Skip to content

കറുത്ത നഗരം – ഭാഗം 10

malayalam-crime-story

അവൻ തല കുമ്പിട്ടിരുന്നു …. ഞാൻ അവന്റെ തല വലിച്ചുയർത്തി …. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു …

അവൻ പറഞ്ഞു ..

“അവിടെ വച്ച് ഞാൻ മറ്റ് ചിലതുകൂടി മനസിലാക്കി .. ആ പെൺകുട്ടികളെ അവിടെ നിന്നും വാഹനത്തിൽ കയറ്റി മറ്റെവിടേക്കോ കൊണ്ടു പോകുന്നു എന്ന് …..കൊണ്ട് പോകുന്നവരെ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണ് തിരിച്ചു കൊണ്ടു വരിക .. ഒരു ദിവസം അവർ സൈന്ധവിയേയും കൊണ്ടുപോയി ….

പിന്നീട് അതു കണ്ടു പിടിക്കാനായിരുന്നു എന്റെ ശ്രമം ..

അവരെ കൊണ്ടു പോകാൻ ഏജന്റുമാരായി പലരും വരുമായിരുന്നു …

പക്ഷെ കൊണ്ടു പോകുന്നത് അവിടത്തെ വണ്ടിയിലാണ് ..

ആ വണ്ടിയുടെ ഡ്രൈവർ പൗലോസുമായി ഞാൻ ലോഹ്യത്തിലായി …..

അയാൾ നന്നായി മദ്യപിക്കുമായിരുന്നു ..ഒരു ദിവസം രാത്രി അയാളെയും കൂട്ടി പേട്ടയിലെ റയിൽവേ പാളത്തിനടുത്തു പോയി.. അയാളെ ഞാൻ സൽക്കരിച്ചു .. രണ്ട് പെഗ് അകത്തുചെന്നപ്പോൾ തന്നെ എന്റെ ചോദ്യങ്ങൾക്ക് അയാൾ ഉത്തരം പറഞ്ഞു തുടങ്ങി …..

അയാളിൽ നിന്ന് ഞാനറിഞ്ഞു അവരെ കൊണ്ടു പോകുന്നത് എറണാകുളത്തിനും മറ്റുമാണെന്ന് ….

അതാണവസരമെന്ന് ഞാനും മനസിലുറപ്പിച്ചു ….

സൈന്ധവിയെ കൊണ്ടു പോകുമ്പോൾ , അവളെയെങ്കിലും രക്ഷപ്പെടുത്തണമെന്ന് ഞാൻ തീരുമാനിച്ചു ….

തോബിയാസ് എന്നൊരാൾ ആരുടെയോ കോള് പിടിച്ചു കൊണ്ട് വന്നു …. മുൻപ് ഒരിക്കൽ സൈന്ധവിയെ കൂട്ടിക്കൊണ്ട് പോയത് അയാളാണെന്ന് ഞാൻ തിരിച്ചറിഞ്ഞു …..

അവിടത്തെ മാനേജർ റോബർട്ടിനോട് അയാൾ പറയുന്നത് കേട്ടു , കഴിഞ്ഞ തവണ വിട്ട പെണ്ണിനെ തന്നെ മതിയെന്നാ സാർ പറഞ്ഞത് എന്ന് …

രാത്രി 7 മണിക്ക് പൗലോസിന്റെ കൂടെ അയച്ചാൽ മതി … അയാൾ വഴിയിൽ വച്ച് കയറിക്കോളാം എന്നു കൂടി പറഞ്ഞ് അയാൾ പോയി …

എനിക്കുറപ്പായി അയാൾ വന്നത് സൈന്ധവിയെ കൊണ്ട് പോകാനാണ് എന്ന് ….

ഞാൻ ആദ്യം ഒരു വണ്ടി സംഘടിപ്പിച്ചു.. പിന്നെ അന്ന് റോബർട്ട് ഇല്ലാത്ത സമയം നോക്കി , അവർ സൂക്ഷിച്ചിരുന്ന മൂന്നു പ്രധാന ഫയലുകൾ കൈക്കലാക്കി … ആ പെൺകുട്ടികളെ കുത്തിവക്കുന്ന മയക്കുമരുന്നിൽ നിന്നും കുറച്ചെടുത്തു.

പിന്നെ അവിടത്തെ CCTV ക്യാമറയിൽ നിന്ന് പെൺകുട്ടികളെ പാർപ്പിച്ചിരിക്കുന്ന മുറിയിലെ ദൃശ്യങ്ങൾ കോപ്പി ചെയ്ത് പെൻഡ്രൈവിലാക്കി …

റോബർട്ടിനെ വിളിച്ചു പറഞ്ഞു എനിക്ക് ബാംഗ്ലൂരിൽ പോകേണ്ട അത്യാവശ്യമുണ്ട് , പോവുകയാണ് എന്ന് ….

പുറത്തിറങ്ങി , അൽപം മാറി വണ്ടിയിൽ ഞാൻ കാത്തിരുന്നു …

7 മണി കഴിഞ്ഞപ്പോൾ പൗലോസിന്റെ വണ്ടി കടന്നു പോകുന്നത് ഞാൻ കണ്ടു …. ഞാനും പിന്നാലെ വിട്ടു …

കുതിരത്തടം എന്ന ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പൗലോസിന്റെ വണ്ടിയെ ഓവർ ടേക്ക് ചെയ്ത് പിടിച്ചു …

അയാളെ അടിച്ചിട്ട് സൈന്ധവിയുമായി ഞാൻ രക്ഷപെട്ടു …

പിറ്റേന്ന് ഉച്ചയായി സൈന്ധവിക്ക് ബോധം വരുമ്പോൾ ..

എവിടെപ്പോയാലും അവരുടെ ആളുകൾ ഞങ്ങളെ പിടിക്കുമെന്നറിയാമായിരുന്നു …
പിടിച്ചാൽ ഞങ്ങളെ കൊല്ലുമെന്നും …..

ഒരു നിയമവും അവരെ തൊടില്ലന്ന് ഞങ്ങൾക്കുറപ്പായിരുന്നു …

പക്ഷെ മരിക്കും മുൻപ് അക്കൂട്ടത്തിൽ ആരെയെങ്കിലുമൊക്കെ കൊന്നുകളയണമെന്ന് ഞങ്ങൾ തീരുമാനിച്ചു ..

അപ്പോഴാണ് സൈന്ധവി എന്നോട് പറഞ്ഞത് നമുക്ക് നൈന ചേച്ചിയുടെ അമ്മയെ എങ്ങനെയെങ്കിലും പോയി കാണണമെന്ന് ….

ഫാഷൻ ഡിസൈനറായ നൈനക്ക് വിഷ്വൽ മാക്സിനെ കുറിച്ച് വിവരം കൊടുത്തത് ജയിംസായിരുന്നു ….

ട്രാപ്പിൽ പെട്ടു എന്ന് നൈന മനസിലാക്കിയപ്പോഴും , അവൾ കരുതിയിരുന്നത് ജയിംസിന് അതൊന്നും അറിയില്ലായിരുന്നെന്നും … ബാംഗ്ലൂരിലെ പേര് കേട്ട കമ്പനിയാണല്ലോ എന്ന വിശ്വാസത്തിലാണ് നൈനയോട് വിഷ്വൽ മാക്സിനെക്കുറിച്ച് പറഞ്ഞതെന്നുമാണ് …

ക്രിസ്തുമസിന് ബാംഗ്ലൂരിൽ നിന്ന് അവൾ നാട്ടിൽ വരുമ്പോൾ പിക് ചെയ്യാൻ ജയിംസ് ഉണ്ടായിരുന്നു ….

സ്വന്തം ഏട്ടനെപ്പോലെ കരുതിയ ജയിംസിനോട് അവൾ എല്ലാം തുറന്നു പറഞ്ഞു ….

അയാൾ അവളെ സമാധാനിപ്പിച്ചു … തിരിച്ചു പോകണ്ട എന്ന് നിർദ്ദേശവും കൊടുത്തു തൽക്കാലം ഒന്നും അമ്മച്ചിയെ അറിയിക്കണ്ട എന്നും …

പിറ്റേന്ന് നൈന ഷോപ്പിംഗിന് പോകുമെന്നറിയാമായിരുന്ന ജയിംസ് , വഴിയിൽ കാത്തു കിടന്നു..

അവളെ വണ്ടിയിൽ കയറ്റി മരുന്ന് കുത്തിവച്ചു …. ആ റിസോർട്ടിലുള്ളവർക്ക് അവളെ കൈമാറി ….

അയാളിപ്പോഴും അമ്മച്ചിയുടെ വിശ്വസ്ഥനാണെന്ന് നൈന പറയുമായിരുന്നു …

സത്യം അവളുടെ അമ്മച്ചിയെ അറിയിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു …

ഞങ്ങൾ രഹസ്യമായി അവളുടെ വീട് കണ്ടെത്തി ,, അവിടെ ആ സമയത്ത് ജയിംസുണ്ടായിരുന്നു ….

അപ്പോഴാണ് സൈന്ധവി പറഞ്ഞത് അയാളും മറ്റു രണ്ടു പേരും കൂടിയാണ് അവളെ കട്ടപ്പനയിൽ നിന്ന് തട്ടിക്കൊണ്ടു വന്നതെന്ന് ….

അവനെ കൊന്നുകളയണമെന്നു തന്നെ ഞങ്ങൾ തീരുമാനിച്ചു …

അതിനു വേണ്ടി ,രഹസ്യമായി അവനെ പിൻതുടർന്നു…

ഒടുവിൽ മൂക്കുമുട്ടെ വെള്ളമടിച്ച് ഡ്രൈവ് ചെയ്ത ജയിംസിനെ ഈശ്വരൻ ഞങ്ങളുടെ മുന്നിലെത്തിച്ചു ….

ഒരു വെടിക്ക് രണ്ടു പക്ഷിയെന്ന പേലെ ആ വണ്ടിയിൽ ജയിംസിനൊപ്പം മദ്യലഹരിയിൽ മറ്റൊരുത്തനും ഉണ്ടായിരുന്നു ബാബു …

സൈന്ധവിയെ തട്ടിക്കൊണ്ടുവരാൻ ജയിംസിനൊപ്പം ഉണ്ടായിരുന്നതിലൊരുവൻ …

അതേ ദിവസമാണ് ഞങ്ങളറിഞ്ഞത് മാഡം ഇവിടെ ചാർജ് എടുക്കുന്നു എന്ന് … മാഡത്തിനെ കുറിച്ച് ഞങ്ങൾ ഒരുപാട് കേട്ടിട്ടുണ്ട് ….

ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന മയക്കുമരുന്ന് കുത്തിവച്ച് ജയിംസിനെയും ബാബുവിനെയും ഞങ്ങളുടെ വണ്ടിയിൽ കയറ്റി …

രണ്ടു ദിവസം ഞങ്ങൾ ഒളിച്ചു താമസിച്ച തൃപ്പാദപുരം എന്ന സ്ഥലത്ത് അവരെ ഞങ്ങൾ ഒളിപ്പിച്ചു വച്ചു …

അതിനിടയിൽ ഞാൻ മാഡത്തിന്റെ വണ്ടിയും നമ്പരും കണ്ടെത്തി .. മാഡം വരുമെന്ന് ഉറപ്പായ ആ ദിവസം …

ബാബുവിനെ ഞങ്ങൾ കൊന്നു … ആ കത്തിയുമായാണ് സൈന്ധവി മാഡത്തിന്റെ കാറിന് ലിഫ്റ്റ് ചോദിച്ചത് ..

അതു കഴിഞ്ഞ് ഞങ്ങൾ ജയിംസിനെയും കൊണ്ട് നൈനയുടെ അമ്മച്ചിയെ കാണാൻ പോയി ….

പന്ത്രണ്ടര മണിക്ക് ശേഷമാണ് ഞങ്ങളവിടെ ചെന്നത് …. അമ്മച്ചിയോട് എല്ലാം പറഞ്ഞു ….

ജയിംസ് ഇനി ജീവിച്ചിരിക്കാൻ പാടില്ലെന്നാണ് അമ്മച്ചി പറഞ്ഞത് ….. പിന്നൊന്നും ആലോചിച്ചില്ല …. കെട്ടി തൂക്കി …

പക്ഷെ അപ്പോഴേക്കും നേരം പുലരാറായിരുന്നു .. ഞങ്ങൾ പിന്നിലൂടെ ഉള്ള വഴിയിലൂടെയാ അവിടെ ചെന്നത് …

തിരിച്ച് അത്ര ദൂരം ജയിംസിന്റെ ശരീരവും കൊണ്ട് നടക്കാൻ കഴിയില്ല … ഞങ്ങൾ അമ്മച്ചിയോട് പറഞ്ഞു അതവിടെ അങ്ങനെ നിൽക്കട്ടെ , ജനലുകളും വാതിലുമൊന്നും തുറക്കണ്ട … അമ്മച്ചി അധികം പുറത്തിറങ്ങുകയും വേണ്ടാ..

രാത്രിയിൽ ഞങ്ങൾ വരാം …. അഴിച്ചിറക്കി കൊണ്ടു പോകാം എന്ന് ….

കയ്യിലുണ്ടായിരുന്ന ഫയലും പെൻഡ്രൈവും ബാബുവിന്റെ മുറിച്ചെടുത്ത കാൽവിരലുകളും കൈവിരലുകളും ഞങ്ങളാ കിണറിലിട്ടു …

ഒരു രഹസ്യ കോഡുണ്ടാക്കി ഡയറിയിലെഴുതി ഞങ്ങൾ നവ്യയുടെ വീട്ടിലെത്തിച്ചു …

അന്നാണ് ഞങ്ങൾ കോട്ടൂരിലേക്ക് ഒളിത്താവളം മാറ്റിയത് ….

പിന്നീടാണ് ആ വാർത്ത ഞങ്ങളറിഞ്ഞത് നൈനയുടെ അമ്മച്ചിയെ ആരോ കൊന്നു എന്ന് …

അത് മറ്റാരുമായിരിക്കില്ല … അവരുടെ ആൾക്കാര് തന്നെയാകും …. ഞങ്ങൾ അമ്മച്ചിയെ കണ്ട വിവരം അവർ മനസിലാക്കിയിട്ടുണ്ട്…. തെളിവുകൾ നശിപ്പിക്കാൻ അമ്മച്ചിയേയും അവർ കൊന്നു” അവൻ പറഞ്ഞു നിർത്തി ….

“ബാബുവിന്റെ ബോഡി എന്തു ചെയ്തു ..?” ഞാൻ ചോദിച്ചു …

അവൻ മിണ്ടാതെ ഇരുന്നു ….

” പറയെടാ ……” കിരൺ ഒച്ചയുയർത്തി ….

“കല്ലു കെട്ടി കല്ലാറിലെറിഞ്ഞു … ”

“വെൽവിഷർഡിയർമാഡം2018 എന്ന ഐഡിയിൽ നിന്ന് നിങ്ങളല്ലെ എനിക്ക് മെയ്ൽ അയച്ചത് ….”

“അതെ … ചാർജെടുത്ത ദിവസം തന്നെ മാഡം നൈനയുടെ വീട്ടിലെത്തിയത് അറിഞ്ഞപ്പോൾ ഞങ്ങൾക്കൊരു പ്രതീക്ഷയുണ്ടായിരുന്നു …. പക്ഷെ പിന്നീട് എന്തോ ഞങ്ങൾക്ക് ആ വിശ്വാസം തോന്നിയില്ല …. ”

അജിത്ത് എന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു .

അവന്റെ നോട്ടം അവഗണിച്ചു കൊണ്ട് ഞാൻ പറഞ്ഞു… ” രണ്ട് ചോദ്യങ്ങൾക്ക് കൂടി എനിക്ക് ഉത്തരം കിട്ടണം ……..”

അവർ രണ്ടു പേരും എന്റെ മുഖത്തേക്ക് നോക്കി …..

” ഏതാണാ റിസോർട്ട് ………?”

അവർ ശബ്ദിച്ചില്ല …….

“നിങ്ങൾ പറഞ്ഞില്ലെങ്കിലും ഞങ്ങൾ കണ്ടെത്തും ……. പക്ഷെ ശത്രുക്കൾക്ക് രക്ഷപെടാൻ അത്രയും കൂടി സമയം കിട്ടുമെന്ന് മാത്രം ”

പെട്ടെന്ന് സൈന്ധവി ആ പേര് പറഞ്ഞു ……

“സൂര്യകിരണം ജീവധാര ……..”.

” അന്ധര നാച്ചപ്പ ആരാണ് ….. ?”

” അവരാകണം റിസോർട്ടിന്റെയൊക്കെ മേൽനോട്ടം വഹിക്കുന്ന അവരുടെയൊക്കെ മാഡം … ” അജിത്ത് പറഞ്ഞു ..

“നിനക്കറിയില്ലേ …? ”

” ഇല്ല ……. റോബർട്ടും മറ്റുള്ളവരും ഒരു മാഡത്തിന്റെ കാര്യം പറയുന്നത് കേട്ടിട്ടുണ്ട് … അതേ അറിയൂ …”

ഞങ്ങൾ പുറത്തിറങ്ങി …… ഷാനവാസ് ആലോചനയിലായിരുന്നു …….

“നമ്മൾ കരുതുന്നതു പോലെ അത്ര ഈസിയല്ല മാഡം …………. നഗരഹൃദയത്തിൽ , വെള്ളായണി കായലിനോട് ചേർന്ന് ഇത്ര വലിയ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നു എന്ന് വിശ്വസിക്കാൻ പോലും പ്രയാസം ….. അതും നഗരത്തിലെ പേരെടുത്ത റിസോർട്ടുകളിലൊന്നിൽ ……”

” ഇന്ന് ഈ നിമിഷം നമ്മൾ അറ്റാക് ചെയ്യും സൂര്യകിരണം ജീവധാരയെ ” ഞാൻ പറഞ്ഞു ….

” മാഡം …. അത് ……..” കിരൺ പറയാൻ തുടങ്ങിയത് മുഴുപ്പിക്കാൻ ഞാൻ അനുവദിച്ചില്ല …..

” ഫൗൾ പ്ലേ നടത്തില്ലെന്ന് എനിക്ക് ഉറപ്പു വാങ്ങാൻ ഒറ്റ ഒരാളെയുള്ളൂ ….. ഞാനവിടേക്ക് പോവുകയാണ് ….. നിങ്ങളുടെ അണ്ടറിലുലുള്ള വിശ്വസ്ഥരായ മുഴുവൻ ഫോർസിനെയും റെഡിയാക്കി നിർത്തണം …..”

” OK മാഡം …… ”

ഞാൻ എന്റെ വണ്ടിയിൽ കയറി ….. ഫോണെടുത്ത് നിരഞ്ജന്റെ നമ്പർ കോളിംഗിലിട്ടു …….

“ഹലോ മാഡം …….” മറുവശത്ത് ഉത്സാഹമുള്ള ആ സ്വരം കേട്ടു …..

” നിരഞ്ജൻ … ഐ വോണ്ട് യുർ ഹെൽപ് ….. മുഖം നോക്കാതെ ഏത് കൊടി കെട്ടിയവന്റെയും പേര് വിളിച്ചു പറയുന്ന നിന്റെ ചാനലിന് നട്ടെല്ല് ഉണ്ടെന്ന് തെളിയിക്കാൻ ഒരവസരം കൂടിയുണ്ട് …..”

” പറയൂ മാഡം …….. എന്താണ് ”

” പക്ഷെ എനിക്കുറപ്പു തരണം എല്ലാം ഷൂട്ടു ചെയ്ത് ലൈവ് വിടുമെന്ന് ……”

” Sure … മാഡം …. അക്കാര്യത്തിൽ മാഡത്തിനു ഞങ്ങളെ വിശ്വസിക്കാം ….”

” ഞാൻ പറയുന്ന സ്ഥലത്ത് നിങ്ങളുടെ ആളുകൾ ഉണ്ടായിരിക്കണം ….. ബാക്കി പിന്നീട് …”

* * * * * * * * * * * * * * * * * * * * * * * * *

ക്ലിഫ് ഹൗസിൽ ….

“വിശ്വസിക്കാൻ പ്രയാസം …… ഈ രാത്രി തന്നെ തനിക്ക്‌ എന്നെ കാണണം എന്നു പറഞ്ഞപ്പോഴേ ഞാനൂഹിച്ചു ….. സംഗതി ഗൗരവമേറിയതാണ് എന്ന് …..പക്ഷെ നമ്മുടെ മൂക്കിൻ തുമ്പത്ത് …” CM പറഞ്ഞു ..

“വിശ്വസിക്കാൻ പ്രയാസമൊന്നുമില്ല സർ …. ഇതും ഇതിനപ്പുറവും നമുക്ക് ചുറ്റും നടക്കുന്നുണ്ടെന്ന് എനിക്കുമറിയാം … സാറിനുമറിയാം…. എല്ലാവർക്കുമറിയാം …… പക്ഷെ പേടി ….

പ്രത്യേകിച്ച് ആത്മിയത വിറ്റ് , വ്യഭിചരിക്കുന്നവരെയാകുമ്പോൾ …..

അഞ്ച് വർഷം കൂടുമ്പോൾ മാത്രം ജനമെന്ന കഴുതയെ ഓർക്കുന്നവർക്ക് പലതും സൗകര്യപൂർവ്വം മറന്നേ പറ്റൂ ……..

എനിക്കുറപ്പ് വേണം സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലക്ക് സർ ശക്തമായ നിലപാട് കൈക്കൊള്ളുമെന്ന് ….” ഞാൻ പറഞ്ഞു.

” നെറ്റിയിൽ നിസ്കാരതഴമ്പുള്ളവനെ കാണുമ്പോൾ പൊട്ടിയൊലിക്കേണ്ടതല്ല രാജ്യസ്നേഹം , തീയറ്ററിന്റെ ഇരുട്ടിലെ 59 സെക്കന്റുമല്ല രാജ്യസ്നേഹം ……

രാജ്യം മുഴുവൻ ആത്മിയതയുടെ പേരിൽ തീവൃവാദം നടത്തുന്നു ……. എന്നിട്ട് അതിന് വിളിക്കുന്ന പേരോ …..

പക്ഷെ നമ്മുടെ മണ്ണിലതു വേണ്ട …..

അറിയാമെടോ … എന്റെ കസേരക്ക് വരെ ചലനം സംഭവിക്കുമെന്ന് ….. എന്നാലും ആ കുട്ടികളെ രക്ഷിക്കണം …

തന്റെ ജോലിയെ ഞാൻ തടസപ്പെടുത്തില്ല …… ഇതെന്റെ ഉറപ്പാണ് ….. എനിക്ക് വാക്കൊന്നേയുള്ളു …..”

“മതി ……… ഇതു കേട്ടാൽ മതി ….. ആ പിന്നൊരു കാര്യം ഈ സംഭവം സാറിനു മാത്രമേ അറിയൂ …..”

മനസിലായി എന്ന അർത്ഥത്തിൽ അദ്ദേഹം തല ചലിപ്പിച്ചു …….

തിരിഞ്ഞു ആ മുഖത്തു നോക്കി സല്ല്യൂട്ട് കൊടുത്ത് ഞാൻ ക്ലിഫ് ഹൗസിൽ നിന്നിറങ്ങി …

* * * * * * * * * * * * * * * * * * * * * * * * * *

പിന്നീട് എല്ലാം വേഗത്തിലായിരുന്നു ….. അതിവ ജാഗ്രതയോടെ തന്നെ പോലീസ് ഫോർസ് “സൂര്യകിരണം ജീവധാരയെ ” വളഞ്ഞു …….

നിരഞ്ജന്റെ നേതൃത്വത്തിൽ ഒരു സംഘം മാധ്യമ പ്രവർത്തകർ നമുക്കൊപ്പമുണ്ടായിരുന്നു ….

എല്ലാം കൺട്രോളിലാണ് എന്ന് ഉറപ്പു വരുത്തിയ നിമിഷം ഞാൻ നിർദ്ദേശം നൽകി ….

“ചാാാാ…ർജ് …………..”

പോലീസ് ജീവധാരയിലേക്ക് ഇടിച്ചു കയറി …

ഒരു സംഘം മാനേജർ റോബർട്ടിന്റെ റൂമിലേക്ക് ഇടിച്ചു കയറി …….

ഫയലുകൾ പലതും പിടിച്ചെടുത്തു ……

”നിങ്ങൾ എന്താണീ കാണിക്കുന്നത് …… നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത് …….. നിങ്ങളിതിന് ഉത്തരം പറയേണ്ടി വരും …… ” റോബർട്ട് പ്രതിരോധിച്ചു ……

“ഭാ ……. പട്ടി … പു *#@~*@ ….. ” അലറിക്കൊണ്ടു ഷാനവാസ് അവന്റെ ചെകിടത്ത് പടക്കം പൊട്ടുമാറ് ശബ്ദത്തിൽ അടിച്ചു ……..

സ്റ്റാഫുകളെ മുഴുവൻ പോലീസ് തടഞ്ഞുവച്ചു …..

റോബർട്ട് ഫോണെടുത്ത് ആരെയോ വിളിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു …….

റോബർട്ടിനെ പോലീസ് കസ്റ്റടിയിലാക്കി ….

പിന്നീട് ഞങ്ങൾ നീങ്ങിയത് അണ്ടർ ഗ്രൗണ്ട് ഫ്ലോർ ലക്ഷ്യമാക്കിയാണ് …

ആ വലിയ വാതിൽ തുറന്നിറങ്ങിയ ഞങ്ങൾ ഞെട്ടിപ്പോയി …..

അതിനുള്ളിൽ മുഴുവൻ വലിയ വാർപ്പുകളും .. കലങ്ങളുമായിരുന്നു …….

ഷാനവാസ് ഞെട്ടലോടെ എന്റെ മുഖത്ത് നോക്കി ….

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

അമൃത അജയൻ
(അമ്മുക്കുട്ടി ചെമ്പകത്ത് )

3.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!