Skip to content

തെന്നൽ – പാർട്ട് 13

thennal-aksharathalukal-novel

തന്റെ സ്വാതന്ത്ര്യത്തെ ഹനിയ്ക്കാനുള്ള അധികാരം ആരാണയാൾക്ക് വാഗ്ദാനം ചെയ്തത്??

ആ വലിയ മുറി സൃഷ്ടിയ്ക്കുന്ന ഒറ്റപ്പെടലിൽ അവൾക്ക് സമനില തെറ്റുന്നതുപോലെ തോന്നി…

കാലിലൊരു ചങ്ങല കൂടി അണിയിയ്ക്കമായിരുന്നു അയാൾക്ക്!!

ഒരലങ്കാരമായിക്കൊള്ളട്ടെ!! അത് മാത്രമായെന്തിന് വേണ്ടെന്ന് വയ്ക്കണം??

എന്റെ പിടച്ചിലും വേദനയും ആരിലും ഒരു മനസ്സാക്ഷിക്കുത്തും സൃഷ്ടിയ്ക്കുന്നില്ലേ??

അപ്പച്ചനിവിടെ ഉണ്ടായിരുന്നെങ്കിൽ!!

ചിന്തകൾ കണ്ണീർ ചാലുകളായി രൂപാന്തരപ്പെട്ടു!!

“അമ്മച്ചീ… ദയവ് ചെയ്ത് ഈ വാതിലൊന്നു തുറക്ക്… പ്ലീസ്…”

കതകിൽ ആഞ്ഞു തട്ടിയിട്ടും കേണു പറഞ്ഞിട്ടും എതിർവശത്തു നിന്നും ശബ്ദമൊന്നും കേട്ടതേയില്ല..

നേരമേറെ കഴിഞ്ഞിട്ടും തെന്നലിന്റെ കരച്ചിലടങ്ങിയില്ല…

നിവിനെത്ര വിലക്കിയാലും വാതിൽക്കൽ നെഞ്ചിടിപ്പോടെ അമ്മച്ചി നിൽപ്പുണ്ടാവുമെന്നുറപ്പുണ്ടായിരുന്നു!!

എന്റെ സങ്കടത്തെ വെറുതെ കണ്ടില്ലെന്നു നടിയ്ക്കാനാവില്ലവർക്ക്!!

എനിയ്‌ക്കെന്റെ ആനിയെപ്പോലെയാണ് മോളുമെന്ന് എത്രയാവർത്തി പറഞ്ഞിരിയ്ക്കുന്നു??

അമ്മച്ചി വരും!!

പ്രതീക്ഷയ്ക്കും കാത്തിരിപ്പിനുമൊടുവിൽ ഭക്ഷണം കൊടുക്കാണെന്ന മട്ടിൽ അമ്മച്ചി പതിയെ വാതിൽ തുറന്നു…

തലയിണയിൽ നിന്നും മുഖമുയർത്തി തെന്നൽ കട്ടിലിൽ എഴുന്നേറ്റിരുന്നു…

സാരിത്തുമ്പുകൊണ്ട് അവളുടെ കണ്ണും മുഖവുമെല്ലാം തുടച്ച് അവരടുത്തിരുന്നു…

ഒരുപാട് നേരം കരഞ്ഞതുപോലെ അവരുടെ കണ്ണിമകൾ നീര് വച്ച് വീർത്തിരുന്നു..

പാത്രത്തിൽ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വച്ച ചപ്പാത്തി കറിയിൽ മുക്കി സ്നേഹത്തോടെ വായിൽ വച്ച് തന്നപ്പോൾ എന്തുകൊണ്ടോ നിരസിയ്ക്കാൻ കഴിഞ്ഞില്ല!!

വേഗത്തിൽ ബാഗെടുത്തു യാത്ര പറഞ്ഞിറങ്ങുമ്പോൾ തടയുന്നതിന് പകരം കണ്ണീരണിഞ്ഞു നോക്കി നിന്നതെയുള്ളു പാവം..

“എവിടെയാണെങ്കിലും അമ്മച്ചിയെ വിളിയ്ക്കണം മോള്… എന്റെ കുട്ടിയ്ക്ക് വേണ്ടി പ്രാർത്ഥിച്ചോണ്ട് അമ്മച്ചി ഫോണും നോക്കിയിരിയ്ക്കും…”

ഒരു നിമിഷം അമ്മയാണോ മുന്നിൽ നിൽക്കുന്നതെന്ന് പോലും സംശയിച്ചു പോയി…

“എന്റെ കുഞ്ഞിനെ ഇങ്ങനെ വേദനിപ്പിയ്ക്കുന്നത് ഇനിയും കാണാൻ മേല അമ്മച്ചിയ്ക്ക്..
അവൻ വരുന്നതിന് മുമ്പ് മോള് പൊക്കോ…”

ചേർത്തണച്ചു നെറ്റിയിൽ ചുംബിച്ചുകൊണ്ട് നോട്ടുകെട്ടുകൾ ചുരുട്ടി കൈവെള്ളയിൽ വച്ച് തരുമ്പോൾ അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു പോയി…

“എന്റെ കുഞ്ഞിന് തമ്പുരാൻ തുണ തരട്ടെ…”

അവർ ആത്മഗതം ചെയ്തു..

ഇരുട്ട് പടർന്നു തുടങ്ങയിട്ടേയുള്ളൂ…

വേഗത്തിൽ ഓടി ഗേറ്റിനരികിലെത്തിയപ്പോഴേയ്ക്കും ഒട്ടും പ്രതീക്ഷിയ്ക്കാതെ നിവിന്റെ കാർ മുന്നിൽ വന്നു ബ്രെയ്ക് ചെയ്തു…

അങ്കലാപ്പോടെ കോലായിലേയ്ക്ക് നോക്കിയപ്പോൾ അമ്മച്ചി നെഞ്ചിൽ കൈ വച്ച് ഭയന്ന് നിൽക്കുന്നു!!

ചുവന്നു കലങ്ങിയ കണ്ണുകളോടെ അയാൾ കാറിൽ നിന്നിറങ്ങി അവൾക്കരികിലെത്തി…

“ആഹാ… പോവാണോ ??”

വാക്കുകൾക്ക് നേരിയ പതർച്ചയുണ്ട്..

ഭയം സിരകളിൽ പടർന്നു…

“ഒറ്റയ്ക്കാണോ പോവുന്നെ??
നോ നോ… അത് പറ്റില്ല… ഞാൻ കൊണ്ട് വിടും നിന്നെ…”

അയാൾ കൈകളിൽ മുറുകെ പിടിച്ചു കാറിനുള്ളിലേയ്ക്ക് വലിച്ചപ്പോഴേയ്ക്കും അമ്മച്ചി ഓടിയെത്തിയിരുന്നു..

” നീയെന്നതാടാ ഈ കാണിയ്ക്കുന്നെ??
അവളെ വിട്…”

“ആഹാ… ഇതാര്?? മറിയാമ്മച്ചി ഇവിടെ ഉണ്ടാരുന്നോ? ഞങ്ങള് പോവ്വാ… ഹണി മൂൺ ട്രിപ്പിന്…”

മദ്യത്തിന്റെ രൂക്ഷ ഗന്ധം വായുവിൽ പടർന്നു..

“നീ കുടിച്ചിണ്ടോ?? പഴയ സ്വഭാങ്ങളൊക്കെ വീണ്ടും തുടങ്ങിയോ എന്റെ കർത്താവേ…”

അവർ കരയാൻ തുടങ്ങി..

“അല്ലെങ്കി വേണ്ട… രാത്രിയായില്ലേ??
നാളെ രാവിലെ പോവാം..”

അയാൾ തെന്നലിന്റെ ബാഗ് പിടിച്ചു വാങ്ങി…

“വാ…”

ദേഷ്യത്തോടെ അവളെ ചേർത്ത് പിടിച്ചു അയാൾ മുറിയിലേയ്ക്ക് നടന്നു..

അനങ്ങാൻ പോലുമാവാതെ അയാളുടെ പിടുത്തത്തിലമരുന്നത് പോലെ…

“മേലോട്ട് വല്ലോം കേറി വന്നാൽ എന്റെ സ്വഭാവം നിങ്ങളറിയും പറഞ്ഞില്ലെന്നു വേണ്ട…”

പിറകെ വരുന്ന അമ്മച്ചിയെ നോക്കി നിവിൻ ഗർജ്ജിച്ചു..

ഞെട്ടലോടെ കോണിപ്പടിയ്ക്ക് കീഴെ തറഞ്ഞു നിൽക്കുന്ന അമ്മച്ചിയെ തെന്നൽ നിസ്സഹായതയോടെ നോക്കി..

മുറിയിൽ കയറി വാതിലടയ്ക്കുമ്പോൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത ശൗര്യം അയാളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നു..

“നിനക്ക് പോണം അല്ലെ??”

ശരീരത്തിലെ ജലാംശം മുഴുവൻ ഒറ്റയടിയ്ക്ക് വറ്റി വരണ്ടു പോയത് പോലെ..

“പറയെടി…”

“നമുക്ക്… നമുക്ക് നാളെ രാവിലെ സംസാരിയ്ക്കാം.. നിങ്ങളിപ്പോ സംസാരിയ്ക്കാൻ പറ്റിയ കണ്ടീഷനിലല്ല…”

തെന്നൽ പാടുപെട്ട് പറഞ്ഞൊപ്പിച്ചു.

“നാളെ രാവിലെ?? അതിന് ഞാൻ നിന്നെ എവിടെ വന്നു കണ്ടുപിടിയ്ക്കും??
സ്ഥലം കൂടി ഒന്ന് പറഞ്ഞു താ… എന്നാലല്ലേ സംസാരിയ്ക്കാൻ പറ്റു..”

ഓരോ വാക്കുകൾ പറയും തോറും അയാൾ കൂടുതൽ അരികിലേയ്ക്കടുത്തു..

“നിവിൻ പ്ലീസ്…”

“എന്റെ കൂടെ ജീവിയ്ക്കാൻ നിനക്ക് ആഗ്രഹമില്ലല്ലോ?? താലിയറുത്തു ബന്ധം പിരിയാമെന്നല്ലേ പറഞ്ഞത്??

അങ്ങനല്ലെ??

നിശ്ശബ്ദയായി നിൽക്കുന്ന തെന്നലിനെ നോക്കി അയാൾ ചിരിച്ചു..

“താലി പൊട്ടിയ്ക്ക്… ഇപ്പോത്തന്നെ ബന്ധം പിരിയാം…”

“നിവിനെന്തൊക്കെയാ ഈ പറയുന്നേ??”

“ഞാനുമായി മറ്റു ബന്ധങ്ങളൊന്നും നിനക്കില്ലല്ലോ… അതൊണ്ടല്ലേ നീ ഇത്ര ഈസിയായി ഇറങ്ങിപ്പോയത്…

അപ്പൊ ബന്ധമുണ്ടെങ്കിൽ നീ പോവില്ല!!”

അയാൾ തെന്നലിന്റെ ചുമലിൽ കൈകളമർത്തി…

“ശരിയല്ലേ??”

അയാളുടെ വാക്കുകൾ കാതിൽ പതിച്ചപ്പോൾ അവൾ ഭയത്തോടെ തെന്നി മാറി…

“എന്താ നിങ്ങളുടെ ഉദ്ദേശം??”

“പറഞ്ഞല്ലോ… നീ പോയിക്കഴിഞ്ഞാൽ ഞാൻ പിന്നെ ആർക്ക് വേണ്ടി ജീവിയ്ക്കണം??
തുച്ഛമായി ഉപേക്ഷിയ്ക്കാൻ നിനക്ക് കഴിയുമായിരിയ്ക്കും…

നിനക്ക് മാത്രം!!”

അരികിൽ വന്നു അയാൾ വീണ്ടും ചേർത്ത് പിടിച്ചു..

അടർന്നു മാറാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നത് അവളറിഞ്ഞു…

“ആഗ്രഹമുണ്ടായിട്ടല്ല..

ഇതെന്റെ അവസാനത്തെ മാർഗമാണ്…

ഇനിയിതേ മാർഗ്ഗമുള്ളൂ!!”

അയാളുടെ ശബ്ദമിടറി…

തെന്നലിന്റെ വാക്കുകളും കരച്ചിലും സൃഷ്ടിയ്ക്കുന്ന എതിർപ്പുകൾക്ക് നേരെ കാതുകൾ കൊട്ടിയടച്ചു നിവിൻ..

കണ്ണീർ പോലും മരവിച്ച അവസ്ഥയിലേക്ക് അവൾ വീണു പോയിരുന്നു…

ഇത്രയും വലിയ ക്രൂരത സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല!!

കഠിന ശ്രമത്തിനൊടുവിൽ എങ്ങനെയോ തള്ളി മാറ്റി ടേബിൾ ലാംപ് വലിച്ചെടുത്തു അയാളെ ശക്തിയായി പ്രഹരിച്ചു..

അയാളുടെ നേരിയ അവശത തന്നെ തുണച്ചു!!

നിവിൻ കാലിടറി വീണപ്പോഴേയ്ക്കും തെന്നൽ ബാഗെടുത്തു ഓടി വാതിൽ തുറന്നിരുന്നു…

നിവിൻ കിടക്കയിലേയ്ക്ക് കൈകളൂന്നി എഴുന്നേൽക്കാൻ ശ്രമിച്ചു…

പുറത്തു കടന്ന ശേഷം വാതിൽ ബന്ധിച്ചു തെന്നൽ ഓടി താഴോട്ടിറങ്ങി… വാതിൽ ശക്തിയായി തട്ടുന്ന ശബ്ദം അവളുടെ ഹൃദയ മിടിപ്പുയർത്തി..

ഗേറ്റ് കടന്നു ഓടുമ്പോൾ അറിയാവുന്ന ദൈവങ്ങളെയെല്ലാം ഉള്ളു തുറന്നു വിളിച്ചിരുന്നു..

വാതിൽ തല്ലിപ്പൊളിച്ചു പുറത്തു കടന്നാൽ നിവിന് തന്നെ എളുപ്പത്തിൽ തിരിച്ചുകൊണ്ട് പോവാനാവും..

എത്ര ശ്രമിച്ചിട്ടും കണ്ണീരിനെ തടയാൻ കഴിഞ്ഞില്ല…

എത്രയൊക്കെ വെറുത്താലും അയാൾക്കൊരു സ്ഥാനം കൊടുത്തിരുന്നു!!

നിവിൻ ഇത്രയ്ക്ക് മാറിപ്പോയെന്നു വിശ്വസിയ്ക്കാൻ കഴിയുന്നില്ല!!

പിടിച്ചു നിർത്താൻ എത്ര തരം താഴാനും മടിക്കില്ലെന്നോ??

എന്റെ കണ്ണൊന്നു നിറഞ്ഞാൽ സഹിയ്ക്കാൻ കഴിയാത്തയാൾക്ക് ഇത്രയ്ക്കും മോശമായി വേദനിപ്പിയ്ക്കാൻ എങ്ങനെ കഴിഞ്ഞു??

നിറഞ്ഞ കണ്ണുകൾ കാഴ്ചയെ മറച്ചു..

മെയിൻ റോഡിലേയ്ക്ക് ഓടിക്കയറവേയാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്!!

എതിർവശത്തു നിന്നെത്തിയ വാഹനം നീങ്ങി മാറാൻ പോലുമിട തരാതെ ദേഹത്തിലിടിച്ചു കളഞ്ഞു!!

റോഡിനരികിലുള്ള എന്തോ ഒന്നിൽ ശക്തമായി തലയിടിച്ചു!!

തലയിലാകെ തീർത്തും അപരിചിതമായ തരിപ്പ് പടർന്ന് കയറി…

കൊഴുത്ത ദ്രവം മുടിയിഴകളിലൂടെയിറങ്ങി വസ്ത്രത്തിൽ പടർന്നിറങ്ങി..

മനസ്സിനേറ്റ ആഘാതം ശരീരത്തെയും കവർന്നെടുത്തു!!

പതിയെപ്പതിയെ കണ്ണുകളടഞ്ഞു ബോധം മറഞ്ഞു പോയി…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

പ്രയാസപ്പെട്ട് മിഴികൾ തുറക്കുമ്പോൾ അപരിചിതമായ സ്ഥലത്തായിരുന്നു…

ഒറ്റ നോട്ടത്തിൽ ഹോസ്പിറ്റലാണെന്നു വ്യക്തം…

തലയാകെ അസഹ്യമായ വേദന !!

ധരിച്ചിരുന്ന ചുരിദാറിന് പകരം പച്ച നിറത്തിലുള്ള ലളിതമായ, പേരറിയാത്തൊരു വസ്ത്രം!!

തെന്നലിന് ഭയം തോന്നി…

ചുണ്ടുകൾ വരണ്ടുണങ്ങിയിരിയ്ക്കുന്നു..
ഇടതുകയ്യിൽ കുത്തി വച്ചിരിയ്ക്കുന്ന സൂചിയിൽ ചേർന്നു നിന്ന പ്ലാസ്റ്റിക് വയറിന്റെ മറ്റേ അറ്റം ചെന്ന് നിൽക്കുന്നത് കട്ടിലിനു ചാരെയുള്ള ഗ്ലൂക്കോസ് ബോട്ടിലിൽ…

വിശപ്പോ ദാഹമോ തോന്നിയതേയില്ല!!

ക്ഷീണിച്ച കണ്ണുകളോടെ നോക്കുന്ന തെന്നലിനരികിലേയ്ക്ക് പുഞ്ചിരിയോടെ ഡോക്റ്റർ നടന്നെത്തി…

“ഇപ്പൊ എന്ത് തോന്നുന്നു?? വേദനയുണ്ടോ??”

ശബ്ദമെടുക്കാൻ പ്രയാസം തോന്നിയപ്പോൾ വെറുതെ മൂളി..

“സാരമില്ല… ചെറിയൊരു സർജറി വേണ്ടി വന്നിരുന്നു അതിന്റെയാണ്.. മാറിക്കോളും… ”

അദ്ദേഹം പുറത്തിറങ്ങി…

അൽപ നേരം കഴിഞ്ഞപ്പോൾ മുൻപരിചയമില്ലാത്ത പെൺകുട്ടി അരികിലെത്തി…

“താങ്ക് ഗോഡ്… ”

അവളെന്നെ നോക്കി ചിരിച്ചു..

“ഹായ് തെന്നൽ… ഇപ്പൊ എങ്ങനെയുണ്ട്??”

സംശയത്തോടെ നോക്കുന്ന തെന്നലിനെ നോക്കി അവൾ തുടർന്നു…

“പേരെങ്ങനെ കിട്ടിയെന്നാവും… തന്റെ കയ്യിലെ ബാഗിൽ ഒരു ഫയൽ കണ്ടു.. അതിലെ സർട്ടിഫിക്കറ്റിൽ നിന്നും കിട്ടി… നല്ല പേരാ..”

അവൾ പതിയെ പുഞ്ചിരിച്ചു…

“സോറി ട്ടോ… അനുവാദമില്ലാതെ തുറന്നതിന്…”

തെന്നൽ ഒരു വിളറിയ ചിരി പകരം നൽകി..

“എന്റെ കാറിനു മുന്നിലാ തെന്നൽ വന്നു ചാടിയത്… ഇത്തരം അശ്രദ്ധ നന്നാല്ലാട്ടോ…”

“ഇനി പുറത്തേയ്ക്ക് നിന്നോളൂ… ഇവിടെ അധിക നേരം നിൽക്കാൻ പറ്റില്ല..”

നേഴ്‌സിന്റെ ശബ്ദം കേട്ടപ്പോൾ അവൾ മനസ്സില്ലാ മനസ്സോടെ പുറത്തേക്കിറങ്ങി…

പോകുന്നതിന് മുൻപ് കൈകൊണ്ട് എന്തൊക്കെയോ ആംഗ്യം കാണിച്ചു..

വാർഡിലേയ്ക്ക് മാറ്റിയിട്ടു സംസാരിയ്ക്കാമെന്നായിരിയ്ക്കുമെന്നു തെന്നൽ ഊഹിച്ചു…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

“ഡീ… ഇത് കുടിയ്ക്ക്… ചൂടുള്ള കട്ടൻ ചായയാണ്.. തല വേദന കുറയട്ടെ…”

മിയയുടെ ശബ്ദം തെന്നലിന്റെ ചിന്തകൾക്ക് കടിഞ്ഞാണിട്ടു…

“നിനക്കെപ്പോഴും ആലോചനയാണല്ലോ?? എന്താ ഇത്രമാത്രം ഓർത്തിരിയ്ക്കാൻ??”

ചായ വാങ്ങി ഒന്നുമില്ലെന്ന്‌ വെറുതെ തലയാട്ടി…

“ജോലിക്കാര്യം ഓർത്തുള്ള ടെൻഷനാണല്ലേ??”

“ഊം…”

“ഇന്റർവ്യൂ കഴിഞ്ഞിട്ടല്ലേ ഉള്ളൂ… അപ്പോഴേയ്ക്കും കിട്ടില്ലെന്നുറപ്പിച്ചോ??”

“ഏകദേശം ഉറപ്പായി..”

“വെറുതെ ഓരോന്ന് ഊഹിച്ചു കൂട്ടി ടെൻഷനടിയ്ക്കാൻ നിക്കണ്ട.. എല്ലാത്തരം ഊഹങ്ങളും തെറ്റാണെന്ന് വിശുദ്ധ ഖുർ ആനിൽ പറഞ്ഞിട്ടുണ്ട്… അറിയില്ലേ??”

“എനിയ്ക്കെങ്ങും അറിയില്ല…”

“അത് വിവരമില്ലാത്തതിന്റെ പ്രശ്നാ…”

“ഒന്ന് പോടീ… മനുഷ്യനിവിടെ വട്ടായി ഇരിയ്ക്കുമ്പോഴാ…”

മിയ അവളെ കളിയാക്കി ചിരിച്ചു..

തെന്നൽ വീണ്ടും ചിന്തയിലാണ്ടു..

രാഹുൽ വച്ച് നീട്ടിയ ജോലി സ്വീകരിയ്ക്കണോ??

മറ്റൊരു വഴിയും മുൻപിൽ തെളിയുന്നില്ല!!

അവൾക്കാകെ ഭ്രാന്ത് പിടിച്ചു..

പിറ്റേന്ന് മിയ ഓഫീസിൽ പോയതിന് ശേഷവും തെന്നലിനൊരു തീരുമാനത്തിലെത്താൻ കഴിഞ്ഞിരുന്നില്ല…

ഉച്ച തിരിഞ്ഞു ചെവിതല കേൾപ്പിയ്ക്കാതെ ഫോൺ ബെല്ലടിച്ചപ്പോഴാണ് തെന്നലിന് അല്പമെങ്കിലും പരിസര ബോധം വന്നത്..

പരിചയമില്ലാത്ത നമ്പർ!!

സങ്കോചത്തോടെ ഫോണെടുത്തപ്പോൾ മറുതലയ്ക്കൽ രാഹുലായിരുന്നു!!

ഏതു നിമിഷവും ഈ വിളി പ്രതീക്ഷിച്ചതാണ് !!

“എന്താടോ തന്നെ ഇങ്ങോട്ട് കണ്ടതേയില്ലല്ലോ??”

“വരണമെന്ന് എനിയ്ക്ക് കൂടി തോന്നേണ്ട??”

“അതെന്തു പറ്റി?? ജോലി വേണ്ടേ??”

“എനിയ്ക്കാവശ്യം ജോലി മാത്രമാണ്..”

“ഓ അപ്പൊ എന്നെ ആവശ്യമില്ലെന്ന്!! അല്ലെ??”

തെന്നലിന് മറുപടി കൊടുക്കാൻ തോന്നിയില്ല.. അല്ലെങ്കിലും എല്ലാ ചോദ്യങ്ങൾക്കുള്ള മറുപടിയും ഒറ്റ വാക്കിലൊതുക്കി ശീലിച്ചു പോയിരിയ്ക്കുന്നു…

മതി മറന്നു സംസാരിച്ചിരുന്ന കാലങ്ങളെല്ലാം എന്നേ വിസ്മൃതിയിലാണ്ടതാണ്!!

“ഓക്കേ ഫൈൻ… എന്തായാലും തെന്നൽ നാളെ ഒന്ന് ഇവിടം വരെ വരൂ.. ബാക്കി നേരിട്ട് സംസാരിയ്ക്കാം…”

മറുതലയ്ക്കൽ കോൾ കട്ടായി…

പോയി നോക്കാമെന്ന് തെന്നൽ മനസ്സിലുറച്ചു..

രാവിലെ രണ്ടും കൽപ്പിച്ചു ഓഫീസിലേയ്ക്കിറങ്ങുമ്പോൾ ഹൃദയം പൂർണമായും ശൂന്യതയിലേയ്ക്ക് പറിച്ചു നട്ടിരുന്നു…

സാമാന്യം വലിപ്പമുള്ള ചില്ലുവാതിൽ കടന്നു ചെന്നപ്പോൾ തന്നെ കമ്പനിയുടെ ഐഡി കാർഡ് ധരിച്ച സുന്ദരിയായ പെൺകുട്ടി അടുത്തേയ്ക്ക് വന്നു…

“മേഡത്തിനോട് ജോയിൻ ചെയ്യുന്നതിന് മുൻപ് സാറിനെ കാണാൻ പറഞ്ഞിരുന്നു…

സെക്കൻഡ് ഫ്ലോറിലെ ലെഫ്റ്റ് സൈഡിലുള്ള ലാസ്റ്റ് കാബിനിലയ്ക്ക് ചെന്നോളൂ…”

അവൾ നടന്നകന്നപ്പോൾ തെന്നൽ ലിഫ്റ്റിലേയ്ക്ക് കയറി…

ഇടവഴി മുതൽ നിരത്തി സ്ഥാപിച്ച കാമറകൾ ഓഫീസ് മുഴുവൻ പടർന്നിട്ടുണ്ടെന്നു തോന്നി..

അന്ന് വരുമ്പോൾ ഒന്നും ശ്രദ്ധിച്ചിരുന്നില്ല…

പതിയെ നടന്നു കാബിന്റെ ഡോർ അല്പം തുറന്നു…

“മെ ഐ കം ഇൻ??”

“വരൂ…”

ഉള്ളിൽ നിന്നും രാഹുലിന്റെ ശബ്ദം കാതിൽ പതിച്ചപ്പോൾ തെന്നൽ ആശങ്കയോടെ അകത്തു കടന്നു..

(തുടരും…)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

4.7/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!