Skip to content

നിനയാതെ – പാർട്ട്‌ 4

ninayathe aksharathalukal novel

കണ്ണുകൾ അടച്ചു കിടക്കുമ്പോഴും ആ നോട്ടം തന്നിലാണെന്ന് അമല അറിഞ്ഞു. ശിവേട്ടനുമായി വഴക്കിട്ടു നടന്ന പഴയ അമലയല്ല താനെന്ന് അവൾ മനസ്സിനെ ഓർമ്മിപ്പിക്കുകയായിരുന്നു. മനസ്സിന്റെ താളം തെറ്റിക്കാനുള്ള കഴിവ് ഇപ്പോഴും ആ സാന്നിധ്യത്തിനുണ്ട്. ആദ്യപ്രണയം… എന്നല്ല ആകെ പ്രണയം തോന്നിയത് ശിവേട്ടനോടായിരുന്നു എന്ന് വേണം പറയാൻ. മനുവേട്ടനെ സ്നേഹിക്കാൻ ശ്രമിക്കേണ്ടതായി പോലും വന്നിട്ടില്ല. സ്നേഹിക്കാൻ തുടങ്ങും മുൻപേ വെറുത്തു പോയതാണ്…

പക്ഷേ ഇനിയൊരിക്കലും മനസ്സിൽ എപ്പോഴോ കാത്തു വെച്ച ആ സ്നേഹം പുറത്തെടുക്കാൻ കഴിയില്ല.വെറുതെ പോലും ആ സാമീപ്യം ആഗ്രഹിക്കാൻ പാടില്ല..

വല്ലാത്ത ദാഹം തോന്നിയെങ്കിലും കുറച്ചു സമയം അനങ്ങാതെ കിടന്നു, തൊണ്ട വരണ്ടുണങ്ങിയത് പോലെ തോന്നിയപ്പോഴാണ് കണ്ണു തുറന്നത്. തനിക്കരികിൽ തന്നെ കസേരയിൽ ചാരി കണ്ണുകളടച്ചു കിടക്കുകയാണ് ശിവേട്ടൻ. ദാഹം മറന്നു അമല ആർത്തിയോടെ ആ മുഖം മനസ്സിലേക്കാവാഹിച്ചു. ഒരു മാറ്റവുമില്ല ശിവേട്ടന്, താടി ഒന്ന് ട്രിം ചെയ്തിട്ടുണ്ട്. ഇടതൂർന്ന കൺപീലികളിൽ നോട്ടമെത്തിയതും അവൻ കണ്ണു തുറന്നതും ഒരുമിച്ചായിരുന്നു. താൻ നോക്കുന്നത് കണ്ടുവെന്ന് മനസ്സിലായെങ്കിലും അമല നോട്ടം മാറ്റി മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചു. അപ്പോഴേക്ക് ആൾ അരികിൽ എത്തിയിരുന്നു. ഒന്നും പറയാതെ തലയിണ പൊക്കി വെച്ചു ശിവൻ അമലയെ അതിൽ ചാരി ഇരുത്തി. ആ താടി രോമങ്ങൾ മൃദുവായി കവിളിൽ ഉരസിയപോലെ തോന്നിയപ്പോൾ, നിശ്വാസം കവിളിൽ തട്ടിയപ്പോൾ അമലയുടെ ഉള്ളിൽ ഒരു പിടച്ചിലുണ്ടായി.അമലയ്ക്ക് വിറയ്ക്കുന്നുണ്ടായിരുന്നു, പുതച്ചിരുന്ന ഷീറ്റ് മുകളിലേക്ക് വലിച്ചിട്ടു തല ഉയർത്താതെ ഇരിക്കുമ്പോൾ കേട്ടു.

“തനിക്ക് വെള്ളം വേണോടോ ? ”

മൂളിയതേയുള്ളൂ അമല. ഗ്ലാസ്സിലേക്ക് പകർന്ന വെള്ളത്തിനായി അമല കൈ നീട്ടിയെങ്കിലും ശിവൻ ഗ്ലാസ്സ് അവളുടെ ചുണ്ടോടടുപ്പിച്ചു കൊണ്ടു അവൾക്കരികെ ഇരുന്നു. കുടിച്ചു കഴിഞ്ഞപ്പോൾ താടിയിൽ വീണ വെള്ളം തുടയ്ക്കാനായി അവൾ കൈയ്യുയർത്തുമ്പോഴേക്കും ശിവൻ വലം കൈയ്യാൽ വെള്ളം തുടച്ചിരുന്നു. ഞെട്ടലോടെ അമല മുഖമുയത്തിയപ്പോഴേക്കും ആൾ ഗ്ലാസ്സ് സൈഡ് ടേബിളിൽ വെക്കാൻ തിരിഞ്ഞു. ഗ്ലാസ് ടേബിളിൽ വെച്ച് ശിവൻ അവളെ നോക്കി, കണ്ണുകളിടഞ്ഞപ്പോൾ അമല മുഖം താഴ്ത്തി.

ശിവൻ തിരികെ വന്നു ഫോൺ കൈയിലെടുത്തു അതിൽ നോക്കി ഇരുന്നു. അമല അറിയാതെ തന്നെ അവളുടെ കണ്ണുകൾ ഇടയ്ക്കിടെ അവനെ നോക്കി.

ഒരിക്കലെങ്കിലും താൻ സ്നേഹിക്കുന്ന പോലെ ശിവേട്ടൻ തന്നെ ഇഷ്ടപെട്ടിട്ടുണ്ടാവുമോ, അതേ തീവ്രതയോടെ?..

അറിയില്ല..

സുന്ദരനായ യുവ എഴുത്തുകാരന് അനേകം ആരാധികമാരുണ്ടാവും. വേണിയുടെ വാക്കുകളിൽ ഇടയ്ക്കൊക്കെ ചില സൂചനകൾ കേട്ടിട്ടുണ്ട്..

മുൻപൊക്കെ ഏതു നിമിഷവും അശ്വതിയും ശിവേട്ടനുമായുള്ള വിവാഹവാർത്ത പ്രതീക്ഷിച്ചിരുന്നു. വേണിയുടെയും വിനുവേട്ടന്റെയും കല്യാണത്തിന് അശ്വതിയുടെ അമ്മ ആരോടോ പറയുന്നതും കേട്ടിരുന്നു അവരുടെ കല്യാണക്കാര്യം. ശിവേട്ടനും അശ്വതിയും പണ്ടേ നല്ല കൂട്ടാണ്, കൗമാരകാലം മുതലേ അശ്വതിയുടെ കണ്ണുകളിൽ ശിവേട്ടനോടുള്ള പ്രണയം താൻ കണ്ടതാണ്. അതുകൊണ്ടാവാം അശ്വതിയെ ഇഷ്ടപെടാനോ കൂട്ടുകൂടാനോ തനിക്ക് ഒരിക്കലും കഴിയാതിരുന്നത്. നല്ലൊരു നർത്തകി കൂടിയായിരുന്ന അവളോട് അസൂയയും ഉണ്ടായിരുന്നു. താൻ അവളെ കുറ്റം പറയുന്നത് പല തവണ ശിവേട്ടൻ കേട്ടിട്ടുണ്ട്, അതിന്റെ പേരിൽ വഴക്ക് കൂടിയിട്ടുമുണ്ട്. ശിവേട്ടൻ എപ്പോഴും അവളുടെ പക്ഷം പിടിക്കുന്നത് കൊണ്ടു ദേഷ്യം കൂടിയിട്ടേ ഉണ്ടായിരുന്നുള്ളൂ.എല്ലാ വർഷവും മേലേ കാവിലെ ഉത്സവത്തിനു അശ്വതിയുടെ നൃത്തമുണ്ടാവും, ശിവേട്ടനാവും പാടുന്നത്. അത് കഴിയുന്നത് വരെ വേണിയ്ക്ക് സ്വൈര്യം കൊടുക്കാറുണ്ടായിരുന്നില്ല, എന്തെങ്കിലുമൊക്കെ കുറ്റങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും. ശിവേട്ടൻ ജതി പാടുമ്പോൾ ഉള്ളം തുടി കൊട്ടുമെങ്കിലും കുശുമ്പിനായിരുന്നു അതിനേക്കാൾ സ്ഥാനം. അന്നൊന്നും അറിയില്ലായിരുന്നല്ലോ, ശിവേട്ടനോടുള്ള പ്രണയമായിരുന്നു അതെന്ന്…

പെട്ടെന്ന് ഛർദിക്കാൻ വരുന്നത് പോലെ തോന്നി അമലയ്ക്ക് ,
അവൾ ശിവനെ നോക്കി, ആൾ ഫോണിലാണ്. എങ്ങിനെ പറയും.. ഇനിയും പിടിച്ചു നിർത്താൻ വയ്യ.

“ശിവേട്ടാ… ”

അമലയുടെ നേർത്ത ശബ്ദം കേട്ടതും അവൻ അവൾക്കരികിൽ എത്തിയിരുന്നു.

“എനിക്ക് വൊമിറ്റ് ചെയ്യാൻ വരുന്നു ”

ഗ്ലുക്കോസിന്റെ നീഡിൽ ഊരി മാറ്റിയതും അമല മെല്ലെ കട്ടിലിൽ പിടിച്ചു എഴുന്നേറ്റു, തല കറങ്ങുന്നത് പോലെ തോന്നി അവൾക്ക് , വേച്ചു പോയതും ശിവന്റെ കൈകൾ അവളെ താങ്ങിയിരുന്നു. അവളെ ചേർത്തു പിടിച്ചാണവൻ വാഷ് ബേസിനരികിലേക്ക് നടന്നത്.

ഒന്നും കഴിക്കാതിരുന്നത് കൊണ്ടു കുടിച്ച വെള്ളം മാത്രമേ പുറത്തേക്ക് പോവാനുണ്ടായിരുന്നുള്ളൂ. ഒരു കൈ കൊണ്ടു അവളെ ചേർത്തു പിടിച്ചു മറുകൈയിൽ വെള്ളമെടുത്തു അവളുടെ വായും മുഖവും കഴുകിച്ചു അവൻ.

അവന്റെ ഹൃദയതാളം അപ്പോഴും അമല അറിയുന്നുണ്ടായിരുന്നു.

തിരികെ ബെഡിലേക്ക് നടക്കുമ്പോൾ അമല ശിവനിൽ നിന്നകന്നാണ് നടന്നത്. ഒരു കൈയ്യകലത്തിൽ ശിവനുണ്ടായിരുന്നത് കൊണ്ടു കട്ടിലിലേക്ക് ഇരിക്കാൻ പോവുമ്പോൾ അവൻ വീണ്ടും അവളെ താങ്ങി പിടിച്ചിരുത്തി.

“തന്റെ വാശിയ്ക്ക് ഇപ്പോഴും കുറവൊന്നുമില്ലല്ലേ…? ”

ചിരിയോടെ ആണ് ചോദിച്ചത്, അവന്റെ കണ്ണുകളിലേക്ക് നോക്കാതെ അമല പതിയെ പറഞ്ഞു.

“തോറ്റു പോയവൾക്ക് ഇനിയെന്ത് വാശി… ”

ശിവേട്ടൻ നോക്കുന്നത് കണ്ടപ്പോഴാണ് പറഞ്ഞതെന്തെന്ന് ഓർത്തത്.

“അത്.. ഞാൻ.. വെറുതെ.. ”

നെറ്റിയിലേക്ക് വീണുകിടക്കുന്ന അവളുടെ മുടിയിഴകൾ ഒതുക്കി വെച്ചു കൊണ്ടു ശിവൻ പറഞ്ഞു.

“തന്നോടുള്ള മത്സരം ഞാനും എന്നേ അവസാനിപ്പിച്ചതാടോ….”

ഒരു നിമിഷം അമല അറിയാതെ ആ കണ്ണുകളിലേക്ക് നോക്കി പോയി. ഉള്ളിലുയർന്ന പിടച്ചിലോടെ നോട്ടം മാറ്റിയപ്പോൾ പറയുന്നത് കേട്ടു.

“ഞാൻ സിസ്റ്ററോട് ഒന്ന് പറഞ്ഞിട്ട് വരാം, ഈ ഡ്രിപ്പ് മാറ്റിയിടണം ”

ശിവൻ പുറത്തേക്ക് നടക്കുമ്പോൾ അമല ഓർത്തു. എല്ലാവരുടെ മുൻപിലും മനുവേട്ടന്റെ വിയോഗത്തിൽ തീരാദുഖവുമായി നടക്കുന്നവളാണ് താൻ. ഉത്തമനായ ഭർത്താവായി മനുവേട്ടൻ അഭിനയിക്കുമ്പോൾ ഒരിക്കൽ പോലും താനായിട്ട് അത് തിരുത്താൻ ശ്രമിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെയാണ് മറ്റൊരു ജീവിതത്തെക്കുറിച്ച് ആരും നിർബന്ധിക്കാത്തതെന്നും അമലയ്ക്ക് നന്നായറിയാം.

അനുഭവിച്ചതൊന്നും ആരെയും അറിയിക്കണം എന്ന് തോന്നിയിട്ടില്ല ഇത് വരെ. സഹതാപവാക്കുകൾ പറയുന്നവർക്കറിയില്ലല്ലോ അത് കേട്ടു നിൽക്കുന്നവരുടെ ഉള്ളിലെ നീറ്റൽ. ഒരിക്കൽ ശിവേട്ടനോട് പ്രണയം പറഞ്ഞതാണ്. ഇനിയൊരിക്കലും അതിന്റെ കണിക പോലും തന്റെ പെരുമാറ്റത്തിൽ വരാൻ പാടില്ല.

ചിരിച്ചു കൊണ്ടു റൂമിലേക്ക് വന്ന സിസ്റ്ററിന്റെ പിറകെ ശിവേട്ടനുമുണ്ടായിരുന്നു.ഡ്രിപ്പ് മാറ്റിയിട്ട്, ഒരു ടാബ്ലറ്റ് അവർ മായയുടെ കൈയ്യിൽ കൊടുത്തു. ശിവൻ വെള്ളമെടുത്തു അരികിൽ എത്തിയത് കണ്ടപ്പോൾ മെഡിസിൻ ബോക്സുമെടുത്ത് പോകാൻ തുടങ്ങവേ അവർ പറഞ്ഞു.

“എന്തായാലും താൻ ലക്കി ആണെടോ അമല, ഇതുപോലൊരു ഭർത്താവിനെ കിട്ടിയില്ലേ .ഇന്നലെ വന്നപ്പോൾ മുതൽ ആള് തന്റടുത്ത് നിന്ന് മാറിയിട്ടില്ല ”

ചിരിയോടെ പറഞ്ഞിട്ട് സിസ്റ്റർ പുറത്തേക്ക് പോയപ്പോൾ അമല പകപ്പോടെ ശിവനെ നോക്കി.

“ഇനി താൻ ഉറങ്ങിക്കോ.. ”

അടുത്തുള്ള കസേരയിൽ ഇരുന്നു കൊണ്ടവൻ പറഞ്ഞു. ആ ചുണ്ടിലും ഒരു ചിരി ഉണ്ടായിരുന്നു.

“കാലമെത്ര കഴിഞ്ഞാലും അണയില്ലൊരിക്കലും എന്നാത്മാവിൽ
നിനക്കായി കൊളുത്തി വെച്ചൊരാ പ്രണയത്തിൻ തിരിനാളം

മറവിയിൽ ഒളിപ്പിക്കാനാവാതെ ഞാനും എൻ പ്രണയവും നിന്നിലിടം തേടവേ

ജന്മാന്തരങ്ങളിലും അലഞ്ഞിടും സഖീ
എൻ പ്രണയം നിന്നെയും തേടി ”

കണ്ണുകൾ അടഞ്ഞുപോവുമ്പോഴും ആ വരികളും ചിരി തെളിഞ്ഞ മുഖവും അമലയുടെ മനസ്സിലുണ്ടായിരുന്നു.

അമ്മയുടെ ശബ്ദം കേട്ടാണ് അമല ഉണർന്നത്. തനിക്കരികെയുള്ള കസേരയിൽ അമ്മയാണ്. തൊട്ടപ്പുറമുള്ള സൈഡ് ബെഡിൽ കൈയിലൊരു പത്രവുമായി ശിവേട്ടൻ ഇരിക്കുന്നുണ്ട്.

“അമ്മ എപ്പോ വന്നു, വിനുവേട്ടൻ എത്തിയോ? ”

ചോദ്യം കേട്ടാണ് രണ്ടു പേരും അവളെ നോക്കിയത്.

“ഞാൻ വന്നിട്ട് കുറച്ചു സമയമായി, നന്ദൻ പറഞ്ഞു നിന്നെ ഇപ്പോൾ വിളിക്കണ്ടാന്ന്.
വിനു വിളിച്ചിരുന്നു, വൈകുന്നേരമേ അവനെത്തുള്ളൂന്നു പറഞ്ഞു. ”

“ചിന്നു മോൾ? ”

“ചെറിയ പനിയുണ്ട്..സതിയും വാസുവേട്ടനും അവിടുണ്ട്. ഉച്ചക്ക് വാസുവേട്ടൻ വന്നാൽ ശിവനു പോവാം ”

“ശിവേട്ടന് ഇന്ന് സ്കൂളിൽ പോവണ്ടേ?. ഇവിടെ ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ, ശിവേട്ടൻ പൊയ്ക്കോട്ടേ അമ്മേ ”

അവൾ തല ചെരിച്ചു ശിവനെ നോക്കി അവൻ അവളെ നോക്കാതെ മുഖം കനപ്പിച്ചു ഫോണിൽ നോക്കി കൊണ്ടു പുറത്തേക്ക് നടന്നു.

“നീയെന്തിനാ അമ്മൂ അവനെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നത്, നീയും വേണിയും അവന് ഒരുപോലെയല്ലേ , വിനു ഇവിടെ ഇല്ലാത്തപ്പോൾ നമ്മളെ തനിച്ചാക്കി അവൻ പോവുമോ? ”

അമല ഒന്നും മിണ്ടിയില്ല, അമ്മയ്ക്ക് പിന്നെ പണ്ടേ ശിവേട്ടൻ കഴിഞ്ഞിട്ടേയുള്ളൂ താനും വിനുവേട്ടനുമൊക്കെ.

പുറത്തേക്കിറങ്ങി പോയ ആൾ പിന്നെ ഡോക്ടർ റൗണ്ട്സിനു വന്നപ്പോഴാണ് കയറി വന്നത്. ഇന്നും കൂടി നോക്കിയിട്ട് നാളെ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അമലയ്ക്ക് അസ്വസ്ഥതയാണ് തോന്നിയത്. തനിക്കും ചുറ്റും താനായിട്ട് കെട്ടി പൊക്കിയ ആർക്കും പ്രവേശനമില്ലാത്ത ചുറ്റുമതിൽ ഇല്ലാതാവുന്നത് പോലെ അവൾക്കു തോന്നി തുടങ്ങിയിരുന്നു.ആ ലോകത്ത് തനിക്ക് സന്തോഷം ഇല്ലെങ്കിലും സമാധാനമുണ്ടായിരുന്നു.

ഡോക്ടർ പോയ ഉടനെ ശിവൻ പറഞ്ഞു

“അമലയ്ക്ക് ഞാൻ ബുദ്ധിമുട്ടാവുന്നില്ല, പുറത്തുണ്ടാവും ”

അപ്പോഴേക്കും രാജലക്ഷ്മി അവന്റെ കൈയിൽ പിടിച്ചു.

“നിനക്കെന്താ നന്ദാ, അവളുടെ സ്വഭാവം നിനക്കറിയില്ലേ, ആരു പറഞ്ഞാലും അവൾക്കു തോന്നിയതേ അവൾ ചെയ്യൂ, ലാളിച്ചു വളർത്തിയതിന്റെ കുഴപ്പമാ ”

അവളുടെ മുഖത്ത് ആത്മനിന്ദയോടെയുള്ള ചിരി വിടർന്നിരുന്നു. അതുകൊണ്ടാണ് അവൻ പതിയെ അമ്മ കേൾക്കാതെ പറഞ്ഞത്.

“ശരിയാ, ഇപ്പോഴും രണ്ടടിയുടെ കുറവുണ്ട്.. ”

അമലയുടെ കണ്ണു നിറഞ്ഞത് കണ്ടു ശിവൻ വല്ലാതായി, അവനത് കാണാതിരിക്കാൻ അവൾ മുഖം ചരിച്ചതും ശിവന്റെ കണ്ണിൽപ്പെട്ടിരുന്നു.

അമ്മ പറഞ്ഞതെല്ലാം അനുസരിച്ചു കഞ്ഞിയും മരുന്നുമൊക്കെ കഴിച്ചു കണ്ണടച്ച് കിടക്കുമ്പോളും പലപ്പോഴും തന്നെ തേടി വന്ന നോട്ടം അവഗണിച്ചു അവൾ കണ്ണടച്ചു കിടന്നു.

ഉച്ചയോടെ വാസുമാമ്മ എത്തിയിരുന്നു.പനി കുറഞ്ഞെങ്കിലും ചിന്നു മോൾ, ചിറ്റയെയും അച്ഛനെയും കാണണമെന്ന വാശിയിലാണെന്ന് കേട്ടപ്പോൾ ശിവേട്ടൻ പോകാനൊരുങ്ങുന്നത് കണ്ടു.വേണിയെക്കാളും വിനുവേട്ടനെക്കാളും ചിന്നു മോൾക്ക്‌ അടുപ്പം തന്നോടാണ് ഇപ്പോൾ, പക്ഷേ നന്ദുമാമ്മനെ കാണുമ്പോൾ അവളെല്ലാം മറക്കും.. അത് കാണുമ്പോഴൊക്കെ ഒരു കുഞ്ഞു അസൂയ തന്റെ മനസ്സിലും പൊട്ടി മുളക്കാറുണ്ട്.

പോകുമ്പോൾ ശിവനന്ദൻ അമലയോട് ഒന്നും പറഞ്ഞില്ല, പക്ഷേ അമ്മയും വാസുമാമ്മയും കാണാതെ തന്റെ നേർക്കൊരു നോട്ടം വന്നത് അമല കണ്ടിരുന്നു. ശിവേട്ടൻ പോയപ്പോൾ പൊടുന്നനെ ഒരു ശൂന്യത തോന്നിയെങ്കിലും അവൾ മനസ്സിനെ ശാസിച്ചു നിർത്തി.

സന്ധ്യ കഴിഞ്ഞപ്പോൾ പനിയും തലവേദനയുമൊക്കെ കുറഞ്ഞു. കട്ടിലിൽ ഇരിക്കുകയായിരുന്നു അമല. മുറിയിലെത്തിയ വിനുവിന്റെ പിന്നിൽ ശിവനും ഉണ്ടായിരുന്നു.

വാസുമാമ്മയും ശിവനന്ദനനും തിരികെ പോകാനായി ഇറങ്ങുമ്പോഴാണ് വിനീത് കൈയിലെ ബാഗ് തുറന്നൊരു പേപ്പർ എടുത്തു അവൾക്കു നേരേ നീട്ടിയത്. സംശയത്തോടെയാണ് അമല അത് വാങ്ങി തുറന്നത് . അപ്പോയ്ന്റ്മെന്റ് ഓർഡർ… ശിവേട്ടന്റെ സ്കൂളിൽ…

അവിശ്വാസത്തോടെ അമല വിനുവിനെയും ശിവനെയും മാറി മാറി നോക്കി.

“ഏട്ടനായിട്ട് നഷ്ടപ്പെടുത്തിയ ജീവിതം ഏട്ടൻ തന്നെ നിനക്ക് തിരികെ തരും.. ”

ഒന്നും പറയാനാവാതെ നിൽക്കെ യാത്ര പറഞ്ഞു പോവാൻ തുടങ്ങുമ്പോൾ ശിവനന്ദൻ അമലയെ നോക്കി ചിരിച്ചു.

ഡിസ്ചാർജ് ആയി പിറ്റേന്ന് വീട്ടിൽ എത്തിയപ്പോൾ, അവളെ കൂട്ടാതെ ചിറ്റ ഹോസ്പിറ്റലിൽ പോയതിനുള്ള പരിഭവങ്ങളുമായാണ് ചിന്നു മോൾ അമലയെ എതിരേറ്റത്.

പനിയുടെ ക്ഷീണം ഒക്കെ വിട്ടുമാറവെ ദിവസങ്ങൾ കടന്നു പോയി. ശിവൻ പല തവണ വീട്ടിൽ വന്നിട്ടും അമല പുറത്തേക്കിറങ്ങിയില്ല. എന്നാൽ അവൻ പോയി കഴിഞ്ഞു ചിന്നു മോൾ പറയുന്ന കാര്യങ്ങൾ കേൾക്കാൻ അവൾ ആർത്തിയോടെ കാത്തിരുന്നു.

രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ജോലിക്ക് ജോയിൻ ചെയ്യണം. അമല വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. പോവാനും വയ്യ പോവാതിരിക്കാനും വയ്യ…

തിരികെ വന്നപ്പോൾ മുതൽ അമ്മ നിർബന്ധിച്ചു കൊണ്ടിരിക്കയാണ് അമ്പലത്തിൽ പോയൊന്നു തൊഴുതിട്ട് വരാൻ. വിവാഹത്തിന് മുൻപ്, അന്ന് ശിവേട്ടനുമായി സംസാരിക്കാനാണ് അവിടെ അവസാനമായി പോയത്. മനുവേട്ടൻ ജീവിതത്തിൽ വന്നതോടെ ദൈവത്തിനു മുൻപിൽ കൈകൾ കൂപ്പാൻ തോന്നിയിട്ടില്ല. ഇപ്പോഴും തോന്നുന്നില്ലെങ്കിലും അമ്മയെ സമാധാനിപ്പിക്കാനാണ് കുളിച്ചിറങ്ങിയത്. തലേന്ന്,ചിറ്റ പുലർച്ചയ്ക്ക് ചിന്നുമോളെ വിളിക്കണം, ചിറ്റയുടെ കൂടെ ഞാനും വരും എന്നൊക്ക പറഞ്ഞ ആൾ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടക്കുന്നത് കണ്ടാണിറങ്ങിയത്.

വർഷങ്ങളായി കാണാത്ത വഴിത്താരകളിലൂടെ നടന്നു നീങ്ങുമ്പോൾ പഴയ ആ അമല താൻ തന്നെയായിരുന്നോ എന്നവൾക്ക് തോന്നി, വയലേലകളിൽ കൂടെ നടക്കുമ്പോൾ അമല സാരിത്തുമ്പു കൊണ്ടു പുതച്ചു. കാവിലെ ആൽത്തറക്കരികെ എത്തിയപ്പോൾ പഴയൊരോർമ്മയിൽ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു. ദേവിയുടെ മുൻപിൽ കൈ കൂപ്പിയപ്പോൾ പ്രാർത്ഥനകളൊന്നും മനസ്സിലുണ്ടായിരുന്നില്ലെങ്കിലും അമലയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പ്രാർത്ഥിച്ചു തിരിയാൻ തുടങ്ങിയപ്പോഴാണ് തൊട്ടരികെ കണ്ണടച്ച് കൈകൾ കൂപ്പി നിൽക്കുന്ന ആളെ കണ്ടത്. പുതിയ ശീലങ്ങളൊക്കെ തുടങ്ങിയോ എന്നോർത്താണ് നടക്കുന്നതിനിടെ തിരിഞ്ഞു നോക്കിയത്, ആൾ പുറകെ തന്നെയുണ്ട്.

ധൃതിയിൽ തൊഴുതു പുറത്തേക്കിറങ്ങിയപ്പോൾ പുറകിൽ നിന്ന് ആ ശബ്ദം കേട്ടു.

“ആഹ്, ഒന്നു നിൽക്കെടോ ഞാനും ആ വഴിക്ക് തന്നെയാ ”

അമല തിരിഞ്ഞു നോക്കാതെ നിന്നപ്പോഴേക്കും ആൾ അരികെ എത്തിയിരുന്നു. ഒന്നും മിണ്ടാതെ ശിവനൊപ്പം നടക്കുമ്പോഴും എന്തിനെന്നറിയാതെ പിടയുന്ന മനസ്സിനെ അടക്കി നിർത്തുകയായിരുന്നു അവൾ.

പാടവരമ്പത്ത് നിന്നും ചെമ്മൺ പാതയിലേക്ക് കയറുമ്പോൾ അമലയുടെ കാലൊന്നു തെന്നി. അപ്പോഴേക്കും ശിവന്റെ വലം കൈ അവളുടെ ഇടം കയ്യിനെ പൊതിഞ്ഞിരുന്നു. പിടുത്തം വിടുവിച്ചു അമല നടന്നപ്പോൾ പിറകെ വന്ന ശിവനന്ദനന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

ചെമ്പകശ്ശേരിയിലെ ഗേറ്റിന് മുൻപിൽ എത്തിയപ്പോൾ അകത്തേക്ക് കയറുന്നതിനു മുൻപേ ശിവൻ അവളെ നോക്കി.

“തന്റെ സംസാരവും അവൻ കൊണ്ടു പോയോ? ”

അമല ഞെട്ടലോടെ അവനെ നോക്കി.

“മരിച്ചു മണ്ണടിഞ്ഞു പോയിട്ടും തന്റെ ചിരിയും കളിയും സ്വപ്നങ്ങളും സന്തോഷവുമെല്ലാം ഇല്ലാതാക്കിയവന്റെ മുൻപിൽ താനിപ്പോഴും തോറ്റു തന്നെയാണിരിക്കുന്നത് അമലാ ”

പറഞ്ഞിട്ട് അവളെ വേദനയോടെ ഒന്ന് നോക്കി ശിവൻ ഉള്ളിലേക്ക് നടക്കുമ്പോൾ അമല അവിടെ തന്നെ തറഞ്ഞു നിൽക്കുകയായിരുന്നു…

(തുടരും )

Click Here to read full parts of the novel

4.1/5 - (38 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “നിനയാതെ – പാർട്ട്‌ 4”

Leave a Reply

Don`t copy text!