Skip to content

നിൻ നിഴലായി – ഭാഗം 12

nin nizhalay aksharathalukal novel

ചെറിയമ്മയുടെ അടുത്തിരുന്നു സംസാരിക്കുകയായിരുന്ന സുമംഗല മായയെ കണ്ടപ്പോൾ എഴുന്നേറ്റു. രേഖ മുറ്റത്ത്‌ നിന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു. മായ എന്തു ചെയ്യണമെന്നറിയാതെ തറഞ്ഞു നിന്നു പോയി. ചെറിയമ്മ അകത്തേക്ക് നടന്നപ്പോൾ സുമംഗല മായയുടെ അരികിലെത്തി അവളുടെ കൈയിൽ പിടിച്ചു.

“മോളെ, മാപ്പ് പറയാൻ പോലുമുള്ള യോഗ്യത അമ്മയ്ക്കില്ല എന്നറിയാം. എല്ലാം അറിയാൻ ഒത്തിരി വൈകിപ്പോയി. എന്റെ സിദ്ധുവിന്റെ താലി നിന്റെ കഴുത്തിൽ ഉണ്ടെന്ന് ഒരിക്കലെങ്കിലും നീ
പറഞ്ഞിരുന്നുവെങ്കിൽ… ”

“അമ്മ വിഷമിക്കണ്ട അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലേ. ”

“ഒരിക്കൽ അമ്മ തിരിച്ചു വാങ്ങിയത് മോളെ തിരികെ ഏൽപ്പിക്കാൻ ആണ് അമ്മ വന്നത്.കുറച്ചു കാലം കഴിയുമ്പോൾ നിങ്ങൾ എല്ലാം മറന്നു പുതിയ ജീവിതം തേടി പോവുമെന്ന് ഞാൻ കരുതി. പക്ഷേ… വേദിക പോയപ്പോൾ മോളെ തിരഞ്ഞു വന്നതാണെന്ന് കരുതരുത് ”

മായ ഒന്നും മിണ്ടിയില്ല.

“സത്യങ്ങൾ അറിഞ്ഞ നിമിഷം മുതൽ പ്രാർത്ഥിക്കുകയായിരുന്നു ഞാൻ, വേദികയുമായുള്ള കല്യാണം മുടങ്ങി പോവാൻ. ദൈവം എന്റെ പ്രാർത്ഥന കേട്ടു. എന്റെ മോന്റെ ജീവിതത്തിലെ സന്തോഷമായിരുന്നു ഞാൻ തല്ലികെടുത്തിയതെന്ന് അറിഞ്ഞില്ല. ഞാൻ മോളുടെ കാലു പിടിക്കാം. ക്ഷമിക്കണം എന്നോട്, സിദ്ധുവിന്റെ ജീവിതത്തിലേക്ക് തിരികെ വരണം ”

ഉള്ളിൽ നിന്ന് ഉയർന്നു പൊങ്ങിയ കരച്ചിൽ അമർത്തി പിടിച്ചു മായ നിന്നു. ശബ്ദം തിരിച്ചു കിട്ടിയപ്പോൾ അവൾ പറഞ്ഞു.

“അമ്മ ഒരുപാട് വൈകിപ്പോയി, കഴിയില്ലമ്മേ എനിക്ക്, സിദ്ധുവേട്ടന്റെ ജീവിതത്തിൽ മായ ഉണ്ടാവില്ല. ”

“കാരണം? ”

അവരുടെ അരികിലെത്തിയ രേഖയുടേതായിരുന്നു ചോദ്യം. അവളുടെ മുഖം മുറുകിയിരുന്നു.

“കാരണം…? ”

രേഖയെ നോക്കാതെ മായ പതിയെ പറഞ്ഞു.

“ഞാൻ.. ഞാൻ അനിയേട്ടന് വാക്ക് കൊടുത്തു പോയി.. വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞു ”

രേഖയുടെ വലതു കൈത്തലം തന്റെ കവിളിൽ ആഞ്ഞു പതിഞ്ഞിട്ടും മായയ്ക്ക് വേദന തോന്നിയില്ല… അത്ഭുതവും….

“ഇത് ആ സിദ്ധുവേട്ടന്റെ സ്നേഹത്തെ അപമാനിച്ചതിന്… ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ എല്ലാത്തിനും നിങ്ങൾക്ക് കൂട്ടു നിന്ന ഞാൻ ആരുമല്ലാതായി പോവും. ഇനി രേഖയുടെ മനസ്സിലും ജീവിതത്തിലും മായ ഇല്ല.. ”

സുമംഗലയുടെ കൈയിൽ പിടിച്ചു രേഖ പറഞ്ഞു.

“മതി വല്യമ്മേ, ഇനിയും ഇവളുടെ മുൻപിൽ സിദ്ധുവേട്ടന് വേണ്ടി യാചിക്കേണ്ടതില്ല. പോവാം ”

സുമംഗല മായയെ ഒന്ന് നോക്കിയിട്ട് രേഖയുടെ പിന്നാലെ പുറത്തേക്ക് നടന്നു.

ചെറിയമ്മ പുറത്തെത്തുമ്പോഴേക്കും കാർ സ്റ്റാർട്ട്‌ ചെയ്തിരുന്നു അവർ. ശാരദ മായയെ നോക്കി.

“മോളെ അവര്..? ”

“പോയി ചെറിയമ്മേ.. ഞാൻ.. ഞാനൊന്ന് കിടക്കട്ടെ ”

ശാരദ എന്തെങ്കിലും പറയുന്നതിന് മുൻപേ തന്നെ മായ റൂമിൽ കയറി കതകടച്ചു കട്ടിലിലേക്ക് വീണിരുന്നു.

സിദ്ധുവേട്ടനോളം തന്നെ തനിക്കു പ്രിയ്യപ്പെട്ടവളാണ് രേഖയും. തികച്ചും അന്തർമുഖിയായിരുന്ന തന്റെ മനസ്സിലേക്ക് ഇടിച്ചു കയറി വന്നവരാണ് രണ്ടുപേരും. തനിക്കും ആരൊക്കൊയോ ഉണ്ടെന്ന തോന്നൽ ഉണ്ടായത് അവർ കൂടെയുണ്ടായിരുന്നപ്പോഴാണ്. സ്വപ്നം കാണാനും ആഗ്രഹിക്കാനും പഠിപ്പിച്ചതവരായിരുന്നു. പക്ഷേ അവരെ പോലും അകറ്റി നിർത്താനേ കഴിയൂ. മായയുടെ വിധി ഇങ്ങിനെയാണ്.. തനിയെ…

സിദ്ധുവേട്ടനും താനും തമ്മിലുള്ള ബന്ധം അറിഞ്ഞു അനിയേട്ടൻ പ്രശ്നങ്ങൾ ഉണ്ടാക്കി തുടങ്ങിയിരുന്നു. അനിയേട്ടന് ജോലി കിട്ടിയത് കൊണ്ടു തന്റെ കോഴ്സ് കഴിയാൻ കാത്തു നിൽക്കണ്ട, കല്യാണം കഴിഞ്ഞിട്ടും പഠിക്കാമല്ലോ എന്നൊക്കെ പറഞ്ഞു അമ്മായിയും സമ്മർദ്ദം തുടങ്ങിയിരുന്നു. മുത്തശ്ശിയും അതേറ്റു പിടിച്ചപ്പോൾ ഉള്ള മനസമാധാനവും പോയിരുന്നു. പണ്ടെന്നോ പറഞ്ഞ വാക്കിന്റെ പേരു പറഞ്ഞു ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് തുടങ്ങിയപ്പോൾ മുത്തശ്ശിയുമായി വഴക്കിടേണ്ടി വന്നു പലപ്പോഴും.

അന്ന് അനിയേട്ടൻ സിദ്ധുവേട്ടനുമായി പ്രശ്നമുണ്ടാക്കിയെന്നും ചെറിയ അടിപിടിയൊക്കെ ഉണ്ടായെന്നും രേഖ വന്നു പറഞ്ഞപ്പോൾ ഓടുകയായിരുന്നു അവളോടൊപ്പം തന്നെ കാത്തു നിൽക്കുന്ന സിദ്ധുവേട്ടനരികിലേക്ക്.

തന്നെ കണ്ടു തിരിഞ്ഞ ആളുടെ നെറ്റിയുടെ വലതു സൈഡിൽ ഒട്ടിച്ച ബാൻഡ് എയ്ഡിലേക്കാണ് നോട്ടമെത്തിയത്. തന്റെ കണ്ണുകളിലെ പേടി കണ്ടിട്ടാവാം ഒന്നും ചോദിക്കാതെ തന്നെ ചിരിയോടെ അടുത്തെത്തി പറഞ്ഞത്.

“തന്റെ മുറച്ചെറുക്കൻ ആള് കൊള്ളാലോടോ, തനിക്ക് വേണ്ടി ചാവാൻ വരെ തയ്യാറാണെന്നാണ് പറഞ്ഞത്. നമുക്കൊന്ന് ആലോചിച്ചാലോ? ”

ആ മുഖത്തെ കുസൃതി ചിരി കണ്ടിട്ടും കണ്ണുകൾ എന്തിനോ നിറഞ്ഞു.

“ദേ അപ്പോഴേക്കും നിറഞ്ഞു തുടങ്ങിയല്ലോ, ഞാൻ ചുമ്മാതെ പറഞ്ഞതല്ലെടോ, ആർക്കെങ്കിലും വിട്ടു കൊടുക്കാനാണോ ഞാനിത്രയും കഷ്ടപ്പെട്ട് ഈ മിണ്ടാപൂച്ചയെ സ്വന്തമാക്കിയത്? ”

തന്റെ മുഖം ഉയർത്തിയാണ് പറഞ്ഞത് . ആ കണ്ണുകളിൽ നിറയെ പ്രണയമായിരുന്നു.

ഇത്തിരി കഴിഞ്ഞാണ് പൊടുന്നനെ വിളിച്ചത്.

“മായ… ”

എന്താണെന്ന അർത്ഥത്തിൽ നോക്കിയപ്പോഴാണ് പറഞ്ഞത്.

“താൻ എന്നോടൊന്നും പറഞ്ഞില്ലെങ്കിലും രേഖ പറഞ്ഞു. ഒരു തീരുമാനമേയുള്ളൂ എനിക്ക്. നമ്മുടെ വിവാഹം. നിങ്ങളുടെ കോഴ്സ് കഴിയാൻ മാസങ്ങൾ കൂടിയേ ഉളളൂവെന്നറിയാവുന്നത് കൊണ്ടു അത് കഴിഞ്ഞു മതിയെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ ഇപ്പോൾ…. താനില്ലാതെ എനിക്ക് പറ്റില്ലെടോ. രേഖ ഒരു കാര്യം പറഞ്ഞൂ… ”

ഒന്ന് നിർത്തി തന്നെ നോക്കിയാണ് സിദ്ധുവേട്ടൻ പറഞ്ഞത്.

“നമ്മുടെ വിവാഹം ഉടനെ വേണം . ”

ഞെട്ടലോടെ സിദ്ധുവേട്ടനെ നോക്കിയപ്പോൾ അടുത്തെത്തിയ രേഖയാണ് പറഞ്ഞത്.

“നീയിങ്ങനെ ഞെട്ടിത്തരിക്കാൻ മാത്രമൊന്നുമില്ല. കൃഷ്ണന്റെ അമ്പലത്തിൽ വെച്ചു സിദ്ധുവേട്ടൻ നിന്റെ കഴുത്തിൽ താലി ചാർത്തും.നമ്മുടെ പഠിത്തം ഒക്കെ കഴിഞ്ഞിട്ട് കല്യാണകാര്യം എല്ലാവരും അറിഞ്ഞാൽ മതി.പക്ഷേ സിദ്ധുവേട്ടൻ ദേ ഇപ്പോൾ തന്നെ നിന്നെ കെട്ടി വീട്ടിലേക്ക് കൊണ്ടു പോവാൻ റെഡി ആണ്”

ഒന്നും മിണ്ടാതെ നിന്ന തന്നെ നോക്കി സിദ്ധുവേട്ടൻ ചോദിച്ചു.

“താനെന്താടോ ഒന്നും പറയാത്തത് ? ”

സിദ്ധുവേട്ടനെ നോക്കാതെയാണ് ചോദിച്ചത്.

“എന്നെ വിശ്വാസമില്ലാത്തത് കൊണ്ടാണോ? ”

“അല്ലെടോ തന്നെ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ടാണ് നഷ്ടപ്പെടുമോ എന്ന് പേടിക്കുന്നത് ”

തീരുമാനങ്ങൾ ഒക്കെ അവർക്ക് വിട്ടു കൊടുത്തിരുന്നു. രണ്ടു ദിവസം കഴിഞ്ഞു രാവിലെ രേഖയോടൊപ്പം, സിദ്ധുവേട്ടൻ തന്ന സെറ്റും മുണ്ടും ഉടുത്തു മുല്ലപ്പൂ ചൂടി അമ്പലത്തിൽ എത്തുമ്പോൾ പേടി കൊണ്ടു വിറയ്ക്കുന്നുണ്ടായിരുന്നു.

തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന ആളോടാണ് രേഖ പറഞ്ഞത്.

“അതേയ് ഇങ്ങനെ കണ്ണിൽ കണ്ണിൽ നോക്കി നിന്നാൽ ഇന്നെങ്ങാനും ഇത് നടക്കുമോ,ബാക്കിയുള്ളവർക്ക് പോയിട്ട് വേറെ പണിയുണ്ട് ”

ഒരു ചമ്മിയ ചിരിയോടെ ആ താലി തന്റെ കഴുത്തിൽ അണിയിക്കുമ്പോഴും സിദ്ധുവേട്ടന്റെ കണ്ണുകൾ തന്നിൽ മാത്രമായിരുന്നു. വിശ്വസിക്കാനാവാതെ നിൽക്കുന്ന തന്നെ നോക്കി ഒരു കണ്ണിറുക്കി മനോഹരമായൊരു പുഞ്ചിരി തന്നപ്പോൾ അറിയാതെ തന്നെ മനസ്സ് ശ്രീകോവിലിനുള്ളിലെ കണ്ണനോട് നന്ദി പറയുകയായിരുന്നു.

അന്ന് സിദ്ധുവേട്ടന്റെ കൂടെയായിരുന്നു പകൽ മുഴുവൻ. പാർക്കിലും ബീച്ചിലും ഒക്കെ കൈ കോർത്തു നടന്നു. ആ താലി കഴുത്തിൽ കിടക്കുന്ന ഒരു ധൈര്യവും ആത്മവിശ്വാസവും തന്നിൽ ഉണ്ടായിരുന്നു.ഇപ്പോൾ എന്റെ തൊട്ടാവാടി പെണ്ണിന് കുറച്ചു ധൈര്യമൊക്കെ തോന്നി തുടങ്ങി അല്ലേ എന്ന് സിദ്ധാർഥ് പറഞ്ഞപ്പോൾ മായ പുഞ്ചിരിയോടെ മുഖം താഴ്ത്തി.

ആദ്യമായിട്ടായിരുന്നു അത്രയും സമയം കൂടെ ചിലവഴിക്കുന്നത്. ഒരുപാട് തവണ, ഇനിയും കാത്തിരിക്കേണ്ടതുണ്ടോ ഇപ്പോൾ തന്നെ മംഗലത്തേക്ക് കൂടെ കൊണ്ടു പൊയ്ക്കോട്ടേ എന്നൊക്കെ സിദ്ധുവേട്ടൻ ചോദിച്ചപ്പോൾ നിഷേധിച്ചത് താനാണ്.

എല്ലാ സഹായങ്ങളും സ്വീകരിച്ചിട്ടും ജോലിക്കാരി പെണ്ണ് നന്ദി കേട് കാണിച്ചെന്ന് പറയുന്നത് താങ്ങാനുള്ള ധൈര്യം വന്നിട്ടില്ലായിരുന്നു അപ്പോഴും.

മംഗലത്ത് അന്ന് ആരുമില്ലെന്ന് സിദ്ധുവേട്ടൻ നേരത്തെ പറഞ്ഞിരുന്നു. സുമംഗലമ്മ അവരുടെ കുടുംബക്ഷേത്രത്തിൽ ഉത്സവം ഉള്ളത് കൊണ്ടു തറവാട്ടിലാണ്. മാധവമേനോനും ആകാശും എന്തോ ബിസിനസ്‌ കാര്യത്തിനായി യാത്രയിലാണ്. വീട്ടിലേക്ക് തിരികെ കൊണ്ടു വിടുമ്പോഴാണ് മംഗലത്തെത്തുന്നതിന് മുൻപേ പാതി കളിയായും പാതി കാര്യത്തിലും സിദ്ധുവേട്ടൻ ചോദിച്ചത്.

“കല്യാണപെണ്ണ് മംഗലത്തേക്ക് വരുന്നോ?, ചുമ്മാ വലതുകാൽ വച്ചൊന്ന് കയറിയിട്ട് തിരികെ പോരാമെടോ ”

വേണ്ടെന്ന് പറഞ്ഞെങ്കിലും ആ മനസ്സിൽ അങ്ങനെയൊരാഗ്രഹം ഉണ്ടെന്ന് മനസ്സിലായിരുന്നു തനിക്ക്. സിദ്ധുവേട്ടന്റെ ഫോണിൽ രേഖ വിളിച്ചപ്പോൾ സ്പീക്കർ ഫോണിലിട്ടാണ് സംസാരിച്ചത്. സിദ്ധുവേട്ടൻ കാര്യം പറഞ്ഞപ്പോൾ രേഖയും തന്നെ നിർബന്ധിച്ചു. പിന്നെയും എതിർക്കാൻ തോന്നിയില്ല. കാൾ കട്ട്‌ ചെയ്യുന്നതിന് മുൻപായി രേഖ പറഞ്ഞു.

“അതേയ് ലൈസൻസ് കിട്ടിയെന്ന് വെച്ചു അവിടെ ചെന്നിട്ട് രണ്ടും കൂടി കുരുത്തക്കേടുകൾ ഒന്നും ഒപ്പിക്കാതെ സ്ഥലം വിട്ടോണം കേട്ടല്ലോ ”

ചിരിയോടെയാണ് സിദ്ധുവേട്ടൻ പറഞ്ഞത്

“അത് ഞാനും എന്റെ ഭാര്യയും തീരുമാനിച്ചോളാം ട്ടോ, നീ ഫോൺ വെച്ചിട്ട് പോടീ ”

“ആഹാ ഇപ്പോൾ അങ്ങിനെയായല്ലേ, ഹും.. ”

കുറുമ്പോടെ പറഞ്ഞിട്ട് രേഖ കാൾ കട്ട്‌ ചെയ്തപ്പോൾ സിദ്ധാർഥ് മായയെ നോക്കി കണ്ണുകൾ ചിമ്മി. ആ മുഖത്ത് നോക്കാതെ മായ പുറത്തേക്ക് നോക്കിയപ്പോൾ സിദ്ധാർഥ് ചിരിച്ചു.

സിദ്ധുവേട്ടന്റെ കൈ പിടിച്ചു വലതുകാൽ വെച്ച് മംഗലത്തേക്ക് കയറുമ്പോൾ മായ അടിമുടി വിറയ്ക്കുന്നുണ്ടായിരുന്നു.

കുറച്ചു കഴിഞ്ഞു ഇറങ്ങാൻ തുടങ്ങുമ്പോളാണ് കുടിക്കാൻ വെള്ളം എടുത്തപ്പോൾ ജഗ്ഗിലെ വെള്ളം സിദ്ധുവേട്ടന്റെ ഷർട്ടിൽ വീണത്. ഡ്രസ്സ്‌ മാറാൻ പോയ ആളെ കുറേ സമയമായിട്ടും കാണാതിരുന്നത് കൊണ്ടാണ് പതിയെ മുകളിലെ റൂമിൽ ചെന്നത്. സിദ്ധുവേട്ടൻ ഫോണിൽ സംസാരിച്ചു കഴിഞ്ഞു കാൾ കട്ട്‌ ചെയ്യുകയായിരുന്നു അപ്പോൾ. ചേർത്ത് പിടിച്ചപ്പോൾ എതിർക്കാനായില്ല. കഴുത്തിൽ താലി ചാർത്തിയത് അറിയാതെ മനസ്സിൽ വന്നത് കൊണ്ടാണോ എന്നറിയില്ല സിദ്ധുവേട്ടൻ അന്നോളം കാണിക്കാത്ത അധികാരം കാണിച്ചപ്പോൾ, കുസൃതികൾ അതിരു വിട്ടു തുടങ്ങിയപ്പോൾ തടയാൻ കഴിഞ്ഞില്ല. സ്വയം മറന്നു പോവുകയായിരുന്നു….

മായയുടെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.

പിറ്റേന്ന് ഓഫീസിൽ എത്തിയപ്പോൾ സിദ്ധാർഥിനെ എങ്ങിനെ നേരിടുമെന്ന പേടി മായയുടെ മനസ്സിൽ ഉണ്ടായിരുന്നു. ഉച്ചയോട് അടുക്കാറായപ്പോഴാണ് ക്യാബിനിന്റെ ഡോർ തള്ളിതുറക്കുന്ന ശബ്ദം കേട്ടത്. ഉള്ളിലേക്ക് വന്ന സിദ്ധാർഥിന്റെ മുഖത്ത് അത് വരെ മായ കാണാതിരുന്ന ഭാവം ആയിരുന്നു. തന്റെ അടുത്തേക്ക് വരുന്ന സിദ്ധാർഥിനെ കണ്ടു ഉൾഭയത്തോടെ മായ എഴുന്നേറ്റു നിന്നു.

(തുടരും )

Click Here to read full parts of the novel

4.2/5 - (27 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നിൻ നിഴലായി – ഭാഗം 12”

  1. Hallo,ആദ്യം തന്നെ ഇയാളോട് സോറി പറയുന്നു..ഇയാളുടെ അനുവാദം ഇല്ലാതെ സ്റ്റോറി യൂട്യൂബിൽ പോസ്റ്റ് ചെയ്തതിന്…
    പ്രതിലിപിയിലെ storys Anu ഞാൻ അധികവും യൂട്യൂബിൽ അപ്‌ലോഡ് cheyyar..പ്രതിലിപിയിൽ msg അയക്കാനുള്ള ഓപ്ഷൻ ഉള്ളതുകൊണ്ട് അവരോട് ചോദിച്ചിട്ട് തന്നെയാ സ്റ്റോറി എടുക്കരുള്ളത് but akshara താളുകളിൽ അങ്ങനെ ഒരു ഓപ്ഷൻ ഇല്ലത്താത് കൊണ്ട് അണ് ഇങ്ങനെ ചെയ്തത്..അപ്പോ ഞാൻ കരുതി അനുവാദം ഇല്ലാതെ എടുക്കുന്നതിൽ കുഴപ്പം ഇല്ലയിരിക്കും എന്ന്..അത് കൊണ്ടാണ്.. i am realy sory..

Leave a Reply

Don`t copy text!