Skip to content

തെന്നൽ – പാർട്ട് 9

thennal-aksharathalukal-novel

“എനിയ്ക്കറിയാം എന്റെ ഒരു ചോദ്യത്തിനുമുള്ള ഉത്തരം തരാൻ നിങ്ങളെക്കൊണ്ടാവില്ലെന്ന്..

പക്ഷെ… നിങ്ങളുടെ ഉള്ളു നീറ്റുന്ന ചോദ്യത്തിനുത്തരം… അത് നിങ്ങൾക്കറിയേണ്ടേ???”

കട്ടിലിനോരം ചേർന്നുള്ള ചെറിയ കബോർഡിൽ നിന്നും അവൾ നിവിന്റെ ഡയറി പുറത്തെടുത്തു…

മരണവാർത്തയെക്കുറിച്ചു എഴുതിപ്പിടിപ്പിച്ച പേജെടുത്തു അയാൾക്ക് നേരെ തുറന്നു നീട്ടി!!

ഭൂമി പിളർന്നു താഴോട്ടു പോയിരുന്നെങ്കിലെന്നു നിവിൻ ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി!!

തുടർന്നുള്ള നിമിഷങ്ങളെക്കുറിച്ചുള്ള ബോധം അയാളെ പൂർണമായി തളർത്തി!!

ധരിച്ചിരുന്ന വസ്ത്രം മുഴുവൻ വിയർപ്പിൽ കുതിർന്നിരുന്നു…

നിവിന്റെ ദയനീയാവസ്ഥയിൽ തെന്നൽ ഗൂഢമായി മന്ദഹസിച്ചു!!

“വെൽ പ്ലേയ്ഡ് മിസ്റ്റർ നിവിൻ ജോർജ്ജ്… പക്ഷെ നിങ്ങൾ ചെറിയൊരു ബുദ്ധിമോശം കാണിച്ചു..

അബദ്ധത്തിൽ പോലും ഇത്തരമൊരു സിഗ്‌നേചർ നിങ്ങളിവിടെ പതിപ്പിച്ചു വയ്ക്കാൻ പാടില്ലായിരുന്നു!!

ഇത്രയും വലിയൊരു കളിക്കളത്തിനൊരുക്കം കൂട്ടുമ്പോൾ അത് മാത്രമെന്തേ നിങ്ങൾ മറന്നു പോയത്??”

തെന്നലിന്റെ കണ്ണുകളിലെ അഗ്നിയിൽ നിവിൻ വെന്തുരുകി…

“പക്ഷെ… ഇത്… ഇത് നിനക്ക്…”

“എങ്ങനെ കിട്ടിയെന്നാവും…

നിങ്ങളോർക്കുന്നുണ്ടോ നമ്മളൊരുമിച്ചു പുറത്തു പോയ ആ ദിവസത്തെ??

നിങ്ങളുടെ സംസാരത്തിലും പ്രവൃത്തികളിലും എനിയ്ക്കാദ്യമായി സംശയം തോന്നിയ ദിവസം…

എന്റെ അവഗണനയിൽ മനം നൊന്തു നിങ്ങൾ പുറത്തേയ്ക്ക് പോയപ്പോൾ ഈ വീട്ടിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു… മറക്കാൻ വഴിയില്ല!!

നിങ്ങളാരും ഇവിടില്ലാതിരുന്ന ആ കുറഞ്ഞ മണിക്കൂറുകൾ മാത്രം മതിയായിരുന്നു എനിയ്ക്ക് നിങ്ങളുടെ മുറി പരിശോധിയ്ക്കാൻ..

എന്റെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു നീക്കം നിങ്ങൾ ഒരിയ്ക്കലും പ്രതീക്ഷിച്ചതല്ല അല്ലെ??

ആ ഒരൊറ്റക്കാരണം മാത്രമാണ് നിങ്ങളെ ഈ ഒരവസ്ഥയിലേയ്ക്ക് തള്ളി വിട്ടത്!!”

തെന്നലിന്റെ വാക്കുകൾ അയാളിൽ തീവ്രമായ നടുക്കം സൃഷ്ടിച്ചു…

“ഇനി പറ… എന്റമ്മയെ നിങ്ങളെന്തു ചെയ്തു?? മനുഷ്യരാരും കടന്നു വരാത്ത ഏതെങ്കിലും പുറമ്പോക്ക് ഭൂമിയിൽ കുഴിച്ചു മൂടിയോ?? അതല്ലെങ്കിൽ ഏതെങ്കിലുമൊരു അനാട്ടമി ലാബിൽ കീറിമുറിയ്ക്കാൻ??”

“നിർത്ത്…. അത്രയ്ക്ക് അധഃപതിച്ചു പോയിട്ടില്ല ഞാൻ…”

തെന്നൽ വീണ്ടും ചിരിച്ചു…

“വെൽഡൺ… നിങ്ങളെ പ്രശംസിയ്ക്കാതിരിയ്ക്കാൻ കഴിയില്ല.. വീണ്ടും വീണ്ടും കെട്ടുകഥകൾ പറയാനും കബളിപ്പിയ്ക്കാനും എനിയ്ക്ക് മുൻപിൽ സന്നദ്ധത കാണിയ്ക്കുന്ന നിങ്ങളുടെ വലിയ മനസ്സിനെ ഞാൻ അഭിന്ദിയ്ക്കുന്നു…”

“നിങ്ങളുടെ ആചാരപ്രകാരം എല്ലാ ചടങ്ങുകളും ഞാൻ പൂർത്തീകരിച്ചു കഴിഞ്ഞതാണ്.. അമ്മയുടെ മൂത്ത മകനെന്ന നിലയിൽ.. ഒന്നിനും ഒരു കുറവും ഞാൻ വരുത്തിയിട്ടില്ല….”

“എന്തൊരു അഭിമാനത്തോടെയാണ് പറയുന്നതെന്ന് നോക്കൂ… അപ്പൊ എന്റെ കുറവോ?? അത് നിങ്ങളെങ്ങിനെ നികത്തി?? ഓ.. അതൊരു കുറവായി നിങ്ങൾക്ക് തോന്നിയിട്ടില്ലല്ലോ അല്ലെ??എല്ലാത്തിനും നിങ്ങളുണ്ടായിരുന്നല്ലോ..”

“പ്ലീസ് തെന്നൽ… എന്നെ ഒന്ന് മനസ്സിലാക്ക്…”

“ഒഫ്‌കോഴ്‌സ്‌ നിവിൻ… ഞാൻ നിങ്ങളെ മനസ്സിലാക്കുന്നു…

എന്റമ്മയുടെ മരണം മറച്ചു വച്ച് നിങ്ങളെന്നെ വഞ്ചിച്ചു… അവസാനമായി ഒരു നോക്ക് കാണാനും കരയാനും കർമ്മങ്ങൾ ചെയ്യാനുമുള്ള എന്റെ അവകാശത്തെ നിങ്ങൾ നിഷേധിച്ചു..

ഒരേസമയം നിങ്ങൾ എന്നെയും എന്റെ അമ്മയെയും സ്വന്തം മനസ്സാക്ഷിയെയും വഞ്ചിച്ചു!!

അതൊന്നും പോരാഞ്ഞിട്ട് ആരോരുമില്ലാത്തൊരു പാവം പെണ്ണിനെ ദിവസങ്ങളോളം പ്രതീക്ഷകൾ നൽകി കബളിപ്പിച്ചു വിവാഹം കഴിച്ചു…

യു ആർ ഗ്രേറ്റ്…”

“ഒന്നും ഞാൻ നിഷേധിയ്ക്കുന്നില്ല!!പക്ഷെ എല്ലാം… എല്ലാം നിനക്ക് വേണ്ടിയായിരുന്നു…”

“അതെ… നിങ്ങളുടെ വീടിന്റെ സമാധാനവും സന്തോഷവും നില നിർത്താൻ നിങ്ങൾക്കെന്നെ ആവശ്യമായിരുന്നു… ഞാനിവിടുന്നു പോയാൽ അത് നേഹ മോളെയും അവളിലൂടെ ഈ വീടിനെയും ബാധിച്ചേനെ… നിങ്ങളുടെ നേട്ടങ്ങൾക്കും സ്വാർത്ഥ താല്പര്യങ്ങൾക്കും വേണ്ടി നിങ്ങളെന്നെ ഭംഗിയായി ഉപയോഗിച്ചു… ”

“നോ… അങ്ങനെയല്ല…

അമ്മയില്ലെങ്കിൽ നീ മരിയ്ക്കുമെന്നു ഒരു നൂറാവർത്തി പറഞ്ഞിരുന്നതല്ലേ??

നിന്നെക്കൂടാതെ എനിയ്ക്ക് ജീവിയ്ക്കാൻ കഴിയുമായിരുന്നില്ല!!

സത്യമിതാണ്… ദയവു ചെയ്ത് ഞാൻ പറയുന്നത് വിശ്വസിയ്ക്കണം…”

നിവിൻ യാചിച്ചു…

“വിശ്വാസം!! ആ വാക്കിന്റെ അർത്ഥമെന്താണെന്നറിയോ നിങ്ങൾക്ക്??

നുണകൾക്ക് മീതെ നുണകൾ മാത്രം പറയുന്ന നിങ്ങളെ ഞാനിനിയും വിശ്വസിയ്ക്കണമെന്നാണോ??

എന്നെ ആദ്യമായി കണ്ട നിമിഷം മുതൽ ഈ നേരം വരെ നിങ്ങളെന്നോട് നുണകൾ മാത്രമേ പറഞ്ഞിട്ടുള്ളൂ…

അന്നും നിങ്ങൾ നുണ പറഞ്ഞത് എന്റെ ജീവൻ രക്ഷിയ്ക്കാനായിരുന്നു!!

രക്ഷകന്റെ വേഷത്തിൽ അബലയായൊരു പെണ്ണിനെ ദിവസങ്ങളോളം വഞ്ചിച്ച കാട്ടാളൻ!!

കഥകളിൽ പോലും കണ്ടിട്ടില്ലാത്ത ലജ്ജ നിറഞ്ഞ ക്രൂരതയുടെ പര്യായമാണ് നിങ്ങൾ!!”

അവളെ എന്ത് പറഞ്ഞു സമാധാനിപ്പിയ്ക്കണമെന്നറിയാതെ നിവിൻ കുഴങ്ങി…

” പ്ലീസ് തെന്നൽ… ഞാൻ പറയുന്നതൊന്നു മനസ്സിലാക്ക്…”

നിവിൻ കെഞ്ചി…

“നിങ്ങൾ സൃഷ്ടിയ്ക്കുന്ന കള്ളങ്ങൾ കേട്ട് വിശ്വസിച്ചിരുന്ന പഴയ തെന്നൽ മരിച്ചു പോയി നിവിൻ…

ദിവസങ്ങൾക്ക് മുൻപ്…

ഇപ്പോഴുള്ളത് എന്റെ ശരീരം മാത്രമാണ്… നിങ്ങളോടുള്ള പകയെ വച്ചാരാധിയ്ക്കാൻ ഞാൻ മടുത്തു പേറുന്ന പ്രജ്ഞയറ്റ ശരീരം…”

അവളുടെ വാക്കുകൾക്ക് മുൻപിൽ പിടിച്ചു നിൽക്കുകയെന്നത് അസാധ്യമാണെന്നു തോന്നി അയാൾക്ക്!!

“ചെയ്തു പോയ തെറ്റിന് എന്ത് പ്രായ്ശ്ചിത്തം ചെയ്യാനും ഞാൻ തയ്യാറാണ്..

നീ പറ… ഞാനെന്നാ വേണം??നിന്റെ കാലു പിടിച്ചു മാപ്പിരക്കണോ?? അല്ലെങ്കിൽ…”

“യെസ്… ദാറ്റ്സ് നിവിൻ..”

അവളുടെ കയ്യടി ശബ്ദത്തിൽ നിവിന്റെ സ്വരം മുറിഞ്ഞു പോയി…

” നിങ്ങൾ നഷ്ടപ്പെടുത്തിയ എന്റെ അവകാശങ്ങളെ തിരിച്ചു തരാൻ കഴിയോ നിങ്ങൾക്ക്??

ഒന്ന് നെഞ്ച് തകർന്നു കരയാൻ പോലും ആരുമില്ലാത്ത വിധം അനാഥത്വം വരിയ്ക്കേണ്ടി വന്ന എന്റമ്മയുടെ മരണ ദിനത്തെ തിരിച്ചു തരാൻ കഴിയോ??

പാലിയ്ക്കാൻ പറ്റാത്ത വാക്കുകൾ ആർക്കും കൊടുക്കാൻ മെനക്കെടരുത് നിവിൻ…”

“പ്ലീസ് തെന്നൽ… ഐ ബെഗ്ഗ് യു…”

“എന്നെ സ്നേഹിച്ചിരുന്നെന്നും അതുകൊണ്ടു മാത്രമാണ് ഇത്തരം ചെയ്തികൾ വേണ്ടി വന്നതെന്നും വീണ്ടും വീണ്ടും പറയാൻ നിങ്ങൾ നാവുയർത്തണമെന്നില്ല!!

സ്നേഹിയ്ക്കുന്നവരെ ഇത്രയും ക്രൂരമായി വഞ്ചിയ്ക്കാൻ ഒരാൾക്കും കഴിയില്ല നിവിൻ…

ആട്ടിൻ തോലണിഞ്ഞ ചെന്നായയ്ക്ക് പോലും കാണും നിങ്ങളെക്കാൾ അന്തസ്സ്!!”

“അമ്മയുടെ മരണമറിയുന്ന നിമിഷം നീ തകർന്നു പോവുമായിരുന്നു!

എല്ലാം ഞാൻ തുറന്നു പറഞ്ഞിരുന്നെങ്കിൽ അമ്മയോടൊപ്പം നീയും ജീവിതം അവസാനിപ്പിയ്ക്കുമായിരുന്നു…

എല്ലാമറിഞ്ഞുകൊണ്ടു ഞാൻ നിന്നെ മരണത്തിലേക്ക് തള്ളി വിടണമായിരുന്നോ??”

“അധികം പ്രസംഗിച്ചു നല്ല പിള്ള ചമയണമെന്നില്ല.. നിങ്ങളുടെ കപടന്യായങ്ങൾക്കും അഭിനയത്തിനുമൊന്നും ഇനി നിങ്ങളെ നല്ലവനാക്കാൻ കഴിയില്ല!!

ഒന്നുമറിയാതെ നിങ്ങളെ സ്നേഹിച്ചതും വിശ്വസിച്ചതുമായിരുന്നു ഞാൻ ചെയ്ത തെറ്റ്…”

എത്ര തടഞ്ഞു വച്ചിട്ടും അണ പൊട്ടിയ കണ്ണുനീരിനെ തടുക്കാൻ അവൾക്ക് കഴിഞ്ഞില്ല…

“എത്ര മറച്ചു വച്ചാലും എന്നെങ്കിലുമൊരിയ്ക്കൽ എല്ലാ സത്യവും എന്നോട് തുറന്നു പറയേണ്ടി വരുമെന്ന് നിങ്ങൾക്കാലോചിച്ചൂടായിരുന്നോ??”

“എന്നോട് ക്ഷമിയ്ക്ക് തെന്നൽ… അത്രയും നാളെങ്കിലും നീയെന്റെ കൂടെയുണ്ടാവുമെന്നു ഞാൻ വ്യാമോഹിച്ചു!!

എല്ലാം എന്റെ തെറ്റാണ്… ചെയ്തുപോയതെല്ലാം ഏറ്റു പറഞ്ഞു ഒരിറ്റു സ്നേഹത്തിന് വേണ്ടി ഞാൻ നിന്നോട് യാചിയ്ക്കാണ്… കണ്ടില്ലെന്നു നടിയ്ക്കല്ലേ… ജീവിതത്തിലാദ്യമായി നിവിൻ ശിരസ്സ് കുനിയ്ക്കുന്നു…
ഒരിത്തിരി ദയയ്ക്ക് വേണ്ടി…”

അയാളുടെ ദൈന്യത നിറഞ്ഞ ശബ്ദം തെന്നലിന്റെ കരച്ചിൽ ചീളുകളിൽ നേർത്തു പോയി…

“നിങ്ങൾക്കറിയുന്നതായിരുന്നില്ലേ ഞാനെന്തു മാത്രം എന്റമ്മയെ സ്നേഹിച്ചിരുന്നെന്ന്…

അമ്മയെന്നെ വിട്ടു പോയെന്നറിയാതെ ഓരോ നിമിഷവും അമ്മയ്ക്കു വേണ്ടി പ്രാർത്ഥിച്ചു നടക്കുവായിരുന്നില്ലേ ഞാൻ??

ഒന്ന് കാണാനുള്ള കൊതിയോടെ കാത്തിരിയ്ക്കായിരുന്നില്ലേ??

എന്നിട്ടും… ഇത്രയും വലിയൊരു ചതിയെന്നോട് ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞല്ലോ…

ഇത്രയും ദിവസങ്ങൾക്കുള്ളിൽ വാനോളം പ്രതീക്ഷകളെനിയ്ക്ക് നൽകുമ്പോൾ ഒടുക്കം ഞാനനുഭവിയ്ക്കേണ്ടി വരുന്ന സങ്കടത്തെക്കുറിച്ചു നിങ്ങൾക്കൊരിയ്ക്കലെങ്കിലും ഓർക്കാരുന്നില്ലേ??

ഇങ്ങനെയൊരു വിധി നീയെനിയ്ക്ക് വരുത്തിയല്ലോ ഈശ്വരാ…”

ചാരി നിന്ന ചുമരിൽ നിന്നും ഊർന്നിറങ്ങി തെന്നൽ പൊട്ടിക്കരഞ്ഞു…

എന്ത് ചെയ്യണമെന്നറിയാതെ നിവിൻ വിഷമിച്ചു പോയി…

“തെന്നൽ… പ്ലീസ് …ഈ കരച്ചിലൊന്നു നിർത്തൂ… കണ്ടു നിക്കാൻ വയ്യെനിയ്ക്ക്..”

മുട്ടുകാലിൽ മുഖമമർത്തി കരയുന്ന തെന്നലിന്റെ മുടിയിഴകളിൽ നിവിൻ പതിയെ തലോടി..

“തൊടരുതെന്നെ… പോ… പൊയ്ക്കോ… എനിയ്ക്ക് കാണണ്ട നിങ്ങളെ ….”

ആക്രോശിച്ചുകൊണ്ടു തെന്നൽ നിവിനെ തള്ളി മാറ്റി….

അവളുടെ ഭാവമാറ്റങ്ങൾ അയാളെ കൂടുതൽ ഭയപ്പെടുത്തി…

ദേഷ്യത്തോടെ മേശപ്പുറത്തിരുന്ന പുസ്തകങ്ങളും ടേബിൾ ലാമ്പുമെല്ലാം അവൾ തട്ടിത്തെറിപ്പിച്ചു…

മനോനില കൈവിടാതിരിയ്ക്കാൻ അവളെ തുണയ്ക്കണേ എന്ന് നിവിൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു….

“തെന്നൽ… ഞാനിനി എന്നതാ വേണ്ടതെന്നു നീ തന്നെ പറ…”

നിവിന്റെ വേദന നിറഞ്ഞ ശബ്ദം കാതിൽ മുഴങ്ങിയപ്പോൾ തെന്നൽ കണ്ണ് തുടച്ചു..

“നിങ്ങളൊന്നും ചെയ്യണ്ട… ചെയ്യാനുള്ളതെല്ലാം ഞാൻ ചെയ്തു കഴിഞ്ഞതാണ്…”

അയാളവളെ സംശയഭാവത്തിൽ നോക്കി…

“ആരുമില്ലെന്നുള്ള ഉത്തമ ബോധ്യമുള്ളതുകൊണ്ടാണല്ലോ നിങ്ങളെന്നെ ക്രൂരമായി ചതിച്ചത്!!

ശരിയാണ്… ഞാൻ അനാഥയാണ്… ദരിദ്രയാണ്… നിങ്ങളൊക്കെ പണക്കാർ… സമൂഹത്തിൽ സ്ഥാനമുള്ളവർ… എല്ലാം ഞാനുൾക്കൊണ്ടു കഴിഞ്ഞു…

നഷ്ടപ്പെടാൻ എനിയ്ക്കൊന്നുമില്ല…

നിയമം തരുന്ന ഏതു ശിക്ഷയും ഞാൻ ഇരുകയ്യും നീട്ടി സ്വീകരിയ്ക്കും…”

“മനസ്സിലായില്ല…”

“നിങ്ങൾ കുടിച്ച പാലിൽ ഞാൻ വിഷം കലർത്തിയിരുന്നു…. അതിപ്പോൾ പ്രവർത്തിച്ചു തുടങ്ങിയിരിയ്ക്കും… ഈ വീട്ടിലിപ്പോൾ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന ഓരോ ആളുകളും ഇതേ വിഷം ഉള്ളിൽ ചെന്നവരാണ്…”

തെന്നലിന്റെ കണ്ണുകളിൽ ക്രൂരമായ ആനന്ദം അല തല്ലി…

അത്രയും നേരം തന്റെ ശരീരത്തെ ബാധിച്ച തളർച്ചയുടെ കാരണം അയാൾക്ക് വ്യക്തമായി..

“എന്നെ കൊന്നോളൂ… ഞാൻ ചെയ്ത തെറ്റിന് നിരപരാധികളായ ആ പാവങ്ങളെ കൂടി ശിക്ഷിയ്ക്കല്ലേ… അവരെ രക്ഷിയ്ക്കണം…”

തികട്ടി വന്ന വാക്കുകൾ തൊണ്ടയിൽ കുരുങ്ങി പിടഞ്ഞമർന്നു…

കണ്ണുകളടഞ്ഞടഞ്ഞു പോവുമ്പോൾ ക്രൂരമായ ഭാവത്തോടെ തെന്നൽ മുറി വിട്ടു പോവുന്നത് നിവിൻ അവ്യക്തമായി കാണുന്നുണ്ടായിരുന്നു!!

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സൂര്യവെളിച്ചം മിഴികളെ ആലോസരപ്പെടുത്തിയപ്പോഴാണ് നിവിൻ ഉറക്കമുണർന്നത്…

തെന്നൽ മുറിയിലില്ല…

ശരീരമാസകലം നേരിയ തളർച്ച അനുഭവപ്പെട്ടു…

അയാൾക്ക് വിശ്വസിയ്ക്കാൻ പ്രയാസം തോന്നി…

അവൾ പറഞ്ഞത് മുഴുവൻ കള്ളമായിരുന്നോ??

നിവിൻ വേഗത്തിൽ കോണിപ്പടികളിറങ്ങി…

താഴെ നിന്നും ശബ്ദങ്ങളൊന്നും കേൾക്കുന്നില്ല…

നേരം പുലർന്നിട്ടും??

ഇത് പതിവില്ലാത്തതാണ്…

അകത്തു നിന്നും പൂട്ടിയിട്ട മുറി വാതിലുകൾ അയാളെ പരിഭ്രാന്തിയിലാഴ്ത്തി….

അമ്മച്ചിയുടെ മുറിയുടെ വാതിൽ ശക്തിയോടെ തട്ടുമ്പോൾ പിറകിലെ കാൽപ്പെരുമാറ്റം തെന്നലിന്റെ ശബ്ദമായി പരിണമിച്ചിരുന്നു…

(തുടരും….)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

രചന: സ്വാതി കെ എസ്

( അഭിപ്രായങ്ങളറിയാൻ കാത്തിരിയ്ക്കുന്നു… പോരായ്മകളുണ്ടെങ്കിൽ പറഞ്ഞു തരുമല്ലോ… എല്ലാ കമന്റുകൾക്കും വൈകിയാണെങ്കിലും റിപ്ലെ തരാൻ ശ്രമിയ്ക്കാം ട്ടോ.. സ്വന്തം സ്വാതി😍😘😘)

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.6/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “തെന്നൽ – പാർട്ട് 9”

Leave a Reply

Don`t copy text!