മഹിയേട്ടന്റെ കൂടെ കാറിൽ ഇരിക്കുമ്പോഴാണ് ഞാൻ ചോദിച്ചത്.
“അഭിയേട്ടൻ എന്തു പറഞ്ഞു? ”
“ആദ്യം അവൻ കുറെ വയലന്റ് ആയി. പിന്നെ അമ്മയുടെ കാര്യം ഒക്കെ പറഞ്ഞു ഒരു മയത്തിലാക്കി വെച്ചിട്ടുണ്ട്. അവന് അഞ്ജുവിന്റെ സ്ഥാനത്തു ആരെയും കാണാനാവില്ലന്നൊക്കെ പറഞ്ഞു. ഏതു പെണ്ണാണ് ഇതിനൊക്കെ സമ്മതിക്കുക എന്നൊക്കെ ചോദിച്ചു. നീ ഗംഗയെ കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കണം. എന്നിട്ട് അഭിയോട് സംസാരിക്കണം. സുഭദ്രാമ്മയുടെ അവസ്ഥ കണ്ടു അവന്റെ മനസ്സ് ഒന്നുലഞ്ഞിട്ടുണ്ട്.ഇപ്പോൾ ശ്രമിച്ചാൽ ചിലപ്പോൾ നടന്നേക്കും ”
എന്റെ മുഖത്തെ ടെൻഷൻ കണ്ടപ്പോൾ മഹിയേട്ടൻ പറഞ്ഞു.
“നീ പേടിക്കണ്ട. നിനക്ക് അതിനു കഴിയും. നീ അവന് പ്രിയപ്പെട്ടവരിൽ ഒരാളാണ്… ”
യാത്രയിലുടനീളം എന്റെ മനസ്സിൽ അഞ്ജുവും അഭിയേട്ടനും മാത്രമായിരുന്നു.
അഞ്ജുവിന്റേയും അഭിയേട്ടന്റെയും സ്ഥാനത്തു ഞാൻ എന്നെയും മഹിയേട്ടനെയും ആലോചിച്ചു.
മനസ്സ് പൊള്ളാതെ മഹിയെട്ടനോടൊപ്പം മറ്റൊരു പെണ്ണിനെ ആലോചിക്കാനാവില്ലെങ്കിലും, അഭിയേട്ടനെ പോലെ നീറി നീറി മഹിയേട്ടൻ ജീവിക്കുന്നത് സങ്കൽപ്പിക്കാൻ പോലും എനിക്കാവില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്നോടുള്ള സ്നേഹം കൊണ്ടു ആണെങ്കിൽ പോലും.
വേദനയോടെ ഞാൻ ഓർത്തു. അഞ്ജുവും ആഗ്രഹിക്കുന്നത് അത് തന്നെയാവും. അഭിയേട്ടൻ നന്നായി ജീവിക്കുന്നത് കാണാൻ തന്നെയാവും.
എപ്പോഴും ഞങ്ങളുടെ പൊസ്സസ്സീവ്നെസ്സിന്റെ കാര്യം പറഞ്ഞു കളിയാക്കാറുണ്ടായിരുന്നെങ്കിലും അഞ്ജു ചില സമയത്ത് അഭിയേട്ടനെ വട്ടം ചുറ്റിക്കാറുണ്ടായിരുന്നു. പക്ഷേ അഭിയേട്ടൻ ഒരിക്കലും അഞ്ജുവിനെ കാര്യമായി വഴക്കൊന്നും പറയാറുണ്ടായിരുന്നില്ല. അതൊക്കെ നമ്മുടെ കാട്ടാളൻ. അങ്ങേര് വായ തുറക്കുന്നതെ എന്നെ വഴക്ക് പറയാനാണെന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ടായിരുന്നു.
ചിന്തകൾ ആ വഴിക്ക് തിരിഞ്ഞതും ഞാൻ ഡ്രൈവ് ചെയ്യുന്ന ആളെ ഒന്ന് നോക്കി. പെട്ടെന്ന് എന്നെ നോക്കി മഹിയേട്ടൻ ചോദിച്ചു.
“മാഡം കാര്യമായ ആലോചനയിൽ ആണെല്ലോ.. എന്താണ്…എന്നെ പറ്റി വല്ലതും ആണോ? ”
ഞാൻ മുഖം കോട്ടിയപ്പോൾ പറഞ്ഞു.
“എന്നാൽ ഞാൻ പറയട്ടെ താനെന്താ ആലോചിച്ചതെന്ന്? ”
ഞാൻ നോക്കിയപ്പോൾ മഹിയേട്ടൻ പറഞ്ഞു.
അഭിയുടെയും അഞ്ജുവിന്റെയും കാര്യം. അവരുടെ സ്ഥാനത്തു നമ്മളായിരുന്നെങ്കിൽ എന്ന്. അല്ലേ?
ഞാൻ അന്തംവിട്ടു നോക്കുന്നത് കണ്ടപ്പോൾ മഹിയേട്ടൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
“പ്രണയം എന്താണെന്ന് അറിഞ്ഞു തുടങ്ങിയ പ്രായത്തിലെപ്പോഴോ നിന്റെ മനസ്സ് ഞാൻ സ്വന്തമാക്കിയതാണ് കാത്തൂ. ഈ മനസ്സിൽ എന്താണെന്ന് പറയാതെ തന്നെ എനിക്കറിയാം ”
മഹിയേട്ടന്റെ വാക്കുകൾ കേട്ടു ഒന്നും പറയാതെ ഞാനിരുന്നു. പ്രണയം മൗനത്തെയും വാചാലമാക്കുമെന്നത് ഞാൻ തിരിച്ചറിയുന്നത് മഹിയേട്ടന്റെ കൂടെയിരിക്കുമ്പോഴാണ്….
വാതിൽ തുറന്നതു ഗംഗ ആയിരുന്നു. നേർത്ത ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“അപ്പച്ചി കിടക്കുവാണ്, അഭിയേട്ടൻ അടുത്തുണ്ട് ”
എനിക്കെന്തോ ഗംഗയെ കാണുമ്പോഴൊക്കെ അഞ്ജുവിനെ ഓർമ വരുന്നു. അവർ തമ്മിൽ ഒരു സാമ്യവുമില്ല രൂപത്തിലും ഭാവത്തിലും ഒന്നും. എങ്കിലും…
അഞ്ജു ഒരു കിലുക്കാം പെട്ടി ആയിരുന്നെങ്കിൽ അഭിയേട്ടൻ ശാന്ത സ്വഭാവക്കാരൻ ആയിരുന്നു. ശരിക്കും ഓപ്പോസിറ്റ് പോൾസ്.. അതുകൊണ്ട് തന്നെ പ്രണയത്തിന്റെ തീവ്രതയും കൂടുതൽ ആയിരുന്നു.
ഉറങ്ങുന്ന ടീച്ചറമ്മയുടെ അടുത്ത് ഒരു പുസ്തകവും കൈയിൽ പിടിച്ചിരിക്കയായിരുന്നു അഭിയേട്ടൻ. ആളെ അന്ന് കണ്ടതിൽ നിന്ന് ഒത്തിരി മാറ്റം വന്നത് പോലെ തോന്നി.
ഞങ്ങളുടെ സംസാരം കേട്ടു ടീച്ചറമ്മ ഉണർന്നു. കുറച്ചു സമയം കൂടെ അവിടെയിരുന്നു ഞാൻ പതുക്കെ പുറത്തോട്ടിറങ്ങി. മുറ്റത്തെ ചെടികൾ നനയ്ക്കുന്ന ഗംഗയെ കണ്ടു ഞാൻ അങ്ങോട്ട് നടന്നു.
അഭിയേട്ടൻ നട്ടു നനച്ചുണ്ടാക്കിയ ചെടികൾ ആയിരുന്നു. എപ്പോഴൊക്കെ ഇവിടെ വന്നാലും അഭിയേട്ടൻ ചെടികൾക്കിടയിലാവും. അതിന്റെ പേരിൽ അഞ്ജു ഒരു പാട് തവണ അഭിയേട്ടനുമായി വഴക്കടിച്ചിട്ടുണ്ട്. അവൾ വിളിച്ചാൽ ഫോൺ എടുക്കാൻ സമയമില്ല പൂന്തോട്ടപരിപാലനമാണ് എപ്പോഴും എന്നൊക്കെ പറഞ്ഞു.കഴിഞ്ഞ തവണ വന്നപ്പോൾ കണ്ടതിനേക്കാൾ ഉഷാർ ആയിട്ടുണ്ട് ചെടികൾ എല്ലാം…
എന്നെ കണ്ടപ്പോൾ ഗംഗ പൈപ്പ് താഴെയിട്ടു കൊണ്ടു പറഞ്ഞു
“ഞാൻ ചായ എടുക്കാംട്ടോ , നിങ്ങൾ സംസാരിക്കയാണല്ലോന്ന് കരുതിയാ ”
“ഞാൻ ഗംഗയോട് സംസാരിക്കാൻ ആണ് വന്നത് ”
ഗംഗ ചോദ്യഭാവത്തിൽ എന്നെ നോക്കി
“ഗംഗ എന്തേ ഇങ്ങനെ എല്ലാരിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുന്നത്”
വിളറിയ ഒരു ചിരിയായിരുന്നു ആദ്യം. പിന്നെ പറഞ്ഞു.
“അത്… ഞാൻ… അഭിയേട്ടന് ഇഷ്ടമാവില്ല. വേറെ എങ്ങോട്ടും പോവാനില്ല എനിക്ക്. അതുകൊണ്ട് ആണ് ഞാനിവിടെ ഇങ്ങനെ…
തല കുനിച്ചു നിൽക്കുന്ന ഗംഗയുടെ കണ്ണുകളിൽ ഒരു നീർത്തിളക്കം ഞാൻ കണ്ടു.
“ഗംഗാ ഒരു കാര്യം ചോദിച്ചോട്ടെ ഞാൻ… ”
“കാർത്തിക എന്താണ്… ” ഗംഗ അർധോക്തിയിൽ നിർത്തി.
“കാർത്തിക അല്ല കാത്തൂ…അങ്ങനെ വിളിച്ചാൽ മതി. എനിക്കിഷ്ടം ഉള്ളവരെല്ലാം അങ്ങനെ വിളിക്കുന്നതാണ് എനിക്കിഷ്ടം ”
എന്റെ വാക്കുകൾ ആ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർത്തി.
“വളച്ചു കെട്ടാതെ ചോദിക്കട്ടെ.. ഇഷ്ടമാണോ അഭിയേട്ടനെ..?”
എന്റെ ചോദ്യം ഗംഗയിൽ ഒരു ഞെട്ടൽ ഉണ്ടാക്കി.
“കാർത്തി… കാത്തൂ ഞാൻ.. എനിക്ക്..”
തലയുയർത്താതെ ഗംഗ തുടർന്നു
“കുട്ടിക്കാലത്തു പോലും മോഹങ്ങളും ആഗ്രഹങ്ങളുമൊക്കെ ഉള്ളിലടക്കി ആണ് ശീലം. അമ്മ നേരത്തെ പോയി. ഒരു പാട് കഷ്ടപ്പെട്ടാണ് അച്ഛൻ എന്നെ വളർത്തിയത്… ”
ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഇടറുന്ന ശബ്ദത്തിൽ ഗംഗ തുടർന്നു.
“ഒരു നേരത്തെ ആഹാരത്തിന് പോലും കഷ്ടപെട്ടിട്ടുണ്ട് കാത്തൂ.. അഭിയേട്ടനും അപ്പച്ചിയും ഒരു പാട് സഹായിച്ചിട്ടുണ്ട്…ആ ഞാൻ എങ്ങിനെയാ… ”
ആ കൈകളിൽ പിടിച്ചു ഞാൻ ചോദിച്ചു.
“എന്നിട്ടും എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. ഇഷ്ടമാണോ അഭിയേട്ടനെ, എല്ലാം അറിഞ്ഞിട്ടും കൂടെ കൂട്ടാൻ തയ്യാറാണോ ”
“കാത്തൂ.. ഞാൻ… എനിക്ക് അഭിയേട്ടൻ ”
ആ മുഖമുയർത്തി നിറഞ്ഞു നിൽക്കുന്ന കണ്ണുകളിലേക്ക് നോക്കിയപ്പോൾ എന്റെ ചോദ്യത്തിനുള്ള ഉത്തരം അവിടെ ഉണ്ടായിരുന്നു.
പതിഞ്ഞ ശബ്ദത്തിൽ ഗംഗ പറഞ്ഞു.
“മനസ്സിൽ അഭിയേട്ടനേ ഉണ്ടായിരുന്നുള്ളൂ അന്നും ഇന്നും എന്നും. പക്ഷേ ഒരു നോട്ടം കൊണ്ടു പോലും അറിയിച്ചിട്ടില്ല… ആരോടും പറഞ്ഞിട്ടില്ല… അർഹത ഇല്ലാത്തത് മോഹിക്കരുത് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. മനസ്സ് തുറക്കാൻ ഒരു കൂട്ടുകാരി പോലും ഉണ്ടായിട്ടില്ല ഇത് വരെ.. പക്ഷേ കാത്തൂ ചോദിച്ചപ്പോൾ… അഭിയേട്ടൻ അറിയരുത്. ആരും അറിയരുത്. ഇവിടുന്ന് ഇറക്കി വിട്ടാൽ പോവാൻ മറ്റൊരിടം ഇല്ല എനിക്ക്. ഒരു വേലക്കാരിയായെങ്കിലും ഞാൻ ഇവിടെ…. ”
തുടരാൻ ഞാൻ അനുവദിച്ചില്ല.
“വേലക്കാരിയായല്ല, അഭിയേട്ടന്റെ ഭാര്യ ആവാനാണ് പറയുന്നത് ”
“കാത്തൂ, അത്.. അഭിയേട്ടൻ….. ”
“സമ്മതിച്ചിട്ടില്ല.. സമ്മതിപ്പിക്കണം. ടീച്ചറമ്മയുടെ ആഗ്രഹം ആണ്. പക്ഷേ ഗംഗയോട് എനിക്ക് പറയാനുള്ളത് ഇതാണ്. ഗംഗ ആഗ്രഹിക്കുന്ന പോലൊരു ജീവിതം അഭിയേട്ടനോടൊപ്പം കിട്ടുമോ എന്നെനിക്കറിയില്ല. കാരണം ഒരിക്കലും അഞ്ജുവിനെ ആ മനസ്സിൽ നിന്ന് പിഴുതെറിയാൻ പറ്റില്ല. അത് ഗംഗ അക്‌സെപ്റ്റ് ചെയ്തേ പറ്റൂ. സ്നേഹം കൊണ്ടു ഗംഗക്ക് അഭിയേട്ടനെ മാറ്റിയെടുക്കാൻ പറ്റിയേക്കും. പക്ഷേ ഒരു പാട് കാത്തിരിക്കേണ്ടി വരും ഗംഗ അതിന്.. ”
“എനിക്ക് മനസ്സിലാവും കാത്തു. ഒരിക്കലും അവരുടെ ഇടയിൽ വരാൻ ആഗ്രഹിച്ചിട്ടില്ല ഞാൻ. കാരണം എന്നേക്കാൾ എന്തു കൊണ്ടും അഭിയേട്ടന് ചേരുന്നത് അഞ്ജു തന്നെയാണെന്ന് എനിക്ക് അറിയാമായിരുന്നു. അഭിയേട്ടന്റെ സങ്കടം എന്റേതും ആയിരുന്നു. സ്നേഹിക്കുന്ന ആൾ സന്തോഷത്തോടെ ജീവിക്കണമെന്നു ആഗ്രഹിക്കാനും സ്നേഹത്തിന് കഴിയണമല്ലോ. അഭിയേട്ടനെ എനിക്ക് മനസ്സിലാവും. സ്നേഹത്തോടെയുള്ള ഒരു നോട്ടം പോലും വേണമെന്നില്ല എനിക്ക്… ഈ ജന്മം മുഴുവൻ കാവലിരുന്നോളാം ഞാൻ. ആ സ്ഥാനത്തു മറ്റൊരാളെ സങ്കൽപ്പിക്കാൻ വയ്യാത്തത് കൊണ്ടാണ് ഞാൻ.. അഭിയേട്ടനെ എനിക്ക് മനസ്സിലാവും.. ”
ആ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്തു, അകത്തേക്ക് നടക്കുമ്പോൾ ഗംഗ എനിക്കൊരത്ഭുതം ആയിരുന്നു.
മഹിയെട്ടനും അഭിയേട്ടനും മുകളിൽ ആയിരുന്നു. റൂമിലേക്കെത്തുമ്പോഴേ സംസാരം കേട്ടു. കാര്യം എന്തെന്നും മനസ്സിലായി.
“നിങ്ങൾക്കൊന്നും എന്താ പറഞ്ഞാൽ മനസിലാവാത്തത്. എനിക്ക് പറ്റില്ല ”
“പറ്റണം…. ”
വാതിൽക്കൽ നിന്ന് ഞാൻ പറഞ്ഞപ്പോൾ അഭിയേട്ടൻ എന്നെ നോക്കി പറഞ്ഞു.
“കാത്തൂ നീയും ഇവരുടെ കൂടെ കൂടുവാണോ, നിനക്കറിയാവുന്നതല്ലേ മോളെ എല്ലാം ”
“ശരിയാണ് അഭിയേട്ടാ എല്ലാം എനിക്കറിയാം അതിലുപരി അഞ്ജുവിനെ എനിക്കറിയാം.അഭിയേട്ടൻ ഇങ്ങനെ നീറി നീറി കഴിയുമ്പോൾ അഞ്ജുവിന്റെ ആത്മാവിനു ഒരിക്കലും ശാന്തി കിട്ടില്ല. അതാണോ അഭിയേട്ടൻ ആഗ്രഹിക്കുന്നത്. അഭിയേട്ടന്റെ സ്ഥാനത്തു അഞ്ജു ആയിരുന്നെങ്കിലോ.അഭിയേട്ടൻ ഇതാണോ ആഗ്രഹിക്കുക ”
അഭിയേട്ടൻ നിഷേധാർത്ഥത്തിൽ തലയാട്ടിയതേയുള്ളു.
“ഗംഗയുടെ മനസിലും അഭിയേട്ടനെയുള്ളൂ. അവൾ ഒരിക്കലും അഭിയേട്ടനെ കുറ്റപ്പെടുത്തുകയോ തള്ളിപ്പറയുകയോ ചെയ്യില്ല. അത്രയ്ക്ക് പാവമാണ് ആ കുട്ടി ”
“അതെനിക്കും അറിയാം കാത്തൂ, പക്ഷേ അവളെ സ്നേഹിക്കാൻ ഒരു മനസ്സ് പോലും ഇല്ല എനിക്ക് . വെറുതെ അവളുടെ ജീവിതം കൂടി…”
“അവൾക്ക് കാവലായി അഭിയേട്ടന്റെ താലി മാത്രം മതി. മറ്റൊന്നും അവളായിട്ട് ആവശ്യപ്പെടില്ല. ഒരു നോട്ടം കൊണ്ടു പോലും അവൾ അഭിയേട്ടനെ ശല്യപ്പെടുത്തില്ല. എനിക്കുറപ്പാണ് ”
എല്ലാം കേട്ടു മിണ്ടാതെ നിൽക്കുന്ന മഹിയേട്ടനെ ഞാനൊന്ന് നോക്കി.
“അഭിയേട്ടന്റെ കാര്യം ഓർത്തു ടീച്ചറമ്മ എത്ര മാത്രം വിഷമിക്കുന്നുണ്ടെന്ന് അറിയാലോ. ആ പാവം അമ്മ ഒന്ന് സന്തോഷിച്ചോട്ടെ. അഭിയേട്ടന്റെ ഈ ഒരു തീരുമാനം ഒരു പാട് മനസ്സുകളിലെ തീ കെടുത്തും….”
ഒന്ന് നിർത്തി ഞാൻ പറഞ്ഞു.
“അഞ്ജുവിനോളം തന്നെ ഗംഗയെയും എനിക്കിപ്പോൾ ഇഷ്ടമാണ്…അഭിയേട്ടൻ ഗംഗയുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് എന്റെ അഞ്ജു ആവും. എനിക്കറിയാം. ”
ഒന്നും മിണ്ടാതെ നിൽക്കുന്ന അഭിയേട്ടനെ ഒന്ന് നോക്കി ഞാൻ താഴേക്ക് നടന്നു.
ആധിയോടെ കിടന്നിരുന്ന ടീച്ചറമ്മയുടെ മനസ്സിൽ എന്റെ വാക്കുകൾ തണുപ്പ് നൽകിയെങ്കിലും ഗംഗ എന്നോടൊന്നും ചോദിച്ചില്ല. ഞാൻ എന്തിനാണ് മുകളിലേക്ക് പോയതെന്നറിയാമായിരിന്നിട്ടും…
പക്ഷേ തിരിച്ചു പോവുന്നതിനു മുൻപേ അടുക്കള മുറ്റത്ത് നിന്നിരുന്ന ഗംഗക്കരികിൽ ഞാനെത്തി.
“ഇനി എന്റെ അഞ്ജുവിന്റെ സ്ഥാനത്തു അഭിയേട്ടന്റെ പെണ്ണായി ഗംഗയാണ്. ഗംഗയുടെ സ്നേഹം കാണാതിരിക്കാൻ അഭിയേട്ടനാവില്ല.ഗംഗയെ പോലെ അഭിയേട്ടനെ സ്നേഹിക്കാനും മനസ്സിലാക്കാനും മറ്റാർക്കും ആവില്ല ”
മറുപടി പതിവ് പോലെ ഒരു നേർത്ത പുഞ്ചിരി മാത്രമായിരുന്നു.
കാർ റോഡിലേക്കിറങ്ങിയതും മഹിയേട്ടൻ
പറഞ്ഞു.
“ഞാനും ഗിരിയും അഭിയുടെ ജോലിക്ക് വേണ്ടി ശ്രെമിച്ചിരുന്നു. അത് ശരിയായിട്ടുണ്ട്. ജോലിക്കൊക്കെ പോവാൻ തുടങ്ങിയാൽ തന്നെ അവന് ഒരു പാട് മാറ്റം വരും ”
“തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള ഗംഗയുടെ സ്നേഹം ഏറെക്കാലം കണ്ടില്ലാന്നു നടിക്കാൻ അഭിയേട്ടനാവില്ല എനിക്കുറപ്പുണ്ട് ഗംഗയുടെ സ്നേഹത്താൽ അഭിയേട്ടൻ പഴയ പോലെ ആവും ”
“എന്റെതൊഴികെ മറ്റെല്ലാരുടെ സ്നേഹത്തെപറ്റിയും നിനക്കറിയാം അല്ലേടി, എന്റെ സ്നേഹത്തെ മാത്രമേ സംശയം
ഉള്ളു ”
ആ ശബ്ദത്തിൽ പരിഭവം നിറഞ്ഞു നിന്നിരുന്നു. ഒരു നിമിഷം ആലോചിച്ചു ഞാൻ. പെട്ടെന്നൊരു മറുപടി അങ്ങേർക്ക് കൊടുത്താൽ ശരിയാവില്ല. എനിക്ക് പണി കിട്ടും.
മഹിയേട്ടന്റെ ചിരി കേട്ടപ്പോൾ ഞാൻ മുഖമുയർത്തി നോക്കി ചോദിച്ചു.
“എന്തിനാ ചിരിച്ചത്….? ”
“എന്റെ കാത്തൂ ഞാനെന്തെങ്കിലും പറയുമ്പോൾ ന്യൂട്രൽ ആയിട്ട് മറുപടി പറയാൻ നീ തപ്പിക്കളിക്കുന്നതോർത്ത് ചിരിച്ചതാണ്. ഇത്ര പേടിയുണ്ടോ നിനക്കെന്നെ? ”
മഹിയേട്ടൻ എന്നെ നോക്കി.
“പണ്ടത്തെ കലിപ്പനെ എനിക്കിത്ര പേടിയില്ലായിരുന്നു, പക്ഷേ ഇപ്പോൾ… ”
ഞാൻ തല താഴ്ത്തിയതും മഹിയേട്ടൻ ചിരിക്കാൻ തുടങ്ങി.
“നാണിച്ചിരിക്കുമ്പോൾ എന്റെ പെണ്ണിനെ കാണാൻ ഒരു ചന്തമൊക്കെ ഉണ്ട്ട്ടോ ”
ഞാൻ മിണ്ടിയില്ല. മുൻപായിരുന്നെങ്കിൽ ഞാൻ എന്തെങ്കിലും തർക്കുത്തരം പറഞ്ഞേനെ..
ശ്രീലകത്ത് എത്തിയപ്പോൾ നേരെ ചിറ്റയുടെ അടുത്തേക്കാണ് പോയത്. എല്ലാം പറഞ്ഞു. ചിറ്റയുടെ കണ്ണ് നനഞ്ഞെങ്കിലും എന്റെ വാക്കുകൾ ആ മനസ്സിൽ സന്തോഷം ഉണ്ടാക്കിയെന്ന് എനിക്കറിയാമായിരുന്നു.
ഉണ്ണിയേട്ടന്റെ കാര്യം ആയിരുന്നു കഷ്ട്ടം. നിലീനയുമായ് ഒന്ന് സംസാരിക്കാൻ പോലും പറ്റിയിട്ടില്ല. പാവം ഊണും ഉറക്കവുമില്ലാതെ ആരോടും മിണ്ടാതെ നടക്കുകയാണ്. നിലീനയുടെ കസിൻ വിളിച്ചപ്പോൾ അവളുടെ കല്യാണം പെട്ടെന്ന് നടത്താനാണ് തീരുമാനം എന്ന് പറഞ്ഞത്രേ. എന്തു ചെയ്യണമെന്ന് ആർക്കും ഒരു രൂപവുമില്ല. അതിനിടെ ശാരദമ്മായി മഹിയേട്ടന്റെ അമ്മയെ വിളിച്ചു എന്തെല്ലാമോ പറഞ്ഞെന്ന് കേട്ടു. നിലീനയുമായുള്ള കല്യാണം നടത്താൻ മുൻകൈ എടുക്കുന്നത് ശ്രീലകത്തുള്ളവരാണോ എന്നൊക്ക ചോദിച്ചു ബഹളം വെച്ചത്രേ.
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു. മഹിയെട്ടനെ കാണാൻ തന്നെ കിട്ടുന്നില്ലായിരുന്നു. എങ്കിലും എന്റെ സെക്യൂരിറ്റി വേദ്നെ ഏൽപ്പിച്ചിരുന്നു ആൾ.
ഫോണിലൂടെ സംസാരിച്ചിട്ടുണ്ടെങ്കിലും വേദ്ന്റെ പെണ്ണിനെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല.
അമ്മായിയോട് പറഞ്ഞു അവന്റെ കൂടെ അനുവിനെ കാണാനിറങ്ങി.
കോഫി ഷോപ്പിൽ വെച്ച് അനുവിനെ മീറ്റ് ചെയ്തു. കണ്ടപ്പോഴേ മനസ്സിലായി അവര് മെയ്ഡ് ഫോർ ഈച്ച് അദർ തന്നെയാണ്. അനു പാവമാണ്. പക്ഷേ വേദ്ന്റെ ഒരു തരികിടയും അവളുടെ അടുത്ത് നടക്കില്ല.
അവരുടെ വഴക്കിൽ റഫറി ആവുന്നതിനിടെ ഞാൻ ചുറ്റുമൊന്ന് നോക്കി. അപ്പോഴാണത് കണ്ടത്. തൊട്ടപ്പുറത്തായി മഹിയേട്ടൻ, കൂടെ സുന്ദരിയായ ഒരു പെണ്ണും. എന്റെ നോട്ടം തിരിച്ചറിഞ്ഞ പോലെ മഹിയേട്ടൻ എന്റെ നേർക്ക് നോക്കി. കണ്ണുകൾ തമ്മിലിടഞ്ഞപ്പോൾ ഞാൻ മുഖം തിരിച്ചു.
വേദ്ന്റെയും അനുവിന്റെയും കലപില നിന്നപ്പോഴാണ് മുഖമുയർത്തിയത്. തൊട്ടടുത്ത് മഹിയേട്ടൻ. വേദ്നോടും അനുവിനോടും സംസാരിച്ചു കഴിഞ്ഞപ്പോൾ എന്നോടായി പറഞ്ഞു
“കാത്തൂ, എന്റെ കൂടെ ഒന്ന് വന്നേ, ഒരാൾക്ക് നിന്നെ ഒന്ന് പരിചയപ്പെടണമെന്നു പറഞ്ഞു ”
മനസ്സില്ലാമനസോടെയാണ് പുറകെ പോയത്. പക്ഷേ അവരുടെ സീറ്റിനടുത്ത് എത്തിയതും ഞാൻ പിന്നെയും ഞെട്ടി. നേരത്തെ കണ്ട പെണ്ണിനരികിലായി എസ്. ഐ ഷബീർ.
എനിക്കായ് തൊട്ടടുത്ത കസേര വലിച്ചിട്ടു കൊണ്ടു മഹിയേട്ടൻ പറഞ്ഞു.
“കാത്തൂ ഇതു നന്ദന, ഷബീറിന്റെ വൈഫ്. നന്ദനയും ഞങ്ങളുടെ ക്ലാസ്സ് മേറ്റ് ആയിരുന്നു. ഇപ്പോൾ നമ്മളുടെ കോളേജിലെ ലെക്ചറെർ ആണ് ”
നന്ദന എന്നെ നോക്കി ചിരിച്ചു. ഷബീർ സർ പറഞ്ഞു.
“എന്റെ കൊച്ചേ ഞങ്ങൾ കുറച്ചു സമയമായി വന്നിട്ട്. നിങ്ങൾ വന്നതിന് ശേഷം ഞാൻ പറഞ്ഞതൊന്നും ഇവൻ കേട്ടിട്ടില്ല. ഫുൾ കോൺസെൻട്രേഷൻ തന്റെ മേലായിരുന്നു. എന്നാലോ വിളിക്കാൻ പറഞ്ഞിട്ട്
കേട്ടതുമില്ല ”
ചമ്മലോടെ മഹിയേട്ടൻ പറയുന്നത് കേട്ടു.
“മതിയെടാ മതി… ”
“ഓ ഞാൻ നിർത്തി, ഒന്നുമില്ലേലും എന്റെയീ ബീവിയെ അടിച്ചു മാറ്റിക്കൊണ്ട് വരാൻ സഹായിച്ചതല്ലേ നീ. അത് ഞാൻ മറക്കാൻ പാടുണ്ടോ ”
ചിരിക്കിടയിൽ നന്ദന എന്നോടായി പറഞ്ഞു.
“കാർത്തികയെ എനിക്കറിയാം, എനിക്കെന്നല്ല ഞങ്ങളുടെ ക്ലാസ്സിലെ എല്ലാവർക്കും അറിയാമായിരുന്നു മഹേഷിന്റെ മുറപ്പെണ്ണിനെ ”
മഹിയേട്ടൻ ചിരിക്കുകയായിരുന്നു.
തമാശകൾ പറഞ്ഞും കളിയാക്കിയും പൊട്ടിച്ചിരിക്കുന്ന ആ മഹിയേട്ടൻ എനിക്ക് അപരിചിതൻ ആയിരുന്നു.
കുറച്ചു സമയം കഴിഞ്ഞു അവർ പോയി.
മഹിയേട്ടൻ എന്നെ നോക്കിയപ്പോൾ ഞാൻ പറഞ്ഞു.
“അപ്പോൾ എന്നോടുള്ള ഇഷ്ടം എന്നോടൊഴികെ മറ്റെല്ലാവരോടും പറഞ്ഞിട്ടുണ്ടല്ലേ “,
എന്നെ നോക്കി കണ്ണിറുക്കി മഹിയേട്ടൻ പറഞ്ഞു.
“ആ സമയത്തു ആരോടും നീ മഹിയുടെ പെണ്ണാണെന്ന് പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നെടോ. പക്ഷേ നിന്നോട് പറയാൻ.. എന്തോ ഒരു ചമ്മൽ ആയിരുന്നു.സാരമില്ലെടോ, പറയാതെ പോയതും അറിയാതെ പോയതുമെല്ലാം പലിശ സഹിതം തിരിച്ചു തരും ഞാൻ എന്റെ പെണ്ണിന്.. ”
പ്രണയം മാത്രം ഞങ്ങൾക്കിടയിൽ നിറഞ്ഞു നിൽക്കുന്ന നിമിഷങ്ങൾക്കിടയിലെപ്പോഴോ മഹിയേട്ടൻ പറഞ്ഞു.
“ഷബീർ വിളിച്ചിട്ടാണ് ഞാൻ വന്നത്… ”
മഹിയേട്ടന്റെ ഗൗരവം കണ്ടപ്പോഴേ എനിക്ക് മനസിലായി കാവ്യയുടെ കാര്യം ആണെന്ന്.
“കാവ്യയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ശ്വാസകോശത്തിൽ വെള്ളം കയറിയിട്ടാണെന്നാണെങ്കിലും അവളുടെ വലത് കൈയ്യിൽ ആഴത്തിൽ ഒരു മുറിവുണ്ടായിരുന്നത്രെ. നഖത്തിനടിയിൽ ഉണ്ടായിരുന്ന സ്‌കിന്നും , കൈയിൽ ഉണ്ടായിരുന്ന മുടിയിഴകളും ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഷബീർ പറഞ്ഞു. ”
ഞെട്ടലോടെ മഹിയേട്ടന്റെ മുഖത്തേക്ക് തന്നെ നോക്കി ഞാനിരുന്നു
( തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission