Skip to content

നിനയാതെ – പാർട്ട്‌ 12

ninayathe aksharathalukal novel

ഒന്നും പറയാതെ ഒന്നു രണ്ടു നിമിഷങ്ങൾ കടന്നു പോയി, അമല ശിവനെ നോക്കി. അവന്റെ നോട്ടം അകലെ വയലേലകൾക്കതിരിട്ടു നിൽക്കുന്ന കണ്ണാടി പുഴയിലേക്കായിരുന്നു.

“എപ്പോഴും എന്നോട് വഴക്കിട്ടു നടക്കുന്ന കുറുമ്പിപെണ്ണിനോട് പ്രണയമാണെന്ന് തിരിച്ചറിഞ്ഞത് എപ്പോഴാണെന്ന് എനിക്കോർമ്മയില്ല. പക്ഷേ പ്രണയമെന്ന വാക്ക് കേൾക്കുമ്പോഴൊക്കെ ഉള്ളിൽ തെളിഞ്ഞത് തന്റെ മുഖമായിരുന്നു. തന്റെ വാശിയും ദേഷ്യവും പിറുപിറുക്കലുമൊക്കെ കാണാനാണ് മനഃപൂർവം വഴക്കിടാൻ വന്നിട്ടുണ്ടായിരുന്നതെല്ലാം.. ”

ശിവൻ അമലയെ ഒന്ന് നോക്കി തുടർന്നു.

“പക്ഷേ തന്നോട് പറയാൻ മടിയായിരുന്നു. നമ്മൾ തമ്മിലുള്ള പ്രശ്നങ്ങൾ കൊണ്ടു താൻ എങ്ങനെ പ്രതികരിക്കുമെന്ന പേടിയുമാവാം. നമ്മുടെ വീട്ടുകാർ കല്യാണക്കാര്യം സീരിയസ് ആയി പറഞ്ഞു തുടങ്ങിയപ്പോഴാണ് വിനുവിനോട് ഞാനായിട്ട് എല്ലാം പറഞ്ഞത്. എന്റെ പ്രണയം ഞാൻ തന്നെ പറയാം എന്നും ഞാനവനോട് പറഞ്ഞിരുന്നതാണ്. എപ്പോഴൊക്കെയോ തന്റെ കണ്ണുകളിൽ ഞാനും കണ്ടിട്ടുണ്ട് എന്നോടുള്ള ഇഷ്ടവും പോസ്സസ്സസീവ്നെസ്സുമെല്ലാം. അതുകൊണ്ട് തന്നെ എന്നോട് ഇഷ്ടമല്ല എന്ന് പറഞ്ഞിരുന്നെങ്കിലും ഞാൻ വിട്ടു പോവില്ലായിരുന്നു. ‘

“പക്ഷേ അന്ന് വിനുവിനോട് പറഞ്ഞത് കേട്ടപ്പോൾ ഞാൻ ആകെ തകർന്നു പോയി.ഞാൻ കരുതിയതൊക്കെ തെറ്റായിരുന്നെന്ന് തോന്നിപ്പോയി
തനിക്കു എന്നെ ഇഷ്ടമല്ല എന്ന് തന്നെ കരുതി. തന്റെ മനസ്സിൽ ഞാനില്ലെന്ന് വേണിയും ഉറപ്പിച്ചു പറഞ്ഞു.ഞാൻ അറിയുന്ന, അമ്മയുടെ അകന്ന ബന്ധുവായിരുന്ന, മനുശങ്കർ മാന്യനായിരുന്നു ആർക്കും ഒരു കുറ്റവും പറയാനില്ലായിരുന്നു, അല്ലെങ്കിലും അവന്റെ കളികളൊന്നും ഇവിടെ അല്ലായിരുന്നല്ലോ.തനിക്ക് മനുവിന്റെ കല്യാണാലോചന വന്നപ്പോൾ ഞാനാണ് വിനുവിനോട് അത് നോക്കാൻ പറഞ്ഞത്. ഇഷ്ടമില്ലാതെ നിർബന്ധപൂർവം താൻ എന്റെ ജീവിതത്തിലേക്ക് വരണ്ടാ എന്ന് തോന്നി. ദേഷ്യത്തോടും സങ്കടത്തോടുമൊപ്പം എന്റെ ഈഗോയും ഉണ്ടായിരുന്നിരിക്കണം ”

“തന്നിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കുകയായിരുന്നു ഞാൻ. പക്ഷേ അന്ന് കാവിൽ വെച്ച് താൻ ഇഷ്ടം തുറന്നു പറഞ്ഞപ്പോഴാണ് ഞാൻ ഒന്നുമല്ലാതെയായിപ്പോയത്.അപ്പോഴേക്കും വൈകിപ്പോയിരുന്നു, തന്റെ ഇഷ്ടം സ്വീകരിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. ദേഷ്യവും സങ്കടവും എല്ലാം ഉള്ളിലൊളിപ്പിച്ചു നടക്കുമ്പോഴാണ് അന്ന് രാത്രി പിന്നെയും താൻ എന്റെ അരികിലെത്തിയത്. ഒന്നും ചെയ്യാനാവുമായിരുന്നില്ല എനിക്ക്, വെറുക്കുന്നെങ്കിൽ വെറുത്തോട്ടെ എന്ന് കരുതിയാണ് അടിച്ചതും ”

“മനുശങ്കർ തന്റെ കഴുത്തിൽ താലി കെട്ടിയത് ശേഷം തന്നെ ഞാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ തന്നോടുള്ള പ്രണയം മറക്കാനും തന്റെ സ്ഥാനത്തു മറ്റൊരാളെ കാണാനുമെനിക്കാവില്ലായിരുന്നു. മനു മരിച്ചതിനു ശേഷവും തന്റെ അരികിൽ ഞാൻ വന്നിട്ടില്ല, തന്നെ ആ ജീവിതത്തിലേക്ക് തള്ളി വിട്ടത് ഞാനും കൂടിയല്ലേ, വെറുപ്പായിരിക്കുമെന്ന് കരുതി ”

അമല താഴേക്ക് നോക്കി പതിയെ ശിവനൊപ്പം നടന്നു. അവന്റെ വാക്കുകൾ കഴിഞ്ഞുപോയതൊക്കെ ഓർമിപ്പിക്കുന്നുണ്ടായിരുന്നു.

“ഒരു പാട് നിമിഷങ്ങളിൽ സ്വയം ശപിച്ചിട്ടുണ്ട് അന്ന് തന്നെ ചേർത്തു പിടിക്കാതിരുന്നതിൽ. കടമകൾക്കും കടപ്പാടുകൾക്കുമൊപ്പം സ്വന്തം ജീവിതവും വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയി.താൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ എപ്പോഴൊക്കെയോ ചിന്നുവിന്റെ വാക്കുകളിൽ നിന്ന് തന്റെ മനസ്സിലെവിടെയോ ഇപ്പോഴും ഞാനുണ്ടെന്ന് തോന്നിയിരുന്നു .താൻ മറച്ചുവെക്കാൻ ശ്രമിച്ചുവെങ്കിലും ഈ കണ്ണുകളിൽ ഞാനും കണ്ടു എന്നോടുള്ള പ്രണയം
മിന്നിമറയുന്നത്. ”

“സ്വയം ന്യായീകരിക്കാൻ വേണ്ടിയല്ല ഇതൊക്കെ പറഞ്ഞത്. താൻ അനുഭവിച്ചതിനൊക്കെ ഞാനും കൂടെ കാരണക്കാരനാണ്. ഇന്നലെ ചിന്നുവിന്റെ വാക്കുകൾ തന്റെ മനസ്സിനെ അസ്വസ്ഥമാക്കിയത് ഞാനറിഞ്ഞിരുന്നു . ഒരിക്കൽ സ്നേഹിച്ചു നഷ്ടമായിട്ടും ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലെന്നറിഞ്ഞപ്പോഴും അമലയോടുള്ള ശിവനന്ദനന്റെ സ്നേഹത്തിനു ഒരു കുറവും വന്നിട്ടില്ല, അതിപ്പോൾ താൻ വിവാഹത്തിന് സമ്മതിച്ചില്ലായിരുന്നെങ്കിലും അങ്ങനെ തന്നെയായിരിക്കും. അതുകൊണ്ട് എന്റെ ജീവിതത്തിലേക്ക് വരാൻ തനിക്കൊരു ആശങ്കയും വേണ്ടാ. തനിക്കെപ്പോഴാണോ നമ്മുടെ ബന്ധത്തെ അംഗീകരിക്കാനാവുന്നത് അത് വരെ ഞാൻ കാത്തിരിക്കും ”

അമലയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു….

“പിന്നെ ഒരു കാര്യം പറയാൻ വിട്ടു. നമ്മളെ നമ്മളെക്കാൾ മനസ്സിലാക്കിയിട്ടുള്ള ആളുടെ കാര്യം. തന്റെ അമ്മയും, വിനുവും , വേണിയുമെല്ലാം പലപ്പോഴായി എന്നെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചിട്ടുണ്ട്. പക്ഷേ തന്റെ സതിയമ്മ ഒരിക്കൽ പോലും അതെന്നോട് ആവശ്യപ്പെട്ടിട്ടില്ല. അന്ന് വീണു കാലുളുക്കിയപ്പോൾ എന്നെ കുറേ വഴക്ക് പറഞ്ഞു. പോയി തന്നെ ബലമായി പിടിച്ചിറക്കി ചെമ്പകശ്ശേരിയിലേക്ക് കൂട്ടി കൊണ്ടു വരാൻ പറഞ്ഞു. സമ്മതിച്ചില്ലെങ്കിൽ തനിക്കിട്ട് രണ്ടു പൊട്ടിച്ചോളാനും പറഞ്ഞു ”

അമല നേർത്ത ചിരിയോടെ മുഖമുയർത്തിയപ്പോൾ കണ്ണുകളിൽ തിളങ്ങുന്ന നീർത്തുള്ളികൾ ശിവൻ കണ്ടു. പതിയെ അവളുടെ വലം കൈയിൽ അവൻ പിടിച്ചു.

“എനിക്ക് അറിയാവുന്ന അമല എന്റെ മുന്നിൽ കണ്ണു നിറയ്ക്കാൻ ഇഷ്ടമില്ലാത്തവളാണ്.. പിന്നെ ഡ്രാമാറ്റിക് ആയി, ഈ കണ്ണുകൾ ഇനി നിറയാൻ ഞാൻ സമ്മതിക്കില്ല, പൊന്നു പോലെ നോക്കും എന്നൊന്നും ഞാൻ പറയില്ല..ജീവിതമാണ്… പിന്നെ എന്റെയും തന്റെയും സ്വഭാവങ്ങൾ ചേർന്നു പോവില്ല എന്ന് പ്രത്യേകിച്ചു പറയണ്ടല്ലോ, അടിപിടിയും പൊട്ടലും ചീറ്റലുമെല്ലാം ഉണ്ടാവും. ഒന്ന് ഞാൻ ഉറപ്പ് തരാം.. തനിച്ചാക്കില്ല ഞാൻ ജീവനോടെയുള്ള കാലത്തോളം.. സുഖത്തിലും ദുഖത്തിലുമെല്ലാം കൂടെയുണ്ടാവും.”

ചെമ്പകശേരിയിലെ ഗേറ്റിന് മുൻപിൽ എത്തിയിരുന്നു അവർ. അമല പതിയെ തന്റെ കൈകൾ സ്വതന്ത്രമാക്കി. അവളുടെ ചുണ്ടിൽ തെളിഞ്ഞ ചിരി കണ്ടു ശിവൻ പുരികമുയർത്തി.ഒരു കുസൃതിച്ചിരിയോടെ അമല പതുക്കെ പറഞ്ഞു.

“അല്ല ഈ എഴുത്തുകാരൊക്കെ പ്രണയം പറയുന്നത് നല്ല കാവ്യാത്മകമായിട്ടായിരിക്കും എന്നാണ് ഞാൻ കരുതിയത് ”

ഒന്നും പറയാനാവാതെ നിൽക്കുന്ന ശിവനെ കണ്ടു അവൾ കൈ കൊണ്ടു വാ പൊത്തി ചിരിയടക്കി. തലയാട്ടി കൊണ്ടു ചിരിയോടെ ശിവൻ പറഞ്ഞു.

“എടി പെണ്ണേ, ഇത് ജീവിതമാണ്, ഞാനൊരു സാധാരണക്കാരനും, എനിക്ക് ഇങ്ങിനെയൊക്കെയേ പറയാനറിയൂ ഇത്രയൊക്കെ ഡ്രാമ മതി. ”

“ഞാൻ ഒരു കാര്യം ചോദിക്കട്ടെ സത്യം പറയോ? ”

ഒരു നിമിഷം സംശയിച്ചു നിന്നിട്ടാണ് ശിവൻ പറഞ്ഞത്.

ആഹ് ചോദ്യം കേൾക്കട്ടെ.. ”

“അപ്പോൾ ഞാനറിയാത്ത ഇനിയുമെന്തൊക്കെയോ ഈ മനസ്സിലുണ്ട് അല്ലേ?. അതു പോട്ടെ. ഇപ്പോൾ ഇതൊക്കെ പറഞ്ഞത് സത്യത്തിൽ ഞാൻ കല്യാണത്തിൽ നിന്ന് പിന്മാറുമോ എന്ന് കരുതിയല്ലേ? ”

അമലയുടെ മുഖത്തെ കള്ളച്ചിരി കണ്ടതും അവൻ പറഞ്ഞു.

“ഈ മരക്കഴുതയോട് ഇതൊക്കെ പറയാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ. പിന്നെ ഇനി നീ എന്നെ വേണ്ടാന്ന് പറഞ്ഞാൽ എന്റെ അമ്മ പറഞ്ഞത് ഞാനങ്ങനുസരിക്കും, അന്ന് തന്നെ അമല ചെമ്പകശ്ശേരിയിൽ ഉണ്ടാവും.. ”

അവനെ നോക്കാതെ മുഖം വീർപ്പിച്ചു ഇടവഴിയിലേക്ക് തിരിഞ്ഞു കൊണ്ടു അമല പിറുപിറുത്തു

“മരക്കഴുത നിങ്ങളുടെ…. ”

“അതേടി ബാക്കി കൂടെ പറ, അത് തന്നെയാ ഞാനും പറഞ്ഞത് ”

ശിവൻ പുറകിൽ നിന്ന് പറയുന്നത് കേട്ടിട്ടും തിരിഞ്ഞു നോക്കാതെ ചിരിയോടെ അമല നടന്നു. ശിവേട്ടൻ പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ പതിഞ്ഞിരുന്നു.വല്ലാതെ സെന്റിയായാൽ ആകെ ശ്വാസം മുട്ടും, അതാണ് അങ്ങനെയൊക്കെ പറഞ്ഞത്, അത് ആൾക്കും അറിയാം..

അന്ന് രാത്രി ശിവന്റെ പുസ്തകത്തിന്റെ കവർ പേജിലെ ഫോട്ടോയിലേക്ക് നോക്കി കിടക്കുമ്പോൾ കുസൃതി നിറഞ്ഞ ആ കണ്ണുകളിൽ ഇനിയും തന്നോട് പറയാൻ എന്തൊക്കെയോ ബാക്കിയായുണ്ടെന്ന് അമലയ്ക്ക് തോന്നി.

പ്രണയത്തിന്റെ ഇതു വരെ അറിയാതിരുന്ന ഭാവങ്ങൾ അമലയിൽ മൊട്ടിട്ടു തുടങ്ങിയിരുന്നു… അവളറിയാതെ…

അന്ന് സ്കൂളിൽ എത്തിയപ്പോൾ അമലയ്ക്ക് ആകെയൊരു മൂഡ് ഓഫ്‌ ആയിരുന്നു. അത് ശിവനന്ദന്റെ അഭാവം കൊണ്ടാണെന്നു അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു. അവരെല്ലാം കല്യാണഡ്രസ്സ്‌ എടുക്കാൻ പോയതാണ്. അവൾക്കറിയാമെങ്കിലും വേണി തന്റെ ഇഷ്ടങ്ങളെ പറ്റി ചോദിച്ചിരുന്നു എല്ലാം അവളുടെ ഇഷ്ടത്തിന് വാങ്ങാനാണ് പറഞ്ഞത്…

വൈകിട്ട് വീട്ടിലേക്ക് നടക്കുമ്പോൾ ഇന്നലെ ശിവൻ പറഞ്ഞ വാക്കുകളായിരുന്നു മനസ്സിൽ. ഇത്രത്തോളം തന്നെ സ്നേഹിച്ചിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. പഴയ ഓരോ കാര്യങ്ങളും അമലയുടെ ഓർമയിൽ തെളിഞ്ഞു. ശരിയാണ് എപ്പോഴും തന്നോട് വഴക്കിനു വരാറായിരുന്നു പതിവ്. അകന്നു പോയപ്പോഴാണ് താനും ആ ഇഷ്ടം തിരിച്ചറിഞ്ഞത്. പക്ഷേ കാലങ്ങൾ കഴിഞ്ഞപ്പോൾ രണ്ടുപേരും പ്രണയിച്ചത് തിരിച്ചൊന്നും ആഗ്രഹിക്കാതെയാണ്…

അമല വീട്ടിലെത്തി ചായയൊക്കെ കുടിച്ചു അമ്മയുമായി കോലായിൽ ഇരുന്നു സംസാരിക്കുമ്പോളാണ് അവർ വന്നു കയറിയത്. വിനുവും വേണിയും ശിവനും.സതിയമ്മയും വാസുമാമ്മയും ചെമ്പകശ്ശേരിയിൽ ഇറങ്ങിയെന്ന് പറഞ്ഞു. ചിന്നുമോൾ ശിവന്റെ ചുമലിൽ കിടന്നു ഉറങ്ങുകയാണ്. കോലായിൽ കയറിയതും അവൻ ചിന്നുവിനെ അമലയ്ക്ക് നേരേ കാണിച്ചു. അവന്റെ കൈകളിൽ നിന്ന് മോളെ എടുക്കുമ്പോൾ ശിവന്റെ കണ്ണുകൾ തന്നിലായിരുന്നെന്ന് അമല കണ്ടു. അവൾ നോട്ടം പിൻവലിച്ചതും ശിവൻ ചിരിച്ചു.

“അമ്മൂ കല്യാണസാരി ശിവേട്ടനാണ് ട്ടോ സെലക്ട്‌ ചെയ്തത് ആരെയും അഭിപ്രായം പറയാൻ കൂടെ സമ്മതിച്ചില്ല, ഇത് മതി എന്നൊരു പ്രസ്താവനയായിരുന്നു. അത് കണ്ടപ്പോഴാണ് പണ്ട് നീ പറഞ്ഞത് എനിക്കോർമ്മ വന്നത്, നിനക്കിഷ്ടപെട്ട അതേ കളർ.ഏട്ടന്റെ ഫോണിലുണ്ട് ”

അമലയോട് പറഞ്ഞിട്ട് വേണി ശിവന്റെ നേരേ കൈ നീട്ടി.

“ഏട്ടാ ആ ഫോണൊന്ന് തന്നേ ”

“അവൾക്കു വേണ്ടി വാങ്ങിയ സാരിയല്ലേ, അത് അവൾ ഉടുക്കുമ്പോൾ കണ്ടോളും. രണ്ടു മൂന്നു ദിവസം കൂടിയല്ലേയുള്ളൂ ”

ശിവൻ അമലയെ നോക്കിയാണ് പറഞ്ഞത്. അവൾ ചിരിക്കുന്നുണ്ടായിരുന്നു. വേണി മുഖം വീർപ്പിച്ചു അകത്തേക്ക് കയറി പോയി. അമല ചിന്നുമോളെ കിടത്താനായി അകത്തേക്ക് പോവാൻ തുടങ്ങുമ്പോൾ കേട്ടു.

“അമ്മേ ഞാനിറങ്ങാണ് ”

അമല തിരിഞ്ഞു നോക്കിയതും ആ കണ്ണുകൾ അവളിലെത്തി. അവളുടെ പുഞ്ചിരി മതിയായിരുന്നു ശിവനന്ദന്റെ മനസ്സ് നിറയാൻ.

അത്താഴം കഴിഞ്ഞു ജോലിയൊക്കെ തീർത്തു അടുക്കളയിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോഴാണ് ഹാളിൽ നിന്ന് അമ്മയുടെ വിളി കേട്ടത്. അമ്മയുടെ അരികെ വിനുവേട്ടനും സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു.വേണിയുമുണ്ട് അടുത്ത് തന്നെ. അവളെ കണ്ടതും വിനു അവൾക്കു നേരേ ഒരു ബോക്സ്‌ നീട്ടി. ഒരു നെക്ക്ലേസും രണ്ടു വളകളും.

“എന്തിനാ വിനുവേട്ടാ ഇതൊക്കെ
വാങ്ങിയത്? ”

“അത് മോളെ, നന്ദൻ പറഞ്ഞു ലോക്കറിൽ ഇരിക്കുന്ന നിന്റെ സ്വർണ്ണമൊന്നും എടുക്കണ്ടാന്ന്.ഒന്നും വാങ്ങേണ്ടാന്നും അവൻ പറഞ്ഞതാണ്. സതിയമ്മയും വാങ്ങിയിട്ടുണ്ട് നിനക്ക് വേണ്ടി എന്തൊക്കെയോ ”

ബോക്സ്‌ കൈകളിൽ പിടിച്ചു നിന്നതല്ലാതെ അമല ഒന്നും പറഞ്ഞില്ല…

റൂമിലെത്തി അത് ഷെൽഫിൽ വെക്കുമ്പോൾ അവൾ ഓർത്തു. തിരികെ വരുമ്പോൾ താലി പോലും അവിടെ വെച്ചാണ് വന്നത്. ലോക്കറിൽ ഇരിക്കുന്നതിൽ ഒരു തരി പൊന്നു പോലും മനുവേട്ടന്റേതായില്ല. തന്നിൽ മനുവേട്ടന്റെ ഓർമ്മകൾ എത്താതിരിക്കാനാണ് ശിവേട്ടൻ ഈ ചെയ്യുന്നതെല്ലാം… പക്ഷെ…

കല്യാണത്തിന് അമലയുടെ ഭാഗത്തു നിന്ന് വിനുവിന്റെ സുഹൃത്തുക്കളെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂ. ചെമ്പകശ്ശേരിയിൽ സതിയമ്മയുടെയും വാസുമാമ്മയുടെ സഹോദരങ്ങളും ശിവേട്ടന്റെ സുഹൃത്തുക്കളും മാത്രം. അത് ശിവേട്ടന്റെ തീരുമാനം ആയിരുന്നുവെന്ന് അറിഞ്ഞിരുന്നു. സതിയമ്മയുടെ ബന്ധുവാണ് മനുവേട്ടന്റെ അമ്മ…

ഇനി മൂന്നു ദിവസങ്ങൾ കൂടെ, അത് കഴിഞ്ഞാൽ ശിവനന്ദന്റെ ഭാര്യയാണ് താൻ. പിന്നെ ജീവിതം ചെമ്പകശ്ശേരിയിലാണ്. മനസ്സിൽ എവിടെയോ സന്തോഷമുണ്ട്, പക്ഷേ അതിനൊപ്പം വല്ലാത്തൊരു പേടിയുമുണ്ട്..

അന്ന് അശ്വതി ആകെ ടെൻഷനിലായിരുന്നു. അവളുടെ ഏട്ടൻ അർജുൻ എത്തുന്നുണ്ട്, ഡൽഹിയിൽ നിന്ന്. അശ്വതിയ്ക്കു ഒരു സഹോദരൻ മാത്രമേയുള്ളൂ. പണ്ടെപ്പോഴൊക്കെയോ ചെമ്പകശ്ശേരിയിൽ വെച്ച് കണ്ടതല്ലാതെ ആളെ വല്യ പരിചയമൊന്നുമില്ല അമലയ്ക്ക്. ഡൽഹിയിലാണ് ജോലി. കല്യാണം കഴിഞ്ഞിട്ടില്ല. അശ്വതി പറഞ്ഞതെല്ലാം വെച്ച് നോക്കുമ്പോൾ അവളുടെ കളികളൊന്നും അർജുനന്റെ അടുത്ത് നടക്കില്ല. അവളെ പിടിച്ച പിടിയാലേ കല്യാണം കഴിപ്പിക്കാൻ നടക്കുകയാണ് അമ്മ. എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അമലയ്ക്കും അറിയില്ലായിരുന്നു. എന്തായാലും നന്ദന്റെ വിവാഹം കഴിഞ്ഞിട്ടൊരു തീരുമാനം എടുക്കാമെന്ന നിലപാടിലാണ് ഹബിക്ക.

സെക്കന്റ്‌ പിരീഡ് കഴിഞ്ഞു സ്റ്റാഫ്‌ റൂമിൽ എത്തിയപ്പോൾ അവിടെ ആരുമില്ലായിരുന്നു. അമലയുടെ പോർഷൻ ഏതാണ്ട് കഴിയാറായതാണ്. അത്കൊണ്ട് ശോഭ ടീച്ചറാണ് ഈ പീരീഡ്‌ കയറിയത്. പുസ്തകം മേശമേൽ വെച്ച് തിരിയുമ്പോഴാണ് ശിവനന്ദൻ കയറി വന്നത്.

“എടോ ഞാൻ ഇന്ന് ഹാഫ് ഡേ ആണ് ഉച്ചയ്ക്ക് പോവും, നാളെയും ഉണ്ടാവില്ല, കുറച്ചു കാര്യങ്ങൾ കൂടെയുണ്ട് ”

അമല ചിരിച്ചു കൊണ്ടു തലയാട്ടുന്നത് കണ്ടു അവൻ പറഞ്ഞു.

“അപ്പോൾ നാളെ കൂടെ കഴിഞ്ഞാൽ ശിവനന്ദന്റെ ഭാര്യയായിട്ടല്ലേ അമല ടീച്ചർ ഇവിടെയെത്തുക ”

ആ കണ്ണുകളിലെ പതിവ് കുസൃതിച്ചിരി അവിടെയുണ്ടായിരുന്നു, ചിരിയോടെ അമല മിഴികൾ താഴ്ത്തി.

പുസ്തകവുമെടുത്ത് പുറത്തേക്ക് നടന്ന ആൾ തിരികെ അവളുടെ അടുത്തെത്തി.

“എടോ തനിക്ക് ആ സാരി കാണണമെന്നുണ്ടായിരുന്നോ? പണ്ടെന്നോ വേണി പറഞ്ഞു കേട്ടിട്ടുണ്ട് തന്റെ ഇഷ്ടത്തെ പറ്റി, അന്നേ മനസ്സിൽ കരുതിയതായിരുന്നു. ഇന്നലെ ഞാൻ ആ ഫോട്ടോ കാണിക്കാതിരുന്നത് വിഷമമായോ? ”

“ഇല്ല . ”

“ശരിക്കും? ”

“ഇല്ലെന്നേ… ”

ശിവനെ നോക്കി അവൾ പറഞ്ഞു.

“അത് എനിക്ക് സ്വന്തമാവുമ്പോൾ കണ്ടാൽ മതി ”

അവളെ നോക്കി പുറത്തേക്ക് നടക്കുമ്പോൾ പതിയെയാണ് ശിവൻ പറഞ്ഞത്.

“ലവ് യൂ അമ്മൂ….”

ഞെട്ടലോടെ നിൽക്കുന്ന അമലയെ കണ്ടു ചിരിച്ചു കൊണ്ടു അവൾക്കു നേരേ കണ്ണുകൾ ചിമ്മി കാണിച്ചു ശിവനന്ദൻ പുറത്തേക്കിറങ്ങി പോയി.

ഉള്ളിൽ നിന്നുയരുന്ന നനുത്ത പുഞ്ചിരിക്കിടയിലും അമല ഓർത്തു.

എന്തായിരുന്നു നന്ദൻ മാഷിന്റെ ഉപദേശം അശ്വതിയോട്. എന്നിട്ടിപ്പോൾ സ്കൂൾ ആണെന്ന് പോലും വാദ്ധ്യാർക്ക് ഓർമ്മയില്ല…

(തുടരും )

Click Here to read full parts of the novel

4.3/5 - (47 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!