“മായേ വേഗം വന്നു കഴിച്ചിട്ട് പോ, നീയല്ലേ നേരത്തെ പോവണമെന്ന് പറഞ്ഞത്? ”
ശാരദയുടെ വിളി കേട്ടതും മായ ലഞ്ച് ബോക്സ് എടുത്തു ബാഗിൽ ഇട്ട് പുറത്തേക്ക് ഓടി.
“വേണ്ട ചെറിയമ്മേ കഴിക്കാനൊന്നും നേരമില്ല. ഇന്ന് പുതിയ എംഡി ചാർജ് എടുക്കുന്ന ദിവസമാണ്. ആളൊരു ചൂടനാണെന്നാണ് കേട്ടതും. അപ്പോൾ അങ്ങേരുടെ പിഎ ആയ ഞാൻ ലേറ്റ് ആയാൽ ജോലി വേറെ നോക്കേണ്ടി വരും.”
“എല്ലാം ഉണ്ടാക്കി വെച്ചിട്ട് കഴിക്കാൻ മാത്രം നിനക്ക് സമയം ഇല്ലല്ലോ മോളെ ”
“സാരമില്ല ചെറിയമ്മേ കഴിക്കാൻ നിന്നാൽ പിന്നേം ലേറ്റ് ആവും ”
അവൾ ആക്ടിവ സ്റ്റാർട്ട് ചെയ്തു കൊണ്ടു പറഞ്ഞു. കമ്പനി വണ്ടിയാണ്. മാധവൻ സാറിനു എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. അതുകൊണ്ട് ഇതുവരെ ഓഫീസിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പക്ഷേ പുതിയ ആള് എങ്ങിനെയാണാവോ. കേട്ടത് വെച്ച് നോക്കുമ്പോൾ പ്രതീക്ഷക്ക് വകയില്ല.
എസ് കെ ബിൽഡേഴ്‌സിൽ ആണ് വർഷങ്ങളായി മായ വർക്ക് ചെയ്യുന്നത്.സാമ്പത്തിക പ്രതിസന്ധി കാരണം അവർക്ക് പ്രൊജെക്ടുകൾ കംപ്ലീറ്റ് ചെയ്യാനാവാതിരുന്നപ്പോൾ എം വി ഗ്രൂപ്പ് ഏറ്റെടുക്കുകയായിരുന്നു കമ്പനിയെ. പുതിയ മാനേജ്മെന്റ് വന്നതോടെ എസ് കെ യിലെ ഒരു പാട് സ്റ്റാഫുകളെ ഒഴിവാക്കി. വർക്ക് എക്സ്പീരിയൻസ് ഉള്ളതുകൊണ്ടും മാധവൻ സാറിന്റെ റെക്കമെൻഡേഷൻ കാരണവുമാണ് ജോലി പോവാതിരുന്നതെന്ന് മായയ്ക്ക് നന്നായറിയാം.
നാലഞ്ച് പേരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണിപ്പോൾ മായ. ചെറുപ്പത്തിലേ അച്ഛനമ്മമാർ നഷ്ടപെട്ട മായ വളർന്നതും പഠിച്ചതുമൊക്കെ മുത്തശ്ശിയോടൊപ്പം ആയിരുന്നു. മുത്തശ്ശി കൂടി പോയപ്പോൾ തനിച്ചായി പോയ അവൾക്കു കൂട്ടായെന്ന പോലെ എത്തിയതാണ് ചെറിയമ്മയും മക്കളും. വയ്യാത്ത ചെറിയമ്മയുടെയും മൂന്ന് മക്കളുടെയും ജീവിതം കൂടി മായ ഏറ്റെടുത്തു. മൂത്തയാൾ കീർത്തി എഞ്ചിനീയറിങ്ങിനു പഠിക്കയാണ്. ഇരട്ടകളായ അപ്പുവും കൃഷ്ണയും പ്ലസ് വണ്ണിലും. എടുത്താൽ പൊങ്ങാത്ത ഭാരമാണെന്നറിയാമെങ്കിലും ആരോരും ഇല്ലാത്ത അവൾക്കു ഇത് തന്നെയായിരുന്നു ജീവിതം. അവൾ തന്നെയാണ് എൻട്രൻസ് കിട്ടിയപ്പോൾ കീർത്തിയെ നിർബന്ധിച്ചു പറഞ്ഞു വിട്ടത് എങ്കിലും സാമ്പത്തിക പരാധീനതകൾ കൊണ്ടു ചില സമയത്ത് നട്ടം തിരിഞ്ഞു പോവാറുണ്ട്. മാധവൻ സാറിന്റെ കെയർ ഓഫിൽ കുറച്ചു തുക കമ്പനിയിൽ നിന്ന് അഡ്വാൻസ് ആയി എടുത്തിട്ടുണ്ട്. എല്ലാ മാസവും സാലറിയിൽ നിന്ന് കട്ട് ചെയ്യാമെന്ന വ്യവസ്ഥയിൽ. എങ്ങിനെയെങ്കിലും അവിടെ പിടിച്ചു നിന്നെ മതിയാവൂ.
പല വിധ ആലോചനകളിൽ ആയിരുന്നെങ്കിലും മംഗലത്ത് തറവാടിന് മുൻപിൽ എത്തിയപ്പോൾ അറിയാതെ തന്നെ നോട്ടം ആ വലിയ മതിൽക്കെട്ടിനുള്ളിലെ വീടിനു നേർക്കായി. പതിവില്ലാതെ മുകളിലത്തെ ജനവാതിൽ തുറന്നു കിടക്കുന്നുണ്ട്. അരുതെന്ന് മനസ്സിനെ വിലക്കി നേരെ നോക്കി സ്പീഡിൽ വിട്ടു.
ഇന്നലെത്തെ മഴവെള്ളം റോഡിൽ പലയിടത്തും കെട്ടി കിടക്കുന്നു. വളവു തിരിഞ്ഞപ്പോൾ പിറകിൽ നിന്ന് ഹോണടി കേട്ടു നോക്കുമ്പോഴേക്കും ബെൻസ് ചളിവെള്ളം മുഴുവനായും അവളുടെ ദേഹത്തേക്ക് തെറിപ്പിച്ചു പറന്നു പോയിരുന്നു. നിറഞ്ഞു വരുന്ന കണ്ണുകളുമായി എന്ത് ചെയ്യണമെന്നറിയാതെ മായ ഒരു നിമിഷം അവിടെ തന്നെ നിന്നു പോയി. ഈ കോലത്തിൽ ഓഫീസിൽ പോവാൻ പറ്റില്ല. വീട്ടിൽ പോയി ഡ്രസ്സ് മാറി വരുമ്പോഴേക്കും എന്തായാലും ലേറ്റ് ആവും.
വേറെ വഴിയില്ലാതെ അവൾ വേഗം വീട്ടിലേക് തന്നെ വിട്ടു. ശാരദയുടെ ചോദ്യങ്ങൾക്ക് ഓട്ടത്തിൽ തന്നെ ഉത്തരം കൊടുത്തു കൊണ്ടു വേഗം ബാത്‌റൂമിൽ കയറി. ചളി ഒക്കെ കഴുകി കളഞ്ഞു വേഗത്തിൽ വേറൊരു സാരിയെടുത്തു ചുറ്റി.
പുറത്തേക്ക് ഓടുന്നതിനിടയിൽ രേഷ്മയെ വിളിച്ചെങ്കിലും അവൾ കാൾ എടുത്തില്ല. കമ്പനി എച്ച് ആർ ആണ് രേഷ്മ. എംവി ഗ്രൂപ്പിലെ സ്റ്റാഫ് ആണ്. എംഡിയുമായി അടുപ്പമുള്ള ആളുകളിൽ ഒന്നാണ് രേഷ്മ എന്നാണ് കേട്ടത്. വല്യ കുഴപ്പക്കാരിയല്ല. പക്ഷേ കുറച്ചു താപ്പാനകൾ എത്തിയിട്ടുണ്ട് എം വി ഗ്രൂപ്പിൽ നിന്ന്. ഇന്ത്യയ്ക്കു അകത്തും പുറത്തുമായി ഒരു പാട് ബിസിനസുകൾ ഉള്ള ഗ്രൂപ്പാണ്.
ഒരു വിധത്തിൽ ആണ് ഓഫീസിൽ എത്തിയത്.ലിഫ്റ്റിനു കാത്തു നിൽക്കാതെ സ്റ്റെപ്പുകൾ ഓടിക്കയറി മുകളിൽ എത്തിയപ്പോഴേക്കും കിതച്ചു തുടങ്ങിയിരുന്നു. ഓഫീസിലേക്ക് കാലെടുത്തു വെച്ചപ്പോഴേ കണ്ടു എല്ലാവരും സീറ്റിൽ ഉണ്ട്. ഉള്ളിൽ ഒരാന്തലോടെ ആണ് തന്റെ സീറ്റിലേക്ക് നടന്നത്. എല്ലാവരുടെയും കണ്ണുകൾ തന്റെ നേർക്കാണെന്ന് അവൾ അറിയുന്നുണ്ടായിരുന്നു. ബാഗ് വെച്ച് സീറ്റിൽ ഇരുന്നപ്പോഴേക്കും ഫോൺ ബെല്ലടിച്ചു. വിറയലോടെ ആണ് എടുത്തത്.
“ഹലോ.. ”
“എന്ത് പറ്റി മായ ലേറ്റ് ആയത്. എംഡി എത്തുമെന്ന് ഇന്നലെ പറഞ്ഞതല്ലേ ”
“രേഷ്മ വരുന്ന വഴിക്ക് ചെറിയൊരു ആക്‌സിഡന്റ് ഉണ്ടായി.രേഷ്മയെ ഞാൻ വിളിച്ചിരുന്നു. കിട്ടിയില്ല ”
“മായ എംഡി യുടെ ക്യാബിനിലേക്ക് ചെല്ല്. ആള് കുറച്ചു ചൂടിൽ ആണ് ”
“ശരി രേഷ്മ ഞാൻ നോക്കട്ടെ ”
വിറയ്ക്കുന്ന കൈകാലുകളോടെയാണ് ക്യാബിനിലേക്ക് നടന്നത്. ഡോറിൽ തട്ടിയപ്പോഴേക്കും കേട്ടു ഗാംഭീര്യമുള്ള ആ ശബ്ദം.
“യെസ് കമിൻ…. ”
വാതിൽ തുറന്നു അകത്തു കയറിയതും ഒന്നേ നോക്കിയുള്ളൂ സീറ്റിൽ ഇരിക്കുന്ന ആളെ. സിദ്ധുവേട്ടൻ…… കാലുകൾ ചലിപ്പിക്കാനാവാതെ നിന്നുപോയി.
“വാട്ട് യു വാണ്ട്?… ”
ചാട്ടുളി പോലെ വന്ന വാക്കുകളാണ് അവളെ ഉണർത്തിയത്. അയാളുടെ അടുത്തേക്ക് നടന്നെത്തുമ്പോഴും മായയുടെ ഞെട്ടൽ മാറിയിരുന്നില്ല.സമചിത്തത വീണ്ടെടുത്ത് അവൾ പറഞ്ഞു.
“സോറി സാർ ഞാൻ മായ. സാറിന്റെ പിഎ.. ”
“ഓഹ് മായ . ഞാൻ മാഡത്തിനു വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. എന്നും ഇത്ര നേരത്തെ ആണോ വരാറ് ”
ചോദ്യത്തിലെ പരിഹാസമുന തിരിച്ചറിഞ്ഞെങ്കിലും അവൾ പറഞ്ഞു.
“സോറി സർ വരുന്ന വഴിക്ക് ചെറിയൊരു ആക്‌സിഡന്റ് ഉണ്ടായി.അതാണ് ലേറ്റ് ആയത് ”
അയാളുടെ മുഖത്തൊരു പരിഹാസച്ചിരി തെളിഞ്ഞു.
“കമ്പനി വണ്ടി അല്ലെ താൻ യൂസ്
ചെയ്യുന്നത്? ”
മായ സംശയത്തോടെ അയാളെ നോക്കി പറഞ്ഞു.
“അതെ സർ ”
“എങ്കിൽ നാളെ മുതൽ ബസിൽ വന്നാൽ മതി. അതാവുമ്പോൾ ആക്‌സിഡന്റ് ഉണ്ടായാൽ ബസുകാര് നോക്കിക്കോളും ”
മായ ഒന്നും മിണ്ടിയില്ല.
“ലുക്ക് മായ. എനിക്ക് താല്പര്യം ഇല്ലായിരുന്നെങ്കിലും മാധവൻ സാർ ഒരാളുടെ റെക്കമെൻഡേഷന്റെ പുറത്താണ് തന്നെ ഇവിടെ തുടരാൻ അനുവദിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് തട്ടിക്കളയാൻ ആവില്ല. അദ്ദേഹം പറഞ്ഞ മോസ്റ്റ് എഫിഷ്യന്റ് എംപ്ലോയിയുടെ പെർഫോമൻസ് ഇങ്ങിനെ ആണെങ്കിൽ എനിക്ക് മാറ്റി ചിന്തിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.. ”
ഒന്നും മിണ്ടാതെ തല കുനിച്ചു നിൽക്കുന്ന മായയെ നോക്കി അയാൾ തുടർന്നു.
“ഡോണ്ട് റിപീറ്റ് ദിസ്. യു മേ ഗോ നൗ ”
“താങ്ക്യു സാർ.. ”
അയാളുടെ മുൻപിൽ നിന്ന് ഓടി രക്ഷപെടാനുള്ള വെമ്പലോടെ വാതിൽക്കലേക്ക് നടക്കുമ്പോൾ പുറകിൽ നിന്ന് വിളി വന്നു.
“മിസ്സ് മായ? ”
എന്താണെന്ന അർത്ഥത്തിൽ തിരിഞ്ഞതും അയാൾ പറഞ്ഞു.
“ഓഫീസിൽ വരുമ്പോൾ മാന്യമായി വസ്ത്രം ധരിക്കാൻ ശ്രെദ്ധിക്കുക ”
ചെവികളെ വിശ്വസിക്കാനാവാതെ നിൽക്കുമ്പോഴാണ് അയാളുടെ നോട്ടം കണ്ടത്.
തിരക്കിൽ സാരിയുടെ സൈഡിൽ കുത്തിയിരുന്ന പിൻ അഴിഞ്ഞുപോയിരിക്കുന്നു. ഞെട്ടലോടെ സാരിയുടെ മുന്താണി കൂട്ടിപ്പിടിച്ചു തിരിഞ്ഞു നോക്കാതെ ഡോർ തുറന്നു പുറത്തേക്കിറങ്ങി.
നിറഞ്ഞു വരുന്ന കണ്ണുകളുമായി ആർക്കും മുഖം കൊടുക്കാതെ മായ നേരെ വാഷ് ഏരിയയിലേക്ക് നടന്നു. മനപ്പൂർവം ആണെല്ലാം. പ്രതികാരം ചെയ്യുകയാണ്. ഒന്നും ചെയ്യാനാവില്ല. ഞാൻ നിസ്സഹായാണ്…
ക്യാമെറയുമായി കണക്ട് ചെയ്‌ത സിസ്റ്റത്തിൽ മായ പോവുന്നതും നോക്കി നിന്ന സിദ്ധാർത്ഥിന്റെ ചുണ്ടിൽ ഗൂഢമായ ഒരു പുഞ്ചിരി വിരിഞ്ഞു. അറിയാതെ അയാളുടെ കൈ ഇടത് കവിളിനെ തലോടി.
വാഷ് റൂമിൽ കയറി വാതിലടച്ചതും മായയുടെ നിയന്ത്രണം വിട്ടു പോയി. സിദ്ധുവേട്ടനുമായി ഇങ്ങനെ ഒരു കൂടിക്കാഴ്ച്ച ഒരിക്കലും പ്രതീക്ഷിച്ചതല്ല. നാലഞ്ച് വർഷങ്ങൾക്ക് മുൻപേ ഒരു പാട് ആഗ്രഹിച്ചതാണ് ഒന്ന് കാണാൻ. പക്ഷേ ഇപ്പോൾ ആ മനസ്സിൽ നിറയെ ദേഷ്യമാണ്, വെറുപ്പാണ്. അന്നാ ഇടവഴിയിൽ വെച്ച് ഒരു പരാജിതനെപോലെ കണ്ണുകളിൽ നിറയെ സ്നേഹവും വേദനയുമായി എന്നിൽ നിന്ന് നടന്നകന്നു പോയ സിദ്ധുവേട്ടനല്ല ഇത്. ഇന്ന് ആ രൂപവും ഭാവവുമൊക്കെ കണ്ടപ്പോൾ മനസ്സിലായി ഇത് പഴയ ആളല്ല എന്ന്. മുഖം അമർത്തി തുടച്ചു അവൾ മനസ്സിൽ ഉറപ്പിച്ചു.
എനിക്ക് തോൽക്കാൻ ആവില്ല. തോറ്റുപോയാൽ ഇല്ലാതാവുന്നത് എന്റെ കുടുംബമാണ്. അവർക്ക് ഞാനേയുള്ളു. സാരി നേരെയാക്കി അവൾ സീറ്റിൽ ചെന്നിരുന്നു ജോലിയിൽ മുഴുകി.
ക്യാബിനിലേക്ക് ചെല്ലാൻ വീണ്ടും വിളി വന്നപ്പോൾ ഉള്ളിലെ പരിഭ്രാന്തി മുഖത്ത് കാണിക്കാതെ ആണ് ചെന്നത്. പക്ഷേ സിദ്ധാർഥ് അവളുടെ നേരെ നോക്കുന്നു പോലും ഉണ്ടായിരുന്നില്ല. ഇരിക്കാൻ പറഞ്ഞപ്പോഴും അയക്കാനുള്ള മെയിലും ലെറ്റേഴ്സും ഒക്കെ പറഞ്ഞു കൊടുക്കുമ്പോഴും എല്ലാം അയാളുടെ കണ്ണുകൾ മുന്പിലെ ലാപ് ടോപ്പിൽ മാത്രമായിരുന്നു. ആ സാന്നിധ്യത്തിൽ കുതറിയോടാൻ ശ്രെമിക്കുന്ന ചിന്തകൾക്ക് കടിഞ്ഞാണിട്ട് മുന്പിലെ നോട്ട് പാഡിലേക്ക് തല കുനിച്ചു അവളിരുന്നു. അയാൾ പറഞ്ഞ ഏതോ ഒരു വാക്ക് മനസ്സിലാവാതെ വന്നപ്പോഴാണ് തലയുയർത്തിയത്. തന്നിൽ നിന്നും ധൃതിയിൽ മിഴികൾ പിൻവലിച്ചു ലാപ്പിലേക്ക് നോക്കുന്നയാളെ കണ്ടു. പക്ഷേ ആ മുഖത്ത് ഗൗരവം മാത്രമായിരുന്നു.
പിന്നീട് ഓരോരോ ആവശ്യങ്ങൾക്കായി മായ സിദ്ധാർഥിന്റെ ക്യാബിനിൽ പോയപ്പോഴൊക്കെ അങ്ങനെ തന്നെയായിരുന്നു അയാളുടെ പെരുമാറ്റം. തികച്ചും അപരിചിതർ ആയിരുന്നു അവിടെ അവർ. അവൾക്കു ആശ്വാസമാണ് തോന്നിയത്. എങ്കിലും ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ…
ഇല്ല മായ പിന്നെ എന്താണ് നീ പ്രതീക്ഷിച്ചത്. ഒരിക്കൽ നീ തട്ടിയെറിഞ്ഞതാണ് ആ സ്നേഹം. ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലെന്നറിഞ്ഞു തന്നെ….
ഉച്ചയായപ്പോൾ ആൾ ധൃതിയിൽ പുറത്തേക്ക് പോവുന്നത് കണ്ടു കണ്ണ് മൊബൈലിൽ തന്നെയാണ്. ഓഫീസിലെ മിക്ക തരുണീമാണിയുടെയും കണ്ണുകൾ സിദ്ധാർത്ഥിൽ ആണെന്ന് മായ കണ്ടു. അവരെയും തെറ്റ് പറയാനാവില്ല ഫയലിൽ മുഖം പൂഴ്ത്തുമ്പോൾ അവളോർത്തു.
പിന്നെ സിദ്ധാർഥ് ഓഫീസിലേക്ക് തിരിച്ചു വന്നില്ല. ഒരു തരത്തിൽ മായയ്ക്ക് അതൊരു ആശ്വാസം ആയിരുന്നു. തൊട്ടടുത്ത ക്യാബിനിൽ തീർത്തും ഒരപരിചിതനായി അയാളുണ്ടെന്നാണത് അവളുടെ മനസ്സിനെ പൊള്ളിക്കുന്നുണ്ടായിരുന്നു.
വൈകിട്ട് ഓഫീസിൽ നിന്നിറങ്ങി വണ്ടിയുടെ അടുത്തേക്ക് ചെന്നപ്പോഴാണ് ആ കാര്യം ഓർമ വന്നത്. നേരെ സെക്യൂരിറ്റിയുടെ അടുത്ത് ചെന്നു ചാവി തിരിച്ചേൽപ്പിച്ചു. പുതിയ ആളായിരുന്നത് കൊണ്ടു കൂടുതൽ വിശദീകരണം വേണ്ടി വന്നില്ല. തിങ്ങി നിറഞ്ഞ ബസിൽ കമ്പിയിൽ തൂങ്ങി നിൽക്കവേ മായ ഓർത്തു. ഇനിയിപ്പോൾ വൈകുന്നേരത്തെ ട്യൂഷൻ ഞായറാഴ്ച മാത്രമാക്കേണ്ടി വരും.ബസിൽ കയറി വീട്ടിലെത്തുമ്പോഴേക്കും നേരമിരുട്ടും.ഞായറാഴ്ച മാത്രമായി കുട്ടികൾ വരുമെന്ന് തോന്നുന്നില്ല . ഒരു വരുമാനമാർഗം ആയിരുന്നു അതും….
പക്ഷേ….
വീട്ടിലെത്തിയതും ആകെ ക്ഷീണിച്ചിരുന്നു. വണ്ടി പോയത് അറിഞ്ഞപ്പോൾ എല്ലാവർക്കും സങ്കടമായി. എല്ലാ കാര്യങ്ങൾക്കും ഓടി നടക്കുന്ന മായയ്ക്ക് ആ വണ്ടി വലിയൊരു ഉപകാരം തന്നെയായിരുന്നു.
രാത്രി വീട്ടിലേ ജോലി ഒക്കെ ഒതുക്കി ലൈറ്റ് ഓഫ് ചെയ്തു കിടന്നപ്പോഴാണ് വീണ്ടും ആ മുഖം അവളുടെ മനസ്സിലേക്ക് എത്തിയത്. അഞ്ചാറ് വർഷമായി, എല്ലാ രാത്രികളിലും അയാളെ ഓർത്തു ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ ഉറങ്ങിയിട്ടില്ല.പക്ഷേ ഇപ്പോൾ മനസ്സിൽ വരുന്നത് കണ്ണുകളിൽ നിറയെ അവളോടുള്ള പ്രണയം നിറഞ്ഞ മുഖമല്ല. ആ കണ്ണുകളിൽ ദേഷ്യമാണ്, വെറുപ്പാണ്.
കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങിപ്പോയി. പുലർച്ചെ ഉണർന്നപ്പോൾ അമ്പലത്തിൽ ഒന്ന് പോവണമെന്ന് തോന്നി. വേഗം തന്നെ കുളിച്ചു സാരി ചുറ്റി ഇറങ്ങി. വന്നിട്ട് വേണം ഭക്ഷണം ഒക്കെ തയ്യാറാക്കാൻ. ഇടവഴിയിലൂടെ വേഗത്തിൽ നടന്നു.
അമ്പലത്തിന്റെ മുൻപിൽ എത്തിയപ്പോൾ അവളൊന്ന് നിന്നു. ആ ബെൻസ്. ഇന്നലെ ചളിയിൽ അവളെ മുക്കിയത്. അടുത്തൊന്നും ആരെയും കാണാനില്ല. ആരുടേതാണാവോ.
പ്രസാദം വാങ്ങി ഇറങ്ങിയപ്പോഴാണ് പിറകിൽ നിന്ന് അതു കേട്ടത്.
“അതെ മാലതി, ഇവൻ നാട്ടിലേക്ക് വന്നു.കുറച്ചു നാളുകൾ ഇനി ഇവിടെ ഉണ്ടാകും . കല്യാണനിശ്ചയം ഉണ്ടാവും അടുത്ത് തന്നെ ”
പതിയെ തിരിഞ്ഞു നോക്കിയതും മംഗലത്ത് സുമംഗലാമ്മ. അടുത്ത് തന്നെ മകനും സിദ്ധാർഥ്.
അവളെ കണ്ടതും സുമംഗലാമ്മയിൽ ഒരു നടുക്കം ഉണ്ടായി.സിദ്ധാർഥ് അവളെ നോക്കുന്നെ ഉണ്ടായിരുന്നില്ല. അവരുടെ വിളറിയ ചിരിക്ക് പകരം അവർക്ക് ഒരു ചെറു മന്ദഹാസം നൽകി തിരിഞ്ഞു നോക്കാതെ അവൾ നടന്നു.
മനസ്സിൽ നൂറായിരം കൂർത്ത മുള്ളുകൾ കുത്തിത്തറക്കുന്ന വേദന ഉണ്ടായിരുന്നെങ്കിലും അതു മിഴിനീർ തുള്ളികളായി പുറത്തെത്തിയില്ല. ഇടവഴിയിലേക്ക് കയറിയതും മെല്ലെ തിരിഞ്ഞു നോക്കവേ കണ്ടു ബെൻസിൽ പോവുന്ന അമ്മയെയും മകനെയും.
(തുടരും)
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Thudakkam Kollam
adutta part eppoyanu
Today same time