Skip to content

നിൻ നിഴലായി – ഭാഗം 4

nin nizhalay aksharathalukal novel

രേഖയോട് എന്താണ് പറയേണ്ടത്?. എനിക്കറിയില്ല…ഒന്നു മാത്രമറിയാം എന്റെ ഉത്തരങ്ങൾ ഒന്നുമവളെ തൃപ്തിപ്പെടുത്തുന്നവയല്ല…

മായയ്ക്ക് ഒന്നുറക്കെ അലറി കരയാൻ തോന്നി. ഈ പൊയ്‌മുഖം വലിച്ചെറിഞ്ഞു ഒന്നുറക്കെ കരയാൻ പോലും എനിക്ക് സാധിക്കുന്നില്ലല്ലോ.ചുറ്റും അദൃശ്യമായ ചങ്ങലക്കെട്ടുകളാണ്. ഒന്ന് പിടയാൻ പോലും ആവില്ല.

പിറ്റേന്ന് ഓഫീസിലേക്ക് ഇറങ്ങുമ്പോഴും മായയുടെ മനസ്സിൽ ആധിയായിരുന്നു. രേഖയെ നന്നായി അറിയാവുന്നത് കൊണ്ടാണ് ഈ ടെൻഷൻ . സിദ്ധുവേട്ടനെ പോലെ തന്നെ.

സിദ്ധാർഥ് എത്തിയിട്ടുണ്ടായിരുന്നില്ല. മായയ്ക്ക് നല്ല തിരക്കായിരുന്നു. ഒന്നും ആലോചിക്കാൻ അവൾക്കു സമയം കിട്ടിയില്ല.

ലഞ്ച് ബ്രേക്കിനോടടുപ്പിച്ചാണ് സിദ്ധാർഥ് കയറി വന്നത്. കൂടെ വേദികയും. രണ്ടുപേരും അവളുടെ മുൻപിലൂടെ ആണ് സിദ്ധാർത്ഥിന്റെ ഓഫീസിലേക്ക് പോയത്. നോക്കാതിരിക്കാൻ ശ്രെമിച്ചെങ്കിലും വേദിക കൈ കൊണ്ടു ഹായ് കാണിച്ചു ചിരിച്ചപ്പോൾ തിരിച്ചു ചിരിക്കാതിരിക്കാൻ മായയ്ക്ക് കഴിഞ്ഞില്ല. ഉള്ളിലുയർന്ന നോവിനോടൊപ്പം സന്തോഷവും തോന്നി മായയ്ക്ക്. ചിത്ര ചേച്ചിയെ പോലെയല്ല നല്ല കുട്ടിയാണ്. കാണാനും സുന്ദരി. എന്തു കൊണ്ടും സിദ്ധുവേട്ടന് ചേരും.

പിന്നെ എന്താണോ അവരെ രണ്ടു പേരെയും ഒരുമിച്ച് കാണുമ്പോൾ തന്റെ മനസ്സ് വെള്ളത്തിൽ നിന്ന് പിടിച്ചിട്ട മീനിനെ പോലെ പിടയുന്നത്. ഒരിക്കൽ തന്റേത് മാത്രമായിരുന്ന ആ സ്നേഹം മറ്റൊരാൾ പങ്കിട്ടെടുക്കുന്നതു കാണുമ്പോളാണോ മനസ്സിത്രമേൽ പിടയുന്നത്. ആത്മനിന്ദയോടുള്ള ഒരു പുഞ്ചിരി മായയുടെ ചുണ്ടിൽ വിടർന്നു.

സുനിതചേച്ചി ഫുഡ്‌ കഴിക്കാൻ വിളിച്ചപ്പോൾ മായ പോയില്ല. വിശപ്പ് തോന്നുന്നില്ല.സിദ്ധാർഥ് ഏല്പിച്ച ജോലികളൊക്കെ തീർത്തു വാഷ് ഏരിയയിലേക്ക് പോവാൻ എണീറ്റപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.

“മായ, ആ ഇൻഡിഗോയുടെ ഡീറ്റെയിൽസ് ഒന്ന് എനിക്ക് വേണം ”

മായ തിരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപേ സിദ്ധാർഥ് ഫോൺ വെച്ചിരുന്നു.

വഴക്ക് പറയാൻ ആണെങ്കിൽ പോലും ഓരോ തവണയും ആ ശബ്ദം കാതിൽ എത്തുമ്പോൾ ഒരു വിറയലാണ്. കൈയെത്തും ദൂരെ നഷ്ടപെട്ടു പോയ എന്റെ പ്രണയം…

സ്വന്തമാക്കുന്നതല്ല മനസ്സിൽ സൂക്ഷിക്കുന്നതാണ് പ്രണയം.

ഓർത്തപ്പോൾ ചിരിയാണ് വന്നത്. പറയാനും കേൾക്കാനും മാത്രം സുഖമുള്ള വാക്കുകൾ.കള്ളമാണെന്ന് എല്ലാവർക്കും അറിയാം, എന്നാലും പറയുന്നു.

എല്ലാം അങ്ങിനെയാണ്… അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ ആ പൊള്ളൽ. മായാത്ത പാടുകൾ അവശേഷിപ്പിച്ചു കൊണ്ടു ഇടയ്ക്കിടെ വീണ്ടും വീണ്ടും കുത്തി നോവിക്കുന്ന മുറിവുകൾ. സ്വയം എരിഞ്ഞു തീരുന്ന മെഴുകുതിരി പോലെയാണ് എന്റെ ഈ ജന്മം…

അകത്തു നിന്നുള്ള പെർമിഷൻ കിട്ടി മായ വാതിൽ തുറന്നു കയറിയപ്പോൾ സിദ്ധാർഥും വേദികയും എന്തോ പറഞ്ഞു ചിരിക്കുകയായിരുന്നു.

“ഹേയ് നോ നോ, യൂ ലുക്ക് ഹാൻഡ്സം ഇൻ ദിസ്‌. അല്ലെ മായ? ”

മായ ഒരു ഞെട്ടലോടെ ആണ് വേദികയെ നോക്കിയത്.

“ഞാൻ പറയുകയായിരുന്നു സിദ്ധുവിന് കാഷ്വൽസ് ആണ് കൂടുതൽ ചേരുകയെന്ന്. അല്ലേ? ”

ചുണ്ടിൽ എങ്ങിനെയാണ് ചിരി വന്നതെന്ന് മായയ്ക്ക് അറിയില്ലായിരുന്നു. അവളുടെ കണ്ണുകൾ സിദ്ധാർഥിൽ എത്തി. കണ്ണുകളിടഞ്ഞപ്പോൾ ആ നോട്ടം നേരിടാനാവാതെ മായ മുഖം കുനിച്ചു.

എന്നെങ്കിലും അറിയുമോ പ്രാണനാണ് എനിക്കെന്നു… ഇപ്പോഴും. അത്ര മേൽ സ്നേഹിച്ചിരുന്നുവെന്ന്. മറ്റെന്തിനെക്കാളും… പറയാനാവില്ല ഈ ജന്മം.നാവിനെ ബന്ധിച്ചിരിക്കയാണ് വാക്കുകൾ കൊണ്ട്…

ഡോറിൽ തട്ടി ഉള്ളിലേക്ക് വന്ന ആളെ കണ്ടപ്പോൾ മായയ്ക്ക് എങ്ങോട്ടെങ്കിലും ഓടി പോവാനാണ് തോന്നിയത്.

അവരുടെ അടുത്തെത്തിയ രേഖ വേദികയെ അവിടെ പ്രതീക്ഷിച്ചില്ല എന്ന് മായയ്ക്ക് മനസ്സിലായി.

“ഹായ് രേഖ ചേച്ചി എങ്ങിനെ ഇവിടെ
എത്തി ”

വേദിക ചോദിച്ചു.

“ഞാൻ ഒരു നാടകം കാണാൻ ഇറങ്ങിയതാണ് ”

“നാടകം…? ”

വേദികയ്ക്ക് ഒന്നും മനസ്സിലായില്ല. രേഖയുടെ വാക്കുകളിലെ പരിഹാസത്തിന്റെ മുൾമുന മായയിലേക്കെത്തി നിന്നു.

“ഞാൻ ഇതു വഴിയൊന്നു പോയപ്പോൾ കയറിയതാണ് കൊച്ചേ ”

വേദികയോട് പറഞ്ഞിട്ട് രേഖ സിദ്ധുവിനെ നോക്കി.

“സിദ്ധുവേട്ടാ, എനിക്ക് മായയെക്കൊണ്ട് ഒരാവശ്യം ഉണ്ട്. വിത്ത്‌ യുവർ പെർമിഷൻ ഞാൻ അവളെയൊന്ന് കൊണ്ടു പോവുകയാണ്. കുറച്ചു സമയത്തിനുള്ളിൽ തിരികെ കൊണ്ടു വിടാം ”

“മായയ്ക്ക് ഇവിടെ കുറച്ചു ജോലിയുണ്ട് രേഖ ”

“എന്തു ജോലിയാണെങ്കിലും അവൾ വന്നിട്ട് ചെയ്തു തീർത്തോളും ”

സിദ്ധുവിന്റെ മറുപടിയ്ക്ക് കാക്കാതെ രേഖ മായയുടെ കൈയിൽ പിടിച്ചു പുറത്തേക്ക് നടന്നു. പിന്തിരിഞ്ഞു നോക്കവേ മായയുടെ മുഖത്ത് കണ്ട അപേക്ഷാഭാവം സിദ്ധുവിൽ ഭാവമാറ്റം ഒന്നുമുണ്ടാക്കിയില്ല. അല്ലെങ്കിലും ആ കണ്ണുകൾ എന്നോടിപ്പോൾ ഒന്നും പറയാറില്ലല്ലോ… തിരിഞ്ഞു നടക്കവേ മായ ഓർത്തു.

“അവർ ക്ലാസ്സ്‌ മേറ്റ്സ് ആണ് ”

അമ്പരന്ന് നിൽക്കുന്ന വേദികയോടായി സിദ്ധു പറയുന്നത് മായ കേട്ടിരുന്നു.

കാറിനുള്ളിലെ മൗനം മായയെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു. കോഫി ഷോപ്പിൽ എത്തി വെയ്റ്റർ വന്നു ഓർഡർ എടുക്കുന്നത് വരെ രേഖ ഒന്നും മിണ്ടിയില്ല.പിന്നെ പറഞ്ഞു.

“ഇനി പറയ്…. ”

മായ മിണ്ടാതെ തന്നെയിരുന്നു.

“എന്താടി നിന്റെ നാവിറങ്ങി പോയോ,ഒന്നും രണ്ടുമല്ല , നാലഞ്ച് വർഷമായി ഞാൻ നിന്റെ പുറകെ നടക്കുന്നു. എന്നെ കാണാനോ സംസാരിക്കാനോ കൂട്ടാക്കാതെ നീ ഈ ഒളിച്ചു കളി തുടങ്ങിയിട്ട് വർഷങ്ങളായി. പറയ്, എനിക്കറിയണം എന്താണ് നിങ്ങൾക്കിടയിലെ പ്രശ്നമെന്ന്. നിനക്കറിയോ, എന്റെ കെട്ട്യോനേം പിള്ളേരേം അന്യനാട്ടിലിട്ട് ഞാൻ ഇപ്പോൾ ഇങ്ങോട്ട് വന്നത് സിദ്ധുവേട്ടന്റെ കല്യാണം ആണെന്ന് അറിഞ്ഞിട്ട് തന്നെയാണ്… ”

ഒന്ന് നിർത്തി രേഖ തുടർന്നു.

“എനിക്കറിയണം, പരസ്‌പരം പ്രാണനായി സ്നേഹിച്ചിട്ട് ഇന്ന് ഇങ്ങനെ അന്യരെപ്പോലെ നിൽക്കാൻ മാത്രം എന്താണ് കാരണമെന്ന്. സിദ്ധുവേട്ടൻ പറഞ്ഞ കുറച്ചു കാര്യങ്ങളേ എനിക്കറിയൂ.സിദ്ധുവേട്ടൻ കെട്ടിയ താലി തിരികെ ഊരി കൊടുക്കാൻ മാത്രം എന്തു തെറ്റാണ് അങ്ങേര് നിന്നോട് ചെയ്തത്?. ആ മനുഷ്യൻ എത്ര മാത്രം വേദനിച്ചുവെന്ന് നിനക്കറിയാമോ? ”

വെയ്റ്റർ കോഫിയുമായ് വരുന്നത് കണ്ടു രേഖ സംസാരം നിർത്തി.അയാൾ പോയപ്പോഴേക്കും രേഖയോട് പറയാനായി മായ മനസ്സിൽ രൂപപ്പെടുത്തിയെടുത്തത് വാക്കുകളായി പുറത്തെത്തിയിരുന്നു.

“അന്ന് പറഞ്ഞത് തന്നെയേ എനിക്കിന്നും പറയാനുള്ളൂ രേഖ, മംഗലത്ത് സിദ്ധാർഥ് മാധവിന് ഒരിക്കലും ചേരുന്നവളല്ല ഈ മായ. എനിക്ക് അതിനുള്ള യോഗ്യതയില്ല,
ഭാഗ്യവും ”

കണ്ണു നിറഞ്ഞു പോവുമോ എന്ന പേടി മായയ്ക്ക് ഉണ്ടായിരുന്നു.

“മിണ്ടരുത് നീ. സിദ്ധുവേട്ടൻ പ്രണയം പറഞ്ഞപ്പോൾ തൊട്ട് നീ പറയാൻ തുടങ്ങിയതാണീ വാക്കുകൾ. യോഗ്യതയില്ലെങ്കിൽ പിന്നെ എന്തിനാടീ നീ അങ്ങേരുടെ താലിയ്ക്ക് വേണ്ടി തല കുനിച്ചത്?. കൂടെ നടന്നത്, പിന്നെ…. എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്.. ”

“രേഖ.. ”

മായയുടെ ശബ്ദം ഉയർന്നിരുന്നു. ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

“എനിക്കറിയാം മായ സിദ്ധുവേട്ടനെ നീ എത്രത്തോളം സ്നേഹിച്ചിരുന്നെന്നു. ജീവൻ പോലും കൊടുക്കാൻ തയ്യാറായിരുന്നവനെ, കഴുത്തിൽ താലി കെട്ടിയവനെ, നീ അറിഞ്ഞ പുരുഷനെ, വേണ്ട എന്ന് വെക്കണമെങ്കിൽ അതിനു പിറകിലെ കാരണം എത്രത്തോളം ശക്തമായിരിക്കും എന്ന് എനിക്ക് ഊഹിക്കാം. നീ പറഞ്ഞില്ലെങ്കിലും കണ്ടു പിടിക്കും ഞാനത്.നിന്റെ കഴുത്തിൽ ആ താലി വീഴാൻ ഞാനും ഒരു കാരണമായിരുന്നല്ലോ ”

“കണ്ടു പിടിച്ചിട്ട്…? സിദ്ധാർഥ് മാധവിന്റെ ജീവിതത്തിൽ ഇപ്പോഴുള്ളത് വേദികയാണ്, മായയല്ല. അവർ തമ്മിലാണ് ചേരേണ്ടത് ”

” എങ്ങിനെ കഴിയുന്നു നിനക്ക് ഇതിനൊക്കെ മായ?സിദ്ധുവേട്ടനൊപ്പം വേദികയെ കാണുമ്പോൾ നെഞ്ചു പൊടിയാതെ കണ്ടു നിൽക്കാനാവുമോ നിനക്ക്? ഒരിക്കൽ നിനക്ക് മാത്രം സ്വന്തമായിരുന്നവൻ മറ്റൊരുവൾക്കൊപ്പം ജീവിക്കാൻ തുടങ്ങുമ്പോൾ സഹിക്കാനാവുമോ നിനക്ക് ”

നിറഞ്ഞ കണ്ണുകൾ തുടക്കാൻ ശ്രെമിക്കാതെ മായ പറഞ്ഞു.

“കഴിയണം രേഖ. ചില ജീവിതങ്ങൾ ഇങ്ങിനെയൊക്കെയാണ്. എല്ലാ പ്രണയങ്ങളും സഫലമാവാറില്ലല്ലോ… ”

കണ്ണീരിനിടയിൽ ചെറു ചിരിയോടെ മായ തുടർന്നു.

“കേട്ടിട്ടില്ലേ സ്വന്തമാക്കുന്നതിലല്ല പ്രണയം മനസ്സിൽ സൂക്ഷിക്കുന്നതിലാണെന്ന്. കഴിഞ്ഞു പോയതെല്ലാം കഴിഞ്ഞു പോയത് തന്നെയാണ്. ഒന്നും മാറുന്നില്ല ”

കണ്ണുകൾ തുടച്ച് രേഖയെ നോക്കാതെ മായ പുറത്തേക്ക് നടന്നു.

ആ വാക്കുകൾ രേഖയുടെ മനസ്സിലും ഓർമ്മകളുണർത്തി, എവിടെയൊക്കെയോ ചോര പൊടിഞ്ഞു.

ബില്ല് പേ ചെയ്തു കാറിനടുത്ത് നിൽക്കുന്ന മായയെ ഒന്ന് നോക്കി രേഖ വണ്ടിയിൽ കയറി. ഓഫീസിനു മുൻപിൽ മായ ഇറങ്ങാനായി തുടങ്ങുമ്പോൾ രേഖ പറഞ്ഞു.

“എന്തിനു വേണ്ടിയാണെങ്കിലും നീ വലിച്ചെറിഞ്ഞത് പ്രണയത്തെ മാത്രമല്ലായിരുന്നു, നിന്റെ ജീവിതമായിരുന്നു. നിന്റെ ഭർത്താവിനെ ആയിരുന്നു, എല്ലാ അർത്ഥത്തിലും നിന്റേതായവനെ… എന്നെങ്കിലും നീയത് മനസ്സിലാക്കും ”

രേഖയെ ഒന്ന് നോക്കി ഓഫിലേക്ക് നടക്കുമ്പോൾ മായ മനസ്സിൽ പറഞ്ഞു.

“എനിക്കറിയാം രേഖ, നഷ്ടപെടുത്തിയത് എന്റെ ജീവിതമാണെന്ന്. ഓരോ നിമിഷവും ഞാനതറിയുന്നുണ്ട് ”

മായ ലിഫ്റ്റിൽ കയറി ബട്ടൺ പ്രെസ്സ് ചെയ്യാൻ തുടങ്ങുമ്പോഴാണ് സിദ്ധാർഥ് കയറി വന്നത്. അവളെ ഒന്ന് നോക്കി അയാൾ അവൾക്കു മുൻപിലായി നിന്നു.ആ ഗന്ധം, സാമീപ്യം എല്ലാം അവളിൽ ഓർമകളുണർത്തി. അവൾ അയാളെ തന്നെ നോക്കി നിന്നു. തേർഡ് ഫ്ലോറിൽ ലിഫ്റ്റ് നിന്നപ്പോൾ സിദ്ധാർഥ് അവളെ നോക്കുക പോലും ചെയ്യാതെ ഇറങ്ങി പോയി.

രേഖയുടെ വാക്കുകളും സിദ്ധാർഥിന്റെ തൊട്ടടുത്തായുള്ള നിൽപ്പും എല്ലാം മായയുടെ മനസ്സിനെ തളർത്തിയിരുന്നു.

കുറച്ചു കഴിഞ്ഞു സിദ്ധാർഥിനെ കാണിക്കാനുള്ള പേപ്പേഴ്സുമായി മായ അകത്തു കേറിയപ്പോൾ അയാൾ സൈഡിലായുള്ള റസ്റ്റ്‌ റൂമിൽ നിന്ന് പുറത്തേക്ക് വരികയായിരുന്നു.

“സർ ആവശ്യപ്പെട്ട പേപ്പേഴ്സ് ”

“അവിടെ ടേബിളിൽ വെച്ചേക്ക് ഞാൻ നോക്കാം ”

“സർ ഞാൻ രേഖ വിളിച്ചത് കൊണ്ടു…”

അവൾ പൂർത്തിയാക്കുന്നതിന് മുൻപേ തന്നെ സിദ്ധാർഥ് പറഞ്ഞു.

“ഞാൻ ഒന്നും ചോദിച്ചില്ലല്ലോ മായ…. ”

മായയ്ക്കരികിലൂടെ വന്നു അയാൾ ചെയറിൽ ഇരുന്നു. മായ പോവാനായി തിരിഞ്ഞപ്പോഴാണ് സിദ്ധാർഥ് വിളിച്ചത്.

“മായ, ആ ഐടി ഫേമുമായുള്ള മീറ്റിംഗ് മൂന്നാല് ദിവസം കൂടി കഴിഞ്ഞിട്ടാണ്. അതിന്റെ ഡീറ്റെയിൽസ് ഒക്കെ റെഡി അല്ലേ? ”

“യെസ് സർ, ഒക്കെ റെഡിയാണ് ”

“മായ മോർണിംഗ് 7.30യ്ക്ക് റെഡി ആയാൽ മതി.എയർ പോർട്ടിലേക്ക് എത്താൻ കാർ അയക്കാൻ പറയാം ”

മായ ഒന്നും മനസിലാവാതെ സിദ്ധാർത്ഥിനെ നോക്കി.

“മീറ്റിംഗിൽ മായയും എന്റെ കൂടെ ഉണ്ടാവണം. രണ്ടു ദിവസം ബാംഗ്ലൂരിൽ ”

“സർ ഞാൻ…. ”

“എന്താ മായയ്ക്ക് പേടിയുണ്ടോ എന്റെ കൂടെ വരാൻ? . അതിന്റെ ആവശ്യം ഉണ്ടോ മായ, അതും എന്റടുത്ത്?”?

ചിരിയോടെ, മനപ്പൂർവം അവളെ ഒന്ന് അടിമുടി നോക്കി കൊണ്ടാണ് സിദ്ധാർഥ് അത് ചോദിച്ചത്.

മായയുടെ മനസ്സ് കൈ വിട്ടു പോയിരുന്നു. നിറയാൻ തുടങ്ങുന്ന കണ്ണീരിനെ പണിപ്പെട്ട് അടക്കി കൊണ്ടാണവൾ ചോദിച്ചത്.

“പകരം വീട്ടുകയാണല്ലേ എന്നോട്? ”

ഒരു നിമിഷം കണ്ണുകൾ കൊരുത്തു. അവളെ പ്രാണനായി കൊണ്ടു നടന്ന ആ പഴയ സിദ്ധാർഥിനെ ആ കണ്ണുകളിലെവിടെയോ മായ കണ്ടു.

അടുത്ത നിമിഷം നോട്ടം മാറ്റി സിദ്ധാർഥ് അവളെ നോക്കിയൊന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു.

“അപ്പോൾ സെവന്റീത്തിന് ഷാർപ് 7.30യ്ക്ക്. രണ്ടു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്. ടു ഡേയ്‌സ് സ്റ്റേ. ആഹ് പിന്നെ മായ ഈ ഫയൽ ഒന്ന് അക്കൗണ്ട്സിൽ കൊടുത്തേക്ക് ”

സിദ്ധാർഥ് നീട്ടിയ ഫയൽ വാങ്ങി മായ തിരിച്ചു നടന്നു.

ഇങ്ങിനെ മുൻപോട്ട് പോവാനാവില്ല.ഇവിടുന്ന് റിസൈൻ ചെയ്തു പോവുമ്പോൾ കൊടുക്കാനുള്ള പണം എന്റെ കൈയിലില്ല. അതറിയാവുന്നത് കൊണ്ടു തന്നെയാണ് ഇങ്ങിനെ…

ജോലിയിൽ ശ്രെദ്ധിക്കാൻ കഴിയാതെ, മനസ്സിലെ നിലവിളി പുറത്ത് കേൾപ്പിക്കാതെ മായ വൈകുന്നേരം വരെ ടെൻഷൻ അടിച്ചിരുന്നു. ഇടയ്ക്ക് സിദ്ധാർഥ് പുറത്തേക്ക് പോവുന്നത് അവൾ കണ്ടിരുന്നു.

തിരിച്ചു വീട്ടിൽ എത്തിയപ്പോൾ അവൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരതിഥി അവളെ കാത്തു അവിടെ ഉണ്ടായിരുന്നു.? ” അനിരുദ്ധൻ. മായയുടെ മുറച്ചെറുക്കൻ.ഇപ്പോഴും മായയോടൊപ്പമുള്ള ജീവിതം ആഗ്രഹിക്കുന്നവൻ. ഒരു പക്ഷേ സിദ്ധാർഥിനോളം തന്നെ മായയെ സ്നേഹിക്കുന്നവൻ.

“നീ ഇത്രയും ലേറ്റ് ആവാറുണ്ടോ

അനിരുദ്ധൻ ചോദിച്ചു.

“ഇല്ല, ഇന്ന് കുറച്ചു വർക്ക്‌ ഉണ്ടായിരുന്നു. അനിയേട്ടൻ എപ്പോൾ വന്നു? ”

“ഞാൻ ഇന്ന് രാവിലെ എത്തി.. ”

“അമ്മായി വന്നില്ലേ? ”
മായ ചോദിച്ചു.

“ഇല്ല,അമ്മയ്ക്ക് വയ്യ, പിന്നെ വരാമെന്ന് പറഞ്ഞു ”

“അനിയേട്ടൻ ഇരിക്ക് ഞാൻ ഫ്രഷ് ആയിട്ട് വരാം ”

മായ അകത്തേക്ക് നടന്നപ്പോൾ അനിരുദ്ധൻ വിളിച്ചു.

“മായ…? ”

“എന്താ അനിയേട്ടാ …? ”

“എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്, ഇപ്പോഴല്ല, ഞാൻ വരാം. ഞാനിറങ്ങുന്നു ”

ശാരദയോടും അമ്മുവിനോടും യാത്ര പറഞ്ഞു നടന്നു പോവുന്ന അനിരുദ്ധനെ നോക്കി നിൽക്കുമ്പോൾ മായയ്ക്ക് അറിയാമായിരുന്നു എന്താണ് പറയാനുള്ളതെന്ന്. കടപ്പാടുകൾക്ക് പകരമായി അവളെ തന്നെ തീറെഴുതി കൊടുക്കാൻ മായയ്ക്ക് അപ്പോഴും സാധിക്കുമായിരുന്നില്ല.

രാത്രിയിൽ ഉറക്കമില്ലാതെ കിടക്കുമ്പോഴും മായയുടെ മനസ്സിൽ സിദ്ധാർഥിന്റെ വാക്കുകൾ ആയിരുന്നു.

ഇല്ല സിദ്ധുവേട്ടാ, എനിക്ക് നിങ്ങളെ പേടിയില്ല. എനിക്ക് പേടി എന്നെ തന്നെയാണ്. എന്നിലെ ഓരോ അണുവിലും നിറഞ്ഞു നിൽക്കുന്ന നിങ്ങളോടുള്ള സ്നേഹത്തെയാണ്…

(തുടരും )

Click Here to read full parts of the novel

4.6/5 - (24 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “നിൻ നിഴലായി – ഭാഗം 4”

Leave a Reply

Don`t copy text!