേട്ടന്റെ വാക്കുകൾക്ക് വേണ്ടി കാത്തിരുന്ന പോലെ, അമ്മയെന്റെ കൈകളെടുത്ത്…………
എന്റെ കാലുകൾ മെല്ലെ വഴുതി……
അരയാലിന്റെ വള്ളിയിലെ പിടി അയഞ്ഞു……
ഠപ്പേ…!
“അമ്മേ… ഞാൻ തോട്ടിൽ വീണേ….”
കൈകാലിട്ടടിച്ച് ഞാൻ കണ്ണു തുറന്നു…
സ്വപ്നമായിരുന്നോ…!!
എന്തിനാ ഈശ്വരാ എന്നെയിപ്പോൾ ഉണർത്തിയത്…. ആ കയ്യൊന്ന് വച്ചിട്ടു പോരായിരുന്നോ….
തോർത്തുമുണ്ടും സോപ്പുമെടുത്ത് ഞാൻ കുളപ്പടവുകളിറങ്ങി…
തണുത്ത വെള്ളം കൈകുമ്പിളിൽ കോരി മുഖത്തേക്കൊഴിക്കുമ്പോഴും ഞാൻ പാതി സ്വപ്നത്തിലായിരുന്നു… എന്തുണ്ടായിക്കാണും അത് കഴിഞ്ഞ്…
പുതിയ ദാവണി തേച്ചുമിനുക്കി… പൂ ചൂടി… പൊട്ട് തൊട്ട്… കുറിയിട്ടു…. എത്രയും പെട്ടെന്ന് അഭിയേട്ടനെ കാണാനുള്ള തിടുക്കത്തിലാണ് ഞാൻ…
അമ്മ പറഞ്ഞത് നേരാ… മെറൂൺ എനിക്ക് നന്നായി ചേരുന്നുണ്ട്…
എന്നെ ഇങ്ങനെ കണ്ടാൽ അഭിയേട്ടൻ ഇന്നു തന്നെ പെണ്ണുചോദിച്ച് വരും… ഉറപ്പ്….
“ശ്രീ… നിന്റെ ഒരുക്കം കഴിഞ്ഞില്ലേ… നേരം ഒരുപാടായല്ലോ….”
“ദാ കഴിഞ്ഞു അമ്മേ…….”
തുള്ളിച്ചാടി വരുമ്പോഴാണ് പുറത്തു കാറിൽ ഗോകുൽ… ഞങ്ങളെ കൊണ്ടുപോകാൻ വന്നതാണ്…
ഞാൻ കാറിന്റെ പിന്നിൽ ചാടിക്കയറി…
വല്യമ്മ എന്നെയൊന്ന് തുറിച്ചുനോക്കി മുന്നിൽ കയറിയിരുന്നു…
അമ്മ എന്നോടൊപ്പവും…
മണ്ഡപം എത്തിയതും ഞാൻ അമ്മയോടൊപ്പം ചാടിയിറങ്ങി…
എന്നാൽ അമ്മയെ കാത്ത് ഒരു പട തന്നെ മണ്ഡപത്തിനു മുന്നിൽ നിന്നിരുന്നു…
“എത്ര നാളായി ഉമയെ കണ്ടിട്ട്… ബാല എവിടെ…?”
ഞാൻ അമ്മയുടെ അടുത്തേക്ക് നീങ്ങി നിന്നു…
“മോളിവിടെ ഉണ്ടായിരുന്നോ… ഞങ്ങൾക്ക് പെട്ടെന്ന് മനസിലായില്ല… ഇവളങ്ങു വളർന്നു പോയല്ലേ ശ്യാമേ…”
“അതെയതെ… കെട്ടിച്ചു വിടാറായി…”
“അതിനിപ്പോൾ എന്താ… അല്ലെങ്കിലും അടുത്തത് അവളല്ലേ… ചിപ്പി കഴിഞ്ഞാൽ പിന്നെ അവളല്ലേ കുടുംബത്തിൽ മൂത്തത്…”
“ഇവൾക്ക് ആലോചന വല്ലതും തുടങ്ങിയോ നീ…?”
ഈശ്വരാ… ഇവിടെ നിന്നാൽ ഇവർ ഇന്നു തന്നെ എന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കും….!
“അമ്മേ… ഞാൻ ഉള്ളിലേക്ക് പോയ്‌ക്കോട്ടെ…?”
പെട്ടെന്ന് മാളു വന്ന് എന്റെ ദാവണിയിൽ പിടിച്ചുവലിക്കാൻ തുടങ്ങി…
ഞാനവളെ എന്റെ കൈകളിൽ കോരിയെടുത്തു… കവിളിൽ മുത്തം വച്ചു…
“അമ്മേ… ഞാൻ മാളൂനെ അവളുടെ അമ്മയുടെ അടുത്താക്കാം…”
പതിയെ ഞാൻ അകത്തേക്ക് വലിഞ്ഞു… അച്ചുചേച്ചിയെ കണ്ടെത്തി മാളൂനെ ഏല്പിച്ചു…
“ബാല ഇവിടെ നിൽക്കുവാണോ…”
പിന്നിൽ നിന്നാരാ ചോദിച്ചതെന്നറിയാൻ ഞാൻ തിരിഞ്ഞു… ഗോകുൽ…!
“തന്നെ അവിടെ ചിപ്പി തിരക്കുന്നുണ്ട്… താലപ്പൊലി തട്ടം പിടിക്കാൻ….”
മറുപടി പറയാൻ നിൽക്കാതെ ഞാൻ കല്യാണപ്പെണ്ണിന്റെ മുറി തേടി നടന്നു…
ചിപ്പിച്ചേച്ചിയുടെ ഒരുക്കുമുറിയിൽ നല്ല തിരക്കായിരുന്നു… എല്ലാ ബന്ധുക്കളും എത്തിയിട്ടുണ്ട്…
“ദേ ഇതാരാന്ന് നോക്കിയേ….”
“അടുത്ത കല്യാണപെണ്ണ് എത്തിയല്ലോ…”
എവിടെ ചെന്നാലും ഇതേ ഉള്ളോ ചോദിയ്ക്കാൻ…!
“എന്താ ബാല വൈകിയേ… ചെക്കന്റെ കൂട്ടർ ഇപ്പോൾ ഇങ്ങെത്തും… സ്വീകരണം കഴിഞ്ഞാൽ നീയാണ് ചിപ്പിയുടെ ഒപ്പം ഇറങ്ങേണ്ടത്…”
“എന്തിനാ അപ്പച്ചി അവളെ വഴക്കു പറയുന്നേ… അവളെത്തിയില്ലേ….”
മുഖത്തൊരു പുഞ്ചിരി ഘടിപ്പിച്ച്, താലപ്പൊലിക്കുള്ള തട്ടമൊരുക്കാൻ ഞാനും കൂടി…
സ്വീകരണത്തിനുള്ള കൊട്ടു കേട്ടതും ആന്റിമാരൊക്കെ ചെക്കനെ കാണാൻ പോയി…
ശ്വാസം നേരെവീണു…
വാതിലിൽ ആരോ മുട്ടുന്നുണ്ടല്ലോ…
“ഞാൻ നോക്കാം…”
ഞാൻ വാതിൽ മെല്ലെ തുറന്ന് പുറത്തേക്ക് കടന്നു… “എന്ത് വേണം… ”
“ചിത്രയെ ഇപ്പോൾ കാണാൻ പറ്റോ…? അവളുടെ ക്ലാസ്മെറ്റാ ഞങ്ങൾ….”
“സോറി… പെൺകുട്ടികൾക്ക് വേണമെങ്കിൽ കയറികാണാം… ചേച്ചി ഒരുക്കത്തിലാണ്…”
“എപ്പോഴാ കാണാൻ പറ്റുക..??!”
“ഇനിയിപ്പോൾ കല്യാണം കഴിഞ്ഞിട്ടേ പറ്റുള്ളൂ… അകത്തു ഫോട്ടോ സെഷൻ ഒക്കെ നടക്കുവാ…”
എന്റെ മറുപടിയിൽ അരിശം പൂണ്ട്, അയാൾ നടന്നു പോയി… ഒപ്പം കൂടെ നിന്നവരും…
മുഹൂർത്തത്തിനു സമയമായി…
ഒരുക്കി വച്ച തട്ടമെടുത്ത് കുട്ടികൾ ഓരോരുത്തരായി ചുവടു വച്ചു…
അവർക്കു പിറകെ ഞാനും… എന്നെ പിന്തുടർന്ന് അപ്പച്ചിയോടൊപ്പം ചിപ്പിച്ചേച്ചിയും…
അമ്മായിമാർ പലരും എന്നെ നോക്കി കൈ കാണിച്ചു… ഇത്രയും നാൾ ഇല്ലാത്ത സ്നേഹമൊക്കെ പലരിലും പൊട്ടിമുളച്ച പോലെ…
സദസിനു മുന്നിൽ തട്ടം വച്ച് എല്ലാ കുട്ടികളും സ്റ്റേജിൽ തന്നെ നിന്നു…
ഞാൻ അവരുടെയൊക്കെ കണ്ണ് വെട്ടിച്ചു, ആൾക്കൂട്ടത്തിനിടയിൽ വന്നുനിന്നു…
എല്ലാ കസേരയിലും ആളുകൾ…
എവിടെയാ ഒന്നിരിക്ക…?
ഒടുവിൽ ഒഴിഞ്ഞ ഒരിടം കണ്ടെത്തി ഞാൻ ഇരിപ്പുറച്ചു…
പിന്നിലായത് കൊണ്ട് ഇവിടെയാരും തേടിവരില്ലാ…
മെല്ലെ ഫോൺ പുറത്തെടുത്തു, ഞാൻ അഭിയേട്ടനു ഡയൽ ചെയ്‌തു… ഫോണെടുക്കുന്നില്ലല്ലോ…
പെട്ടെന്നാരോ എന്റെ ഇടതുവശത്തുള്ള സീറ്റിൽ വന്നിരുന്നു… എന്റെ ശ്രദ്ധ ഫോണിലായിരുന്നു…
“നീ ഇവിടെയിരിക്കാണോ… ഞങ്ങൾ എവിടെയൊക്കെ തേടിയെന്നോ…?”
ഞാനിവിടെ ഒളിച്ചിരിക്കുന്നത് ആരോ കണ്ടെത്തി… ങേ… ഇതാരാ… ഈ കണ്ണാടിക്കാരൻ…
ഓ.. എന്നോടല്ല… എന്റെ അടുത്തിരിക്കുന്ന ചെക്കനോടാ…
അവന്റെ പുറകെ വാല് പോലെ കുറെ പേർ വന്നിരുന്നു… ഞാനൊന്നും കാര്യമാക്കാതെ ഫോണിൽ തന്നെ നോക്കിയിരുന്നു…
“അഭിയേട്ടാ… എത്താറായോ… മുഹൂർത്തത്തിനു സമയമായി…”
എന്റെ മെസ്സേജിന് കുറെ നേരമായും മറുപടിയില്ല…
കണ്ണിലെ നനവ് ഞാൻ അറിയുന്നുണ്ട്… ഇവിടെ വച്ച് കരഞ്ഞാൽ പലരും ചോദിക്കും…
അഭിയേട്ടൻ പെട്ടെന്ന് വരണേ…
കൊട്ടും കുരവയുമുയർന്ന് കേട്ടു… ഇവിടെയിരുന്നിട്ട് ക്യാമറമാനെ മാത്രം കാണാം…
അത്രയും നേരം വാതോരാതെ സംസാരിച്ചോണ്ടിരുന്ന ചേട്ടന്മാർ ഒക്കെ പെട്ടെന്ന് നിശബ്ദരായി…
എന്റെ കണ്ണ് ഫോണിലും…
അഭിയേട്ടന്റെ മെസ്സേജ്…!
“ബാലാ… സോറി… എനിക്ക് വരാൻ പറ്റില്ല… നമുക്ക് കഴിഞ്ഞതൊക്കെ മറക്കാം…”
വിറച്ച കൈകളിലൂടെ ഊർന്ന് എന്റെ ഫോൺ താഴെ വീണു…
ആരോ അതെന്റെ കയ്യിൽ വച്ചുതന്നു… അത് പിന്നെയും ഊർന്നു പോയി….
“ടോ… തനിക്കെന്താ പറ്റിയേ…? ടോ…”
ഞാൻ കണ്ണുതുറക്കുമ്പോൾ മണ്ഡപത്തിൽ കുറച്ചു പേർ മാത്രമേ ഉള്ളു…
ഒപ്പം ഇരുന്നവരൊന്നും കാണുന്നില്ല…
“വിജയ്… നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതാ ഈ കല്യാണത്തിനു വരണ്ടാന്ന്… ഇപ്പൊ നോക്ക്… ആവശ്യമില്ലാത്ത ഓരോ വയ്യാവേലികൾ…!”
കണ്ണാടി എന്റെ അടുത്തിരുന്ന ചേട്ടനെ വഴക്ക് പറയുന്നുണ്ട്…
“ടോ….” അടുത്തിരുന്ന ചേട്ടൻ എന്നെ തട്ടിവിളിച്ചു…
ചിപ്പിച്ചേച്ചിയുടെ ഒരുക്കുമുറിയിൽ കേറാൻ അനുവാദം ചോദിച്ച ചേട്ടൻ…!
അയാളുടെ കയ്യിൽ എന്റെ ഫോൺ കണ്ട്, ഞാനത് പിടിച്ചുവാങ്ങി….
“എനിക്കെങ്ങും വേണ്ട തന്റെ ഫോൺ…”
ഞാൻ നേരത്തെ വായിച്ചത് ശരിയാണ്…
കണ്ണുനീർ നിയന്ത്രിക്കാൻ ഞാനൊരുപാട് ശ്രമിച്ചു… പക്ഷെ കഴിയുന്നില്ല…
“താനെത്തിനാ കരയുന്നേ… ടോ… ആൾക്കാർ നോക്കുന്നു…”
“ഇതൊക്കെ നമ്മുടെ തലയിൽ ആകുമെന്നാ തോന്നുന്നേ…”
“വായടയ്ക്കട…..!!”
പെട്ടെന്ന് വിജയ് എന്റെ കൈപിടിച്ചു വലിച്ചു…
“താനൊന്ന് വന്നേ…”
അയാളുടെ പുറകെ ഞാൻ നടന്നു….
ആരുമില്ലാത്ത കോണിലെത്തിയതും വിജയ് നിന്നു… “പ്ളീസ്… കരച്ചില് നിർത്തൂ… ആൾക്കാരൊക്കെ നോക്കുന്നു… ഞങ്ങൾ എന്തെങ്കിലും ചെയ്‌തിട്ടാണെന്നേ കാണുന്നവർ കരുതൂ….”
“പൊന്നു പെങ്ങളല്ലേ… ആവശ്യത്തിലധികം പ്രശ്നം ഇപ്പോൾ തന്നെയുണ്ട്… അതുകൊണ്ടാ… പ്ളീസ്….” ആ കണ്ണാടിയും ഒപ്പം വന്നിരുന്നു…
ദാവണിയുടെ തുമ്പിൽ ഞാൻ കണ്ണീർ ഒളിപ്പിക്കാൻ നോക്കി… എന്നാൽ കഴിയുന്നുണ്ടായിരുന്നില്ല…
“തന്നോടല്ലേ പറഞ്ഞത്… ഇങ്ങനെ കരയാനും മാത്രം അവൻ ചത്തോ…?”
“ഡാ… നീ എന്തൊക്കെയാ ഈ കൊച്ചിനോട് പറയണേ…?”
“പിന്നല്ലാതെ… അവളുടെ പൂങ്കണ്ണീർ…! എന്താ അവന്റെ കല്യാണം കഴിഞ്ഞോ…? ഇല്ലല്ലോ…
ഇത്രയും നേരത്തെ എങ്കിലും സത്യം അറിഞ്ഞെന്ന് കരുതിയാൽ പോരെ…”
വിജയുടെ വാക്കുകൾ എന്റെ ശ്രമങ്ങളെ ഭേദിച്ചു, പിന്നെയും എന്നെ കരയിക്കുകയായിരുന്നു…
“ദേ… പിന്നെയും തുടങ്ങി… നിന്നോട് ഞാൻ പറഞ്ഞതാ മിണ്ടാതിരിക്കാൻ വിജയ്… അതിനെ പിന്നേം കരയിക്കാതെ…
കൊച്ചെ പ്ളീസ്… ഒന്ന് നിർത്തു…”
“ടാ… ഇവൾ അഭിനയിക്കുന്നതാ… ഇത്രയ്ക്ക് കരയാനും മാത്രമെന്താ… ഞാനും വായിച്ചതാണല്ലോ…
എവിടെ തന്റെ ഫോൺ…?”
“അളിയാ… വേണ്ടാ… നീ വെറുതെ ആവശ്യമില്ലാത്ത കാര്യത്തിലൊന്നും ഇടപെടേണ്ട… അല്ലെങ്കിലേ നിന്റെ സമയം തീരെ ശരിയല്ല…”
എന്റെ കയ്യിലിരുന്ന ഫോൺ വിജയ് പിടിച്ചുവാങ്ങിയത് പെട്ടന്നായിരുന്നു…
ഇയാളിതെന്താ കാണിക്കുന്നേ…
ഫോൺ തുറന്ന് അയാൾ എന്തൊക്കെയോ ടൈപ്പ് ചെയ്‌തു… ഞാൻ തടയാൻ നോക്കി… പക്ഷെ അയാളുടെ ഇടത്തെ കൈകൊണ്ട് എന്നെ അകറ്റി നിർത്തി…
കുറച്ചു കഴിഞ്ഞ് ഫോൺ അയാൾ തിരികെ നൽകി… “ഇനിയിരുന്ന് നല്ല പോലെ കരഞ്ഞോ…”
ഞാൻ ഫോൺ തുറന്നുനോക്കി….
എന്റെ കൃഷ്ണാ…
“Thank you… ഇപ്പോഴെങ്കിലും സത്യം തുറന്ന് പറഞ്ഞതിന്… Very good bye…!!”
അയാൾ അയച്ച മെസ്സേജ് നോക്കി, തറയിലിരുന്ന് ഞാൻ പൊട്ടിക്കരഞ്ഞു…
“ഇത് കുരിശായെന്നാ തോന്നുന്നേ…”
കണ്ണാടി സ്ഥലം വിട്ടു…
വിജയ് എന്നോടൊപ്പം വന്ന് തറയിലിരുന്നു…
“താൻ കരഞ്ഞോ… ഉള്ളിലെ വിഷമം ഒക്കെ കരഞ്ഞ് തീർത്തോ… കരയാനുള്ള കഴിവ് ദൈവം എല്ലാര്ക്കും കൊടുത്തിട്ടില്ല…”
വിജയുടെ കണ്ണുകളും കലങ്ങിയിരുന്നു…
“അനുവാദം ചോദിക്കാതെ നിങ്ങളുടെ മെസ്സേജ് ഒക്കെ ഞാൻ വായിച്ചു… അവൻ തന്നെ സ്നേഹിച്ചിട്ടൊന്നുമില്ല ടോ….
ഇപ്പോഴെങ്കിലും ഒക്കെ അറിഞ്ഞില്ലേ…. അത് ആലോചിച്ചിട്ട് സന്തോഷിച്ചൂടെ…”
ഇനി വരാൻ കണ്ണീരില്ലാതായെന്ന് തോന്നുന്നു…
“ഇവിടെ അധികനേരം നിൽക്കാൻ പറ്റില്ല… ആരെങ്കിലും കണ്ടാൽ പിന്നെ അതുമതി…
താൻ വരുന്നോ… ഞങ്ങൾ ചിത്രയ്ക്ക് ഗിഫ്റ് കൊടുക്കാൻ പോകുവാ…”
“ഞാനില്ല… നിങ്ങൾ പൊയ്‌ക്കോളൂ…”
“ഇവിടിരുന്ന് കരയാനല്ലേ… വേണ്ട… താനും വാ…”
അയാൾ എന്നെ ഒപ്പം വലിച്ചെണീപ്പിച്ചു… “ആ കണ്ണൊക്കെ തുടച്ചേ… കാണുന്നവർ എന്നെയാ തെറ്റിദ്ധരിക്ക…”
അവസാനത്തെ കണ്ണീരും ഞാൻ ഒപ്പിയെടുത്തു…
വിജയുടെ കൂട്ടുകാരോടൊപ്പം ഞങ്ങൾ സ്റ്റേജിലേക്ക് നടന്നു…
ചിപ്പിച്ചേച്ചി വരനോട് ചേർന്ന് നിന്ന് ഫോട്ടോയെടുക്കുന്ന തിരക്കിലാണ്…
“എല്ലാരും കേറിവാ… ഫോട്ടോയെടുക്കാം…”
ചേച്ചി വിളിച്ചത് കേട്ട്, വിജയുടെ കൂട്ടുകാരൊക്കെ മുന്നിൽ നടന്നു… പിന്നിൽ വിജയോടൊപ്പം ഞാനും…
“ആഹാ… ബാലയെയും കൂടെ കൂട്ടിയോ നിങ്ങൾ…”
എന്നെ വിജയോടൊപ്പം കണ്ടിട്ട് ചിപ്പിച്ചേച്ചിക്ക് ഒരു തെളിച്ചയില്ല… അവരുടെ ആഗ്രഹം ഗോകുലിനെ കൊണ്ട് കെട്ടിക്കാനാണല്ലോ…
ഫോട്ടോയെടുക്കുമ്പോൾ ഞാൻ മനഃപൂർവം വിജയുടെ അടുത്തു തന്നെ നിന്നു…
ഗിഫ്റ് കൊടുത്തു എല്ലാരും പിരിഞ്ഞു പോയി…
“കഴിക്കാൻ നിൽക്കുന്നോ നിങ്ങൾ…?” കണ്ണാടിച്ചേട്ടൻ തിരക്കി…
“എന്തായാലും വന്നില്ലേ… ഇനിയിപ്പോൾ കഴിച്ചിട്ട് പോയാൽ മതി…”
വിജയ് പറഞ്ഞ കേട്ട് എല്ലാരും ഊണുപുര ലക്ഷ്യമാക്കി നടന്നു…
“താനും വാ…”
പെട്ടെന്ന് കണ്ണാടിച്ചേട്ടൻ ഓടിവന്നു…
“അളിയാ… ഈ കൊച്ചിനെ പോലെ, വളർന്നുവലുതായ ഒരു ആന്റി അവിടെ മോളെ തേടുന്നു… കുട്ടീടെ അമ്മയാണോ…? നീല സാരി… വെളുത്ത നിറം…”
“അതെ… നിങ്ങൾ നടന്നോളു… ഞാൻ അമ്മയോട് പറഞ്ഞിട്ട് വരാം…”
അമ്മയെ കണ്ട് കാര്യം പറഞ്ഞ് ഞാൻ ഊണുപുരയിലേക്ക് നടന്നു…
പന്തിയിൽ ഏതാണ്ട് എല്ലാ സീറ്റുകളും നിറഞ്ഞു…
അവസാനപന്തി ആയതുകൊണ്ട് ഇരിക്കുന്നതൊക്കെ പരിചയക്കാരും ബന്ധുക്കളുമാണ്…..
പലരും എനിക്ക് സീറ്റ് പിടിച്ച് എന്നെ കൈകാട്ടി വിളിച്ചു… പോയിരുന്നാൽ കല്യാണക്കാര്യം ചോദിക്കുമെന്ന് ഭയന്ന് ഞാൻ മറ്റൊരിടം തേടി…
ഒടുവിൽ കണ്ടു… വിജയുടെ അടുത്തായി ഒഴിഞ്ഞ സീറ്റ്…!!
എന്റെ പിറകെ എല്ലാരുടെയും കണ്ണുകളും പിന്തുടർന്നു… അതൊക്കെ അവഗണിച്ചു ഞാൻ വിജയുടെ അടുത്തു തന്നെയിരുന്നു…
വിളമ്പുകാരുടെ കൂട്ടത്തിൽ ഗോകുലും…
പലയിടത്തു നിന്നും ഗോകുൽ എന്നെ നോക്കുന്നുണ്ടായിരുന്നു… ഞാൻ നോക്കുമ്പോഴൊക്കെ എന്നെ കാണാത്ത പോലെ നിൽക്കും…
യാത്ര പറഞ്ഞ് വിജയും ഫ്രണ്ട്സും പോയി…
ഉണ്ടുകഴിഞ്ഞ് ഞാൻ കൈകാട്ടി, ഗോകുലിനെ അടുത്തേക്ക് വിളിച്ചു…
എന്താ ഒരു സന്തോഷം… അവന്റെ മുഖത്ത്….
“എന്താ ബാല…?”
“ഞാൻ പറയുന്നത് കൊണ്ടൊന്നും തോന്നരുത്… സഹോദരൻ എന്താണെന്ന് നിങ്ങൾക്കറിയില്ല എങ്കിലും എനിക്കറിയാം…
ഇനി കല്യാണാലോചന കൊണ്ട് എന്റെ വീട്ടിലേക്ക് വരരുത്… എനിക്ക് ഒരിക്കലും നിങ്ങളെ അങ്ങനെ കാണാൻ കഴിയില്ല…”
എന്റെ കാലുകൾ വിറയ്ക്കുന്നത് ഭാഗ്യത്തിന് എനിക്ക് മാത്രേ അറിയൂ…
“ഞാനൊന്നു പറഞ്ഞോട്ടെ ബാലാ…”
“നിങ്ങൾ എന്ത് പറഞ്ഞാലും എനിക്ക് നിങ്ങൾ സ്വന്തം ചോരയാണ്… അത് മാറില്ല… ഒരിക്കലും…!”
ഇതൊക്കെ പറയാൻ എങ്ങനെ ധൈര്യം കിട്ടിയെന്നറിയില്ല…
പറഞ്ഞ് മുഴുമിച്ച് അമ്മയോടൊപ്പം തിരികെ ഞാൻ വീട്ടിലെത്തി…
മുറിയിൽ കയറി വാതിലടച്ച് കരയാനല്ലാതെ മറ്റൊന്നിനും അപ്പോളെനിക്ക് തോന്നിയില്ല…
അഭി ഇനിമുതൽ തന്റെ ജീവിതത്തിലില്ല…
ആ സത്യം ഞാൻ മനസിനെ പറഞ്ഞ് പഠിപ്പിച്ചുകൊണ്ടിരുന്നു…
ഫോണിലെ വെളിച്ചം കണ്ട് നോക്കുമ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്നൊരു മെസ്സേജ് ആയിരുന്നു…
“ജോലി തന്റെ ആവശ്യം ആണ്… അത് ആർക്കും വേണ്ടി മാറ്റി വെക്കേണ്ടതില്ല… താൻ ആ ജോലിക്ക് പോണം…! പ്രോമിസ് മി ദാറ്റ് യു വിൽ ഗോ….”
“ശ്രീ… നീയവിടെ എന്തെടുക്കാ… ഡ്രസ്സ് മാറി വേഗം വന്നേ…”
ദാവണി മാറ്റി, ഞാൻ അമ്മയുടെ അടുക്കൽ നടന്നു….
“അമ്മേ… ഒരു സന്തോഷമുള്ള കാര്യം പറയട്ടേ…?”
അമ്മ വാർത്തയറിയാൻ എന്നെ ഉറ്റുനോക്കി….
“എനിക്ക് ജോലി കിട്ടി…. അടുത്ത മാസം ഒന്നിനു ജോയിൻ ചെയ്യാം…”
എനിക്കും വാശിയായിരുന്നു… എന്ത് സംഭവിച്ചിട്ടാണെങ്കിലും ഞാൻ ഈ ജോലിക്ക് പോകും…
(തുടരും)
Click Here to read full parts of the novel
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission