Skip to content

നിനയാതെ – പാർട്ട്‌ 16

ninayathe aksharathalukal novel

വീട്ടിലേക്ക് മടങ്ങുമ്പോൾ അമല ഒന്നും പറയാതെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. ശിവൻ ഇടയ്ക്കിടെ തന്നെ നോക്കുന്നത് അവൾ അറിഞ്ഞതായി ഭാവിച്ചില്ല.

“എന്താണോ എന്തോ എന്റെ പ്രിയ പത്നിയുടെ മുഖം ഇങ്ങനെ വീർത്തിരിക്കുന്നത്? ”

ചിരിയോടെയുള്ള ചോദ്യത്തിന് പെട്ടെന്നായിരുന്നു അമലയുടെ ഉത്തരം.

“എനിക്കൊരു കുഴപ്പവുമില്ല ”

“അതിലെന്തോ കുഴപ്പമുണ്ടല്ലോ ടീച്ചറേ…”

അമല ഒന്നും മിണ്ടിയില്ല.

“എന്നാലും ഒന്നും സമ്മതിച്ചു തരരുത് ട്ടാ ”

“എന്ത്..? ”

“ഓ ഈ സൂക്കേട് ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ലല്ലോ, പണ്ടും അച്ചു എന്റടുത്തു അടുപ്പം കാണിക്കുമ്പോഴേ ഹാലിളകാറുണ്ടായിരുന്നല്ലോ മാഡത്തിന് ”

“ചുമ്മാ ഓരോന്ന് ഊഹിച്ചു പറയുന്നതിന് ഞാനെന്ത് പറയാനാ ”

“എന്റെ കൊച്ചേ അവിടുള്ള പെണ്ണുങ്ങൾ എന്റടുത്തു സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഈ മുഖം മാറി വരുന്നത് ഞാൻ കാണുന്നതാ. ഈ അസൂയയും കുശുമ്പുമൊക്കെ എവിടുന്ന് കിട്ടിയതാ പെണ്ണേ ”

“എനിക്ക് ആരോടും കുശുമ്പൊന്നുമില്ല ”

“ഒന്നെന്റെ മുഖത്തോട്ട് നോക്കി പറഞ്ഞേ ”

അമല ഒന്നും മിണ്ടിയില്ല പുറത്തേക്ക് കണ്ണും നട്ടിരുന്നു. ശിവൻ ഇടയ്ക്കിടെ അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

“എന്നോടുള്ള പൊസ്സസ്സീവ്നെസ്സ് എനിക്കിഷ്ടമാണ് ട്ടോ ”

അമലയ്ക്ക് ചിരി വരുന്നുണ്ടായിരുന്നെങ്കിലും അവൾ അവനെ നോക്കിയതേയില്ല.

ശിവൻ കാറിലെ സ്റ്റീരിയോ ഓൺ ചെയ്തു. പ്രണയം നിറയുന്ന സംഗീതത്തോടൊപ്പം കണ്ണുകളും മൗനമായി പ്രണയം പങ്കിട്ടെടുക്കുന്നുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ ശിവനന്ദൻ അമലയുടെ കൈ ചേർത്തു പിടിച്ചിരുന്നു.

ചെമ്പകശ്ശേരിയിൽ അവർ എത്തുമ്പോഴേക്കും വാസുദേവനും സതിയും അത്താഴം കഴിഞ്ഞു ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു .മേല് കഴുകി അമല കുടിക്കാനുള്ള വെള്ളവും എടുത്തു റൂമിൽ എത്തുമ്പോഴേക്കും ശിവൻ കിടന്നിരുന്നു.അവനെ അഭിമുഖീകരിക്കാൻ എന്തോ ഒരു മടി അമലയ്ക്ക് തോന്നി. അരികെ അവനെ നോക്കാതെ സൈഡിലേക്ക് തിരിഞ്ഞാണ് അവൾ കിടന്നത്.

“എത്ര നേരമായി ഞാൻ കാത്തു കാത്തു
നിൽപ്പൂ….
ഒന്നിങ്ങു നോക്കുമോ വാർതിങ്കളേ… ”

അമലയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു. ശിവന്റെ കൈ തന്റെ മേൽ ചുറ്റിയതും ആ മുഖം പിൻകഴുത്തിൽ ചേർന്നതും ഒരു പിടയൽ അവളിലുണ്ടായി.

“ഇന്നലെത്തെ പോലെ ലോട്ടറി എങ്ങാനും അടിച്ചെങ്കിലോ എന്ന് കരുതിയാണ് കണ്ണടച്ച് കിടന്നത്. ഇന്ന് ഭാഗ്യദേവത കനിയില്ലെന്ന് മനസ്സിലായി… ”

മുഖമുയർത്തി ശിവൻ അവളുടെ കാതോരം പറഞ്ഞു.

“ഗുഡ് നൈറ്റ്‌ അമ്മൂ ”

ആ നിശ്വാസം കവിളിൽ തട്ടിയതും അമല കണ്ണുകൾ ഇറുകെ അടച്ചു. ചിരിയോടെ അവളെ ചേർത്തു പിടിച്ചു ആ കഴുത്തിൽ മുഖം ചേർത്താണ് ശിവനന്ദൻ ഉറങ്ങിയത്. അമലയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. സമയമേറെ കഴിഞ്ഞപ്പോൾ തന്റെ മേൽ ചുറ്റിയ അവന്റെ കൈകൾക്കു മേൽ അവളും കൈ ചേർത്തു വെച്ചു. ഉറക്കത്തിലും അതറിഞ്ഞെന്ന പോലെ ശിവന്റെ കൈകൾ ഒന്നു കൂടെ മുറുകി.

പിറ്റേന്ന് രാവിലെ അശ്വതി ശിവനെ വിളിച്ചിരുന്നു. അവിടെ ആകെ പ്രശ്നമാണെന്ന് പറഞ്ഞത് കൊണ്ടു അവൻ പെട്ടെന്ന് തന്നെ അങ്ങോട്ട് പോയി. ഉച്ചക്ക് ഊണിനും കാണാതിരുന്നപ്പോൾ അമല മൊബൈലിൽ വിളിച്ചു നോക്കി. റിംഗ് ചെയ്യുന്നുണ്ടെങ്കിലും കാൾ എടുക്കുന്നില്ലായിരുന്നു. പിന്നെയും കുറേ സമയം കഴിഞ്ഞാണ് ശിവൻ തിരികെ വിളിച്ചത്. അമല കാൾ എടുത്തപാടെ പറയുന്നത് കേട്ടു.

“എടോ ഞങ്ങൾ അങ്ങോട്ട് വരികയാണ്.താൻ ഫുഡൊക്കെ എടുത്തു വെച്ചോ ”

“എന്തായി കാര്യങ്ങൾ? ”

“ഒക്കെ വന്നിട്ട് പറയാം ”

കാൾ കട്ട്‌ ആയി. അപ്പോഴേക്കും അമ്മായി അമ്മയെ ഫോണിൽ വിളിച്ചിരുന്നു. അമ്മ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. ഫോൺ വെച്ചപ്പോൾ കണ്ണൊക്കെ നിറഞ്ഞിരുന്നു. രാവിലെ ശിവേട്ടൻ പോവുന്നതിനു മുൻപേ കാര്യങ്ങൾ ഒക്കെ അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നു. ശിവേട്ടനും അച്ഛനും എത്ര പറഞ്ഞിട്ടും അമ്മ പൂർണ്ണമായും അനുകൂലിച്ചിട്ടില്ലായിരുന്നു. പ്രണയവിവാഹം അമ്മയ്ക്ക് പ്രശ്നമായിരുന്നില്ലെങ്കിലും ഹബിക്കയെ ഒരുപാട് ഇഷ്ടമാണെങ്കിലും അശ്വതിയുടെ വരനായി വേറൊരു മതത്തിൽ പെട്ട ആളെ ഉൾക്കൊള്ളാനായിട്ടില്ല.

കുറച്ചു കഴിഞ്ഞതും കാറിന്റെ ശബ്ദം കേട്ടാണ് അമല പുറത്തേക്കെത്തിയത്.ശിവേട്ടനൊപ്പം അശ്വതിയുമുണ്ടായിരുന്നു. അവളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞിരുന്നു. ശിവേട്ടൻ തന്ന അവളുടെ ബാഗുകൾ കൈയിൽ വാങ്ങി അശ്വതിയോടൊപ്പം അകത്തേക്ക് നടക്കുമ്പോൾ ആരും ഒന്നും സംസാരിച്ചില്ല. അശ്വതി അകത്തു കട്ടിലിൽ കയറി കിടന്നു. ഒന്നും പറയാതെ അമല പുറത്തേക്കിറങ്ങി.

അമ്മാവനും അമ്മായിയും അമ്പിനും വില്ലിനും അടുക്കാതെ നിൽപ്പാണത്രേ. അജുവേട്ടൻ പറഞ്ഞിട്ടും ഒന്നും സമ്മതിച്ചിട്ടില്ല. അശ്വതി ഇറങ്ങി പോന്നതാണ്. നാളെ ഇവിടെ നിന്ന് ഹബിക്കയുടെ വീട്ടിൽ കയറി ഉമ്മയെ കണ്ടിട്ട് എറണാകുളത്തേക്ക് പോവാനാണ് പ്ലാൻ. ഹബിക്കയുടെ വീട്ടിലും പ്രശ്നമാണ്. ഉമ്മയ്ക്കും ഒരു സഹോദരിക്കും ഒഴികെ എല്ലാവർക്കും എതിർപ്പാണ്.

ആഹാരം കഴിക്കാൻ അമല ചെന്നു വിളിച്ചിട്ടും അശ്വതി ചെന്നില്ല. ശിവൻ ചെന്നു സതിയോട് പറഞ്ഞെങ്കിലും ആദ്യം ഒന്നും കേൾക്കാൻ കൂട്ടാക്കിയില്ല. പിന്നെ അശ്വതിയുടെ അടുത്തേക്ക് പോവുന്നത് കണ്ടു. സതി അടുത്ത് ചെന്നു വിളിച്ചതും അശ്വതി പൊട്ടിക്കരഞ്ഞു കൊണ്ടു അവരെ കെട്ടിപ്പിടിച്ചു

“ശ്രമിച്ചതാ അപ്പച്ചി, മറക്കാൻ എനിക്ക് സാധിക്കാത്തത് കൊണ്ടാണ്.. ”

അമല പതിയെ പുറത്തേക്കിറങ്ങി വന്നു. ശിവനെ ഡൈനിങ്ങ് ഹാളിൽ കണ്ടപ്പോൾ അമല ചെന്നു ഭക്ഷണം വിളമ്പിക്കൊടുത്തു. അവൻ കഴിക്കാനിരിക്കുമ്പോഴേക്കും അശ്വതിയെയും കൂട്ടി സതി വന്നു. അമല അവൾക്കും ചോറെടുത്ത് കൊടുത്തു. കുറേ നേരം നുള്ളിപ്പെറുക്കി ഇരുന്നിട്ട് കഴിക്കാതെ എണീറ്റു പോവുന്നത് കണ്ടു.

അശ്വതി കിടക്കുക തന്നെയായിരുന്നു. അമല വൈകുന്നേരം ചായയുമായി ചെന്നു നിർബന്ധിച്ചാണ് എഴുന്നേൽപ്പിച്ചത്. അശ്വതിയെ ഇങ്ങനെ കണ്ടിട്ടേയില്ല. എപ്പോഴും കളിയും ചിരിയും തർക്കുത്തരങ്ങളുമായി നടന്നവളാണ്.

“പ്രതീക്ഷിച്ചതാണെങ്കിലും സമയമായപ്പോൾ ഞാൻ തളർന്നു പോയി അമല. പലവട്ടം ഈ സീൻ ഞാൻ മനസ്സിൽ സങ്കൽപ്പിച്ചതാണ്. പക്ഷേ അനുഭവത്തിൽ വന്നപ്പോൾ അത്ര എളുപ്പമായിരുന്നില്ല. സഹിക്കാൻ പറ്റുന്നില്ല.. അച്ഛനും അമ്മയും… എല്ലാവരെയും വേദനിപ്പിച്ചിട്ട്.

“എല്ലാവരെയും സന്തോഷിപ്പിച്ചിട്ട് ചില കാര്യങ്ങൾ നേടാനാവില്ല അച്ചൂ. ചിലപ്പോഴെങ്കിലും നമ്മൾ കണ്ണടക്കേണ്ടി വരും.അതിനു കഴിഞ്ഞില്ലെങ്കിൽ സ്വയം ഉരുകി മറ്റുള്ളവരുടെ മുൻപിൽ അഭിനയിക്കേണ്ടി വരും.. ”

അശ്വതിയെ കാണുമ്പോൾ അമല ഓർക്കുകയായിരുന്നു. പലപ്പോഴും ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ നമ്മൾ നേരിടുന്നത് നമ്മളൊരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലാകും. ചിലപ്പോൾ തളരില്ല എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന സാഹചര്യമായിരിക്കും നമ്മളെ പാടെ തകർക്കുന്നത്. അതിജീവിക്കാനാവില്ല എന്ന് കരുതിയിരുന്ന സാഹചര്യങ്ങളിലൂടെ നിഷ്പ്രയാസം കടന്നു പോവാനുമാവും…

അജുവേട്ടൻ ശിവേട്ടനെ വിളിച്ചിരുന്നു. സംസാരിച്ചിട്ട് ഫോൺ അശ്വതിയ്ക്ക് കൊടുക്കുന്നതും കണ്ടു. സന്ധ്യയായപ്പോൾ ഹബിക്ക വന്നു. അശ്വതി ഡ്രസ്സ്‌ ഒക്കെ മാറി ഫ്രഷ്‌ ആയി വന്നെങ്കിലും മൂഡ് ഓഫ്‌ ആയിരുന്നു. ഹബിക്ക രാവിലെ കൂട്ടാൻ വരാമെന്ന് പറഞ്ഞു ഇറങ്ങി. അതു വരെ അശ്വതിയുടെ മുഖത്തുണ്ടായിരുന്ന ചെറിയ തെളിച്ചം മങ്ങുന്നത് കണ്ടു.

രാത്രി അശ്വതിയുടെ കൂടെ കിടക്കാമെന്ന് പറഞ്ഞെങ്കിലും അവൾ അമലയെ നിർബന്ധിച്ചു പറഞ്ഞു വിട്ടു. എന്നാലും കുറെ സമയം സംസാരിച്ചിട്ടാണ് അമല റൂമിലേക്ക് ചെന്നത്. ശിവൻ ഉറങ്ങിയിരുന്നു. ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ കണ്ണുകൾ തുറന്നു കിടക്കുമ്പോൾ ഇന്നലെത്തെ പോലെ ആ കൈ തനിക്ക് മേൽ ഉണ്ടായിരുന്നെങ്കിൽ എന്ന് മോഹിച്ചു പോയിരുന്നു. എപ്പോഴോ ഉറങ്ങിപ്പോയി.

രാവിലെ കണ്ണുകൾ തുറന്നപ്പോൾ ശിവനന്ദന്റെ കൈകൾക്കുള്ളിലായിരുന്നു അമല. അവന്റെ മുഖം അമലയുടെ കഴുത്തിൽ ചേർന്നിരുന്നു. പുഞ്ചിരിയോടെ, എഴുന്നേൽക്കാനായി പതിയെ ആ കൈകൾ മാറ്റവേ ശിവൻ അവളിലേക്ക് ഒന്ന് കൂടെ ചേർന്നു കിടന്നു.

“ഇത്തിരി കൂടെ കഴിഞ്ഞു പോവാടോ ”

എഴുന്നേൽക്കാൻ തോന്നിയില്ല. അങ്ങനെ തന്നെ കിടന്നു. പിന്നീടെപ്പോഴോ ആ കൈകൾ കുസൃതി കാണിക്കാൻ തുടങ്ങിയപ്പോഴാണ് പിടഞ്ഞെണീറ്റ് മാറിയത്.

അമലയെ നോക്കി ഒന്ന് കണ്ണിറുക്കി കാട്ടി ശിവൻ പിന്നെയും തലയിണയെ കെട്ടിപ്പിടിച്ചു കിടന്നു.

അമല കുളിയൊക്കെ കഴിഞ്ഞു അടുക്കളയിൽ എത്തിയപ്പോഴേക്കും അശ്വതി ചായ വെച്ചിരുന്നു. ഇന്നലെത്തെ പോലെയല്ല ആൾ ഇത്തിരി ഉഷാറായിട്ടുണ്ട്. ഭക്ഷണം ഉണ്ടാക്കിയത് അമലയും അവളും കൂടെ ആയിരുന്നു.

തലേന്ന് പറഞ്ഞത് പോലെ തന്നെ രാവിലെ ഹബിക്ക എത്തി. ശിവേട്ടനും അവരുടെ കൂടെ ഇറങ്ങി.സതി അവളെ കെട്ടിപ്പിടിച്ചു നെറുകയിൽ ചുംബിച്ചാണ് പറഞ്ഞയച്ചത്.പുറത്തു കാണിച്ചില്ലെങ്കിലും ഹബീബിന്റെ വീട്ടിൽ പോവുന്നതിന്റെ ടെൻഷൻ അശ്വതിയ്ക്കുണ്ടായിരുന്നു.

പോയിട്ട് ഇടയ്ക്കൊന്ന് വിളിച്ചെങ്കിലും അവർ എറണാകുളത്തേക്ക് തിരിച്ചു എന്നല്ലാതെ കൂടുതലൊന്നും ശിവനും പറഞ്ഞില്ല. സതിയുടെ ആധിയകറ്റാനായി അമല അവരോടു പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞു.

വൈകുന്നേരമാണ് ശിവൻ തിരികെ എത്തിയത്. ഹബിയുടെ വീട്ടിൽ വല്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ലന്ന് അവൻ പറഞ്ഞു. വഴിയിൽ അവരെ കാണാനായി അശ്വതിയുടെ ഏട്ടൻ കാത്തുനിന്നിരുന്നു. അജു അശ്വതിയെ ആശ്വസിപ്പിച്ചാണ് വിട്ടതെന്നും ശിവൻ പറഞ്ഞു .

പിറ്റേന്ന് ലീവ് കഴിഞ്ഞു സ്കൂളിലേക്ക് പോവാൻ അമല ശിവന്റെ കൂടെ ബൈക്കിൽ കയറുമ്പോൾ മുറ്റത്ത്‌ സതിയും വാസുദേവനും ഉണ്ടായിരുന്നു. ബൈക്ക് ഗേറ്റ് കടന്നതും ശിവൻ ചുമലിൽ വെച്ച അമലയുടെ കൈയെടുത്ത് അവന്റെ വയറിലൂടെ ചുറ്റിവെച്ചു. അമല ചിരിയോടെ ചേർന്നിരുന്നു.

സ്കൂളിലും വീട്ടിലും പ്രണയാർദ്രമായ നോട്ടങ്ങളിലും ശിവന്റെ കൊച്ചു കുസൃതികളിലൂടെയും ദിവസങ്ങൾ കടന്നു പോവുകയായിരുന്നു. അവന്റെ സ്നേഹവും കരുതലും അമല അനുഭവിച്ചറിയുകയുമായിരുന്നു. പലപ്പോഴും അവന്റെ നിയന്ത്രണം നഷ്ടപെടുന്നതറിഞ്ഞിട്ടും സമ്മതം പറയാനാവാതെ എന്തോ ഒന്ന് അപ്പോഴും അവളുടെ മനസ്സിനെ പിന്നോക്കം വലിച്ചു.

ഒരു ദിവസം വിനുവിനൊപ്പം വന്ന ചിന്നുമോൾ
വാശി പിടിച്ചു ചെമ്പകശ്ശേരിയിൽ നിന്നു. രാത്രി അവൾക്കിരുപുറവുമായി ഉറങ്ങാൻ കിടന്നെങ്കിലും രണ്ടുപേർക്കും ഉറക്കം വന്നില്ല
ചിന്നുമോൾ ഉറങ്ങിയിട്ടും വെറുതെ പരസ്പരം നോക്കി അവർ കിടന്നു.

അശ്വതി ഇടയ്ക്കിടെ വിളിക്കാറുണ്ട്. അമ്മായിയും അമ്മാവനും ചെമ്പകശ്ശേരിയിൽ വരാതായെങ്കിലും അമ്മായി വല്ലപ്പോഴുമൊക്കെ സതിയെ വിളിക്കും. അശ്വതിയുടെ കാര്യങ്ങൾ അറിയാൻ വേണ്ടിയാണെന്നത് കൊണ്ടു തന്നെ ചോദിച്ചില്ലെങ്കിൽ കൂടെ സതി കാര്യങ്ങളൊക്കെ പറയും.

വേണിയ്ക്ക് മാസം അടുക്കാറായതിന്റെ ടെൻഷനിൽ ആയിരുന്നു എല്ലാവരും. പക്ഷേ ചിന്നു മോൾ കുഞ്ഞാവ വരുന്നതിന്റെ ആഹ്ലാദത്തിമിർപ്പിലാണ്.

അന്ന് രാത്രി ഉറക്കെത്തിലെപ്പോഴോ ദുസ്വപ്നം കണ്ടാണ് അമല ഞെട്ടിയുണർന്നത്. ചോരയൊലിക്കുന്ന മുഖത്തോടെ നിൽക്കുന്ന മനുശങ്കറിന്റെ കൈയിലെ കത്തി ശിവനന്ദന്റെ നെഞ്ചിൽ കയറുന്നത് കണ്ടു അമലയിൽ ഉണ്ടായ നിലവിളി ശിവനെയും ഉണർത്തി. ഞെട്ടിയെഴുന്നേറ്റ് എന്താണെന്ന് ചോദിച്ചപ്പോൾ സ്വപ്നം കണ്ടതാണെന്ന അമലയുടെ മറുപടി തെല്ലൊരാശ്ചര്യമുണർത്തിയെങ്കിലും കൂടുതലൊന്നും ചോദിക്കാതെ ശിവനന്ദൻ അവളെ തന്റെ നെഞ്ചോട് ചേർത്തുറക്കി. ആ ഹൃദയതാളം കേട്ടാണ് അമല ഉറങ്ങിയത്.

രാവിലെ അടുക്കളയിൽ ചായയ്ക്കു വെള്ളം വെച്ചപ്പോഴാണ് പിറകിൽ നിന്ന് ആ ശബ്ദം കേട്ടത്.

“എന്നാലും എന്റെ ടീച്ചറെ ഒരു സ്വപ്നം കണ്ടു ഇങ്ങനെയൊക്കെ നിലവിളിയ്ക്കുകയെന്നൊക്കെ വെച്ചാൽ… അതും ഈ ഝാൻസി റാണി. ”

“അതേയ് ഇത്രയ്ക്ക് സംഭവമാക്കാനൊന്നുമില്ല. ഒരു സ്വപ്നം കണ്ടു ഞെട്ടിയുണർന്നു. അത്രേയുള്ളൂ ”

“ഓ ഇന്നലെ എന്റെ നെഞ്ചിലെ ചൂടും പറ്റി പൂച്ചക്കുഞ്ഞിനെ പോലെ കിടന്നപ്പോൾ ഈ അഹങ്കാരമൊന്നും കണ്ടില്ലായിരുന്നല്ലോ ”

അമല അവനെ പിടിച്ചു തള്ളിയപ്പോൾ അവൻ അവളുടെ കൈകൾ പിടിച്ചു ബലമായി തന്നോട് ചേർത്തു. വാതിൽക്കൽ നിന്നൊരു ചുമ കേട്ടപ്പോഴാണ് രണ്ടുപേരും നോക്കിയത്. സതി…

ചെറിയൊരു ചമ്മലോടെ ശിവൻ പുറത്തേക്ക് നടക്കുമ്പോൾ കേട്ടു.

“വന്നു വന്നു അടുക്കളയിൽ ഒന്ന് കയറാൻ നേരവും കാലവുമൊക്കെ നോക്കേണ്ട സ്ഥിതിയായി ”

“ഓ അമ്മേം തുടങ്ങിയോ കോമഡി.. ”

പുറത്തേക്ക് നടക്കുന്നതിനിടെ ശിവൻ പറഞ്ഞത് കേട്ട് സതി ചിരിച്ചെങ്കിലും അമല ചിരിയടക്കി പിടിച്ചു.

അന്ന് രാത്രിയും അവളിലേക്ക് പടരുന്ന വികാരത്തെ നിയന്ത്രിക്കാൻ ശിവൻ പാടുപെടുന്നതിനിടെയാണ് അമല പറഞ്ഞത്.

“സമ്മതമാണ് എനിക്ക്… ഏതൊരു പെണ്ണും ആഗ്രഹിക്കുന്നതിലുമപ്പുറം സ്നേഹവും കരുതലും ഈ നെഞ്ചിൽ എനിക്കായുണ്ട്. ഇനിയും ഈ മനസ്സിലെ ആഗ്രഹങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ആവില്ലെനിക്ക്..”

തലയുയർത്തി ഒരു നിമിഷം അവളെ നോക്കിയിട്ടാണ് ശിവനന്ദൻ ചോദിച്ചത്.

“സഹതാപമാണോ? ”

“സ്നേഹം.. സ്നേഹം മാത്രം ”

നിഷേധാർത്ഥത്തിൽ തലയാട്ടികൊണ്ട് ശിവൻ പറഞ്ഞു.

“ഞാൻ കേൾക്കാൻ ആഗ്രഹിച്ച ഉത്തരം ഇതല്ല ”

അവന്റെ കണ്ണുകളിലേക്കാണ് അമല നോക്കിയത്.

“ആഗ്രഹമാണ്… എന്റെയും… ”

അവന്റെ കണ്ണുകളെ നേരിടാനാവാതെ മിഴികൾ പതിയെ അടക്കവേ കേട്ടു.

“സമ്മതം എനിക്ക് ഈ കണ്ണുകളിലാണ് കാണേണ്ടത്… ”

അമല മിഴികൾ തുറന്നെങ്കിലും ശിവനന്ദന്റെ പ്രണയത്തിന്റെ തീഷ്ണതയിൽ എപ്പോഴൊക്കെയോ കണ്ണുകൾ ഇറുകെ അടച്ചിരുന്നു……

നേരം പുലരുന്നതിനു മുൻപേ തന്നെ ചിലപ്പോഴെങ്കിലും, അവർക്കിടയിൽ ഉണ്ടായിരുന്ന മനുശങ്കറിന്റെ നിഴൽ പൂർണ്ണമായും അവരെ വിട്ടകന്നിരുന്നു…

പിറ്റേന്ന് സ്കൂൾ അവധിയായിരുന്നു. പല തവണ ശിവൻ അരികെ എത്തിയിട്ടും അമല അവനു മുഖം കൊടുത്തില്ല. ഉച്ചക്ക് ചോറ് വിളമ്പിക്കൊടുക്കുന്നതിനിടെ ശിവൻ പതിയെ ചോദിച്ചു.

“ഈ ഒളിച്ചു കളിയ്ക്ക് സമയപരിധിയൊന്നുമില്ലേ ടീച്ചറെ ”

അവളുടെ ചുണ്ടിൽ ചിരി പടർന്നെങ്കിലും അമല ശിവനെ നോക്കിയില്ല. അവന്റെ പതിഞ്ഞ ചിരി അവളുടെ കാതിൽ എത്തുന്നുണ്ടായിരുന്നു.

രാത്രി അത്താഴമൊക്കെ കഴിഞ്ഞു അമല റൂമിലെത്തി അലക്കിയ ഡ്രസ്സുകൾ ഒക്കെ മടക്കി ഷെൽഫിലേക്ക് വെച്ചു കൊണ്ടിരിക്കെയാണ് ശിവൻ റൂമിലേക്ക് കയറി വന്നത്.

വാതിലടച്ചിട്ട് അവൻ നേരേ അവൾക്കരികിലെത്തി. രണ്ടു കൈയും അവൾക്കിരുവശവുമായി ഷെൽഫിൽ വെച്ചു. മുഖം കുനിച്ചു അവളുടെ കണ്ണുകളിലേക്ക് നോക്കിയെങ്കിലും അമല മിഴികൾ താഴ്ത്തി.

“ഇങ്ങനെ എനിക്ക് മുഖം തരാതെ നടക്കുന്നതിന് കാരണം എനിക്കറിയാം.. ”

“ഒരു കാരണവുമില്ല.. ”

“അത് ഈ മുഖത്തെ ചുവപ്പ് കണ്ടാൽ അറിയാലോ ”

അമല രണ്ടു കൈകൾ കൊണ്ടും അവനെ തള്ളി മാറ്റാൻ നോക്കിയെങ്കിലും ശിവൻ അവളിലേക്ക് ചേർന്നു നിന്നതേയുള്ളൂ.

ദിവസങ്ങൾ കടന്നു പോകവേ അമലയുടെ മനസ്സ് പൂർണ്ണമായും ശിവനന്ദന്റെ പ്രണയത്തിലലിഞ്ഞു ചേരുകയായിരുന്നു.അപൂർവ്വം ചില നിമിഷങ്ങളിൽ മനസ്സിൽ തെളിഞ്ഞ കഴിഞ്ഞു പോയ ജീവിതത്തിന്റെ കാഴ്ച്ചകൾ പഴയത് പോലെ അവളെ വേദനിപ്പിക്കുകയോ അസ്വസ്ഥയാക്കുകയോ ചെയ്തില്ല.

അശ്വതിയുടെയും ഹബീബിന്റെയും ജീവിതത്തിലേക്ക് ഒരു സർപ്രൈസ് ആയാണ് ശിവൻ അവളെ കൂട്ടിക്കൊണ്ട് പോയത്.പഴയ വായാടി പെൺകുട്ടിയിൽ നിന്ന് ഉത്തരവാദിത്തമുള്ള ഭാര്യയായി അശ്വതി മാറിയിരുന്നു. ഹബീബിന്റെ ഉമ്മയും രണ്ടാമത്തെ സഹോദരിയും വന്നു കുറച്ചു ദിവസം നിന്നിട്ട് പോയി എന്ന് അശ്വതി പറഞ്ഞു. അജു ഇടയ്ക്കിടെ വിളിക്കാറുണ്ടത്രേ. അച്ഛനും അമ്മയും വിളിക്കാത്തതൊഴികെ ആഗ്രഹിച്ചു കിട്ടിയ ജീവിതത്തിൽ അശ്വതി സന്തോഷവതിയാണെന്ന് തോന്നി. സംസാരത്തിനിടെ പറയുന്നുണ്ടായിരുന്നു.

“പ്രണയിച്ച ആളോടൊപ്പം ജീവിക്കാൻ സാധിക്കുന്നത് ഭാഗ്യം തന്നെയാണ്. പക്ഷേ എനിക്ക് തോന്നിയിട്ടുള്ളത് അതിലുമേറെ ഭാഗ്യം വേണ്ടത് ജീവിതകാലം മുഴുവനും ആ പ്രണയം നിലനിർത്താനാണെന്നാണ്.. ”

അന്നൊരു ദിവസം രാത്രിയിലാണ് വേണിയ്ക്ക് വേദന തുടങ്ങിയത്. ചിന്നുമോളെ ചെമ്പകശ്ശേരിയിലാക്കി അമലയും ശിവനും അവരോടൊപ്പം പോയി.പുലർച്ചെയാണ് പ്രസവിച്ചത്. ആൺകുഞ്ഞാണ്.രാജലക്ഷ്മിയ്ക്ക് വയ്യാത്തത് കൊണ്ടു വേണിയുടെ കാര്യങ്ങളൊക്കെ നോക്കിയത് അമലയായിരുന്നു. കൗതുകത്തോടെ അമ്മയെയും കുഞ്ഞിനേയും നോക്കിയിരിക്കുന്ന അമലയെ കണ്ടതും ഒരു കുസൃതിച്ചിരിയോടെ ശിവൻ കണ്ണിറുക്കി കാണിച്ചു. തിരികെ ഒരു പുഞ്ചിരി നൽകി അമല എഴുന്നേറ്റു നടന്നു.

ശിവനും വിനുവും പുറത്തു പോയപ്പോഴാണ് ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങിക്കാൻ സിസ്റ്റർ വന്നു പറഞ്ഞത്. അമ്മയോട് പറഞ്ഞിട്ട് അമല താഴെ ഫാർമസിയിലേക്ക് നടന്നു. തിരക്കിട്ടു നടക്കുമ്പോഴാണ് ആരുടെയോ കൂടെ ഹോസ്പിറ്റലിനുള്ളിലേക്ക് നടന്നു പോവുന്ന ശിവനന്ദനെ അമല കണ്ടത്. ഒന്നു കൂടെ സൂക്ഷിച്ചു നോക്കിയപ്പോഴാണ് കൂടെയുള്ള ആളെ മനസ്സിലായത്.

മണിയണ്ണൻ… നിലയ്ക്കലെ ഡ്രൈവറായിരുന്ന മണിയണ്ണൻ.

ഓരോ തിരക്കുകൾക്കിടയിൽ പെട്ട് അമലയോട് ആ കാര്യം മറന്നുപോയിരുന്നു. ഇടയ്ക്കെപ്പോഴോ ക്യാന്റീനിലേക്ക് പോവുമ്പോഴാണ് വീണ്ടും ശിവനോടൊപ്പം അവൾ മണികണ്ഠനെ കണ്ടത്. ശിവൻ അവളോടൊന്നും പറയാതിരുന്നത് കൊണ്ടു അവൾ ഒന്നും ചോദിച്ചതുമില്ല.

ചിന്നുമോൾ ഹോസ്പിറ്റലിൽ എത്തിയപ്പോൾ കുഞ്ഞാവയെ ഇപ്പോൾ തന്നെ വീട്ടിലേക്ക് കൊണ്ടു പോവണമെന്നും പറഞ്ഞു ആകെ ബഹളമായിരുന്നു. ഒരു വിധത്തിലാണ് സമാധാനിപ്പിച്ചു ശിവൻ വീട്ടിലേക്ക് കൂട്ടികൊണ്ടു പോയത്.

വേണിയെ ഡിസ്ചാർജ് ചെയ്തു തിരികെ ചെമ്പകശ്ശേരിയിൽ എത്തിയ അന്ന് ജോലികളെല്ലാമൊതുക്കി അമല റൂമിലെത്തിയപ്പോൾ ശിവൻ ഒരു പുസ്തകവും വായിച്ചു കട്ടിലിൽ കിടപ്പുണ്ടായിരുന്നു. അവന്റെ കൈയിൽ നിന്ന് പുസ്തകം വാങ്ങി ടേബിളിലേക്ക് വെച്ച് അമല ശിവനെ നോക്കി. മുഖവുരയൊന്നുമില്ലാതെയാണ് ചോദിച്ചത്.

“മണിയണ്ണനെ ശിവേട്ടന് എങ്ങിനെയാണ് പരിചയം? ”

“എന്ത്? ”

“നിലയ്ക്കലെ ഡ്രൈവർ ആയിരുന്ന മണികണ്ഠനെ ശിവേട്ടന് എങ്ങിനെ അറിയാം? ”

അവളെ ഒരു നിമിഷം നോക്കിയിട്ടാണ് ശിവൻ മറുപടി പറഞ്ഞത്.

“താൻ ഇരിക്ക് , ഞാൻ പറയാം… തനിയ്ക്കറിയാത്ത കുറച്ചു കാര്യങ്ങൾ… ”

ശിവൻ പറഞ്ഞു കഴിഞ്ഞിട്ടും കേട്ടതൊന്നും വിശ്വസിക്കാനാവാതെ അമല ഇരുന്നു.

(തുടരും )

Click Here to read full parts of the novel

4.4/5 - (47 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!