എന്റെ ചോദ്യത്തിനു മൂന്നു പേരും ശബ്ദിച്ചില്ല …
ഇത്തവണ ഞാൻ സ്വരം അൽപ്പം കടുപ്പിച്ചു ..
” ചോദിച്ചത് കേട്ടില്ലേ … രണ്ടു മാസം മുൻപ് നിങ്ങൾ മണ്ണന്തല പോലീസ് സ്റ്റേഷനിൽ മകളെ കണാനില്ല എന്നു പറഞ്ഞു ഒരു പരാതി നൽകിയത് ഓർമയുണ്ടോ ..?
“ഉവ്വ് ……” നവ്യയുടെ അച്ഛൻ സമ്മതിച്ചു …
”അതിന്റെ ഭാഗമായി വന്നതാണ് ഞാൻ .. ”
ആരും ഒന്നും മിണ്ടിയില്ല ….
“എനിക്കറിയാം നവ്യ ഇവിടെ വന്നിരുന്നു …… കൃത്യമായി പറഞ്ഞാൽ മിനങ്ങാന്ന് രാത്രി …. അല്ലേ …? ”
ഞാൻ നവ്യയുടെ അമ്മയുടെ കണ്ണുകളിലേക്ക് ചുഴുന്നു നോക്കി ..
” ഇല്ല സാറേ … എന്റെ മോളു വന്നില്ല….. ”
നവ്യയുടെ അച്ഛൻ പറഞ്ഞു …. ആ ശബ്ദം വിറക്കുന്നുണ്ടായിരുന്നു ..
“പിന്നെയാരാ.. വന്നത് ”
വീണ്ടും നിശബ്ദത മാത്രം ……
“നിങ്ങൾ പറയാൻ തയ്യാറല്ലെങ്കിൽ പോയിട്ട് എനിക്ക് യൂണിഫോമിൽ വരേണ്ടി വരും .. ”
” പറയച്ഛാ …… നമുക്ക് എല്ലാം പറയാം …..” നിത്യ പേടിച്ചു വിതുമ്പിക്കൊണ്ട് പറഞ്ഞു ..
അച്ഛനും അമ്മയും ഞെട്ടലോടെ അവളെ നോക്കി …
അരുതെന്ന് ആ കണ്ണുകൾ അവളോട് പറയുന്നുണ്ടായിരുന്നു …
ഞാൻ നിത്യയുടെ തോളിൽ കയ്യിട്ട് എന്നിലേക്ക് ചേർത്തു നിർത്തി ….
” മോള് .. പറ ….” അവളുടെ കണ്ണുകളിലേക്ക് ശാന്തമായി നോക്കി കൊണ്ട് ഞാൻ പറഞ്ഞു …
” വേറൊരു ചേച്ചിയാ .. ഇവിടെ വന്നത് .. നവ്യ ചേച്ചീടെ കൂട്ടുകാരത്തിയാന്നാ പറഞ്ഞത് …..”
“എന്താ ആ ചേച്ചീടെ പേര് …? ”
“സൗമ്യ .. ”
“നിങ്ങൾക്ക് അവളെ നേരത്തേ പരിചയമുണ്ടോ ..?”
” ഇല്ല സാറേ ….” നവ്യയുടെ അച്ഛൻ പറഞ്ഞു ..
” പിന്നെ … നവ്യ പറഞ്ഞിട്ടുണ്ടോ ഇങ്ങനെ ഒരു ഫ്രണ്ടിനെക്കുറിച്ച് …? ”
” ഇല്ല … അവളുടെ കൂട്ടുകാരികളുടെ പേരൊക്കെ ഞങ്ങളോട് പറഞ്ഞിട്ടുള്ളതാ ..”
നവ്യയുടെ അമ്മ പറഞ്ഞു …
“സൗമ്യ എപ്പഴാ ഇവിടെ വന്നത് ..?”
“ഇന്നലെ വെളുപ്പിന് ഒരു നാലര മണിയൊക്കെയാകും .. ”
” നിങ്ങളെ വിളിച്ചുണർത്തിയോ ..?”
” ഇല്ല … ആ സമയത്ത് ഞങ്ങൾ എഴുന്നേൽക്കും … നാലേമുക്കാൽ ആകുമ്പം ഞാൻ റബ്ബർ വെട്ടാൻ പോകും .. എണീറ്റ സമയത്താ വന്നത്..”
” ആരൊക്കെയാണ് വന്നത് …? ”
” ആ കൊച്ച് മാത്രമേ ഉണ്ടാരുന്നോളൂ ….”
” ഇന്ന് നിങ്ങൾ ടാപ്പിംഗിന് പോയില്ലേ … ?”
” പോയി … ഈ സമയം ആകുമ്പം രണ്ടിടത്ത് കഴിയും … അന്നേരം ഞാനിങ്ങ് പേരും … വന്ന് ചായ കുടിച്ച് കാപ്പിയും ആയിട്ടാ പോയി ബാക്കിയും വെട്ടി പാലും എടുത്ത് പണിയൊക്കെ തീർത്തിട്ട് വരുന്നത് .. ”
” ഉം …. നവ്യയുടെ കോളേജിലേ ഗ്രൂപ്പ് ഫോട്ടോസോ മറ്റോ ഉണ്ടോ …? ”
” ഉണ്ട് … ” നിത്യ അപ്പോൾ തന്നെ മേശ വലിപ്പിൽ നിന്ന് രണ്ട് ഫോട്ടോഗ്രാഫ്സ് എടുത്ത് എന്റെ നേർക്കു നീട്ടി …
” ഈ കൂട്ടത്തിൽ സൗമ്യയുണ്ടോ …? ”
” ഇല്ല മാഡം.. ആ ചേച്ചി പോയപ്പോ തന്നെ ഞാനീ ഫോട്ടോസ് എടുത്ത് നോക്കിയാരുന്നു … ഇതിലൊന്നും ആ ചേച്ചിയില്ല … ”
” അവളെന്താ വന്നിട്ട് പറഞ്ഞത് …? ”
” ഈ ഡയറി ഇവിടെ വച്ചു …. ഇതാർക്കും കൊടുക്കരുത് … ഇത് രഹസ്യമായി സൂക്ഷിക്കണം എന്ന് പറഞ്ഞു ”
“നവ്യയെ കുറിച്ച് എന്ത് പറഞ്ഞു …..?”
പെട്ടെന്ന് നവ്യയുടെ അമ്മ പൊട്ടിക്കരഞ്ഞു ….
” പറയൂ ……”
“അമ്മ മറ്റൊന്നും ചോദിക്കരുതെന്ന് പറഞ്ഞു … വിധിയുണ്ടെങ്കിൽ ഇനിയും കാണാം …. നവ്യക്കു വേണ്ടി പ്രാർത്ഥിക്കണം എന്നു പറഞ്ഞു …..”
” അവൾ ധരിച്ചിരുന്ന വേഷം ….?”
”ജീൻസും ടോപ്പുമായിരുന്നു …. ” നിത്യ പറഞ്ഞു .
” കളർ ..?”
“നീല ജീൻസും പിങ്ക് ടോപ്പുമായിരുന്നു .. ”
”കയ്യിലെന്തൊക്കെയുണ്ടായിരുന്നു..?”
” ഈ ഡയറി മാത്രമേ ഉണ്ടായിരുന്നുള്ളു .. ” നിത്യ തന്നെയാണ് മറുപടി പറഞ്ഞത് …
” അവളെങ്ങനെയാ വന്നെ..?”
”വണ്ടിയിലാ …”
”ഏതു വണ്ടി .. ”
”അതറിയില്ല … താഴെ ഒരു വണ്ടി കിടപ്പുണ്ടാരുന്നു … അതിലാ വന്നതും പോയതും … ഇരുട്ടാരുന്നോണ്ട് ഏത് വണ്ടിയാന്ന് കാണാൻ പറ്റീല .. ശബ്ദം കേട്ടു ലൈറ്റും കണ്ടു .കാറായിരുന്നെന്നാ തോന്നണേ .. ”
ഡയറിയുടെ താളുകൾ ഞാൻ മറിച്ചു …. ആദ്യ പേജൊഴിച്ച് ബാക്കിയെല്ലാം ശൂന്യമായിരുന്നു ..
” അവളെ കണ്ടാൽ നിങ്ങൾക്ക് അറിയാമായിരിക്കുമല്ലോ .അല്ലേ? ”
മൂവരും തല ചലിപ്പിച്ചു …
” എന്തുകൊണ്ടാ ഈ വിവരം നിങ്ങൾ പോലീസിൽ അറിയിക്കാതിരുന്നത് …? ”
ആരും ഒന്നും മിണ്ടിയില്ല …
” ഒരാൾ പെട്ടെന്ന് കയറി വന്ന് ഞാൻ നിങ്ങളുടെ കാണാതായ മകളുടെ കൂട്ടുകാരിയാണെന്ന് പറഞ്ഞാൽ അത് അപ്പാടെ വിശ്വസിക്കുമോ …? ”
ആർക്കും ഉത്തരമില്ലായിരുന്നു ….
” പോരാത്തതിന് ഒരു ഡയറി കൂടി ഏൽപിച്ചു .. ഇത് നിങ്ങളെ കുരുക്കാനാണോ .. സഹായിക്കാനാണോ , അതോ നിങ്ങളുടെ മകളുടെ തിരോധാനത്തിൽ പങ്കുള്ളവരാണോ എന്നൊന്നും അറിയാതെ , സംശയിക്കാതെ അവൾ പറഞ്ഞതൊക്കെ വിശ്വസിച്ചു എന്നു പറഞ്ഞാൽ എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് .. ”
മൂന്നു മുഖങ്ങളിലും ചെറിയൊരു ഞെട്ടൽ പ്രകടമായി …
മേശമേൽ കിടന്ന ഒരു നോട്ട് ബുക്കിലേക്ക് എന്റെ നമ്പർ കുറിച്ചു വച്ചിട്ട് ഞാൻ പറഞ്ഞു
”ഇനി അവളിവിടെ വന്നാൽ എന്നെ അറിയിക്കണം … ”
മൂവരും ഉവ്വെന്ന് തല ചലിപ്പിച്ചു ….
“പിന്നെ ഞാനിവിടെ വന്ന വിവരം മറ്റാരും അറിയണ്ട … ”
അതിനും ഉവ്വെന്നായിരുന്നു മറുപടി …
ഇറങ്ങാൻ നേരം ഒരു ഉൾവിളി പോലെ കയ്യിലിരുന്ന ഡയറി ആ മേശപ്പുറത്തേക്ക് തന്നെ ഇട്ടു …
തിരികെയുള്ള യാത്രയിൽ തുടരന്വേഷണത്തിന്റെ ഒരു ഏകദേശ രൂപം ഞാൻ ഫ്രെയിം ചെയ്യുകയായിരുന്നു …..
* * * * * * * * * * * * * * * * * * * * * * * * *
കൃത്യം എട്ടരക്ക് തന്നെ ഞാൻ ഓഫീസിലെത്തി..
ഷാനവാസും കിരണും സജീവും ഓഫീസിലുണ്ടായിരുന്നു ….
DYSP റഹിമിനെ ഞാൻ ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ടായിരുന്നു ….
ലാപ്ടോപ്പ് ഓൺ ചെയ്യുന്നതിനിടയിൽ ഞാൻ ബെല്ലടിച്ച് കോൺസ്റ്റബിളിനെ വരുത്തി …
” ഷാനവാസിനോട് വരാൻ പറയൂ ..”
സെക്കന്റുകൾക്കുള്ളിൽ ഷാനവാസ് എന്റെ മുന്നിൽ അറ്റൻഷനായി …
” ഷാനവാസിരിക്ക് …. ഒൻപതരക്കാ എലിസബത്തിന്റെയും ജയിംസിന്റെയും പോസ്റ്റ്മോർട്ടം വച്ചിരിക്കുന്നത് .. ഷാനവാസ് മെഡിക്കൽ കോളേജിലുണ്ടാകണം .. ”
” yes മാഡം .. ”
അപ്പോഴേക്ക് ഡോറിൽ നോക്ക് ചെയ്ത് അനുവാദം ചോദിച്ചു കൊണ്ട് DYSP റഹിം അകത്തേക്ക് വന്നു ….
ഞാൻ ചെയറിലേക്ക് ചൂണ്ടി ഇരിക്കാനാവശ്യപ്പെട്ടു …
” ആര്യനാട് കേസിലെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത് ഒൻപതരക്കാണ് …റഹിം അവിടെയുണ്ടാകണം … ഷാനവാസ് കൂടെ വരും .. ”
“അല്ല മാഡം ….അതിപ്പോ ആ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കേസൊന്നും ഈ സമയം വരെ രജിസ്റ്റർ ചെയ്തിട്ടില്ലല്ലോ …? ” റഹിം ചോദിച്ചു …
” അതു ശരിയാണ് .., നാട്ടുകാര് പൗരസമിതി രൂപീകരിച്ച് കേസ് CBI ക്ക് വിടണമെന്ന് ആവശ്യപ്പെടുമ്പോൾ വൃണപ്പെടാനുള്ള നട്ടെല്ലും നാട്ടുകാരുടെ തള്ളക്കും തന്തക്കും വിളിക്കാനുള്ള നാവിന്റെ ലൈസൻസുമാണല്ലോ പോലീസ് ഡിപ്പാർട്ട്മെന്റിന് സ്വന്തമായിട്ടുള്ളത് ….?”
”മാഡം ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടല്ല …. ” വിളറിയ മുഖത്തോടെയാണ് റഹിം പറഞ്ഞതെങ്കിലും … ചെന്നിയിലെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നത് ഞാൻ കണ്ടു …
”പോലീസിന് സ്വമേധയാ കേസെടുക്കാനുള്ള ഒരു വകുപ്പും റഹിം അവിടെ കണ്ടിരുന്നില്ലേ …? ”
റഹിം ഒന്നും മിണ്ടാതെ തല കുനിച്ചു ….
” ആ സ്ത്രീയുടേത് കൊലപാതകമാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല ….. പിന്നെ പുരുഷന്റേത് ആത്മഹത്യയാണെന്ന് നൂറുശതമാനം ഉറപ്പിക്കാനും പറ്റില്ല … ”
ഞാൻ പറഞ്ഞു ……
”മാഡം ആ സ്ത്രീ കിടന്നിരുന്നത് അർത്ഥ നഗ്നയായിട്ടാണ്….. അടിവസ്ത്രം മാത്രമേ ആ ദേഹത്തുണ്ടായിരുന്നുള്ളു …. ”
“ഒരു പക്ഷെ ജയിംസ് അവരെ കടന്നാക്രമിച്ചിരിക്കണം … മൽപ്പിടുത്തത്തിനിടയിൽ ഉണ്ടായ പ്രകോപനത്തിൽ അയാൾ എലിസബത്തിനെ കൊന്നു ….. പക്ഷെ പിന്നീട് ഓർത്തപ്പോൾ എലിസബത്തിന്റെ മരണ വാർത്ത പുറം ലോകം അറിയുമ്പോഴുണ്ടാകുന്ന ഭൗഷ്യത്തുകൾ , പോലീസ് , കേസ് , ജയിൽ ……
അതൊക്കെ ഓർത്തപ്പോൾ ആത്മഹത്യയല്ലാതെ മറ്റൊന്നും അയാളുടെ മുന്നിലുണ്ടായിരുന്നില്ല …… ഇത്തരം കേസുകൾ നമ്മളൊരുപാട് അറ്റൻഡ് ചെയ്തിട്ടില്ലേ മാഡം ….”
“ഹ ….. എ വെൽ കുക്ക്ഡ് സ്റ്റോറി ….. പക്ഷെ ഇതിനിടയിൽ റഹിം പൂരിപ്പിക്കാൻ വിട്ടു പോയ ഒന്നു രണ്ടു കണ്ണികൾ ഉണ്ട് ….”
“ജയിംസ് എലിസബത്തിന്റെ കഴുത്തിൽ മുറിവുണ്ടാക്കിയ ആ ആയുധം എവിടെ ….?”
”പോലീസ് ഡോഗ് ഡോളി മണപ്പിച്ചു പോയിരിക്കുന്നത് പിന്നാമ്പുറത്തെ തുറക്കാതെ കിടന്നിരുന്ന ഗേറ്റിലൂടെ പുറത്തിറങ്ങി അധികമാരും ഉപയോഗിക്കാത്ത ഇടവഴിയിലൂടെ മെയ്ൻ റോഡിലേക്കാണ് …..
പുറത്തു നിന്ന് ആരുടേയോ സാനിധ്യം അവിടെയുണ്ടായിരുന്നു എന്നതിന് മറ്റു തെളിവുകളൊന്നും വേണ്ടല്ലോ …..? ആ പുറത്തു നിന്നുള്ള വ്യക്തി or വ്യക്തികൾ ആരായാലും അവർ ക്രിയേറ്റ് ചെയ്ത ആ സ്റ്റോറി അതേ തന്മയത്തത്തോടെയാണ് റഹിം അവതരിപ്പിച്ചത് ……”
റഹിം സൈഡിലേക്ക് മുഖം വെട്ടിച്ച് അൽപ സമയം നോക്കിയിരുന്നു ……
പിന്നെ പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു …
”ഒരു പക്ഷെ സ്ത്രീ മരിച്ചു എന്ന് ഉറപ്പായപ്പോൾ , ജയിംസ് രക്ഷപ്പെടാൻ ഒരു ശ്രമം നടത്തിക്കാണും.
മുൻവശത്തെ ഗേറ്റിലൂടെ പോയാൽ തന്നെയാരെങ്കിലും കാണും എന്ന് ഭയന്ന് , ആയുധവുമായി പിൻവശത്തെ ഗേറ്റിലൂടെ , മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാത്ത വഴിയിലൂടെ മെയ്ൻ റോഡിൽ കടന്ന് , അവിടെ നിന്ന് ഓട്ടോയോ മറ്റോ പിടിച്ച് മറ്റെവിടെയെങ്കിലും പോയി ആയുധം മറവു ചെയ്തിട്ടുണ്ടാകും ….
പക്ഷെ അപ്പോഴും അയാളുടെ ഭയം മാറിയിട്ടുണ്ടാകില്ല …. മാത്രമല്ല കുറ്റബോധവും തോന്നിയിട്ടുണ്ടാകാം ….
മരിച്ച എലിസബത്ത് ജയിംസിനെ ഒരു മകനെ പോലെയാണ് കണ്ടിരുന്നതെന്ന് ബന്ധുവിന്റെ മൊഴിയുണ്ട് ….
ഭയവും കുറ്റബോധവും മരിക്കുന്നതാണ് നല്ലതെന്ന് തോന്നിക്കാണും ….”
ഷാനവാസ് പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കി ….
ആ സാത്യത തള്ളിക്കളയാനാവില്ലെന്ന് ആ നോട്ടത്തിലുണ്ടായിരുന്നു ..
” ശരിയാണ് …… ആദ്യം സംഭവിച്ചത് എലിസബത്തിന്റെ മരണമാണെങ്കിൽ , ഈ പറഞ്ഞതിനെല്ലാം ചാൻസുണ്ട് ……
പക്ഷെ ആദ്യം സംഭവിച്ചത് ജയിംസിന്റെ മരണമാണെങ്കിലോ …? ”
റഹിമിന്റെ കണ്ണുകളിലേക്ക് നോക്കി ഞാൻ ചോദിച്ചു …..
ആ കണ്ണുകളിൽ ഒരു ഞെട്ടൽ ഞാൻ കണ്ടു …
“നമ്മളാ വീട്ടിലെത്തുമ്പോൾ 2.23 ആയിരുന്നു സമയം …. ” ഞാൻ ഷാനവാസിനെ നോക്കികൊണ്ട് പറഞ്ഞു….
ശരിയാണെന്ന അർത്ഥത്തിൽ ഷാനവാസ് തലയാട്ടി ….
“നമ്മൾ ബോഡി രണ്ടും പരിശോധിക്കുമ്പോൾ എലിസബത്തിന്റെ ബോഡി മരവിച്ചിട്ടില്ലായിരുന്നു ….
പക്ഷെ ജയിംസിന്റെ ബോഡി മരവിച്ചിരുന്നു ….
റിഗർ മോർട്ടിസ് ….. അതായത് മരണം സംഭവിച്ച് അഞ്ച് മണിക്കൂർ കഴിഞ്ഞിരുന്നു എന്നർത്ഥം ……
ദാറ്റ് മീൻസ് നമ്മൾ ബോഡി കണ്ട സമയം മുതൽ പിന്നിലേക്ക് നോക്കിയാൽ തന്നെ രാവിലെ 9.23 ന് മുൻപ് സംഭവിച്ചതാണ് ജയിംസിന്റെ മരണം …..
9.23 ന് മുൻപ് എപ്പോൾ , എത്ര മണിക്കൂർ മുൻപ് സംഭവിച്ചു എന്നൊക്കെ ഫോറൻസിക് റിപ്പോർട്ട് വന്നാൽ മാത്രമേ അറിയാൻ കഴിയൂ ….
എലിസബത്തിനോട് രാവിലെ പത്തിനും പതിനൊന്നിനുമിടയിലുള്ള സമയത്ത് സംസാരിച്ചിരുന്നു എന്ന് അയൽവാസി ശ്രീജയുടെ മൊഴിയുണ്ട് …..
അപ്പോൾ എലിസബത്തിന്റെ മരണം സംഭവിക്കുന്നത് ഈ പതിനൊന്നിനും നമ്മൾ ബോഡി കണ്ട 2.23 നും ഇടയിലുള്ള മൂന്നര മണിക്കൂറിനിടയിലെപ്പോഴോ ആണ് …”
ഷാനവാസും DYSP റഹിമും എന്റെ മുഖത്തേക്ക് ഞെട്ടലോടെ നോക്കിയിരുന്നു ……
” എല്ലാത്തിനും നമുക്ക് തിരക്കഥയുണ്ടാക്കാം ….. ഫോറൻസിക് റിപ്പോർട്ടും ഫിംഗർ പ്രിന്റ് ബ്യൂറോയുടെ റിപ്പോർട്ടും കൂടി വന്നോട്ടെ ”
” ശരി മാഡം ….. ഞാൻ മെഡിക്കൽ കോളേജിലേക്ക് പോകട്ടെ … ” വാച്ചിലേക്ക് നോക്കി കൊണ്ട് റഹിം പറഞ്ഞു …..
റഹിമിന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ഞാൻ മെല്ലെ തല ചലിപ്പിച്ചു ….. എന്തു കൊണ്ടോ റഹിമിന്റെ കണ്ണുകൾ എന്റെ കണ്ണുകൾക്ക് പിടിതന്നില്ല ….
റഹിം എഴുന്നേറ്റ് സല്യൂട്ട് ചെയ്ത് പുറത്തേക്കിറങ്ങി ……
” മാഡം ഞാനും …..” ഷാനവാസ് ചോദിച്ചു ….
” ഉം ….. എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ അറിയിക്കണം …… ഞാനും കിരണും ശ്രേയയുടെ വീട്ടിലേക്ക് പോകും … ”
“OK മാഡം ….” ഷാനവാസ് സല്യൂട്ട് ചെയ്ത് പുറത്തേക്ക് പോയി ….
ഞാൻ ബെല്ലടിച്ച് കിരണിനേയും സജീവിനെയും വരുത്തി …
”കിരൺ നമുക്ക് ശ്രേയയുടെ വീട്ടിലേക്ക് പോകണം ….. Mr . നന്ദകുമാർ നമ്മളെ വെയ്റ്റ് ചെയ്യുകയാണ് … ”
” ശരി … മാഡം …..”
” സജീവ് ….നെടുമങ്ങാട് റൂട്ടിലേക്ക് കയറിപ്പോയ ബൊലീറോ കണ്ടെത്തണം …. ഈ നെടുമങ്ങാട് സ്വകാര്യ സ്ഥാപനങ്ങളുടെ CCTV ക്യാമറകൾ ഉണ്ടാകും …. ദൃശ്യങ്ങൾ പരിശോധിക്കണം ….. ആ വണ്ടി നമ്പർ ഉണ്ടല്ലോ അതു വച്ചും ഒരന്വേഷണം നടത്തണം …..”
” OK മാഡം …..”
തൊപ്പി തലയിൽ ഫിറ്റ് ചെയ്ത് ഞാൻ എഴുന്നേറ്റു പുറത്തേക്ക് നടന്നു ….. പിന്നാലെ കിരണും …..
ഇനി ലക്ഷ്യം ശ്രേയനന്ദകുമാർ …….
വഴുതക്കാടുള്ള കൊട്ടാര സദൃശ്യമായ “സരോവരം ” എന്ന വീടിനു മുന്നിൽ എന്റെ ഔദ്യോഗിക വാഹനം നിന്നു …
ഹോണടിച്ചപ്പോൾ ഗേറ്റിലെ കിളിവാതിൽ തുറന്നു സെക്യൂരിറ്റി പുറത്തേക്ക് നോക്കി ..
ഉടൻ തന്നെ ഗേറ്റ് തുറക്കുകയും ചെയ്തു ….
വലിയ ഓടു പാകിയ മുറ്റത്തേക്ക് കാർ ചെന്നു നിന്നു ….
പുറത്തിറങ്ങി ഞാൻ ചുറ്റുമൊന്നു വീക്ഷിക്കുമ്പോൾ തന്നെ സിറ്റൗട്ടിനപ്പുറമുള്ള ചില്ലുവാതിൽ തുറന്ന് മധ്യവയസ്കനായ ഒരാൾ പുറത്തേക്ക് വന്നു ….
തൂവെള്ള മുണ്ടും ജുബ്ബയുമായിരുന്നു വേഷം ..
“വരണം മാഡം …..”
ഞങ്ങൾ അകത്തേക്ക് കയറി …
വിശാലമായ ലിവിംഗ് റൂമിലേക്ക് ഞങ്ങൾ പ്രവേശിച്ചു….
ഞങ്ങളോട് ഇരിക്കാനാവശ്യപ്പെട്ട് എതിരെയുള്ള സെറ്റിയിൽ അയാളുമിരുന്നു ….
ഉടൻ തന്നെ അകത്തു നിന്നും ഒരു പെൺകുട്ടി ട്രേയിൽ രണ്ടു ഗ്ലാസ് ജ്യൂസ് കൊണ്ട് വച്ച് അകത്തേക്ക് മറഞ്ഞു ….
“ശ്രേയയെ കുറിച്ച് ഞങ്ങൾക്ക് ചില കാര്യങ്ങൾ അറിയണം … അതിനാണ് വന്നത് …..” ഞാൻ തുടക്കമിട്ടു …
വിഷാദം നിഴലിക്കുന്ന ഒരു നോട്ടം അയാൾ എന്റെ നേർക്ക് അയച്ചു …
തൊട്ടു പിന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ടു ഞാൻ നോക്കി …..
വെളുത്ത് സുമുഖയായ ഒരു സ്ത്രീ … സാരിയാണ് വേഷം …. അവർ നടന്നു വന്ന് നന്ദകുമാറിന്റെ അരികിലായി ഇരുന്നു ……
” എന്റ വൈഫ് …. മനീഷ …. ” നന്ദകുമാർ പറഞ്ഞു ….
” ഉം ….15 /5/18 ന് ശ്രേയ നാട്ടിലേക്ക് വരാൻ പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടായിരുന്നോ …? ” ഞാൻ ചോദിച്ചു …..
”പ്രത്യേകിച്ച് കാരണമൊന്നുമില്ല … സാറ്റർഡെയും സൺഡേയും അവൾക്ക് അവധിയായിരുന്നു … രണ്ടു ദിവസം നിൽക്കാം എന്ന് പറഞ്ഞു വന്നതാ …”
നന്ദകുമാർ ആണ് മറുപടി പറഞ്ഞത് ..
” ശ്രേയ വന്നത് വെള്ളിയാഴ്ചയല്ലേ ….” ഞാൻ ചോദിച്ചു ….
” അതേ … വെള്ളിയാഴ്ച രാത്രി കയറിയാൽ ശനിയാഴ്ചയേ ഇവിടെയെത്തൂ .. അതു കൊണ്ട് ഒരു ദിവസം ലീവെടുത്തു വരാമെന്ന് പറഞ്ഞു … ”
“സാധാരണ അങ്ങനെ വരാറുണ്ടോ ..?”
”ഉവ്വ് ……” മനീഷ പറഞ്ഞു …
” ഈ മെഡിസിന് പഠിക്കാനുള്ള തീരുമാനം ശ്രയേയുടേതായിരുന്നോ …? ”
“അങ്ങനെ ഒരു അംബീഷനൊന്നുമല്ലായിരുന്നു …. പപ്പയുടെ താത്പര്യമായിരുന്നു … ” ശ്രേയയുടെ അമ്മ തന്നെയാണ് മറുപടി പറഞ്ഞത് ….
” ഉം …. പോകാൻ എതിർപ്പുണ്ടായിരുന്നോ …? ”
” ഇല്ല …. ”
” ശ്രേയ മുൻപ് ട്രിവാൻട്രം ലയൺസ് ക്ലബ്ബിന്റെ ബ്യൂട്ടി കോണ്ടസ്റ്റിൽ പങ്കെടുത്തിട്ടുണ്ട് അല്ലേ … ”
“ഉവ്വ് …. അന്നവൾ റണ്ണറപ്പായിരുന്നു ”
കണ്ണുകളിൽ ഒരു പ്രത്യേക തിളക്കത്തോടെ മനീഷ പറഞ്ഞു .. . പെട്ടെന്നു തന്നെ ആ കണ്ണുകൾ നിറയുകയും ചെയ്തു … …
” കോളേജിൽ ഇങ്ങനെ എന്തിനെങ്കിലും പങ്കെടുത്തിരുന്നോ ….?”
“ഉവ്വ്…… കഴിഞ്ഞ വർഷം , കോളേജിൽ നടന്ന ബ്യൂട്ടി കോണ്ടസ്റ്റിലും അവൾ പങ്കെടുത്തിരുന്നു ….. പക്ഷെ അതിലവൾക്ക് മാറ്റുരക്കാൻ കഴിഞ്ഞില്ല .. ”
” അത് അവളിൽ വല്ലാത്ത ഒരു നിരാശയുണ്ടാക്കിയിരുന്നോ ….?”
” ഇല്ല ….. അവളങ്ങനെ ഒരു ക്യാരക്ടറല്ല ….. നല്ല ആത്മവിശ്വാസമുള്ള കുട്ടിയാണ് ..
അന്നവൾ പറഞ്ഞത് മമ്മി നോക്കിക്കോ അടുത്ത വർഷത്തെ ഇന്റർ കോളേജ് ബ്യൂട്ടി കോണ്ടസ്റ്റിന്റെ ഫൈനലിൽ ഈ ശ്രേയ നന്ദകുമാർ ഉണ്ടാക്കുമെന്നാണ് ……”
“ശ്രേയക്ക് മോഡലിങ്ങിനോട് താത്പര്യമുണ്ടായിരുന്നോ …..?”
”ഏയ് … ഇങ്ങനെ ചില കോണ്ടസ്റ്റിലൊക്കെ പങ്കെടുത്തിട്ടുണ്ടെന്നല്ലാതെ … ”
നന്ദകുമാർ പറഞ്ഞു ..
”ശ്രേയ നാട്ടിലേക്ക് വരുന്ന വിവരം എപ്പോഴാണ് നിങ്ങളെ അറിയിച്ചത് …? ”
” വ്യാഴാഴ്ച രാവിലെ വിളിച്ചു പറഞ്ഞു …. ഈവനിംഗ് നാട്ടിലേക്ക് തിരിക്കും എന്ന് …”
” അവളെ പിക്ക് ചെയ്യാൻ ആരും പോയില്ലേ …..”
” കാറയച്ചിരുന്നു …….”
” അവൾ സ്റ്റേഷനിൽ വന്നിറങ്ങിയിരുന്നു …….. ഇറങ്ങുന്നതിന് മുൻപ് നിങ്ങൾ അവളെ വിളിച്ചിരുന്നില്ലേ …..”
” വിളിച്ചിരുന്നു ……. എത്തിയോ എന്നറിയാൻ വിളിച്ചതാ…. ”
“രണ്ടുവട്ടം വിളിച്ചിരുന്നല്ലോ നിങ്ങൾ …… ”
“ഉവ്വ് …. ഞാനാണ് വിളിച്ചത് …. കാറിൽ കയറിയോ എന്നറിയാൻ വിളിച്ചു …..” മനീഷ പറഞ്ഞു …
” അപ്പോൾ എന്തായിരുന്നു ശ്രേയ പറഞ്ഞത് …..?”
” കാർ കണ്ടില്ല എന്നു പറഞ്ഞു …. ”
”അതെന്തു പറ്റി ….. നിങ്ങൾ വണ്ടി അയച്ചതല്ലേ …..”
”അതേ ….. അന്ന് ബ്ലോക്കുണ്ടായിരുന്നു … നിയമസഭയിലേക്ക് എന്തോ മാർച്ച് നടന്ന ദിവസമായിരുന്നു …. അങ്ങനെ വൈകിയാണ് സ്റ്റേഷനിൽ എത്തിയത് …. ”
”ആരാണ് ഡ്രൈവർ …? ”
“രാജേഷ് ….”
“ഇവിടെയുണ്ടോ ആൾ …..”
” ഇല്ല…. മാനേജരെ ഒരു മീറ്റിങ്ങിനു കൊണ്ടു പോയിരിക്കുകയാണ് ….”.
സംസാരിച്ചിരിക്കുമ്പോൾ സൈഡിലെ റൂമിന്റെ ഡോർകർട്ടൻ വകഞ്ഞു മാറ്റി ….. ഒരു വീൽ ചെയർ പുറത്തേക്ക് വന്നു …..
അതിൽ പതിനഞ്ചു വയസു തോന്നിക്കുന്ന ഒരാൺകുട്ടി ഇരിപ്പുണ്ടായിരുന്നു …..
അവൻ തന്നെയാണ് വീൽ ചെയറിന്റെ ചക്രങ്ങൾ തിരിക്കുന്നത് ….
” ഇത് …….” ഞാൻ നന്ദകുമാറിന്റെ മുഖത്തേക്ക് നോക്കി ……
“ഞങ്ങളുടെ മകനാ …..”
ആ കാലുകൾക്ക് ചലനശേഷി ഇല്ല എന്ന് ഞാൻ മനസിലാക്കി …..
” മാഡം ചോദിച്ചില്ലേ …… എന്റെ മോൾ ഇടക്കിടക്ക് നാട്ടിലേക്ക് വരുമായിരുന്നോ എന്ന് …… അവളുടെ പെട്ടെന്നുള്ള വരവുകൾക്ക് കാരണം ഇവനാണ് ……
ജീവനായിരുന്നു എന്റെ മോൾക്ക് അവളുടെ ശ്രീക്കുട്ടനെ …..”
ഒരു പൊട്ടിക്കരച്ചിലിന്റെ അകമ്പടിയോടെ മനീഷ പറഞ്ഞു ……
ശ്രീക്കുട്ടന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പി …..
നന്ദ കുമാറിന്റെ കണ്ണുകളിലും നീർത്തിളക്കം ഞാൻ കണ്ടു …….
“എനിക്ക് ശ്രേയയുടെ റൂമൊന്നു കാണണം …… ”
നന്ദകുമാർ മനീഷക്ക് കണ്ണുകൾ കൊണ്ട് അനുമതി നൽകി ……..
“വരൂ മാഡം …… ”
മനീഷ എഴുന്നേറ്റ് മുന്നിൽ നടന്നു ….. പിന്നാലെ ഞാനും കിരണും …..
മുകൾ നിലയിലെ വലിയൊരു റൂമിലേക്കാണ് ഞങ്ങൾ ചെന്നത് ……
കമനീയമായ മുറിയിലെ ചുവരുകളിൽ സുന്ദരിയായ ഒരു പെൺകുട്ടിയുടെ വിവിധ പോസുകളിൽ ഉള്ള ഫോട്ടോസ് …..
വെളുത്ത് മെലിഞ്ഞ്, നീണ്ട നാസികയും വിടർന്ന കുസൃതി കണ്ണുകളും ….. മാറിലേക്ക് വീണു കിടക്കുന്ന മിനുസമുള്ള മുടിയിഴകളും …. ചുവന്ന വിടർന്ന അധരങ്ങൾക്കിടയിലെ മുല്ലമൊട്ടുകൾ പോലുള്ള പല്ലുകാട്ടിയുള്ള ചിരിയും ……..
ആരും ആ ഫോട്ടോയിലെ ഇരുപതുകാരിയുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ നിന്നു പോകും …..
കേസ് ഫയലിലെ പാസ്പോർട്ട് സൈസ് ഫോട്ടോയിൽ താൻ കണ്ട ശ്രേയയല്ല ഇതെന്ന് പോലും തോന്നിപ്പോയി ….
ടേബിളിൽ പലതരം മേക്കപ്പ് സെറ്റുകൾ …….
ഷെൽഫിൽ ഭംഗിയായി അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ ……..
ഞാൻ അവയിലൂടെ വിരലോടിച്ചു …….
പലതും മെഡിക്കൽ ടെക്സ്റ്റ് ബുക്കുകളാണ് ….
കൂട്ടത്തിൽ ഒരു ചെറിയ ബുക്ക്ലെറ്റിൽ എന്റെ കൈ നിശ്ചലമായി …..
ഞാനതെടുത്തു …….
കവർ പേജിൽ ഒരു വിദേശ വനിതയുടെ ചിത്രമുള്ള ആ ബുക്ക്ലെറ്റിന് മുകളിൽ “ക്ലിക്” എന്ന് വലിയ ഫോണ്ടിൽ എഴുതിയിട്ടുണ്ട് …..
ഞാനത് മറിച്ചു …….
അതിനുള്ളിലെ ഒരു ആഡ് ടൈറ്റിലിൽ എന്റെ കണ്ണുടക്കി ….
“വിഷ്വൽ മാക്സ് ….”
“ഇതെവിടുന്നാ ശ്രേയക്ക് കിട്ടിയത് ……”
മനീഷ സംശയത്തോടെ അതിലേക്ക് നോക്കി ….
“അറിയില്ല മാഡം …. ബാംഗ്ലൂരിൽ നിന്ന് കൊണ്ടുവന്നതാകും …… ”
അതിന്റെ പേജിലേക്ക് നോക്കിയിട്ട് അവർ പറഞ്ഞു …..
“ഇതെന്തോ…. ഫാഷൻ റിലേറ്റഡ് ബുക്ക് അല്ലേ…. അവളീ കോണ്ടസ്റ്റിലൊക്കെ പങ്കെടുക്കുന്നത് കൊണ്ട് …… ഇത്തരം ബുക്സ് റെഫർ ചെയ്യാറുണ്ട് ……. അങ്ങനെ കൊണ്ടുവന്നതാകും …..”
” ഉം …….. ഇത് തത്ക്കാലം എന്റെ കയ്യിലിരിക്കട്ടെ ….”
അവർ ചോദ്യ ഭാവത്തിൽ എന്നെ നോക്കി ……
പക്ഷെ മറുത്തൊന്നും പറഞ്ഞില്ല ……..
ഞങ്ങൾ മടങ്ങാനായി മുറ്റത്തേക്കിറങ്ങുമ്പോൾ ഒരു ഇന്നോവ അകത്തേക്ക് ഒഴുകി വന്നു നിന്നു ……
കോ ഡ്രൈവർ സീറ്റിൽ നിന്നും നാൽപതു വയസോളം പ്രായമുള്ള ഒരാൾ പുറത്തേക്കിറങ്ങി ……. എക്സിക്യൂട്ടീവ് ലുക്കിൽ ഒരാൾ ……
കയ്യിൽ ഒന്നു രണ്ടു ഫയലുകൾ ഉണ്ട് …….
ഭവ്യതയോടെ അയാൾ അടുത്തേക്ക് വന്നു …..
” ഇതാരാണ് …….” ഞാൻ നന്ദകുമാറിനോട് ചോദിച്ചു ….
“എന്റെ മാനേജരാണ് ……. Mr .രമേശ് ….”
ഞാൻ തല ചലിപ്പിച്ചു കൊണ്ട് മുറ്റത്തേക്കിറങ്ങി …………
മുറ്റത്ത് തിരിഞ്ഞ് ഞങ്ങളുടെ വാഹനം പുറത്തേക്കിറങ്ങുമ്പോൾ സൈഡ് മിററിലൂടെ തീക്ഷ്ണതയുള്ള രണ്ടു കണ്ണുകൾ പിൻതുടരുന്നത് ഞാൻ കണ്ടു …..
* * * * * * * * * * * * * * * * * * * * * * * * *
തിരികെയുള്ള യാത്രയിൽ എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു …….
ഫോൺ കാതോട് ചേർത്ത് ഞാൻ ഹലോ പറഞ്ഞു …….
”ഹലോ…. മാഡം … ഇത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് ലാബിൽ നിന്നാണ് ……”
”ആ ……. പറഞ്ഞോളൂ … ”
” കഴിഞ്ഞ ദിവസം ഒരു ക്നൈഫ് ഇവിടെ പരിശോധനക്ക് അയച്ചിരുന്നില്ലേ ……. അതിന്റെ റിസൾട്ട് ആയിട്ടുണ്ട് …….”
“ഓക്കെ …. ഞാനിപ്പോളെത്താം ”
” ശരി …. മാഡം …… ”
മറുവശത്ത് കോൾ കട്ടായി ……..
വണ്ടി മെഡിക്കൽ കോളേജിലേക്ക് വിടാൻ ഞാൻ ഡ്രൈവർക്ക് നിർദ്ദേശം നൽകി ……
കാർ പട്ടത്തു നിന്നും മെഡിക്കൽ കോളേജ് റോഡിലൂടെ മുന്നിലേക്ക് പാഞ്ഞു ………
(തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമൃത അജയൻ
(അമ്മുക്കുട്ടി ചെമ്പകത്ത് )
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission