Skip to content

കറുത്ത നഗരം – ഭാഗം 1

malayalam-crime-story

വസ്ത്രങ്ങൾ ഒന്നൊന്നായി എയർ ബാഗിലേക്ക് അടുക്കുമ്പോൾ മുത്തശ്ശി അരികിലേക്ക് വന്നിരുന്നു .

“ഇനി ന്നാ ങ്ങ്ട് വര്വാ ”

” വരാം മുത്തശ്ശി ”

”ഉവ്വ …. ഇനി ഏതേലും ആണ്ടില് നോക്യാ മതി . ഇതന്നിപ്പോ എത്ര കാലം കൂടീട്ടാങ്ങ്ട് വന്നേ .. അതും ന്നെ കാണാൻ മാത്രം വന്നൊന്നുവല്ലല്ലോ .. സ്ഥലം മാറ്റത്തിനെടേല് ന്നാ രണ്ടീസം ങ്ങ്ട് വരാംന്ന്വച്ച് വന്നതല്യേ ”

മുത്തശ്ശീടെ പരിഭവം ഇപ്പോഴും മാറിയിട്ടില്ല . കുറ്റം പറയാനും പറ്റില്ലല്ലോ .

മൂന്നു വയസിൽ അച്ഛനും അമ്മേം നഷ്ടപ്പെട്ടേ പിന്നെ എല്ലാം മുത്തശ്ശിയായിരുന്നു .

അവൾ മെല്ലെ എഴുന്നേറ്റു ചെന്നു മുത്തശ്ശിയുടെ അരികിലിരുന്നു . പിന്നെ ആ മെലിഞ്ഞ കവിളിൽ ഒരുമ്മ നൽകി .

”ന്റെ പപ്പുമ്മേ ഇങ്ങനെ പരിഭവക്കല്ലേ … അറിയില്ലേ ന്റെ തിരക്ക് .എന്റെ കൂടെ പോരാൻ പറഞ്ഞാൽ വരികേം ഇല്ല .”

“ഉവ്വന്നേ … നിനക്കന്നെ സ്ഥിരായിട്ടൊരു സ്ഥലല്ല്യ.. പിന്നെയാ … അല്ലേലും .. ന്റെ കറമ്പിയേം …. കോഴികളേയും വിട്ട് വരാനൊന്നും നിക്ക് പറ്റില്ല്യ.. അതും സിറ്റീല് .. ഞാൻ പോന്നാ പിന്നെ ആരാ കാവില് വിളക്ക് വക്വാ…”

“തെക്കേ തൊടിയിലെ ആൽത്തറകളില് തിരിഞ്ഞും മറിഞ്ഞും കിടക്കണ ആത്മാക്കള്ണ്ട് കൂട്ട്യേ … അവർക്ക് ത്രിസന്ധ്യക്ക് ഇച്ചിരി വെളിച്ചം കൊടുക്കണം . നിനക്ക് അതൊന്നും പറഞ്ഞാ ബോധിക്കില്ല്യ …”

” ഹും ….. പറഞ്ഞ് പറഞ്ഞ് സ്ഥിരം സ്ഥലത്തു തന്നെ എത്തി . ന്റെ മുത്തശ്ശിയെ എനിക്കറിയില്ലേ … ”

”സൂക്ഷിക്കണം കുട്ട്യേ … ന്തോ… ഇത്തവണ മുത്തശ്ശിക്ക് വല്ലാത്തൊരു ഭയം … തിര്വന്തൊരത്തേക്കല്ലേ …ഒരുപാട്‌ തിരക്കുകളുണ്ടാവും …. ന്നാലും മുടങ്ങാതെ ന്നെ വിളിക്കണ്വട്ടോ … വെറുതെ തീ തീറ്റിക്കരുത് ”

” വിളിക്കാം മുത്തശ്ശി .. പാക്കിംഗ് പെന്റിംഗ് ആണ് . അത് തീർക്കട്ടെ . ഉച്ചകഴിഞ്ഞ് ഇറങ്ങേണ്ടതാ”

” ആയിക്കോട്ടേ… മുത്തശ്ശി ഊണിന് തരാക്കട്ടെ … കഴിച്ചിട്ട് ഇറങ്ങ്യാമതി … ”

* * * * * * * * * * * * * * * * * *

മൂന്നു മണിക്ക് തന്നെ അവൾ പോകാനിറങ്ങി ..

മുത്തശ്ശി അവളെ ചേർത്തു പിടിച്ചു നെറ്റിയൽ മുത്തം നൽകി ..

”സൂക്ഷിക്കണട്ടോ … ചിന്നൂട്ട്യേ … മുത്തശ്ശി പ്രാർത്ഥിക്കൺണ്ട് ”

പോർച്ചിൽ നിന്ന് കാർ ഇറക്കി ഗേറ്റിനു നേർക്ക് തിരിച്ചിട്ടു ..

” ഡ്രൈവറെ വക്കാരുന്നു നിനക്ക് .. പറഞ്ഞാ കേൾക്കില്ല്യാലോ .. ദൂരം ത്രയാന്നു വച്ചിട്ടാ ”

”ഓ …. പിന്നെ ഒന്നു പോ മുത്തശ്ശി ചേർത്തലയിന്നു തിരുവനന്തപുരം വലിയ ദൂരൊന്നുല്ല്യ …. ഒറ്റക്ക് ഡ്രൈവ് ചെയ്യുന്നേന്റെ സുഖം ഒന്നു വേറെയാ …”

” നിന്നോടാമ്പോ തർക്കിച്ചിട്ട് കാര്യല്ല്യാലോ ”

മുത്തശ്ശിയെ കൈ വീശിക്കാട്ടി . കാർ റോഡിലേക്കിറങ്ങി..

പത്മിനി നെഞ്ചിൽ കൈ ചേർത്തു പ്രാർത്ഥിച്ചു

“ഭഗവതീ ന്റെ കുഞ്ഞിനെ കാത്തോണേ”

* * * * * * * * * * * * * * * * * * * * *

സാമാന്യം തിരക്കുണ്ടായിരുന്നു യാത്രയിലുടനീളം ..

കരുനാഗപ്പള്ളിയിൽ വച്ച് നല്ലൊരു ബ്ലോക്കിലും പെട്ടു. കഷ്ടിച്ച് ബ്ലോക്കിൽ നിന്ന് രക്ഷപ്പെട്ടു വരുമ്പോഴേക്കും 6.45 കഴിഞ്ഞു.

പാരിപ്പള്ളി കഴിഞ്ഞ് കുറച്ച് ദൂരം റോഡ് വിചനമാണ് ..

കാറിനുള്ളിൽ നേർത്ത ശബ്ദത്തിൽ ഉസ്താദ് റാഷിദ് ഖാന്റെ ഘയാൽ പ്ലേ ചെയ്തിരുന്നു .

വളവ് തിരിഞ്ഞപ്പോൾ റോഡുവക്കിൽ നിന്ന് ഒരു പെൺകുട്ടി കൈ കാണിച്ചു .

നീല ജീൻസും ബ്രൌൺ ടോപ്പും . തോളിൽ ഒരു ലാപ്ടോപ്പ് ബാഗും കയ്യിൽ മൊബൈൽ ഫോണും… ഞാൻ …കാർ സൈഡു ചേർത്തു നിർത്തി.

അവർ ഓടി കാറിനടുത്തേക്ക് വന്നു . ഞാൻ ഗ്ലാസ് താഴ്ത്തിയപ്പോഴാകാണം അവളെന്നെ ശരിക്ക് കണ്ടത് ..

ഡ്രൈവിംഗ് സീറ്റിൽ ഒരു സ്ത്രീയ കണ്ടതിന്റെ ആശ്വാസം ഞാനാ മുഖത്തു നിന്നു വായിച്ചെടുത്തു ..

“എന്താ കുട്ടി .. ”

” മാഡം .. മാഡം എന്നെയൊന്നു അടുത്തു ബസ് കിട്ടുന്ന സ്റ്റോപ്പിൽ വിടാമോ .. ഇവിടെ നിന്നിട്ട് ബസുകളൊന്നും നിർത്തുന്നില്ല ”

” കയറിക്കോ ..”

ഞാൻ ഫ്രണ്ട് ഡോർ തുറന്നു കൊടുത്തു. .

ഡ്രൈവ് ചെയ്യുന്നതിനിടകിൽ ഞാൻ ചോദിച്ചു

”എന്താ പേര് ”

” ശരണ്യ ”

” കുട്ടീടെ വീടെവിടെയാ ..? ഇവിടെ വർക്ക് ചെയ്യുവാണോ ?”

“അല്ല മാഡം. എന്റെ വീട് തോട്ടക്കാടാ .. ഇവിടെ എന്റെ ഫ്രണ്ടിനെ കാണാൻ വന്നതാ . അവൾ പ്രസവിച്ച് കിടക്കുവാ .. കൊട്ടിയം വരെ പോകേണ്ട കാര്യമുണ്ടാരുന്നു . ”

“തിരിച്ചു വന്നപ്പോൾ അവളെക്കൂടി കണ്ടിട്ടു പോകാല്ലോ എന്നു കരുതി ഇറങ്ങിയതാ .. ആ വീട് കുറച്ച് ഉള്ളിലേക്കാ .. അവിടുന്നിറങ്ങിയപ്പോൾ അൽപം വൈകി .. ”

“ഒരു ടെംബോ വാനിൽ ഇവിടെ ഇറങ്ങി .. ആ വാൻ ഇവിടം വരേ ള്ളു ..
കഷ്ടകാലംന്നല്ലാണ്ട് ന്താ പറയാ .. കൈകാണിച്ചിട്ട് ഒറ്റ ബസു പോലും നിർത്തിയില്ല ”

ഞാനൊന്നു പുഞ്ചിരിച്ചു ..

കല്ലംബലത്തേക്കെത്തുമ്പോൾ എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു .

സെബാസ്റ്റ്യൻ സർ കാളിംഗ് …

ഞാൻ കാൾ അറ്റൻഡ് ചെയ്തു ..

“ചൈതന്യ …. താൻ എത്തിയോ ..?”

“നോ … സർ … ആം ഓൺ ദ വേ ”

”ഒരു സീരിയസ് മാറ്ററുണ്ട് .. ”

പെട്ടെന്ന് ശരണ്യ എന്നെ തൊട്ടു ..

” മാഡം എന്നെ ഇവിടെ ഇറക്കിയാൽ മതി .. ”

ഞാൻ കാർ സൈഡിലേക്ക് ഒതുക്കി …

അവൾ ഡോർ തുറന്നു പുറത്തിറങ്ങി എന്നെ നോക്കി താങ്ക്സ് പറഞ്ഞു …

കാതോട് ചേർന്നിരിക്കുന്ന ഫോണിൽ സെബാസ്റ്റ്യൻ സർ പാസ് ചെയ്യുന്ന ഇൻഫർമേഷനിൽ ശ്രദ്ധിച്ചു കൊണ്ട് ഞാനവൾക്കു നേരേ കൈ വീശി …

3 മിനിറ്റോളം സാറിന്റെ കാൾ നീണ്ടു ..

കാൾ കട്ട് ചെയ്തു ഞാൻ ഡ്രൈവിംഗ് തുടർന്നു …

ആറ്റിങ്ങലെത്തുമ്പോഴേക്കും എന്റെ വയറ്റിൽ വിശപ്പിന്റെ അലാം ഉച്ചസ്ഥായിയിലായി ..

ഇനി എന്തെങ്കിലും കഴിച്ചിട്ടേ യാത്രയുള്ളു..

ഹോട്ടൽ സോപാനത്തിന്റെ പാർക്കിംഗ് ഏരിയയിൽ കാർ നിർത്തി .. ലൈറ്റ് തെളിച്ചു .. തിരിഞ്ഞു പിന്നിലിരുന്ന ബാഗ് എടുത്തു …. പേർസ് എടുക്കുന്നതിനിടയിൽ എന്റെ കണ്ണ് മുന്നിലെ സീറ്റിന് താഴേക്ക് പാഞ്ഞു …

ആ കാഴ്ച കണ്ട് ഞാൻ ഞെട്ടി ..

കാർപെറ്റിൽ ചോര പുരണ്ട ഒരു കത്തി ..

ബാഗിൽ നിന്ന് തൂവാല വലിച്ചെടുത്തു .ഫിംഗർ പ്രിന്റ് പതിയാതെ തൂവാല കൊണ്ട് പൊതിഞ്ഞ് കത്തി കയ്യിലെടുത്തു .

ചോരയുടെ ചൂട് വിട്ടിട്ടില്ല ..

തിരിച്ചു പോയാൽ വേണമെങ്കിൽ അവളെ പൊക്കാം . പക്ഷെ അതിൽ ചില അപകടങ്ങളുണ്ട് .

ഉടൻ തന്നെ സെബാസ്റ്റ്യൻ സർ നെ ഫോണിൽ വിളിച്ചു വിവരം പറഞ്ഞു. .

” പബ്ലിസിറ്റി ഒഴിവാക്കുന്നതാകും ബുദ്ധി .അല്ലേ ”
ഞാൻ ചോദിച്ചു.

” എക്‌സാക്ട് ലി ..ഒരു കാര്യം ചെയ്യാം …കല്ലമ്പലം SI അരുൺ ആണ് . തനിക്കറിയാം ആളെ . കായംകുളത്തുണ്ടായിരുന്നതാ ..”

“യാ… ഓർക്കുന്നുണ്ട് ”

” ഞാൻ അരുണിനെ വിവരം അറിയിക്കാം . അരുൺ തന്നെ വിളിക്കും . ആ പെണ്ണിനെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ മതി.”

” ഈ ക്നൈഫ് ഇന്നെന്റെ കസ്റ്റഡിയിൽ ഇരിക്കട്ടെ . നാളെ രാവിലെ കോർട്ടിൽ ഹാജരാക്കാം .”

” OK .. ചൈതന്യ . എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കു ”

“ok സർ ”

കാൾ കട്ടായി .. അൽപം കഴിഞ്ഞപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു കാൾ വന്നു .

അരുൺ ആയിരുന്നു ലൈനിൽ . അരുണിനോട് അവളെ കുറിച്ചുള്ള വിവരങ്ങൾ നൽകി .

“നിങ്ങളുടെ സ്റ്റേഷൻ പരിധി വിട്ട് അവൾ പോയിട്ടുണ്ടാകില്ല, അരുൺ . 15 മിനിട്ട് കഴിഞ്ഞിട്ടേയുള്ളു കല്ലമ്പലത്ത് ഞാനവളെ ഇറക്കി വിട്ടിട്ട് ”

“ok ..മാഡം … ഞങ്ങൾ അന്വേഷിക്കാം … എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാം മാഡം .”

കാൾ കട്ട് ചെയ്തു . അൽപ സമയം ഞാൻ സീറ്റിൽ ചാരിയിരുന്നു ..

പിന്നെയൊന്നും കഴിക്കാൻ തോന്നിയില്ല ..

കാർ തിരിച്ച് നിരത്തിലേക്കിറക്കി ..

താമസിക്കുവാനുള്ള കോർട്ടേർസ് അറേഞ്ചു ചെയ്തു തന്നത് മുറിഞ്ഞപാലത്താണ് .. അവിടെ എത്തുമ്പോൾ സമയം 8.30 കഴിഞ്ഞു ..

ഗേറ്റ് തുറന്നു കിടപ്പുണ്ടായിരുന്നു … വണ്ടി അകത്തേക്ക് പ്രവേശിച്ചപ്പോൾ കോൺസ്റ്റബിൾ ഓടി വന്നു …

കാർ പാർക്ക് ചെയ്തു പുറത്തിറങ്ങിയപ്പോൾ കോൺസ്റ്റബിൾ മുന്നിലേക്ക് വന്ന് സല്യൂട്ട് ചെയ്തു ..

” കോൺസ്റ്റബിൾ സഹദേവൻ അല്ലേ … ”

” അതേ മാഡം … ” അയാൾ അറ്റൻഷൻ ആയി ..

” ഡിക്കിയിൽ ലഗേജുണ്ട് ”

” ശരി മാഡം ”

അയാളെ പിന്നിലേക്ക് പറഞ്ഞു വിട്ട് , ഞാൻ ഉറച്ച കാൽ വെപ്പോടെ വീട്ടിലേക്ക് കയറി .

* * * * * * * * * * * * * * * * * * * * * * *

പിറ്റേന്ന് രാവിലെ DGP ഓഫീസിൽ .

“താൻ തന്നെ ഈ കേസ് അന്വേഷിക്കണമെന്ന് CM ന്റെ ഓർഡർ ആണ് . അതു കൊണ്ടാ DIG ചൈതന്യ മേനോൻ IPS നെ തലസ്ഥാനത്തേക്ക് കൊണ്ടു വന്നത് . സിറ്റി കമ്മിഷണർ ചുമതല തനിക്കാണ് ”

” തന്നെയാണ് അന്വേഷണ ചുമതല ഏൽപ്പിക്കുന്നതെന്നറിഞ്ഞപ്പോൾ പ്രതിപക്ഷവും അടങ്ങിയിട്ടുണ്ട് ”

ഞാൻ പുഞ്ചിരിച്ചു ..

“തന്റെ ടീമിൽ മൂന്നു പേരെക്കൂടി ചേർത്തിട്ടുണ്ട് … ”

“സർ എനിക്കൊരു സജഷനുണ്ട് ”

DGP രജിത്ത് ദത്ത എന്നെ നോക്കി ..

“CI ഷാനവാസ് ഈ ടീമിൽ വേണം ”

അദ്ദേഹം എന്റെ കണ്ണിലേക്ക് നോക്കി . പിന്നെ ചെറു ചിരിയോടെ ,, മുറി മലയാളത്തിൽ പറഞ്ഞു ..

” ADGP സെബാസ്റ്റ്യൻ പോൾ എന്നെ വിളിച്ചിരുന്നു . അയാൾ പറഞ്ഞിരുന്നു തന്റെ ഈ ആവശ്യം ”

“CI ഷാനവാസ് , SI കിരൺ ലാൽ , കോൺസ്റ്റബിൾ സജീവ്… ഇത്രയും പേരാണ് ഈ കേസിൽ തന്നെ അസിസ്റ്റ് ചെയ്യുന്നത്.

എനിക്ക് സന്തോഷമായി .

”താങ്ക്യൂ .. സർ … എനിക്ക് ഇന്ന് കോർട്ടിൽ പോകേണ്ട ആവശ്യമുണ്ട് .. കഴിഞ്ഞ ദിവസം .. ”

” ഉം …. സെബാസ്റ്റ്യൻ പറഞ്ഞിരുന്നു …ക്നൈഫ് കോർട്ടിൽ ഹാജരാക്കി ഫോറൻസിക് ലാബിലേക്ക് അയക്കണം ”

” അതേ .. സർ …. പിന്നെ എന്നെ ഏൽപിച്ച ഈ മാൻ മിസിംഗ് കേസ് , കാണാതായ ശ്രേയ നന്ദകുമാറിന്റെ ഡീറ്റെയിൽസ് മാത്രമേ കിട്ടിയിട്ടുള്ളു ”

” അതേ ആ കുട്ടിയെ ആണല്ലോ കാണാതായിരിക്കുന്നത് … RM ഹോസ്പിറ്റൽ MD നന്ദ കുമാറിന്റെ മകളാണ് … സംഭവ ദിവസം ആ കുട്ടി നമ്മുടെ സിറ്റിയിൽ വന്നിറങ്ങിയിരുന്നു . അതിന് രേഖകളുണ്ട് .. ഇവിടെ വച്ചാണ് കാണാതായിരിക്കുന്നത് ”

” അതു മാത്രം പോര സർ … രണ്ട് മാസം മുൻപ് രജിസ്റ്റർ ചെയ്ത ഒരു മിസിംഗ് കേസുണ്ടല്ലോ നവ്യ ഹരിദാസ് , ഒരു ടാപ്പിംഗ് തൊഴിലാളിയുടെ മകൾ .. അതിനും മൂന്നു മാസം മുൻപ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു . ഒരു നൈന ജോർജ് .. ടീച്ചറുടെ മകൾ ”

”ആ കേസുകൾക്ക് ഇതുമായി എന്തു ബന്ധം …….. ?”

” പ്രത്യക്ഷത്തിൽ ഇല്ല ……. പക്ഷെ ഈ മൂന്നു പെൺകുട്ടികളും കഴിഞ്ഞ കുറച്ചു നാളുകളായി ബാംഗ്ലൂരിലായിരുന്നു …

ശ്രേയ ബാംഗ്ലൂർ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി , നവ്യ ഹരിദാസ് , ബാംഗ്ലൂരിലെ സബർഗിരി നർസിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനി ., . നൈന ജോർജ് , ബാംഗ്ലൂരിൽ തന്നെ ഫാഷൻ ഡിസൈനറായിരുന്നു .. ”

“മൂന്നു പേരും ബേസിക്കലി ട്രിവാൻട്രം കാരാണ്……. ഈ മൂന്നു പേരും ട്രിവാൻട്രത്ത് വച്ചാണ് പല സാഹചര്യങ്ങളിൽ മിസായത് ”

” ഉം …. ശരി ….. ഞാൻ കൊടുത്തു വിടാം ….”

” ഇതു മാത്രമല്ല … കഴിഞ്ഞ 6 മാസത്തിനിടയിൽ നമ്മുടെ സിറ്റിയിൽ രജിസ്റ്റർ ചെയ്ത മുഴുവൻ മാൻ മിസിംഗ് കേസിന്റെയും ഡീറ്റെയിൽസ് എനിക്ക് വേണം … ”

” ഉം ….ok ”

* * * * * * * * * * * * * * * * *

എന്റെ ഓഫീസ് റൂമിലേക്ക് വരുമ്പോൾ പുറത്ത് ഷാനവാസും കിരണും സജീവും കാത്തു നിൽപ്പുണ്ടായിരുന്നു ….

എന്നെ കണ്ട് അവർ അറ്റൻഷനായി ….സല്ല്യൂട്ട് ചെയ്തു .

മൂന്നു പേരെയും അകത്തേക്ക് വിളിപ്പിച്ചു ഞാൻ സീറ്റിലിരുന്നു ….

” So …. നമുക്ക് മിഷൻ സ്റ്റാർട്ട് ചെയ്യാം … അതിനു മുൻപ് മറ്റൊരു കാര്യമുണ്ട് ”

കഴിഞ്ഞ ദിവസം രാത്രി നടന്ന സംഭവം ഞാനവരോട് പറഞ്ഞു . കേട്ടു കഴിഞ്ഞപ്പോൾ അവർക്ക് അത്ഭുതമായിരുന്നു …

” സജീവ് ഒരു കാര്യം ചെയ്യണം . കല്ലമ്പലത്തേക്ക് പോകണം . ഇതു വരെ അവിടത്തെ ലോകൽ പോലീസിന് ആ പെൺകുട്ടിയെ കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ല . ”

” കഴിഞ്ഞ ദിവസം രാത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം . പിന്നെ വർക്കല റയിൽവേ സ്റ്റേഷൻ പരിസരത്തേയും . ഇന്നലെ രാത്രി 7.30 ന് ശേഷം അവിടെ നിന്ന് പോയിട്ടുള്ള ട്രയിനുകളുടെ വിവരവും കളക്ട് ചെയ്യണം . ടികറ്റ് കൗണ്ടറിലും വിവരങ്ങൾ കളക്റ്റ് ചെയ്യണം ”

“ok മാഡം … ”

“തീർന്നില്ല … ഇന്നലെ കല്ലമ്പലം , വർക്കല , ആറ്റിങ്ങൽ , കിളിമാനൂർ ഈ പ്രദേശങ്ങളിൽ എവിടെയെങ്കിലും അസ്വാഭാവിക മരണമോ , എന്തെങ്കിലും അടിപിടി കേസുകളോ, അസ്വാഭാവികമാ തരത്തിൽ എന്തെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നന്വേഷിക്കണം .. അവിടത്തെ പോലീസ് സജീവിനെ സഹായിക്കും . അവരും അന്വേഷണത്തിലാണ് ”

” ശരി .. മാഡം ”

” ഷാനവാസ് എന്റെ കൂടെ കോർട്ടിൽ വരണം ”

” കിരൺ , ഇത് 15/5/18 ന് നമ്മുടെ സിറ്റിയിൽ വച്ച് കാണാതായ ശ്രേയ യൂസ് ചെയ്തിരുന്ന മൊബൈൽ നമ്പറാണ് . ഈ നമ്പറിലേക്ക് കഴിഞ്ഞ ആറ് മാസത്തിനിടയിൽ വന്നിട്ടുള്ള ഇൻകമിംഗ് ഔട്ട്ഗോയിംഗ് കാൾ ഡീറ്റെയിൽസ് മുഴുവൻ എടുക്കണം . സംശയം തോന്നുന്ന നമ്പറുകളുടെ ഡീറ്റെയിൽസും കളക്ട് ചെയ്യണം”

” ശരി മാഡം ”

സജീവും കിരണും പുറത്തേക്ക് പോയി .

” നമുക്ക് കോർട്ടിലേക്ക് പോകാം ഷാനു ”

ചെയറിൽ നിന്ന് എഴുന്നേൽക്കാൻ തുടങ്ങിയതും എന്റെ ഫോണിലേക്ക് അപരിചിതമായ ഒരു നമ്പറിൽ നിന്ന് കാൾ വന്നു .

കാൾ അറ്റൻഡ് ചെയ്തു ഞാൻ ഹലോ പറയും മുൻപ് അവിടുന്ന് പ്രതികരണം വന്നു

“ഹലോ … മാഡം …….”

ഒപ്പം ഒരമർത്തിയ ചിരിയും ….

അതൊരു സ്ത്രീ ശബ്ദമായിരുന്നു …

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

അമൃത അജയൻ
(അമ്മുക്കുട്ടി ചെമ്പകത്ത് )

4.4/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “കറുത്ത നഗരം – ഭാഗം 1”

  1. അടിപൊളി കഥ.. മുഴുവൻ വയ്ച്ചു.. താങ്കളെ contact ചെയ്യാൻ ഉള്ള വഴി നോക്കി ഇവിടെ എത്തി…

    gokulsuresh612@gmail.com

    എന്റെ mail id ആണ്.. താങ്കൾ ഒന്ന് reply ഇടുമോ.. കഥയെ പറ്റി ചോദിക്കാൻ ആണ്

Leave a Reply

Don`t copy text!