Skip to content

തെന്നൽ – പാർട്ട് 1

thennal-aksharathalukal-novel

അരയ്ക്ക് മീതെ പിണഞ്ഞിരുന്ന ബലിഷ്ഠമായ കരങ്ങളുടെ ശക്തി കുതറി മാറാൻ ശ്രമിയ്ക്കും തോറും അധികരിച്ചുകൊണ്ടേയിരുന്നു!!

പിടഞ്ഞു മാറി മുൻപോട്ടു ചാടാൻ കിണഞ്ഞു പരിശ്രമിച്ചതൊക്കെ വിഫലമായി!!

ദേഷ്യവും നിരാശയും ഇടകലർന്ന ഹൃദയത്തോടെ ഞാനയാളുടെ കൈകളിൽ ശക്തിയായി പ്രഹരമേല്പിച്ചു..

“എന്നെ വിടെടോ… വിടാനാ പറഞ്ഞത്…”

വാക്കുകൾ തൊണ്ടക്കുഴിയിൽ തടഞ്ഞു!!

പാലത്തിനു സമീപത്തുള്ള ഫൂട്ട് പാത്തിനടുത്തെത്തും വരെ എന്റെ എതിർപ്പുകളെ അയാൾ ശ്രദ്ധിച്ചതേയില്ല..

ദേഷ്യത്തോടെ എന്നെ മുൻപോട്ടു തള്ളി അയാൾ നെറ്റിയിലെ വിയർപ്പു കണങ്ങളെ ഇടതു കൈത്തണ്ട കൊണ്ട് തുടച്ചു മാറ്റി…

കമിഴ്ന്നു വീണിടത്തു നിന്നും കൈ കുത്തി ഇരുന്നു ഞാനെന്റെ മിഴികളെ അയാളിൽ തറച്ചു…

കൃത്യമായ ഇടവേളയിൽ സ്ഥാപിച്ചു വച്ചിരുന്ന സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ടു!! ആരോഗ്യമുള്ള ചെറുപ്പക്കാരൻ!! കട്ടികുറഞ്ഞ താടിയും ചുണ്ടുകൾക്ക് താഴെ മേല്പോട്ടു പിരിച്ചു വച്ച മീശയും..

കണ്ണുകളിൽ ജ്വലിച്ചിരുന്ന രൗദ്ര ഭാവം എന്നെ ഭയപ്പെടുത്തി!!

പോക്കറ്റിൽ നിന്നും ഒരു കാർഡെടുത്തു അയാളെനിയ്ക്ക് നേരെ നീട്ടി!!

“ഞാനിവിടുത്തെ എസ് ഐ ആണ്.. അതിബുദ്ധി കാണിയ്ക്കാനാണ് ഭാവമെങ്കിൽ ഈ നിമിഷം അറസ്റ്റ് ചെയ്ത് അഴിയ്ക്കുള്ളിലാക്കും..”

വീണു കിടക്കുന്ന എനിക്ക് നേരെ അയാൾ വലതു കൈ നീട്ടി.. മൂകമായി ആ കൈകളിൽ പിടിച്ചു എഴുന്നേൽക്കുമ്പോൾ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന നീർത്തുള്ളികൾ നിലാവെളിച്ചത്തെ അവാഹിച്ചെടുത്തിരുന്നു…

“ഇവിടെ ഇരിയ്ക്ക്…”

റോഡിനരികിലെ ഫൂട്ട് പാത്തിനോരം ചേർന്നിരുന്നുകൊണ്ടു അയാൾ ആജ്ഞാ ശബ്ദമുയർത്തി…

അനുസരണയുള്ള കുട്ടിയെപ്പോലെ അയാൾക്ക് സമീപം ചെന്നിരിയ്ക്കുമ്പോൾ വല്ലാത്ത നിരാശ ഹൃദയത്തെ തപിപ്പിച്ചിരുന്നു!!

“ഞാൻ വരാൻ ഒരു പത്തു സെക്കൻഡ് ലേറ്റ് ആയിരുന്നെങ്കിൽ താനിപ്പോ പടമായേനെ… ”

എനിയ്ക്ക് മുഖം തരാതെ ദൂരേയ്ക്ക് നോക്കി അയാൾ വാക്കുകൾക്ക് വിരാമമിട്ടു…

“ഇപ്പോഴത്തെ പെമ്പിള്ളേർക്ക് ഇതൊരു ട്രെൻഡാ… പ്രേമം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞു ഓരോ അവമ്മാരുടെ തോളിൽ തൂങ്ങും… എന്നിട്ടൊടുക്കം അവൻ കാര്യം കഴിഞ്ഞു പാട്ടിനു പോകുമ്പോ ഇതുപോലെ വല്ല പാലത്തിലോ റെയിൽവേ ട്രാക്കിലോ വന്നു ചാടും.. ഇവളുമാരെ സംബന്ധിച്ചിടത്തോളം ഇവമ്മാരോട് മാത്രേ കമ്മിറ്റ്മെന്റ് ഉണ്ടാവൂ.. ഊണിലും ഉറക്കത്തിലും മക്കളെ മാത്രം വിചാരിച്ചു ജീവിക്കുന്ന വീട്ടുകാരൊക്കെ പുറമ്പോക്ക്… അല്ലെടി??”

മറുപടിയായി ഞാനൊന്നും പറഞ്ഞില്ല… അല്ലെങ്കിൽത്തന്നെ ഇയാളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ബാധ്യത ആർക്കുണ്ട്??

“എന്തായാലും ഈ പാതിരാ നേരത്തു ഇവിടെ വന്നു ചാടാൻ തുനിഞ്ഞ നിന്റെ ധൈര്യത്തെ ഞാൻ അഭിനന്ദിയ്ക്കുന്നു… ഓരോ ദിവസവും പുലരുന്നത് ഓരോ പീഡനക്കഥകളുമായിട്ടാണല്ലോ… ചാവാനാണെങ്കിലും ഒറ്റയ്ക്ക് നീ ഇങ്ങോട്ടു വന്നെങ്കിൽ നിന്നെ സമ്മതിയ്ക്കണം…”

ദേഷ്യത്തോടെ ഞാനയാളെ നോക്കി..

“ആത്മഹത്യ ചെയ്തിട്ടു നീ മരിച്ചില്ലെങ്കിൽ അതിനുള്ള ശിക്ഷ കൂടി നീ അനുഭവിയ്ക്കേണ്ടി വന്നേനെ… മരണം എല്ലാറ്റിനും ഒരു പരിഹാരമാണെന്നാണോ വിചാരം?? അതോടെ എല്ലാം തുടങ്ങും.. നിന്റെ മരണത്തെക്കുറിച്ചു പല കഥകളും പരക്കും… നിന്നെക്കാരണം നിന്നെ സ്നേഹിച്ചവരാവും മാനം കേടാൻ പോവുന്നത്…”

അയാൾ വീണ്ടും പിറു പിറുത്തു..

“എന്താ തന്റെ പേര്??”

“തെന്നൽ…”

അമർഷത്തോടെ ഞാൻ മറുപടി പറഞ്ഞു..

“സ്വഭാവത്തിന് ഒട്ടും ചേരാത്ത പേരാണല്ലോ.. വല്ല ചുഴലിക്കാറ്റെന്നോ മറ്റോ ആയിരുന്നെങ്കിൽ നന്നായിരുന്നേനെ…”

പുച്ഛം കലർന്ന അട്ടഹാസം അയാളുടെ ചുണ്ടുകളിൽ നിന്നും അടർന്നു വീണു…

“എനിവേ… ഞാൻ നിവിൻ… തെന്നലിന്റെ വീട് ഇവിടെ അടുത്താണോ??”

അയാളുടെ സംസാരം തെന്നലിനെ വീണ്ടും വീണ്ടും അലോസരപ്പെടുത്തി..

“എന്നോട് നല്ല ദേഷ്യം ഉണ്ടാവും… സ്വാഭാവികം!! അത്രയേറെ ജീവിതം മടുത്തിട്ടാവുമല്ലോ ചാവാൻ തുനിഞ്ഞിറങ്ങിയത്… പക്ഷെ തന്റെ സമയം ആയിട്ടില്ലടോ… അതല്ലേ കൃത്യ സമയത്തു തന്നെ ഞാനെത്തിയത്…”

തെന്നൽ വല്ലാതെ സഹികെട്ടു!!

“ആട്ടെ തെന്നലിന് എത്ര വയസ്സായി??”

“ഇരുപത്…”

“കഷ്ടം!! ജീവിതം തുടങ്ങുന്നതിനു മുൻപേ അവസാനിപ്പിയ്ക്കാനിറങ്ങിയിരിയ്ക്കുന്നു… ഒരു വശത്തു രോഗത്തിനോടും ദരിദ്ര്യത്തിനോടും പൊരുതി ജീവിയ്ക്കുന്ന മനുഷ്യർ!! ഒരു ദിവസം കൂടി നീട്ടിക്കിട്ടിയിരുന്നെങ്കിലെന്നു പ്രാർത്ഥിച്ചു ജീവിയ്ക്കുന്നവർ!! അവർക്കിടയിൽ തന്നിഷ്ടക്കാരായ ഒരു പറ്റം മന്ദബുദ്ധികളും!!”

അയാളെന്നെ നോക്കി വീണ്ടും പുച്ഛത്തിന്റെ നിറയൊഴിച്ചു!!

“നീ നാളെത്തന്നെ ആ കാൻസർ വാർഡിലൊന്നു പോയി നോക്ക്… അപ്പൊ മനസ്സിലാവും ജീവിതത്തിന്റെ പൊരുളും വ്യാപ്തിയും!!

ഒരു നേരത്തെ അന്നത്തിനു വേണ്ടി പാട് പെടുന്നവരുടെ ചേരിയിൽ പോയി നോക്ക്!!

അതുമല്ലെങ്കിൽ വല്ല അനാഥാലയങ്ങളിലോ വൃദ്ധസദനങ്ങളിലോ ചെന്നിരിയ്ക്ക്… എല്ലാരും നിന്നെപ്പോലെ സങ്കടങ്ങളിൽ നിന്നും ഒളിച്ചോടാനും സ്വയരക്ഷ നേടാനും ആഗ്രഹിയ്ക്കുന്നവരാണെങ്കിൽ ഇന്നീ ലോകത്തു ഒരാൾ പോലും ജീവനോടെ ഉണ്ടാവില്ലായിരുന്നു… ഈ ഞാൻ പോലും!!”

തെന്നലിന്റെ തല താഴ്ന്നിരുന്നു..

“താൻ അവസാനമായി കഴിച്ച വില കൂടിയ ഭക്ഷണം ഏതാ?? ഡ്രസ്സ്?? വാഹനം?? ഒന്നാലോചിച്ചു നോക്കണം…

വാരണാസി?? കുളുമണാലി? എവിടെയെങ്കിലും പോയിട്ടുണ്ടോ??ഏതെങ്കിലും സെലിബ്രിറ്റിയുടെ കൂടെ നിന്ന് സെൽഫി എടുത്തിട്ടുണ്ടോ?? അറ്റ്ലീസ്റ്റ് ഒരു ഫ്ളൈറ്റിൽ എങ്കിലും കേറീട്ടുണ്ടോ??”

ഇല്ലെന്നു തലയാട്ടുമ്പോൾ വല്ലാത്ത ജാള്യത തോന്നി!!

“ഒരു തേങ്ങയും കണ്ടിട്ടുമില്ല ഒന്നും അറിയുകയും ഇല്ല… സ്വന്തം വീടിന്റെ മുൻപിൽ എത്ര സ്റ്റെപ് ഉണ്ടെന്നു ചോദിച്ചാൽ അത് പോലും അറിയില്ല!! എന്നിട്ടാ അവള് ചാവാൻ ഇറങ്ങിയേക്കണേ… എന്ത് തോൽവിയാടോ?? ”

അയാൾക്ക് മുൻപിൽ ഒരുപാടങ്ങു വില കെട്ടു പോയിരിയ്ക്കുന്നു!!

എങ്കിലും വിട്ടു കൊടുക്കാൻ തോന്നിയില്ല… എപ്പോഴുമെപ്പോഴും തോറ്റു തോറ്റിരിയ്ക്കാൻ തെന്നലിനെ കിട്ടില്ല!!

“ഇതൊക്കെ ചോദിയ്ക്കാനും എന്നെ ഉപദേശിയ്ക്കാനും താനാരാ?? ഓരോരോ സിനിമാ ഡയലോഗുമായി ഇറങ്ങിക്കോളും.. എന്റെ ലൈഫ് എന്ത് ചെയ്യണമെന്ന് തീരുമാനിയ്ക്കാനുള്ള അവകാശം എനിയ്ക്കാ… മരിയ്ക്കണോ ജീവിയ്ക്കണോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം.. സാർ സാറിന്റെ കാര്യം നോക്കിയാ മതി…”

തികട്ടി വന്ന ദേഷ്യം മുഴുവൻ പറഞ്ഞു ഫലിപ്പിയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും നേരിയ ആശ്വാസം തോന്നി അവൾക്ക്..

“ഓഹ്!! പക്ഷെ അപ്പോഴും ഒരു കുഴപ്പമുണ്ടല്ലോ.. സ്വന്തം ജീവനായാൽ പോലും അത് ഇല്ലാതാക്കാനുള്ള അവകാശം നിഷേധിയ്ക്കുന്ന ഭരണഘടനയ്ക്ക് കീഴിലായിപ്പോയില്ലേ നീ ജീവിയ്ക്കുന്നത്?? ജനിച്ചിട്ടുണ്ടെങ്കിൽ ദൈവം വിളിയ്ക്കുന്നത് വരെ ജീവിച്ചേക്കണം… ഇല്ലെങ്കിപ്പിന്നെ ജനിയ്ക്കാൻ നിക്കരുത്…”

അവളൊന്നും മിണ്ടിയില്ല… നേരത്തെയുണ്ടായിരുന്ന ദേഷ്യം ഏറെക്കുറെ ശമിച്ചിരുന്നു… മരണത്തോടുള്ള ആസക്തിയും തണുത്തു തുടങ്ങി…

“തനിയ്ക്ക് ആരൊക്കെയുണ്ട്??”

“അമ്മ മാത്രം…”

ഒറ്റ വാക്കിൽ മറുപടി പറഞ്ഞു…

“നീ മരിച്ചാൽ അമ്മയ്ക്കാരാ പിന്നെ?? ഓഹ്.. അതൊക്കെ ഓർക്കാൻ എവിടാ നേരം അല്ലെ? കുടുംബത്തിന്റെ ബാധ്യതയുള്ള കൊച്ചാ.. നാട്ടപ്പാതിരയ്ക്ക് ചാവാനിറങ്ങിയത്!!

എടീ… നിന്നെക്കാണാതെ ആ പാവം എന്ത് മാത്രം വേദനിയ്ക്കുമെന്നു നീ ഒരു നിമിഷമെങ്കിലും ഓർത്തോ?? വളർത്തി ഇത്രയുമാക്കിയതിന്റെ നന്ദിയെങ്കിലും നിനക്കുണ്ടായിരുന്നെങ്കിൽ.. ഛെ!!

നിന്നോട് പുച്ഛമല്ല!! ഒരുതരം വില കുറഞ്ഞ സഹതാപമാണ് തോന്നുന്നത്!!”

തടഞ്ഞു വെച്ചിട്ടും അവളുടെ മിഴികൾ നിറഞ്ഞൊഴുകി…

“നിനക്ക് അമ്മയുണ്ടെന്നു നീ പറഞ്ഞല്ലോ… അവർക്കോ?? മരിയ്ക്കണമെന്നു നീ തീരുമാനമെടുത്ത നിമിഷം മുതൽ ആ അമ്മ ആരുമില്ലാത്തവളായില്ലേ?? നിനക്കെന്തെങ്കിലും സംഭവിച്ചു പോയിരുന്നെങ്കിൽ അവരതെങ്ങിനെ സഹിയ്ക്കും?? നെഞ്ച് പൊട്ടി മരിയ്ക്കും!! അന്ത്യകർമം ചെയ്യാൻ പോലും ആരുമില്ലാതാവും… അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം കെട്ട മകളായിപ്പോവുമായിരുന്നു നീ…”

അയാളുടെ ഓരോ വാക്കുകളും കാതുകളിൽ തറച്ചിറങ്ങി!!

“മതി നിർത്തൂ..!!”

അവൾ കൈകൾ ചെവിയ്ക്ക് മീതേ അമർത്തിപ്പിടിച്ചു…

വാക്കുകൾ ഫലം കണ്ടിരിയ്ക്കുന്നു!! നിവിന് സംതൃപ്തി തോന്നി…

പുഴയിൽ നിന്നും വീശിയടിച്ച തണുത്ത കാറ്റ് അവളുടെ കണ്ണീർ ചാലുകളെ അപഹരിച്ചു!!

“നമ്മൾ ഇത്രയും സംസാരിച്ച സ്ഥിതിയ്ക്ക് ചോദിയ്ക്കുവാ… എന്തിനായിരുന്നു ഈ കടുംകൈ??”

അവൾ വേദനയോടെ തലയ്ക്ക് കൈ കൊടുത്തിരുന്നു…

“ഞാനൂഹിച്ചത് പോലെ പ്രണയ നൈരാശ്യം ആയിരുന്നോ??”

“അല്ല…”

“പിന്നെന്താ?? അമ്മ വഴക്കു പറഞ്ഞോ?? അതോ എക്‌സാമിൽ മാർക്ക് കുറഞ്ഞോ??”

“അത്തരം തുച്ഛമായ കാര്യങ്ങൾക്ക് ജീവിതം ഹോമിയ്ക്കാൻ മാത്രം വിഡ്ഢിയല്ല ഞാൻ!!”

അവളുടെ ശബ്ദം കനത്തു..

“ആരോടെങ്കിലും തുറന്നു പറഞ്ഞാൽ അല്പം ആശ്വാസം കിട്ടിയേക്കുമെങ്കിൽ അതെന്നോടായിക്കൂടെ? ഒന്നുമില്ലെങ്കിലും നമ്മളിത്രയും സംസാരിച്ചതല്ലേ? തന്നെ കേൾക്കാൻ ഞാൻ റെഡിയാണ്.. ഒരു സുഹൃത്തിനെപ്പോലെ…”

നിവിന്റെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു..

ഉള്ളിൽ വിങ്ങി നിന്നിരുന്ന വേദനയുടെ ഭാണ്ഡക്കെട്ട് ഒന്നിറയ്ക്കി വെയ്ക്കാൻ അവളും ഒരു തണൽ തേടുകയായിരുന്നെന്നു തോന്നി…

ഇതിനു മുൻപും ശേഷവും ഒരിയ്ക്കലും കാണാത്തൊരാൾ!!

തമ്മിൽ പരിചയത്തിന്റെ ബന്ധനങ്ങൾ തീരെയില്ലാത്തൊരു അപരിചിതൻ!!

ഉള്ളു തുറന്നെന്നു കരുതി തനിയ്ക്കെന്തു നഷ്ടം!!

ഒരുപക്ഷെ ഇതൊരു ആശ്വാസമായേക്കാം… ഉള്ളിൽ പുകഞ്ഞു കത്തുന്ന കനൽച്ചൂടിൽ നിന്നും ഒരു താത്കാലിക രക്ഷ കിട്ടിയേക്കാം..

“എന്റെ കഥ മുഴുവൻ പറയണമെങ്കിൽ അതിനീ രാത്രി തികയാതെ വരും… കേൾക്കണമെന്നത്ര നിർബന്ധമാണെങ്കിൽ ചുരുക്കിപ്പറയാം…”

“ഓക്കേ… ഫൈൻ.. പറഞ്ഞോളൂ..”

നിവിൻ അവൾക്കു നേരെ നോട്ടമയച്ചു… ഓർമകളുറഞ്ഞുകുത്തി കല്ലിച്ചു പോയ മനസ്സിനെ തെന്നൽ പാതിയുരുക്കി!!

“ഞാനിവിടെ സെന്റ് മേരീസ് കോളേജിൽ ഡിഗ്രി ഫൈനൽ ഇയർ ആണ്… റാങ്ക് ഹോൾഡർ… ബെസ്‌റ്റ് ക്ലാസ്സിക്കൽ ഡാൻസർ അങ്ങനെ ചില പട്ടങ്ങളും…”

“ആഹാ കൊള്ളാലോ… അപ്പൊ ആള് മിടുക്കിയാണ്… എന്നിട്ട്!!”

“അച്ഛനെ കണ്ട ഓർമ പോലും എനിക്കില്ല…ഒരു ദിവസം തന്നെ ഒന്ന് രണ്ടു സ്ഥലങ്ങളിൽ ജോലി ചെയ്താണ് എന്റെ അമ്മയെന്നെ വളർത്തി ഇവിടം വരെ എത്തിച്ചത്… എനിയ്ക്ക് നല്ലൊരു ജോലി കിട്ടുന്നത് വരെ എന്ത് കഷ്ടപ്പാട് സഹിയ്ക്കാനും അമ്മ തയ്യാറായിരുന്നു… എന്നെ മാത്രം നിനച്ചു ജീവിയ്ക്കുന്ന അമ്മയ്ക്ക് വേണ്ടിയാണ് ഞാനും ജീവിച്ചത്…

കോളേജിൽ പലരും പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടെങ്കിലും ഞാനെല്ലാം നിരസിയ്ക്കുകയാണ് ചെയ്തത്… ഞാൻ കാരണം അമ്മയ്‌ക്കൊരു ചീത്തപ്പേരും ഉണ്ടാകരുതെന്നു എനിയ്ക്ക് നിർബന്ധമുണ്ടായിരുന്നു..”

ഒന്ന് നിർത്തി തെന്നൽ തുടർന്നു…

“സെക്കൻഡ് ഇയർ പകുതിയായപ്പോഴാണ് അവനെന്റെ ലൈഫിലേയ്ക്ക് കടന്നു വന്നത്…”

“ആര്??”

നിവിന്റെ മുഖത്തു ആകാംഷ കൂടി..

“രാഹുൽ… എന്റെ സീനിയർ.. വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി… പക്ഷെ അവന്റെ ഉദ്ദേശം മനസ്സിലാക്കാൻ ഞാൻ ഒരുപാട് വൈകിപ്പോയിരുന്നു..”

നിറഞ്ഞു വന്ന കണ്ണുകൾ അവൾ പതിയെ തുടച്ചു..

“കോളേജ്‌ അർട്സിന്റെ സമയത്തു ഞാൻ ഡ്രസ്സ് മാറുന്ന മുറിയിൽ അവൻ ക്യാമറ വെച്ചു… പിന്നീടങ്ങോട്ട് ഭീഷണികളായിരുന്നു… എനിയ്ക്ക് വേണ്ടി ചോദിയ്ക്കാൻ ചെല്ലാൻ ആരുമില്ലെന്ന് നന്നായറിഞ്ഞു തന്നെയാണ് അവനെന്നോടീ ചതി ചെയ്തത്… ആരോടെങ്കിലും പറഞ്ഞാൽ അവനത് സോഷ്യൽ മീഡിയ വഴി എല്ലാരേയും കാണിയ്ക്കും…”

കൈ വിരലുകൾ കണ്ണിനു മീതെ അമർത്തി തിരുമ്മി കൊച്ചു കുഞ്ഞിനെപ്പോലെ തെന്നൽ കരയുന്നത് കണ്ടപ്പോൾ എനിയ്ക്ക് വല്ലാത്ത വേദന തോന്നി!!

“എന്റെ അമ്മയെങ്ങാനും ഇതറിഞ്ഞാൽ നെഞ്ച് പൊടിയും പാവത്തിന്റെ… വളർത്തു ദോഷമാണെന്നു പറഞ്ഞു എല്ലാരും അമ്മയെ കുറ്റപ്പെടുത്തും.. ഞാൻ കാരണം അമ്മ നാണം കെടും…

നാളെ രാവിലെ അവൻ പറയുന്ന സ്ഥലത്തു ചെന്നില്ലെങ്കിൽ ആ വീഡിയോ എല്ലാരും കാണും.. ഉറപ്പാ…”

കരച്ചിലിനിടയിൽ അവളുടെ വാക്കുകൾ മുറിഞ്ഞു…

“ഇതെല്ലാം കാണാൻ എനിയ്ക്ക് കരുത്തില്ലാത്തോണ്ടാ അമ്മ ഉറങ്ങിയ നേരം നോക്കി ഞാനിങ്ങോട്ടു വന്നത്… ഇനി ഞാനെന്തിനാ ജീവിയ്ക്കണേ??

മരണമല്ലാതെ എനിയ്ക്കിനി വേറെ ഒരു വഴിയുമില്ല… ഞാൻ മരിച്ചാൽ ഒരു പക്ഷെ എല്ലാം അവസാനിയ്ക്കും… അല്ലാതെ അമ്മേടെ കരച്ചില് കാണാൻ എനിയ്ക്ക് വയ്യ!!”

നിസ്സഹായതയോടെ കരയുന്ന തെന്നലിനോട് എന്ത് പറയണമെന്നറിയാതെ ഞാൻ കുഴങ്ങി…

കൂട്ടുകാരന്റെ പിറന്നാളാഘോഷം കഴിഞ്ഞു വീട്ടിലേയ്ക്ക് മടങ്ങും വഴിയാണ് പാലത്തിനു മുൻപിൽ കണ്ണടച്ച് നിൽക്കുന്ന തെന്നലിനെ ശ്രദ്ധിച്ചത്…

ആത്മഹത്യാ ശ്രമമാണെന്നു പ്രഥമ ദൃഷ്ടിയിലെ ബോധ്യമായി…

വണ്ടി കുറച്ചു അകലെ നിർത്തിയിട്ടു ശബ്ദമുണ്ടാക്കാതെ അവൾക്കരികിലേയ്ക്ക് ഓടി..

എങ്ങനെയെങ്കിലും പിന്തിരിപ്പിയ്ക്കണമെന്നു മാത്രമേ കരുതിയുള്ളൂ…

കണ്ടില്ലെന്നു നടിച്ചു പോയിരുന്നെങ്കിൽ നാളെ അവളുടെ മരണ വാർത്ത കാതിലെത്തിയേനെ!! മനസ്സമാധാനവും അതോടെ പടിയകന്നേനെ!!

കാണാൻ കൊള്ളാവുന്ന പെൺകുട്ടി അസമയത്തിങ്ങനെ ചെയ്യാൻ തുനിഞ്ഞിറങ്ങിയത്‌ പ്രണയ നൈരാശ്യം മൂലമാണെന്നങ്ങുറപ്പിച്ചു!!

ഡ്രൈവിങ് ലൈസൻസ് എടുത്തു കാണിച്ചു പൊലീസാണെന്നു പറയുമ്പോൾ അവളതു സൂക്ഷ്മം ശ്രദ്ധിക്കില്ലെന്നുറപ്പായിരുന്നു…

താത്കാലികമായെങ്കിലും പിടിച്ചു നിർത്തണമെന്നാഗ്രഹിച്ചിരുന്നു…

താൻ പൊലീസാണെന്നു വിശ്വസിപ്പിച്ചതുകൊണ്ടു മാത്രമാണ് തന്നെ കേൾക്കാൻ തെന്നൽ തയ്യാറായതും!!

പക്ഷെ പ്രശ്നം ഒരൽപം ഗുരുതരമാണ്…

പിരിച്ചു വച്ചിരുന്ന മീശയെ നിവിൻ പൂർവാവസ്ഥയിലേയ്ക്ക് മാറ്റി…

“സാർ വിചാരിച്ചാൽ എന്നെ സഹായിയ്ക്കാൻ കഴിയോ??”

പ്രതീക്ഷയോടെയുള്ള ചോദ്യം കാതുകളിൽ പതിച്ചപ്പോൾ എന്ത് പറയാണമെന്നറിയാതെ ഞാനവളെ നോക്കി…

(തുടരും…)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

രചന: സ്വാതി കെ എസ്

(തുടർക്കഥയെ സ്നേഹിയ്ക്കുന്ന എല്ലാ കൂട്ടുകാർക്കും സമർപ്പിയ്ക്കുന്നു… അഭിപ്രായങ്ങളറിയിയ്ക്കണേ…)

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.9/5 - (16 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “തെന്നൽ – പാർട്ട് 1”

Leave a Reply

Don`t copy text!