Skip to content

അവളറിയാതെ – ഭാഗം 4

avalariyathe aksharathalukal novel

വല്യമ്മായി പറഞ്ഞ പോലെ വൈകുന്നേരം ആയപ്പോഴേക്കും എല്ലാരും എത്തി..

ഒരുപാട് കാലത്തിനു ശേഷം ആണ് എല്ലാവരെയും കാണുന്നത്

മെയിൻ ഹൈ ലൈറ്റ് ഞാൻ തന്നെയായിരുന്നു…

മെല്ലെ അവിടെ നിന്ന് ഒഴിവായി ചിറ്റയുടെ മുറിയിലെത്തി.

ശാരദ അമ്മായി ഉണ്ടായിരുന്നു അവിടെ.
എന്നെ കണ്ടപ്പോൾ തന്നെ അടുത്ത് വന്നു കെട്ടിപിടിച്ചു.

“എന്റെ മോളെ കണ്ടിട്ട് എത്ര കാലമായി ”
ഞാൻ ചിരിച്ചു.

“ഉണ്ണിയേട്ടനും വീണയും ഒന്നും വന്നില്ലേ അമ്മായി ”

“വീണയും പ്രവിയുമൊക്കെ രാവിലെ വരും, ഉണ്ണി ബാംഗ്ലൂർ നിന്ന് പുലർച്ചെ എത്തും മോളെ ”

അമ്മായിയുടെയും ചിറ്റയുടെയും സംസാരം കേട്ടിരിക്കെ മനസ്സ് വീണ്ടും പിന്നോട്ട് പോയി

ഞാനും മഹിയെട്ടനും ഏറ്റവും കൂടുതൽ വഴക്ക് ഉണ്ടാക്കിയിരുന്നത് ഉണ്ണിയേട്ടന്റെ പേരിൽ ആയിരുന്നു.

എന്റെയും ഉണ്ണിയേട്ടന്റെയും സൗഹൃദം ഒരിക്കലും മഹിയേട്ടന് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല…

ശാരദ അമ്മായിയുടെ മനസ്സിൽ മാത്രെമേ അത്തരത്തിൽ ഒരു മോഹമുണ്ടായിരുന്നു

ഉണ്ണിയേട്ടന് സൗഹൃദത്തിൽ കവിഞ്ഞൊരു ഇഷ്ടവും എന്നോടുള്ളതായി എനിക്ക് തോന്നിയിട്ടില്ല

അഞ്ജു പറയുന്നതാണെനിക്ക് ഓർമ വന്നത്

“എടി നിന്റെ കാട്ടാളന് പൊസ്സസ്സീവ്നെസ്സ്ന്റെ സൂക്കേടാണ്. ആര് നിന്നോട് സംസാരിച്ചാലും അവർക്കൊക്കെ നിന്നോട് പ്രേമമാണെന്നാണ് അങ്ങേരുടെ വിചാരം, ഇതിപ്പോ ഉണ്ണിയേട്ടൻ ആണെങ്കിൽ നിന്റെ വകയിലെ മുറച്ചെറുക്കനും, അതാണ് നിന്നെയും ഉണ്ണിയേട്ടനെയും ഒരുമിച്ച് കാണുമ്പോൾ അങ്ങേർക്കിത്ര കലിപ്പ്..

സത്യമാണെന്നെനിക്കും തോന്നി, എപ്പൊഴൊക്കെ ഞാനും ഉണ്ണിയേട്ടനും ഒരുമിച്ച് നിൽക്കുന്നത് മഹിയേട്ടൻ കണ്ടിട്ടുണ്ടോ അന്നൊക്കെ എന്തെങ്കിലും കാരണം ഉണ്ടാക്കി എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്….

ഉണ്ണിയേട്ടനും മഹിയെട്ടനും സമപ്രായക്കാരാണ്, ഞങ്ങളുടെ കോളേജിലെ ഹീറോസും…

മഹിയേട്ടന്റെ പിന്നാലെ ഒലിപ്പിച്ചു നടക്കുന്നവളുമാരെയൊക്കെ ഒതുക്കാൻ അഞ്ജുവിനെയും വേദ്നെയും കൂടാതെ പലപ്പോഴും ഉണ്ണിയേട്ടനും എന്നെ സഹായിച്ചിരുന്നു.

പക്ഷേ ഉണ്ണിയേട്ടന്റെ അനശ്വര പ്രണയം എനിക്കും അഞ്ജുവിനും വേദ്നും മാത്രമേ അറിയായിരുന്നുള്ളു.

നിലീന… അതൊരു പാവം ക്രിസ്താനി കൊച്ചായിരുന്നു. എല്ലാരേയും പേടി… എങ്ങനെ അത് ഉണ്ണിയേട്ടനെ പ്രേമിച്ചു എന്നാണെനിക്കു അത്ഭുതം. പേടിപ്പിച്ചു പ്രേമിപ്പിച്ചതാണെന്നാണ് ഉണ്ണിയേട്ടൻ പറഞ്ഞത്.

നിലീനയും ഞാനും നല്ല കൂട്ടായിരുന്നു… ഇപ്പോഴും..

നിലീനയുടെയും ഉണ്ണിയേട്ടന്റെയും കാത്തിരിപ്പ് ഇനിയും നീണ്ടു പോവാതിരിക്കട്ടെ..

പലപ്പോഴും മഹിയെട്ടനോട് ഉണ്ണിയേട്ടന്റെയും അലീനയുടെയും കാര്യം പറയണമെന്ന് കരുതിയതാണ്. പക്ഷെ അഞ്ജുവും വേദും തടഞ്ഞു

അഞ്ജു പറഞ്ഞു

“പൊന്നു മോളെ നീ ഇങ്ങനെ എപ്പോഴും അങ്ങേരുടെ മുൻപിൽ താഴ്ന്ന് കൊടുക്കുന്നത് കൊണ്ടാണ് അങ്ങേർക്കിത്ര ജാഡ “…

“അതേടി നീ അങ്ങേരേം കൊണ്ടേ പോവുന്നു മഹിയെട്ടന് ഉറപ്പാ അതാണ് “…
വേദ് പറഞ്ഞു

“നീ പോടാ ഞങ്ങളുടെ പ്രണയത്തെ പറ്റി നിനക്കെന്തറിയാം ”

“അങ്ങേര് നിന്നോട് ആകെ വായ തുറക്കുന്നത് വഴക്ക് പറയാനല്ലേ… എന്നിട്ടാണ് ഒരു ദിവ്യ പ്രേമം… നീ ഒന്ന് അങ്ങോട്ട് നോക്കിയേ, ആ ശ്രീരാമചന്ദ്രനെയും സീതാദേവിയെയും കണ്ടു പഠിക്ക് ”

കോളേജ് വരാന്തയിൽ ചുറ്റും നടക്കുന്നതൊന്നും അറിയാതെ കുറുകിയിരിക്കുന്ന ഗായുവിനെയും ഹരിയേട്ടനെയും കണ്ടപ്പോൾ ചിരിയാണ് വന്നത്.

മഹിയേട്ടന്റെ വായിൽ നിന്നും പൈങ്കിളി ഡയലോഗുകൾ വന്നാൽ ഞാൻ ബോധം കെട്ടു വീഴുകയാവും ചെയ്യുക……

“മോളെന്താ ആലോച്ചിരിക്കുന്നെ ”

ബാലമ്മാമ്മയുടെ ചോദ്യമാണ് ഓർമകളിൽ നിന്നും ഉണർത്തിയത്

“ഒന്നുമില്ല ബാലമ്മാമ്മേ ഞാൻ വെറുതേ…”

അപ്പോഴാണ് പുറകിൽ നിന്നയാളെ ഞാൻ കണ്ടത്, കൂടെ അവളുമുണ്ട്.. കാവ്യ…

“അല്ല നന്ദിനി മഹിയുടെയും കാവ്യയുടെയും കാര്യം ഇനിയുമെന്തിനാ നീട്ടിക്കൊണ്ട് പോവുന്നെ? ”

കാവ്യയുടെ മുഖം നാണം കൊണ്ട് പൂത്തുലഞ്ഞു..

പക്ഷേ അങ്ങേരുടെ മുഖം കണ്ടിട്ട് പൂത്തു ലഞ്ഞു നിൽക്കുന്നതൊക്കെ തല്ലികൊഴിച്ചു കളയുമെന്നാണല്ലോ തോന്നുന്നേ.. ഇനി ഇവര് തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ ആവോ…

“എന്തു കാര്യമാണ് ശാരദമ്മ ഉദ്ദേശിച്ചത്?…”

മഹിയേട്ടന്റെ ശബ്ദം കനത്തിരുന്നു

“അത്…. മോനെ നിങ്ങളുടെ കല്യാണം ”

“ഞാൻ കാവ്യയെ കല്യാണം കഴിക്കുമെന്ന് ശാരദമ്മയോടു ആരാണ് പറഞ്ഞത്?… കാവ്യയെ ഞാൻ എന്റെ അനിയത്തി ആയിട്ടേ കണ്ടിട്ടുള്ളു, അങ്ങനെയേ കാണാൻ പറ്റൂ… മഹിയുടെ ജീവിതത്തിൽ ഒരു പെണ്ണെ ഉണ്ടായിട്ടുള്ളൂ… അന്നും.. ഇന്നും “…

എന്റെ നേരെ കനപ്പിച്ചൊന്നു നോക്കിയിട്ട് അങ്ങേര് കൊടുങ്കാറ്റു പോലെ ഇറങ്ങി പോയി…

പുറകെ തേങ്ങലോടെ കാവ്യയും….

പക്ഷേ ചിറ്റയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു…

കിളി പോയ ഞാൻ നേരെ റൂമിലോട്ടു നടന്നു..
വാതിൽ ചാരാൻ തുടങ്ങിയതും, ഒരു കൈ എന്റെ കൈയിൽ പിടിച്ചു ചുമരിനോട് ചേർത്ത് നിർത്തി.. മഹിയേട്ടൻ…

“എന്താടി നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ നടക്കുന്നെ, നിന്റെ മറ്റവൻ വരുന്ന സന്തോഷം ആണോ?… ”

“ആണെങ്കിൽ നിങ്ങൾക്കെന്താ? ”

തള്ളിമാറ്റി പോവാൻ തുടങ്ങിയപ്പോൾ രണ്ടു സൈഡിലായി കൈ വെച്ചു അങ്ങേര്…

ട്രാപ്പ്ഡ് !!

“എന്താ നിങ്ങളുടെ ഉദ്ദേശം, എന്തിനാ നിങ്ങൾ പിന്നേം എന്നെ ഇങ്ങനെ ”

അമർത്തിയ ഒരു ചിരിയോടെ “തികച്ചും ദുരുദ്ദേശം, പത്തു വർഷമായില്ലേ എന്റെ പെണ്ണിനെ ഇങ്ങനെ അടുത്ത് കിട്ടിയിട്ട് ചേട്ടന്… ”

അങ്ങേര് മീശ പിരിച്ചു

“മുഖത്തോട്ട് നോക്കെടി… ”

തളർന്നു പോവുമ്പോഴും, മഹിയേട്ടൻ എന്നെ തള്ളി പറഞ്ഞ ആ ദിവസത്തിന്റെ ഓർമ മതിയായിരുന്നു എനിക്ക് പതറാതെ ആ കണ്ണുകളിലേക്ക് നോക്കാൻ

“നിങ്ങൾക്ക് വേണ്ടെന്നു തോന്നുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഇറക്കി വിടാനും, വേണമെന്ന് തോന്നുമ്പോൾ ചേർത്ത് പിടിക്കാനുമുള്ളതല്ല എന്റെ ജീവിതം…ഇനി ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ നിങ്ങളുടെ പെണ്ണായി ഞാൻ ഉണ്ടാവില്ല.. കുറച്ചെങ്കിലും ആത്മാഭിമാനം എനിക്കും ഉണ്ട് ”

“മോളെ, എത്രയൊക്കെ അകന്നുമാറാൻ ശ്രെമിച്ചാലും നിന്നെ ഞാൻ വിടില്ല.. നീ മഹിയുടെ പെണ്ണായി എന്റെ കൂടെ തന്നെ ജീവിക്കും ”

കുതറുന്ന എന്നെ ചേർത്ത് നിർത്തി നെറ്റിയിൽ ചുണ്ടമർത്തി മഹിയേട്ടൻ തിരിഞ്ഞു നടന്നു

വാതിലിൽ എത്തിയതും തിരിഞ്ഞു നിന്ന് പറഞ്ഞു

“എന്നാൽ എന്റെ മോൾ ചേട്ടനെയും സ്വപ്നം കണ്ടുറങ്ങിക്കോ.. ഗുഡ് നൈറ്റ്‌.. സ്വീറ്റ് ഡ്രീംസ്‌… ”

കണ്ണിറുക്കി ഒരു കുസൃതി ചിരിയോടെ, വാതിൽ ചാരി അങ്ങേര് ഇറങ്ങി പോവുമ്പോളും എന്റെ ഞെട്ടൽ മാറിയിരുന്നില്ല

ചുമരിലൂടെ താഴേക്കൂർന്നു മുഖം കാലിലമർത്തി ഞാനിരുന്നു നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ…

മഹിയേട്ടന്റെ പെണ്ണാവാൻ എനിക്കൊരിക്കലും കഴിയില്ല….

അന്നത്തെ ആ വാക്കുകളേൽപ്പിച്ച മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല മനസ്സിൽ… കരഞ്ഞു തീർത്ത വർഷങ്ങൾ…

ഇല്ല… എനിക്കാവില്ല എല്ലാം മറന്നു പിന്നെയും.. മഹിയേട്ടൻ അല്ലാതെ മറ്റൊരാൾ എന്റെ ജീവിതത്തിൽ ഉണ്ടാവില്ല.. പക്ഷെ അതൊരിക്കലും മഹിയേട്ടൻ അറിയാൻ പാടില്ല… വരരുതായിരുന്നു ഇങ്ങോട്ട് ഒരിക്കലും…

………………………….

അയാൾ ഓർക്കുകയായിരുന്നു ആ ദിവസം…

ഒന്നും മുൻകൂട്ടി പ്ലാൻ ചെയ്തത് അല്ലായിരുന്നു… എല്ലാം സംഭവിച്ചു പോയി…

പക്ഷേ എന്തു വന്നാലും അവർ ഒന്നിക്കാൻ പാടില്ല… എന്തെങ്കിലും ചെയ്തേ പറ്റൂ.

അവൾ ഇവിടെ വിട്ടു പോവണം വീണ്ടും…അവൾ കാര്യങ്ങൾ കണക്ട് ചെയ്തെടുത്താൽ…

അവൾ ഇവിടം വിട്ടു പോയത് കൊണ്ടാണ് ഞാൻ വെറുതേ വിട്ടത്… അല്ലായിരുന്നെങ്കിൽ അവളെയും…

എന്തെങ്കിലും ചെയ്യണം…മഹിയും കാർത്തികയും അകന്നു തന്നെ ഇരിക്കണം…

അയാൾ വീണ്ടും ആലോചനയിൽ മുഴുകി…

………………………….

ആമ്പൽ കുളത്തിൽ മുങ്ങി താഴുമ്പോഴും അഞ്ജലിയുടെ കൈകൾ രക്ഷക്കായി പരതി നടന്നു…

പക്ഷേ അവളെ ആഴത്തിലേക്ക് അമർത്തുന്ന കൈകൾക്ക് ബലം കൂടുകയായിരുന്നു…

ജീവൻ വേർപെട്ട് പോവുമ്പോഴും ആ കണ്ണുകൾ തുറന്നു തന്നെയിരുന്നിരുന്നു…..

“അഞ്ജു…… ”

ഞെട്ടലോടെ വിയർത്തു കുളിച്ചു കാർത്തിക കട്ടിലിൽ എഴുന്നേറ്റിരുന്നു…

വീണ്ടും ആ സ്വപ്നം… വർഷങ്ങൾ കഴിഞ്ഞിട്ടും…

പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല…

കുളിച്ചു റെഡി ആയി താഴേക്കിറങ്ങി… പൂജക്കുള്ള ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു…

പരിചിതമായ മുഖങ്ങൾക്കിടയിൽ മഹിയെട്ടനെ കണ്ടതും നോട്ടം മാറ്റി…

“കാർത്തു ”

പുറകിൽ വിളി കേട്ടപ്പോഴാണ് തിരിഞ്ഞു നോക്കിയത്

വേദ്ന്റെയും ഹരിയേട്ടന്റെയും കൂടെ സംസാരിച്ചു നിൽക്കുന്ന ഉണ്ണിയേട്ടൻ.

അടുത്തേക്ക് ചെന്നപ്പോൾ ഉണ്ണിയേട്ടൻ കൈ പിടിച്ചമർത്തി…

“സുഖമല്ലെടി, നീ ആകെ മാറിപ്പോയല്ലോ, ഫോട്ടോസിൽ കണ്ടതിനേക്കാളുമൊക്കെ ”

ഞാനൊന്ന് കണ്ണിറുക്കി… ഹരിയേട്ടനെ ആരോ വന്നു വിളിച്ചു

“എന്തു പറയുന്നു നിങ്ങളുടെ നീലിയമ്മ, അടുത്തെങ്ങാനും ഇറങ്ങി വരാൻ ധൈര്യം ഉണ്ടാവുമോ എന്റെ ഏട്ടത്തിയമ്മക്ക്? ”

“കുറച്ചു വ്യത്യാസം ഉണ്ട് ഇപ്പോൾ..
ഒരന്ത്യശാസനം ഞാൻ കൊടുത്തിട്ടുണ്ട് ”

“പാവം കൊച്ച്… ”

“അതെ അതെ…. എവിടെ പോയി നിന്റെ കാട്ടാളൻ.. എവിടുന്നെങ്കിലും എന്റെ നേരെ തീ വർഷിക്കുന്നുണ്ടാവും ”

“ദേ ഉണ്ണിയേട്ടാ വേണ്ടാ ട്ടോ അങ്ങേര് ഇപ്പോൾ എന്റെ ആരുമല്ലന്നു പല വട്ടം ഞാൻ പറഞ്ഞിട്ടുള്ളതാ ”

“കാർത്തു… നിങ്ങളെ നോക്കുന്ന ആർക്കുമറിയാം നിങ്ങളിപ്പോഴും ഭ്രാന്തമായി തന്നെ പരസ്പരം സ്നേഹിക്കുന്നുണ്ടെന്ന് ”

“അങ്ങേർക്ക് ഭ്രാന്ത് തന്നെയാ ”

“കാത്തൂ നിന്നെ ചിറ്റ വിളിക്കുന്നു ”
മഹിയേട്ടൻ പറഞ്ഞു.

ഉണ്ണിയേട്ടനെ നോക്കിയപ്പോൾ പൊയ്ക്കോളാൻ കണ്ണ് കൊണ്ട് കാണിച്ചു.

കുറച്ചു ചെന്നിട്ടൊന്നു തിരിഞ്ഞു നോക്കിയപ്പോൾ രണ്ടുപേരും സംസാരിക്കുന്നത് കണ്ടു…

ചിറ്റയുടെ റൂമിലേക്ക് നടക്കുമ്പോൾ ഗായത്രിയെയും അപ്പുമോനെയും കണ്ടു… ഉറങ്ങുന്ന മോനെ തോളിലെടുത്തു നിൽക്കയാണവൾ…

“കാത്തു നീ ആ പില്ലോ ഒന്ന് നേരെ വെച്ചേ ഞാനിവനെ ഒന്ന് കിടത്തട്ടെ ”

അപ്പുവിന്റെ നെറുകയിൽ ഉമ്മ കൊടുത്തു തിരിച്ചു നടക്കവേ ഗായത്രി വിളിച്ചു

“കാത്തു…. നീയും മഹിയെട്ടനും തമ്മിലുള്ള പ്രശ്നം എന്താണെന്ന് എനിക്ക് അറിയില്ല പക്ഷേ ഒന്ന് ഞാൻ പറയാം ആ മനസ്സിൽ നീയേയുള്ളൂ… ”

“ഗായൂ പ്ലീസ് നീയും…. ”

പുറത്തേക്കിറങ്ങിയതും mമുൻപിൽ മഹിയേട്ടൻ….

( തുടരും )

Click Here to read full parts of the novel

4.4/5 - (24 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!