Skip to content

തെന്നൽ – പാർട്ട് 12

thennal-aksharathalukal-novel

തെന്നലിനെ ദേഷ്യത്തോടെ കിടക്കയിലേയ്ക്ക് തള്ളി നിവിൻ ഡോർ ലോക് ചെയ്തു…

“നിങ്ങളെന്തിനാ വാതിലടച്ചത്??

വാതിൽ തുറക്കേടോ…”

തെന്നൽ വെപ്രാളത്തോടെ കിടക്കയിൽ നിന്നും പിടഞ്ഞെണീറ്റു …

“അമ്മച്ചീ…”

“ശബ്ദിച്ചു പോവരുത്…”

നിവിൻ ചുണ്ടുകൾക്ക് മീതെ വിരൽ ചേർത്തു..

തികട്ടി വന്ന വാക്കുകൾ അവളുടെ തൊണ്ടക്കുഴിയിലമർന്നു..

“നീ കണ്ടിട്ടില്ലാത്ത മറ്റൊരു സ്വഭാവമുണ്ടെനിയ്ക്ക്!!

ഒരിയ്ക്കലും പുറത്തു വരരുതെന്നാഗ്രഹിച്ചു ഞാനെന്നിൽത്തന്നെ കുഴിച്ചു മൂടിയ എന്റെ യഥാർത്ഥ സ്വഭാവം!!”

നിർവചിയ്ക്കാനാവാത്ത ഭീകര ഭാവം അയാളുടെ കണ്ണുകളിൽ തെളിഞ്ഞു…

“നിങ്ങളെപ്പോലൊരു ചതിയനോടൊത്തു ജീവിതം പങ്കിടാൻ എന്നെ കിട്ടില്ല..!!”

തെന്നൽ ധൈര്യം വീണ്ടെടുത്തു..

“സംഭവിച്ചു പോയതിന്റെ വേദനയിലും കുറ്റബോധത്തിലും കിട്ടിയ ജീവിതത്തെ ബലിയർപ്പിയ്ക്കാൻ ഞാനും തയ്യാറല്ല!! നമ്മളൊരുമിച്ചു ജീവിയ്ക്കും… ഈ വീട്ടിൽ..!!”

“നോ…”

അവൾ കാതുകൾക്ക് മീതെ കൈകളമർത്തി…

“നിങ്ങളുടെ ഭാര്യയായി ജീവിയ്ക്കുന്നതിലും ഭേദം മരണമാണ്…”

“അത് നിനക്കിപ്പോഴല്ല തോന്നേണ്ടത്… എല്ലാ സത്യങ്ങളും നീ മുൻപേ മനസ്സിലാക്കിയതായിരുന്നില്ലേ?? ഒരുമിച്ചു ജീവിയ്ക്കാൻ നിനക്കാഗ്രഹമില്ലെങ്കിൽ നീയൊരിയ്ക്കലുമെനിയ്ക്ക് കഴുത്തു നീട്ടിത്തരരുതായിരുന്നു!!”

മനസ്സിലെ കണക്കുകൂട്ടലുകളെല്ലാം വേരോടെ പിഴുതെറിയപ്പെട്ടിരിയ്ക്കുന്നു!!

അയാൾ കെട്ടിയ താലിയുമായി എന്നെന്നേക്കുമായി അകന്നു പോകാമെന്ന് കരുതിയതാണ്!!

തുടർന്നുള്ള നാളുകളിൽ തന്റെ വിയോഗമോർത്തു ദുഃഖിച്ചുകൊണ്ട് നിവിൻ എരിഞ്ഞു തീരുമെന്നോർത്തു സന്തോഷിച്ചു!!

എല്ലാം നിമിഷ നേരംകൊണ്ടാണ് തകർന്നടിഞ്ഞത്!!

തെന്നലിന് ശരിയ്ക്കും കരച്ചിൽ വന്നു…

“വെറും ചരടെന്നു നീ വിശേഷിപ്പിച്ച ഈ മാലയ്ക്ക് എന്റെ സ്വപ്നങ്ങളുടെ വിലയുണ്ട്!!

ബന്ധനമെന്ന പേരിൽ നിന്റെ കൈകളിനിയൊരിയ്ക്കൽ കൂടി ഈ മാലയ്ക്ക് നേരെ ചലിച്ചാൽ!!”

നിവിന്റെ നീട്ടിയ ചൂണ്ടു വിരൽ അവൾക്ക് നേരെ ഉയർന്നു..

“നിങ്ങൾ ചാർത്തിതന്ന തുച്ഛ വിലയും പേറി നിങ്ങളുടെ സംരക്ഷണത്തിൽ ഭയന്ന് ജീവിച്ചോളാമെന്നു ഞാനാർക്കും വാക്കു കൊടുത്തിട്ടില്ല!!”

തെന്നലിന്റെ നിയന്ത്രണം കൈവിട്ടുപോയി…

“അകന്നു പോവാതെ ചേർത്ത് നിർത്തേണ്ടതെങ്ങിനെയാണെന്നു എനിയ്ക്കറിയാം…!!”

വിട്ടുകൊടുക്കാൻ അയാളും തയ്യാറായിരുന്നില്ല!!

“സ്നേഹത്തിന്റെ തരിമ്പു പോലും നിങ്ങളോടില്ലാത്തൊരു പെണ്ണിനെ ബലമായി ചുമന്നതുകൊണ്ടു നിങ്ങൾക്കെന്തു പ്രയോജനം??

എന്നെ എന്റെ വഴിയ്ക്ക് വിട്ടേയ്ക്കൂ…”

” നേടാനാഗ്രഹിച്ചതൊന്നും ആർക്കും വിട്ടു കൊടുത്തു ശീലമില്ലെനിയ്ക്ക്!!”

നിവിന്റെ കണ്ണുകൾ ആജ്ഞാ ഭാവത്തോടെ അവളിൽ തറച്ചു…

“നിങ്ങളിത്രയ്ക്ക് മനസ്സാക്ഷിയില്ലാത്തവനാകുമെന്നു ഞാനോർത്തിരുന്നില്ല…”

തെന്നലിന്റെ വിതുമ്പൽ അയാളുടെ നെഞ്ചിൽ പതിഞ്ഞു…

കൈവിട്ട് പോവുന്ന സംയമനത്തെ അയാൾ പാടുപെട്ടു തിരിച്ചെടുത്തു…

“നേരത്തെ കാണിച്ചതുപോലുള്ള അതിബുദ്ധിയുമായി നീയീ മുറിയുടെ വാതിലിനി കടന്നു പോവരുത്…”

അവളുടെ കരച്ചിൽ വക വയ്ക്കാതെ നിവിൻ വാതിലടച്ചു പുറത്തു കടന്നു…

വാതിൽക്കൽ അമ്മച്ചി ഭയപ്പെട്ടു നിൽക്കുന്നുണ്ടായിരുന്നു…

“അമ്മച്ചിയെന്നോട് ക്ഷമിയ്ക്കണം… ദയവു ചെയ്ത് നിങ്ങളാരുമിതിൽ ഇടപെടരുത്…”

“മോനെ…”

നിവിൻ വലതു കൈ ഉയർത്തി…

“അമ്മച്ചിയിതൊന്നും ശ്രദ്ധിയ്ക്കണ്ട… നാളത്തോടെ എല്ലാം കലങ്ങിത്തെളിയും…”

“എന്നാലും… എന്റെ കുഞ്ഞ്…”

അവരുടെ നെഞ്ച് തകർന്നു…

“അമ്മച്ചിയിങ്ങോട്ടു പോരെ..”

തിരിഞ്ഞു നടക്കുന്നതിനിടെ അയാൾ ശബ്ദം കനപ്പിച്ചു..

കോണിപ്പടികളിറങ്ങി താഴോട്ടു നടക്കുമ്പോൾ പിറകിൽ തെന്നൽ കതകിൽ ആഞ്ഞു മുട്ടുന്ന ശബ്ദം അയാൾ മനപ്പൂർവ്വം കെട്ടില്ലെന്നു നടിച്ചു…

ഒരു പെണ്ണിന് വേണ്ടി താനെന്തൊക്കെയാണീ ചെയ്തു കൂട്ടുന്നത്!!

നിവിന് വിശ്വസിയ്ക്കാൻ പ്രയാസം തോന്നി!!

ബിസ്സിനസ്സിൽ മാത്രം മനസ്സിനെ തളച്ചിട്ടു ജീവിച്ചിരുന്നതാണ്!!

മനസ്സിങ്ങനെ താളം തെറ്റുമെന്നു സ്വപ്നത്തിൽ പോലും നിനച്ചതല്ല!!

തെന്നൽ!!

അവൾക്ക് വേണ്ടി എന്തൊക്കെയാണ് ചെയ്തു കൂട്ടിയത്!!

ഒരിയ്ക്കലും വേദനിപ്പിയ്ക്കരുതെന്നു കരുതിയതാണ്!!

അനുവദിക്കില്ലെന്നു വെച്ചാൽ??

താഴ്ന്നു താഴ്ന്നു ചെരുപ്പിനടിയിൽ കിടന്നിട്ടും വീണ്ടും അടിച്ചമർത്തി രസിയ്ക്കുന്ന ക്രൂര വിനോദം!!

നിവിന് വല്ലാത്ത ഹൃദയ ഭാരം തോന്നി…

ഇത്രയൊക്കെയായിട്ടും അവളെന്തുകൊണ്ടെന്നെ മനസ്സിലാക്കുന്നില്ല!!

അഭിനയമാണത്രെ!!

ദേഷ്യം വാഹനത്തിന്റെ വേഗതയെ നിയന്ത്രിച്ചു!!

ഹൃദയം പറിച്ചെടുത്തു നൽകിയാലും അഭിനയമാണെന്നു പറയുന്നവളാണ്!!

അയാളുടെ വണ്ടിച്ചക്രങ്ങൾ ബാറിന് മുൻപിൽ ശബ്ദത്തോടെ നിശ്ചലമായി…

പഴയ ശീലങ്ങൾക്കൊരു പുതിയ തുടക്കം!!

സങ്കടങ്ങളോടുള്ള മൽപ്പിടുത്തിലെവിടെയോ നഷ്ടമായ മനക്കരുത്തിനെ തിരിച്ചെടുക്കണം!!

മദ്യലഹരിയിൽ എല്ലാം മറന്നൊന്നുറങ്ങണം!!

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

“മോളെ… സ്ഥലമെത്തി…”

തെന്നൽ ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു…

“എത്രയായി??”

“നാൽപ്പത്…”

മെറൂൺ നിറത്തിലുള്ള ചെറിയ ഹാൻഡ് ബാഗിൽ നിന്നും പണമെടുത്തു ഓട്ടോക്കാരനു നീട്ടിക്കൊണ്ട് അവൾ എതിർവശത്തു കണ്ട ബിൽഡിങ് ലക്ഷ്യമാക്കി നടന്നു!!

കയ്യിൽ കരുതിയ ചെറിയ ഫയൽ ഒന്നുകൂടി പരിശോധിച്ചു…

ഈ ജോലിയെങ്കിലുമൊന്ന് തരപ്പെട്ടാൽ മതിയായിരുന്നു!!

അന്ത്യമില്ലാത്ത ഈ അലച്ചിലൊന്നു അവസാനിച്ചിരുന്നെങ്കിൽ!!

ഇന്റർവ്യൂ ബോഡിലുള്ളവരുടെ ചോദ്യങ്ങൾക്കുത്തരം നൽകിയിറങ്ങുമ്പോൾ പതിവ് പ്രതീക്ഷയെ മനസ്സിലാവാഹിച്ചു…

നിവിന്റെ വീട്ടിൽ ജോലി ചെയ്ത പൈസയിൽ പാതിയും അമ്മയുടെ ചികിത്സാ ചിലവിനു വേണ്ടി ഉപയോഗിച്ച് തീർന്നതാണ്!!

ബാങ്കിൽ മിച്ചമുള്ള ചെറിയ തുകയും തീരാറായിരിയ്ക്കുന്നു!!

ഈ ജോലിയെങ്കിലും കിട്ടിയില്ലെങ്കിൽ പഴയ ഹോം നേഴ്സ് പദവിയെ വീണ്ടും തോളേറ്റേണ്ടി വന്നേക്കും!!

വേണ്ട!!

ഇനിയുമനുഭവിയ്ക്കാൻ വയ്യ!!

തലയ്ക്ക് മുകളിൽ കത്തി ജ്വലിച്ചു നിൽക്കുന്ന സൂര്യൻ കാലടികളെ തളർത്തുന്നതായി തോന്നി…

ഇടയ്ക്കിടെ വരുന്ന അസഹ്യമായ തലവേദന!!

കണ്ണിൽ നിന്നും പൊന്നീച്ച പറക്കും!!

സഹിച്ചേ പറ്റു..

മിയയെ എത്രയെന്നു കരുതി ബുദ്ധിമുട്ടിയ്ക്കും??

കൊടിയ ദാഹം തൊണ്ടയെ കീഴ്പ്പെടുത്തിയപ്പോൾ അവളടുത്തു കണ്ട കോഫീ ഷോപ്പിലേയ്ക്ക് നടന്നു..

ഉണർന്നിരിയ്ക്കുന്ന നേരങ്ങളത്രയും ഭാരമുള്ള ചിന്തകൾ മനസ്സിനെ വരിഞ്ഞു മുറുക്കും…

ഒടുക്കമുള്ള പിടച്ചിലിൽ താനുണരുമ്പോഴേയ്ക്കും ഉന്മേഷമെല്ലാം കത്തിയെരിഞ്ഞിരിയ്ക്കും!!

ഓർമകളെപ്പോഴുമൊരു ശാപമാണ്..

കപ്പിലെ അവസാന തുള്ളികളെ ബാക്കി വച്ചുകൊണ്ട് അവളിരിപ്പിടം വിട്ടെണീറ്റു…

കയ്യിൽ ചുരുട്ടിപ്പിടിച്ച നോട്ടെടുത്തു കൗണ്ടറിൽ നീട്ടി…

“കാശ് തന്നല്ലോ..”

“ആര്??”

തെന്നലിന് അത്ഭുതം തോന്നി!!

ആറു മാസങ്ങളായി മിയയല്ലാതെ മറ്റാരും ജീവിതത്തിലില്ല!!

താൻ കുടിച്ച ചായയുടെ പണം കൊടുക്കാൻ മാത്രം പരിചയമുള്ളയാൾ!!

ആരായിരിയ്ക്കും??

അയാൾ നീട്ടിയ വിരൽ മുനമ്പിലേയ്ക്ക് അവളാശങ്കയോടെ നോക്കി…

സുമുഖനായ ചെറുപ്പക്കാരൻ ബൈക്കിനടുത്തു പുറം തിരിഞ്ഞു നിൽക്കുന്നു…

“ആരാ??”

പരിഭ്രമത്തോടെയുള്ള ചോദ്യം കാതിലെത്തിയപ്പോൾ അയാൾ ചിരിയോടെ തിരിഞ്ഞു…

പരിചയമുള്ള മുഖം!!

രാഹുൽ!!

ഇയാളിവിടെ??

ആദ്യത്തെ അത്ഭുതം ദേഷ്യത്തിന് വഴി മാറി…

തെന്നലിന്റെ മുഖം വരിഞ്ഞു മുറുകി..

“നീയെന്തിനാ ഞാൻ കുടിച്ച ചായയുടെ ബില്ല് കൊടുത്തത്??”

“അത്…സോറി… ”

അയാളുടെ മുഖം വിളറി…

“നിന്റെ ഔദാര്യം സ്വീകരിയ്ക്കേണ്ട ഗതികേടൊന്നും വന്നിട്ടില്ലെനിയ്ക്ക്…”

അവൾ ദേഷ്യത്തോടെ അയാൾക്ക് നേരെ പണം നീട്ടി…

“ഞാനൊരു വഴക്കിന് വന്നതല്ല… ഒരുപാട് നാളായി തിരഞ്ഞു നടക്കുകയായിരുന്നു…

ഇന്ന് നീ ഓഫീസിലേക്ക് വന്നപ്പോഴാണ് കണ്ടത്… ഓടിയിറങ്ങിയപ്പോഴേയ്ക്കും ആൾ അപ്രത്യക്ഷമായി… പിന്നെ ബൈക് എടുത്തു തിരഞ്ഞിറങ്ങി..അപ്പോഴാ ഇവിടിരിയ്ക്കുന്നത് കണ്ടത്…”

തെന്നൽ ദേഷ്യത്തോടെ പണം അയാളുടെ ബൈക്കിനു മുകളിൽ വച്ചു…

“നീയെന്തിനാ എന്നെ അന്വേഷിയ്ക്കുന്നത്??

എന്താ?? ആ വീഡിയോയുടെ കോപ്പികൾ ഇനിയുമുണ്ടോ കയ്യിൽ??”

“എനിയ്ക്കറിയാമായിരുന്നു നീ തെറ്റിദ്ധരിയ്ക്കുമെന്ന്…

അന്നൊരു തെറ്റ് പറ്റിപ്പോയതാണ്…

ഹൃദയത്തിൽ തൊട്ടു മാപ്പു പറയുന്നു..”

“അതെല്ലാം കഴിഞ്ഞ കാര്യങ്ങളാണ്… അതിനെക്കുറിച്ചൊക്കെ വീണ്ടും സംസാരിയ്ക്കാനുള്ള മാനസികാവസ്ഥയിലല്ല ഞാനിപ്പോൾ…”

“ശരി… പക്ഷെ ചെയ്തുപോയ തെറ്റിന്റെ പേരിൽ ഞാനിത്രയും കാലം ഉരുകി ജീവിച്ചതാണ്…

അറ്റ്ലീസ്റ്റ് എന്റെ അമ്മയുടെ മുൻപിലെങ്കിലും എനിയ്ക്ക് തെറ്റുകാരനല്ലാതാവണം!!”

തെന്നലിന്റെ മുഖഭാവം അയാൾ സസൂക്ഷ്മം വീക്ഷിച്ചു…

“എന്റെ തെറ്റ് തിരുത്താൻ നീയെനിയ്ക്കൊരവസരം തരണം… നിനക്ക് മാത്രമേ അതിന് കഴിയൂ..
പ്ലീസ്… തെന്നൽ!!”

“വാട്ട് യൂ മീൻ??”

“ഞാൻ… ഞാൻ നിന്നെ വിവാഹം കഴിച്ചോട്ടെ??”

അയാൾ ഭയത്തോടെ ചോദിച്ചു…

“തന്നെപ്പോലൊരാഭാസനെയോ??

തനിയ്ക്ക് ലജ്ജയില്ലേ ഇത്തരമൊരാവശ്യവുമായി എന്റെ മുന്നിൽ വരാൻ??”

തെന്നൽ പരിസരം മറന്നു പൊട്ടിത്തെറിച്ചു..

“കൂൾ… പറയുന്നത് മുഴുവൻ കേൾക്കൂ…”

തെന്നലിന്റെ ക്ഷമ കെട്ടു…

“ഞാനിപ്പോൾ പഴയ രാഹുലല്ല… എനിയ്ക്കൊരു നല്ല ജോബ് ഉണ്ട്.. നീ ഇന്റർവ്യൂവിനു വന്ന ഓഫീസിൽ തന്നെ…

നീ ആഗ്രഹിച്ചതിലും നല്ലൊരു ജോലി ഞാൻ നിനക്ക് വാഗ്ദാനം ചെയ്യുന്നു..

നന്നായി ആലോചിച്ചു നോക്ക്…

എന്റെ ചെയ്തികളെ തിരുത്താനുള്ള അവസരത്തിനു വേണ്ടിയുള്ള യാചനയാണിത്…

നിനക്കെന്നെ വിശ്വസിയ്ക്കാം…”

എന്തോ പറയാൻ തുടങ്ങിയ തെന്നലിനെ അയാൾ തടഞ്ഞു..

“ഇപ്പോഴൊന്നും പറയണ്ട… നാളെ മുതൽ ജോലിയ്ക്ക് വന്നോളൂ…

എന്റെ ജീവിത സഖിയാവാൻ തയ്യാറാണെങ്കിൽ മാത്രം…

ആലോചിച്ചു തീരുമാനിയ്ക്കാം…”

പ്രതീക്ഷയിൽ ചാലിച്ച നറുചിരി അവൾക്ക് നൽകി അയാൾ യാത്രയായി..

പുറത്തെ പൊരി വെയിൽ അവളുടെ ചിന്തകളെയും വലച്ചു…

നിവിൻ കൂടെയുണ്ടായിരുന്നെങ്കിൽ!!

ജീവിതത്തിലാദ്യമായാണ് ഇത്തരമൊരു തോന്നൽ!!

അവൾക്ക് വല്ലായ്മ തോന്നി!!

ഓട്ടോയ്ക്ക് കൈ കാണിച്ചു തിരിച്ചു പോവുമ്പോൾ മനസ്സാകെ കലുഷിതമായിരുന്നു…

ഫ്ലാറ്റിന്റെ വാതിൽക്കൽത്തന്നെ മിയ കാത്തു നിൽപ്പുണ്ട്..

“നീയിന്നു ഓഫീസിൽ പോയില്ലേ??”

തെന്നൽ പാഴ്‌ചോദ്യമെറിഞ്ഞു…

“ലീവാണെന്നു പറഞ്ഞത് മറന്നോ??”

അവൾ തെന്നലിനെ സൂക്ഷിച്ചു നോക്കി…

“മമ്… ”

“എന്തുപറ്റി നിന്റെ മുഖത്തൊരു വാട്ടം??”

“ഒന്നൂല്ല…”

“വീണ്ടും എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടോ?? ഹോസ്പിറ്റലിൽ പോണോ??”

അവൾ ചോദ്യങ്ങളുമായി തെന്നലിന് പിറകെ മുറിയിലേയ്ക്ക് നടന്നു..

“വേണ്ട… ഞാനൊന്ന് കിടക്കട്ടെ…”

കഴുത്തോടൊട്ടിച്ചേർന്ന താലിയെ കൈ വെള്ളയിലൊതുക്കി തെന്നൽ കിടക്കയിലേയ്ക്ക് വീണു കണ്ണുകളടച്ചു…

ഓർമകൾ അനുവാദം കാത്തു നിൽക്കാതെ പിറകോട്ടു സഞ്ചരിച്ചു..

ഓർക്കാനിഷ്ടപ്പെടാത്ത ഭൂതകാലത്തിന്റെ ഏടിൽ മനസ്സ് പിടിവിട്ടു തെന്നി വീണു…

തന്റെ ജീവിതത്തെ തിരുത്തിയെഴുതിയ ആ നശിച്ച രാത്രി അവൾക്ക് മുന്നിൽ പതിയെ മിഴി തുറന്നു…

(തുടരും….)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

രചന: സ്വാതി കെ എസ്

[രാഹുൽ ആരാണെന്നു ആദ്യത്തെ രണ്ടു പാർട്ടിൽ പറഞ്ഞിട്ടുണ്ട്… മറ്റു സംശങ്ങൾക്കുള്ള മറുപടി വരും പാർട്ടിൽ തരാം ട്ടോ… അഭിപ്രായങ്ങൾ കാത്തിരിയ്ക്കുന്നു…]

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!