Skip to content

അവളറിയാതെ – ഭാഗം 10

avalariyathe aksharathalukal novel

രാത്രി ഭക്ഷണം കഴിഞ്ഞു എല്ലാരും പൂമുഖത്തിരുന്നു സംസാരിക്കുകയായിരുന്നു.

പെട്ടന്നു ഫോണിന്റെ കാര്യം ഓർമ വന്നു. മുകളിലെ റൂമിലാണ്. മാളിൽ ഉള്ളപ്പോൾ വിവേക് വിളിച്ചിരുന്നു. തിരികെ വിളിക്കാമെന്ന് പറഞ്ഞു കട്ട്‌ ചെയ്തതായിരുന്നു.

റൂമിലെത്തി വിവേകിനെ വിളിച്ചു, രേണു ആന്റിയോടു സംസാരിച്ചു വെച്ച ഉടനെ കറന്റ്
പോയി.

എന്തോ ഒരു ഭയം എന്നെ പൊതിഞ്ഞു. റൂമിൽ മറ്റാരോ ഉള്ളത് പോലെ…

തൊട്ടു പിറകിൽ നിന്നുള്ള നിശ്വാസം ഞാനറിഞ്ഞതും ഒരാർത്തനാദം എന്നിൽ നിന്നുയർന്നു.

തിരിഞ്ഞതും അയാളുടെ കൈയിലെ കത്തി എന്റെ കൈയിൽ മുറിവേൽപ്പിച്ചു.

വീണ്ടുമൊരു നിലവിളി എന്നിൽ നിന്നുയർന്നപ്പോഴേക്കും പുറത്ത് നിന്ന് മഹിയേട്ടന്റെ കാത്തൂ എന്നുള്ള വിളി ഞാൻ കേട്ടിരുന്നു.

ഒരിക്കൽ കൂടി എന്റെ നേരെ കത്തി വീശി
എന്നെ തള്ളി മാറ്റി ആ നിഴൽ പുറത്തേക്കോടുമ്പോഴേക്കും താഴേക്കു വീണു പോയിരുന്നു ഞാൻ.

കാത്തൂ എന്ന വിളിയോടൊപ്പം മഹിയേട്ടൻ ഓടി എന്നരികിലെത്തി.

“എന്താ മോളെ… പറ്റിയത്? ”

താഴെ കിടക്കുന്ന എന്നെ വാരിയെടുത്തപ്പോഴേക്കും ആരൊക്കെയോ റൂമിലെത്തിയിരുന്നു.

” ആരോ എന്നെ… എന്നെ കൊല്ലാൻ ശ്രെമിച്ചു.. ”

ഒരു തേങ്ങലോടെ ഞാൻ പറഞ്ഞൊപ്പിച്ചു.

മൊബൈലിന്റെ വെളിച്ചത്തിൽ എന്റെ കൈത്തണ്ടയിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചോര കണ്ടതോടെ എല്ലാരും പരിഭ്രാന്തരായി.

വൈശാഖേട്ടൻ മുറിവ് ഡ്രെസ്സ് ചെയ്തു തരുമ്പോഴും മഹിയേട്ടൻ എന്നെ ചേർത്തു പിടിച്ചിരുന്നു. അപ്പോഴേക്കും കറന്റ് വന്നിരുന്നു.

എല്ലായിടവും സെർച്ച്‌ ചെയ്തു ഹരിയേട്ടനും ഉണ്ണിയേട്ടനും വേദുമെല്ലാം തിരിച്ചു എന്റടുത്തു എത്തിയിരുന്നു.

“അവിടെങ്ങും ആരുമില്ല പക്ഷേ മെയിൻ സ്വിച്ച് ആരോ ഓഫ്‌ ചെയ്തിരുന്നു,… ”

വേദ് പറഞ്ഞത് കേട്ടപ്പോൾ എന്നിലുണ്ടായ നടുക്കം മഹിയേട്ടൻ അറിഞ്ഞു.
എന്നെ ചുറ്റിപിടിച്ചിരുന്ന കൈ ഒന്ന് കൂടെ മുറുകി.

“നന്ദിനി ആകെ പേടിച്ചിരിക്കുകയാണ്, കാർത്തു ഇരുട്ടത്തു തട്ടി വീണതാണെന്നാണ് പറഞ്ഞത്, കാണണമെന്ന് വാശി പിടിക്കുന്നു.. ”

അകത്തേക്ക് വന്ന ബാലമ്മാമ്മ പറഞ്ഞു.

പിറകെ എനിക്ക് വെള്ളവുമായി ഗായുവും എത്തി.

“ഞാൻ കുറച്ചു കഴിഞ്ഞിട്ട് കാത്തൂനെയും കൊണ്ടു ചിറ്റയുടെ അടുത്തെത്താം ”

മഹിയേട്ടൻ പറഞ്ഞതോടെ വൈശാഖേട്ടൻ ഒഴികെ എല്ലാരും പോയി

“ഹോസ്പിറ്റലിൽ ഒന്ന് പോയാലോ വൈശാഖേട്ടാ.. ”

“രക്തം കുറച്ചു പോയെങ്കിലും മുറിവ് അത്രക്ക് ആഴത്തിൽ അല്ല മഹി, കാത്തു തിരിഞ്ഞപ്പോൾ കത്തി പാളിയതാവും. നാളെ ചിറ്റയുടെ കൂടെ ഹോസ്പിറ്റലിൽ പോയാൽ മതി ”

മഹിയേട്ടൻ തലയാട്ടി.

“എന്തൊക്കെയാ മഹി ഇവിടെ സംഭവിക്കുന്നത് ”

വൈശാഖേട്ടൻ ചോദിച്ചു.

“അറിയില്ല വൈശാഖേട്ടാ പക്ഷേ ആരോ കളിക്കുന്നുണ്ട്, പക്ഷേ ഇവളെ ഉപദ്രവിക്കാൻ മാത്രം ആർക്കാണ് ശത്രുത ഉള്ളതെന്ന് എനിക്ക് മനസിലാവുന്നില്ല. എന്റെ പെണ്ണിനെ വേദനിപ്പിച്ചവൻ ആരായാലും ഞാൻ വെറുതെ വിടില്ല ”

ആ ശബ്ദത്തോടൊപ്പം എന്റെ കൈയിലെ പിടുത്തവും മുറുകി.

വൈശാഖേട്ടനും പോയതോടെ ഞാനും മഹിയെട്ടനും മാത്രമായി.

എഴുന്നേൽക്കാൻ ശ്രെമിച്ച എന്നെ ബലമായി തന്നെ പിടിച്ചു ആ നെഞ്ചിലേക്ക് ചാരി കിടത്തി.

“നിന്റെ കരച്ചിൽ കേട്ടപ്പോൾ എന്റെ ശ്വാസം നിലച്ചത് പോകുന്നത് പോലെ തോന്നി പെണ്ണെ.. ഇനിയും നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ ”

ആ സാമീപ്യം ആയിരുന്നു ആ നിമിഷം ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത്. ആ നെഞ്ചിൽ ചേർന്നിരിക്കുമ്പോൾ കിട്ടുന്ന സുരക്ഷിതത്വം മറ്റെവിടെയും ഇല്ല എന്നെനിക് തോന്നി.

“മഹിയേട്ടാ എന്തിനായിരിക്കും അയാൾ എന്നെ?…അയാൾ തന്നെ
ആവുമോ അഞ്ജുവിനെയും
കാവ്യയെയും…? ”

“അറിയില്ല മോളെ, എന്തായാലും ഞാൻ കണ്ടുപിടിക്കും ”

എന്റെ കൈയ്യിൽ തലോടി കൊണ്ടു മഹിയേട്ടൻ പറഞ്ഞു.

“നിനക്ക് അതാരാണെന്നുള്ളതിനു ഒരു സൂചന പോലും കിട്ടിയില്ലേ കാത്തൂ ”

“ഇല്ല മഹിയേട്ടാ ഞാൻ ഫോണിൽ സംസാരിച്ചു കഴിഞ്ഞ ഉടനെ കറന്റ് പോയി, പെട്ടെന്ന് എനിക്ക് പിറകിൽ ആരോ ഉള്ള പോലെ തോന്നി, ചുമരിൽ ഞാനൊരു നിഴൽ കണ്ടു, നിലവിളിച്ച് ഞാൻ തിരിഞ്ഞ ഉടനെ അയാൾ കത്തിവീശി.. ”

മരണത്തെ തൊട്ടു മുൻപിൽ കണ്ടപ്പോൾ ഉള്ള പേടി എന്നിൽ ഇപ്പോഴും വിറയലുണ്ടാക്കി.

കുറച്ചു സമയം കൂടെ അങ്ങനെ ഇരുന്നു.
മഹിയേട്ടൻ എന്റെ തലയിൽ തഴുകി കൊണ്ടിരുന്നു.

“അതേയ് ചിറ്റയെ കാണാൻ പോവണ്ടേ…? ”

മഹിയേട്ടന്റെ ചോദ്യമാണ് എന്നെ ഉണർത്തിയത്.

“പോയി ഫ്രഷ്‌ ആയി വാ.. ”

എന്നേറ്റപ്പോഴാണ് മഹിയേട്ടന്റെ ഷർട്ടിലെ ചോരപ്പാടുകൾ ഞാൻ കാണുന്നത്. എന്റെ നോട്ടം കണ്ടപ്പോഴാണ് മഹിയെട്ടനും അത് ശ്രെദ്ധിച്ചത്

“അത് ഞാൻ ചേഞ്ച് ചെയ്യാം, നീ പോയിട്ടു വാ ”

ഫ്രഷ്‌ ആയിട്ട് വരുമ്പോഴേക്കും മഹിയേട്ടൻ റൂമിലുണ്ടായിരുന്നു. ഷർട്ട് ഒന്നും മാറ്റിയിട്ടില്ലലോ.

കൈയിൽ നല്ല വേദന ഉണ്ടായിരുന്നു, ഞാൻ മുടി കെട്ടാൻ പാടു പെടുന്നത് കണ്ടു, അത് വരെ നോക്കി നിന്ന ആൾ പുറകിലൂടെ വന്നു എന്റെ കൈയിലുള്ള ക്ലിപ്പെടുത്തു മുടി കെട്ടിത്തന്നു.

ആ വേദനയുടെയും പേടിയുടെയുമിടയിൽ മനസ്സിൽ ഒരു തണുപ്പ് വീണു….

തിരിഞ്ഞപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന ആ മിഴികളിൽ ഒരു ചിരി ഞാൻ കണ്ടു.

ചെറിയ ഒരു ചമ്മലോടെ മഹിയേട്ടന്റെ പുറകെ ഞാൻ നടന്നു.

അങ്ങേരിൽ പ്രണയത്തിന്റെ കലിപ്പ് ഭാവം മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ഇങ്ങനെയൊക്കെ ആദ്യമായാണ്…

മഹിയേട്ടൻ ഷർട്ട് മാറ്റാനായി റൂമിലേക്ക് കയറിയപ്പോളും ഞാൻ പുറത്ത് നിന്നതേയുള്ളൂ.

കണ്ണുകൾ കൊണ്ടു മഹിയേട്ടൻ അകത്തേക്ക് വിളിച്ചപ്പോൾ ഒന്ന് മടിച്ചെങ്കിലും ഞാൻ ഉള്ളിലേക്ക് കയറി.

ഈ പള്ളിയറയിലേക്ക് ആരെയും അടുപ്പിക്കാറില്ല. എപ്പോഴോ ഒരിക്കൽ കാട്ടാളൻ ഇല്ലാത്ത സമയം നോക്കി റൂമിൽ കയറി ചുറ്റും നോക്കി നിർവൃതി അടഞ്ഞു നിന്ന എന്റെ ചെവി പൊന്നാക്കി വിട്ടിട്ടുണ്ട്.

അറിയാതെ എന്റെ കണ്ണുകൾ ബെഡ് സൈഡ് ടേബിൾൽ എത്തി. എന്റെ ഫോട്ടോ.
വേഗം ചെന്നെടുത്ത് നോക്കി.

എന്റെയും മഹിയെട്ടന്റെയും ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നു. പഴയ ഫോട്ടോ ആണ്, ഞാൻ ആൽബത്തിൽ കണ്ടത്. ഫോട്ടോ എടുത്തു പതിയെ വിരലോടിക്കവേ ഒരു കണ്ണീർതുള്ളി അതിൽ വീണു.

എന്റെ അടുത്തെത്തിയ ആൾ എന്നെ നെഞ്ചോട് ചേർത്തു പിടിച്ചു.

“ഇനിയും കാത്തിരിക്കാൻ വയ്യെടോ, സ്വന്തമാക്കിക്കോട്ടെ ഞാൻ ഈ കഴുത്തിൽ ഒരു ആലിലതാലി ചാർത്തി. ഒരു നിമിഷം പോലും നിന്നെ പിരിഞ്ഞിരിക്കാൻ എനിക്ക് ആവുന്നില്ല ”

മെല്ലെ എന്റെ മുഖമുയർത്തി കണ്ണുകളിലേക്ക് നോക്കിയപ്പോൾ മഹിയെട്ടന് മറുപടി കിട്ടിയിരുന്നു.

പ്രണയത്തിന്റെ അത് വരെ അറിയാത്ത പുതിയ ഭാവങ്ങൾ ഞങ്ങൾ അറിയുകയായിരുന്നു.

ചിറ്റയുടെ റൂമിലേക്ക് എത്തുമ്പോഴും മഹിയേട്ടൻ എന്റെ കൈയിലെ പിടുത്തം വിട്ടിരുന്നില്ല.

വല്യമ്മായിയും അവിടെ ഉണ്ടായിരുന്നു

ഞങ്ങളെ കണ്ടപ്പോൾ രണ്ടു പേരും പുഞ്ചിരിച്ചെങ്കിലും അമ്മായിയുടെ മുഖത്തെ ടെൻഷൻ ഞാൻ കണ്ടു.

ചിറ്റ ഞങ്ങളുടെ കൈകളിലേക്ക് നോക്കുന്നത് കണ്ടു ഞാൻ കൈ വിടുവിക്കാൻ നോക്കിയെങ്കിലും മഹിയേട്ടൻ വിട്ടില്ല.

“ഇനിയിപ്പോ അടുത്ത മാസം വേദ്ന്റെ കൂടെ തന്നെ ഇവരുടേതും അങ്ങ് നടത്താംല്ലേ ഏട്ടത്തി…? ”

ചിറ്റയുടെ ചോദ്യം കേട്ടയുടനെ എന്റെ ചെവിയിൽ പറഞ്ഞു.

“ഇനിയെനിക്ക് അത്രയൊന്നും കാത്തിരിക്കാൻ വയ്യ.. ”

സാരിക്കിടയിൽ കൈ ഒളിപ്പിച്ചു വെച്ചെങ്കിലും ചിറ്റ കണ്ടു പിടിച്ചു.

“കുട്ടീടെ കൈ എന്തു പറ്റിയതാ, ഒന്നും പറ്റിയില്ലെന്നാണല്ലോ ഗായുവും ബാലേട്ടനുമൊക്കെ പറഞ്ഞത്? ”

“അത് അത്രക്കൊന്നും ഇല്ല ചിറ്റേ വീണപ്പോൾ മേശയുടെ അറ്റത്തു ചെറുതായി ഒന്ന് തട്ടിയതാ. വൈശാഖേട്ടൻ ചുമ്മാ കെട്ടി വെച്ചതാ.. ”

ഞാൻ പറഞ്ഞൊപ്പിച്ചു.

“ഏട്ടത്തി നമ്മുടെ രാഘവ പണിക്കരെടുത്ത് കുട്ടികളുടെ ജാതകം ഒന്ന് നോക്കിക്കണം. മുഹൂർത്തം കുറിപ്പിക്കണം. ഇനി വൈകിക്കണ്ട, കണ്ണടയുന്നെനു മുൻപേ എനിക്കത് കാണണം…”

“ഞങ്ങളുടെയൊക്കെ മക്കളുടെ മക്കളെയും കണ്ടു ചിറ്റ സന്തോഷത്തോടെ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടാവും ”
മഹിയേട്ടൻ പറഞ്ഞു.

“ഏട്ടത്തി പറഞ്ഞതും കാര്യം തന്നെയാണ് മഹി, നാളെത്തന്നെ ജ്യോത്സ്യരുടെ അടുത്ത് പോവണം.. ”

“ശരി അമ്മേ… ”

മഹിയേട്ടൻ അനുസരണയുള്ള പുത്രനായി എന്നെ നോക്കി കണ്ണ് ചിമ്മി.

തിരികെ റൂമിലേക്ക് നടക്കുമ്പോഴും മഹിയേട്ടന്റെ കൈകൾ എന്നെ വലയം ചെയ്തിരുന്നു.

എന്റെ റൂമിൽ എല്ലായിടത്തും നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങാൻ നേരം പറഞ്ഞു.

“നിന്നെ തനിച്ചാക്കി പോവാൻ തോന്നുന്നില്ല കാത്തൂ.നിനക്ക് ഉറങ്ങാൻ കഴിയില്ല എന്നെനിക്കറിയാം…

“എനിക്കൊരു കുഴപ്പവുമില്ല, മോൻ പോയി ഉറങ്ങിക്കെ.. ”

ചിരിയോടെ ഞാൻ മഹിയേട്ടനെ തള്ളി പുറത്താക്കി വാതിലടച്ചു.

തിരികെ കട്ടിലിലേക്ക് വന്നു വീഴുമ്പോഴേക്കും മനസ്സ് കൈ വിട്ടു പോയി, കണ്ണുകൾ നിറഞ്ഞൊഴുകി.

കുറച്ചു ദിവസങ്ങൾ കൊണ്ടു എന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ മനസിലൂടെ കടന്നു പോയി.

എന്റെ പ്രണയം… അതൊരിക്കലും തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല. ആ വാക്കുകൾ തളർത്തിയിരുന്നെങ്കിലും മഹിയെട്ടനോടുള്ള എന്റെ പ്രണയം ഒരിക്കലും അവസാനിച്ചില്ലെന്ന് എനിക്കറിയാമായിരുന്നു.

പക്ഷേ ഒരിക്കലും ഒരു തിരിച്ചു പോക്കുണ്ടാവുമെന്നു ഞാൻ വിചാരിച്ചിട്ടില്ല.

എന്നിട്ടും ആ പ്രണയം എന്നെ എല്ലാം ക്ഷമിക്കാൻ തയ്യാറെടുപ്പിച്ചു.

പക്ഷേ ഇനി ഇതിൽ നിന്നൊരു തിരിച്ചു പോക്കുണ്ടാവില്ല എനിക്ക്, മരണത്തിലേക്കല്ലാതെ.

വീണ്ടും മനസ്സ് കഴിഞ്ഞു പോയ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളിലേക്കെത്തി.

ആരാവും? എന്തിനാണെന്നെ?. എന്നോട് ആകെ ശത്രുത ഉണ്ടായിരുന്നത് കാവ്യക്ക് മാത്രമായിരുന്നു അതും മഹിയേട്ടന്റെ പേരിൽ… പിന്നെ ആരാവും. അഞ്ജുവിനെയും കാവ്യയെയും എന്നെയും കണക്ട് ചെയ്യുന്നതെന്താവും.

ചോദ്യങ്ങൾ മാത്രം ബാക്കിയാക്കി എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

രാവിലെ എഴുന്നേറ്റപ്പോഴും കൈയ്ക്കു നല്ല വേദന ഉണ്ടായിരുന്നു. ഉണർന്നപ്പോഴേക്കും വൈകിയിരുന്നു.

മഹിയേട്ടന്റെ റൂമിനു മുൻപിലൂടെ പോവുമ്പോൾ എപ്പോഴും അടഞ്ഞു കിടക്കാറുണ്ടായിരുന്ന ആ വാതിൽ തുറന്നു കിടക്കുകയായിരുന്നു.

ഇടയ്ക്കിടെ പുറത്തേക്ക് വീഴുന്ന മൂളിപ്പാട്ടിൽ നിന്നറിഞ്ഞു ആൾ അകത്തുണ്ടെന്നു..

പണ്ടത്തെ പോലെ അകത്തേക്ക് വിളിക്കാതെ, ഇടിച്ചു കയറി ചെല്ലാനുള്ള ധൈര്യം ഇപ്പോഴില്ല. മുൻപ് കാരണങ്ങൾ ഉണ്ടാക്കി കയറി ചെന്നപ്പോഴൊക്ക എന്നെ ചാടിച്ചിട്ടുണ്ട്. ചിരിയോടെ താഴേക്കിറങ്ങി.

അമ്മായി കണ്ടപാടെ വെപ്രാളത്തോടെ വന്നു കെട്ടിപിടിച്ചു. കൈയൊക്കെ പരിശോധിച്ചു. ഭക്ഷണം കഴിക്കാനിരുന്നു

ബാലാമമ്മയും പ്രവിയും മറ്റെല്ലാരും രാവിലെ തന്നെ തിരിച്ചു പോയെന്ന് അമ്മായി പറഞ്ഞു

“നീ ഉറങ്ങുകയായിരുന്നതു കൊണ്ടു ശല്യപെടുത്തണ്ടെന്നു പറഞ്ഞു എല്ലാരും. അതാണ് വിളിക്കാതിരുന്നത് ”

ഗായുവിന്റേയും അമ്മായിയുടെയും സ്നേഹപ്രകടങ്ങൾക്കിടയിൽ വീർപ്പു മുട്ടിയിരിക്കുമ്പോഴാണ് വേദ് വരുന്നത്.
അവൻ എന്റെയടുത്ത് ഇരുന്നു കഴിക്കാൻ തുടങ്ങി.

“അമ്മയ്ക്ക് പുതിയ മരുമകളെ കിട്ടിയപ്പോൾ നമ്മളെയൊന്നും വേണ്ടാതായി ഏട്ടത്തി ”

വേദ് പറയുന്നത് കേട്ടു അമ്മായി ചിരിച്ചു.
ഗായു പറഞ്ഞു.

“പുതിയല്ലെടാ പഴയത് തന്നെയാ. അടുത്ത മാസം അനു കൂടെ വന്നാൽ പിന്നെ നോക്കണ്ട ”

“ശരിയാ അവള് കൂടെ വന്നാൽ ഞാൻ മിക്കവാറും ഈ വീട്ടിൽ നിന്നു പുറത്താകും.. ”

വേദ് മുഖം കോട്ടി കൊണ്ടു പറഞ്ഞു.

“എടാ മഹിയുടെ കൂടെ ആരാ ഹോസ്പിറ്റലിൽ പോവുന്നത്?, നീയാണോ അതോ ഹരിയോ? ”
അമ്മായി വേദിനോട് ചോദിച്ചു.

“മഹിയേട്ടൻ എന്നോട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് അമ്മേ, അല്ല അമ്മ എന്താ ചോദിച്ചത്? ”

“അത് എനിക്കൊന്ന് രാഘവപണിക്കരുടെ അടുത്ത് വരെ പോകണം, ഞാൻ ഹരിയുടെ കൂടെ പൊയ്ക്കോളാം ”

വേദ് നോക്കുന്നത് കണ്ടു അമ്മായി ചിരിച്ചു കൊണ്ടു പറഞ്ഞു.

“മഹിയുടെയും കാത്തുവിന്റെയും ജാതകം നോക്കിക്കണം, മുഹൂർത്തവും കുറിക്കണം. ”

എല്ലാരുടെയും കണ്ണുകൾ എന്നിലേക്കായി, വേദ് എന്നെ നോക്കി തലയാട്ടി, പാട്ടു പാടാൻ
തുടങ്ങി. ഞാൻ തല ഉയർത്തിയതേയില്ല.

വേദ് നിർത്തിയപ്പോൾ ഞാൻ തലയുയർത്തി നോക്കിയത് എന്നെ നോക്കി ചിരിക്കുന്ന കണ്ണുകളിലേക്കാണ്, മഹിയേട്ടൻ.

“ഞാൻ ഷബീറിനെ വിളിച്ചു പറഞ്ഞിട്ടുണ്ട്, അവരിപ്പോഴെത്തും, നീ പെട്ടെന്ന് കഴിച്ചു റെഡി ആവൂ, ഹോസ്പിറ്റലിലും പോവണം ”

പെട്ടെന്ന് കഴിച്ചെഴുന്നേറ്റു.

ഡ്രസ്സ്‌ മാറാനും മുടി കെട്ടാനുമെല്ലാം ഗായു സഹായിച്ചു.

റെഡി ആയി കഴിഞ്ഞപ്പോഴേക്കും കഴിഞ്ഞില്ലേ എന്ന ചോദ്യവുമായി മഹിയേട്ടൻ മുറിയിലെത്തി.
മഹിയേട്ടനെ കണ്ടതും ഗായു പുറത്തേക്ക് പോയി.

“ഗായു വന്നത് കൊണ്ടാണ്, അല്ലെങ്കിൽ ഞാൻ തന്നെ എല്ലാം ചെയ്തു തന്നേനെ, ജസ്റ്റ്‌ മിസ്സ്‌ ”

ഞാൻ കണ്ണുരുട്ടി നോക്കി. എന്താ എന്ന് പുരികം കൊണ്ടു ചോദിച്ചു, കൈ പുറകിൽ കെട്ടി ആൾ എന്റെ അരികിലെത്തി.

താഴെനിന്ന് ഗായത്രിയുടെ വിളി ഞങ്ങളെ ഞെട്ടിച്ചു.

“പോകാം, ഷബീർ എത്തിയിട്ടുണ്ടാകും ”

എന്റെ നേരെ നീട്ടിയ കൈകളിൽ പിടിച്ചു ഞാൻ താഴേക്കു നടന്നു.

(തുടരും )

Click Here to read full parts of the novel

എന്നെ നോക്കണ്ട, ഞാൻ കില്ലറുടെ പിന്നാലെ നാട് വിട്ടു 🏃‍♀️🏃‍♀️🏃‍♀️

4.5/5 - (39 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!