Skip to content

നിൻ നിഴലായി – ഭാഗം 6

nin nizhalay aksharathalukal novel

സിദ്ധാർഥ് ഏല്പിച്ച ജോലികൾ ഓരോന്നായി തീർക്കുമ്പോഴും, സിദ്ധാർഥ് തന്റെ ഓരോ ചലനങ്ങളും ശ്രെദ്ധിക്കുന്നുണ്ടെന്ന് മായയ്ക്ക് അറിയാമായിരുന്നു.ഫോണിൽ നോക്കിയിരിക്കുകയായിരുന്നെങ്കിലും മായ ടൈപ്പ് ചെയ്യുന്നതെല്ലാം തെറ്റിപ്പോവുന്നതും കറക്റ്റ് ചെയ്യുന്നതുമെല്ലാം സിദ്ധാർഥ് കാണുന്നുണ്ടായിരുന്നു.

സിദ്ധാർഥിന്റെ ചുണ്ടിൽ വിരിഞ്ഞ ചിരിയിൽ പകയോ വിദ്വേഷമോ ഇല്ലായിരുന്നു.
മായയോടുള്ള സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇഷ്ടക്കൂടുതൽ കൊണ്ടു പിന്നാലെ നടന്നു പിടിച്ചു വാങ്ങിയ സ്നേഹമാണ് സ്വന്തമായെന്ന് കരുതിയപ്പോഴേക്കും എന്നെന്നേക്കുമായി നഷ്ടമായത്. മായയെ നന്നായി അറിയാവുന്നത് കൊണ്ടു ആ തീരുമാനത്തിൽ മാറ്റമുണ്ടാവില്ലെന്ന് മറ്റാരേക്കാളും സിദ്ധാർഥിനറിയാം. തന്റെ എല്ലാ പ്രവൃത്തികളും മായയെ വേദനിപ്പിക്കുന്നുണ്ടെന്നറിഞ്ഞിട്ടും ആ പ്രതികരണങ്ങളൊക്കെ മായയുടെ മനസ്സിൽ തന്നോടുള്ള സ്നേഹം അതേ പടി നിലനിൽക്കുന്നുവെന്ന് സിദ്ധാർഥിനെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.

മായ അകന്നുപോയപ്പോൾ തകർന്നു പോയ മനസ്സിനെ തിരികെ പിടിച്ചത്, മുഴുവൻ ശ്രദ്ധയും ബിസിനസ്സിലേക്ക് കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു. മാധവൻ സർ പറഞ്ഞപ്പോഴാണ് മായയുടെ ഇപ്പോഴത്തെ അവസ്ഥയെകുറിച്ചറിഞ്ഞത്. ഒരു പാട് സങ്കടം തോന്നിയെങ്കിലും ഒരു തരത്തിലും തന്റെ സഹായം മായ സ്വീകരിക്കില്ല എന്നുറപ്പായിരുന്നു. ഇന്നിപ്പോൾ പുതിയൊരു ജീവിതത്തിലേക്ക് പോകാൻ തുടങ്ങുമ്പോഴും എന്തിനായിരുന്നു എന്ന ആ ചോദ്യത്തിനുത്തരം ഇപ്പോഴും മനസാഗ്രഹിക്കുന്നു. വെറുതെ അറിയാൻ മാത്രം…

മായയേയും സിദ്ധാർഥിനെയും ഞെട്ടിച്ചു കൊണ്ടാണ് ഫോൺ റിംഗ് ചെയ്തത്. സിദ്ധാർഥ് സംസാരിക്കുന്നത് മായ കേട്ടു. വേദികയാണ്. ശ്രദ്ധിക്കാതെ ഇരുന്നെങ്കിലും വാക്കുകൾ മായയുടെ ചെവികളിൽ വന്നു വീണു.

“ഞാൻ ഓഫീസിൽ ഉണ്ട്. താൻ പെട്ടെന്ന് വാ എനിക്കൊന്ന് പുറത്തു പോവണം ”

സിദ്ധു പറഞ്ഞവസാനിപ്പിച്ചപ്പോൾ മായയ്ക്ക് വെപ്രാളം കൂടുകയാണ് ചെയ്തത്.

അകന്നിരുന്നപ്പോൾ, കാണാതിരുന്നപ്പോൾ എല്ലാം സഹിക്കാൻ കഴിയുമെന്ന് കരുതിയിരുന്നു. പക്ഷേ ഇപ്പോൾ സിദ്ധുവേട്ടന്റെ പ്രവൃത്തികൾ കാണുമ്പോൾ, എല്ലാം തന്നെ വേദനിപ്പിക്കാൻ വേണ്ടി മാത്രമാണെന്നോർക്കുമ്പോൾ…മറ്റെന്തും സഹിക്കാമായിരുന്നു. ആ മനസ്സിൽ ഇപ്പോൾ തന്നോട് വെറുപ്പ് മാത്രമാണന്നറിയുമ്പോൾ..

“മായ ഇത് ഇന്നെങ്ങാനും തീരുമോ.? “കുറേ സമയമായല്ലോ ”

സിദ്ധാർഥിന്റെ ചോദ്യമാണ് മായയെ തിരിച്ചു കൊണ്ടു വന്നത്.

“അത് ഞാൻ… ഇപ്പോൾ തീർക്കാം സർ ”

ഡോർ തുറന്ന ശബ്ദം കേട്ടാണ് മായ തിരിഞ്ഞു നോക്കിയത്. വേദിക.

“സിദ്ധു ഇന്നലെ കുറച്ചു കഴിഞ്ഞു വിളിക്കാമെന്ന് പറഞ്ഞിട്ട് ഞാൻ എത്ര വെയിറ്റ് ചെയ്തൂന്നറിയോ.. ”

പറഞ്ഞു കൊണ്ടാണ് വേദിക സിദ്ധുവിനടുത്തേക്ക് എത്തിയത്.

“ഐ റിയലി മിസ്സ്‌ യൂ…. ”

സിദ്ധാർഥ് നോക്കുന്നത് കണ്ടാണ് വേദിക മായയെ ശ്രദ്ധിച്ചത്.

“ഓഹ് സോറി മായയെ ഞാൻ ശ്രദ്ധിച്ചില്ല ”

വേദിക അരികിൽ എത്തിയപ്പോൾ മായയ്ക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“ഹായ് മായ എപ്പോഴാ ഇങ്ങോട്ട് ട്രാൻസ്ഫർ ആയത്? ”

“കുറച്ചു സമയമേ ആയുള്ളൂ മാഡം ”

“ജാസ്മിൻ വരുന്നത് വരെ മായയ്ക്കാണ് ആ ഡ്യൂട്ടി കൂടി ”

അവർക്കരികിൽ എത്തിയ സിദ്ധാർഥ് പറഞ്ഞു.

“ഓഹ് ഓക്കേ ഓക്കേ എന്നാലും മായ ഞങ്ങൾക്കിടയിൽ ഒരു കട്ടുറുമ്പ് ആണ് ട്ടോ ഇപ്പോൾ ”

ഞെട്ടലോടെ മായ പറഞ്ഞു

“മാഡം സോറി ഞാൻ പുറത്തേക്ക്
നിൽക്കാം ”

സിദ്ധാർഥ് തന്നെ നോക്കി നിൽക്കുന്നത് മായ കണ്ടു.

“ഹേയ് വേണ്ട, ഇറ്റ്സ് ഓക്കേ ഡിയർ ഞാൻ ചുമ്മാ പറഞ്ഞതാ. സിദ്ധുവിനെ വളരെ അപൂർവമായേ ഫ്രീ ആയി കിട്ടുള്ളൂ. പിന്നെ ഒരാഴ്ച കൂടിയല്ലേ ഇനിയുള്ളൂ. അതിന്റെ ഒരു എക്സൈറ്റ്മെന്റ് ഉണ്ട്. ”

വേദിക ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ട് സിദ്ധാർഥിനെ നോക്കി പറഞ്ഞു.

“തന്റെ സർ എന്റെ ചൈൽഡ് ഹുഡ് ക്രഷ് ആയിരുന്നുട്ടോ. ഡാഡിടെ ക്ലോസ് ഫ്രണ്ട് ആയിരുന്നു മാധവൻ അങ്കിൾ. പിന്നെ അച്ഛന്റെ സിസ്റ്ററുടെ മോളായ ചിത്രേച്ചിയെ ആനന്ദേട്ടൻ മാരി ചെയ്തതോടെ ആ കെയർ ഓഫിൽ മുംബൈയിൽ നിന്നു വരുമ്പോഴൊക്കെ മംഗലത്ത് വരാൻ തുടങ്ങി. കാര്യം സിദ്ധുവിനെ കാണാനായിരുന്നു. പക്ഷേ ആള് നമ്മളെ വല്യ മൈൻഡ് ഒന്നും ചെയ്യത്തില്ലായിരുന്നു. സിദ്ധുവിനു ഒരു ദിവ്യപ്രേമം ഉണ്ടായിരുന്നു അവൾ തേച്ചിട്ട് പോയതോടെയാണ് എന്റെ റൂട്ട് ക്ലിയർ ആയത്. ചിത്രേച്ചി പറഞ്ഞതാട്ടോ ”

വേദിക എന്തോ ഉള്ളിൽ വെച്ച് സംസാരിക്കുകയാണോ എന്ന് മായയ്ക്ക് തോന്നി പോയി. മായയെ തന്നെ നോക്കി നിൽക്കുകയായിരുന്ന സിദ്ധു ആ മുഖത്തെ ഭാവങ്ങൾ എല്ലാം കണ്ടു. സിദ്ധുവിന്റെ നോട്ടം തന്നിലെത്തുന്നത് മായയും കണ്ടു.

“സോറി മായ ഇവൾ തന്നെ ബോറടിപ്പിച്ചു അല്ലേ. ആൾടെ നാക്കിനു ലൈസൻസ് ഇല്ല അതാണ്. മനസ്സിൽ ഒന്നും വെക്കില്ല എല്ലാം വിളിച്ചു പറയും ”

ഒരു കുസൃതി ചിരിയോടെ വേദികയെ നോക്കി പറഞ്ഞിട്ട് സിദ്ധു വേദികയെ അവന്റെ സീറ്റിനരികിലേക്ക് കൂട്ടി കൊണ്ടു പോയി.

അവരുടെ കളി ചിരികൾ കേട്ടു കൊണ്ടു ടൈപ്പ് ചെയ്യുമ്പോൾ മായയുടെ മനസ്സിൽ പഴയൊരു ചിത്രം തെളിഞ്ഞു.

പുഴക്കരയിലെ കല്പടവുകളൊന്നിൽ ഇരിക്കുകയായിരുന്നു സിദ്ധുവും മായയും.

“ഒരു കാര്യം ചോദിച്ചോട്ടെ സിദ്ധുവേട്ടാ. എത്രയോ തവണ ഞാൻ നോ പറഞ്ഞിട്ടും സിദ്ധുവേട്ടൻ എന്താ എന്നെ മറക്കാൻ ശ്രമിക്കാതിരുന്നത്? ”

“ഒരു ചിരിയോടെ അവളെ തന്റെ നേർക്ക് തിരിച്ചു ആ കണ്ണുകളിലേക്ക് നോക്കിയാണ് സിദ്ധു പറഞ്ഞുത്

“എത്രയൊക്കെ നീ മറച്ചു വെച്ചിട്ടും ഈ കണ്ണുകളിൽ ഞാൻ കണ്ടിരുന്നു പെണ്ണേ എന്നോടുള്ള പ്രണയം. നിന്റെ ഓരോ ഭാവങ്ങളും എനിക്കറിയാം. ഈ കണ്ണുകൾക്ക് എന്നോട് കള്ളം പറയാനാവില്ല ”

സിദ്ധുവിന്റെ കണ്ണുകളിലേക്ക് നോക്കാനാവാതെ നാണത്തോടെ മായ തല താഴ്ത്തി. സിദ്ധു ചിരിക്കുന്നത് കേട്ട് മായ തെല്ലൊരു കുറുമ്പോടെ അവനെ നോക്കി.

പുറകിൽ നിന്നുമുള്ള സിദ്ധുവിന്റെ പതിഞ്ഞ ചിരിയാണ് അവളെ ഓർമകളിൽ നിന്നുണർത്തിയത്. മായ കേൾക്കാതിരിക്കാനായി മെല്ലെയാണ് വേദിക സംസാരിക്കുന്നത്. മായയ്ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. എഴുന്നേറ്റു പുറത്തേക്ക് നടക്കുന്നതിനിടയിൽ അവൾ സിദ്ധുവിനെ നോക്കി.

“ഞാൻ…. വാഷ് റൂമിലേക്ക്.. ”

സിദ്ധു തലയാട്ടുന്നത് കണ്ടാണ് മായ ഡോർ തുറന്നു പുറത്തേക്കിറങ്ങിയത്.
വാഷ് റൂമിൽ കയറി വാതിൽ അടച്ചതും അതിൽ ചാരി നിന്ന് മായ പൊട്ടികരഞ്ഞു…

നീയെൻ നേർക്കു നീട്ടിയ പൂവിൻ ദളങ്ങൾ കരിഞ്ഞെങ്കിലും അതെന്നാത്മാവിലിന്നും മായിക സുഗന്ധം പരത്തുന്നു….

ഒരു പാട് സമയം കഴിഞ്ഞാണ് മായ തിരിച്ചു സിദ്ധാർഥിന്റെ ക്യാബിനിലേക്ക് ചെന്നത്. നോക്ക് ചെയ്തു മായ അകത്തുകയറിയപ്പോൾ ആരുമില്ലായിരുന്നു.
ഒരു ദീർഘനിശ്വാസത്തോടെയാണവൾ സീറ്റിലേക്കിരുന്നത്. സിദ്ധാർഥ് തിരിച്ചു വരുന്നതിനുമുൻപേ തീർക്കാൻ വേണ്ടി അവൾ തിരക്കിട്ട് ജോലി തുടങ്ങി.

സിദ്ധാർഥ് ഉള്ളിലെ റസ്റ്റ്‌ റൂം തുറന്നു പുറത്തേക്ക് വന്നത് മായ കണ്ടില്ലായിരുന്നു.
സിദ്ധാർഥ് അവൾക്കരികിൽ എത്തി രണ്ടു കൈകൾ കൊണ്ടും അവളുടെ ചെയറിന്റെ പിറകിൽ പിടിച്ചു, ചേർന്നു നിന്ന് കമ്പ്യൂട്ടറിലേക്ക് നോക്കാൻ തല താഴ്ത്തിയപ്പോൾ മായ ഞെട്ടി ചാടി എണീൽക്കാൻ തുടങ്ങി.

“ഇറ്റ്സ് മി ”

കാതോരം കേട്ടപ്പോൾ അവൾ തല തിരിച്ചതും കണ്ടത് അവന്റെ മുഖമാണ്. തൊട്ടരികെ. വേപഥുവോടെ മായ മുന്നോട്ടാഞ്ഞിരുന്നു.

“ഫുൾ മിസ്റ്റേക്ക് ആണല്ലോ മായ, വാട്ട് ഹാപ്പെൻഡ് ടു യൂ?. വർക്ക്‌ ഒക്കെ പെർഫെക്ട് ആണെന്നാണല്ലോ കേട്ടത്. ഇപ്പോൾ എന്ത് പറ്റി? ”

മായയ്ക്ക് എല്ലാ നിയന്ത്രണവും വിട്ടു പോയി. അവൾ എഴുന്നേറ്റു സിദ്ധാർഥിന് നേരെ തിരിഞ്ഞു.

“എന്താണ് പറ്റിയതെന്ന് സിദ്ധുവേട്ടന് വ്യക്തമായി അറിയാം…”

കൈകൂപ്പി കൊണ്ടാണ് അവൾ പറഞ്ഞത്.

“പ്ലീസ് ഇനിയും എന്നെയിങ്ങനെ ടോർച്ചർ ചെയ്യരുത്. ഇതിൽ കൂടുതൽ താങ്ങാൻ എനിക്ക് വയ്യ.എന്റെ എല്ലാ ഭാവങ്ങളും അറിയാവുന്ന ആളല്ലേ ”

“ഞാൻ എന്ത് ചെയ്തുവെന്നാണ് മായ പറയുന്നത്. ഞാൻ മായയോട് എന്തെങ്കിലും രീതിയിൽ മിസ് ബീഹെവ് ചെയ്തോ. എന്റെ സാമീപ്യം മായയ്ക്ക് ഇറിറ്റേറ്റിങ്ങ് ആവുന്നുവെങ്കിൽ അത് എന്റെ തെറ്റാണോ. പിന്നെ മനസ്സിലാക്കിയതൊക്കെ തെറ്റായിരുന്നുവെന്നറിയാൻ ഞാൻ കുറച്ചു വൈകിപ്പോയി. ”

“എന്റെ കുറവുകൾ തിരിച്ചറിയാൻ ഞാനും വൈകിപോയി… അതുകൊണ്ടാണ്…. ”

ദേഷ്യത്തോടെ തിരിഞ്ഞു നിന്നാണ് സിദ്ധാർഥ് പറഞ്ഞത്.

“മായ സ്റ്റോപ്പ്‌ ഇറ്റ്. ഇപ്പോൾ താൻ എന്റെ എംപ്ലോയീയും ഞാൻ തന്റെ ബോസ്സുമാണ്. പാസ്ററ് ഈസ്‌ പാസ്ററ്. ഞാൻ തന്നോട് കഴിഞ്ഞ കാര്യങ്ങളെ പറ്റി എന്തെങ്കിലും സംസാരിച്ചോ. താനാണ് ഇടയ്ക്കിടെ അത് കുത്തിപ്പൊക്കി കൊണ്ടു വരുന്നത് ”

“ഞാൻ.. സോറി ”

തുടരാനാവാതെ കൈകളിൽ മുഖമമർത്തി മായ സീറ്റിലേക്കിരുന്നു. അവൾ കരയുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ സിദ്ധുവിന്റെ കൈ മായയുടെ തോളിലമർന്നു. തീപൊള്ളലേറ്റ പോലെ അവന്റെ കൈ തട്ടി മാറ്റി കണ്ണു തുടച്ചു കൊണ്ടു മായ പുറത്തേക്കിറങ്ങി. അവൾ തന്റെ പഴയ സീറ്റിൽ പോയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ സിദ്ധു രേഷ്മയുടെ അടുത്ത് എന്തോ പറഞ്ഞു പുറത്തേക്ക് പോവുന്നത് മായ കണ്ടു.

ബാക്കി ജോലി തിരക്കിട്ട് തീർക്കുന്നതിനിടെയാണ് അവളുടെ ഫോണിൽ സിദ്ധാർഥിന്റെ കാൾ വന്നത്.

“മായ, സിദ്ധാർഥ്. ഞാൻ രേഷ്മയെ കുറച്ചു ഡീറ്റെയിൽസ് ഏല്പിച്ചിട്ടുണ്ട്. നാളെത്തേക്കു വേണ്ടി. അതെല്ലാം കലക്റ്റ് ചെയ്തു മായ കൈയിൽ വെക്കണം ഓക്കേ? ജോലി കഴിഞ്ഞാൽ മായ ഇറങ്ങിക്കോളു ”

“സർ, ഞാൻ എനിക്ക്… ഇത്ര വലിയ മീറ്റിംഗിലൊന്നും പങ്കെടുത്ത് പരിചയമൊന്നുമില്ല സർ… ”

മായ പറഞ്ഞു തീരുന്നതിനു മുൻപേ മറുപടി വന്നു.

“ഇങ്ങനെയൊക്കെയല്ലേ പരിചയമാവുന്നത് മായ. താൻ ഇപ്പോൾ എന്റെ സെക്രട്ടറി കൂടിയല്ലേ. സൊ ബി സ്മാർട്ട്‌ ആൻഡ് സീ യൂ ടുമോറോ, ബൈ ”

കാൾ കട്ട്‌ ആയി.

രേഷ്മയുടെ അടുത്ത് ചെന്നു ഡീറ്റെയിൽസ് ഒക്കെ കലക്ട് ചെയ്‌തപ്പോഴാണ് രേഷ്മ പറഞ്ഞത്.

“മായ, തന്നെ കുറച്ചു ക്യാഷ് ഏൽപ്പിക്കാൻ സാർ പറഞ്ഞിട്ടുണ്ട്. നാളത്തേക്ക് എന്തെങ്കിലും പർച്ചസ് ചെയ്യാനുണ്ടെങ്കിൽ… ക്യാഷ് അക്കൗണ്ട്സിൽ നിന്ന് വാങ്ങിക്കോളു. മായ ഇറങ്ങുകയല്ലേ, അപ്പോൾ ആൾ ദി ബെസ്റ്റ്. ”

അത്യാവശ്യം കുറച്ചു സാധനങ്ങൾ വാങ്ങി ഷോപ്പിൽ നിന്നിറങ്ങി വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോഴാണ് പാർക്കിംഗിൽ നിർത്തിയ കാറിൽ നിന്നിറങ്ങി മാളിലേക്ക് കയറി പോവുന്ന സിദ്ധാർഥിനെയും വേദികയെയും മായ കണ്ടത്.

എന്താണ് സിദ്ധാർഥിന്റെ മനസ്സിലെന്ന് മായയ്ക്ക് ഒരു പിടിയും കിട്ടിയില്ല. ഈ ബാംഗ്ലൂർ ട്രിപ്പ് ഒരു പ്രഹസനം ആണെന്ന് മായയ്ക്ക് നന്നായി അറിയാമായിരുന്നു. ഇത്രയും വലിയൊരു മീറ്റിംഗിൽ തന്നെ പോലൊരാളെ കൂടെ കൂട്ടേണ്ട ഒരാവശ്യവുമില്ല.

മായയുടെ ഇൻഫീരിയോറിറ്റി കോംപ്ലക്സ് തന്നെ ആയിരുന്നു മായയുടെ എക്കാലത്തെയും അരക്ഷിതാവസ്ഥയ്ക്ക് കാരണം. സിദ്ധു അവളോട് ഏറ്റവും കൂടുതൽ ദേഷ്യപ്പെട്ടിട്ടുള്ളതും ഇതിനായിരുന്നു.

മംഗലത്ത് സുമംഗലാമ്മ സിദ്ധാർഥിനെ കാത്തിരിക്കുകയായിരുന്നു. അരുണും നന്ദനയും ഫോണിൽ നോക്കി കൊണ്ടു തൊട്ടപ്പുറത്ത് ഇരിപ്പുണ്ട്. രേഖ ടീവി കാണുന്നു. സിദ്ധാർഥ് വന്നു കയറുമ്പോൾ പത്തു മണി കഴിഞ്ഞിരുന്നു. എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചിട്ട് ഞാൻ ഫുഡ്‌ കഴിച്ചു എന്ന് സുമംഗലയോട് പറഞ്ഞു അവൻ മുകളിലേക്ക് കയറി പോയി.

അവൻ പോകുന്നത് സങ്കടത്തോടെ നോക്കിയിരിക്കുന്ന സുമംഗലയോടായി അരുൺ പറഞ്ഞു.

“അമ്മയ്ക്ക് സങ്കടം വരുന്നുണ്ട് അല്ലേ ഏട്ടനെ കാണുമ്പോൾ? അമ്മ ഒറ്റയാളാണ് ഏട്ടന്റെ ഈ അവസ്ഥയ്ക്ക് കാരണം. ആരോടും മിണ്ടാതെ മുറിയിൽ അടച്ചിരുന്ന അവസ്ഥയിൽ നിന്ന് മാറിയിട്ടും ഏട്ടൻ പഴയത് പോലെ ഒന്ന് ചിരിച്ചു അമ്മ കണ്ടിട്ടുണ്ടോ?, ഈ വീട് മുഴുവൻ കളിയും ചിരിയുമായി നടന്ന ആ പഴയ ഏട്ടനെ ഇനി തിരിച്ചു കിട്ടുമെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ? ”

“കല്യാണം കഴിയുമ്പോൾ എല്ലാം ശരിയായിക്കോളും ”

“അമ്മ ശരിക്കും വിശ്വസിക്കുന്നുണ്ടോ ആ ജീവിതത്തിൽ ഏട്ടൻ സന്തോഷമായിരിക്കുമെന്ന്. അവരൊന്നിച്ച് ഏറെക്കാലം ജീവിക്കുമെന്ന്. അമ്മയ്ക്ക് തെറ്റി. ഏട്ടന്റെ മനസ്സിൽ എക്കാലവും മായേച്ചി മാത്രമേ ഉണ്ടാവൂ. ”

അരുൺ പറഞ്ഞത് കേട്ട് നന്ദനയും തുടങ്ങി.

“ശരിയാ, വേദികചേച്ചി നല്ലതൊക്കെ തന്നെയാ. പക്ഷെ ഏട്ടന്റെ ഇഷ്ടത്തിന് ചേരുക മായേച്ചി തന്നെയാ ”

ഗതികെട്ട് സുമംഗല പറഞ്ഞു.

“അതിനു ഞാൻ എന്തു ചെയ്തുന്നാ നിങ്ങൾ ഈ പറയുന്നത്. അവര് തമ്മിൽ തെറ്റിയതിന് ഞാൻ എന്ത് ചെയ്യാനാ? ”

“അമ്മ ഇനി ഒന്നും ഒളിക്കണ്ട, എല്ലാം ഞങ്ങൾ അറിഞ്ഞു. അമ്പലത്തിൽ ഞങ്ങളുമുണ്ടായിരുന്നു. ഞാനും രേഖേച്ചിയും. അമ്മയെ സംശയം ഉണ്ടായിട്ട് തന്നെയാണ് ഞങ്ങൾ വന്നത് ”

ഇനി ഒന്നും ഒളിക്കാനില്ലെന്ന് സുമംഗലയ്ക്കു മനസ്സിലായി.

“ശരിയാ ഞാൻ തന്നെയാണ് അവളെ കണ്ടതും പിന്മാറണമെന്ന് ആവശ്യപ്പെട്ടതും. എന്റെ മകന്റെ ഭാര്യയാവാനുള്ള ഒരു യോഗ്യതയും മായയ്ക്കില്ല ”

അത് വരെ മിണ്ടാതിരുന്ന രേഖ പറഞ്ഞു.

“അവരെ തമ്മിൽ അകറ്റി വല്യമ്മ നശിപ്പിച്ചത് സിദ്ധുവേട്ടന്റെ ജീവിതമാണ്. മായയുടേതും…
കാരണം മായ സിദ്ധുവേട്ടന്റെ കാമുകി മാത്രമായിരുന്നില്ല. സിദ്ധുവേട്ടൻ താലി ചാർത്തി ഭാര്യയായി സ്വീകരിച്ചവളായിരുന്നു. വല്യമ്മയ്ക്ക് അറിയാത്ത ഒരു കാര്യം കൂടി ഞാൻ പറയാം. സിദ്ധുവേട്ടന്റെ ഭാര്യയായി മായ ഇവിടെ വന്നിട്ടിട്ടുണ്ട്. ഇവിടെ സിദ്ധുവേട്ടന്റെ മുറിയിൽ അവരൊരുമിച്ച് കഴിഞ്ഞിട്ടുമുണ്ട്. എന്നിട്ടും വല്യമ്മ പറഞ്ഞത് കേട്ട് ആ പാവം താലി ഊരികൊടുത്തത് എന്തു കൊണ്ടാണെന്നറിയോ വല്യമ്മയ്ക്ക്.. ”

സുമംഗലയെ നോക്കി രേഖ പറഞ്ഞു.

“അത്രമേൽ അവൾ സിദ്ധുവേട്ടനെ സ്നേഹിച്ചത് കൊണ്ട്. അവളെപ്പോലെ ഒരു പെണ്ണിനെ കിട്ടാൻ സിദ്ധുവേട്ടനും അതുപോലെ ഒരു മരുമകളെ കിട്ടാൻ വല്യമ്മയ്ക്കും ഭാഗ്യമില്ലാതെ പോയി. അവൾ നിങ്ങളെ ശപിക്കില്ല. പക്ഷെ അവളുടെ മനസ്സിന്റെ വേദന ഈ കുടുംബത്തിന് മേൽ ശാപമാകാതിരിക്കാൻ വല്യമ്മ പ്രാർത്ഥിക്ക് ”

വാക്കുകൾ കിട്ടാതെ ഞെട്ടിത്തരിച്ചു നിൽക്കുന്ന സുമംഗലമ്മയെ ഒന്ന് നോക്കി രേഖ അകത്തേക്ക് നടന്നു. എല്ലാം കണ്ടും കേട്ടും സ്റ്റയർകേസിൽ നിൽക്കുന്നയാളെ ആരും കണ്ടില്ല. സിദ്ധുവിനു പക്ഷെ അത്ര വലിയ ഷോക്കോന്നും തോന്നിയില്ലെങ്കിലും അമ്മ തന്നോട് ഇങ്ങനെ ചെയ്തുവെന്ന് വിശ്വസിക്കാൻ പറ്റിയില്ല.

പിറ്റേന്ന് രാവിലെ മായ യാത്രയ്‌ക്കൊരുങ്ങുകയായിരുന്നു. സിദ്ധാർത്ഥിനൊപ്പം…

(തുടരും )

Click Here to read full parts of the novel

4.5/5 - (31 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!