Skip to content

നിനയാതെ – പാർട്ട്‌ 10

ninayathe aksharathalukal novel

ഇടവഴിയിൽ നിന്ന് വീട്ടിലേക്ക് കയറുന്നതിനു മുൻപേ പൊടുന്നനെ ശിവൻ ചോദിച്ചു.

“എന്നെയും കാമുകി അശ്വതിയെയും പറ്റിയുള്ള മാഡത്തിന്റെ സംശയങ്ങൾ ഇനിയുമുണ്ടോ…? ”

ഒന്നും മിണ്ടാതെ അവനെ ഒന്നു നോക്കി കടന്നു പോവാൻ ശ്രമിക്കവേ അമലയുടെ വലംകൈയിൽ പിടുത്തം വീണു. അവൾ മുഖമുയർത്താതെ, പിടി വിടുവിക്കാൻ ശ്രമിക്കാതെ നിന്നു.

“ഇങ്ങനെ എന്റെ മുൻപിൽ മറുപടിയില്ലാതെ നിൽക്കുന്ന അമലയെ അല്ല എനിക്ക് കാണേണ്ടത്, എന്നോട് മത്സരിക്കുന്ന, എന്തും പറയാൻ മടിയില്ലാത്ത ആ പഴയ കുറുമ്പി പെണ്ണിനെയാണ് ”

“ആ അമല വർഷങ്ങൾക്ക് മുൻപേ മരിച്ചു പോയി.. ”

മുഖമുയർത്താതെ തന്നെ അവൾ പറഞ്ഞു.

“ആ അമല തന്റെ മനസ്സിൽ തന്നെയുണ്ടെടോ. ഞാൻ കണ്ടിട്ടുണ്ട് എപ്പോഴൊക്കെയോ എന്റെ മുൻപിൽ ആ കുറുമ്പുകൾ പുറത്തു ചാടാൻ ശ്രമിക്കുന്നത്..എനിക്ക് വേണ്ടി മാറണമെന്ന് ഞാൻ പറയില്ല. പക്ഷേ മനുശങ്കർ രൂപപ്പെടുത്തിയ ഈ അമലയിൽ നിന്ന് പുറത്തു വന്നാലേ താൻ അവനിൽ നിന്ന് സ്വതന്ത്രയാവുകയുള്ളൂ.അമല ശിവനന്ദനന്റെ പെണ്ണാണെന്ന് മനസ്സിലോർത്താൽ മാത്രം മതി… ”

കൈയിലെ പിടി വിട്ടതും തിരിച്ചൊന്നും പറയാതെ അമല ശിവനെ ഒന്ന് നോക്കി മുറ്റത്തേക്ക് കയറി..

രാജലക്ഷ്മിയും ചിന്നുവും കോലായിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. അവരെ കണ്ടതും ചിന്നു മോൾ തുള്ളിച്ചാടി. രാജലക്ഷ്മി ചിരിച്ചു കൊണ്ടു പറഞ്ഞു.

“വേണി വയ്യാന്നു പറഞ്ഞു കിടക്കുകയാണ് , വിനു വന്നിട്ടില്ല. എന്നെ അകത്തു കയറാൻ സമ്മതിച്ചിട്ടില്ല ഈ പെണ്ണ്. അമ്മൂനേം കാത്തു നിൽക്കാണ് ”

അമല ചോദ്യഭാവത്തിൽ നോക്കുന്നത് കണ്ടതും അമ്മ പറഞ്ഞു.

“വേണി ഇന്നാണ് നിങ്ങളുടെ കല്യാണക്കാര്യം അവളോട് പറഞ്ഞത്. അത് കേട്ടത് മുതൽ നിലത്തൊന്നുമല്ല പെണ്ണ്, ചിറ്റയെ കാണണമെന്ന വാശിയായിരുന്നു ”

ചിരിച്ചു കൊണ്ടു രാജലക്ഷ്മി അകത്തേക്ക് കയറി പോയതും ചിന്നു അമ്മുവിന്റെ മേലേക്ക് ചാടിക്കയറി അവളെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു. അമല തിരിച്ചും ഉമ്മ കൊടുത്തപ്പോൾ ചിന്നു പൊട്ടിച്ചിരിയോടെ താഴെ ഇറങ്ങി ശിവന്റെ മടിയിൽ കയറി ഇരുന്നു. അമല അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ കേട്ടു.

“ചിന്നുവേ എന്നെങ്കിലും നിന്റെ ചിറ്റ ഈ നന്ദു മാമ്മനെ ഇങ്ങനെയൊക്കെ സ്നേഹിക്കുവോടി ”

അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അമല അകത്തേക്ക് നടക്കുമ്പോൾ ശിവനന്ദന്റെ ചുണ്ടിൽ ഒരു കുസൃതിച്ചിരി തെളിഞ്ഞു..

വേഷം മാറുമ്പോഴും ചിന്നുവിന്റെയും ശിവന്റെയും കളിചിരികളും സംസാരവുമെല്ലാം അമലയുടെ കാതിലെത്തുണ്ടായിരുന്നു…

“നിങ്ങളോടുള്ള സ്നേഹക്കുറവ് കൊണ്ടല്ല ശിവേട്ടാ ആ ജീവിതത്തോട് ചേരാൻ മടിക്കുന്നത്, പ്രാണനെപ്പോലെ സ്നേഹിക്കുന്നത് കൊണ്ടാണ്.. മനുശങ്കർ എന്നും നമുക്കിടയിൽ ഉണ്ടാവുമോ എന്ന പേടി കൊണ്ടാണ്…എത്രയൊക്കെ ഇല്ലെന്നു പറഞ്ഞാലും ആ നരകജീവിതത്തിന്റെ ഓർമ്മകൾ ഇടയ്ക്കെപ്പോഴൊക്കെയോ എന്നെ പിന്തുടരുന്നത് ഞാനറിയുന്നുണ്ട്….പേടിയാണ് നിങ്ങൾ ആഗ്രഹിക്കുന്ന പോലൊരു ജീവിതത്തിന് എനിക്കിനിയും സാധിക്കുമോയെന്ന്… ഇനി ചെറിയൊരു അവഗണന പോലും താങ്ങാനാവില്ലെനിക്ക്… ”

പിറ്റേന്ന് സ്കൂളിൽ എത്തുമ്പോൾ സ്റ്റാഫ്‌ റൂമിൽ എല്ലാവരുമുണ്ടായിരുന്നു. വിനുവേട്ടൻ സ്ഥലത്തില്ല, ജംഗ്ഷനിൽ എത്തിയപ്പോൾ ഓട്ടോ ഒന്നും കണ്ടില്ല. അതുകൊണ്ട് നടന്നാണ് വന്നത്. ഒരു ടു വീലർ നോക്കണമെന്ന് വിനുവേട്ടനോട് പറഞ്ഞിരുന്നു. ഇനിയിപ്പോൾ അതിന്റെ ആവശ്യമുണ്ടോ കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ നന്ദനൊപ്പമല്ലേ എന്ന് അമ്മ ഇന്ന് രാവിലെ കൂടെ പറഞ്ഞപ്പോൾ ഉള്ളിൽ ഒരു ചിരി പൊട്ടിയിരുന്നു. ഇപ്പോഴും എല്ലാരുടെയും മനസ്സിൽ പേടിയാണ് താൻ ഈ വിവാഹത്തിൽ നിന്ന് പിന്മാറുമോയെന്നു…

ഹബീബ് മാഷ് അന്നും ലീവ് ആയിരുന്നു.എല്ലാവരോടും ചിരിച്ചു കളിച്ചു സംസാരിക്കുന്ന അശ്വതിയെ നോക്കിയപ്പോൾ ഉള്ളിൽ അത്ഭുതമായിരുന്നു. ഇത്രയും വലിയൊരു രഹസ്യം മനസ്സിലൊളിപ്പിച്ചിട്ട്… അടുത്ത നിമിഷം മനസ്സ് തിരുത്തി. ഇങ്ങനെയൊരവസ്ഥയിലല്ലെങ്കിലും താനും അഭിനയിച്ചിട്ടുണ്ടല്ലോ. മനസ്സിലുള്ളത് മുഖത്ത് കാണിക്കാതിരിക്കാനുള്ള കഴിവാണ് ഏറ്റവും നല്ല നടനം എന്ന് തോന്നാറുണ്ട് പലപ്പോഴും…

അശ്വതിയിൽ നിന്ന് എപ്പോഴോ തന്റെ നേർക്കു വന്ന ചിരിയിൽ പുതിയൊരു സൗഹൃദത്തിന്റെ നനുത്ത സ്പർശം അറിഞ്ഞു. ശിവൻ എല്ലാവരുമായും ചിരിച്ചു സംസാരിക്കുന്നുണ്ടായിരുന്നുവെങ്കിലും അമലയോട് വലിയൊരു അടുപ്പം കാണിച്ചില്ല. അവളും മൈൻഡ് ചെയ്യാൻ പോയില്ല. എങ്കിലും ഒരാളുടെ ചെറുചലനങ്ങൾ പോലും മറ്റെയാൾ അറിയുന്നുണ്ടായിരുന്നു…

ബെല്ലടിച്ചപ്പോൾ പുസ്തകവുമെടുത്ത് ക്ലാസ്സിലേക്ക് നടന്നു, വെറുതെ തിരിഞ്ഞു നോക്കിയപ്പോൾ തൊട്ട് പിറകെ അശ്വതിയും ഉണ്ടായിരുന്നു.

“അതേയ്, ഇങ്ങനെ ആയാൽ പറ്റില്ലാട്ടോ അമല ടീച്ചറേ. ആ മഹാകവിയോട് മുട്ടി നിൽക്കണമെങ്കിൽ പഴയ അമല ആയാലേ പറ്റൂ, അങ്ങേരുടെ സ്വഭാവം തനിക്ക് ശരിക്കും അറിയാലോ. ”

അമല വെറുതെ ചിരിച്ചതേയുള്ളൂ,

“എല്ലാവരെയും സന്തോഷിപ്പിക്കുമ്പോൾ ഇടയ്ക്കൊന്നു സന്തോഷിക്കാനും ശ്രമിക്കണമെടോ, ഒരു ജീവിതമല്ലേയുള്ളൂ, വല്ലപ്പോഴുമെങ്കിലും തനിക്ക് വേണ്ടിക്കൂടി ഒന്ന് ജീവിക്ക് ”

പറഞ്ഞിട്ട് അശ്വതി തൊട്ടടുത്ത ക്ലാസ്സിലേക്ക് കയറി പോയി….

വൈകുന്നേരം സ്കൂൾ വിട്ട് പുറത്തേക്കിറങ്ങുമ്പോൾ മുമ്പേ ഇറങ്ങിയ ശിവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്നത് കണ്ടു. നോക്കാതെ മുൻപോട്ടു നടക്കാൻ തുടങ്ങിയപ്പോൾ പിറകിൽ നിന്ന് അശ്വതി കൈയിൽ പിടിച്ചു വലിച്ചു.

“അതേയ് നന്ദൻ മാഷേ അമല ടീച്ചർക്ക് ചെറിയൊരു കാലു വേദന, ഒരു ലിഫ്റ്റ് കൊടുത്തേ ”

ഞെട്ടലോടെ നിൽക്കുന്ന അമലയെ അടിമുടി ഒന്ന് നോക്കിയിട്ട് ശിവനന്ദൻ പറഞ്ഞു.

“അതിന് ഈ മാഡം നമ്മടെ വണ്ടീലൊന്നും കയറൂല ടീച്ചറെ. അശ്വതി ടീച്ചറൊരു കാര്യം ചെയ്യ്, ടീച്ചറുടെ സ്കൂട്ടിയിൽ എടുത്തു വെച്ച് വീട്ടിൽ കൊണ്ടുപോയാക്കിയേക്ക് ”

പറഞ്ഞിട്ട് അമലയെ നോക്കാതെ ശിവൻ വണ്ടിയെടുത്തു പോയി.

“ശോ കൈയീന്ന് പോയി താൻ വിഷമിക്കണ്ടെടോ അങ്ങേരെ പൂട്ടാൻ ഇനീം അവസരം കിട്ടും ”

അമലയോട് യാത്ര പറഞ്ഞു അശ്വതി പോയി.
അശ്വതിയോട് ചിരിച്ചു കാണിച്ചെങ്കിലും അമലയുടെ ഉള്ളിൽ ദേഷ്യത്തിന്റെ കുമിളകൾ പൊട്ടുന്നുണ്ടായിരുന്നു. അല്ലെങ്കിലും മറ്റൊരു പെണ്ണിന്റെ മുൻപിൽ വെച്ച് കളിയാക്കപ്പെടുന്നത് ക്ഷമിക്കാവുന്നതല്ലല്ലോ..

“അയാൾ ആരാന്നാ വിചാരം, അലവലാതി, എനിക്കും അവസരം വരും ”

മനസ്സിൽ പറഞ്ഞു അമല വേഗത്തിൽ നടന്നു. പാടത്തിനിപ്പുറത്തു നിന്നേ കണ്ടു കുറച്ചകലെ വണ്ടി സൈഡാക്കി ഫോണിൽ സംസാരിക്കുന്ന ആളിനെ.മൈൻഡ് ചെയ്യാതെ കടന്നു പോകവേ പറയുന്നത് കേട്ടു.

“ഹലോ ടീച്ചറേ കാലിന്റെ വേദനയൊക്കെ മാറിയോ, ഐഡിയ
അവളുടേതാണെന്നറിയാം, എന്നാലും വേണ്ടില്ല, കുറച്ചു ദൂരം കൂടെയുണ്ടല്ലോ കേറിക്കോ, ഞാൻ കൊണ്ടു വിട്ടേക്കാം ”

അമലയുടെ നടത്തം ബ്രേക്കിട്ടപോലെ നിന്നു, തിരിഞ്ഞു ചിരിയോടെ വണ്ടിയിലിരിക്കുന്ന ശിവനരികിലെത്തി അവൾ പറഞ്ഞു.

“അയ്യോ നന്ദൻ മാഷ് കാണുന്ന പെണ്ണുങ്ങൾക്കൊക്കെ ലിഫ്റ്റ് കൊടുക്കാൻ കാത്തു നിൽക്കുകയാണെന്നറിഞ്ഞില്ലാട്ടോ, ഒരു മിനിറ്റേ.. . ”

“ചീരമ്മേ… ”

അവളുടെ വിളി കേട്ട് ഒന്നും മനസ്സിലാവാതെ ശിവൻ പിറകോട്ടു തിരിഞ്ഞു നോക്കി. തൊണ്ണൂറിന്റെ തികവിലും ചുറുചുറുക്കും സ്മാർട്ട്നെസ്സും നിറഞ്ഞ, പുല്ലേൽക്കര പഞ്ചായത്തിന്റെ അഭിമാനഭാജനമായ ചീരുവമ്മ ചെറിയൊരു ചാക്ക് കെട്ടുമായി നടന്നു വരുന്നത് കണ്ടു. പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു കൊണ്ടു അവർ അമലയെ നോക്കി.

“ന്താ മോളെ.. ”

“അത് ചീരമ്മ നടന്നു വരുന്നത് കണ്ടിട്ട് നമ്മുടെ നന്ദൻ മാഷ്ക്കു വല്ലാത്ത പ്രയാസം ആള് നിങ്ങളെയും കാത്തു നിൽക്കുകയാണ്. വേഗം കയറിക്കോ ആ വണ്ടിയിലോട്ട്… ”

“അല്ലേലും ഈ കൊച്ചൻ സ്നേഹള്ളോനാണെന്ന് നിക്കറിയാം മോളെ ”

ചീരുവമ്മയുടെ വാക്കുകൾ കേട്ട് ചിരിയമർത്തി, ഒന്നും പറയാനാവാതെ നിൽക്കുന്ന ശിവനന്ദനനെ നോക്കാതെ അമല ചീരുവമ്മയെ വണ്ടിയിൽ കയറാൻ സഹായിച്ചു. ചാക്കുകെട്ട് അവരുടെ മടിയിൽ വെച്ചു, ഒരു കൈ എടുത്തു ശിവന്റെ ചുമലിലേക്ക് വെച്ചു കൊടുത്തു അമല.

“മുറുകെ പിടിച്ചു ഇരുന്നോളൂട്ടോ ചീരമ്മേ ”

അവളെ നോക്കി പല്ലിറുമ്മുന്ന ശിവനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു കൊണ്ടു അമല പറഞ്ഞു.

“പതുക്കെ പോണേ നന്ദൻ മാഷേ ”

അമല മുൻപോട്ട് നടക്കുമ്പോൾ അവൾക്കു കേൾക്കാൻ പാകത്തിൽ വന്ന വാക്കുകൾ ചെവിയിലെത്തിയിരുന്നു.

“നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ ”

തിരിഞ്ഞു നോക്കാതെ തലയാട്ടി അമല നടന്നു. ബൈക്ക് അവൾക്കരികിലൂടെ കടന്നു പോവുമ്പോഴും അമല ചിരിയടക്കി പിടിച്ചു നടന്നു. ഇത്തിരി ദൂരം പോയി തിരിഞ്ഞു നോക്കിയ ശിവന്റെ ചുണ്ടിലും അമലയിലുണ്ടായ അതേ ചിരിയുണ്ടായിരുന്നു…

എന്തായാലും ഇതിനൊരു തിരിച്ചടി അമല പ്രതീക്ഷിച്ചിരുന്നു….

പിറ്റേന്ന് സ്കൂളിലെത്തിയപ്പോൾ ആളെ കണ്ടില്ല, ചെറിയൊരു നിരാശ മനസ്സിലെവിടെയോ മുള പൊട്ടുന്നതിനിടെ, നന്ദൻ മാഷ് ഇന്ന് ലീവാണ് എവിടെയോ പോകാനുണ്ടെന്നു പറയുന്നുണ്ടായിരുന്നുവെന്ന് അശ്വതി വിമല ടീച്ചറോട് പറയുന്നത് കേട്ടു.എന്നോട് പറഞ്ഞില്ലല്ലോ എന്ന വാക്കുകൾ ഉള്ളിലുയർന്നു തുടങ്ങിയത് അമല അറിഞ്ഞു…

അന്ന് വേണിയ്ക്ക് ചെക്കപ്പിന് പോവാനുള്ളത് കൊണ്ടു കുറച്ചു നേരത്തേ ഇറങ്ങി. സതിയമ്മയ്ക്ക് വയ്യാത്തത് കൊണ്ടു വിനുവേട്ടന്റെയും വേണിയുടെയും കൂടെ അമ്മയും പോവുന്നുണ്ട്. ചിന്നു മോളെ കൊണ്ടു പോവുന്നില്ല, അതിന് രാവിലെ തന്നെ പിണക്കത്തിലായിരുന്നു കക്ഷി.

അമല കൊണ്ടു വന്ന ഐസ്ക്രീം കാണിച്ചിട്ടും പിണക്കം പൂർണ്ണമായും തീർന്നിട്ടില്ലായിരുന്നു. അവളെയും കൂട്ടി ചെടികളൊക്കെ നനച്ചും കഥകൾ പറഞ്ഞു കൊണ്ടു തൊടിയിലൊക്കെ ചുറ്റി നടന്നും സന്ധ്യയ്ക്കാണ് വീട്ടിലേക്ക് കയറിയത്. വിളക്ക് വെച്ച് ചിന്നുവിനെയും കൂട്ടി നാമം ചൊല്ലി എണീറ്റു.അകത്തേക്ക് ചെന്നു ഒരു പുസ്തകവും കൈയിലെടുത്ത് അമല ഉമ്മറത്തു വന്നിരുന്നു. ഇത്തിരി കഴിഞ്ഞപ്പോഴേക്കും ചിന്നു വേണിയുടെ മേക്കപ്പ് സാധനങ്ങളുമായി അമലയ്ക്കരികിൽ എത്തി. വേണിയും രാജലക്ഷ്മിയും ഒന്നും അവളുടെ പരീക്ഷണങ്ങൾക്ക് ഇരുന്നു കൊടുക്കാത്തത് കൊണ്ടു എപ്പോഴും അമലയാണ് അവളുടെ ഇര..

ഇന്ന് ആദ്യ പരീക്ഷണം അമലയുടെ മുടിയിലായിരുന്നു. മുടി അഴിച്ചിട്ടിട്ട്, കണ്ണും എഴുതിപ്പിച്ചു, പൊട്ടും തൊടീപ്പിച്ചപ്പോൾ എന്തോ ഓർത്തത് പോലെ ചിന്നു അകത്തേക്കോടി. തിരികെ വന്ന അവളുടെ കൈയിലെ വേണിയുടെ സിന്ദൂരചെപ്പ് അമല കണ്ടില്ല. വിരലിൽ സിന്ദൂരം എടുത്തു കൊണ്ടു ചിന്നു പറഞ്ഞു.

“ഇതൂടെ തൊട്ടാൽ ചിറ്റ സുന്ദരിയാവും അമ്മയെപ്പോലെ ”

നിറുകയിൽ എത്തിയ ചിന്നുവിന്റെ വിരലിലെ സിന്ദൂരം കണ്ടു അമല അത് തട്ടി മാറ്റി…

കയറി വന്ന ആൾ ചിന്നുവിനെ എടുത്തപ്പോഴാണ് അമല കണ്ടത്… ശിവനന്ദൻ.. അവളുടെ മുഖത്തേക്ക് കൗതുകത്തോടെ നോക്കിക്കൊണ്ടാണ് അവൻ പറഞ്ഞത്.

“കുറച്ചു ദിവസം കൂടെ കഴിഞ്ഞാൽ ചിറ്റയ്ക്കു നന്ദു മാമ്മൻ സിന്ദൂരം തൊട്ടു കൊടുക്കാം ട്ടോ ”

ഒന്നും മിണ്ടാതെ അകത്തേക്ക് കയറാൻ പോയ അമല കേട്ടു.

“ഒരു മിനിറ്റ്, ഒന്ന് നിന്നേ.. ”

അമല തിരിഞ്ഞതും ശിവൻ അവൾക്കു നേരേ ഫോണുയർത്തിയതും ഒരുമിച്ചായിരുന്നു. അമലയുടെ മുഖം ചുവന്നു.

“ആരോടു ചോദിച്ചിട്ടാ നിങ്ങൾ എന്റെ ഫോട്ടോ എടുത്തത്? ”

മറുപടിയും പെട്ടെന്നായിരുന്നു..

“ആരോടു ചോദിച്ചിട്ടാടി, ഇന്നലെ അവരെ എന്റെ ബൈക്കിന്റെ പിറകിൽ കൊണ്ടിരുത്തിയത്..? ”

അമല മുഖം വെട്ടിച്ചു അകത്തേക്ക് നടക്കുമ്പോൾ കേട്ടു.

“ഇതിന്റെ ആവശ്യമൊന്നുമുണ്ടായിട്ടല്ല, ഇതിനേക്കാൾ തെളിച്ചത്തോടെ എന്റെ മനസ്സിലുണ്ട്, പിന്നെ ആ മുഖമിങ്ങനെ ചുവന്നു തുടുക്കുന്നത് കാണാനൊരു രസം..”

ആ ചിരി കേട്ടു കൊണ്ടാണ് അമല മുറിയിലെത്തിയത്. ബാത്റൂമിലേക്ക് നടക്കുമ്പോൾ അറിയാതെ കണ്ണാടിയിൽ കണ്ണെത്തി. ഒരു നിമിഷത്തെ തോന്നലിൽ അമല അതിന് മുൻപിൽ നിന്നു. അഴിച്ചിട്ട മുടിയും കണ്ണുകളിലെ കരിമഷിയും നെറ്റിയിലെ പൊട്ടും എല്ലാമായി അവൾ എപ്പോഴോ കണ്ടു മറന്നൊരു മുഖം അമലയുടെ മുൻപിൽ തെളിഞ്ഞു.തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നതിനിടയിലാണ് പിറകിൽ ചിന്നുമോളെയും എടുത്തു ചിരിയോടെ നിൽക്കുന്ന ആളുടെ മുഖം കണ്ണാടിയിൽ തെളിഞ്ഞത്.

“നന്ദു മാമ്മൻ പറയാ ചിറ്റ സുന്ദരിയാണെന്ന് ”

അമല പുറത്തേക്ക് നടക്കുവാൻ തുടങ്ങിയതും ശിവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു തന്നോട് ചേർത്തു. ചിന്നു മോൾ ചിരിക്കുന്നുണ്ടായിരുന്നു.ഒരു കൈയിൽ ചിന്നുവിനെ എടുത്തു മറു കൈ കൊണ്ടു അമലയെ ചേർത്തു പിടിച്ചു കൊണ്ടു ശിവൻ ചിന്നുവിനോട് പറഞ്ഞു.

“നീ എന്തിനാടി ചിരിക്കുന്നേ, ഞാൻ പിടിച്ചില്ലേൽ നിന്റെ ചിറ്റ ഇപ്പോൾ വീണേനെ ”

ശിവൻ കൈ തട്ടി മാറ്റി അവനെ രൂക്ഷമായി ഒന്നു നോക്കി അമല അടുക്കളയിലേക്ക് ധൃതിയിൽ നടന്നു. ശിവൻ ചിന്നുവിനെ നോക്കി കണ്ണിറുക്കി.മുറിയിലെ മേശയിൽ അടുക്കി വെച്ചിരിക്കുന്ന തന്റെ പുസ്തകങ്ങൾ കണ്ടതും ശിവനന്ദനിൽ ഒരു പുഞ്ചിരിയെത്തി.

എനിക്കറിയാം അമ്മൂ നിന്റെ പേടികളെല്ലാം…

അടുക്കളയിലെ ചുമരിൽ ചാരി നിൽക്കുമ്പോൾ തന്റെ ഹൃദയമിടിപ്പിന്റെ വേഗം അമല അറിയുന്നുണ്ടായിരുന്നു.

ശിവേട്ടൻ പറഞ്ഞത് ശരിയാണ്, പഴയ അമലയുടെ ശേഷിപ്പുകൾ ഇപ്പോഴും തന്നിലുണ്ട്… ശിവനന്ദനന്റെ മുന്നിൽ പലപ്പോഴും താനത് തിരിച്ചറിയുന്നുമുണ്ട്…

(തുടരും )

Click Here to read full parts of the novel

4.6/5 - (38 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!