എയർപോർട്ടിൽ നിന്ന് കാറിൽ കയറി മായയ്ക്ക് അരികിൽ ഇരിക്കുമ്പോൾ മൊബൈൽ നോക്കി കൊണ്ടാണ് സിദ്ധു പറഞ്ഞത്.
“മായ യൂ നോ സംതിങ്, നമ്മൾ കണ്ണടച്ചിരിക്കുകയാണെങ്കിലും ഒരാൾ നമ്മളെ നോക്കുന്നത് നമുക്ക് ഫീൽ ചെയ്യാനാവും ”
അവളെ ഒന്ന് നോക്കി സ്വയം എന്നോണം അവൻ പറഞ്ഞു.
“കണ്ണടച്ചാൽ ഇരുട്ടാവില്ല എന്നത് തനിക്ക് ഈ ജന്മം മനസ്സിലാകില്ല ”
അമ്മയ്ക്ക് കൊടുത്ത വാക്ക് കൊണ്ടു മാത്രമല്ല മായ തന്നിൽ നിന്ന് അകന്നു പോകാൻ കാരണം എന്ന് സിദ്ധാർഥിന് തോന്നി തുടങ്ങിയിരുന്നു.
മായ തല കുനിച്ചിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല. എത്രയൊക്കെ താൻ ഇല്ലെന്ന് പറഞ്ഞാലും തന്റെ സ്നേഹം സിദ്ധുവേട്ടന് മനസ്സിലാവും.
വീടിനടുത്തായി വണ്ടി നിർത്തിയപ്പോൾ, ഇറങ്ങാൻ തുടങ്ങവേ മായ സിദ്ധുവിനെ നോക്കി പതിയെ പറഞ്ഞു.
“താങ്ക് യൂ സർ ”
മായയെ നോക്കിയ കണ്ണുകളിൽ ദേഷ്യവും സങ്കടവുമൊക്കെ ഉണ്ടായിരുന്നു. മായയോട് ഒന്നും പറയാതെ, അവളെ നോക്കാതെ ഡ്രൈവറോട് വണ്ടി എടുക്കാൻ പറഞ്ഞു സിദ്ധാർഥ്.
അകലേക്ക് മറയുന്ന കാർ നോക്കി നിൽക്കെ മായ മനസ്സിലോർത്തു.
ആഴക്കടലിലാണ് ഞാൻ, കരയോടടുക്കാതെ ഒരു പക്ഷെ ആഴങ്ങളിൽ അലിഞ്ഞു ചേർന്നേക്കാം എന്നാലും ഇനിയൊരു മടക്കമില്ല. മായയിൽ നിന്ന് സിദ്ധാർഥിലേക്കുള്ള ദൂരം ഒരുപാടാണ്. മനസ്സാഗ്രഹിച്ചാലും തിരിച്ചെത്താനാവില്ല അവിടേക്ക്.
വീട്ടിലേക്ക് നടക്കുമ്പോൾ ആരൊക്കെയോ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മംഗലത്തെ സിദ്ധാർഥിന് പണിക്കാരി പെണ്ണിനോട് ഉണ്ടായിരുന്ന പ്രേമത്തെ ചോദ്യം ചെയ്തവർ ഒരുപാടുണ്ട് നാട്ടിൽ. ഒന്നിനും ചെവി കൊടുത്തിട്ടില്ലെങ്കിലും പലപ്പോഴും പലതും കേൾക്കുമ്പോൾ മനസ്സ് പൊള്ളിപ്പോയിട്ടുണ്ട്.
മംഗലത്തെ ചെറുക്കനെ കണ്ണും കൈയും കാട്ടി വശീകരിച്ചെടുത്തവൾ. എന്നാലും എന്തു കണ്ടിട്ടാണോ ആ ചെറുക്കൻ ഇവളുടെ പുറകെ നടക്കുന്നത്.. അങ്ങനെ ഒരുപാട് വാക്കുകൾ പലയിടത്തുനിന്നും മനസ്സിനുള്ളിൽ തറഞ്ഞു കയറിയിട്ടുണ്ട്. തനിക്ക് താങ്ങാവുന്നതിലപ്പുറം ആയെന്ന് തോന്നിയപ്പോൾ ആണ് സിദ്ധുവേട്ടൻ ആ താലി കഴുത്തിൽ അണിയിച്ചത്.
വീട്ടിൽ കയറി ചെല്ലുമ്പോൾ രണ്ടതിഥികൾ ഉണ്ടായിരുന്നു തന്നെയും കാത്തവിടെ. അമ്മായിയും അനിയേട്ടനും.
സംസാരത്തിനിടെ പണിക്കരുടെ അടുത്ത് പോയി ജാതകം നോക്കി ഡേറ്റ് തീരുമാനിക്കുന്നത് വരെ അമ്മായി പറഞ്ഞു.
തന്റെ ബാഗ് തിരയുന്നതിന് മുൻപേതന്നെ കൊണ്ടു വന്ന ചോക്ലേറ്റ് എടുത്തു അപ്പുവിനും അമ്മുവിനും നൽകി അകത്തേക്ക് നടക്കുമ്പോൾ മായ മനസ്സിലുറപ്പിച്ചു ഇന്നിതിനൊരു അവസാനം കാണണമെന്ന്.
വേഷം മാറി വന്നു സംസാരിക്കണമെന്ന് പറഞ്ഞു അനിയേട്ടനെ പുറത്തേക്ക് വിളിക്കുമ്പോൾ ആ കണ്ണിൽ തെളിഞ്ഞ പ്രതീക്ഷ ഉള്ളിലൊരു നീറ്റലുണ്ടാക്കി.
“അനിയേട്ടനോട് എല്ലാം പലവട്ടം ഞാൻ പറഞ്ഞതല്ലേ, പിന്നെയും എന്തിനാണ് ഈ നാടകം, പാവം അമ്മായിയെക്കൂടി വേദനിപ്പിക്കാനായി ”
“മായ പ്ലീസ്, സിദ്ധുവിനോടുള്ള നിന്റെ പ്രണയം കണ്ടിട്ട് ഒഴിഞ്ഞു മാറി പോയവനാണ് ഞാൻ.പിന്നീടൊരിക്കലും ശല്യപ്പെടുത്താൻ വന്നിട്ടില്ല. പക്ഷേ ഇപ്പോൾ നീ വീണ്ടും തനിച്ചായത് കണ്ടപ്പോൾ ഒറ്റയ്ക്ക് വിട്ടിട്ട് പോവാൻ തോന്നുന്നില്ല. അത്രയ്ക്ക് സ്നേഹിച്ചു പോയത് കൊണ്ടാവും. ”
“മായയ്ക്ക് സിദ്ധാർഥിനോടുള്ള സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല അനിയേട്ടാ, അവസാനശ്വാസത്തിലും ആ ഓർമ്മകൾ മാത്രം മതി എനിക്ക് ”
“നിന്റെ ഇന്നലെകളെ ഞാൻ മറക്കാം.എന്റെ ജീവിത്തിലേക്ക് വന്നൂടെ നിനക്ക് ”
“കഴിയില്ല അനിയേട്ടാ. അനിയേട്ടനെ ഇഷ്ടമാണെനിക്ക്, അതുകൊണ്ട് വഞ്ചിക്കാനാവില്ല. ഈ ജന്മം സിദ്ധാർഥിൽ നിന്ന് മായയ്ക്കൊരു മോചനമില്ല ”
“പിന്നെ എന്തിനാണ് നീ അവനിൽ നിന്നകന്ന് ഇങ്ങനെ, സത്യം പറയട്ടെ മായ നീ സിദ്ധാർത്ഥിനൊപ്പം ആയിരുന്നെങ്കിൽ, ഒരു പക്ഷേ അമ്മയ്ക്ക് വേണ്ടിയെങ്കിലും മറ്റൊരു ജീവിതത്തിലേക്ക് ഞാൻ പോയേനെ . പക്ഷേ ഇപ്പോൾ നിന്നെ ഒറ്റയ്ക്കിങ്ങനെ… ”
“സിദ്ധുവേട്ടന്റെ ജീവിതത്തിൽ നിന്ന് ഞാനായിട്ട് ഒഴിഞ്ഞു പോന്നതാണ്. അതിന് എനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ടായിരുന്നു. അനിയേട്ടൻ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചാൽ അതിലേറ്റവും സന്തോഷിക്കുന്നത് ഞാനായിരിക്കും. അനിയേട്ടന്റെ വിവാഹം നടക്കാൻ പ്രാർത്ഥനയും വഴിപാടുകളുമായി നടക്കുന്ന അമ്മായിയെ ഇനിയും വിഷമിപ്പിക്കരുത്. എന്നെ മനസ്സിലാക്കണം ”
അനിരുദ്ധനിൽ ഉണ്ടായ പുഞ്ചിരിയിൽ വിഷാദമായിരുന്നു.
പിറ്റേന്ന് സിദ്ധു ഓഫീസിൽ വന്നില്ല. മായയ്ക്ക് ഒരു പാട് ജോലികൾ ഉണ്ടായിരുന്നു. സിദ്ധാർഥിന്റെ ക്യാബിനിൽ ഇരിക്കുമ്പോൾ മായ അറിയാതെ തന്നെ ഇടയ്ക്കിടെ നോട്ടം ആ ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടത്തിൽ എത്തുന്നുണ്ടായിരുന്നു
വൈകുന്നേരം ചെറിയമ്മയെ ചെക്ക് അപ്പിന് കൊണ്ടു പോവാനുള്ളത് കൊണ്ടു രേഷ്മയോട് പറഞ്ഞു മായ കുറച്ചു നേരത്തെയിറങ്ങി.ക്ലിനികിൽ എത്തിയപ്പോൾ അവിടെ നല്ല തിരക്കാണ്. ചെറിയമ്മയെ കസേരയിൽ ഇരുത്തി അടുത്തായി മായ നിൽക്കുമ്പോഴാണ് ഡോക്ടറുടെ റൂമിൽ നിന്നിറങ്ങി വരുന്നവരെ കണ്ടത്. സിദ്ധാർഥും സുമംഗലയും. അവളെ കണ്ടപ്പോൾ ഒന്ന് മുഖത്ത് നോക്കി സിദ്ധാർഥ് നടന്നു. പുറകെ വന്ന സുമംഗല ഒരു പതർച്ചയോടെയാണ് മായയെ നോക്കിയത്. മായ അവരെ നോക്കി പുഞ്ചിരിച്ചപ്പോൾ ഒരു വിളറിയ ചിരിയോടെ അവളെ നോക്കിയിട്ട് സുമംഗല സിദ്ധാർഥ് പോയ വഴിയേ നടന്നു.
മായയ്ക്കു അവരോട് ഒട്ടും ദേഷ്യം തോന്നിയിട്ടില്ല ഇത് വരെ. ഒരു പാട് സഹായിച്ചിട്ടുണ്ട്. സിദ്ധാർഥിൽ നിന്ന് അകന്നു പോകാൻ ആവശ്യപ്പെട്ടത് മകനോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണെന്നു മറ്റാരെയുംകാൾ മായയ്ക്ക് മനസിലാവും.
മംഗലത്തേക്ക് തിരിച്ചു പോവുമ്പോൾ സുമംഗല തനിക്ക് അരികെ ഇരുന്നു ഡ്രൈവ് ചെയ്യുന്ന സിദ്ധാർഥിനെ ശ്രദ്ധിക്കുകയായിരുന്നു. അവരുടെ നോട്ടം കണ്ടാണവൻ ചോദിച്ചത്.
“അമ്മയ്ക്ക് എന്നോടെന്തെങ്കിലും പറയാനുണ്ടോ? ”
“നിന്റെ മനസ്സിൽ ഇപ്പോഴും മായ ഉണ്ടോ? ”
“മായ എപ്പോഴും എന്റെ മനസ്സിൽ ഉണ്ട്, ഞാൻ ഇല്ലാതാവുന്നത് വരെ. അവൾ മാത്രമേ അവിടെ ഉണ്ടാവുകയും ചെയ്യൂ. വേദികയുടെ കഴുത്തിൽ ഞാൻ താലി ചാർത്തുന്നത് അമ്മയ്ക്ക് വേണ്ടി മാത്രമാണ്. മായ എന്റെ ഭാര്യയായിരുന്നു. അച്ഛൻ പോയെങ്കിലും അമ്മയ്ക്ക് അച്ഛന്റെ സ്ഥാനത്തു മറ്റൊരാളെ കാണാനാവുമോ? . ”
സുമംഗലയ്ക്ക് നെഞ്ചിൽ കത്തി കുത്തിയിറക്കുന്നത് പോലെ തോന്നി അവന്റെ വാക്കുകൾ കേട്ടപ്പോൾ.
“മായയോട് നിന്റെ ജീവിതത്തിൽ നിന്ന് അകന്നു പോവാൻ ആവശ്യപെട്ടത്
ഞാനാണ് ”
സുമംഗലയെ ഒന്ന് നോക്കി സിദ്ധാർഥ് പറഞ്ഞു.
“എനിക്കറിയാം ”
ഞെട്ടലോടെയാണ് സുമംഗല സിദ്ധാർഥിനെ നോക്കിയത്.
“നിനക്ക് എന്നോട് ദേഷ്യമില്ലേ സിദ്ധു? ”
“എന്തിന്?. ഞാൻ കൊടുത്ത സ്നേഹത്തിന് വില കല്പിച്ചിരുന്നെങ്കിൽ ആരെന്തു പറഞ്ഞാലും അവൾ എന്നെ വിട്ടുപോവില്ലായിരുന്നു. ഞാൻ അണിയിച്ച താലി തിരികെ തന്നപ്പോൾ അവൾ തള്ളി പറഞ്ഞത് എന്റെ സ്നേഹത്തെയാണ് ”
കുറച്ചു സമയത്തെ നിശബ്ദതയ്ക്ക് ശേഷമാണ് സുമംഗല പറഞ്ഞത്.
“അങ്ങിനെയല്ല സിദ്ധു, നിനക്ക് പെണ്ണിന്റെ മനസ്സ് അറിയാഞ്ഞിട്ടാണ്. താൻ സ്നേഹിക്കുന്നവന് ഒരു ദോഷം വരാതിരിക്കാൻ അവൾ എന്തും ചെയ്യും ”
സുമംഗലയെ നോക്കിയ സിദ്ധുവിന്റെ കണ്ണുകളിലെ ചോദ്യം കണ്ടിട്ടാണ് അവർ പറഞ്ഞത്.
“നിന്റെയും മായയുടെയും ബന്ധത്തിൽ ഞങ്ങൾക്ക് ഒരെതിർപ്പും ഉണ്ടായിരുന്നില്ല.അവളെ അത്രക്കിഷ്ടമായിരുന്നു ഞങ്ങൾക്ക്.
അച്ഛനും ആകാശും പറഞ്ഞിട്ടാണ് നിന്റെയും മായയുടെയും ജാതകങ്ങളുമായി ഞങ്ങൾ ജ്യോത്സന്റെ അടുത്ത് പോയത്.
അയാൾ പറഞ്ഞ കാര്യം കേട്ട് ഞാൻ തകർന്നു പോയി. മായയുടെ ജാതകത്തിൽ വൈധവ്യ ദോഷം ഉണ്ട്, ഭർത്താവ് വാഴില്ല. എന്റെ സമാധാനത്തിന് വേണ്ടി ഞങ്ങൾ പലരുടെയും അടുത്ത് പോയി. എല്ലാവരും പറഞ്ഞത് ഒരേ കാര്യം തന്നെ. അച്ഛനും ആകാശും എതിർത്തിട്ടും നിന്നോട് ഇതൊന്നും പറയരുതെന്ന് പറഞ്ഞതും മായയോട് സംസാരിച്ചതും എല്ലാം ഞാനാണ്. സ്വാർത്ഥയായ അമ്മയായി പോയി ഞാൻ.”
നിറകണ്ണുകളോടെയാണ് അവർ തുടർന്നത്.
“മായയുടെ മുത്തശ്ശിയുടെ മുന്നിൽ വെച്ചാണ് ഞാൻ അവളോട് സംസാരിച്ചത്. ഒരെതിർപ്പും പറയാതെ, ഞാൻ ചോദിക്കാതെ തന്നെ അവളെനിക്ക് വാക്ക് തന്നു. പക്ഷേ അമ്മയ്ക്ക് അറിയില്ലായിരുന്നു എന്റെ മകന്റെ താലി അവളുടെ കഴുത്തിൽ ഉണ്ടെന്ന്. നിങ്ങളുടെ സ്നേഹം അമ്മ മനസ്സിലാക്കാതെ പോയി. നീ എല്ലാം മറന്നു മറ്റൊരു ജീവിതത്തിന് തയ്യാറാവുമെന്ന് ഞാൻ കരുതി ”
ഒന്നും മിണ്ടാതെയിരിക്കുന്ന സിദ്ധാർഥിനെ നോക്കി സുമംഗല ചോദിച്ചു
.
“ഞാൻ സംസാരിക്കട്ടെ വേദികയോട്?, നിന്റെ ജീവിതത്തേക്കാൾ വലുതല്ല എനിക്ക് ഒരു ബന്ധവും ”
“മറ്റൊരു പെണ്ണിന്റെ ശാപം കൂടെ നമുക്ക് വേണോ അമ്മേ. മായ ഇതൊക്കെ സമ്മതിക്കുമെന്ന് അമ്മയ്ക്ക്
തോന്നുന്നുണ്ടോ? ”
അന്ന് ആ ഇടവഴിയിൽ വെച്ചു ആ താലി തിരികെ തന്നു എന്റെ ജീവിതത്തിൽ നിന്ന് മായ നടന്നകന്നതിന് ഇത് മാത്രമല്ല കാരണം.
ഞാനറിയരുതെന്ന് കരുതി അവൾ മനസ്സിൽ ഒളിപ്പിച്ച മറ്റെന്തോ കൂടെയുണ്ട്…
ഡോക്ടറെ കാണിച്ചു കഴിഞ്ഞപ്പോഴേക്കും ഇരുട്ട് വീണിരുന്നു. ചെറിയമ്മയെയും കൊണ്ടു ഓട്ടോയിൽ കയറി കുറച്ചെത്തിയപ്പോൾ മൊബൈൽ റിംഗ് ചെയ്തു. അപ്പുവാണ്. വരുന്നുണ്ടെന്ന് പറഞ്ഞു കാൾ കട്ട് ചെയ്തതാണ് റോഡരികിലേക്ക് നോക്കിയത് . ഏതോ വലിയ റെസ്റ്റോറന്റിന്റെ മതിൽ കെട്ടിനുള്ളിലേക്ക് കയറി പോവുന്ന സിദ്ധുവിന്റെ കാറിൽ അവനോടൊപ്പം മുൻ സീറ്റിൽ ഇരിക്കുന്ന വേദികയെ മായ കണ്ടിരുന്നു. പിൻ സീറ്റിൽ വേറെ ആരൊക്കെയോ ഉണ്ട്.
പിറ്റേ ദിവസവും സിദ്ധാർഥ് ഓഫീസിൽ വരാതിരുന്നപ്പോൾ വിവാഹതിരക്കിലാവുമെന്ന് ആരോ പറഞ്ഞത് മായ കേട്ടിരുന്നു. ബോസ്സിന്റെ വിവാഹവചർച്ചകളാണ് ഓഫീസിൽ ഇപ്പോൾ. വേദികയെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. ഓഫീസിൽ വന്നാൽ എല്ലാവരോടും ചിരിച്ചു കൊണ്ടു സംസാരിക്കുന്ന മാഡം സിദ്ധാർഥ് സാറിന് നല്ല മാച്ച് ആണെന്ന പൊതു അഭിപ്രായം മായ സന്തോഷത്തോടെ ഉൾക്കൊണ്ടു. ലഞ്ച് ബ്രേക്കിന് ഭക്ഷണം കഴിക്കുമ്പോളാണ് സിദ്ധാർഥ് സാറിന്റെ കല്യാണത്തിന് പോവുന്ന ചർച്ചകൾ വീണ്ടും തുടങ്ങിയത്. കഴിച്ചു പൂർത്തിയാക്കാതെ തന്നെ മായ അവിടുന്നെണീറ്റ് ജോലിയിൽ മുഴുകി.
ഓഫീസ് ടൈം കഴിയാറായപ്പോഴാണ് സിദ്ധാർഥും വേദികയും കയറി വന്നത്. മായ പതിയെ സീറ്റിൽ നിന്നെണീറ്റ് പുറത്തേക്ക് നടന്നു. തന്റെ പഴയ സീറ്റിൽ ഇരുന്നു തിരക്കിട്ടു മെയിൽ അയക്കുമ്പോഴാണ് ഒരു പൂച്ചകണ്ണുള്ള ചെറുപ്പക്കാരനും മറ്റൊരാളും കൂടെ സിദ്ധാർഥിന്റെ ക്യാബിനിലേക്ക് കയറി പോവുന്നത് കണ്ടത്.
ജോലി കഴിഞ്ഞിറങ്ങുമ്പോൾ ലിഫ്റ്റിൽ അവൾ തനിച്ചായിരുന്നു. ബട്ടൺ പ്രെസ്സ് ചെയ്യാൻ തുടങ്ങുമ്പോഴാണ് സിദ്ധാർഥും വേദികയും മറ്റു രണ്ടു പേരും വന്നു കയറിയത്. അവളെ നോക്കി ഹായ് പറഞ്ഞ വേദികയോട് ഒന്ന് ചിരിച്ചു മായ താഴേക്ക് നോക്കി നിന്നു. തൊട്ടരികിൽ നിന്നിട്ടും സിദ്ധാർഥ് അവളെ നോക്കിയതേയില്ല.
ലിഫ്റ്റിൽ നിന്നിറങ്ങിയപ്പോൾ തന്നിൽ നിന്ന് രക്ഷപെടാൻ ധൃതിയിൽ നടന്നകലുന്ന മായയിൽ തന്നെ ആയിരുന്നു സിദ്ധാർഥിന്റെ കണ്ണുകൾ.
അവൻ മായയെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു വേദികയുടെ മുഖം മാറി വരുന്നുണ്ടായിരുന്നു.
തിരിച്ചു വീട്ടിലേക്ക് പോവുമ്പോൾ അറിയാതെ തന്നെ നോട്ടം മംഗലത്തെ മുകളിലത്തെ മുറികളിലൊന്നിന്റെ ജനാലകളിൽ എത്തി നിന്നു. സിദ്ധുവേട്ടന്റെ മുറി.ദിവസങ്ങൾക്കുള്ളിൽ അതിനു മറ്റൊരു അവകാശി കൂടി വരും. മായയ്ക്ക് നെഞ്ചു പൊടിയുന്നത് പോലെ തോന്നി. കുറച്ചു കാലം കഴിയുമ്പോൾ സിദ്ധുവേട്ടന് വേദികയുടെ സ്നേഹം കൊണ്ടു മായയെ മറക്കാൻ കഴിഞ്ഞേക്കാം. കഴിയട്ടെ, വെറുക്കട്ടെ, മറക്കട്ടെ, ഈ ശാപം കിട്ടിയവളെ.
വീട്ടിലെത്തി ചെറിയമ്മയോട് തലവേദന ആണെന്ന് പറഞ്ഞു മായ വാതിൽ അടച്ചു കട്ടിലിലേക്ക് വീണു. പതിവില്ലാത്തതു കൊണ്ടാവും ആരും ശല്യപ്പെടുത്താൻ വന്നില്ല.
ഓർമകളിൽ ഒക്കെ തെളിഞ്ഞത് സിദ്ധുവേട്ടന്റെ കൂടെയുള്ള നിമിഷങ്ങൾ മാത്രമായിരുന്നു. മായയുടെ വീട്ടിൽനിന്ന് കുറച്ചകലെയുള്ള പുഴക്കരയിലായിരുന്നു കൂടികാഴ്ചകളെല്ലാം. ഒരു സൈഡിൽ നിറയെ കുറ്റിക്കാടുകളും മരങ്ങളും വള്ളിപ്പടർപ്പുകളുമാണെങ്കിൽ മറ്റേ ഭാഗത്തു കണ്ണെത്താ ദൂരത്തോളം നെൽ പാടങ്ങളാണ് . ആൾപെരുമാറ്റം കുറവാണ്. ആദ്യമൊക്കെ രേഖയും കൂട്ടു വന്നിരുന്നു. പിന്നീടെപ്പോഴോ അവൾ വരാതെയായി.
കൽപ്പടവുകളിൽ സിദ്ധുവേട്ടന്റെ ഓഫീസിലെ വിശേഷങ്ങൾ കേട്ട് ഇടയ്ക്കിടെ ആ മുഖത്തേക്ക് പാളി നോക്കി കൊണ്ടിരിക്കുമ്പോഴാണ് ചോദിച്ചത്.
“തനിക്കെന്നോട് ഒന്നും പറയാനില്ലെടോ?
ചിരിയോടെയാണ് മായ പറഞ്ഞത്.
“ഒന്നും പറയേണ്ടല്ലോ സിദ്ധുവേട്ടന് എന്റെ മുഖത്ത് നോക്കിയാൽ എല്ലാം അറിയാലോ ”
“ആഹാ പെണ്ണിന്റെ വായിലെ നാക്ക് അവിടെ തന്നെയുണ്ടല്ലേ? ”
ആ കുസൃതിചിരി മായയുടെ കവിളുകളിൽ നാണം പടർത്തിയിരുന്നു.
കുറച്ചു കഴിഞ്ഞാണവൾ ചോദിച്ചത്.
“ഒരു കാര്യം ചോദിക്കട്ടെ? ”
സിദ്ധു തലയാട്ടിയപ്പോൾ മായ പറഞ്ഞു.
“എന്നത്തേയും പോലെ ചിരിച്ചാൽ പോര എനിക്കുത്തരം വേണം ”
സിദ്ധാർഥ് ചിരിച്ചു കൊണ്ടു പറഞ്ഞു.
“സ്ഥിരം ചോദ്യം അല്ലേ , തന്നെ എങ്ങിനെയാണ് ഞാൻ ഇഷ്ടപെട്ടത് എന്നല്ലേ അറിയേണ്ടത്. പറയാം. ആദ്യം ഞാൻ ശ്രദ്ധിച്ചത് ഈ കണ്ണുകൾ ആണ്. സ്കൂൾ വരാന്തയിലെ ജനലഴികൾക്കിടയിലൂടെ ഞാൻ കണ്ട ഒരെട്ടാം ക്ലാസ്സുകാരിയുടെ നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ. അതിൽ പിന്നെ തന്നെ ഞാൻ ശ്രദ്ധിച്ചു തുടങ്ങി. ആർക്കും പിടി കൊടുക്കാതെ നടക്കുന്ന ഈ മനസ്സ് അറിയണമെന്ന് തോന്നി. പിന്നീടെപ്പോഴോ അത് സ്വന്തമാക്കണമെന്ന് തോന്നി. പിന്നെ എന്റേതു മാത്രമാക്കാൻ മോഹിച്ചു തുടങ്ങി ”
പ്രണയം തുളുമ്പി നിൽക്കുന്ന സിദ്ധാർഥിന്റെ കണ്ണുകളിലേക്ക് നോക്കാനാവാതെ മായ മുഖം താഴ്ത്തിയപ്പോൾ കേട്ടു.
“തനിക്ക് എന്റെ മുഖത്തേക്ക് ഞാൻ കാണാതെ എത്ര വേണമെങ്കിലും നോക്കി നിൽക്കാം അല്ലേ, ഞാൻ നോക്കുമ്പോഴാണ് പ്രശ്നം ”
സിദ്ധാർഥിന്റെ ചിരി ഇപ്പോഴും മായയുടെ മനസ്സിൽ നിറഞ്ഞു നിന്നു.
വർഷങ്ങൾക്ക് ശേഷം മായയ്ക്ക് പുഴക്കരയിൽ പോവണമെന്ന് തോന്നി….
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission