Skip to content

നിൻ നിഴലായി – ഭാഗം 13

nin nizhalay aksharathalukal novel

പിറ്റേന്ന് ഓഫീസിൽ എത്തിയപ്പോൾ സിദ്ധാർഥിനെ എങ്ങിനെ നേരിടുമെന്ന പേടി മായയുടെ മനസ്സിൽ ഉണ്ടായിരുന്നു. ഉച്ചയോട് അടുക്കാറായപ്പോഴാണ് ക്യാബിനിന്റെ ഡോർ തള്ളിതുറക്കുന്ന ശബ്ദം കേട്ടത്. ഉള്ളിലേക്ക് വന്ന സിദ്ധാർഥിന്റെ മുഖത്ത് അത് വരെ മായ കാണാതിരുന്ന ഭാവം ആയിരുന്നു. തന്റെ അടുത്തേക്ക് വരുന്ന സിദ്ധാർഥിനെ കണ്ടു ഉൾഭയത്തോടെ മായ എഴുന്നേറ്റു നിന്നു.

മായയെ അരികിലേക്ക് പിടിച്ചു വലിച്ചിട്ടാണ് സിദ്ധു പറഞ്ഞത്.

“എല്ലാം എന്റെ തെറ്റാണ്. പിന്നാലെ നടന്നു സ്നേഹിച്ചപ്പോളൊന്നും തന്നെ ഞാൻ മനസിലാക്കിയില്ല, ഞാൻ അറിഞ്ഞതൊന്നുമല്ലായിരുന്നു സത്യം. ”

അവന്റെ മുഖത്ത് അപ്പോൾ സ്നേഹത്തിനു പകരം ദേഷ്യവും വെറുപ്പും നിറഞ്ഞിരുന്നു.

“മതി. നിർത്തുകയാണ് ഞാൻ എല്ലാം. സിദ്ധാർത്ഥിന്റെ ജീവിതത്തിൽ ഇനി മായ ഇല്ല. തള്ളിപറഞ്ഞിട്ടും താലി തിരികെ തന്നിട്ടും തന്നെ ഞാൻ വെറുത്തിട്ടില്ലായിരുന്നു. പക്ഷേ ഇപ്പോൾ…. ”

അവളുടെ നേരേ നടന്നടുത്ത സിദ്ധുവിൽ ദേഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

“ഇപ്പോൾ ഇറങ്ങണം ഇവിടെ നിന്ന്. എന്റെ കണ്മുന്നിൽ ഇനി ഒരിക്കലും തന്നെ കാണാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല.

അവളുടെ നേരേ മുഖമടുപ്പിച്ചു സിദ്ധാർഥ് പറഞ്ഞു.

“പിന്നെ ഇവിടെ തരാനുള്ള പണം, അത് താലി കെട്ടിയിട്ടാണെങ്കിലും ഒരു ദിവസം എന്റെ കൂടെ കഴിഞ്ഞതിനുള്ള പ്രതിഫലം ആയിട്ട് ഞാൻ കരുതിക്കോളാം ”

അറിയാതെ തന്നെ മായ പറഞ്ഞു പോയി

“സിദ്ധുവേട്ടാ പ്ലീസ്.. ”

“എന്താടി അത് കേൾക്കുമ്പോൾ പൊള്ളുന്നുണ്ടോ . ഇത് താനായിട്ട് പറയിപ്പിച്ചതാ എന്നെക്കൊണ്ട്. ഇതിലും നൂറിരട്ടി വേദനിച്ചിട്ടുണ്ട് ഞാൻ . ഇറങ്ങി പോ ”

ദേഷ്യത്തോടെ സിദ്ധു മായയെ വാതിലിനു നേർക്കു തള്ളി. വാതിലിൽ തലയടിച്ചെങ്കിലും ആ വേദന മായ അറിഞ്ഞില്ല. സിദ്ധുവിനെ ഒന്ന് നോക്കി വാതിൽ തുറന്നു മായ പുറത്തേക്ക് നടന്നു. ലഞ്ച് ബ്രേക്ക് ആയത് കൊണ്ടു ആരും സീറ്റിൽ ഇല്ലായിരുന്നു. ബാഗെടുത്തു പുറത്തേക്ക് നടക്കുമ്പോൾ പെട്ടെന്ന് ഓർമ വന്നത് പോലെ അവൾ ബാഗിൽ നിന്ന് വണ്ടിയുടെ താക്കോൽ എടുത്തു ടേബിളിൽ വെച്ചു.

മറ്റാരെങ്കിലും കാണുന്നതിന് മുൻപേ മായ ധൃതിയിൽ പുറത്തേക്ക് നടന്നു.

സിദ്ധാർഥ്‌ ക്യാബിനിൽ കൈകളിൽ മുഖമമർത്തി ഇരിക്കുകയായിരുന്നു.

…………………………………………………………………..

മായ ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോഴേക്കും ഇരുട്ടിതുടങ്ങിയിരുന്നു. ഏകദേശം ഒരു വർഷത്തോളം ആവാറായി സ്കൈലാൻഡ് ബിൽഡേഴ്‌സിൽ ജോലിക്ക് കയറിയിട്ട്. ജോലി സമയം കൂടുതലാണ്. എം വി ഗ്രൂപ്പിൽ കിട്ടിക്കൊണ്ടിരുന്നതിന്റെ പകുതിയേ സാലറിയും ഉളളൂ. വേറെ വഴിയില്ലാതെയാണ് അവിടെ ജോലിയ്ക്ക് കയറിയത്. എംവിയിൽ മായ ചെയ്തു വെച്ച വർക്കിലെ സംശയങ്ങൾ തീർക്കാൻ ഇടയ്ക്ക് വിളിച്ചിരുന്ന രേഷ്മയിൽ നിന്നാണ് ഇങ്ങനെയൊരു വേക്കൻസി ഉള്ള കാര്യം അറിയുന്നതും ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നതുമെല്ലാം….

ജോലികൾ എല്ലാം തീർത്തു കിടക്കുമ്പോൾ മായ ഓർത്തു . നാളെ സിദ്ധുവേട്ടന്റെ പിറന്നാളാണ്. അമ്പലത്തിൽ പോണം. ഒരു വർഷം മുൻപാണ് അന്നവിടെ അമ്പലത്തിൽ വെച്ചു കണ്ടതെന്ന് വിശ്വസിക്കാനാവുന്നില്ല.

മായ മൂന്നുനാലു തവണ പലയിടത്തും വെച്ച് കണ്ടിരുന്നു സിദ്ധാർഥിനെ. കണ്ടിട്ടും കാണാത്ത പോലെ, ശ്രദ്ധിക്കാതെ കടന്നു പോയി. അതിൽ വേദനിക്കാനുള്ള അർഹത പോലും തനിക്കില്ലെന്ന് മായയ്ക്ക് അറിയാമായിരുന്നു.

മംഗലത്തെ കാര്യങ്ങളെല്ലാം പല വഴിക്ക് മായ അറിയുന്നുണ്ടായിരുന്നു . ആകാശിനു ഒരാക്സിഡന്റിൽ സാരമായ പരിക്ക് പറ്റി കിടപ്പിലായതും, സിദ്ധാർഥിന്റെ അനിയത്തി നന്ദനയുടെ കല്യാണം കഴിഞ്ഞതുമെല്ലാം മായ അറിഞ്ഞിരുന്നു .ജോലിയ്ക്ക് പോയി വരുന്ന വഴി മംഗലത്തെ കല്യാണപന്തലും ബഹളങ്ങളുമൊക്കെ മായ കണ്ടിരുന്നു. കല്യാണത്തിന് ദിവസങ്ങൾക്കു മുൻപേ സുമംഗലമ്മയോടൊപ്പം നന്ദനയെ കൂടാതെ അരുണും രേഖയും അമ്പലത്തിൽ ഉണ്ടായിരുന്നു. സുമംഗല മായയെ ഒന്ന് നോക്കിയെങ്കിലും മറ്റുള്ളവരാരും അവളെ ശ്രദ്ധിച്ചതേയില്ല. ഒരിക്കൽ മായ ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ എതിരെ വന്ന സിദ്ധാർഥിന്റെ കാറിൽ അവനോടൊപ്പം രേഖയെയും മായ കണ്ടിരുന്നു. എല്ലാവരുടെയും മുൻപിൽ കുറ്റവാളിയെപോലെ നിൽക്കാനേ തനിക്ക് കഴിയൂ. അവളോർത്തു. ഈ വഴി താനായിട്ട് തന്നെ തിരഞ്ഞെടുത്തതാണ്. പാതിയിൽ വെച്ചു മടങ്ങി പോവാനാവില്ല.

അന്ന് ഞായറാഴ്ച ആയത് കൊണ്ടു മായ കുറച്ചു വൈകിയാണ് അമ്പലത്തിലേക്ക് ഇറങ്ങിയത്. പൊതുവെ തിരക്ക് കുറവാണ് അവിടെ. ചെറിയൊരു കുന്നിൻ ചരുവിലാണ് അമ്പലം. കുറച്ചു ദൂരം നടക്കാനുണ്ട്. അമ്പലത്തിൽ എത്തി സിദ്ധാർഥിന്റെ പേരിലുള്ള വഴിപാടിന് ശീട്ടെഴുതിച്ച് മായ കണ്ണന്റെ മുൻപിൽ കൈ കൂപ്പി നിന്നു. ഒരു പ്രാർത്ഥനയേ മനസ്സിലുള്ളൂ അന്നും ഇന്നും…

കഴുത്തിൽ എന്തോ സ്പർശിച്ചപ്പോഴാണ് മായ ഞെട്ടലോടെ കണ്ണുകൾ തുറന്നത് . അപ്പോഴേക്കും സിദ്ധാർഥ് മായയുടെ കഴുത്തിൽ താലി ചാർത്തി കഴിഞ്ഞിരുന്നു. അവൻ നിറുകയിൽ സിന്ദൂരം അണിയിക്കുമ്പോഴും കഴിഞ്ഞതൊന്നും വിശ്വസിക്കാനാവാതെ മായ നിന്നു. കാതോരം എത്തിയ വാക്കുകൾ ആണ് അവളെ ഉണർത്തിയത്.

“പ്രാത്ഥിച്ചു കഴിഞ്ഞെങ്കിൽ പോവാം. എന്റെ കൂടെ മംഗലത്തേക്ക് ”

സിദ്ധാർഥിന്റെ വാക്കുകൾ ഉറച്ചതായിരുന്നു.

ശ്രീകോവിലിനുള്ളിൽ ചിരി തൂകുന്ന ഉണ്ണിക്കണ്ണനെ നോക്കിയപ്പോൾ മായയുടെ കണ്ണുകൾ നിറഞ്ഞു. തിരുമേനിയുടെ കൈയിൽ നിന്ന് പ്രസാദം വാങ്ങിയത് സിദ്ധാർഥായിരുന്നു. അത് മായയുടെ നെറ്റിയിൽ തൊട്ടു കൊടുത്തിട്ട് അവൻ അവളുടെ കൈ പിടിച്ചു തിരിഞ്ഞു പുറത്തേക്ക് നടന്നു. അവന്റെ പിന്നാലെ നിസ്സഹായയായി മായ നടന്നു. പുറത്ത് കാറിനരികിൽ എത്തിയപ്പോൾ മായ കൈകൾ വലിച്ചെടുത്തു പറഞ്ഞു.

“എന്റെ സമ്മതമില്ലാതെ എന്റെ കഴുത്തിൽ താലി ചാർത്താൻ നിങ്ങൾക്ക് എങ്ങനെ തോന്നി? ”

പതിഞ്ഞതെങ്കിലും ദൃഢമായിരുന്നു അവളുടെ ശബ്ദം.

മായയുടെ കൈകൾ ആ താലിയിലേക്ക് നീണ്ടതും സിദ്ധാർഥിന്റെ കൈകൾ മായയുടെ കവിളിൽ ആഞ്ഞു പതിച്ചതും ഒരുമിച്ചായിരുന്നു. മായയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നി. തൊട്ടരികെ നിന്ന് സിദ്ധാർഥിന്റെ ശബ്ദം അവൾ കേട്ടു.

“ഇനി ഒരിക്കൽ കൂടി അത് നീ അഴിക്കാൻ ശ്രമിച്ചാൽ…അന്ന് ഞാനിത് തരാൻ മടിച്ചു, കാരണം അന്ന് എന്റെ മനസ്സ് മുഴുവൻ നിന്നോടുള്ള സ്നേഹം മാത്രമായിരുന്നു.ഇനി മായ സിദ്ധാർത്ഥിനൊപ്പം ഉണ്ടാവും മരണം വരെ. തീരുമാനം എന്റേതാണ്. അതിനുള്ള അവകാശവും എനിക്കുണ്ട്. ”

അവളെയൊന്ന് നോക്കിയിട്ട് സിദ്ധാർഥ് കാറിന്റെ ഡോർ തുറന്നു പിടിച്ചു. അവൻ രണ്ടും കല്പിച്ചാണെന്ന് മായയ്ക്ക് മനസ്സിലായി.ഇനി എന്ത് ചെയ്യണമെന്ന് മായയ്ക്ക് അറിയില്ലായിരുന്നു. അവൾ ഒന്നും പറയാതെ കാറിൽ കയറിയിരുന്നു. വണ്ടി സ്റ്റാർട്ട്‌ ചെയ്തു കുറച്ചു ദൂരം പോയപ്പോൾ സിദ്ധാർഥ് അവളെ നോക്കാതെ പറഞ്ഞു.

“തന്റെ ചെറിയമ്മയോട് കാര്യങ്ങളൊക്കെ ഞാൻ സംസാരിച്ചിട്ടുണ്ട്. പിന്നെ നമ്മുടെ പ്രശ്നങ്ങൾ എല്ലാം നമുക്കിടയിൽ മാത്രമാണ്.പ്രശ്നങ്ങൾ എല്ലാം പറഞ്ഞു തീർത്ത മാതൃകാദമ്പതികളാണ് നമ്മൾ മറ്റുള്ളവർക്ക് മുൻപിൽ. കേട്ടല്ലോ ”

മായ ഉത്തരം ഒന്നും പറഞ്ഞില്ല.

“തന്നോടാണ് ഞാൻ സംസാരിക്കുന്നത് ”

“ഞാൻ കേട്ടു. തീരുമാനങ്ങൾ ഒക്കെ സിദ്ധുവേട്ടന്റേതാണല്ലോ, അനുസരിക്കാനല്ലേ പറ്റൂ ”

സിദ്ധാർഥ് അവളെ നോക്കി. അവളിപ്പോഴും ഷോക്കിൽ ആണെന്ന് സിദ്ധാർഥിന് മനസ്സിലായി.ചേർത്ത് പിടിച്ചു അവളുടെ സങ്കടങ്ങളൊക്കെ തന്റേതുമാക്കാൻ കൊതിച്ചെങ്കിലും അവൻ മനസ്സിനെ അടക്കി നിർത്തി. കാർ മംഗലത്ത് എത്തിയപ്പോൾ പുറത്തിറങ്ങിയ മായയുടെ മുഖത്ത് നിർവികാരതയായിരുന്നു.

പൂമുഖത്തു നിലവിളക്കുമായി സുമംഗല ഉണ്ടായിരുന്നു. അവർക്കൊപ്പം നിന്നിരുന്ന ചിത്രയുടെ മുഖത്ത് മായയോട് ഉണ്ടായിരുന്ന വിദ്വേഷം ഒന്നും കാണാനില്ലായിരുന്നു. വാതിൽക്കൽ നിന്നിരുന്ന ആകാശിനോടും അരുണിനോടുമൊപ്പം പക്ഷേ മായ പ്രതീക്ഷിച്ചത് പോലെ രേഖ ഇല്ലായിരുന്നു. സുമംഗലയുടെ കൈയിൽ നിന്ന് നിലവിളക്ക് വാങ്ങുമ്പോൾ മായയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

ജോലിക്കാരി അവധിയിൽ ആയത് കൊണ്ട് സുമംഗലയും ചിത്രയും അടുക്കളയിൽ തന്നെ ആയിരുന്നു. പരുങ്ങലോടെ ആണെങ്കിലും മായയും അവരോടൊപ്പം നിന്നു. ചിത്രയുടെ പെരുമാറ്റം അവളെ അമ്പരപ്പിച്ചിരുന്നു. യാതൊരു അകൽച്ചയും ചിത്ര കാണിച്ചില്ലെന്ന് മാത്രമല്ല അവരുടെ മൂന്നു വയസുകാരി മീനു മോളെ മായയെ ഏൽപ്പിക്കുകയും ചെയ്തു.

വന്നപ്പോൾ മുകളിലെ റൂമിലേക്ക് കയറി പോയ സിദ്ധാർഥ് താഴേക്ക് വന്നിട്ടുണ്ടായിരുന്നില്ല . സുമംഗല പറഞ്ഞതനുസരിച്ചാണ് ഭക്ഷണം കഴിക്കാൻ സിദ്ധാർഥിനെ വിളിക്കാൻ മായ റൂമിലേക്ക് ചെന്നത്. സിദ്ധാർഥിനരികിൽ ചെല്ലുമ്പോഴൊക്കെ മനസ്സ് താൻ പറയുന്നതൊന്നും അനുസരിക്കില്ലെന്ന് മായയ്ക്ക് അറിയാമായിരുന്നു. എങ്കിലും എല്ലാം തുറന്നു പറഞ്ഞു കാലു പിടിച്ചിട്ടാണെങ്കിലും ഈ ജീവിതത്തിൽ നിന്ന് ഒഴിവായി പോണമെന്നു അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു.

സിദ്ധാർഥ് കട്ടിലിൽ ഇരുന്നു ലാപ് ടോപ്പിൽ എന്തോ ചെയ്യുകയായിരുന്നു.മായയെ വാതിൽക്കൽ കണ്ടിട്ടും അവൻ അങ്ങോട്ട് നോക്കിയില്ല.

“അമ്മ ഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞു ”

എന്നിട്ടും സിദ്ധാർഥ് തലയുയർത്തി നോക്കിയില്ല. മനപ്പൂർവം ആണെന്ന് മായയ്ക്ക് അറിയാമായിരുന്നു. അടുത്തെത്തി അവൾ പറഞ്ഞു.

“സിദ്ധുവേട്ടാ ഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞു അമ്മ, എല്ലാവരും
കാത്തിരിക്കുന്നു ”

അവളെ നോക്കാതെ തന്നെ സിദ്ധാർഥ് പറഞ്ഞു.

“ഞാൻ വന്നോളാം, താൻ പൊയ്ക്കോ ”

ഒരു നിമിഷം നിന്നിട്ട് മായ തിരികെ നടക്കുമ്പോൾ സിദ്ധാർഥിന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു. ഫോൺ റിംഗ് ചെയ്തപ്പോൾ സിദ്ധാർഥ് അത് കൈയിലെടുത്ത് നോക്കി. രേഖയാണ്. രേഖ ചോദിച്ചതിനുള്ള മറുപടിയായി അവൻ പറഞ്ഞു.

“ഞാൻ ഒന്നും സംസാരിച്ചിട്ടില്ല രേഖ. ഇനിയും ഇങ്ങനെ അഭിനയിക്കാനെനിക്കാവില്ല. മായയുടെ മുഖം കാണുമ്പോൾ…. ”

രേഖയോട് സംസാരിച്ചു നിർത്തുമ്പോൾ സിദ്ധാർഥിന്റെ മനസ്സിൽ മായ മാത്രമായിരുന്നു.

കഴിക്കാനിരിക്കുമ്പോൾ മായ സിദ്ധാർഥിന്റെ അടുത്ത് തന്നെയാണ് ഇരുന്നത്. അവന് ഭക്ഷണം വിളമ്പിക്കൊടുക്കുമ്പോൾ ആ കണ്ണുകൾ തന്നിലെത്തുന്നത് മായ കണ്ടിരുന്നു.

വൈകുന്നേരം വരെ മായ താഴെ തന്നെ ചുറ്റിപറ്റി നിന്നു. മീനു മോൾ അവളുടെ കൂടെ തന്നെയായിരുന്നു. മീനുമോളുടെ കുറുമ്പുകൾക്ക് മായ വഴങ്ങികൊടുക്കുന്നത് സിദ്ധാർഥ് നോക്കി കാണുകയായിരുന്നു. മീനുമോൾ മായയെ വിളിച്ചു സോഫയിൽ ഇരുത്തി അവളുടെ മടിയിൽ കിടന്നു കളിക്കുമ്പോൾ സിദ്ധാർഥ് ഒന്നുമറിയാത്ത പോലെ അവർക്കരികെ ഇരുന്നു ടീവി ഓൺ ചെയ്തു. സിദ്ധുവിന്റെ നോട്ടം തന്നിലാണെന്ന് മായയ്ക്ക് അറിയാമായിരുന്നു. അവളുടെ വെപ്രാളം കണ്ടു സിദ്ധാർഥ് ചിരിയമർത്തി അവിടെ തന്നെ ഇരുന്നു.

വൈകുന്നേരം ഡ്രസ്സ്‌ മാറി ഫ്രഷ്‌ ആയി വരാൻ സുമംഗല പറഞ്ഞത് കേട്ടാണ് മായ റൂമിൽ എത്തിയത്. സിദ്ധാർഥ് ഷെൽഫിൽ നിന്ന് എന്തോ എടുക്കുകയായിരുന്നു. മായയുടെ മുഖം കണ്ടപ്പോൾ അവൾ ചോദിക്കുന്നതിനു മുൻപേ തന്നെ അവൻ പറഞ്ഞു.

“തന്റെ ഡ്രസ്സ്‌ ഒക്കെ ദേ ആ ഷെൽഫിൽ
ഉണ്ട് ”

സിദ്ധാർഥ് ഫോണുമെടുത്ത് താഴേക്ക് പോയപ്പോൾ മായ ഷെൽഫ് തുറന്നു നോക്കി സിദ്ധാർഥിന്റെ ഡ്രെസ്സിനരികെ തന്നെ തനിക്കായുള്ള ഡ്രസ്സുകളെല്ലാം വെച്ചിട്ടുണ്ട്. അപ്പോൾ എല്ലാം നല്ല പോലെ പ്ലാൻ ചെയ്തിട്ടാണ്…

മായ ഫ്രഷ്‌ ആയി താഴേക്കിറങ്ങി വരുമ്പോൾ തന്നെ ഹാളിൽ നിന്ന് ശബ്ദം കേട്ടിരുന്നു. താഴെ എല്ലാവരും ഉണ്ടായിരുന്നു. നന്ദനയോടും ഭർത്താവ് ശ്രീജിത്തിനോടുമൊപ്പം സോഫയിൽ ഇരിക്കുന്ന ആളെ കണ്ടു മായ നടുങ്ങി. തിരിച്ചു കയറി പോയാലോ എന്നാലോചിക്കുമ്പോഴേക്കും സുമംഗല മായയെ കണ്ടിരുന്നു.

“മായാ.. ”

അടുത്തെത്തിയ മായയെ ചേർത്തു പിടിച്ചു സുമംഗല പറഞ്ഞു.

“മായ ഇവരെ കണ്ടിട്ടില്ലല്ലോ, ഇത് നന്ദുവിന്റെ ഭർത്താവ് ശ്രീജിത്ത്‌. അതാണ് ശ്രീജിത്തിന്റെ ചേച്ചി രാജലക്ഷ്മി. മെഡികെയർ ഹോസ്പിറ്റലിൽ ഡോക്ടർ ആണ് ”

രാജലക്ഷ്മിയെ നോക്കിയ മായയുടെ മുഖം വിളറിയിരുന്നു. അവർ അവളെ നോക്കി പുഞ്ചിരിച്ചു.

അവരെ നോക്കി സുമംഗല തുടർന്നു.

“ഇത് മായ , ഞങ്ങളുടെ സിദ്ധുവിന്റെ
പെണ്ണ് ”

“ഒരുപാട് വർഷങ്ങളുടെ പ്രണയസാഫല്യം അല്ലേ അളിയോ ”

ശ്രീജിത്തിന്റെ സംസാരം എല്ലാരിലും ചിരിയുണർത്തിയെങ്കിലും അത് മായയിലും അവളുടെ ഭാവം ശ്രദ്ധിക്കുന്ന സിദ്ധാർഥിലും എത്തിയില്ല.

ഇവിടെ അടുത്തെവിടെയോ ഉള്ള ഒരു ഫങ്ങ്ഷന് വന്നതായിരുന്നു അവർ. സുമംഗലയുടെ നിർബന്ധത്തിന് വഴങ്ങി ഭക്ഷണം കഴിച്ചു, അവർ തിരികെ പോവുന്നത് വരെ മായ ടെൻഷനിൽ തന്നെ ആയിരുന്നു. രാജലക്ഷ്മിയുടെ മുഖത്ത് നോക്കാൻ അവൾ ഭയപ്പെട്ടു.

അവർ പോയി പിന്നെയും കുറച്ചു കഴിഞ്ഞാണ് ചിത്ര ഒരു ഗ്ലാസ്‌ പാല് മായയുടെ കൈയിൽ കൊടുത്തത്.

“ചടങ്ങുകൾ ഒന്നും മുടക്കേണ്ട, സിദ്ധു കുറേ സമയമായി റൂമിലേക്ക് പോയിട്ട്. കാത്തിരുന്നു ദേഷ്യം പിടിച്ചു കാണും, വേഗം ചെല്ല് ”

ചിരിയോടെ നിൽക്കുന്ന ചിത്രയിൽ നിന്ന് പാല് ഗ്ലാസ്സ് വാങ്ങുമ്പോൾ മായയുടെ ഉള്ളു പിടയ്ക്കുകയായിരുന്നു. സിദ്ധാർഥിന്റെ റൂമിലേക്ക് നടക്കുമ്പോൾ അവനോട് പറയേണ്ടുന്ന കാര്യങ്ങൾ മനസ്സിലടുക്കി വെക്കുകയായിരുന്നു മായ. ചാരിയ വാതിൽ പതിയെ തുറന്നു മായ അകത്തു കടന്നപ്പോൾ ആളെ അവിടെങ്ങും കണ്ടില്ല. അപ്പോഴാണ് ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദവും മൂളിപ്പാട്ടും മായ കേട്ടത്.

പാല് ഗ്ലാസ്‌ മേശയിൽ വെച്ചു കട്ടിലിന്റെ സൈഡിൽ ഉണ്ടായിരുന്ന ഷീറ്റ് എടുത്തു താഴെ വിരിച്ചു മായ കിടന്നു.

ബാത്‌റൂമിൽ നിന്ന് ഇറങ്ങിയ സിദ്ധാർഥ് തന്റെ അരികിൽ എത്തിയത് മായ അറിഞ്ഞിരുന്നു. ഒന്നും പറയാതെ മായയെ കോരിയെടുത്തു അവൻ കട്ടിലിലേക്കിട്ടു.

“തന്റെ ഓർമയിൽ ഇപ്പോൾ ഇല്ലാത്ത ആ രാത്രി ഞാനൊന്നു വിവരിക്കട്ടെ ”

മായ കണ്ണുകൾ ഇറുകെ അടച്ചു. ലൈറ്റ് ഓഫ്‌ ചെയ്തു മായയുടെ അരികിൽ കിടന്നു കൊണ്ടു സിദ്ധാർഥ് പറഞ്ഞു.

“വേണ്ടെങ്കിൽ പുതിയ നമ്പറുകളൊന്നുമിറക്കാതെ ഇവിടെ കിടന്നുറങ്ങിക്കോ, ഞാൻ തന്നെ ശല്യം ചെയ്യാൻ വരില്ല ”

(തുടരും )

Click Here to read full parts of the novel

4.2/5 - (43 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!