“തല്ലിപ്പൊളിച്ചേക്കൂ… ആ വാതിലിനി ഉള്ളിൽ നിന്നും തുറക്കപ്പെടില്ല…
ഒരിയ്ക്കലും!!”
തെന്നലിന്റെ ശൗര്യമുള്ള വാക്കുകൾ കാതുകളിൽ ശാരമാരി പോലെ പെയ്തിറങ്ങിയപ്പോൾ നിവിൻ ഇടിവെട്ടേറ്റ പോലെ നിന്ന് പോയി…
ശരീരമാകമാനം തളർച്ച വന്നു മൂടി.. കണ്ണുകളിൽ ഇരുട്ട് കയറുന്നുണ്ടോ??
ഇടതുവശത്തുള്ള സ്റ്റെപ്പിൽ നിവിൻ തളർന്നിരുന്നു പോയി…
അയാളുടെ അവസ്ഥ കണ്ടു തെന്നൽ ഉറക്കെ ചിരിച്ചു..
“ഹലോ… അവിടുരുന്നു മോങ്ങണ്ട… ഞാൻ വെറുതെ പറഞ്ഞതാ… ഇന്നലെ നിങ്ങൾക്ക് തന്നത് പോലെ ഉറക്ക ഗുളിക കൊടുത്തതാ എല്ലാർക്കും… ഉണർന്നു വരാൻ സമായമാവുന്നതെയുള്ളൂ…”
എനിയ്ക്ക് നേരെ പുച്ഛത്തിന്റെ നിറയൊഴിച്ചുകൊണ്ടു തെന്നൽ തുടർന്നു…
“ചതിച്ചു കാര്യം നേടാൻ എന്റെ പേര് നിവിൻ എന്നല്ല!!”
എന്നെ ചതിച്ചത് നിങ്ങൾ മാത്രമാണ്.. നിങ്ങൾ ചെയ്ത കുറ്റത്തിന് നിങ്ങളെ സ്നേഹിയ്ക്കുന്നവരെ കൂടി ശിക്ഷിയ്ക്കാൻ മാത്രം വിലകെട്ടു പോയിട്ടില്ല തെന്നൽ…”
നിവിന്റെ കണ്ണുകളിൽ ആശ്വാസം..
“ഇത്രയും ദിവസം ഞാൻ നാടകം കളിച്ചത്
നിങ്ങളെ വിവാഹം കഴിച്ചു നിങ്ങളോടൊപ്പം സുഖിച്ചു ജീവിയ്ക്കാനല്ല…
വരും ദിനങ്ങളിൽ ഞാൻ തന്ന സന്തോഷങ്ങളെല്ലാം ഞാനായിട്ട് തന്നെ തിരിച്ചെടുക്കും… നിങ്ങളാഗ്രഹിയ്ക്കുന്നത് പോലൊരു ജീവിതം ഒരിയ്ക്കലും നിങ്ങൾക്കുണ്ടാവാൻ ഞാൻ സമ്മതിയ്ക്കില്ല…”
ദേഷ്യത്തോടെ അവളടുക്കളയിലേയ്ക്ക് നടന്നു…
നിവിന് ശ്വാസം നേരെ വീണു…
തന്നോടുള്ള വെറുപ്പും പകയും മറ്റുള്ളവർക്ക് കൂടി പങ്കിട്ടു നൽകി സർവനാശത്തിനു മുതിർന്നതാണെന്നു അവൾ സ്വയം വരുത്തിതീർത്തതാണ്!!
മറ്റുള്ളവരുടെ പ്രാണന്റെ തണുപ്പിൽ പ്രതികാരാഗ്നിയണയ്ക്കാൻ ഒരിയ്ക്കലും കഴിയില്ലവൾക്ക്…
“മോനെ…”
വിറയാർന്ന ശബ്‌ദം…
അമ്മച്ചിയാണ്…
“അവളെല്ലാം മനസ്സിലാക്കിയല്ലേ?? അമ്മച്ചി കേട്ടു അവള് പറഞ്ഞിട്ട് പോയതൊക്കെ…”
നിവിന്റെ വാടിയ മുഖം അമ്മച്ചിയെ വല്ലാത്ത വേദനയിലാഴ്ത്തി…
“അമ്മച്ചി പറയാം അവളോട്… എന്റെ മോനോട് ക്ഷമിയ്ക്കണമെന്നു പറഞ്ഞു കാലു പിടിയ്ക്കാം…”
“വേണ്ടമ്മച്ചി… ദൈവം എനിയ്‌ക്കെതിരെ കരുതി വച്ച ചെറിയൊരു ചതിയിൽ എന്റെ കണക്കുകൂട്ടലുകളെല്ലാം തകർന്നടിഞ്ഞു…
പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിയ്ക്കും എന്ന് അമ്മച്ചി എപ്പോഴും പറയാറില്ലേ??”
നിവിൻ ചിരിയ്ക്കാൻ ശ്രമിച്ചു…
“എന്റെ മോന്റെ സങ്കടം കാണാൻ വയ്യ അമ്മച്ചിയ്ക്ക്… അമ്മച്ചി ഒന്ന് പറഞ്ഞു നോക്കട്ടെ മോളോട്…”
“അവളുടെ നഷ്ടത്തിനും വേദനയ്ക്കും തുല്യമായതെന്തെങ്കിലുമൊന്ന് തിരിച്ചു നൽകാതെ ആ ദേഷ്യത്തിനൊരല്പം പോലും കുറവ് വരുത്താൻ കഴിയില്ല ആർക്കും…
അമ്മച്ചി വെറുതെ എനിയ്ക്ക് വേണ്ടി വാദിയ്ക്കണ്ട… എന്റെ സ്നേഹത്തിൽ എനിയ്ക്ക് വിശ്വാസമുണ്ട്… എന്നെങ്കിലുമൊരിയ്ക്കൽ അവളെന്നെ തിരിച്ചറിയും…”
നിവിൻ മുറിയിലേയ്ക്ക് പോവുന്നത് നോക്കി അമ്മച്ചി കണ്ണ് തുടച്ചു…
പാകപ്പെട്ട വെറുപ്പിനെ പ്രത്യക്ഷമായി പ്രകടിപ്പിച്ചുകൊണ്ട് തന്നെയായിരുന്നു അവളുടെ സമീപനങ്ങളേറെയും…
ഭാര്യയെന്ന രീതിയിൽ തനിയ്ക്കർഹിയ്ക്കുന്ന അവകാശങ്ങളെല്ലാം തിരസ്കരിച്ചുകൊണ്ടു അവൾ നിവിനോട് പക വീട്ടി…
ഉണർന്നിരിയ്ക്കുന്ന സമയങ്ങളിലെല്ലാം നേഹ മോളുമായി മാത്രം സംസാരിച്ചും സമയം ചിലവിട്ടും അവൾ സ്വയമൊതുങ്ങി…
അറിയാതെ പോലും നിവിന്റെ മുറിയിലേയ്ക്ക് കയാറാതിരിയ്ക്കാൻ അവൾ പൂർണമായും ശ്രദ്ധിച്ചിരുന്നു…
വിവാഹം കഴിഞ്ഞു ഒരാഴ്ച്ച വളരെ പെട്ടെന്ന് കടന്നു പോയി…
തെന്നലിന് വന്ന മാറ്റങ്ങൾ വീട്ടിലെല്ലാവരും ശ്രദ്ധിയ്ക്കാൻ തുടങ്ങിയിരുന്നു..
എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞുകൊണ്ട് സങ്കടങ്ങളെല്ലാം അമ്മച്ചി അപ്പച്ചനിലേയ്ക്കും പകർന്നു…
ഉമ്മറത്തെ ചാരു കസേരയിൽ പത്രം വായിച്ചിരിയ്ക്കുന്ന അപ്പച്ചന് ചായ കൊടുത്തു തിരിച്ചു വരുന്നതിനിടെ അയാൾ തെന്നലിനെ സ്നേഹത്തോടെ അരികിലേക്ക് വിളിച്ചു…
“എന്താ അപ്പച്ചാ..?”
“മോളിവിടെ ഇരിക്ക് അപ്പച്ചന് കുറച്ചു സംസാരിയ്ക്കാനുണ്ട്…”
അപ്പച്ചൻ പറയുന്നതെന്തായിരിയ്ക്കുമെന്നു പൂർണ ധാരണയുണ്ടെങ്കിലും അവൾ അലസമായി അദ്ദേഹത്തെ കാതോർത്തു…
“മോളെ… ഒരുമിച്ചൊരു ജീവിതമാവുമ്പോ തമ്മിലൊരുപാട് പ്രശ്നങ്ങളുണ്ടാവും…
പക്ഷെ അതിങ്ങനെ വളർത്തിക്കൊണ്ടു പോയാൽ പിന്നീട് തിരുത്താൻ പറ്റിയെന്ന് വരില്ല..
നിങ്ങൾ രണ്ടാളും ചെറുപ്പവാ.. ഇപ്പോഴിതൊന്നും പറഞ്ഞാൽ രണ്ടാൾക്കും മനസ്സിലാവില്ല.. ഒത്തിരി കഴിഞ്ഞാൽ പിന്നെ വൈകിപ്പോയെന്നു തോന്നലുണ്ടായിട്ട് യാതൊരു കാര്യവുമുണ്ടാവില്ല മോളെ…
അനുഭവംകൊണ്ടാ അപ്പച്ചൻ പറയുന്നേ..എത്ര വലിയ പ്രശ്നങ്ങളായാലും രണ്ടാളും കൂടെ സംസാരിച്ചു തീർക്കണം… പ്രായത്തിന്റെ തിളപ്പിലും വാശിയിലും ജീവിതം നഷ്ടപ്പെടുത്തിയാൽ പിന്നീടോർത്തു ദുഖിയ്ക്കാനെ വിധിയുണ്ടാവൂ… മോൾക്ക് മനസ്സിലായോ അപ്പച്ചൻ പറഞ്ഞതിന്റെ പൊരുൾ??”
“മനസ്സിലായപ്പച്ചാ… എനിയ്ക്കെല്ലാം മനസ്സിലാവുന്നുണ്ട്… പറയുന്ന വാക്കുകളുടെയും ചെയ്യുന്ന പ്രവൃത്തികളുടെയും പൊരുളറിയാനുള്ള പക്വതയുണ്ടെനിയ്ക്ക്… എല്ലാരും അതൊന്നു മനസ്സിലാക്കിയാൽ മതി..”
അർത്ഥം വച്ചുള്ള വാക്കുകൾക്ക് മറുപടി കേൾക്കാതെ തെന്നൽ അകത്തേയ്ക്ക് പോയപ്പോൾ അദ്ദേഹം വേദനയോടെ ബൈബിളിന്റെ പേജുകൾ മറിച്ചു…
സംസാരിയ്ക്കാൻ ശ്രമിയ്ക്കുമ്പോഴെല്ലാം അവൾ മനപ്പൂർവ്വം നിവിനെ അവഗണിച്ചു…
അവളോടൊപ്പം പുറത്തു പോവാനും സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ചു വിരുന്നിനു പോവാനുമുള്ള ആഗ്രഹങ്ങളെയെല്ലാം അയാൾ അർധ മനസ്സോടെ കാറ്റിൽ പറത്തി…
സ്നേഹത്തോടെയുള്ള ഒരു ചെറു സമീപനമെങ്കിലും അവളെപ്പോഴെങ്കിലും കാണിയ്ക്കുമെന്നോർത്തു കാത്തിരുന്നതെല്ലാം വെറുതെയായി..
അമ്മച്ചിയും അപ്പച്ചനും നേഹ മോളും പള്ളിയിൽ പോയൊരു ഞായറാഴ്ച്ച തെന്നലിനോട് സംസാരിയ്ക്കാൻ നിവിൻ ഉറച്ചിരുന്നു…
അലക്കിയ വസ്ത്രങ്ങളുമായി അവൾ ടെറസ്സിലേയ്ക്ക് കയറിയ തക്കം നോക്കി നിവിൻ അവൾക്ക് പിറകെ മുകളിലേയ്ക്ക് നടന്നു…
ബക്കറ്റിൽ നിറച്ചു വച്ച വസ്ത്രങ്ങൾ മുഴുവൻ കത്തിജ്വലിയ്ക്കുന്ന സൂര്യനു താഴെ നിവർത്തി വിരിയ്ക്കുന്ന തെന്നലിനെ നിവിൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു..
പുറത്തേയ്ക്കുള്ള വാതിൽ ബന്ധിച്ചു അവൾക്കടുത്തേയ്ക്ക് ചെന്നപ്പോൾ തെന്നൽ വെറുപ്പോടെ മുഖം തിരിച്ചു..
“എനിയ്ക്ക് നിന്നോട് സംസാരിയ്ക്കണം…”
“നിങ്ങൾ പറയുന്നത് കേൾക്കാൻ എന്നെ ആരും ശമ്പളം കൊടുത്തു നിർത്തിയതല്ല ഇവിടെ…”
അവളുടെ വാക്കുകളിൽ ദേഷ്യം കലർന്നു…
“നീയെന്റെ ഭാര്യയല്ലേ?? നിന്നോടല്ലാതെ വേറാരോടാ ഞാൻ സംസാരിയ്ക്കേണ്ടത്?? നീയല്ലാതെ വേറാരാ എന്നെ കേൾക്കേണ്ടത്??”
“ഹും… നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകേണ്ട ബാധ്യത എനിക്കില്ല നിവിൻ…”
“ഉണ്ട്… നിന്നോട് ചെയ്ത തെറ്റിന് ഇത്രയും ദിവസം എന്നെ അവഗണിച്ചും അപമാനിച്ചും വേദനിപ്പിച്ചും നീ പ്രതികാരം ചെയ്തില്ലേ?? ഇനിയും മതിയാക്കാറായില്ലേ നിനക്ക്??”
“ഇത്രയും ചെറിയൊരു ശിക്ഷയിലൊതുക്കാൻ മാത്രമുള്ള തെറ്റാണോ നിങ്ങളെന്നോട് ചെയ്തത്?? കുറഞ്ഞ ദിവസങ്ങളുടെ അവഗണനയും വേദനയും നിങ്ങൾ ചെയ്‌ത തെറ്റിനെ ഇല്ലാതാക്കുമെന്നാണോ??”
“പിന്നെങ്ങനാ?? കൊല്ലാൻ മാത്രമുള്ള തെറ്റൊന്നും ഞാൻ നിന്നോട് ചെയ്തിട്ടില്ല… നിന്റെ ജീവൻ രക്ഷിയ്ക്കാൻ വേണ്ടി മാത്രാ ഞാനെല്ലാം മറച്ചു വച്ചത്… അതെന്റെ ഗതികേടുകൊണ്ടു ചെയ്തു പോയതാ…”
“എന്നോടുള്ള സ്നേഹത്തിന്റെ കഥ പറ ഇനി… എന്നിട്ട് വികാരാർദ്രമായി കണ്ണീരൊഴുക്കി കാണിയ്ക്ക്… അതാവുമല്ലോ അടുത്ത സ്റ്റെപ്.. ”
“ഇതെല്ലാം ഞാനെഴുതിപ്പഠിച്ചു പറയാണെന്നാണോ നിന്റെ വിചാരം??”
“അല്ലാതെ പിന്നെ?? ഹൃദയമില്ലാത്ത നിങ്ങളെങ്ങിനെയാ ഒരാളെ സ്നേഹിയ്ക്കുന്നതും അയാളെ ഓർത്തു വേദനിയ്ക്കുന്നതും?
എന്റെ അറിവിൽ നിങ്ങൾക്ക് ആത്മാർത്ഥമായി ചെയ്യാൻ കഴിയുന്ന ഒരൊറ്റ കാര്യം മാത്രമേയുള്ളൂ.. അഭിനയം!!
യഥാർത്ഥ ജീവിതം ഇത്രത്തോളം അഭിനയിച്ചു മനോഹരമാക്കാൻ നിങ്ങളെക്കാൾ മികവ് മറ്റാർക്കും കാണില്ല…”
“ഞാനിത്രയൊക്കെ കെഞ്ചി പറഞ്ഞിട്ടും താണു തന്നിട്ടും ഒരിറ്റു കരുണ നിനക്കെന്നോട് തോന്നുന്നില്ലേ തെന്നൽ?? ഞാൻ നിന്റെ ഭർത്താവല്ലേ?? ”
“ഭർത്താവോ?? ആ പദമുച്ഛരിയ്ക്കാനുള്ള യോഗ്യതയുണ്ടോ നിങ്ങൾക്ക്?? ”
“ഞാൻ നിന്നെ സ്നേഹിയ്ക്കുന്നു എന്നതിൽ കൂടുതൽ യോഗ്യതയൊന്നും തൽക്കാലം അതിനാവശ്യമില്ല..”
“സിനിമകളിൽ പോലും കാണാത്ത അഭിനയ രംഗങ്ങളിലൂടെ ഒരു പെണ്ണിനെ ചതിച്ചു നേടിയതാണോ നിങ്ങൾ പറഞ്ഞ ഭർത്താവിന്റെ യോഗ്യത??
അതോ വീണ്ടും വീണ്ടും കള്ളങ്ങൾ പറഞ്ഞു പിറകെ നടന്നു എന്റെ മനസ്സമാധാനം നഷ്ടപ്പെടുത്തുന്നതോ??”
“നീയെന്റെ ക്ഷമ പരീക്ഷിയ്ക്കരുത്…”
നിവിന് ഭ്രാന്തു പിടിയ്ക്കുന്നതായി തോന്നി…
“ക്ഷമയെന്നു പറഞ്ഞു മാന്യനാവല്ലേ നിവിൻ… ഉളുപ്പില്ലായ്മ എന്നതാവും ഒന്നുകൂടെ ചേർച്ച…
ആവർത്തന വിരസതയില്ലാതെ വീണ്ടും വീണ്ടും ഒരേ കാര്യം പറഞ്ഞു പിറകെ നടക്കുന്നതിന് അനുയോജ്യമായ പദമതാണ്…”
“ഇനിയും എത്ര നാളെന്നു വച്ചിട്ടാ നീയീ വെറുപ്പും അകൽച്ചയും കൊണ്ട് നടക്കുന്നത്?? എന്നായാലും നിനക്കെന്നെ അംഗീകരിയ്ക്കേണ്ടി വരില്ലേ??”
“എന്റെ മരണം വരെ… ഞാൻ മരിച്ചാൽ മാത്രമേ ഈ വെറുപ്പിനൊരു അന്ത്യമുണ്ടാവു.. അത് വരെ നിങ്ങളും ഞാനും രണ്ടായിരിയ്ക്കും… ഒരു വീട്ടിൽ താമസിയ്ക്കുന്നു എന്നതിലപ്പുറം മറ്റൊരു ബന്ധവും നിങ്ങളും ഞാനും തമ്മിലുണ്ടാവില്ല…”
തന്നെ കടന്നു വാതിൽക്കലേയ്ക്ക് നീങ്ങിയ തെന്നലിന്റെ കയ്യിൽ അയാൾ മുറുകെ പിടുത്തമിട്ടു…
ദേഷ്യത്തോടെ അവൾ കുതറി മാറി!!
“തൊട്ടുപോവരുതെന്നെ… എന്നെ തൊടാനും എന്നോട് മിണ്ടാനുമുള്ള യാതൊരർഹതയും നിങ്ങൾക്കില്ലെന്നു ഞാൻ മുൻപേ പറഞ്ഞു കഴിഞ്ഞതാണ്…”
തെന്നലിന്റെ മുഖം ദേഷ്യത്താൽ ചുവന്നു!!
“എനിയ്ക്ക് നിന്നിലുള്ള അവകാശത്തിന്റെ തെളിവാണ് കർത്താവിനെ സാക്ഷി നിർത്തി ഈ കഴുത്തിൽ കെട്ടിയത്…
കെട്ടുകല്യാണം കഴിഞ്ഞൊരു പെണ്ണാണ് നീയെന്നത് ഓരോ നിമിഷവും നീ സ്വയം മറക്കുന്നു… നിനക്കെന്നോടുള്ള കടമകളിലൊന്നു പോലും നിറവേറ്റാതെ എന്റെ അവകാശങ്ങളെ ചോദ്യം ചെയ്യാൻ വന്നിരിയ്ക്കുന്നു…”
നിവിൻ പല്ലു ഞെരിച്ചു…
“ഓഹോ… അപ്പൊ ഈ താലിയാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം.. ഇത് വലിച്ചു പൊട്ടിച്ചിട്ടു ഞാൻ തന്നെ കെട്ടിയാൽ നിങ്ങളുടെ അവകാശങ്ങളും അതോടെ അവസാനിയ്ക്കുമല്ലോ അല്ലെ??”
വല്ലാത്തൊരാസക്തിയോടെ അവൾ തൊടുത്തു വിട്ട ചോദ്യം!!
മനസ്സിലടക്കി നിർത്തിയ ദേഷ്യവും സങ്കടവുമൊന്നാകെ നിയന്ത്രണം ഭേദിയ്ക്കുന്നതായി തോന്നി അയാൾക്ക്!!
കഴുത്തിലൊട്ടി ചേർന്ന് തിളങ്ങുന്ന താലി മാല വലിച്ചു പൊട്ടിയ്ക്കാൻ ശ്രമിയ്ക്കുന്ന തെന്നലിനെ നിവിൻ തടയാൻ പാടുപെട്ടു ശ്രമിച്ചു!!
“നോ…. പ്ലീസ് തെന്നൽ… ഞാൻ പോയേക്കാം… അത് പൊട്ടിയ്ക്കല്ലേ..”
നിവിന്റെ സകല ദേഷ്യവും സങ്കടത്തിലേയ്ക്ക് ഗതി മാറി…
പറയുന്ന വാക്കുകളെ അവൾ കേൾക്കുന്നത് പോലുമില്ലെന്നു തോന്നി…
പിടിവലിയ്ക്കൊടുവിൽ ഒട്ടും നിനയ്ക്കാതെ നിവിന്റെ കൈകൾ തെന്നലിന്റെ മുഖത്തു പതിഞ്ഞു…
ഇടതുകൈകൊണ്ടു കവിൾത്തടം പൊത്തിപ്പിടിച്ചുകൊണ്ട് അവൾ നിവിനെ നോക്കിയപ്പോൾ പറ്റിപ്പോയ പിഴവോർത്തു അയാൾ തളർന്നു നിന്നു…
മനസ്സറിഞ്ഞതല്ല!! അവളങ്ങനെ ചെയ്തപ്പോൾ…
വാക്കുകൾ കിട്ടാതെ അയാൾ വിഷമിച്ചു പോയി…
കത്തി ജ്വലിച്ച ദേഷ്യത്താൽ അയാളെ തള്ളി മാറ്റി വാതിലിന്റെ ബോൾട്ട് വലിച്ചു തുറന്നു തെന്നൽ കരഞ്ഞുകൊണ്ട് താഴോട്ടിറങ്ങിയപ്പോൾ നിവിൻ ദേഷ്യത്തോടെ അരികിലടുക്കി വച്ച ചെടിച്ചട്ടികൾ ചവിട്ടിത്തെറിപ്പിച്ചു!!
(തുടരും….)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
രചന: സ്വാതി കെ എസ്
(വലിച്ചു നീട്ടിയതല്ലാട്ടോ… ഒറ്റയടിയ്ക്ക് എല്ലാം ഒരുമിച്ചു പറഞ്ഞു പോയാൽ കഥയുടെ ശ്വാസവും ഭംഗിയും നിലച്ചു പോയേക്കും… കുറച്ചു കൂടി കാത്തിരിയ്ക്കണമെന്നു അപേക്ഷ… കുറഞ്ഞു പോയെന്നറിയാം.. ആദ്യം എഴുതി വച്ചതു കോപ്പി ചെയ്യുന്നതിന് പകരം cut ചെയ്തു പോയി.. ചെറിയൊരു കൈപ്പിഴവ്..😐.ദൃതിയിൽ ആദ്യം മുതൽ എഴുതി ഉണ്ടാക്കിയതാണ്… പോരായ്മകളുണ്ടെങ്കിൽ ക്ഷമിയ്ക്കൂ…🙏)
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Enthavum .waiting