Skip to content

നിനയാതെ – പാർട്ട്‌ 1

ninayathe aksharathalukal novel

അമല ഇടവഴിയിലേക്കുള്ള ഒതുക്കുകല്ലിലേക്ക് കാലെടുത്തു വെച്ചതും പുറകിൽ നിന്ന് അമ്മ വിളിച്ചു പറഞ്ഞതും ഒരുമിച്ചായിരുന്നു.

“അമ്മൂട്ടീ അവിടെയൊക്കെ ചളിയാണ് സൂക്ഷിച്ചു പോണംട്ടോ ”

പറഞ്ഞത് അനുസരിച്ചു ശീലമില്ലാത്തത് കൊണ്ടാണോ എന്തോ നേരേ കാൽ വഴുക്കിയത് കെട്ടി കിടക്കുന്ന വെള്ളത്തിലേക്കായിരുന്നു. സാരിയുടെ അറ്റമൊക്കെ നനഞ്ഞു, ചെളിയും തെറിച്ചു..
ഒന്ന് തിരിഞ്ഞു നോക്കി അവൾ നടന്നു..

ആ പോട്ടെ വേണീടെ അടുത്തൂന്നു കഴുകാം…

മഴ പെയ്തു തോർന്നതേയുള്ളൂ, മഴവെള്ളം ഇടവഴിയിലൊക്കെയുണ്ട്..ഈശ്വരാ ഇനി ബസിൽ കയറി കഴിഞ്ഞു പെയ്താൽ മതിയായിരുന്നു. അല്ലെങ്കിൽ ആകെ നനഞ്ഞൊട്ടി പോവേണ്ടി വരും…

ഇടവഴി കഴിഞ്ഞു ചെമ്പകശേരിയിലെ ഗേറ്റ് കടന്നപ്പോഴേ തൊടിയിലെ വാഴക്കൂട്ടങ്ങൾക്കിടയിൽ അനക്കം കണ്ടു, കൊത്തലും മാന്തലും തന്നെ . കർഷകശ്രീമാൻ ജോലിയിലാവും. ഇങ്ങേർക്കിതെന്തിന്റെ കേടാണോ എന്തോ. ബാക്കിയുള്ളവർ രാവിലെ അഞ്ചരയ്ക്ക് അലാറം വെച്ചാൽ ആറര കഴിഞ്ഞാണ് എണീക്കാറ്. അപ്പോഴാണ് ഈ അലവലാതി പുലരും മുൻപേ കൈക്കോട്ടും തലേക്കെട്ടുമായി പറമ്പിൽ കിളയ്ക്കാനിറങ്ങുന്നത്. ഇയാൾക്കാ വാദ്ധ്യാര് പണിയും ചെയ്തു അവിടെയെങ്ങാനും ഇരുന്നാൽ പോരെ.. ഇയാളെയൊക്കെ കെട്ടുന്ന പെണ്ണിന്റെ കാര്യം പോക്കാ..

മുറ്റത്തെത്തിയതും അമല ഒന്ന് ചുറ്റും നോക്കി, എന്തൊക്കെ പറഞ്ഞാലും അങ്ങേരുടെ അധ്വാനത്തിന്റെ ഫലം കാണാനുണ്ട്. മുറ്റം നിറയെ പല വർണങ്ങളിലുള്ള പൂച്ചെടികളാണ്, തൊടിയിൽ നിറയെ പച്ചക്കറികളും മറ്റും പാകമായി നിൽക്കുന്നു.

മുറ്റത്തെ പൈപ്പ് തുറന്നു സാരിയുടെ അറ്റത്തെ ചെളി കഴുകി നിവർന്നു അകത്തേക്ക് നോക്കി അമല ഉറക്കെ വിളിച്ചു.

“വേണി.. എടി വേണി.. ”

എന്തോ ഓർത്തു അമല തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ചെയ്തിരുന്ന പണി നിർത്തി വെച്ച് രണ്ടു കൈയും എളിയിൽ കുത്തി അവളെ തുറിച്ചു നോക്കുന്ന വാദ്ധ്യാരെ..

ഹും അയാളെ പേടിച്ചിട്ടൊന്നുമല്ല…

മനസ്സിൽ പറഞ്ഞെങ്കിലും ഇത്തിരി പേടി ഇല്ലാതില്ല, കാരണം അയാൾ തനിക്കിട്ടൊന്നു പൊട്ടിച്ചാലും തന്റെ അമ്മയും പുന്നാര ആങ്ങളയും ഒന്നും മറുത്തു പറയില്ല മറിച്ചു തന്റെ കയ്യിലിരിപ്പ് കൊണ്ടാണെന്നേ പറയൂ, ചുമ്മാതെന്തിനാ…

അമല കോലായിലെ സ്റ്റെപ്പിലേക്ക് കാലെടുത്തു വെച്ചതും വേണി അകത്തു നിന്ന് ഓടി വന്നതും ഒരുമിച്ചായിരുന്നു.

“എടി അമ്മു നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ? ”

അമല ചോദ്യഭാവത്തിൽ നോക്കിയതും വേണി ഒന്ന് ചിരിച്ചു.

“ഇത്രയും കാലത്തെ എന്റെ ജീവിതത്തിൽ അബദ്ധത്തിൽ പോലും നീ സമയത്തിന് എവിടെയും പോയത് എനിക്കറിയില്ല ”

“ഓ അവളുടെ ഒരു ഓഞ്ഞ തമാശ, ഒന്ന് വേഗം വാടി ”

“ആഹ്… എനിക്കറിയാം എന്താ കാര്യംന്ന് ”

ഒന്നും പറയാതെ ചിരിച്ചു കൊണ്ടു അമല വേണിയോടൊപ്പം നടന്നു, മുറ്റത്തതിരിലെ ചക്കര മാവിൽ പടർന്നു കയറിയ മുല്ലവള്ളിയിലെ മൊട്ടുകൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അമലയുടെ നോട്ടം കണ്ടു വേണി രണ്ടു മൂന്നു പൂക്കളിറുത്തു അവൾക്കു നേരേ നീട്ടി.

“എനിക്കെങ്ങും വേണ്ടാ, ആ വാദ്ധ്യാര് എങ്ങാനും കണ്ടാൽ പിന്നെ അത് മതി പ്രഭാഷണത്തിന്. ഇന്നലെ ഞാനാ മഞ്ഞ റോസാപ്പൂ ഒന്ന് മണത്തു നോക്കിയതേയുള്ളൂ, ആ പൂരപ്പാട്ട് ഞാൻ മറന്നിട്ടില്ല. എന്തൊക്കെയായിരുന്നു. പൂവിന്റെ ഭംഗി ചെടിയിൽ നിൽക്കുമ്പോഴാണ് അല്ലാതെ നിന്റെ മുടിയിൽ വെക്കുമ്പോഴല്ല.. ഹും…പുന്നാര പെങ്ങൾ തന്നെ വെച്ചേച്ചാൽ മതി ”

“ഒന്ന് പതുക്കെ പറയെടി, ഏട്ടൻ കേൾക്കും ”

“ഓ.. പിന്നെ എന്നെയങ്ങു പിടിച്ചു വിഴുങ്ങും ”

“എന്നിട്ട് മുഖത്ത് നോക്കി ഇങ്ങനൊന്നും നീ പറയാത്തതെന്താ? ”

“ഓ ഒന്ന് നിർത്തെടി നീ വരണുണ്ടോ ”

ശുണ്ഠിയോടെ ചവിട്ടി തുള്ളി പോവുന്ന അമലയ്ക്ക് പിന്നാലെ ചിരിയോടെ വേണി നടന്നു.

തൊടിയിലേക്ക് നോക്കി അവൾ പറയുന്നത് അമല കേട്ടു

“ഏട്ടാ ഞാൻ പോവാണേ… ”

“മോളെ ശ്രദ്ധിച്ചു പോണേ പാടത്തിനടുത്തൂടി പോവണ്ട, വായനശാല വഴി പോയാൽ മതി ”

“കുഞ്ഞി പെങ്ങൾ ഇപ്പോഴും നടക്കാൻ പഠിച്ചു തുടങ്ങിയിട്ടേയുള്ളൂ എന്നാണ് ആങ്ങളയുടെ വിചാരം ”

പിറുപിറുപ്പോടെ നടക്കുന്ന അമലയെ നോക്കി വേണി ചിരിച്ചു.

“എടി ഇത്രേം വല്യ പഠിപ്പൊക്കെ ഉണ്ടായിട്ടും നിന്റേട്ടൻ ആ തുക്കടാ സ്കൂളിൽ പഠിപ്പിക്കുന്നതെന്തിനാ ”

“ഏട്ടൻ കേൾക്കണ്ട, കുറച്ചു കൂടി കഴിഞ്ഞാൽ നീയും അവിടെ തന്നല്ലേ പഠിപ്പിക്കാൻ പോണത്., ഒന്നുമില്ലേലും നീയുമൊരു അദ്ധ്യാപിക അല്ലേടി ”

“ഓ, നമ്മൾ പാവം പത്താം ക്ലാസും ഗുസ്തിയും.റാങ്കും മെഡലും കലാതിലക പട്ടവുമൊന്നും നമുക്കില്ലേ .വാദ്ധ്യാരുടെ ഭാഷയിൽ ബുദ്ധിയും വിവരമില്ലാത്തവൾ. നിന്റെ ഏട്ടനോടുള്ള ഒറ്റ വാശി കൊണ്ടു ടീച്ചറായി പോയതാ ഞാൻ, പറ്റിപ്പോയി…”

“എന്നാലും എന്റെ ഏട്ടനെ ഇങ്ങനെ പ്രാകാതെടി ”

അമല ചുണ്ട് കോട്ടി പറയാൻ വന്നത് അടക്കി നിർത്തി .ഒരു പരിധിക്കപ്പുറം പുന്നാര ഏട്ടനെ പറയുന്നത് വേണിയ്ക്ക് സഹിക്കില്ല.

വഴിയിൽ കെട്ടികിടക്കുന്ന മഴവെള്ളത്തിൽ ചവിട്ടാതെ സാരിത്തുമ്പു പൊക്കി പിടിച്ചു നടക്കുന്നതിനിടെ അമല ഓർത്തു.

ഈ ലോകത്തിലെ തന്റെ ഏറ്റവും വലിയ ശത്രു ശിവനന്ദനാണ്, വേണിയുടെ ഏട്ടൻ. യുവകവിയും കർഷകശ്രീയുമായ നാട്ടുകാരുടെ പ്രിയ്യപ്പെട്ട മാഷ്. ഈ വെറുപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വേണിയുമായുള്ള സൗഹൃദം തുടങ്ങിയ കാലം മുതലുള്ളതാണ്. ആ ഓർമ്മ അമലയുടെ മനസ്സിൽ തെളിഞ്ഞു നിന്നു.

പട്ടാളക്കാരനായിരുന്ന രവീന്ദ്രന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു ചെമ്പകശ്ശേരിയിലെ വാസുദേവൻ. രാജലക്ഷ്മിയെ പ്രണയിച്ചു, ഉറ്റവരെയും ഉടയവരെയുമെല്ലാം ഉപേക്ഷിച്ചു, വിളിച്ചിറക്കി കൊണ്ടു വരുമ്പോൾ രവീന്ദ്രന് വാസുദേവനും ഭാര്യ സതിയും ആയിരുന്നു തുണ. ഒരു കുടുംബം പോലെയാണ് അന്നും ഇന്നും. വർഷങ്ങൾക്ക് മുൻപ് രവീന്ദ്രൻ മരിച്ചപ്പോൾ അവർക്ക് താങ്ങായി നിന്നത് വാസുദേവനും കുടുംബവും ആയിരുന്നു.

അമലയ്ക്ക് ഒരു ചേട്ടൻ ആണ്, വിനീത് പഞ്ചായത്തിൽ ക്ലാർക്ക് ആണ്. വാദ്ധ്യാരുടെ ചങ്കാണ്. കുറച്ചു കഴിഞ്ഞാൽ അളിയനും. വാസുദേവന്റെയും രവീന്ദ്രന്റെയും ആഗ്രഹം പോലെ തന്നെ വേണിയുടെയും വിനീതിന്റേയും വിവാഹം പണ്ടേ ഉറപ്പിച്ചു വെച്ചതാണ്. അമലയുടെയും ശിവന്റെയും കാര്യത്തിൽ അങ്ങനെ ഒരു ആഗ്രഹമേ വേണ്ടാന്ന് എല്ലാവർക്കും പണ്ടേ മനസ്സിലായതാണ് . ഒരിക്കലും അടുക്കാത്ത സമാന്തര രേഖകൾ പോലെയാണ് അവർ ഇന്നും..

അങ്കണവാടിയിൽ തൊട്ട് വേണിയും അമലയും ഒരുമിച്ചാണ്. അമല പിന്നെ പഠിപ്പിൽ കഴിവ് കൂടുതൽ ഉള്ളത് കൊണ്ടു വേണി ഡിഗ്രി കഴിഞ്ഞിട്ടും ഒരു വർഷം കൂടി പഠിച്ചു തീർത്തിട്ടാണ് പാസായത്. ശിവന്റെ പരിഹാസം ഒന്നു കൊണ്ടാണ് അവൾ വാശിയോടെ പഠിച്ചതും ബിഎഡിനു പോയതുമെല്ലാം. ശിവൻ നാട്ടിൽ തന്നെയുള്ള യൂ പി സ്കൂളിൽ അദ്ധ്യാപകൻ ആണ്. അമലയ്ക്ക് ഒന്ന് രണ്ടു മാസങ്ങൾക്കുള്ളിൽ ആ സ്കൂളിൽ ഒരു ടീച്ചർ മറ്റേർണിറ്റി ലീവിൽ പോകുന്ന വേക്കൻസിയിൽ ജോയിൻ ചെയ്യാനുള്ള അവസരം വന്നിട്ടുണ്ട്.

പണ്ട് പാടവരമ്പത്ത് നിന്ന് എന്തോ ചെറിയൊരു വാക്കുതർക്കത്തിന്റെ പേരിൽ അമല വേണിയെ പിടിച്ചു തള്ളി. വേണി ചെളിയിൽ വീണു. കരഞ്ഞു നിൽക്കുന്ന വേണിയുടെ അടുത്തെത്തിയ ശിവനന്ദൻ അമലയെ പിടിച്ചു തള്ളി. കല്ലിൽ ഇടിച്ചു നെറ്റി പൊട്ടി ചോരയൊലിപ്പിച്ചു നിൽക്കുമ്പോഴും അമല കരഞ്ഞു വിളിച്ചില്ല. അവളുടെ കണ്ണുകളിൽ ദേഷ്യമായിരുന്നു.

അന്ന് തുടങ്ങിയ ശീതസമരമാണ്. അവസരം കിട്ടുമ്പോഴൊക്കെ രണ്ടു പേരും പരസ്പരം പാര പണിതുകൊണ്ടേയിരുന്നു. പക്ഷേ ശിവനന്ദൻ ഒരു മാന്യൻ ആയിരുന്നത് കൊണ്ടു അമല കൊടുക്കുന്ന എട്ടിന്റെ പണികൾ അറുപതിനാലാക്കി തിരിച്ചു കിട്ടികൊണ്ടിരിക്കും.

“എന്താടി ഇപ്പോൾ നിന്റെ തിരക്കൊക്കെ തീർന്നോ? ”

“അതല്ല വേണി ഞാൻ എന്തോ ഓർത്തു പോയി ”

“കുറച്ചു ദിവസായി പെണ്ണിന് ഇളക്കം കുറച്ചു കൂടുതലാ എനിക്ക് മനസ്സിലാവുന്നുണ്ട്
എല്ലാം ”

ഒരു കള്ളച്ചിരിയോടെ അമല വേണിയെ നോക്കി.

“എന്നിട്ട് എന്താണ് മനസ്സിലാക്കിയത്? ”

“ആഹ്, പുളിങ്കൊമ്പാണ് മോളെ, എത്തിപ്പിടിക്കാൻ നീ കൊറേ പാടുപെടും. വേറെയും പലരും കണ്ണുവെച്ചിട്ടുമുണ്ട്, ”

“എന്റെ പെണ്ണേ ഞാനാ അനിൽ സാറിനെ ചുമ്മാതെ ഒന്നു നോക്കിയതാ, അല്ലേലും ഈ പ്രണയമൊന്നും നമുക്ക് പറഞ്ഞിട്ടുള്ളതല്ല, വീട്ടുകാർ ഏതെങ്കിലും കോന്തന്റെ തലയിൽ കെട്ടി വെക്കുന്നത് വരെ ഇങ്ങനെ
അടിച്ചു പൊളിച്ചങ്ങു പോണം. അല്ലാതെ നിന്നെ പോലെ ദിവ്യ പ്രണയവും കൊണ്ടു നടക്കാനൊന്നും എനിക്ക് വയ്യ, അതൊക്കെ വല്യ മെനക്കെടാന്നെ ”

“അത് നീ ഇതുവരെ പ്രണയിക്കാത്തത് കൊണ്ടാ ”

“ആരും ഇതുവരെ പ്രണയവും പറഞ്ഞു വന്നിട്ടുമില്ല വന്നാൽ തന്നെ എനിക്കൊട്ടു താല്പര്യവുമില്ല ”

“അത് നിന്റെ നാക്കിനെ പേടിച്ചിട്ടാ ”

“അതുമാത്രമല്ലല്ലോ ഒരു അപ്സരസ് സദാ സമയവും എന്റെ കൂടെ ഉണ്ടാവുമ്പോൾ നമ്മളെയൊക്കെ ആരു നോക്കാനാ ”

“ചുമ്മാതല്ലെടി ഏട്ടൻ പറയുന്നത്…. ”

വേണിയെ തടഞ്ഞു കൊണ്ടു കൈകൾ കൂപ്പി അമല പറഞ്ഞു

“എന്റെ പൊന്നോ ഇനി ആ മൊഴി മുത്തുകൾ കൂടി ഇവിടെ എഴുന്നള്ളിക്കണ്ടാ. വാദ്ധ്യാര് വായ തുറക്കുന്നത് തന്നെ എന്നെ കുറ്റം പറയാനാണല്ലോ ”

വേണി ചിരിക്കുന്നത് കണ്ടു അമല മുഖം വീർപ്പിച്ചു.

ബസ് സ്റ്റോപ്പിൽ എത്തുന്നതിനു മുൻപേ മഴ ചാറാൻ തുടങ്ങി. അല്ലേലും എന്റെ പ്രാർത്ഥന ഒന്നും അങ്ങേര് മൈൻഡ് ചെയ്യത്തില്ലല്ലോ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടു അമല കുട തുറന്നു.

ബസിൽ നല്ല തിരക്കായിരുന്നു. ഒരു വിധത്തിൽ ആണ് തള്ളിക്കയറിയത്. സ്കൂൾ ഗേറ്റിനു മുൻപിൽ തന്നെയാണ് ബസ് നിർത്താറ് . പ്രൈവറ്റ് സ്കൂളാണ്. വേണി ജോയിൻ ചെയ്തു രണ്ടു വർഷം കഴിഞ്ഞാണ് ഒരൊഴിവ് വന്നപ്പോൾ അതിലേക്ക് അമലയെ എടുത്തത്.അമല ഡിഗ്രിയ്ക്ക് തോറ്റത് കൊണ്ടു ബിഎഡിനു മാത്രം അവർ ഒരുമിച്ചല്ലായിരുന്നു.അമലയ്ക്ക് അദ്ധ്യാപിക ആവാൻ ഒട്ടും താല്പര്യം ഇല്ലാതിരുന്നിട്ടും ശിവനോട് ഉള്ള വാശിയ്ക്ക് വേണിയോടൊപ്പം എത്താൻ വേണ്ടി മാത്രമായിരുന്നു അവൾ ബിഎഡിനു പോയത്.

സ്കൂളിലെ പഠിപ്പിക്കലും പതിവ് കലാപരിപാടികളുമൊക്കെകഴിഞ്ഞു ബസിൽ ഇടിച്ചു കയറി ആകെ ക്ഷീണിച്ചാണ് നാട്ടിലെത്തിയത്. ബസ് ഇറങ്ങി നടക്കുമ്പോഴേ കണ്ടു ബസ്റ്റോപ്പിൽ നിന്ന് ഇത്തിരി അകലെയായി നിർത്തിയിട്ടിരിക്കുന്ന ബൈക്കിൽ ഇരിക്കുന്ന ആളെ. കാണാൻ നല്ല അടിപൊളി ലുക്ക്‌ ഒക്കെയാ, പക്ഷേ കയ്യിലിരിപ്പ് ഓർക്കുമ്പോൾ മുഖത്തോട്ട് നോക്കാൻ തോന്നൂല. ആ പഞ്ചായത്തിൽ അമല വായ്‌നോക്കാത്ത ഒരേയൊരു ചെറുപ്പക്കാരൻ ആയിരിക്കും ഒരു പക്ഷേ ശിവ നന്ദൻ.

അവരെ കണ്ടതും വണ്ടി അവർക്കരികിലേക്ക് എടുത്തു, അമലയെ ഒന്ന് നോക്കി അവൻ വേണിയോടായി പറഞ്ഞു.

“അച്ഛനും അമ്മയും അമ്മാവന്റെ വീട്ടിലാണ് അമ്മായിയ്ക്ക് എന്തോ വയ്യെന്ന് പറഞ്ഞു,കയറിക്കോ നിന്നെ അവിടെ ആക്കി തരാം ”

വേണി യാത്ര പറഞ്ഞു അവന്റെ പുറകിൽ കയറിയതും അമലയെ നോക്കുക പോലും ചെയ്യാതെ ശിവൻ വണ്ടിയെടുത്തു പോയി.

“ഹും അയാളുടെ മുറപ്പെണ്ണ്, ആ ഭൂലോക രംഭ അവിടെ കാത്തിരിക്കുന്നുണ്ടാവും. അല്ലെങ്കിലും ആ ആട്ടക്കാരിയും ഇയാളും നല്ല ചേർച്ചയാ ”

പിറുപിറുത്തു കൊണ്ടു അമല വീട്ടിലേക്ക് നടന്നു. വെള്ളം കയറി കിടക്കുന്ന പാടത്തിന്റെ സൈഡിലൂടെ നടന്നു ചെമ്പകശേരിയിലെ ഗേറ്റും കടന്നു വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിയവേ അതിരിൽ പൂത്തുലഞ്ഞു കിടക്കുന്ന ചുവന്ന ചെമ്പരത്തി പൂക്കളിൽ അമലയുടെ കണ്ണുകളുടക്കി.

പൂക്കൾ ജീവനാണ് അമലയ്ക്ക്. ചെമ്പകശേരിയിൽ നിന്നു ശിവൻ അറിയാതെ, മോഷ്ടിച്ചു കൊണ്ടു വന്നതും വേണിയെ സോപ്പിട്ടു വാങ്ങിയതും ഒന്നും അമലയുടെ മുറ്റത്തെ പൂന്തോട്ടത്തിൽ പച്ച പിടിച്ചിട്ടില്ല. എന്നാലോ അമ്മയുടെ അഭ്യർത്ഥന പ്രകാരം വിനുവേട്ടനൊപ്പം നന്ദൻ മോൻ വെച്ചു പിടിപ്പിച്ച പച്ചക്കറികളെല്ലാം തഴച്ചു വളരുന്നുമുണ്ട്.

ഒരു നന്ദൻ മോൻ.. മന്ദൻ മോനാ ..

ശിവനന്ദനെ എല്ലാരും നന്ദൻ എന്നാണ് വിളിക്കാറ്. അവന് ഒട്ടും ഇഷ്ടമല്ല എന്നറിയാവുന്നത് കൊണ്ടു അമല മാത്രം ശിവേട്ടാ എന്നും വിളിക്കും. അതിനുള്ള പ്രതികരമായിട്ടാണോ എന്തോ എല്ലാവരും അവളെ അമ്മു എന്ന് വിളിക്കുമ്പോൾ ശിവൻ മാത്രം അമലാന്നു നീട്ടി വിളിക്കും.

മുറ്റത്ത്‌ ബൈക്ക് ഉണ്ടല്ലോ വിനുവേട്ടൻ ഇന്നു നേരത്തെ വന്നോയെന്നാലോചിച്ചാണ് അകത്തേക്ക് കയറിയത് . നല്ല വിശപ്പുണ്ടായിരുന്നു. മേല് കഴുകി ഡ്രസ്സ്‌ ഒക്കെ മാറി വന്നാലേ അമ്മ പച്ചവെള്ളം തരൂ എന്ന് അറിയാവുന്നത് കൊണ്ടു റിസ്ക് എടുക്കാൻ നിന്നില്ല. ഫ്രഷ്‌ ആയി വന്നു ചായയും നല്ല ചൂട് പഴംപൊരിയും അടിച്ചു വിട്ടു. പോവുന്ന വഴിക്ക് വിനുവേട്ടന് മാറ്റി വെച്ചിരിക്കുന്നതിൽ നിന്ന് ഒന്ന് അടിച്ചു മാറ്റി കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അമ്മയുടെ കണ്ണിൽ പെട്ടത്. ചപ്പാത്തിക്കോലു വെച്ചുള്ള ഏറു കിട്ടാതിരിക്കാനാണ്, പുറത്തേക്കോടിയത്. അമ്മയുടെ ഏറു കറക്റ്റ് ആയിരുന്നു.ഏറുകൊണ്ടിടത്ത് കൈ എത്തിച്ചു ഉഴിഞ്ഞു കൊണ്ടു പുറത്തേക്ക് നടക്കുമ്പോൾ കേട്ടു.

“ആ ചെറുക്കന് ഒന്നും കൊടുക്കരുത് കേട്ടോ പോത്ത് പോലെ വളർന്നിട്ടും കുട്ടിക്കളി മാറിയിട്ടില്ല. കല്യാണപ്രായമായ പെണ്ണാ ഒരു ചായ ഇടാൻ പോലും അറിയില്ല. ഞാൻ പറയുമ്പോളല്ലേ അനുസരിക്കാത്തത്. കെട്ടി കൊണ്ടു പോവുന്നവന്റെ കൈയിൽ നിന്ന് കിട്ടുമ്പോൾ പഠിച്ചോളും ”

കോലായിൽ എത്തിയ അമലയുടെ വായിലെ പഴം പൊരി അവളറിയാതെ തന്നെ വിഴുങ്ങി പോയി…. പകച്ചു പോയി…

അവളുടെ ആജന്മ ശത്രു ശിവനന്ദൻ എല്ലാം കണ്ടും കേട്ടും ചിരിയമർത്തി നിൽക്കുന്നു.

“അമലാ…വിനു അകത്തുണ്ടോ? ”

“ആ.. അകത്തെങ്ങാണ്ട് കിടന്നുറങ്ങുന്നു”

ചമ്മൽ മറച്ചു കൊണ്ടു അലസമായി അവൾ പറഞ്ഞു.

ശിവനന്ദൻ അവളെ കടന്നു അകത്തേക്ക് നടക്കുമ്പോൾ, തലയിൽ കൊട്ടി കൊണ്ടു അവൾ പറഞ്ഞു.

“എവിടുന്നെങ്കിലും എനിക്ക് പണികിട്ടുമ്പോൾ ഈ അലവലാതി കറക്റ്റ് ആയിട്ട് എന്റെ മുൻപിലെത്തും, ഇതെന്തു മാജിക്‌ ആണോ എന്തോ ”

(തുടരും )

Click Here to read full parts of the novel

ഒരുപാട് ഭാഗങ്ങൾ ഒന്നുമില്ലാത്ത ചെറിയൊരു കഥയാണ് ട്ടോ, ഇഷ്ടപ്പെടുമെന്ന് കരുതുന്നു 💕

4.4/5 - (58 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “നിനയാതെ – പാർട്ട്‌ 1”

  1. Sumathy sunithan

    തുടക്കം നന്നായി ട്ടോ നിൻ നിഴലായി ഇച്ചിരി​ട്രാജഡി ആയിരുന്നു പക്ഷേ ഈ കഥ അങ്ങനെ അല്ലാന്നാണ് തോന്നണത്… കൂടുതൽ നീട്ടുന്ന കഥ വല്യ രസമില്ല… അങ്ങനെ ഈ ചെറിയ കഥ കൊണ്ട് ​ഞങ്ങളെ ഒരുപാട്​ സന്തോഷപ്പെടുത്തും എന്ന് വിശ്വസിക്കുന്നു😚😚 പിന്നെ ഈ കഥ എത്ര പാർട്ടി ഉണ്ടെന്ന് ഒന്ന് പറയാമോ പ്ലീസ് 🙄🙄

    1. Aksharathaalukal

      ഒത്തിരി സന്തോഷം 😍😍ഒരു 16-17 പാർട്ട്‌..എന്തായാലും 20 പാർട്ടിനുള്ളിൽ അവസാനിപ്പിക്കാം ട്ടോ ❤️👍

  2. കൊള്ളാംട്ടോ. ഉടക്കിൽ തുടങ്ങുന്നത് പ്രണയത്തിൽ അവസാനിക്കുമായിരിക്കും. എന്തായാലും നല്ല കഥകൾ ആണ് ട്ടോ.

Leave a Reply

Don`t copy text!