സിസിടിവി ദൃശ്യങ്ങൾ ഓരോന്നായി എന്റെ മുന്നിലേക്ക് തെളിഞ്ഞു വന്നു …..
കല്ലമ്പലം ജംഗ്ഷനിൽ ഞാൻ കാർ നിർത്തുന്നു …
ഡോർ തുറന്ന് ഇറങ്ങി അവൾ കൈ വീശുന്നു ..
പിന്നിലേക്ക് നടന്നു നീങ്ങുന്നു … ഒന്നര മിനിറ്റോളം എന്റെ കാർ അവിടെ സ്റ്റേ ആയിരുന്നു …
കാർ മെല്ലെ റോഡിലെ തിരക്കിലേക്ക് ഒഴുകിയിറങ്ങുന്നു …
പിന്നിലേക്ക് പോയി എന്ന് ഞാൻ കരുതപ്പെട്ട പെൺകുട്ടി ഒരു കടയുടെ മറവിൽ നിന്ന് റോഡിലേക്കിറങ്ങി വരുന്നു …..
എന്റെ വാഹനം നീങ്ങിയ ഭാഗത്തേക്ക് തന്നെ നോക്കി നിൽക്കുന്നു…
ഞങ്ങൾ വന്ന ഭാഗത്തു നിന്നു തന്നെ വന്ന ഒരു ബൊലിറോ അവൾക്കു മുന്നിൽ ബ്രേക്കിടുന്നു ..
ഡോർ തുറക്കപ്പെടുന്നു … … അവൾ കയറിയ ശേഷം ഡോർ അടയുന്നു … വാഹനം നിരത്തിലേക്കിറങ്ങുന്നു ..
ആലംകോഡുള്ള സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവി ദൃശ്യമാണ് പിന്നെ കണ്ടത് …
എന്റെ വാഹനം ആലംകോഡ് ജംഗ്ഷൻ പാസ് ചെയ്യുന്നതും തൊട്ടു പിന്നാലെ ബൊലിറോ പാസ് ചെയ്യുന്നതും അതിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട് ….
പിന്നീട് ആറ്റിങ്ങൽ പൂവൻപാറ മുതലുള്ള ദൃശ്യങ്ങളായിരുന്നു …
കച്ചേരി നടയിലെ ഹോട്ടൽ സോപാനത്തിന്റെ പാർക്കിംഗ് ഏരിയയിൽ എന്റെ കാർ പാർക്ക് ചെയ്യുമ്പോൾ തൊട്ടുപിന്നാലെ വന്നിരുന്ന ബൊലിറോ ഡ്രീംസ് തീയറ്ററിലേക്കുള്ള ഇടറോഡിലേക്ക് പാർക്ക് ചെയ്യുന്നു …
പിന്നീട് കഴക്കൂട്ടം വരെ ബൊലിറോ എന്നെ പിൻതുടരുന്നുണ്ടായിരുന്നു ….
കഴക്കൂട്ടത്തു നിന്നും തിരിഞ്ഞ് നെടുമങ്ങാട് റൂട്ടിലേക്ക് കയറിപ്പോകുന്നു ….
”ഈ വണ്ടി കണ്ടെത്തണം … ” ഷാനവാസ് പറഞ്ഞു …
”അന്വേഷിക്കുന്നുണ്ട് സർ … ആ റൂട്ടിൽ CCTV യുടെ അഭാവം ഉള്ളതുകൊണ്ട് ….”
” ഉം.. തമിഴ്നാട് രജിസ്ട്രേഷൻ ആണല്ലേ … ”
” അതേ മാഡം ”
”അത് ഫേക്ക് ആകാനും ചാൻസുണ്ട് … ഏതായാലും അന്വേഷിക്കണം ”
” yes മാഡം .. ”
” മാഡം കോൾ ഡീറ്റെയിൽസ് കിട്ടിയ സ്ഥിതിക്ക് ശ്രേയയുടെ പാരൻസിനെ കാണാൻ ഇനി വൈകണോ ?”
ഷാനവാസ് ചോദിച്ചു ..
”ആ .. അതു പറയാൻ വിട്ടു .. ഇന്നു മുതൽ ശ്രേയയുടെ വീടിന് പോലീസ് പ്രൊട്ടക്ഷൻ കൊടുക്കണം … അവർക്ക് സെക്യൂരിറ്റിയുണ്ടാകും … അതു നോക്കണ്ട …. ”
” ഇന്നെന്നു പറയുമ്പോൾ … ” കിരൺ സംശയിച്ചു …
” yes .. ഇന്നു മുതൽ … ”
“ok മാഡം … ”
“ഒരു പക്ഷെ നമ്മുടെ അന്വേഷണത്തിന്റെ പ്രത്യാഖ്യാതമാണ് ആര്യനാട് നടന്നതെങ്കിൽ , ശ്രേയയുടെ പാരൻസിനും അതു സംഭവിക്കാം … ”
“നവ്യ ഹരിദാസിന്റ കാര്യം … ” ഷാനവാസ് ചോദിച്ചു …
”ഈ അവസരത്തിൽ അവിടെ പോകണ്ട … ”
ശ്രേയയുടെ വീട്ടിലേക്ക് കോൺസ്റ്റബിൾസിനെ അയച്ച ശേഷമാണ് ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങിയത് …
ഔദ്യോഗിക വാഹനത്തിലിരിക്കുമ്പോൾ എന്റെ മനസിനെ മധിക്കുന്ന പല വിധ ചോദ്യങ്ങൾ ഉണ്ടായിരുന്നു….
ആരെയോ പരിക്കേൽപ്പിച്ചു രക്തം പുരണ്ട കത്തി തലസ്ഥാന നഗരത്തിൽ ചാർജ് എടുക്കുന്ന DIG യുടെ കാറിൽ അതി സമർത്ഥമായി തന്നെ ഉപേക്ഷിച്ചത് എന്തിനു വേണ്ടി ?
അതൊരു വെല്ലുവിളിയാണോ ?
അതോ മറഞ്ഞു നിൽക്കുന്ന ഏതോ ഒരു കൊലയാളി , അയാൾ പുറത്തു വരാൻ ആഗ്രഹിക്കുന്നതോ …?
വളരെയധികം പ്ലാൻ ചെയ്തിട്ടും രണ്ട് മരണം തടയാൻ തനിക്കായില്ല … അതിനർത്ഥം നിഴൽ പോലെ ആരോ പിൻതുടരുന്നു എന്നല്ലേ ….?
ആ മരണം തന്റെ പാകപ്പിഴയാണോ എന്നത് ഫോറൻസിക് റിപ്പോർട്ടുകൂടി വന്നിട്ടേ ഉറപ്പിക്കാൻ പറ്റൂ ….
പക്ഷെ ഇനി ഒരു മരണം , അതു താൻ തടഞ്ഞിരിക്കും …
ചിന്തകൾക്കിടയിൽ പെട്ടെന്ന് ആ പേര് ഓർമ വന്നു …
അന്ധര നാച്ചപ്പ …..
ഫോണെടുത്ത് കോൺടാക്ട്സിൽ നിന്നും ഫയിസൽ എന്നു സേവ് ചെയ്ത നമ്പർ കാളിംഗിൽ ഇട്ടു ….
ബെല്ലടിച്ചു തീരാറായപ്പോൾ മറുവശത്ത് ഫോൺ അറ്റൻഡ് ചെയ്തു …
“ഹലോ … മാഡം ….. വാട്ട് എ സർപ്രൈസ് ….. ഹൗ ആർ യൂ …? ”
”ya …. വെൽ … ഫൈസി ആകച്വലി ഐ വാണ്ട് യുർ ഹെൽപ് .. ”
” തോന്നി …. ചൈതന്യ IPS ന്റെ കോൾ കണ്ടപ്പോഴേ തോന്നി … പറയൂ എന്ത് ഹെൽപാ വേണ്ടത് ..?”
”ഫൈസീ ബാംഗ്ലൂർ ബെയ്സ്ഡ് ആയിട്ടുള്ള ഒരു പരസ്യ കമ്പനിയുണ്ട് ..വിഷ്വൽ മാക്സ് … എനിക്ക് അതിനെ കുറിച്ചുള്ള എല്ലാ ഡീറ്റെയിൽസും വേണം … നിനക്കേറ്റവും വിശ്വസ്ഥരായ അസിസ്റ്റന്റിനേ കൊണ്ടു വേണം അന്വേഷിപ്പിക്കാൻ ”
” നീ പറഞ്ഞാൽ ഞാൻ നേരിട്ടു പോയി അന്വേഷിക്കും … ”
” അതു വേണ്ട …. ബാഗ്ലൂർ നഗരത്തെ പിടിച്ചുകുലുക്കിയ ഫൈസൽ റഹ്മാൻ IPS നേരിട്ട് പോയാൽ വേണ്ടത് വേണ്ട വിധത്തിൽ തന്നെ കിട്ടണം എന്നില്ല …. എനിക്കവരുടെ വൈറ്റ് സർട്ടിഫിക്കറ്റ് അല്ല ആവശ്യം .. ”
“ഓ ..ok ….. അല്ല എന്താണ് തലസ്ഥാനത്ത് ഇരുന്ന് കൊണ്ട് ബാംഗ്ലൂരിൽ ഒരു അന്വേഷണം …? ”
“വേണം … ഫൈസി …. കോൺഫിഡൻഷ്യൽ ആയിരിക്കണം … വിഷ്വൽ മാക്സിനെ കുറിച്ച് മാത്രം പോര…. ഒരു അന്ധര നാച്ചപ്പ …വിഷ്വൽ മാക്സുമായി ബന്ധപ്പെട്ട് അങ്ങനെയൊരു സ്ത്രീയുണ്ടോ എന്നന്വേഷിക്കണം .. ”
”അന്ധര നാച്ചപ്പയോ ….? നീ ഏതു കേസിനെ കുറിച്ചാ അന്വേഷിക്കുന്നേ …? ”
മറുവശത്ത് ഫൈസിയുടെ ശബ്ദം ജാഗരൂകമായി ……
“ഒരു മാൻ മിസിംഗ് കേസ്….. ശ്രേയ നന്ദകുമാർ .. ബാംഗ്ലൂർ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ MBBS വിദ്യാർത്ഥിനി …. അവളുടെ കോൾ ലിസ്റ്റിൽ ഈ അന്ധര നാച്ചപ്പയുടേതും വിഷ്വൽ മാക്സിന്റെതും ഹോട്ട് നമ്പേർസ് ആണ് …”
“അന്ധര നാച്ചപ്പയുടെ നമ്പറോ …? അതിനു പിന്നാലെ പോയിട്ട് ഒരു യൂസുമുണ്ടാകില്ല ചൈതന്യ ….”
“വൈ ……? നീ തെളിച്ചു പറയ് ഫൈസി …..”
” കഴിഞ്ഞ ഒന്നര വർഷമായി ഞാൻ അവളുടെ പിന്നാലെയാണ് ….”
“ബാംഗ്ലൂർ നഗരത്തെ ഒന്നടങ്കം വിഴുങ്ങുന്ന മയക്കു മരുന്നു റാക്കറ്റിന്റെ പ്രധാന കണ്ണി അവളാണ് ….. പക്ഷെ അറസ്റ്റിലാകുന്നത് അതിന്റെ ഇങ്ങേ അറ്റത്തുള്ള ആരെങ്കിലും ഒരാൾ …..”
” പോലീസിനു മുന്നിൽ അവൻ കുറ്റം സമ്മതിക്കുന്നു … ജയിലിൽ പോകുന്നു…. കൂടിപ്പോയാൽ അവന്റെ കയ്യിൽ സാധനമെത്തിച്ച ഒരുത്തന്റെ പേര് കൂടി കിട്ടുന്നു …. അത്രയുമാകുമ്പോൾ കേസന്വേഷണം നിർത്തിവക്കാൻ മുകളിൽ നിന്ന് ഓർഡർ കിട്ടുന്നു …. ”
” ബാംഗ്ലൂർ നഗരത്തിലെ പ്രധാന കൊട്ടേഷൻ ടീംസിനെ തീറ്റി പോറ്റുന്നത് അന്ധര നാച്ചപ്പയാണ് …. ഇത്രയൊക്കെ എന്റെ അന്വേഷണത്തിൽ കിട്ടിയതാണ് ……”
“ഇവിടം കൊണ്ടും തീരുന്നില്ല … അന്ധര നാച്ചപ്പയുടെ പിന്നിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ ഇനിയും ബാക്കിയാണ് …
അവൾക്കു പിന്നിൽ മറ്റൊരു വൻ ശക്തിയുണ്ട് …. അതാരാണെന്നോ അയാളിലേക്കുള്ള വഴികളോ ഒന്നും ഇതുവരെയും തുറന്നു കിട്ടിയിട്ടില്ല ….. വേറെയും ചില സംശയങ്ങൾ ഉണ്ട് …. ഞാൻ നിനക്ക് മെയ്ൽ ചെയ്യാം …..”
” ഒക്കെ ഫൈസി ….അന്ധര നാച്ചപ്പയുടെ ഒരു ഫോട്ടോ കിട്ടുമോ ..?”
” ഇല്ല … കിട്ടിയാൽ ഞാൻ അയക്കാം … പിന്നെ വിഷ്വൽ മാക്സ് …… അത് ഞാൻ അന്വേഷിക്കട്ടെ ..”
സംഭാഷണം അവസാനിപ്പിച്ച് ഞാൻ സീറ്റിലേക്ക് ചാരി … മനസ് അസ്വസ്ഥമായിരുന്നു ……
പെൺകുട്ടികളെ ഒരു ഡ്രഗ് കാരിയർ ആയി ഉപയോഗിക്കാനായിരുന്നുവെങ്കിൽ , ഇങ്ങേയറ്റത്തുള്ള ഒരു കണ്ണിയെ അന്ധര നാച്ചപ്പ നേരിട്ട് വിളിക്കണമായിരുന്നോ ..?
“വിഷ്വൽ മാക്സിലേക്ക് ശ്രേയയാണ് ആദ്യം വിളിക്കുന്നത് …. അതെന്തിനു വേണ്ടിയായിരുന്നിരിക്കണം ..?
ചോദ്യങ്ങൾ പലതും ചോദ്യ ചിഹ്നങ്ങളായി തന്നെ എന്റെ മുന്നിൽ നിന്നു ….
വീടെത്തുമ്പോൾ പതിനൊന്നു മണി കഴിഞ്ഞിരുന്നു …
ഫ്രെഷായ ശേഷം കിച്ചണിൽ കയറി ഒരു ഗ്ലാസ് ഓട്സ് ഉണ്ടാക്കി …. ഡൈനിംഗ് ടേബിളിൽ വന്നിരുന്നു ..
ലാപ്പ് ഓൺ ചെയ്തു നേരത്തേ കണ്ട CCTV ദൃശ്യങ്ങൾ വീണ്ടും കാണാൻ തുടങ്ങി ….
ആലംകോഡ് നിന്നുള്ള ദൃശ്യത്തിൽ വാഹനങ്ങളുടെ സൈഡ് വ്യൂ കുറച്ച് ക്ലിയർ ആയി തന്നെ കിട്ടുന്നുണ്ട് …..
ഞാൻ ബൊലിറോയുടെ വിഷ്വൽസ് സൂം ചെയ്തു …
ഡ്രൈവിംഗ് സീറ്റിൽ ഒരു പുരുഷനാണ് എന്നു തോന്നി .. വൈറ്റ് ഷർട്ട് … ബട്ട് ഫെയ്സ് ക്ലിയർ ആകുന്നില്ല …
ഐ റ്റി വിങ്ങിൽ കൊടുത്താൽ ചിലപ്പോൾ അൾട്രാ സൂം ചെയ്ത് കിട്ടും …
കഴക്കൂട്ടം വരെയുള്ള മറ്റു ദൃശ്യങ്ങളിലൊന്നും ഇത്ര തന്നെ ക്ലാരിറ്റിയുണ്ടായിരുന്നില്ല ….
ഞാൻ മെയ്ൽ ബോക്സ് ഓപ്പൺ ചെയ്തു …
ഇരുപതോളം മെയ്ലുകൾ വന്നു കിടപ്പുണ്ടായിരുന്നു …
കൂട്ടത്തിലൊരെണ്ണം എന്നെ സ്ട്രൈക്ക് ചെയ്തു …
“വെൽവിഷർഡിയർമാഡം2018@ജിമെയ്ൽ .കോം ” എന്ന ഐ.ഡി യിൽ നിന്നൊരു മെയ്ൽ …..
ഞാൻ അത് ഓപ്പൺ ചെയ്തു ..
” Hai മാഡം ..,
കാത്തിരുന്നത് നിങ്ങൾക്ക് വേണ്ടിയാണ് .. രക്ഷിക്കാൻ ആ കരങ്ങൾക്ക് കരുത്ത് മതിയാകുമോ എന്നു സംശയമാണ് .
പക്ഷെ പ്രതീക്ഷ , അതു ഞങ്ങളുടെ അവകാശമാണ് ….
alfa illuminous mesolithic twise merging the stringent gestapo idiosyncrasy kink usurpation encode diligence -2 .
ഇത്രയുമായിരുന്നു ആ മെയ്ലിൽ ഉണ്ടായിരുന്നത് …
ഞാൻ ചിന്താ കുഴപ്പത്തിലായി …
അവസാനം ഇംഗ്ലീഷിൽ എഴുതിയിരിക്കുന്ന ഈ സെന്റൻസ് എന്താണ് …
ഏറെ നേരം ആ മെയ്ലിനു മുന്നിൽ ഞാനിരുന്നു …
തിരിച്ചെന്തെങ്കിലും മറുപടി അയക്കണോ … വേണ്ട …. നോക്കാം ഇനി എന്തെങ്കിലും വരുന്നുണ്ടോ എന്ന് ….
ലാപ്പ് ക്ലോസ് ചെയ്ത് ഞാൻ ബെഡ് റൂമിലേക്ക് വന്നു ….
മെബൈലിൽ മോണിംഗ് 5 AM നു അലാം സെറ്റ് ചെയ്തു …
ബെഡിലേക്ക് വീഴുമ്പോൾ തന്നെ എന്റെ കണ്ണുകളെ നിദ്ര പകുതിയോളം അപഹരിച്ചിരുന്നു ….
രാവിലെ കൃത്യം 5 മണിക്കു തന്നെ ഞാനുണർന്നു …
സ്പോർട്ട്സ് സ്യൂട്ട് ധരിച്ച് ഞാൻ പുറത്തിറങ്ങി …..
എന്റെ കാറിലായിരുന്നു യാത്ര ….
പ്രഭാത കിരണങ്ങൾ ഇനിയും വന്നു പുണർന്നിട്ടില്ലെങ്കിലും അനന്തപത്മനാഭന്റെ സങ്കീർത്ഥനം പുൽകിയുണർത്തിയ നഗര വിധിയിലൂടെ എന്റെ കാർ കുതിച്ചു പാഞ്ഞു ….
മണ്ണന്തലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കുറച്ചു ദൂരം മുന്നോട്ടോടി …
കേരളാദിത്യപുരമെന്ന കൊച്ചു ഗ്രാമത്തിലേക്ക് ഞാൻ പ്രവേശിച്ചു ….
ഇനിയാരുടെയെങ്കിലും സഹായം വേണം ഉദ്ദേശിച്ച ആളെ കണ്ടെത്താൻ …
ഞാൻ സ്പീഡ് കുറച്ച് ഡ്രൈവ് ചെയ്തു ..
എന്റെ വാഹനത്തിനെതിരെ പലരും കടന്നു പോയെങ്കിലും ആരോടും ഒന്നും ചോദിച്ചില്ല ..
ഒടുവിൽ കാർ ചെന്നു നിന്നത് ഒരു ക്ഷേത്രത്തിന്റെ ഗ്രൗണ്ടിലേക്കാണ് …
കേരളാദിത്യപുരം ദേവി ക്ഷേത്രം ….
ഞാൻ ചുറ്റിനും നോക്കി .. കൽപ്പടവുകൾക്ക് മുകളിലെ അരയാലിൻ ചോട്ടിൽ രണ്ടു പേർ സംസാരിച്ചിരുപ്പുണ്ട് ..
പക്ഷെ ഈ വേഷത്തിൽ ക്ഷേത്രപ്പടവുകൾ കയറിച്ചെന്നാൽ അത്ര സുഖകരമാകില്ല … പ്രത്യേകിച്ചും ഗ്രാമത്തിൽ …..
അതോർത്തപ്പോൾ മുത്തശ്ശിയുടെ മുഖം മനസിലേക്കോടി വന്നു …
ഒരു ചെറു ചിരിയോടെ വീണ്ടും നോക്കിയപ്പോൾ കുറച്ച് കുട്ടികൾ കയ്യിൽ തൂക്കുപാത്രങ്ങളുമായി നടന്നു വരുന്നത് കണ്ടു …..
പാൽ വാങ്ങാൻ പോകുന്നവരാകും …
ഞാൻ വിൻഡോ താഴ്ത്തി അവർ അടുത്തെത്തുന്നത് നോക്കിയിരുന്നു ….
അടുത്തെത്തിയപ്പോൾ ഞാൻ കൈകാട്ടി വിളിച്ചു …
കൂട്ടത്തിലേറ്റവും മുതിർന്നതെന്ന് തോന്നിയ കുട്ടിയോടായി ചോദിച്ചു ..
”ഈ ടാപ്പിംഗിനൊക്കെ പോകുന്ന ഹരിദാസിന്റെ വീട് അറിയുമോ ..?”
അവർ പരസ്പരം നോക്കി …..
” രണ്ടു മൂന്നു പേരുണ്ട് ആ പേരുള്ള ” ഒരാൾ പറഞ്ഞു …
“ഒരു പെൺകുട്ടിയുണ്ട് …. ആ കുട്ടിയെ കാണാതായി … നവ്യ എന്നാ പേര് ”
”ഓ … മനസിലായി മനസിലായി …. അതു ദേ ഈ വഴിയെ ഇറങ്ങിപ്പോയാൽ മതി …. നേരെ ചെല്ലുമ്പം ഒരു കടേണ്ട് … അതിനപ്പുറത്ത് സ്റ്റെപ്പ് കെട്ടിയിട്ടുണ്ട് … ആ സ്റ്റെപ്പ് കയറി ചെല്ലുമ്പം മൂന്നാമത്തെ വീടാ …”
അവർക്ക് നന്ദി പറഞ്ഞ് അവർ കാട്ടിതന്ന ആ ചെറിയ റോഡിലൂടെ ഞാൻ കാർ ഓടിച്ചു …
അൽപ്പം മുന്നിലേക്ക് ചെന്നപ്പോൾ തന്നെ കണ്ടു ഒരു കടയും അതിനപ്പുറത്തായി സ്റ്റെപ്പും …
കാർ പാർക്ക് ചെയ്ത് ഞാൻ പുറത്തിറങ്ങി ചുറ്റും നോക്കി ….
കടയിലുണ്ടായിരുന്ന പത്തോളം വരുന്ന ആളുകളുടെ കണ്ണുകളും എന്റെ നേർക്ക് നീണ്ടു വന്നു ….
അതു ഗൗനിക്കാതെ മെല്ലെ ഞാനാ പായൽ പടർന്ന സിമന്റ് പടവുകൾ കയറി ….
നവ്യയുടെ വീടു കണ്ടെത്താൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല ….
ഓടിട്ട ചെറിയൊരു വീടായിരുന്നു അത് ……
ഒതുക്കുകൾ കയറി ഞാൻ മുറ്റത്തേക്ക് പ്രവേശിച്ചു …
ടീ ഷർട്ട് ധരിച്ച് , കഴുത്തിലൂടെ തോർത്തു ചുറ്റി , ഏതാണ്ട് ആറുപതു വയസു മധിക്കുന്ന ഒരാൾ വീടിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങി വന്നു …
ഇത്ര പുലർച്ചെ വീടിനു മുന്നിൽ ഒരു അപരിചിതയെ കണ്ട് അയാൾ അമ്പരന്നു …
“ആരാ ……” സൗമ്യതയോടെ ആ മനുഷ്യൻ ചോദിച്ചു …
“നവ്യ ഹരിദാസിന്റെ വീടല്ലേ .. ?” ഞാൻ തിരിച്ചു ചോദിച്ചു ……
” അതെ ….” അൽപം സംശയിച്ച ശേഷമാണ് അവിടെ നിന്നും മറുപടി വന്നത് …
അപ്പോൾ അകത്തു നിന്ന് ഒരു സ്ത്രീയും പുറത്തേക്ക് വന്നു …
“നിങ്ങളാരാ ……” അയാൾ വീണ്ടും ചോദിച്ചു ….
” പോലീസ് …. DIG ചൈതന്യ IPS ” സ്ത്രീയുടെയും പുരുഷന്റെയും മുഖത്തേക്ക് ശ്രദ്ധിച്ചു കൊണ്ട് ഞാൻ പറഞ്ഞു ….
രണ്ട് മുഖങ്ങളിലും തെളിഞ്ഞ ഞെട്ടലും അമ്പരപ്പും വീക്ഷിച്ചു കൊണ്ട് തന്നെ ഞാനാ വീടിന്റെ പടിക്കെട്ട് കയറി …..
വാതിൽക്കൽ നിന്ന സ്ത്രീ പെട്ടെന്ന് ഒഴിഞ്ഞു മാറി …
പുരുഷൻ വേഗം അകത്തേക്ക് കയറി ഒരു ചെയർ എന്റെ നേർക്ക് നീക്കിയിട്ടു ….
”സാറിരിക്ക് …….” അയാൾ പറഞ്ഞു …
” നവ്യയുടെ അച്ഛനാണല്ലേ …..”
” അതേ ……… ഇത് അവളുടെ അമ്മയാ …. ” സ്ത്രീയെ അയാൾ തന്നെ പരിചയപ്പെടുത്തി ….
” നവ്യയെ കാണാതായിട്ട് ഇപ്പോൾ രണ്ടു മാസം കഴിഞ്ഞു അല്ലേ …..”
” അതേ സാർ ….” നവ്യയുടെ അച്ഛൻ മറുപടി പറഞ്ഞു …….
പെട്ടെന്ന് സ്ത്രീയിൽ ഒരു തേങ്ങലുണ്ടായി ….
”നവ്യ എന്തിനായിരുന്നു രണ്ടു മാസം മുൻപ് നാട്ടിൽ വന്നത് …? ”
“പരീക്ഷക്ക് സ്റ്റഡീ ലീവായിരുന്നു സാറേ ….. അതു കൊണ്ടാ അവൾ നാട്ടിലേക്ക് വന്നത് …..” അച്ഛനാണ് മറുപടി പറഞ്ഞത് …..
” മടങ്ങി പോകുന്നേന്റെ മൂന്നു ദിവസം മുന്നേ ഏതാണ്ടീ സമയത്ത് കോവിലിൽ പോകാൻ ഇറങ്ങിയതാ ……. പിന്നെ എന്റെ കുഞ്ഞ് തിരികെ വന്നില്ല …..”
ഏങ്ങലടിച്ചു കൊണ്ട് സ്ത്രീ പറഞ്ഞു …..
അകത്തുനിന്നും ഒരു പെൺകുട്ടി ഒരു ഗ്ലാസിൽ ചായയുമായി വന്ന് എന്റെ നേർക്ക് നീട്ടി ……
” ഈ കുട്ടി …..” ഞാൻ നവ്യയുടെ അച്ഛനെ നോക്കി…..
” നവ്യയുടെ അനിയത്തിയാ …. ”
“എന്താ കുട്ടീടെ പേര് ….?” ഞാനവളോട് ചോദിച്ചു ….
” നിത്യ ”
“ഏതു ക്ലാസിലാ ……”
” പ്ലസ് റ്റൂ ….”
” ഉം…..”
ഞാൻ ഗ്ലാസുമായി മെല്ലെ എഴുന്നേറ്റു ……
” നവ്യ ഉപയോഗിച്ചിരുന്ന റൂം ഒന്നു കാണണം ….”
മൂന്നു പേരും പരസ്പരം നോക്കി .
പെൺകുട്ടി വേഗം അകത്തേക്ക് പോകാൻ തുടങ്ങിയെങ്കിലും ഞാനവളെ തടഞ്ഞു …..
“രണ്ടു പേർക്കും കൂടി ഒരു മുറിയേ ഉള്ളു സാറെ …..” നവ്യയുടെ അമ്മ പറഞ്ഞു ….
” അതു കണ്ടാൽ മതി ….”
മൂന്നു മുഖങ്ങളിലും അകാരണമായ ഒരു പരിഭ്രമം ഞാൻ കണ്ടു ……
അവർ എന്നെ അകത്തേക്ക് നയിച്ചു ….
ഹാളിനെ കൂടാതെ മറ്റു രണ്ട് ഇടുങ്ങിയ മുറികളും ഒരടുക്കളയും ചേർന്നതാണ് ആ വീട് ….
അതിലൊരു മുറിയിലേക്കാണ് അവർ എന്നെ കൂട്ടിക്കൊണ്ടു പോയത് ……
” ഇതാണ് സാർ …..” നവ്യയുടെ അച്ഛൻ പറഞ്ഞു ….
ഞാനകത്തേക്ക് കയറി ……മുറിയാകമാനം വീക്ഷിച്ചു ….
മേശമേൽ നീല പുറംചട്ടയുള്ള ഒരു പുതിയ ഡയറി ഇരിപ്പുണ്ടായിരുന്നു ….
അതിന്റെ താൾ മറിച്ചു കൊണ്ട് ഞാൻ ചോദിച്ചു ….
” കഴിഞ്ഞ ദിവസം നവ്യ ഇവിടെ വന്നിരുന്നു അല്ലെ …..”
ആ തണുത്തുറഞ്ഞ പ്രഭാതത്തിലും മൂന്നു പേരും വെട്ടി വിയർക്കുന്നത് കണ്ട് കൊണ്ട് ഞാനാ ഡയറിയിലെ ആദ്യ പേജിലെ കുറിപ്പ് വായിച്ചു ………
അതിത്ര മാത്രമായിരുന്നു ………
alfa illuminous mesolithic twise merging the stringent gestapo ideosyncrasy kink usurpation encode diligence -2
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമൃത അജയൻ
(അമ്മുക്കുട്ടി ചെമ്പകത്ത് )
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission