“കാത്തു…..”
കാലുകൾ നിശ്ചലമായിപ്പോയി….
പുറകിൽ ആ നിശ്വാസം അറിഞ്ഞപ്പോഴേക്കും പിന്തിരിഞ്ഞു ആ നെഞ്ചിലേക്ക് വീണു… i
“മോളെ…. ”
മഹിയേട്ടൻ നെഞ്ചോട് ചേർത്ത് നെറുകയിൽ ചുണ്ടമർത്തി..
എത്ര സമയം അങ്ങിനെ നിന്നെന്നറിയില്ല…
കരഞ്ഞു തളർന്ന മനസ്സ് തിരികെയെത്തിയപ്പോൾ പൊള്ളി പിടഞ്ഞ പോലെ ആ നെഞ്ചിൽ നിന്നടർന്നു മാറി..
“സോറി… ഞാൻ.. പെട്ടെന്ന്.. അഞ്ജുവിനെ ഓർത്തപ്പോൾ, സോറി….. ”
താണ്ഡവമാടുന്ന മനസിനെ വാരിപിടിച്ചു എങ്ങിനെയൊക്കെയോ, ഓടി മുറിയിലെത്തി..
വാതിൽ അടച്ചു അതിൽ ചാരി നിന്നു..
എന്റെ മനസിനെ ഇനി ഒരിക്കലും സ്വാധീനിക്കുവാൻ മഹിയേട്ടനാവില്ല
എന്ന എന്റെ വിശ്വാസമാണ് ഇപ്പോൾ ഇല്ലാതായത്..
കണ്ണുകൾ നിറഞ്ഞു കൊണ്ടേയിരുന്നു..
ഒന്നും മാറിയിട്ടില്ല കാത്തു.. ഒരിക്കലും മഹിയെ മനസ്സിൽ നിന്ന് ഇറക്കി വിടാൻ നിനക്കൊരിക്കലും കഴിയില്ല..
പക്ഷെ ഇനി ഒരിക്കൽ കൂടി അവഗണന താങ്ങാൻ എനിക്കാവില്ല…
മനസ്സിൽ ഉറപ്പിച്ചു വാഷ് റൂമിലേക്ക് നടന്നു..
ഫ്രഷ് ആയി പുറത്തിറങ്ങി താഴോട്ട് നടന്നതും സ്റ്റെയർ കയറി വരുന്നു കാവ്യ..
മുഖാമുഖം….
“എന്താടി അവിടെ അഴിഞ്ഞാടി മതിയായോ നിനക്ക്, അതുകൊണ്ടാണോ പിന്നെയും വലിഞ്ഞു കയറി വന്നിരിക്കുന്നത് ”
കാത്തുവിന്റെ കൈ ഉയർന്നു താഴുന്നത് മിന്നായം പോലെയേ കാവ്യ കണ്ടുള്ളു
കവിളും പൊത്തിപ്പിടിച്ചു നിൽക്കുന്ന കാവ്യയുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു പറഞ്ഞു
“അഴിഞ്ഞാട്ടത്തിനു അവാർഡ് കിട്ടാൻ
നിന്നെക്കാൾ യോഗ്യതയുള്ള മറ്റൊരാളെ
ഞാൻ ഇത് വരെ കണ്ടിട്ടില്ല.. പിന്നെ ഇത് എന്റെയും കൂടെ വീടാണ്. ഇവിടെ വലിഞ്ഞു കയറി വന്നിരിക്കുന്നത് നീയാണ്. അത് കൊണ്ട് താലി കഴുത്തിൽ കയറിയതിനു ശേഷം മതി നിന്റെ നെഗളിപ്പൊക്കെ.. മേലാൽ എന്റെ അടുത്ത് ചൊറിയാൻ വന്നാൽ പൊന്നു മോൾ വാങ്ങിക്കൂട്ടും ”
തരിച്ചു നിൽക്കുന്ന അവളുടെ അടുത്ത് കൂടി മനസ് നിറഞ്ഞു ഞാൻ താഴേക്കിറങ്ങി..
ചിറ്റയുടെ മുറിയിലേക്ക് തിരിഞ്ഞതും മഹിയേട്ടൻ പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു..
കണ്ണുകൾ ഉടക്കി…നോട്ടം മാറ്റി നടന്നപ്പോൾ ആണ് മഹിയെട്ടന്റെ പിന്നാലെ വന്നിരുന്ന രണ്ടു പേര് ഓടി വന്നു കെട്ടിപിടിച്ചത്..
ദേവുവും മീനുവും.. ശ്രീ മാമന്റെ മക്കൾ…
“ചേച്ചിക്ക് ഇപ്പോഴെങ്കിലും ഞങ്ങളെയൊക്കെ കാണാൻ വരാൻ തോന്നിയല്ലോ ” മീനുട്ടി പറഞ്ഞു
ഞങ്ങളെ തന്നെ നോക്കി നിന്നിരുന്ന ആ കണ്ണുകളിൽ ഒരു പരിഹാസഭാവം മിന്നി മറഞ്ഞത് ഞാൻ കണ്ടു..
“ചേച്ചി വാ ഒരുപാട് വിശേഷങ്ങൾ പറയാനുണ്ട് ”
ദേവൂട്ടി എന്റെ കൈയും പിടിച്ചു പുറത്തേക്ക് നടന്നു…
അവരുടെ കത്തി സഹിക്ക വയ്യാതായപ്പോഴാണ് വേദ് വന്നു ഫുഡ് കഴിക്കാൻ വിളിച്ചത്
ഡൈനിങ് ടേബിളിൽ എത്തിയപ്പോൾ കണ്ടു മഹിയേട്ടനടുത്തു അധികാര ഭാവത്തിൽ ഇരിപ്പുറപ്പിച്ചിരിക്കുന്ന അവളെ..
ഒരു ലോഡ് പുച്ഛം മുഖത്തു വരുത്തി ഞാനും കഴിക്കാൻ ഇരുന്നു..
കാവ്യയുടെ പ്രകടനങ്ങൾക്കിടയിലും പലപ്പോഴും ആ കണ്ണുകൾ എന്റെ നേർക്ക് വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
ഒന്നും എന്നെ ബാധിച്ചിട്ടേയില്ല എന്ന മട്ടിൽ കഴിച്ചെണീറ്റു..
മനസ്സിൽ പൊട്ടിക്കരയുമ്പോഴും ചുണ്ടിൽ പുഞ്ചിരി വരുത്താൻ എന്നെ പ്രാപ്തയാക്കിയത് മഹിയേട്ടൻ തന്നെയാണല്ലോ..
അടുക്കളയിൽ അമ്മായിമാരെ സഹായിച്ചും അവരുടെ സംസാരം കേട്ടും സമയം പോയതറിഞ്ഞില്ല..
ചിറ്റയുടെ റൂമിൽ ചെന്ന് ഗുഡ് നൈറ്റ് പറഞ്ഞു നേരെ മുകളിലോട്ട് വെച്ച് പിടിച്ചു.
മഹിയേട്ടൻ ബാൽക്കണിയിൽ നിന്ന് റൂമിലേക്ക് പോവുകയായിരുന്നു ഞാൻ മുകളിൽ എത്തിയപ്പോൾ..
“ഇയാൾ എന്താ സർവ്വവ്യാപി ആണോ എവിടെ ചെന്നാലും ഇങ്ങേരുടെ മരമോന്ത തന്നെ ” ഞാൻ പിറുപിറുത്തു.
“അതേടി ഞാൻ സർവ്വവ്യാപി തന്നെയാ ”
“അതേയ് എടി പോടീ ന്നൊക്കെ നിങ്ങളുടെ മറ്റവളെ വിളിച്ചാൽ മതിട്ടോ…”
അത് കേട്ടതും അങ്ങേര് എന്നെ നെഞ്ചിലൊട്ടു വലിച്ചിട്ടു…
“അപ്പോൾ പിന്നെ നീ ആരാ എന്റെ?…”
ആ കണ്ണുകളിലെക്ക് നോക്കി നിൽക്കാനാവാതെ ഞാൻ മുഖം താഴ്ത്തി
“പറയെടി നീ ആരാ എന്റെ.. ”
ഇനിയും നോക്കി നിന്നാൽ എല്ലാം കൈവിട്ടു പോവും
“ഞാൻ…ഞാൻ
നിങ്ങൾ സ്നേഹിച്ചു വഞ്ചിച്ചോരു പാവം പെണ്ണ് ”
മഹിയെട്ടന്റെ കൈ അയയുന്നത് ഞാനറിഞ്ഞു.. അങ്ങേരെ തള്ളിമാറ്റി റൂമിന്റെ വാതിൽ ഞാൻ വലിച്ചടച്ചു.
ഒരു ദീർഘനിശ്വാസത്തോടെ ബെഡിലേക്ക് വീണു…
എത്രയൊക്കെ വേണ്ടാന്ന് വെച്ചാലും മഹിയേട്ടൻ അടുത്ത് വരുമ്പോൾ എല്ലാം മറന്നുപോവും..
പാടില്ല മറ്റൊരുവൾക്ക് സ്വന്തമാവാൻ പോവുന്നവനെ ഇനിയും മോഹിക്കരുത്..
എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും കണ്ണീർ കവിളിൽ പടർന്നിരുന്നു..
അതിരാവിലെ എണീറ്റു കുളിച്ചു അമ്പലത്തിൽ പോവാൻ റെഡി ആയി..
ഒരുപാട് കാലത്തിനു ശേഷം… എന്തും നേരിടാനുള്ള കരുത്തായി കൂടെയുണ്ടാവണേ ന്നപേക്ഷിക്കാൻ…
താഴെയെത്തി അമ്മായിയോട് പറഞ്ഞു അമ്പലത്തിലേക്കിറങ്ങി….ചില ഓർമ്മകൾ ഒഴികെ മറ്റെല്ലാം അപരിചതമായി തോന്നി..
അഞ്ജുവിന്റെയും ഗായുവിന്റെയും വേദ് ന്റെയും കൂടെ കുറുമ്പ് കാണിച്ചു നടന്ന, മഹിയേട്ടന്റെ കൂടെ, പ്രണയം പറയാതെ തന്നെ പങ്കിട്ടെടുത്തു നടന്നിരുന്ന വഴിത്താരകൾ….
മനസുരുകി പ്രാർത്ഥിച്ചു…
ശ്രീലകത്തെ ഗേറ്റ് കടന്ന് മുറ്റത്തെമ്പോഴേ കണ്ടു പൂമുഖത്തു പത്രവും പിടിച്ചിരിക്കുന്ന മഹിയേട്ടനെ.
തന്നിലേക്ക് വീഴുന്ന നോട്ടത്തെ കണ്ടില്ലെന്നു നടിച്ചു അകത്തേക്ക് നടന്നു.
പ്രസാദവുമായി ചിറ്റയുടെ മുറിയിലേക്ക് നടന്നപ്പോഴേ അകത്തു നിന്ന് സംസാരം കേട്ടു..
ബാലമ്മാമ.. ശ്രീലകത്തെ മുത്തച്ഛന്റെ സഹോദരിയുടെ മകനാണ്. അവിവാഹിതൻ.. നാടോടി..
ബാലമ്മാമക്ക് നന്ദിനി ചിറ്റയോടൊരിഷ്ടം ഉണ്ടായിരുന്നത്രേ.. പക്ഷേ ചിറ്റ സ്നേഹിച്ച ആളെയെ വിവാഹം കഴിക്കുന്നു നിർബന്ധം പിടിച്ചപ്പോൾ വീട്ടുകാർ സമ്മതിച്ചു.
പക്ഷേ ആ ദാമ്പത്യത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല.
ഒരു കാർ ആക്‌സിഡന്റിൽ ചിറ്റയുടെ ഭർത്താവ് കൊല്ലപ്പെട്ടു…
അന്ന് മുതൽ ചിറ്റയും അഞ്ജുവും തറവാട്ടിലുണ്ട്.. മാതാപിതാക്കളെ ഒരുമിച്ച് നഷ്ടമായ എനിക്ക് താങ്ങും തണലുമായത് ആ അമ്മയും മകളും..
“അല്ല പുതിയ ആളുകളെയൊക്കെ കാണുന്നുണ്ടല്ലോ നന്ദിനി…. ”
“പുതിയതല്ല ബാലമ്മാമേ പഴയത് തന്നെയാ ”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
ബാലമ്മാമ വാത്സല്യത്തോടെ എന്റെ തലയിൽ തലോടി.
തറവാട്ടിലുള്ളപ്പോഴൊക്കെ ഞങ്ങളുടെ കുറുമ്പുകൾക്ക് കൂട്ടായിരുന്നു ബാലമ്മാമ..
ബാലമ്മാമ്മയുടെ കൂടെ തന്നെ ബ്രേക്ഫാസ്റ് കഴിച്ചു… മറ്റെല്ലാരും കഴിച്ചു കഴിഞ്ഞുന്നു അമ്മായി പറഞ്ഞു.
“ഇനി എന്താ നിന്റെ പരിപാടി?, തിരിച്ചു പോണുണ്ടോ നീ?… ” ബാലമ്മാമ്മ ചോദിച്ചു
“പോവാതെ പിന്നെ, ചിറ്റയുടെ ബ്ലാക്ക് മെയിലിംഗിൽ ഞാൻ വീണു പോയതാണ്. മുൻപൊരിക്കലും ചിറ്റ ഇങ്ങനെ നിർബന്ധം പിടിച്ചിട്ടില്ല… ”
“പിന്നെ.. പിന്നെ അഞ്ജുവിന്റെ ആത്മശാന്തിക്കായുള്ള പൂജകളും ഉണ്ടെന്നു പറഞ്ഞതോടെ വരാതിരിക്കാൻ കഴിഞ്ഞില്ല..”
പതിഞ്ഞ ശബ്ദത്തിൽ ഞാനത് പറഞ്ഞപ്പോൾ ബാലമ്മാമ്മയുടെ മുഖത്ത് സങ്കടം നിറയുന്നത് കണ്ടു…
“ആഹാ കഴിച്ചു കഴിഞ്ഞില്ലേ ഇത് വരെ രണ്ടാളും ”
അമ്മായിയുടെ ചോദ്യമാണ് ഓർമ്മകളിൽനുണർത്തിയത്.
“ഞങ്ങൾ ചുമ്മാ സംസാരിക്കുയായിരുന്നു ഏട്ടത്തി…. എല്ലാവരും ഇന്ന് തന്നെ എത്തുമോ…. ”
“മിക്കവരും വൈകിട്ടോടെ എത്തും.. ഉണ്ണി പുലർച്ചെ പൂജയുടെ മുൻപേ എത്തുമെന്നാണ് ശാരദ പറഞ്ഞത്.. ”
തറവാട്ടിൽ എന്തൊക്കെയോ ദോഷങ്ങൾ കാണുന്നുണ്ടെന്നും പരിഹാരകർമ്മങ്ങൾ ചെയ്യണമെന്നും ജ്യോത്സ്യൻ രാഘവപണിക്കർ പറഞ്ഞപ്പോൾ തുടങ്ങിയ ഒരുക്കങ്ങൾ ആണ്…
മുത്തശ്ശന്റെ കുടുംബത്തിലെ എല്ലാരും പൂജയിൽ പങ്കെടുക്കണം… കുടുംബ ക്ഷേത്രത്തിലും ചടങ്ങുകൾ ഉണ്ട്..
ഫോണിന്റെ ശബ്ദം കേട്ടുകൊണ്ടാണ് മുറിയിൽ എത്തിയത്….
വിവേക് ആണ്.ഇവിടെ എത്തിയതിൽ പിന്നെ ഞാൻ വിളിച്ചിട്ടില്ല. ആന്റിയെ വിളിച്ചു എത്തിയ വിവരം പറഞ്ഞതേയുള്ളു…
പ്രതീക്ഷിച്ച പോലെ അവന്റെ ഫയറിങ് ആയിരുന്നു ആദ്യം..
എല്ലാം ചിരിയോടെ കേട്ടു നിന്നു
“കഴിഞ്ഞോ….”
“പോടീ… പിന്നെ എന്തു പറയുന്നു നിന്റെ കാട്ടാളൻ?”
“എടാ നിന്നെയുണ്ടല്ലോ ഞാൻ തിരികയെത്തട്ടെ…… ”
ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു
“എന്തായാലും അളിയനോട് എന്റെ അ ന്വേഷണം പറയൂ…. ”
“പോടാ പട്ടീ “പറഞ്ഞതും ഞാൻ ഫോൺ കട്ട് ചെയ്തു.
വീണ്ടും ഓർമ്മകൾ….
ഇവിടുന്നുള്ള എന്റെ ഒളിച്ചോട്ടം അവസാനിച്ചത് അച്ഛന്റെ ഒരേയൊരു കൂടപ്പിറപ്പിന്റെ അടുത്താണ്..
രേണുകയാന്റിയും രവി അങ്കിളും അമേരിക്കയിലാണ്.. രണ്ടു മക്കൾ വിവേകും വിനയും
മഹിയെട്ടന്റെ തള്ളിപറച്ചിലും അഞ്ജുവിന്റെ മരണവും തളർത്തിയ എന്നെ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കാൻ അവരു ണ്ടായിരുന്നു.
ചുമരിലെ ഷെൽഫിലെ പുസ്തകങ്ങളിലൂടെ കണ്ണോടിച്ചപ്പോഴാണ് ആ ആൽബം കണ്ണിൽപെട്ടത്..
മെല്ലെ കൈയിലെടുത്തു തുറന്നതും മനസ് വിങ്ങി..
ബാല്യവും കൗമാരവും എല്ലാം ഓർമകളായി അതിലുണ്ട്..
പേരമരത്തിൽ കയറിയ എന്നെ മഹിയേട്ടൻ വഴക്ക് പറയുന്നത്, തൊടിയിലൂടെ ക്യാമറയുമായി നടന്നിരുന്ന വേദ്ന്റെ പരീക്ഷണ ക്ലിക്കായി ഇതിലുണ്ട്..
ഇടക്കെപ്പോഴോ ഞങ്ങളുടെ ഇടയിൽ കാവ്യയുടെ മുഖവും കണ്ടു.
വല്യമ്മാവന്റെ ഉറ്റ ചങ്ങാതിയുടെ മകൾ. തകർന്നു പോവാൻ തുടങ്ങിയ ബിസിനസ് സാമ്രാജ്യം തിരികെ പിടിക്കാൻ സഹായിച്ചതിലുള്ള കടപ്പാടിന്റെ രൂപത്തിൽ ആണ് അവളിവിടെ എത്തുന്നത്..
ആർക്കും പൊരുത്തപ്പെട്ടു പോവാനാവാത്തതായിരുന്നു അവളുടെ സ്വഭാവം….
ആമ്പൽകുളത്തിനരികെ നിൽക്കുന്ന അഞ്ജുവിന്റെയും എന്റെയും ഫോട്ടോ…
ഞങ്ങളുടെ ഫേവറിറ്റ് പ്ലേസ് ആയിരുന്നു അത്..
അവസാനം അവിടെത്തന്നെ അവൾ… ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങൾ ബാക്കിയാക്കി പോയി…
“ഐ മിസ്സ് യൂ അഞ്ജു… നീ പോയതോടെ എന്റെ ജീവിതവും ഗതി മാറിപ്പോയി, എന്റെ എല്ലാ കുറുമ്പുകളിലും കൂട്ടായി, എന്റെ ഏതു പ്രേശ്നങ്ങൾക്കും പരിഹാരമായി കൂടെ ഉണ്ടായിരുന്നു നീ ”
ആ ദിവസം… ആ നശിച്ച ദിവസം…
ശ്രീലകത്ത് ഗ്രൂപ്പിന്റെ ഓഫീസിൽ ഇരുന്ന് മഹിയും ആലോചനയിലായിരുന്നു..
രാവിലെ അമ്പലത്തിൽ പോയി വരുന്ന അവളെ കണ്ടപ്പോഴേ മനസിന്റെ താളം തെറ്റിത്തുടങ്ങിയിരുന്നു..
നെറ്റിയിൽ ചന്ദനക്കുറിയും, തലയിൽ തുളസി കതിരുമൊക്കെയായി പെണ്ണിനെ കണ്ടപ്പോൾ തന്നെ കണ്ണുകൾ വിടർന്നു…
എന്നാൽ കണ്ടിട്ടും കാണാത്ത മട്ടിൽ പോവുന്നത് കണ്ടപ്പോൾ ദേഷ്യം വന്നു.
അവളോട് ചെയ്തു പോയ തെറ്റ് ചെറുതല്ലെന്നറിയാം.. പക്ഷെ ആ നിമിഷം വായിൽ വന്നതൊക്കെ പറഞ്ഞു പോയി..
മഹിയുടെ ജീവിതത്തിലെ പ്രണയം കാർത്തികയാണ്.. സ്വന്തമാക്കും ഞാനവളെ.. അതിനെനിക്ക് അവളുടെ സമ്മതം പോലും വേണ്ട….
മഹിയും കാത്തുവും അവരുടെ പ്രണയത്തെകുറിച്ചോർത്തിരിക്കുമ്പോൾ അയാൾ വീണ്ടുമെത്തുകയാണ്…
അവർക്കിടയിലേക്ക്…
ഒരിക്കൽ വഴി പിരിഞ്ഞു പോയവരെ ഒന്നിപ്പിക്കാതിരിക്കാനായി………
( തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission