അകലെ – Part 23

9253 Views

akale-aksharathalukal-novel

✒️F_B_L

ആകെ വെള്ളപൂശി ചുണ്ടിൽ ചുവന്ന ചായവും തേച്ച് ഇറുകിയ വസ്ത്രവും അണിഞ്ഞ് അജൂന്റെ നേരെ വന്ന് അവനുനേരെ കൈനീട്ടി.
അജു അവൾക്ക് കൈകൊടുത്ത് കണ്ടപ്പോൾ പാത്തൂന്റെ മുഖം മാറി. അത് അജു കാണുകയും ചെയ്തു.
കുറച്ച് നേരം അവളോട് സംസാരിച്ച് അജു പാത്തൂന്റെ അടുത്തെത്തിയതും പാത്തു അജൂനെ മൈന്റ് ചെയ്യുന്നേ ഇല്ല.
ഡ്രെസ്സൊക്കെ വാങ്ങി തിരികെ വീട്ടിലെത്തിയിട്ടും പാത്തു അവനോട് ഒരുവാക്ക് മിണ്ടിയില്ല.
പാത്തു റൂമിലെത്തിയതും അജു ഡോറടച്ച് അലമാരയുടെ മുന്നിൽ നിന്ന് തട്ടത്തിലെ പിന്നഴിക്കുന്ന പാത്തൂന്റെ പുറകിൽച്ചെന്ന് അവളെ ചുറ്റിപ്പിടിച്ചു.

“എന്താ എന്റെ പെണ്ണിനിത്ര ഗൗരവം. ഒന്ന് മിണ്ടെടോ പാത്തു”

“വേണ്ട നിങ്ങളെന്നോട് മിണ്ടണ്ട. കണ്ട ഫ്രീക്കത്തി പെണ്ണുങ്ങൾക്ക് കൊടുത്ത കൈകൊണ്ട് എന്നെ തൊടാൻ വരണ്ട” പാത്തു അജൂന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു.

“എന്റെ പാത്തൂസേ… അതെന്റെ കൂടെപഠിച്ചതാ. നമ്മൾ മിണ്ടാതായാൽ അവർക്കത് ഒരു സങ്കടാവില്ലേ, അതോണ്ടല്ലേ”

“എനിക്ക് അങ്ങനെയുള്ള പെണ്ണുങ്ങളെ ഇഷ്ടമല്ല. ഒരുമാതിരി ഡ്രസിങും, അയ്യേ”

“അത് വിട്. ഇന്ന് രാത്രി കല്യാണത്തിന് പോണ്ടേ നമുക്ക്. ഹാരിസ് ഇപ്പോഴേ വിളിതുടങ്ങിയിട്ടുണ്ട്. ഞനിപ്പോ അങ്ങോട്ടുപോവും. എന്നിട്ട് വൈകുന്നേരമേ വരൂ. എന്നിട്ട് നമുക്ക് ഒരുമിച്ച് പോകാം” പാത്തൂന്റെ തോളിൽ താടിവെച്ച് അജു പറഞ്ഞു.

അവളൊന്ന് മൂളിക്കൊടുത്തു.

“പിണക്കം മാറിയില്ലേ നിന്റെ”

“ഇല്ല”

“ഇപ്പൊ ശെരിയാക്കിത്തരാം” അജു അവളെ കവിളിൽ ചുംബിച്ചു.
പക്ഷെ പെണ്ണിനൊരു കുലുക്കവുമില്ല.

“എന്താടോ എന്താ കാര്യം…?”

“ഞങ്ങൾക്കൊക്കെ ഡ്രസ്സ്‌ എടുത്തു. എന്തെ ഇക്ക എടുക്കാതിരുന്നത്”

“ഓഹ് എന്റെ പാത്തൂ അതാണോ കാര്യം. കല്യാണത്തിന് എടുത്ത ഒരു ഷർട്ട് ഇപ്പോഴും ഇടാതെ അലമാരയിൽ ഇരിക്കുന്നുണ്ട്. ഇന്ന് അതിടാം”

“അപ്പൊ നാളെയോ…?”

“നാളെ ഞാനും ഹാരിസും നമ്മുടെ ഡ്രൈവർമാരും ഒരുപോലത്തെ ഡ്രെസ്സാണ്. അത് ഇന്ന് അവന്റെ വീട്ടിലെത്തിയാലേ കിട്ടൂ”

“അപ്പൊ ഇത് ആദ്യം പറഞ്ഞൂടെ” പാത്തു അവനുനേരെ തിരിഞ്ഞു.

“ഇനിയെന്താ വിട്ടൂടെ എന്നെ” അവൾ ചോദിച്ചു.

“കാലൊക്കെ ശെരിയായില്ലേ… വിടാൻ ഉദ്ദേശമില്ലെങ്കിലോ”

“ദേ മനുഷ്യാ… നല്ല ഇടി ഞാൻ ഇടിക്കും പറഞ്ഞേക്കാം”

അജു അവളെ ചേർത്തുപിടിച്ച്
“ഉറങ്ങിക്കിടക്കുമ്പോൾ നീയെനിക്ക് തരാറുള്ളത് ഇപ്പൊ തന്നാൽ വിടാം”

“അജുക്കാ… വിട്…”

“പറഞ്ഞല്ലോ തന്നാൽ വിടാം”

പാത്തു ഒന്ന് ആലോചിച്ചശേഷം
“കണ്ണടക്ക്”

അജു കണ്ണടച്ചു.

പാത്തു അവന്റെ കവിളിൽ ഒരു കടികൊടുത്തതും താനേ പിടിവിട്ടു.
സ്വതന്ത്രയായ പാത്തു ഡോർതുറന്ന് പുറത്തേക്കോടി.

കണ്ണാടിയിൽ നോക്കി
“ഭാഗ്യം അടയാളം വീണില്ല” എന്നുപറഞ്ഞ് അജു ബുള്ളറ്റിന്റെ ചാവിയെടുത്ത് താഴെയിറങ്ങി അടുക്കളയിലേക്ക് നടന്നു.

അജു അടുക്കളയിലെത്തിയത് ആരും അറിഞ്ഞിട്ടില്ല. ഉമ്മ എന്തോ പണിയിലാണ്. പാത്തു കുറച്ചപ്പുറത്തായി പാത്രങ്ങളോട് മല്ലിടാൻ തുടങ്ങുന്നു.
പൂച്ച അടുക്കളയിൽ കേറി പമ്മി പമ്മി പോകുന്നപോലെ അജു പാത്തൂന്റെ പുറകിലെത്തി അവളുടെ പിൻകഴുത്തിലൊരു മുത്തംകൊടുത്തതും അവളൊന്ന് ഞെട്ടി തിരിഞ്ഞു.

“ശൂ” മിണ്ടരുത് എന്ന് ആംഗ്യം കാണിച്ച്
“നിനക്കുള്ള പണി ഞാൻ വന്നിട്ട് തരാം” എന്ന് പറഞ്ഞ് അജു വന്നപോലെ തിരികെ അടുക്കള വാതിലിനടുത്തുചെന്ന് തിരിഞ്ഞു നിന്നു.

“ഉമ്മാ ഞാൻ ഹാരിസിന്റെ വീട്ടിലേക്ക് പോവുകയാണ്. പാത്തൂ ഞാൻ വരുമ്പോ വിളിക്കാം റെഡിയാവണം കേട്ടില്ലേ” എന്ന് പറഞ്ഞ് അജു പോയി.

“കള്ളനാ കള്ളൻ” എന്ന് പാത്തു മനസ്സിൽ പറയുമ്പോഴും ഉമ്മയെങ്ങാനും കണ്ടുകാണുമോ എന്ന പേടിയായിരുന്നു അവളുടെ ഉള്ളുനിറയെ…

________________________

കല്യാണപ്പന്തലൊരുങ്ങിയിരിക്കുന്നു…
ഇതുവരെ കാണാത്ത പലരെയും അവിടെ അജൂന് കാണാൻ കഴിഞ്ഞു.
ഉമ്മറത്തിരുന്ന് സൊറ പറയുന്ന മുതിർന്നവരോട് സലാംപറഞ്ഞ് അജു അകത്തേക്ക് കയറി.
വീടിനകം പെൺപട കയ്യിലാക്കിയിരിക്കുന്നു.
അവർക്കിടയിൽ ഹർഷിയെ കണ്ടതും
“ഹർഷീ ഹാരിസെവിടെ”

“കണ്ടില്ല അജുക്കാ… പുറത്തുണ്ടാവും”

അജു പുറത്തേക്ക് പോകാനൊരുങ്ങിയതും
“അജുക്കാ ഒന്ന് നിന്നെ” ഹർഷി വിളിച്ചു.

“എന്തെ” എന്ന് ചോദിച്ചതും
ഹർഷി ഇരുകൈകളും അജൂന്റെ നേരെ നീട്ടി പിടിച്ചു.

“ആഹാ… ഉഷാറായിട്ടുണ്ട്. ഇവരാണോ മെഹന്ദി ഇട്ടത്”

“ആ അജുക്കാ… എന്റെകൂടെ പടിക്കുന്നവരാ”

“ന്നാ നിങ്ങളിരിക്ക്, ഞാൻ അപ്പുറത്തുണ്ടാവും”

“പാത്തു താത്താനേം ജുമിയേം കൊണ്ടുവന്നില്ലേ ഇക്കാ”

“ഇല്ല അവരെ വൈകുന്നേരം കൊണ്ടുവരാം. അവിടെ വീട്ടിൽ ഉമ്മ ഒറ്റക്കല്ലേ”

അജു തിരുഞ്ഞുനടക്കാനൊരുങ്ങിയതും ഹാരിസിന്റെ ഉമ്മ വിളിച്ചു.

“മോളെ കൊണ്ടുവന്നില്ലേ മോനെ”

“ഓഹ് ന്റുമ്മാ വൈകുന്നേരം കൊണ്ടുവരാം. കുറേ നേരായിട്ട് ഹാരിസ് വിളിക്കുന്നു, ഇനിയും എന്നെ കണ്ടില്ലേൽ അവനെന്നെ കൊല്ലും”

അജു ഉമ്മറത്തെത്തിയതും
“ആരാ മനസ്സിലായില്ല” എന്ന ചോദ്യം.

“ഞാൻ ഹാരിസിന്റെ കൂട്ടുകാരനാ അജ്മൽ. നിങ്ങളൊക്കെ”

“ആഹാ അപ്പൊ നീയാണല്ലേ ആ അജ്മൽ” എന്ന് അതിലൊരാൾ ചോദിച്ചു.

“ഞാൻ തന്നെയാണ് അജ്മൽ”

“ഇവിടെ വന്നതുമുതൽ കേൾക്കുന്നുണ്ട് നിന്റെ പേര്. ഒരുകാര്യം പറയാ, പുറത്ത് ആണുങ്ങളുടെ എന്തുവേണേലും കാണിച്ചോ. വീടിനകത്തുകയറി പെണ്ണുങ്ങളുമായി വല്ലാണ്ട് ഇടപഴക്കണ്ട” എന്ന് അയാൾ വീണ്ടും പറഞ്ഞു.

“ശെരി ഇക്കാ… ന്നാ ഞാനങ്ങോട്ട്…” അജു തിരിഞ്ഞതും ഹാരിസ് മുന്നിൽ.

ഒരു സംസാരം ഒഴിവാക്കാൻ വേണ്ടി അജു ഹാരിസിന്റെ തോളിൽ കയ്യിട്ട് പുറത്തേക്ക് കൊണ്ടുപോയി.

“അയാളെന്താ പറഞ്ഞെ അജുക്കാനേ”

“ഒന്നുല്ല ചെക്കാ. എന്തായി ഒരുക്കങ്ങളൊക്കെ”

“നിങ്ങളിതുപറ, എന്താ പറഞ്ഞതെന്ന്”

“നീയിങ്ങനെ ചൂടാവാതെ, എല്ലാ സദസ്സിലും ഉണ്ടാവുമെടാ ഇതുപോലെ ഓരോ മെയിൻ താരങ്ങൾ. അത് ഈസദസ്സ് കഴിയുന്നവരെ. നമ്മള് അതുനോക്കിനടന്നാൽ കാര്യങ്ങൾ നടക്കില്ല.
നമുക്ക് ഓഡിറ്റോറിയത്തിലേക്ക് പോവാം. അവിടെ സ്റ്റേജിൽ ഡെക്കറേഷൻ ടീം എത്തിയിട്ടുണ്ടാവും. പിന്നെ ഫുഡിന്റെ ടീമിനെ കാണണം, പണി ഒരുപാടുണ്ട്. നീ വാ” അജു ഹാരിസിനെയും ബുള്ളറ്റിലിരുത്തി വണ്ടി വിട്ടു.

ഒരുവിധം എല്ലാം സെറ്റാക്കി അവർ രണ്ടുപേരും ഒന്നിച്ച് തിരികെ ഹാരിസിന്റെ വീട്ടിലെത്തി
“ഏഴുമണിക്ക് എല്ലാരും വീട്ടീന്ന് ഇറങ്ങണം. ഞാൻ വണ്ടിയുമായിട്ട് വരാം” അജു നേരെ വീട്ടിലേക്ക് വിട്ടു.

“എന്താത് സാരിയോ… നാട്ടുകാരെ മൊത്തം കാണിക്കാൻ അവളുടെ ഒരു സാരി. വേറെ എന്തൊക്കെയുണ്ട് പാത്തൂ നിനക്ക്. അതിൽ ഏതെങ്കിലും ഇട്ടൂടെ” ബാത്റൂമിൽനിന്ന് ഇറങ്ങിവന്ന് അജു ചോദിച്ചു.

അപ്പോഴേക്കും അവളുടെ മുഖം വാടി.

“ഇന്ന് ഒരുദിവസം മാത്രം. അതും നല്ല വൃത്തിക്ക്. ഒരുഭാഗവും പുറത്തുകാണാതെ ഉടുക്കാൻ പറ്റുമെങ്കിൽ ഉടുത്തോ. ഇല്ലേൽ വേണ്ട”

അത് കേട്ടപ്പോൾ പാത്തു അജു പറഞ്ഞപോലെ സാരിച്ചുറ്റി മുടിചീകുന്ന അജൂന്റെ മുന്നിൽ ചെന്നുനിന്ന്
“ഇങ്ങനെ മതിയോ” എന്ന് ചോദിച്ചപ്പോൾ
അവന്റെ കണ്ണുകൾ അവളുടെ അരയിലേക്ക് ചെന്നു.

“ഹാ കൊള്ളാം. ഇനി സാരി വേണ്ടാട്ടാ”

“ഇല്ല ഇനി ഇല്ല. ഇത് ലാസ്റ്റ്” പാത്തു അവന്റെ ഷർട്ടിന്റെ ബട്ടൺ ഇട്ടുകൊണ്ട് പറഞ്ഞു.

“എങ്ങനാ ഉപ്പയുടെ കൂടെ കാറിൽപോവുന്നോ അതല്ല എന്റെകൂടെ ബസ്സിൽ വരുന്നോ…?”

“ബസ്സിലായാലും ലോറിയിലായാലും ഞാൻ ഇക്കാടെ കൂടെ വരുന്നൊള്ളു”

“ന്നാ പോരെ,” അജു പുറത്തിറങ്ങിയതും
“ഞാനും ഉണ്ട് നിങ്ങളുടെ കൂടെ” എന്ന് പറഞ്ഞ് ജുമിയും അവരോടൊപ്പം കൂടി.

ആദ്യമായിട്ടാണ് പാത്തുവും ജുമിയും ബസ്സിന്റെ ഡ്രൈവർക്യാബിനിൽ ഇരുന്ന് യാത്രചെയ്യുന്നത്.

“അജുക്കാ നിങ്ങൾക്ക് കണ്ണ് കാണുന്നുണ്ടോ”

“പിന്നെ കാണാതെ. എന്തെ പാത്തു”

“എനിക്ക് അങ്ങട്ട് പിടികിട്ടുന്നില്ല. ഡ്രൈവർമാർ ഒരു സംഭവം ആണ്. ഒരുഭാഗത്തിരുന്ന് ഇത്രയും വലിയ ഒരു വണ്ടിയെ നിയന്ത്രിക്കൽ എളുപ്പല്ലട്ടാ ഇക്കാ”

“അതൊക്കെ നിങ്ങളുടെ തോന്നലാ പാത്തൂ. ആദ്യമൊക്കെ എനിക്ക് പേടിയുണ്ടായിരുന്നു. പിന്നേ ചെറുത് ഓടിക്കുമ്പോൾ തോന്നും അതിനേക്കാൾ വലുത് ഓടിക്കാൻ. കുറച്ച് കഴിയുമ്പോ അതിലും വലുത് ഓടിക്കാനാവും ആഗ്രഹം. എന്നും പേടിച്ചുനടന്നാൽ വണ്ടി ഓടിക്കാൻ പറ്റില്ല.”

“എനിക്ക് ബുള്ളറ്റ് ഓടിക്കാൻ പഠിപ്പിച്ചുതരോ…?”

“അതിനെന്താ. നമുക്ക് ശെരിയാക്കാം”

വണ്ടിയിൽ ഇരുന്ന് വണ്ടിയെപ്പറ്റി പറഞ്ഞ് അവർ ഹാരിസിന്റെ വീടിനടുത്ത് വണ്ടിനിർത്തി അതിൽനിന്നിറങ്ങി അവന്റെ വീട്ടിലേക്ക് നടന്നു.

“നിങ്ങൾ രണ്ടാളും അകത്തേക്ക് പൊയ്ക്കോ” ഹാരിസിനെ കണ്ടപ്പോൾ അജു അവരോട് പറഞ്ഞു.

“ടാ എന്തായി. എല്ലാവരും റെഡിയായില്ലേ… എന്ന് ഹാരിസിനോട് ചോദിച്ചപ്പോൾ

“അജുക്കാ ഹർഷിയെ കണ്ടോ. ഉടുത്തൊരുങ്ങി അകത്ത് നിൽക്കുന്നുണ്ട്. നിങ്ങളെ കണ്ടിട്ടേ ഇറങ്ങൂ എന്നാണ് പറയുന്നത്”

ഹാരിസ് മുൻപിലും അജു പുറകിലുമായി വീടിനകത്തേക്ക് കടക്കുമ്പോൾ നേരത്തെ ഉമ്മറത്തിരുന്ന ആ മനുഷ്യൻ അജൂനെ കണ്ണുരുട്ടി നോക്കുന്നത് അജു കണ്ടെങ്കിക്കും മിണ്ടാൻ പോയില്ല.

അജൂനെ കണ്ടതും ഹർഷി അവന്റെ അരികിലേക്ക് വന്നു.
“അജുക്കാ… എങ്ങനെയുണ്ട്…?”

“കൊള്ളാം… മൊഞ്ചത്തി ആയിട്ടുണ്ട്.”

അജു തിരികെ പുറത്തേക്കിറങ്ങുമ്പോൾ ആ കാർന്നോര് അവനെതന്നെ നോക്കുന്നുണ്ടായിരുന്നു.

ബന്ധുക്കളും അയൽവാസികളും എല്ലാവരും ഒരുവണ്ടിയിൽ ഓഡിറ്റോറിയത്തിലെത്തി തലേദിവസത്തെ വിരുന്നുസത്കാരമൊക്കെ കഴിഞ്ഞ്തിരികെ ഹാരിസിന്റെ വീട്ടിലെത്തി ബസ്സിൽതന്നെ അജ്മലും പാത്തുവും ജുമിയും തിരികെ അവരുടെ വീട്ടിലേക്ക് പോയി.

വീട്ടിലെത്തി അജു ബസ്സിന്റെ ഉൾഭാഗം വൃത്തിയാക്കി റൂമിലെത്തിയപ്പോൾ ബെഡിൽ കിടക്കുന്ന പാത്തൂനെ കണ്ടു.

അജു ഫ്രഷായി വരുമ്പോഴും കല്യാണവീട്ടിൽനിന്നും വന്ന അതേപോലെ പാത്തു ബെഡിൽ കിടക്കുകയാണ്.

“പാത്തൂ… എന്തുപറ്റി… ഫ്രഷാവുന്നില്ലേ നീ”
പാത്തു അവളെ തട്ടിവിളിച്ചപ്പോൾ പാത്തു എഴുനേറ്റ് കുളിച്ച് ഫ്രഷായിവന്ന് അജൂനരികിൽ അകലമിട്ട് ബെഡിൽ കിടന്നു.

അപ്പോഴേക്കും അജൂന്റെ കണ്ണുകൾ അടഞ്ഞിരുഞ്ഞു. പാവം പാത്തു അജു ഉറങ്ങിയെന്നുകരുതി അവന്റെ നെറ്റിയിലൊരു മുത്തം കൊടുക്കാനൊരുങ്ങിയതും അജു കണ്ണുതുറന്നു.

അത് കണ്ട് കണ്ണുകളടച്ച് പാത്തു പിന്മാറാൻ ശ്രമിച്ചതും അജു അവളളെ ചുറ്റിപ്പിടിച്ചു.

“എന്താ പെണ്ണെ… നീ കക്കാൻ കേറിയതാണോ, എങ്കിൽ ഞാൻ അറിഞ്ഞുതരാം” എന്നും പറഞ്ഞ് അവളെ നെഞ്ചോടുചേർത്ത് അവളുടെ മുടിയിൽ തലോടിക്കൊണ്ട് അജു അവളെ വീണ്ടും വിളിച്ചു.

“പാത്തൂ…”

അവളൊന്ന് മൂളി വിളികേട്ടു.

“നിന്നോട് ആരും ചോദിക്കാറില്ലേ വിശേഷം ആയില്ലേ എന്ന്”

“സത്യം പറയാലോ ഇക്കാ… ഇന്ന് കല്യാണത്തിൽ പോയപ്പോ അശ്വതിയും അമ്മയും ചോദിച്ചു”

“നമുക്കൊരു കുഞ്ഞാവ വേണ്ടേ പെണ്ണെ”

അവൾ അതിനും ഒന്ന് മൂളിയതും

അജു അവൾക്കായി കരുതിയ സ്നേഹം ഒരുമണിത്തൂക്കം കുറവില്ലാതെ അവൾക്കുനൽകിയപ്പോൾ അവളത് സ്വീകരിച്ചു.
ഭൂമിയിലെ ഏറ്റവും മനോഹരമായ സ്വകാര്യം അവർ പങ്കിട്ടെടുത്തപ്പോൾ
പാത്തൂന്റെ മിഴികളിൽ നനവുണ്ടായിരുന്നു.
അരണ്ട വെളിച്ചത്തിൽ പാത്തൂന്റെ മിഴികൾ തുടച്ച് അവളെ നെഞ്ചോടുചേർത്തപ്പോൾ
അജൂന്റെ നെഞ്ചിൽ പാത്തു ചാഞ്ഞുറങ്ങി.

സാധാരണയിലും വൈകിയാണ് പാത്തു കണ്ണുതുറന്നത്. അജൂന്റെ നെഞ്ചിൽനിന്ന് വേർപെട്ട് എഴുനെൽകാനൊരുങ്ങിയതും അജു അവളെ പിടിച്ച് നെഞ്ചിലേക്കിട്ടു.

“ഇക്കാ നേരംവെളുത്തു. വിട്”

അജു കണ്ണടച്ചുതന്നെ അവന്റെ വിരൽ അവന്റെ കവിളിൽ വെച്ചപ്പോൾ പാത്തൂന് കാര്യം മനസ്സിലായി.
അവളുടെ അധരങ്ങൾ അവന്റെ കവിളിൽചേർന്നു.

“ഇനി എന്നെ വിട്ടൂടെ…”
അജു അവളെ സ്വതന്ത്രയാക്കി.

_____________________

“റെഡിയായില്ലേ പാത്തൂ, ഇപ്പൊ തന്നെ വൈകി. ഇനിയും ചെന്നില്ലേൽ ഓനെന്റെ മയ്യത്തെടുക്കും”

“കഴിഞ്ഞു ഇക്കാ. എങ്ങനെണ്ട് പുതിയ ഡ്രസ്സ്‌”
പാത്തു അജൂന്റെ മുന്നിൽനിന്നു.

“കൊള്ളാം നന്നായിട്ടുണ്ട്.” പാത്തു ചുറ്റിക്കെട്ടിയ തട്ടം ഒന്നൂടെ നേരെയാക്കി അജു പറഞ്ഞു.

“എന്നാൽ പോവാലെ”

“ജുമി റെഡിയായില്ലേ, നീയൊന്ന് പോയിനോക്ക്”

പാത്തു ജുമിയുടെ റൂമിലെത്തിയപ്പോൾ പുതിയ ഡ്രെസ്സൊക്കെയിട്ട് ജുമി കണ്ണാടിക്കുമുന്നിൽ നിന്ന് മിഴിനിറക്കുകയാണ്.

“ജുമീ… എന്തായിത് എന്തുപറ്റി”

“ഒന്നുല്ല താത്താ… ഇത്തരത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ കാലം ഓർത്തപ്പോൾ സങ്കടം വന്നു”

“അവിടെ അജുക്ക നിന്നെയും കാത്ത് നിൽകുകയാ. കഴിഞ്ഞോ നിന്റെ ഒരുക്കം”

“ആ കഴിഞ്ഞു.”

ജുമിയുമായി പാത്തു അജൂന്റെ അടുത്തെത്തി.

“ഇന്നും ബസ്സിലാണോ”

“ആ, അല്ലേൽ പോയാൽ ഒന്നൂടെ വരേണ്ടിവരും”
അജു ബസ്സുമെടുത്ത് ഹാരിസിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.
കല്യാണവീട്ടിലെത്തി പുറത്തെ പന്തലിൽ ഹാരിസിനോട് എന്തോ പറഞ്ഞ് നിൽക്കുമ്പോഴാണ് ഹർഷി വന്നത്.
പുത്തനുടുപ്പും ആഭരണങ്ങളും അണിഞ്ഞ് ഒരു മണവാട്ടിയായി ഹർഷി അജൂന്റെ മുന്നിൽവന്നുനിന്നത് ഇന്നലത്തെ കാർന്നോർക്ക് പിടിച്ചില്ല.

“ടീ ഹർഷീ, കേറിപ്പോടി അകത്ത്. നിന്റെ ചന്തം നീ നാട്ടുകാരെ കാണിക്കുകയാണോ” എന്ന് അയാൾ ഹർഷിയോട് ദേഷ്യത്തിൽ പറഞ്ഞു എങ്കിലും ഹർഷി അജൂന്റെ മുന്നിൽത്തന്നെ നിന്നു.
ഈ ബഹളം കേട്ട് അകത്തുനിന്നും ഹാരിസിന്റെ ഉമ്മയും ബന്ധുക്കളും പുറത്തേക്ക് വന്നു.
കൂട്ടത്തിൽ പാത്തുവും ജുമിയും ഉണ്ടായിരുന്നു.

“പെൺകുട്ടികളായാൽ കുറച്ചെങ്കിലും അടക്കവും ഒതുക്കവും വേണം. അതെങ്ങനാ കയറൂരി വിട്ടിരിക്കുകയല്ലേ, അതിനുപറ്റിയ ഒരു ആങ്ങളയും.” അയാൾ വീണ്ടും പറഞ്ഞതും
ഹാരിസ് അയാൾക്കുനേരെ കുതിച്ചു.

അജു ഹാരിസിനെ തടഞ്ഞുവെച്ച്
“ഹർഷീ… നീ അകത്തേക്ക് പൊയ്ക്കോ, മൂപ്പർക്ക് ഇതൊന്നും ഇഷ്ടപ്പെടുന്നില്ല. മോള് ചെല്ല്” അജു ഹർഷിയെ അകത്തേക്ക് പറഞ്ഞയച്ചു.

ഓഡിറ്റോറിയത്തിലെത്തി ഓട്ടംപാച്ചിലുകൾക്കിയയിലും അജു അയാളെ ശ്രദ്ധിച്ചു. അയാളുടെ നോട്ടം കാണുമ്പോൾ തന്നോടെന്തോ ദേഷ്യമുള്ളപോലെ അജൂന് തോന്നി.

നിക്കാഹും കഴിഞ്ഞ് ഹർഷി അവളുടെ ചെക്കന്റെകൂടെ ഇറങ്ങാൻ നിന്നതും ഹാരിസിനോടുള്ള സമ്മദം വാങ്ങലിനൊടുവിൽ ഹർഷി അജൂന്റെ അരികിലെത്തി.

സ്നേഹത്തോടെ ഒരു ഏട്ടന്റെ സ്ഥാനത്തുനിന്ന് അജു അവളെ യാത്രയാക്കാൻ ഒരുങ്ങിയതും ആ കാർന്നോര് വീണ്ടും പ്രത്യക്ഷപ്പെട്ടു.

“ദേ മരുമോനെ… നീ നിന്റെ പെണ്ണിനെ സൂക്ഷിച്ചോ. ഇല്ലേൽ ഈ പെണ്ണ് ഇങ്ങോട്ടുതന്നെ വരുമെന്നാ തോന്നുന്നത്. ചിലരുടെ സ്നേഹംകാണുമ്പോൾ ഈ മൂത്താപ്പാക്ക് അങ്ങനെ തോന്നുന്നു” എന്ന് പറഞ്ഞതും
ഹർഷിയുടെ ഭർത്താവ്
“ശെരി മൂത്താപ്പാ… അജ്മലും ഈ ഹർഷിയുടെ കുടുംബവും തമ്മിലുള്ള ബന്ധം എനിക്കറിയാം. മൂത്താപ്പ കൂടുതലൊന്നും ആലോജിച്ച് തലപുണ്ണാക്കേണ്ടതില്ല. കാലങ്ങൾക്കുശേഷം ഇന്നലെയല്ലേ നിങ്ങൾ ഇവരുടെ വീട്ടിൽവന്നത്. അതുകൊണ്ടാ നിങ്ങൾക്കെങ്ങനെ തോന്നുന്നത്. സാരല്ല ശെരിയാവും” എന്ന് പറഞ്ഞു.

“ടാ അളിയാ. എന്താണിത്. നല്ലൊരുദിവസമായിട്ട് വെറുതെ അലമ്പാക്കണ്ട. വൈകാതെ പോകാൻനോക്ക് രണ്ടാളും”

“അതല്ല അജ്മലെ. ഇയാളെ ഒന്ന് നേരിൽകാണണം എന്ന് ഇന്നലെമുതൽ നല്ല ആഗ്രഹമുണ്ടായിരുന്നു. ഇന്നലെ ഇയാൾ ഫോണിലൂടെ പറഞ്ഞതിന് ഒന്ന് കൊടുക്കുകയാണ് വേണ്ടത്. പിന്നേ ഇവളുടെ മൂത്താപ്പ ആയിപ്പോയി. ഇല്ലേൽ കൊടുക്കേണ്ട സമയം കഴിഞ്ഞു”

“അതൊന്നും കാര്യാക്കണ്ട. നിങ്ങൾ പോവാൻ നോക്ക്.” അജു അവരെ കാറിലേക്ക് കയറ്റി
ഹാരിസിന്റെ മൂത്താപ്പയുടെ അടുത്തേക്ക് ചെന്നു.

“ദേ… ഹർഷിടെ ആ പോയ ചെക്കൻ മൻസൂർ ഇന്നലെ എന്നെ വിളിച്ചിരുന്നു. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ മൻസൂർ എന്നോട് പറഞ്ഞതാ. ആ പോയവർക്കും ഈ നിൽക്കുന്ന ഹാരിസിനുമാണ് നിങ്ങൾ മൂത്താപ്പ. എനിക്ക് നിങ്ങൾ വെറുമൊരു ആളാണ്. കൈക്ക് പണിയുണ്ടാക്കരുത്” എന്ന് അജു പറഞ്ഞതും

“അജുക്കാ അവരൊക്കെ കേറി. ശിവേട്ടൻ പോട്ടെ എന്ന് ചോദിക്കുന്നു” ഹാരിസ് ചോദിച്ചു.

“ആ പൊയ്ക്കോളാൻ പറ.”
“കല്യാണം കൂടാൻവന്നാൽ കൂടീട്ട് പോണം. അല്ലാതെ കലക്കാൻ നിക്കരുത്. കേട്ടില്ലേ മൂ..ത്താ..പ്പാ…”

അജു തിരികെ ഹാരിസിന്റെ അടുത്തേക്ക് നടന്നു.

“അജുക്കാ അങ്ങനെ അതും കഴിഞ്ഞു.” ഒരു നെടുവീർപ്പോടെ ഹാരിസ് പറഞ്ഞു.

“ആ അത് കഴിഞ്ഞു. ഇനി നിന്റേത്. ഉമ്മയോട് ഞാൻ പറയുന്നുണ്ട്. ഈ തിരക്കൊന്ന് മാറട്ടെ എന്നിട്ട്.” അജു അവനെ നോക്കി ഇടംകണ്ണിട്ട് പറഞ്ഞു.
“എല്ലാവരുടെയും പൈസയൊക്കെ കൊടുത്തില്ലേ. ഇനി ആർക്കും ഒന്നും കൊടുക്കാനില്ലല്ലോ. നീ ആരെന്നെങ്കിലും പൈസ കടംവാങ്ങിയിട്ടുണ്ടോ ഹാരിസെ”

“ഇല്ല. വാങ്ങാൻ അജുക്ക സമ്മതിച്ചില്ലല്ലോ. എന്നാലും ഒരുകടം ബാക്കിയുണ്ട്. വണ്ടിവാടക. അത് കൊടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നുമില്ല”

“അല്ലാ രണ്ടാളും വീട്ടിലേക്ക് വരുന്നില്ലേ, ഇവിടെ ഇരിക്കാനാണോ ഉദ്ദേശം. പോയവർ ഇനി ഇങ്ങോട്ട് വരില്ല. വീട്ടിലേക്കേ വരൂ” ഹാരിസിന്റെ ഉമ്മയായിരുന്നു.

അജു പാത്തൂനെയും ജുമിയെയും കൂട്ടി അവരുടെ വീട്ടിലേക്കും ഹാരിസും ഉമ്മയും അവരുടെ വീട്ടിലേക്കും പോയി.

“അജുക്കാ ഹർഷിടെ മൂത്താപ്പ എന്തിനാ അങ്ങനെ പറഞ്ഞെ”

“ന്റെ പാത്തൂ…എനിക്കറിയില്ല അയാൾക്ക് എന്തിന്റെ കേടാണെന്ന്. ഇന്നലെ മൻസൂറിനെ വിളിച്ച് വേണ്ടാത്ത ഓരോന്നും പറഞ്ഞു. എന്നിട്ടാണ് ഇന്ന് മൂപ്പരുടെ ഒരു ഷോ. മൻസൂർ ഒരു ആണായതുകൊണ്ട് അത് അങ്ങനെ തീർന്നു. അല്ലേൽ ഇന്ന് ഹർഷിക്ക് കണ്ണീരിന്റെ ദിവസങ്ങളായിരിക്കും”

“ഇന്നലെ വരെ ഒന്ന് തിരിഞ്ഞുനോക്കാത്ത ആളാ ഇപ്പൊ ഇങ്ങനെ പറയുന്നത്”

“ആ പാത്തൂ… അയാൾക്കും ഹർഷിയുടെ അതേ പ്രായമുള്ള ഒരു മോളുണ്ട്. പണമുണ്ടെങ്കിലും കല്യാണം ഒന്നും ശെരിയായിട്ടില്ല. അതിന്റെ ഒരു അസൂയ ആണ്. അല്ലാതെ ഒന്നുല്ല. പിന്നേ ജുമീ അടുത്തത് നിന്റെ കൂട്ടുകാരി ഹന്നയുടെയും ഹാരിസിന്റെയും നിക്കാഹാണ്. ഹന്നാക്കിപ്പോ എത്രയാ പ്രായം.” അജു ജുമിയോട് ചോദിച്ചു.

“പതിനേഴ് കഴിഞ്ഞു. +2ലാ ഇപ്പൊ. എന്നെക്കാൾ മൂത്തതാ”

“ആഹാ അടിപൊളി. അപ്പൊ അടുത്തകൊല്ലം ഇൻശാ അല്ലാഹ്. ഹന്നയെ കാണാൻ പറ്റുന്നില്ല എന്ന ജുമിയുടെ സങ്കടം അതോടെ തീരും”

“അജുക്കാ… ഇന്ന് താത്ത കല്യാണവീട്ടിൽവെച്ച് കരഞ്ഞു. എന്തിനാണെന്ന് ചോദിക്ക്” എന്ന് ജുമി പറഞ്ഞപ്പോൾ അജു ഡ്രൈവിങ്ങിനിടയിൽ പാത്തൂനെയൊന്ന് നോക്കി.

“ജുമി പറഞ്ഞത് നേരാണോ പാത്തൂ… കരഞ്ഞോ നീ”

പാത്തു ഒന്നും മിണ്ടാതായപ്പോൾ അജു വണ്ടി നിർത്തി.

“പാത്തൂ നോന്നോടാ ചോദിച്ചേ”

“അത് അവിടെവെച്ച് അയാള് ഹർഷിയെ വഴക്ക് പറഞ്ഞപ്പോൾ”

“ന്റെ പെണ്ണെ… അതാണോ കാര്യം. നാട്ടുകാര് പറയുന്നതിനൊക്കെ ചെവികൊടുക്കാൻ നിന്നാൽ എന്നും കരയാനേപറ്റൂ. നമുക്ക് വേണ്ടത് സ്വീകരിച്ച് ബാക്കിയുള്ളത് വിട്ടേക്കണം. അല്ലേൽ ജീവിക്കാൻ പറ്റില്ലട്ടാ.” അജു അവന്റെ സൈഡിലെ സീറ്റിലിരുന്ന പാത്തൂന്റെ തോളിലേക്ക് കൈനീട്ടിയതും

“അതേ പുറകിൽ ഞാനുണ്ട്. കൊഞ്ചലൊക്കെ വീട്ടിലെത്തിയിട്ട്. വണ്ടിയെടുക്ക് അജൂക്കാ” എന്ന് ജുമി.

അജൂന്റെ കാറ് വീടിന്റെ ഗേറ്റ് കടന്നതും പരിചയമില്ലാത്ത മറ്റൊരുകാറവിടെ കിടക്കുന്നത് കണ്ടു.
“ആരാണാവോ വിരുന്നുകാർ…” എന്ന് പറഞ്ഞ് അജു വണ്ടിനിർത്തി കാറിൽനിന്നിറങ്ങി. പാത്തു ഇറങ്ങിയിട്ടും ജുമി കാറിൽതന്നെ ഇരുന്നു.

“എന്താ ജുമീ ഇറങ്ങുന്നില്ലേ”
പാത്തു അത് ചോദിച്ചതും ജുമിയുടെ മുഖത്ത് ഭയംനിഴലിച്ചത് പാത്തു കണ്ടറിഞ്ഞു.

“എന്തുപറ്റി ജുമീ. വാ ഇറങ്ങ്” പാത്തു അവളെ വിളിച്ചു.

“താത്താ അത് എന്റെ ഉമ്മയാണ്. അജുക്കയോട് എന്നെ വിട്ടുകൊടുക്കല്ലേ എന്ന് പറ” ജുമാന കരയാൻ തുടങ്ങി.

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply