Skip to content

കറുത്ത നഗരം – ഭാഗം 7

malayalam-crime-story

രണ്ടു പേർ ചേർന്ന് വല വലിച്ചെടുത്ത് കിണറിനു താഴെ കോൺക്രീറ്റ് തറയിലേക്ക് വച്ചു ..

ഞാനും SP വിമൽ നാഥും ഉടൻ തന്നെ കിണറിനടുത്തേക്ക് ചെന്നു ….

ഇരുമ്പ് കൊണ്ടുള്ള വൃത്താകൃതിയിലുള്ള ഒരു സിലിണ്ടർ ആയിരുന്നു വലക്കുള്ളിൽ ഉണ്ടായിരുന്നത് ….

45 സെന്റീമീറ്ററോളം ഉയരവും ഏതാണ്ട് അത്ര തന്നെ വിഡ്ത്തുമുള്ള ഒരു വസ്തു …

ഷാനവാസ് ലാത്തി കൊണ്ട് അതിൽ തട്ടി നോക്കി …

വല്ലാതെ മുഴക്കമുള്ള ശബ്ദം …

താഴ്ഭാഗത്ത് 8 സെന്റീമീറ്ററോളം ഉയരത്തിൽ ഒരു ബ്രൗൺ നിറമാണ് … മുകളിലേക്ക് കറുത്ത നിറവും ….

” മാഡം ഇത് തുറക്കാൻ കഴിയുമെന്ന് തോന്നുന്നു …..” ഫയർ ഫോർസ് ഓഫീസേർസിൽ ഒരാൾ പറഞ്ഞു …

“എങ്കിലത് തുറക്കൂ…” SP വിമൽ നാഥ് പറഞ്ഞു …

ഉടൻ തന്നെ അവരിലൊരാൾ ചില ടൂൾസുമായി വന്നു …

അവർ അതിനെ മറിച്ചിട്ടു …

ഏകദേശം 15 മിനിറ്റോളമുള്ള ശ്രമഭലമായി ബ്രൗൺ നിറമുള്ള ഭാഗം ഒരു അടപ്പു പോലെ തുറന്നു മാറ്റി …….

അതിനുള്ളിൽ നിന്ന് മറ്റൊരു ബോക്സ് പുറത്തേക്ക് വലിച്ചെടുത്തു ….:

വാട്ടർ ടാങ്ക് പോലൊരു ബോക്സാണത് …

” മാഡം … ഇതൊരു വാട്ടർ റിപ്പലന്റ് കോട്ടിംഗ് ആണ് ….. ഗാസ്കറ്റ്സ് ..അതുകൊണ്ട് സീൽ ചെയ്തിരിക്കുകയാണ് … ” അവർ പറഞ്ഞു ..

” തുറക്കാൻ കഴിയില്ലേ ….” ഞാൻ ചോദിച്ചു ..

” കഴിയും… സീൽ അറുത്ത് മാറ്റിയാൽ മതി … ”

“എങ്കിലങ്ങനെ ചെയ്യൂ.. ”

പത്തു മിനിറ്റിനുള്ളിൽ അതും തുറന്നു …

അതിനുള്ളിലേക്ക് നോക്കിയ ഞങ്ങളുടെ കണ്ണുകൾ തുറിച്ചു …

ക്യാമറ കണ്ണുകൾ എല്ലാം അതിലേക്കാണ് ….

മിക്കവാറും എല്ലാ മാധ്യമങ്ങളും ലൈവ് പോവുകയാണ് ….

‘മൂന്നു ഫയൽ , പിന്നെ ഒരു ചെറിയ കവർ കെട്ടി വച്ചിരിക്കുന്നു … അതിനുള്ളിൽ എന്തോ ഉണ്ട് …..’ ഇത്രയുമാണ് അതിനുള്ളിൽ കണ്ടത് ..

ഗ്ലൗസ് എടുത്ത് കയ്യിലിട്ട ശേഷം ഷാനവാസ് ആ മൂന്നു ഫയലും പുറത്തെടുത്ത് കിരണിന്റെ കയ്യിലേക്ക് കൊടുത്തു ……

ഫയൽ മാറ്റിയപ്പോൾ അതിനുള്ളിൽ ഒരു പെൻഡ്രൈവ് കൂടി കണ്ടു …

അടുത്തതായി അതിനുള്ളിലുള്ള കവർ പുറത്തെടുത്തു….

ആരുടെയോ മുറിച്ചെടുത്ത കൈവിരലുകളും കാൽവിരലുകളുമാണ് കവറിനുളളിൽ …

എല്ലാം തിരികെ ബോക്സിലേക്ക് വച്ച് സീൽ ചെയ്ത് പോലീസ് ക്യാമ്പിലേക്ക് കൊണ്ടുവരാനുള്ള നിർദ്ദേശം നൽകി …..

തിരികെ വാഹനത്തിലേക്ക് കയറാൻ തുടങ്ങുമ്പോൾ വീണ്ടും മാധ്യമപ്പട എന്നെ പൊതിഞ്ഞു ….

“ആര്യനാട് സംഭവത്തിൽ ദുരൂഹതകൾ ഏറിവരികയാണ് … ഇപ്പോഴും പോലീസ് ഡിപ്പാർട്ട്മെന്റ് കൈക്കൊള്ളുന്ന ഈ മൗനം ഭൂഷണമാണെന്ന് തോന്നുന്നുണ്ടോ …? ”

” ആ ഫയലുകളിൽ എന്താണെന്ന് പറയണം മാഡം … ?”

” അന്വേഷണം പുരോഗമിക്കുകയാണ് .. വ്യക്തമായ തെളിവുകൾ ലഭിച്ചാൽ നിങ്ങളെ അറിയിക്കും … ”

ഇത്രമാത്രം പറഞ്ഞ് ഞാൻ കാറിലേക്ക് കയറി ….

* * * * * * * * * * * * * * * * * * * * * * * * * *

ഞങ്ങൾ പോലീസ് ക്യാമ്പിലെത്തി ഏതാനും മിനിറ്റുകൾക്കുള്ളിൽ DGP രജിത്ത് ദത്തയും ADGP സെബാസ്റ്റ്യൻ പോളും അവിടെ എത്തി …

അവിടെയും ക്യാമ്പിനു പുറത്ത് മാധ്യമപ്പട തമ്പടിച്ചിട്ടുണ്ട് ….

”എന്താണ് ചൈതന്യ ഇതൊക്കെ …. ആകെ കുഴപ്പം പിടിച്ച കേസാണല്ലോ …? ”

എന്നെ കണ്ടമാത്രയിൽ സെബാസ്റ്റ്യൻ സർ ചോദിച്ചു …

ഞങ്ങൾ നേരേ ഡിസ്കഷൻ റൂമിലേക്ക് പോയി …

ഫയലുകൾ തുറന്നു പരിശോധിച്ചു ….

ഞെട്ടിക്കുന്ന വിവരങ്ങൾ ആയിരുന്നു അതിനുള്ളിൽ ….

പെൻഡ്രൈവിലുള്ളത് പ്രൊജക്ടർ ഉപയോഗിച്ച് ഞങ്ങൾ കണ്ടു …

” Oh my god …” DGP രജിത് ദത്ത ആത്മഗതം പോലെ പറഞ്ഞു ….

” പക്ഷെ ഇതൊക്കെ എവിടെയാണ് …?

നമ്മുടെ നഗരത്തിലോ …?

ആരാണ് ഇതിനു പിന്നിൽ ..?

എത്രയും പെട്ടെന്ന് കണ്ടെത്തിയേ പറ്റൂ ….”

ADGP സെബാസ്റ്റ്യൻ സർ പറഞ്ഞു ….

“കണ്ടെത്തിയിരിക്കും … ഈ വിരലുകളുടെ ഫോറൻസിക് റിപ്പോർട്ട് എനിക്ക് നാളെ തന്നെ കിട്ടിയിരിക്കണം .. ” ഞാൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു ..

* * * * * * * * * * * * * * * * * * * * * * * * * *

പിറ്റേന്ന് നാലു മണിയോടെ തന്നെ ഫോറൻസിക് ലാബിൽ നിന്നും റിപ്പോർട്ട് കിട്ടി …

എന്റെ എല്ലാ നിഗമനങ്ങളും ശരിവക്കുന്നതായിരുന്നു ആ റിപ്പോർട്ട് …..

10 കൈവിരലുകളും 10 കാൽവിരലുകളുമായിരുന്നു .. കവറിനുള്ളിൽ ….

എല്ലാം ഒരാളുടേത്…..

O-ve ബ്ലഡ് ഗ്രൂപ്പിൽ പെട്ട ആരുടേതോ ആണ് ആ വിരലുകൾ എന്ന് ഉച്ചക്ക് ലാബിൽ നിന്ന് വിളിച്ച് പറഞ്ഞപ്പോൾ തന്നെ ,

ക്നൈഫിൽ ഉണ്ടായിരുന്ന രക്തവും ഈ വിരലുകളും ഒരാളുടേതാണോ എന്ന് പരിശോധിക്കാനുള്ള നിർദ്ദേശം ഞാൻ നൽകിയിരുന്നു …

അതും പോസിറ്റിവ് ആണ് …

രണ്ടും ഒരാളുടേത് തന്നെ ….

കൂടുതൽ വ്യക്തതക്കു വേണ്ടി .. കത്തിയിൽ നിന്നു ലഭിച്ച കോശങ്ങളിലെ DNA യും വിരലുകളിലെ DNA യും ഒന്നു തന്നെയാണോ എന്ന് പരിശോധിക്കുവാൻ ലാബിലേക്ക് അയക്കുവാനുള്ള നിർദ്ദേശവും നൽകി ….

ഷാനവാസിനേയും കിരണിനേയും സജീവിനേയും ഞാൻ ഓഫീസിലേക്ക് വിളിച്ചു വരുത്തി ……

“വിത്തിൻ 24 hrs , ആ ബൊലീറോ കണ്ടെത്തിയിരിക്കണം … അതിനുള്ളിലുണ്ടായിരുന്നവരേയും ….. എവിടെയുണ്ടെങ്കിലും … ” ഞാൻ ഉത്തരവിട്ടു ….

“yes മാഡം …… ”

അവർ ഉടൻ തന്നെ പുറത്തേക്കിറങ്ങി ….

നവ്യ ഹരിദാസിന്റെയും നൈന ജോർജിന്റെയും മിസിംഗ് കേസ് ഫയലുകൾ ഞാൻ എന്റെ ടേബിളിലേക്ക്‌ എടുപ്പിച്ചു …

അതിൽ നിന്നും ഇരുവരും ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്ന ഫോൺ നമ്പരുകൾ കളക്ട് ചെയ്തു ..

നൈന ജോർജിന്റെ വീട് പരിശോധിച്ച അവസരത്തിൽ ഒരു മൊബൈൽ ഫോൺ പോലും ലഭിച്ചിരുന്നില്ല എന്നത് അന്നു തന്നെ ഞങ്ങളിൽ സംശയം ജനിപ്പിച്ചിരുന്നു …

ഞാൻ ഉടൻ തന്നെ എലിസബത്തിന്റെ അയൽവാസിയായ ശ്രീജയുമായും ബന്ധു മെറിനുമായും ഫോണിൽ ബന്ധപ്പെട്ടു .. അവരിൽ നിന്ന് എലിസബത്ത് ഉപയോഗിച്ചിരുന്ന ഫോൺ നമ്പരും ജയിംസിന്റെ ഫോൺ നമ്പരും വാങ്ങി …..

നാലു നമ്പറുകളും സൈബർ വിങ്ങിൽ ഏൽപ്പിച്ചു …. എല്ലാ നമ്പരിലേയും കഴിഞ്ഞ ഒരു വർഷത്തെ ഇൻകമിംഗ് ഔട്ട് ഗോയിംഗ് കാൾ ഡീറ്റെയിൽസ് ആവശ്യപ്പെട്ടു ….

അവർ അതിനു ഒരു ദിവസത്തെ സാവകാശം ചോദിച്ചു …..

തിരികെ ഓഫീസിൽ വന്ന് , ശ്രേയ മിസിംഗ് ന്റെ കേസ് ഫയൽ എടുത്തു ….

അതിൽ നിന്നും ശ്രേയയുടെ അമ്മ മനീഷയുടെ ഫോൺ നമ്പറെടുത്ത് അതിലേക്ക് കോൾ ചെയ്തു ….

റിംഗ് ചെയ്ത് തീരാറായപ്പോൾ മറ്റുവശത്ത് കോൾ അറ്റൻഡ് ചെയ്തു ….

”ഹലോ …”

“ഹലോ ….ഇത് DIG ചൈതന്യയാണ് ….”

” പറയൂ മാഡം …..”

“നിങ്ങൾ കഴിഞ്ഞ നാലഞ്ചു ദിവസത്തിനുള്ളിൽ എവിടെയെങ്കിലും യാത്ര പോയിരുന്നോ ….?”

“ഉവ്വ് ….”

” എവിടെ … ”

“മൂകാംബികയിൽ ….”

” ഉം ….. ആരൊക്കെയാ പോയത് …”

”ഞാനും ശ്രീക്കുട്ടനും എന്റെ അമ്മയും … ”

“നന്ദകുമാർ വന്നിരുന്നില്ലേ ….”

” ഇല്ല … എന്താ മാഡം … ”

“ഏയ് …. ഇനി എവിടെയെങ്കിലും പോകുന്നുണ്ടെങ്കിൽ എന്നെ അറിയിക്കണം …….. be carefull ”

” എന്തെങ്കിലും കുഴപ്പമുണ്ടോ മാഡം .. ”

” ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങളും സൂക്ഷിക്കണം …. OK .. bye .. ”

” bye .. ” മറുവശത്ത് ശബ്ദം അൽപ്പം നേർത്തു …..

ഫോൺ കട്ട് ചെയ്ത് സീറ്റിലേക്ക് ചാരി ഞാൻ കണ്ണുകളടച്ചു ……….

* * * * * * * * * * * * * * * * * * * * * * * *

പിറ്റേന്ന് ഉച്ചയോടടുപ്പിച്ചു ഷാനവാസും സജീവും ഓഫീസിലേക്ക് വന്നു …

” ബൊലീറോ സ്പോട്ട് ചെയ്തിട്ടുണ്ട് മാഡം …… കോട്ടൂർ ആദിവാസി വനമേഘലയിലേക്ക് ബൊലിറോ കയറിപ്പോകുന്നത് കണ്ടവരുണ്ട് … ”

“ഓ ….. അവിടേക്ക് ഫോർസുമായി പോകുന്നത് അബദ്ധമാകും ….. അത് ചാരായ വാറ്റ് നടക്കുന്ന സ്ഥലമല്ലേ ….

പോലീസിനെ കണ്ടാൽ അവർ ഓടും ….. അത് നമ്മൾ അന്വേഷിക്കുന്നവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കും …… ”

ഞാൻ പറഞ്ഞു ….

ഷാനവാസും അത് ശരി വച്ചു ……

“ഒരു കാര്യം ചെയ്യാം …. നമ്മൾ നാലുപേരും മാത്രം മതി …. മഫ്ടിയിൽ വേണം പോകാൻ ……. ഡിപ്പാർട്ട്മെന്റ് വാഹനം വേണ്ട …… മറ്റൊരു വണ്ടി അറേഞ്ച് ചെയ്യണം …… ”

” ശരി മാഡം …….”

” ഇപ്പോൾ സമയം ഒന്നര ….. ഞാൻ വീട്ടിലേക്ക് പോവുകയാണ് …… നിങ്ങൾ വണ്ടി അറേഞ്ച് ചെയ്ത് അവിടെ വന്നാൽ മതി……….”

” OK…. മാഡം ….”

ഞാൻ തൊപ്പി തലയിൽ വച്ചു കൊണ്ട് എഴുന്നേറ്റു ……

ഒപ്പം ഷാനവാസും സജീവും …….

* * * * * * * * * * * * * * * * * * * * * * * * * *

മൂന്നു മണിയായപ്പോൾ എന്റെ ഫോണിലേക്ക് ഷാനവാസിന്റെ കോൾ വന്നു ……….

ഞാൻ പോകാൻ റെഡിയായി കഴിഞ്ഞിരുന്നു …..

ജീൻസും ഷർട്ടുമായിരുന്നു എന്റെ വേഷം …..

കബോർഡിനുള്ളിലെ ചെറിയ ഡ്രോയർ തുറന്ന് അതിനുള്ളിൽ നിന്നും റിവോൾവർ എടുത്ത് ബൂട്ട്സിനിടയിലേക്ക് തിരുകി …….

പുറത്തിറങ്ങി ഡോർ ലോക്ക് ചെയ്യുന്നതിനിടയിൽ ഞാൻ കണ്ടു ഗേറ്റിനു പുറത്ത് കിടക്കുന്ന വൈറ്റ് സ്കോർപ്പിയോ ….

ഞാൻ ഇറങ്ങിചെന്ന് സ്കോർപ്പിയോയിലേക്ക് കയറി ….

ഡ്രൈവിംഗ് സീറ്റിൽ കിരണായിരുന്നു ……

ഒന്നര മണിക്കൂറെടുത്തു വിധുര വഴി കോട്ടൂരെത്താൻ ……

കോട്ടൂരിൽ നിന്നും വനപ്രദേശത്തേക്ക് ഞങ്ങൾ പ്രവേശിച്ചു ……

കുറച്ചു ദൂരം മുന്നോട്ട് ചെന്നപ്പോൾ ടാറിട്ട റോഡ് തീർന്നു …

പിന്നീടങ്ങോട്ട് ചെമ്മൺ പാതയാണ് …. ഒപ്പം കയറ്റവും …….

ഇരുവശത്തും പൊന്തക്കാടും ….

കുറേ മുന്നിലേക്ക് ചെന്ന് ഞങ്ങൾ വണ്ടി പാർക്ക് ചെയ്തു ……

ഇനി നടന്നു കയറുന്നതാണ് ബുദ്ധി ….. ഞങ്ങൾ പുറത്തിറങ്ങി ……..

ആ വഴിയിലൂടെ മറ്റേതോ വാഹനം സഞ്ചരിച്ച ടയറിന്റെ പാടുകൾ കണ്ടു ….

ഞങ്ങൾ ശ്രദ്ധാപൂർവ്വം മുന്നിലേക്ക് നടന്നു …..

ആ വഴി വലത്തേക്ക് തിരിഞ്ഞു കിടക്കുകയാണ് …. ഇനിയങ്ങോട്ട് ആദിവാസി ഊരാണ് ….

അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധയിൽ പെട്ടത് ……

ഇടതു ഭാഗത്തു കൂടി ഉള്ളിലേക്ക് പുല്ല് ചതഞ്ഞരഞ്ഞ് കിടക്കുന്നു ….

ഏതോ വാഹനം അതുവഴി പോയിട്ടുണ്ട് ….

ഞങ്ങൾ സജീവിനെ അവിടെ നിർത്തി ……

”സജീവ് ഇവിടെ തന്നെയുണ്ടാകണം …… ”

” ശരി മാഡം ….”

ഞങ്ങൾ പുല്ല് ചതഞ്ഞരഞ്ഞു കിടക്കുന്ന ഭാഗത്തു കൂടി നടന്നു ……

കുറേ മുന്നിലേക്ക് ചെന്നപ്പോൾ ടാർപ്പ കൊണ്ട് മൂടിയിട്ടിരിക്കുന്ന ബൊലീറോ കണ്ടു …..

ഞങ്ങൾ അതിനടുത്തേക്ക് ചെന്ന് ചുറ്റിനും നോക്കി …..

പിന്നിലേക്കുള്ള പുല്ല് ചവിട്ടിമെതിക്കപ്പെട്ട നിലയിൽ കാണപ്പെട്ടു ……

ഞങ്ങൾ ആ വഴിയേ പിന്നെയും നടന്നു …..

“പണ്ട് തിരുവിതാംകൂർ രാജഭരണ കാലത്ത് പണി കഴിച്ച ഒരു ബിൽഡിംഗ് ഈ ഭാഗത്തെവിടെയോ ഉണ്ട് മാഡം…. ഇപ്പോൾ അത് ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുകയാണ് …. ”
കിരൺ പറഞ്ഞു …..

ഞങ്ങൾ മുന്നിലേക്ക് നടന്നു …..

പിന്നീടങ്ങോട്ട് പാറക്കെട്ടായിരുന്നു …. ഇടതു വശത്ത് 50 അടിയോളം താഴ്ച്ചയും …. താഴ്‌വാരത്തിൽ കല്ലാർ ശാന്തമായി ഒഴുകുന്നു …. അപ്പുറം പൊന്മുടിയുടെ മഞ്ഞു പുതച്ച മലനിരകളും കാണാം …

പാറക്കെട്ടിലൂടെ ചെറിയൊരു കയറ്റം കയറിയപ്പോൾ ഞങ്ങൾ കണ്ടു ..

ഇടിഞ്ഞ് പൊളിഞ്ഞ് കാട്ടുവള്ളികൾ മുകളിലേക്ക് പടർന്നു കിടക്കുന്ന ഒരു പഴയ കെട്ടിടം …

ഒരു കാൽപ്പദനം പോലും കേൾപ്പിക്കാതെ ഞങ്ങൾ മെല്ലെ നടന്നു …. കെട്ടിടത്തിന്റെ അടുത്തെത്തി …..

വലിയ കൽത്തൂണുകളുടെ മറപറ്റി ഞങ്ങൾ മെല്ലെ നടന്നു ….

കുറച്ചു നടന്നപ്പോൾ പൊട്ടിപ്പൊളിഞ്ഞ ചെറിയ പടവു കണ്ടു ……

ഒരു കാൽ പടവിലേക്ക് വച്ചതും എവിടെയോ ഒരു ശബ്ദം …..

ഞങ്ങൾ നിശ്ചലമായി നിന്നു ….. ചുറ്റും കണ്ണോടിച്ചു …

ആരോ ശ്വാസമെടുക്കുന്ന ശബ്ദം …..

ഞങ്ങൾ പടവുകയറാതെ , അടുത്ത ഭിത്തിയുടെ മറവിലേക്ക് നീങ്ങി …. ശബ്ദം കേട്ട ഭാഗത്തേക്ക് മറപറ്റി നടന്നു ……..

കുറച്ചു കൂടി മുന്നിലേക്ക് ചെന്നതും പൊട്ടി പൊളിഞ്ഞ വാതിൽ പാളിയിലൂടെ ഞങ്ങളാ കാഴ്ച കണ്ടു …..

അകത്ത് ആലിംഗബന്ധരായി നിൽക്കുന്ന ഒരു സ്ത്രീയും പുരുഷനും ….

പുരുഷൻ പുറം തിരിഞ്ഞു നിൽക്കുന്നതിനാൽ മുഖം വ്യക്തമല്ല …

എന്നാൽ സ്ത്രീയുടെ മുഖം ഞാൻ കണ്ടു …..

അതവൾ തന്നെയായിരുന്നു ….

ആ രാത്രി എന്റെ കാറിൽ ലിഫ്റ്റ് ചോദിച്ചവൾ ….

അടുത്ത നിമിഷം ഷാനവാസിന്റെ മൊബൈൽ ശബ്ദിച്ചു ….

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

അമൃത അജയൻ
(അമ്മുക്കുട്ടി ചെമ്പകത്ത് )

3.7/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!