✒️F_B_L
മജീദിനും റസിയക്കും മക്കൾ മൂന്ന്.
മൂത്തവൻ അനസ് പിന്നെ അജ്മൽ അതിനും താഴെ അഫ്‌റ.
മജീദ് ഗൾഫിലായിരുന്നു. അവിടെ ബിസിനസ് ആയിരുന്നു പുള്ളിക്ക്. അതുകൊണ്ടുതന്നെ നാട്ടിൽ ആവശ്യത്തിന് സമ്പാദ്യമൊക്കെയുണ്ട്.
മൂത്തമകൻ അനസ് എൻജിനീയറാ. കെട്ടൊക്കെ കഴിഞ്ഞു. ഭാര്യ സഹല. മൂന്നാമത്തെ മകൾ അഫ്‌റാക്ക് ജോലിയോട് വലിയ താല്പര്യമൊന്നും ഇല്ല. എങ്കിക്കും അഫ്‌റയുടെ ഭർത്താവ് അക്കൗണ്ടന്റാണ്.
നിങ്ങളിപ്പോ വിചാരിക്കുന്നുണ്ടാവും നടുവിലത്തെ പുത്രനെ പരിചയപ്പെടുത്തിയില്ലല്ലോ എന്ന്. വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത തല്ലിപ്പൊളിയാണ് അജ്മൽ എന്നാണ് പൊതുവെ വീട്ടിലുള്ളവരുടെ അഭിപ്രായം. അതുകൊണ്ടാണ് അവനെ അവസാനം പരിചയപ്പെടുത്തിയത്.
അപ്പൊ നമുക്ക് കഥയിലേക്ക് കടക്കാം.
പള്ളിയിൽ സുബ്ഹിബാങ്കിന്റെ ഈരടി കാതിൽമുഴങ്ങുമ്പോ അങ്ങാടിയിലെ ചായക്കടയിൽ രാവുണ്ണിച്ചേട്ടൻ പിടിപ്പത് പണിയിലാണ്. അങ്ങാടിയുണരുംമുൻപ് അങ്ങാടിയിലെത്തുന്ന ആദ്യത്തെ വ്യക്തിയാണ് രാവുണ്ണിച്ചേട്ടൻ. അങ്ങാടിയുടെ സ്വന്തം രാവുണ്ണ്യേട്ടൻ. അതിനുപുറകിലായാണ് പാലും പത്രമൊക്കെ. അവർക്കുപുറകിലായി ഓരോരുത്തരും അങ്ങാടിയിലെത്തും.
“രാവുണ്ണ്യേട്ടാ ഒരു കട്ടൻ”
“എവിടെന്നാ മോനെ ഈ നേരത്ത് ബസ്സുമായിട്ട്. ഓട്ടംവല്ലതും”
“ആ ചേട്ടോ കഴിഞ്ഞുവരുന്ന വഴിയാണ്. കോളേജിന്ന് ഒരു ടൂർ.”
കട്ടൻ ഊതിക്കുടിച്ച് അവനിരുന്നപ്പോഴാണ് ബുള്ളറ്റിന്റെ ശബ്ദം കേട്ടത്.
തിരിഞ്ഞുനിക്കിയപ്പോ ഉപ്പ.
“പടച്ചോനെ ഉപ്പ” എന്നും പറഞ്ഞ് അവനവിടെന്ന് എഴുനേറ്റ് പൈസയും കൊടുത്ത് വണ്ടിയിൽ കയറി നേരെ വീട്ടിലേക്ക് വിട്ടു.
വാണത്തിന് മൂട്ടിൽ തീകൊടുത്തപോലെ ഇപ്പൊ ഇവിടുന്ന് പോയവനാണ് നേരത്തെപറഞ്ഞ തല്ലിപ്പൊളി എന്ന് വീട്ടുകാർ വിശേഷിപ്പിക്കുന്ന അജ്മൽ. പഠിക്കാൻ വിട്ടപ്പോ പഠിച്ചില്ലഎന്ന ഒറ്റകാരണംകൊണ്ട് തല്ലിപ്പൊളിയായ അജു.
+2 പഠിക്കുമ്പോ ഏകദേശം പരീക്ഷാസമയത്ത് പഠിപ്പ് നിർത്തിയതാണ് അജു. അതൊക്കെ വഴിയേ പറയാം.
മലർക്കെ തുറന്നുകിടക്കുന്ന ഗേറ്റുംകടന്ന് വീടിന്റെ മുൻവശത് ഒരു സൈഡിൽ വണ്ടിയൊതുക്കി അജു പുറത്തിറങ്ങി.
“ഒന്ന്… രണ്ട്… മൂന്ന്…” നിരന്നുകിടക്കുന്ന കാറുകൾ എണ്ണിക്കൊണ്ട് “ഇന്നത്തെ ദിവസം പോയി” എന്നവൻ മനസ്സിൽ പറഞ്ഞു.
“എന്താണ് വണ്ടിപ്രാന്താ നിന്ന് എണ്ണുന്നത്” ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോ സഹല ചൂലുമായി മുറ്റമടിക്കാൻ നിൽക്കുന്നു.
“ഒന്നുല്ല ന്റെ ബാബി. അളിയനും പെങ്ങളും എപ്പോഴെത്തി…?” അജു ചോദിച്ചു.
“ഇന്നലെ വന്നതാ…” അതും പറഞ്ഞ് സഹല മുറ്റമടിക്കാൻ തുടങ്ങി.
ചാരിയിട്ട മുൻവശത്തെ വാതിൽ പതിയെ തുറന്ന് അകത്തേക്കൊന്ന് നോക്കി. ഉമ്മ റസിയ സോഫയിലിരുന്ന് ചായകുടിക്കുന്നു.
ഉമ്മ കാണാതെ മുകളിലെ തന്റെ മുറിയിലേക്കുള്ള കോണിപ്പടി കയറാൻതുടങ്ങിയതും
“ഒന്ന് നിന്നെ” എന്ന് ഉമ്മ.
അജു നിന്നു എന്ന് മാത്രമല്ല നേരെ ഉമ്മയുടെ മുൻപിലേക്കെത്തി.
“കഴിഞ്ഞോ ഊരുചുറ്റൽ…”
“ന്താണ് ന്റുമ്മാ, ചുമ്മാ ചുറ്റുന്നതല്ലല്ലോ എന്റെ പണി അതല്ലേ”
“ഒരു പണിക്കാരൻ. പത്തുമണി ആവുമ്പോ എണീറ്റ് റെഡിയായി വന്നോണം. എല്ലാർക്കുംകൂടി ഒരിടംവരെ പോകാനുണ്ട്” എന്ന് ഉമ്മ കുറച്ച് ഗൗരവംനടിച്ച് പറഞ്ഞു.
“എങ്ങോട്ടാ…” എന്ന് അവനും നെറ്റിചുളിച്ച് ചോദിച്ചു.
“എന്തിനാ എങ്ങോട്ടാ എന്നൊക്കെ അവിടെയെത്തിയാൽ അറിയാം.”
“ശെരി ചിന്നമുതലാളി, ഉത്തരവുപോലെ… അടിയനങ്ങോട്ട്…”
അജു സ്റ്റെപ്പ് കയറി മുകളിലെത്തി. നേരെ ബെഡിലേക്ക് വീണു. കുറച്ച് ഉറക്കം പെന്റിങ്ഉള്ളതുകൊണ്ട് ഉറങ്ങാൻ സമയമെടുത്തില്ല.
“കുഞ്ഞിക്കാ… എണീറ്റെ” അഫ്‌റയുടെ വിളികേട്ടാണ് അജു എണീറ്റത്ത്.
“എന്താ കുഞ്ഞോളെ കുറച്ചുനേരം ഉറങ്ങട്ടെ.”
അജു അഫ്‌റയോട് പറഞ്ഞു. അഫ്‌റ എന്നാണ് അവളുടെ പേരെങ്കിലും എല്ലാവരും കുഞ്ഞോള് എന്നാണ് വിളിക്കുന്നെ.
“എല്ലാവരും താഴെ റെഡിയായി നിൽക്കുകയാണ്.” അത് കേട്ടപ്പോ അജു ചാടിയെണീറ്റ് സമയം നോക്കി.
“അള്ളോഹ് ഒമ്പതേമുക്കാലായോ… നീ ചെല്ല് ഞാനിപ്പൊവരാ”
അജു ബാത്‌റൂമിൽ കേറി കലാപരിപാടിയൊക്കെ കഴിഞ്ഞ് അലമാരയിൽനിന്ന് മുണ്ടും ഷർട്ടും എടുത്തിട്ട് പെട്ടെന്ന് താഴെയെത്തി.
കുടുംബാങ്ങങ്ങൾ എല്ലാവരും റെഡി.
മജീദും ഭാര്യയും മകൻ അനസും ഭാര്യ സഹലയും ഒരുകാറിലും, കുഞ്ഞോളും ഭർത്താവ് റിയാസും ഒരുവയസ്സുള്ള മകൻ ഇഹ്സാനും (ഇച്ചാനു) കൂടെ അജ്മലും മറ്റൊരു കാറിലും.
“അല്ല ഇതെങ്ങോട്ടാ അളിയാ കാലത്തെ കെട്ടിയൊരുങ്ങി എല്ലാരുംകൂടി, വല്ല കല്യാണവും ഉണ്ടോ”
“അതൊക്കെ പറയാടാ കുഞ്ഞളിയാ. നീയൊന്ന് സമാധാനിക്ക്” എന്ന് റിയാസും.
അജൂന്റെ ഉറക്കം ശെരിയാവാത്തതുകൊണ്ട് അവനൊന്ന് മയങ്ങി. കണ്ണുതുറന്ന് നോക്കിയപ്പോൾ വണ്ടി ഒരു വീട്ടുമുറ്റത്ത് എത്തിയിരിക്കുന്നു.
കണ്ണ്തിരുമ്മി ഒന്ന് ചുറ്റുംനോക്കി.
“ഇതേതാ വീട്? ഏതാ സ്ഥലം? എന്താ ഇവിടെ?” അജു അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു റിയാസിനോട്.
“നീയൊന്ന് ഇറങ്ങിവാടാ കുഞ്ഞളിയാ.” എന്നുപറഞ്ഞ് റിയാസ് വണ്ടിയിൽനിന്ന് ഇറങ്ങി.
സലാം ചൊല്ലിക്കൊണ്ട് മജീദ് ആദ്യം അകത്തുകയറി. പുറകിലായി മറ്റുള്ളവരും.
അജ്മലിന്റെ ഒരു സൈഡിൽ ഉപ്പയും മറ്റേ സൈഡിൽ ഇക്കയും.
ആ വീട്ടിലുള്ള മജീദിന്റെ പ്രായം തോന്നിക്കുന്ന ഒരാൾ “അജ്മൽ എന്താ ചെയ്യുന്നേ” എന്ന് ചോദിച്ചു.
മറ്റുള്ളവർ പറഞ്ഞപോലെ പത്രാസില്ലാത്ത ജോലിയാണേലും പുഞ്ചിരിച്ചുകൊണ്ട് “ഡ്രൈവറാണ്” എന്ന് മറുപടിപറഞ്ഞു.
അങ്ങനെ ഓരോന്നും പറഞ്ഞിരുന്നപ്പോഴാണ് ഒരു പെൺകുട്ടി ചായയുമായി വന്നത്. ആദ്യം അജ്മലിനുനേരെ ആ ചായ നീട്ടിയപ്പോൾ അവന് മനസ്സിലായി “പെട്ടു” എന്ന്.
കിട്ടിയപണി മനസ്സിലായപ്പോ അജു പിന്നീടവളെ നോക്കാൻ ശ്രമിച്ചില്ല.
അജു മൊബൈൽഎടുത്ത് റിംഗ്ട്യൂൺ വെച്ച് അവർക്കിടയിൽനിന്നും എഴുനേറ്റ് പുറത്തേക്ക് വന്നു.
“ഇല്ല ഈ അജ്മലിന്റെ ജീവിതത്തിൽ ഒരു പെണ്ണില്ല.” എന്ന് അവൻ അവനോടുതന്നെ പറഞ്ഞുകൊണ്ടിരുന്നു.
പക്ഷെ അകത്ത് എല്ലാവരുംചേർന്ന് തിയ്യതി കുറിക്കുകയായിരുന്നു.
എല്ലാവരും ചേർന്ന് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ അജു ഒന്നും മിണ്ടിയില്ല.
“കുഞ്ഞളിയാ വരുന്ന പതിനൊന്നാംതിയ്യതി നിക്കാഹിന് ഒരുങ്ങിക്കോ” എന്ന് കാറിലിരുന്ന് റിയാസ് പറഞ്ഞു.
അജു ഒന്നും മിണ്ടിയില്ല.
തിരികെ വീട്ടിലെത്തിയതും അജു ബുള്ളറ്റെടുത്ത് വീട്ടിൽനിന്നും ഇറങ്ങി.
“ഉപ്പാ… അവനിനി സമ്മതിക്കാതിരിക്കുമോ” എന്ന അനസിന്റെ ചോദ്യത്തിന്
“അവനെക്കൊണ്ട് ഞാൻ സമ്മതിപ്പിക്കും” എന്ന് ഉപ്പ.
“അവന്റെ സമ്മതംകൂടി അറിഞ്ഞിട്ട് മതിയായിരുന്നു ഉറപ്പിക്കലൊക്കെ” എന്ന് ഉമ്മ റസിയ പരാതിപ്പെട്ടു.
“അവനുവേണ്ടി നാലാമത്തെ പെണ്ണുകാണലാണ് ഇത്. ആദ്യം കണ്ട മൂന്നും എന്തുനല്ല പെൺകുട്ടികൾ ആയിരുന്നു. നല്ല കുടുംബവും. എന്നിട്ടെന്തായി അവൻ സമ്മതിച്ചോ… ഇല്ലല്ലോ… അപ്പൊ ഇതൊക്കെത്തന്നെ ചെയ്യാൻപറ്റു. അതിനെങ്ങനെയാ മരിച്ച് മണ്ണടിഞ്ഞ അവളെയും ഓർത്തല്ലേ അവന്റെ നടപ്പ്…” എന്ന് അജുവിനെ കുറ്റപ്പെടുത്തി അനസും.
പിന്നെ ആരും തർക്കിച്ചില്ല.
_______________
ബുള്ളറ്റിലേറി എങ്ങോട്ടെന്നില്ലാതെ വാഹനം മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
ഇടക്കെപ്പോഴോ അനുവാദമില്ലാതെ ഒലിച്ചിറങ്ങിയ കണ്ണുനീരിനെ തുടച്ചുമാറ്റി അവൻ വണ്ടിയൊതുക്കി.
വഴിയരികിൽ കണ്ട കടയിൽനിന്ന് ഒരു കട്ടനും സിഗരറ്റും വാങ്ങി ബുള്ളറ്റിൽ ചാരിയിരുന്ന് രണ്ട് ലഹരിയും ഒരുമിച്ച് അനുഭവിച്ചു.
അവിടെനിന്നും വണ്ടിത്തിരിച്ച് നേരെ വീടിനടുത്തുള്ള അവന്റെ സാമ്രാജ്യത്തിലേക്ക്.
അജ്മൽ നല്ല അസ്സൽ വണ്ടിപ്രാന്തനാണ്. അവൻ ഓടിക്കുന്നത് ബസ്സാണെങ്കിലും അവന്റെ കീഴിൽ കുറച്ച് പണിക്കാരുണ്ട്. നാല് ടിപ്പർലോറികളും രണ്ട് മീൻലോറിയും. ഇതൊക്കെ കിടക്കുന്ന ഈ മണ്ണും എല്ലാം അവന്റേതാണ്. കൂലിക്കാരനായി തുടങ്ങി ഇങ്ങനെയൊക്കെ ആയി. ഇതിനൊക്കെ പുറകിലൊരു കഥയുണ്ട്. വഴിയേ അതെല്ലാവർക്കും മനസ്സിലാകും.
അജു അവിടെയുള്ള ഒരു ഓലഷെഡിലെ മുളവെച്ചുകെട്ടിയ ബെഞ്ചിലേക്ക് കിടന്നു.
ഫോണെടുത്ത് ഗാലറി തുറന്നു.
തെളിഞ്ഞുവന്ന പെൺകുട്ടിയുടെ ഫോട്ടോയിൽനോക്കി
“നീയറിഞ്ഞോ പെണ്ണെ, നിനക്കുപകരം മറ്റൊരാളെ എന്റെ വീട്ടുകാർ കണ്ടുപിടിച്ചു. എനിക്ക് പറ്റുന്നില്ലടാ നിന്നെ മറന്ന് മറ്റൊരു പെൺകുട്ടിയുടെ കൂടെ ജീവിക്കാൻ. കഴിയുമെന്ന് തോന്നുന്നില്ല. ആശിച്ചത് നിന്നെയല്ലേ ആ നീയിന്ന് ഒരുപാട് അകലെ. എന്തിനാ ഇത്ര നേരത്തെ പോയേ.” അവന്റെ കണ്ണിൽനിന്നും കണ്ണുനീർ ഒലിച്ചിറങ്ങി.
ഏറെനേരം ആ ഫോട്ടോയിൽ നോക്കിയിരുന്ന് അറിയാതെ അവനൊന്ന് മയങ്ങി.
ഞെട്ടിയുണർന്ന് ചുറ്റും നോക്കിയപ്പോൾ ഇരുട്ടിയിരുന്നു. അവിടെനിന്ന് എഴുനേറ്റ് വീട്ടിലേക്ക് വണ്ടിവിട്ടു.
“അജു കഴിക്കുന്നില്ലേ…?” അകത്തേക്ക് കയറിവന്ന അജൂനോട് ഉമ്മ ചോദിച്ചു.
“വേണ്ട. ഞാൻ പുറത്തുനിന്ന് കഴിച്ചു. പിന്നെ വണ്ടിക്ക് ട്രിപ്പുണ്ട്. ഇന്ന് വെളുപ്പിന് പോയാൽ മൂന്ന് ദിവസം കഴിഞ്ഞാലേ തിരിച്ചുവരൂ. ഉപ്പയോട് പറഞ്ഞേക്ക്” അജു മുകളിലെ തന്റെ റൂമിലേക്ക് കേറി വാതിലടച്ചു.
രണ്ടുമൂന്ന് ദിവസത്തേക്കുള്ള ഡ്രസ്സ് ബാഗിലാക്കി റെഡിയാക്കിവെച്ച് അജു കിടന്നു.
________________
“ഉമ്മാ… എന്റെ ചാർജർ കണ്ടോ”
“വിളിച്ച് കൂവാതെ പെണ്ണെ. അത് ഫായിടെ റൂമിലെങ്ങാനും ഉണ്ടാവും.
ഇത് ഫാത്തിമ. നാളെ ഒരു ടൂറുണ്ട് കോളേജിൽനിന്ന്. അപ്പൊ അതിനുള്ള ഒരുക്കത്തിലാ. ആദ്യമായിട്ടാണ് എന്റെ വാപ്പ ഒരു ടൂർപോവാൻ സമ്മതം തരുന്നത്.
ആറുമണിക്ക് കോളേജിൽ എത്തണം. കാലത്ത് ഇതൊക്കെ റെഡിയാക്കാൻ നിന്നാൽ ടൂർ മുടങ്ങും. അതുകൊണ്ടാ ഇപ്പൊത്തന്നെ എല്ലാം സെറ്റാക്കുന്നത്.
ഇതിനടക്ക് ഫോണും അടിക്കാൻ തുടങ്ങി.
“എന്താണ് പാത്തു ഇയ്യ് കിനാവ് കാണാൻ തുടങ്ങിയോ” ഫോണെടുത്ത് ചെവിയിൽ വെച്ചതും ഷഹാനയുടെ ചോദ്യം.
“ഇല്ലാമോളെ ഷാന. ഞാനെ നാളെപോവാനുള്ള ഒരുക്കത്തിലാ.”
“ഞാനും അതേ പണിയിലാണ്.”
“എടീ ഷാനാ ഏത് വേണ്ടിയാണെന്ന് അറിയോ നിനക്ക്. ആ പൊളിഞ്ഞവണ്ടിയാവും മിക്കവാറും”
“അല്ലമോളെ പാത്തു. ഇത് ഒരു കിടു വണ്ടിയാണ്. സുൽത്താനോ അങ്ങനെ എന്തോ ആണ് പേര്”
“ന്തായാലും നാളെ കണ്ടറിയാം, സുൽത്താനാണോ അതല്ല പറക്കുംതളിക ആണോന്ന്”
“അത് വിട് എന്നിട്ട് എന്തായി ഇന്നത്തെ പെണ്ണുകാണലൊക്കെ, ചെക്കൻ എങ്ങനെയാ മൊഞ്ചനാണോ…”
“അത് ഉറപ്പിച്ചുമോളെ. നോക്കുകപോലും ചെയ്തില്ല കാലമാടൻ. കട്ട താടിയും മസിലും ഒക്കെയുള്ള ചുള്ളൻ ചെക്കൻ. പക്ഷെ ജാഡ കുറച്ചധികമുണ്ട്. വീട്ടുകാരൊക്കെ അടിപൊളി എനിക്കിഷ്ടായി. ബാക്കി നമുക്ക് നേരിൽപറയാം” എന്നുപറഞ്ഞ് പാത്തു ഫോൺ വെച്ചു. ബാഗ് റെഡിയാക്കിവെച്ച് നാലുമണിക്ക് അലാറവും വെച്ച് പാത്തു കിടന്നു.
അലാറത്തിന്റെ ശബ്ദംകേട്ട് ഉറക്കമുണർന്ന പാത്തു പെട്ടെന്ന് കുളിച്ച് റെഡിയായി ഉപ്പയുടെകൂടെ കോളേജിലേക്ക് പുറപ്പെട്ടു.
ഏകദേശം അഞ്ചര ആയപ്പോൾ കോളേജിലെത്തിയ പാത്തു കൂട്ടുകാരി ഷഹാനയുടെ അടുത്തേക്കോടി.
“എടീ മോളെ ഷാനു എവിടെ നീ പറഞ്ഞ സുൽത്താൻ, കാണാനില്ലല്ലോ”
“വരും നീയെന്തിനാ കിടന്ന് പിടക്കുന്നത്”
“അല്ലടീ ആ പറക്കുംതളികയുടെ വിശേഷം ഫായിമോൻ ഇന്നലെ പറഞ്ഞു. അതുകൊണ്ടാ”
“ദേ പാത്തു നോക്കിയേ, ഞാൻ പറഞ്ഞില്ലേ സുൽത്താൻ ആണെന്ന്.”
ഷഹാനപറഞ്ഞപോലെ ബസ്സെത്തി. കോളേജിന്റെ മുൻപിലായി വണ്ടി നിർത്തി ഇറങ്ങിയ ആളെക്കണ്ടതും പാത്തു ഷഹാനയുടെ കയ്യിൽ മുറുകെ പിടിച്ചു.
“മോളെ ഷാനാ എനിക്ക് പണികിട്ടി. ആദ്യമായി പോകുന്ന ടൂർ അടങ്ങിയിരുന്ന് പോവാനാണല്ലോ എന്റെ വിധി”
“എന്താ പാത്തു നീ പറയുന്നേ. എന്താ പറ്റിയത്…?”
“നീ ആ ഡ്രൈവറെ കണ്ടോ”
“കണ്ടല്ലോ. നല്ല മൊഞ്ചൻ ചെക്കൻ”
“ഈ മൊഞ്ചനാണ് മോളെ ഇന്നലെ എന്റെ വീട്ടിൽവന്ന ആ മൊഞ്ചൻ”
പാത്തൂനൊപ്പം ഷഹാനയുടെയും കിളി പോയി.
അജു പുറത്തിറങ്ങി സാറിന്റെ അടുത്തേക്ക് നടന്നുപോകുന്നതുംനോക്കി പാത്തു അങ്ങനെ നിന്നു.
“അയാളുടെ പേരെന്താ” ഷഹാന ചോദിച്ചു.
“അജ്മൽ”
അവളൊന്ന് മൂളിക്കൊണ്ട് ബസിനടുത്തേക്ക് നടന്നു.
“ഇത് നിന്റെ അജമലിന്റെ ബസ്സാണോ പാത്തു”
“അറിയില്ല മോളെ. ന്തായാലും എന്റെകാര്യത്തിൽ തീരുമാനമായി”
എല്ലാവരും എത്തിയപ്പോൾ ഓരോരുത്തരായി ബസ്സിൽ സീറ്റുപിടിച്ചു.
വണ്ടി മുന്നോട്ട് നീങ്ങിത്തുടങ്ങി.
എങ്ങനെയെങ്കിലും ഈ യാത്രയെന്ന് അവസാനിച്ചാൽ മതിയായിരുന്നു എന്നായിരുന്നു പാത്തൂന്റെ മനസ്സ്നിറയെ.
എല്ലാവരും തിമർത്താടുമ്പോൾ പാത്തു അടങ്ങിയിരുന്നു.
“ടീ നീയിങ്ങനെ ചടഞ്ഞിരിക്കാതെ, ഒന്ന് ഉഷാറാവ്”
ഷഹാന പാത്തൂനെ എഴുനേൽപിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഉച്ചയോടെ ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലിനുമിന്നിൽ ബസ് നിർത്തി.
“എടീ എന്നെ അയാള് കാണുമോ”
പാത്തു ഷഹാനയോട് ചോദിച്ചു.
“കണ്ടാൽത്തന്നെ എന്താ. നീയൊന്ന് ഇറങ്ങിവന്നെ. ഇങ്ങനെ പേടിച്ചാലോ” ഷഹാന പാത്തൂന്റെ കൈപിടിച്ച് വലിച്ചു ഹോട്ടലിലേക്ക് കയറി.
അവർക്കുപുറകിലായി അജ്മലും ഹോട്ടലിലേക്ക് കടന്നു. കൈകഴുകി അജു വന്നിരുന്നത് പാത്തൂന്റെയും ഷഹാനയുടെയും പുറകിൽ.
“നമുക്ക് മാറിയിരിക്കാം” പാത്തു ഷാനയോട് ചോദിച്ചു.
“നമ്മളിവിടെത്തന്നെ ഇരിക്കും. എങ്ങോട്ടും മാറില്ല” എന്നായിരുന്നു ഷാനയുടെ മറുപടി.
അജൂന്റെ ഫോൺ അപ്പോഴാണ് ശബ്‌ദിച്ചത്.
നോക്കിയപ്പോൾ അളിയൻ റിയാസ്.
“ആ അളിയാ പറയ്”
“എന്നോട് ചോദിച്ചിട്ടാണോ പെണ്ണ് കാണാൻ പോയത്, എന്നോട് ചോദിച്ചിട്ടാണോ ഉറപ്പിച്ചത്. അല്ലല്ലോ അതുപോലെ ആരും ഒന്നും എന്നോട് ചോദിക്കണ്ട. ഞാൻ എന്താണ് വേണ്ടതെന്ന് പറഞ്ഞാൽമാത്രംമതി. അനുസരിച്ചോളാം” എന്നുപറഞ്ഞ് അജു ഫോൺ വെച്ചതും എഴുനേറ്റ് പോകുന്നതും കണ്ടു.
“ഞാൻ പറഞ്ഞില്ലേ ജാഡയുള്ള മനുഷ്യനാണെന്ന്” അജു പോയ സമാധാനത്തിൽ പാത്തു പറഞ്ഞു.
ബസ്സിന്റെ പുറകിൽനിന്ന് സിഗററ്റിന് തീകൊളുത്തുന്ന അജ്മലിനെയാണ് പിന്നീട് പാത്തു കണ്ടത്.
ബസ് വീണ്ടും ചലിച്ചുതുടങ്ങി.
ഓരോ സ്ഥലങ്ങളിൽ വണ്ടിനിൽക്കുമ്പോഴും പാത്തു അജുകാണാതെ ഒളിച്ചുനടന്നു. എങ്കിലും ഇതുവരെ കാണാത്ത സ്ഥലങ്ങൾ കാണുമ്പോഴും അവളുടെ ശ്രദ്ധ അജ്മലിലായിരുന്നു.
“ഷാനാ അങ്ങേര് അവിടെന്ന് പറഞ്ഞതിൽ എന്തോ സ്പെല്ലിങ്മിസ്റ്റേക്ക് ഇല്ലേ”
“എന്ത് ഒന്നുല്ല”
“അല്ല ഉണ്ട്. കാണാൻ വന്നപ്പോ ഒന്ന് നോക്കിപോലുമില്ല, ഇപ്പൊ ഫോണിൽ പറഞ്ഞതിന്റെ അർത്ഥം ഈ കല്യാണം അയാൾക്ക് ഇഷ്ടമില്ലാത്തതാണ് എന്നല്ലേ”
“നീയൊന്ന് മിണ്ടാതെ വന്നേ” എന്ന് ഷഹാന പാത്തൂനോട് പറഞ്ഞു.
ടൂർ അലമ്പായി എന്ന് പാത്തൂന് മനസ്സിലായി. ഓരോന്നും ആലോചിച്ച് ടൂറിന്റെ മൂന്നാംദിവസവും അവസാനിക്കാൻ പോകുന്നു എന്ന് പാത്തു ചിന്തിച്ചുപോലുമില്ല.
ബസ് തിരികെ കോളേജിലെത്തി തിരികെ വീട്ടിലേക്ക് പോകാൻ ഉപ്പയെ കാത്ത്നിൽക്കുമ്പോഴാണ് അജു അവളെ ശ്രദ്ധിച്ചത്. “എവിടെയോ കണ്ടപോലെ” എന്ന് അവന്റെ മനസ്സ് പറഞ്ഞു.
കോളേജിലെ സാറിനെക്കണ്ട് പോകാനൊരുങ്ങി.
[തുടരും…]
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Pavam Aju.