Skip to content

അകലെ – Part 22

akale-aksharathalukal-novel

✒️F_B_L

നാളിതുവരെ തന്നോടൊപ്പം ഒരു കൂടെപ്പിറപ്പിനെപോലെ കൂട്ടിനുണ്ടായിരുന്ന ഹന്നയെ കെട്ടിപ്പിടിച്ച് മിഴികൾ വാർത്തുകൊണ്ട് അവളോട് യാത്രപറഞ്ഞ് ജുമാന കാറിലേക്ക് കയറി.
ആ ഗേറ്റ് കടന്ന് ആ കാറ്‌ പോകുമ്പോൾ
എന്നെങ്കിലും ഞങ്ങളെയും ഇതുപോലെ കൊണ്ട്പോകാൻ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ ഒരുപാട് മുഖങ്ങൾ അവർപോകുന്നത് നോക്കിനിൽക്കുന്നുണ്ടായിരുന്നു.

“അജുക്കാ നിങ്ങളെന്ത്‌ പണിയാ കാണിച്ചത്, ഇങ്ങോട്ട് വരുമ്പോ ഒന്ന് മുടക്കി. തിരിച്ച് പോകുമ്പോൾ ഒന്ന് ഉറപ്പിച്ചു. ആരോട് ചോദിച്ചിട്ടാ” കാറോടിക്കുമ്പോൾ ഹാരിസ് ചോദിച്ചു.

“ന്താ ഹാരിസേ… നിനക്ക് ഇഷ്ടമില്ലെങ്കിൽ വേണ്ട.”

“എന്നോടൊരുവാക്ക് ചോദിക്കാമായിരുന്നു അജുക്കാക്ക്”

“എടാ പൊട്ടാ… എല്ലാവരും ഉള്ള എല്ലാ സൗകര്യങ്ങളും ഉള്ള ഒരുത്തിക്ക് നീ മനസ്സ് കൊടുത്തിട്ട് എന്താ ഉണ്ടായത്. അവൾക്ക് പറ്റിയതിനെ കിട്ടിയപ്പോ നിന്നെ ഒഴിവാക്കിയില്ലേ.”

“എന്നുവെച്ച്”

“ആരുമില്ലാത്ത ആ പെൺകുട്ടിക്ക് ആരെങ്കിലും ഉണ്ടെന്ന് തോന്നിയിട്ടുണ്ടാവും ഞാൻ അങ്ങനെ പറഞ്ഞപ്പോൾ, ആ കണ്ണിലെ തിളക്കം ഞാൻ കണ്ടതാണ്”

“എനിക്കൊന്നും പറ്റില്ല…” ഹാരിസ് കടുപ്പിച്ച് പറഞ്ഞു.

“ഹാരിസേ… ആ പെൺകുട്ടിക്ക് ഒരു ജീവിതം കൊടുക്കാൻ നിനക്ക് സാധിച്ചാൽ നീ ഭാഗ്യവാനാടാ. അവളുടെ സ്നേഹം നിനക്കല്ലാതെ മറ്റാർക്കും പങ്കിട്ടുനൽകാൻ അവൾക്കാവില്ലടാ” എന്ന് അജു പറഞ്ഞപ്പോൾ ഹാരിസ് പിന്നീടൊന്നും പറഞ്ഞില്ല.

അജു ജുമാനയെ ഒന്ന് തിരിഞ്ഞുനോക്കി. അവളെന്തോ ചിന്തയിലാണ്.

“മോളെ ജുമാനാ…” അജു വിളിച്ചു.

“ആ ഇക്കാ…” ജുമാനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“എന്താ ആലോചിക്കുന്നേ”

“ഒന്നുല്ല… ഹന്ന…”

“അതോർത്ത് മോള് വിഷമിക്കണ്ട. ഹന്നയെ നമുക്ക് ഈ പൊട്ടനെക്കൊണ്ട് കെട്ടിക്കാം. മോൾക് എന്തെങ്കിലും വാങ്ങിക്കണോ…?”

“വേണ്ട. അജ്മൽക്കാടെ കല്യാണം കഴിഞ്ഞെന്ന് ഉപ്പ പറഞ്ഞിരുന്നു. താത്ത എവിടെയാ”

“വീട്ടിലുണ്ട്, വിളിക്കണോ…”
അജു ഫോണെടുത്ത് പാത്തൂനെ വിളിച്ച് ജുമാനാക്ക് നേരെ നീട്ടി.

ജുമാന ഫോണിൽ സംസാരിക്കുമ്പോൾ അജ്മലും ഹാരിസും മറ്റെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
മണിക്കൂറുകൾ നീണ്ട യാത്രക്കൊടുവിൽ അജൂന്റെ വീടിനുമുന്നിൽ കാറ് നിന്നപ്പോൾ
“ഇക്കാ… എന്നെ ഇവിടെയുള്ളവർക്ക് ഇഷ്ടാവോ” എന്ന് ജുമാന ചോദിച്ചു.

“മോള് അതൊന്നും ചിന്തിക്കേണ്ട. ഇറങ്ങിവാ” എന്ന് പറഞ്ഞ് അജു ആദ്യം പുറത്തിറങ്ങി.
പുറകിലെ ഡോർ തുറന്ന് ജുമാനയേയും കൂട്ടി വീടിന്റെ പടികയറി

“ഉപ്പാ… ഉമ്മാ…” അജു നീട്ടിവിളിച്ചു.
അടുക്കളയിൽനിന്ന് ഉമ്മയും റൂമിൽനിന്ന് ഉപ്പയും പുറത്തേക്ക് വന്നു.

അജൂന്റെ കൂടെ മറ്റൊരു പെൺകുട്ടിയെ കണ്ടതും അവരൊന്ന് ഞെട്ടി.
“ഇതാരാ മോനെ” എന്ന് ഉപ്പയാണ് ചോദിച്ചത്.

“ഉപ്പ ഇവിടെയിരിക്ക്, ഉമ്മയും വാ”

രണ്ടുപേരെയും അവിടെയിരുത്തി അജു ജുമാനയെ നോക്കി.

“ഇത് ജുമാന, ജനിച്ചതും വളർന്നതും പാലക്കാട്. ഇവളുടെ ഉപ്പയെ നമ്മളറിയും. മുഹമ്മദ്‌…”

ആ പേരുകേട്ടതും ഉപ്പ എഴുനേറ്റു.
“ഇല്ല. എന്റെ മുഹമ്മദിന് ഇങ്ങനൊരു മോളില്ല. ഉണ്ടായിരുന്നത് അഫിയാണ്.”

“ഞാൻ പറയട്ടെ ഉപ്പാ… ഉപ്പയോടുപോലും പറയാതെ അഫിയുടെ ഉമ്മയുടെ മരണത്തിന് ശേഷം വിവാഹം കഴിച്ചതാണ് ജുമാനയുടെ ഉമ്മയെ, അതിൽ ജനിച്ച പെൺകുട്ടിയാണ് നിങ്ങളുടെ മുന്നിൽ ഈ നിൽക്കുന്നത്. ഈ കുട്ടിയുടെ ഉമ്മ ഇവളെ ഒരു ഓർഫനേജിലാക്കി മറ്റൊരാളുടെ കൂടെ പോയി. അഫിയുടെ ഉപ്പയുടെ ഒരു എഴുത്ത് വായിച്ചപ്പോഴാണ് ഞാൻ തന്നെ ഇക്കാര്യം അറിഞ്ഞത്. ആ എഴുത്തിൽ ഉണ്ടായിരുന്ന ഒരേയൊരു ആവശ്യം ജുമാനയെ അനിയത്തിയെപോലെ നോക്കാൻ കഴിയുമോ എന്നതാണ്. കൂടുതലൊന്നും ആലോചിക്കാതെ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നു.” അജു കാര്യങ്ങളൊക്കെ ഉപ്പയോടും ഉമ്മയോടും വളരെ വിശദമായി പറഞ്ഞു.
കേട്ടപ്പോൾ അവർക്കും ജുമാനയോട് സഹതാപം തോന്നി.
അവരവളെ സ്വീകരിച്ചു. സ്വന്തം മകളായിത്തന്നെ.

“അജ്മൽക്കാ താത്തയെവിടെ…”

“ദേ ആ കാണുന്ന റൂമിലുണ്ട്, പോയിനോക്ക്”

അജു ചൂണ്ടിക്കാണിച്ച റൂമിലേക്ക് ജുമാന നടന്നു.

“ഉപ്പാ ഞാൻ ചെയ്തത് തെറ്റാണോ…?”
ജുമാന പോയപ്പോൾ അജു ഉപ്പയോട് ചോദിച്ചു.

“അല്ല നീ ചെയ്തതാണ് ശെരി. പക്ഷെ എനിക്ക് നിന്നോട് ഒരുകാര്യത്തിൽ ദേഷ്യമുണ്ട്” എന്ന് ഉപ്പ പറഞ്ഞപ്പോൾ
അജു “എന്തിന്” എന്ന് ചോദിച്ചു.

“ഇക്കണ്ട കാലമത്രയും നീ ഞങ്ങളിൽനിന്ന് മുഹമ്മദിനെ ഒളിച്ചുവെച്ചില്ലേ, എല്ലാം നിനക്കറിയാമായിരുന്നിട്ടും നീ എന്നോടൊരുവാക്ക് പറഞ്ഞില്ലല്ലോ”

“ശെരിയാണ് ഉപ്പാ. പറയാൻ മടിച്ചതാണ്. ഒരിക്കൽ ഇവിടെനിന്നും ഉപ്പ ഇറക്കിവിട്ട അഫിയെയും അതിനുപുറകിൽ അവളുടെ ഉപ്പയെയും ഓർത്തപ്പോൾ എനിക്കതിന് കഴിഞ്ഞില്ല. അഫിക്കും അവളുടെ ഉപ്പാക്കും പകരമായി ഞാൻ ഇന്ന് ജുമാനയെ ഇവിടെകൊണ്ടുവന്നു. ജുമാനയെ നിങ്ങൾ മനസ്സറിഞ്ഞു സ്നേഹിക്കുന്നത് കാണുമ്പോൾ അങ്ങകലേയിരുന്ന് ആ ഉപ്പയും മകളും സന്തോഷിക്കും. ഉപ്പയോടുതോന്നിയ എല്ലാ വെറുപ്പും മറന്ന് അവർ ഉപ്പയോട് പൊറുക്കും” എന്ന് പറഞ്ഞ് അജു മുകളിലേക്ക് കയറി.

റൂമിലേക്ക്‌ കയറിയതും ബെഡിൽ പാത്തൂനരികിൽ ഇരുന്ന് കളിച്ച്ചിരിച്ച് സംസാരിക്കുന്ന ജുമാനെയെയാണ് അജു കണ്ടത്.

അജു ഒരു കുളിയൊക്കെ കഴിഞ്ഞ് തിരിച്ചുവരുമ്പോഴും അവരാ ബെഡിൽ അങ്ങനെ ഇരിക്കുന്നത് കണ്ടു.

“ജുമാനാ ഇതിനപ്പുറത്തുള്ള റൂമാണ് മോൾക്കുള്ളത്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മടിക്കാതെ പറയണം. പിന്നേ നാളെ മുതൽ ഇവിടത്തെ സ്കൂളിൽ പോവാട്ടാ”
എന്ന് അജു ജുമാനയോട് പറഞ്ഞ്
അജു പാത്തൂനെ നോക്കി അകലെനിന്ന് ഒരു മുത്തം കാറ്റിലൂടെ പറത്തി
“ഞാൻ ഓഫിസിൽ പോവാ…” എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി.

അരക്കിലോമീറ്റർ നടക്കാനുള്ള ദൂരമുണ്ട് ഓഫിസിലേക്ക്. ബുള്ളറ്റ് അന്നത്തെ ആക്‌സിഡന്റ് കാരണം ഒന്നിനും പറ്റാത്ത അവസ്ഥയായി. പുതിയ ബുള്ളറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്. നാളെയോ മറ്റന്നാളോ ആയിട്ട് അത് കിട്ടും.
അജു പതിയെ നടന്നു.

_____________________

“താത്താ ഈ അജുക്കാക്ക് എന്താ പരിപാടി” പാത്തൂന്റെ അരികിലിരുന്ന് ജുമാന ചോദിച്ചു.

“ഞങ്ങളുടെ കല്യാണം കഴിയുന്നവരെ ഡ്രൈവറായിരുന്നു. അഞ്ചാറു വണ്ടിയൊക്കെ ഉണ്ട്. ഇപ്പൊ വണ്ടി ഓടിക്കാറില്ല. അതിലെ കാര്യങ്ങളൊക്കെ നോക്കി നടക്കുകയാ”

“ആണോ… ആളൊരു പാവമാണല്ലേ. ഉപ്പ പറയാറുണ്ട് നല്ല സ്നേഹമുള്ള ഇക്കയാണെന്ന്. സ്നേഹിച്ചാൽ ചങ്ക് പറിച്ചുതരും ഇല്ലേൽ ചങ്ക് പറിച്ചെടുക്കും എന്നൊക്കെ പറയും”

“അങ്ങനെ ഒന്നുല്ല ജുമി. ആളൊരു പാവാ”

“അത് എനിക്ക് മനസ്സിലായി. എന്റെ കൂട്ടുകാരി ഹന്നയെ ഇക്കാടെ കൂട്ടുകാരനെകൊണ്ട് കെട്ടിക്കും എന്നൊക്കെ പറഞ്ഞു. പിന്നേ എന്റെ ഒരു താതയില്ലേ മരിച്ചുപോയ. ആ താത്താടെ ഫോട്ടോയുണ്ടോ അജ്മൽക്കാടെ കയ്യിൽ”

അപ്പോഴേക്കും അജൂന്റെ കോളെത്തി.

“നീ ജുമാനയോട് അവൾക്ക് എന്തെങ്കിലും വേണോ എന്ന് ചോദിക്കണം. അവളുടെ ആവശ്യങ്ങൾ ചോദിച്ചറിയണം. കേട്ടില്ലേ പാത്തു”

“ആ അത് ഞാനേറ്റു. ഓഫിസിൽ എത്തിയോ”

“ഇല്ല. എത്താറായി.”

“പിന്നേ ജുമി അവളുടെ താത്താടെ ഫോട്ടോ ഉണ്ടോന്ന് ചോദിച്ചു”

“താഴെ പെട്ടിയിലുള്ള ഫോട്ടോസുണ്ട്.”

“അപ്പൊ പേഴ്‌സിലെ ഫോട്ടോ…”

“അത് കളഞ്ഞു.”

“സത്യം പറ”

“ആ പെണ്ണെ. അതൊക്കെ പോയിട്ട് കുറേ ആയി”

“ഇത് കാണിച്ചുകൊടുക്കട്ടെ”

“കാണിച്ചോ.. പക്ഷെ കഥകൾ ഒന്നും അവളറിയണ്ട”

അജു ഫോൺ വെച്ചതും പാത്തു ജുമാനയോട്
“കട്ടിലിന് താഴെ ഒരു പെട്ടിയുണ്ട്. അത് ഒന്ന് എടുക്കോ”

ജുമാന പെട്ടിയെടുത്ത് ബെഡിൽ വെച്ചു.
പാത്തു അത് തുറന്ന് അഫിയുടെ അതിലുണ്ടായിരുന്ന ഫോട്ടോ എല്ലാം അവളെ കാണിച്ചു.
“സുന്ദരി ആയിരുന്നു അല്ലെ എന്റെ താത്ത. കാണാൻ പറ്റിയില്ല എനിക്ക്”
ജുമാനയുടെ കണ്ണുകൾ നിറഞ്ഞു.
പാത്തു അവളെ സമാധാനിപ്പിച്ച് ചേർത്തുപിടിച്ചു.

______________________

ഓഫിസിൽ ഇരുന്ന് കുറേ ദിവസങ്ങൾക്ക് ശേഷം അന്ന് അജു തൊഴിലാളികൾക്ക് ശബളം കൊടുത്തു.

“മോനെ മോൾക്ക് എങ്ങനെയുണ്ട്.”

“കുഴപ്പൊന്നുല്ല ശിവേട്ടാ. രണ്ടാഴ്ചകൂടി കിടക്കേണ്ടിവരും”

“ആതിര ചോദിക്കാറുണ്ട് മോളെ”

“പാത്തൂന്റെ കാലൊന്ന് ശെരിയായാൽ വരാമെന്ന് പറ ആതിരയോട്. അശ്വതിയും കുഞ്ഞും…?”

“കുഴപ്പൊന്നുല്ല. അവളുടെ ഭർത്താവിന്റെ വിസ കൺസലായി. ഇനി നാട്ടിൽ എന്തെങ്കിലും ജോലിനോക്കണമെന്ന് പറയുന്നുണ്ട്.”

“നമ്മുടെ വണ്ടിയിലേക്ക് പറ്റോ. എങ്കിൽ മൂന്നാംനമ്പറിൽ ജോലികൊടുക്കാം”

“അപ്പൊ അതിലുള്ള നിയാസോ”

“അവന് പഠിച്ചത്തിനുള്ള ജോലി ശെരിയായിട്ടുണ്ട്. അടുത്ത ആഴ്ച പോവും അവൻ മുംബൈക്ക്. വിനോദിനോട് പറഞ്ഞുനോക്ക് ശിവേട്ടാ. എന്നിട്ട് പറ്റുമെങ്കിൽ പറയ്.”

ശിവേട്ടൻ പോയപ്പോൾ അജു കണക്കുകൾ നോക്കാനിരുന്നു.
അതൊക്കെ കഴിഞ്ഞ് ബസ്സുമെടുത്ത് വീട്ടിലേക്ക് പോയി.

വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്തെത്തിയതും നീട്ടിയൊന്ന് ഹോണടിച്ചു.
വണ്ടിയിൽനിന്നിറങ്ങാൻ നിന്നതും ജുമാന ഓടിയെത്തി.

“ഇത് ഇക്കാടെ വണ്ടിയാണോ…?” എന്ന് ജുമി ചോദിച്ചു.

“അതേ” എന്ന് അജു തലയാട്ടി.

“എന്നെ ആ സീറ്റിൽ ഇരുത്തുമോ”

“ഈ ഡ്രൈവിംഗ് സീറ്റിലോ…”

“ആ”

“സൂക്ഷിച്ച് കേറിക്കോ” എന്ന് പറഞ്ഞതും ജുമാന കുഞ്ഞുകുട്ടികളെ പോലെ ബസ്സിന്റെ സീറ്റിൽ കയറി സ്റ്റീറിങ്ങിൽ പിടിച്ച് കൗതുകത്തോടെ അതിനുള്ളിൽ നോക്കി.
അപ്പോഴാണ് സിഗരറ്റിന്റെ പാക്ക് അവളുടെ കണ്ണിലുടക്കിയത്.
അജു കാണാതെ ജുമാന അത് കയ്യിലാക്കി താഴെയിറങ്ങി നേരെ വീടിനകത്തേക്ക് ഓടിക്കയറി.

അജു സമാധാനത്തിൽ ബസ്സിന്റെ ഡോറോക്കെ ലോക്കാക്കി റൂമിലെത്തിയപ്പോൾ പാത്തൂന്റെ മുഖം കടന്നാലുകുത്തിയപോലെ ഉണ്ടായിരുന്നു.

“എന്തെ പാത്തു എന്തുപറ്റി”
എന്ന് അജു ചോദിച്ചതും

അവന്റെ നേരെ സിഗരറ്റ് പാക്കറ്റ് പറന്നുവന്നു.

“നീ സിഗരറ്റും വലിക്കാൻ തുടങ്ങിയോ പാത്തു”
എന്ന് ചോദിച്ച് അജു അവളുടെ അടുത്തേക്ക് നടന്നു.

“മിണ്ടരുത്. ഇത് ഇക്കാടെ വണ്ടിയിൽനിന്ന് ജുമിക്ക് കിട്ടിയതാ. അപ്പൊ ഇത് നിർത്തിയിട്ടില്ല അല്ലെ. എനിക്ക് ഇഷ്ടല്ല ഇങ്ങനെ വലിക്കുന്നവരെ” എന്ന് പറഞ്ഞ് പാത്തു അജൂന്റെ നെഞ്ചിൽ ഒരു ഇടി കൊടുത്തു.

“എന്റെ പാത്തൂ… ഞാനൊന്ന് പറയട്ടെ. ഇത് പഴയതാ അല്ലാതെ ഞാൻ ഇന്ന് വലിച്ചിട്ടൊന്നുമില്ല”
എന്ന് പറഞ്ഞ് അജു അവളുടെ കൈ പിടിച്ചു.

“ഞാൻ വിശ്വസിക്കൂല. ഊത് നോക്കട്ടെ”

“ന്റെ പെണ്ണെ എന്നെയൊന്ന് വിശ്വസിക്ക്” അജു അവൾക്കുനേരെ ഒന്ന് ഊതി പാത്തൂനെ അവനിലേക്ക് ചേർത്തു.

“ദേ ഡോർ തുറന്ന് കിടക്കുകയാണ്. ജുമിയെങ്ങാനും കേറിവന്നാൽ ആകെ നാണംകെടും.” എന്ന് പറഞ്ഞപ്പോൾ അജു ചെന്ന് ഡോറടച്ചു.

“ഇനി ആരും കേറിവരില്ലല്ലോ” അജു ബെഡിലിരുന്ന് പാത്തൂനെ ഒന്ന് നോക്കി.

“ന്താ ഇങ്ങനെ നോക്കുന്നെ”

“ഒന്നുല്ല. നിന്റെ മൊഞ്ചൊന്ന് കാണാൻ”

“പൂതിനോക്ക്… കള്ളൻ.”

അജു പാത്തൂന്റെ അരികിലേക്ക് ചേർന്നിരുന്നതും ഡോറിൽ തട്ട് തുടങ്ങി.
തുറന്ന് നോക്കിയപ്പോൾ ജുമി പാത്തൂനുള്ള ഫുഡുമായി വന്നിരിക്കുകയാണ്.

“അജുക്കാനേ താഴെ അന്വേഷിക്കുന്നുണ്ട് ഭക്ഷണം കഴിക്കാൻ.”

അജു താഴെയെത്തി ഭക്ഷണം കഴിക്കുമ്പോൾ
“അജൂ… ജുമിക്ക് എത്രയാ പ്രായം”

“പതിനാറ്‍”

“സ്കൂളിൽ ചേർക്കണ്ടേ…”

“ആ നാളെ പോണമെന്നാ കരുതിയത്. എനിക്ക് നാളെ ഒരു ട്രിപ്പുണ്ട്.”

“അത് പ്രശ്നല്ല. ജുമി മോളെയുംകൊണ്ട് ഞാൻ പോവാം” എന്ന് ഉപ്പ പറഞ്ഞപ്പോൾ അജൂനൊരു ആശ്വാസം തോന്നി.

“ഞാൻ അന്വേഷിച്ചപ്പോൾ മാനേജ്‍മെന്റ് സീറ്റാണ് ഇനി അവിടെ ഒഴിവുള്ളത്. പതിനയ്യായിരം കൊടുക്കണം. അവിടത്തെ കുമാർ മാഷിനോട് ഞാൻ സംസാരിച്ചിട്ടുണ്ട്.” എന്ന് അജു

“അപ്പൊ എല്ലാം നീ നേരത്തെ തീരുമാനിച്ചു അല്ലെ അജു. ആ ഫീസ് ഞാൻ അടക്കാം. നീ നാളെ ട്രിപ്പിന് പൊയ്ക്കോ” എന്ന് അനസ് പറയുമെന്ന് അജു പ്രതീക്ഷിച്ചില്ല.

“പിന്നെ ഒരു വണ്ടി കൊടുക്കാനുണ്ട്. നിനക്ക് വേണേൽ അതൊന്ന് നോക്കാം” എന്ന് വീണ്ടും അനസ്.

“ബൈക്കാണോ എങ്കിൽ വേണ്ട. ബുള്ളറ്റ് നാളെയല്ലേൽ മറ്റന്നാളെത്തും.”

“അല്ലടാ. ഇത് ഒരു കാറാണ്, പുതിയ വണ്ടിയാ. എടുത്തിട്ട് ആറുമാസം ആവുന്നുള്ളൂ. അതെന്തോ അടവ് അടക്കാൻ പറ്റുന്നില്ലാന്ന് പറഞ്ഞിട്ടാ കൊടുക്കാൻ ഉദേശിച്ചത്. വേണേൽ ഞാനൊന്ന് സംസാരിക്കാ”

“ഇക്ക സംസാരിച്ചുനോക്ക്. കണ്ടീഷൻ ഓക്കേ ആണേൽ എടുത്തേക്കാം. കുറേ ആയി ഞാനും വിചാരിക്കുന്നു ഒരു കാറ് വേണമെന്ന്.”

ഭക്ഷണമൊക്കെ കഴിച്ച് അജു റൂമിലെത്തിയപ്പോൾ ജുമി പാത്രവുമായി മടങ്ങാൻ നിൽക്കുകയാണ്.
“ജുമീ… നാളെ സ്കൂളിലേക്ക് ഇക്ക ഉണ്ടാവില്ല. ഉപ്പയും അനസ്‌ക്കയും വരും.”

“അജുക്ക എവിടെപ്പോവാ”

“ഇക്കാക്ക് നാളെയൊരു ട്രിപ്പുണ്ട് വണ്ടിക്ക്. അതുകൊണ്ടാ”

“ശെരി” ജുമി പുറത്തേക്ക് പോയതും അജു ഡോറടച്ചു.

“നാളെ എപ്പോഴാ പോകുന്നെ.”

“രാവിലെ”

“എന്നാ ഇനി തിരിച്ചുവരുന്നേ”

“നാളെ രാത്രിയെത്തും”

“എവിടെക്കാ”

“കൊച്ചിക്കാ. പിന്നേ നാളെ പകൽ ചിലപ്പോ ബുള്ളറ്റ് ഇവിടെയെത്തും. വൈകാതെ ഒരു കാറും”

“എന്തിനാ അജുക്കാ നമുക്ക് കാറ്. ആ ബുള്ളറ്റിൽ ഇക്കാനെ ചേർന്നിരുന്ന് പോകുന്ന സുഖം കാറിൽപോയാൽ കിട്ടില്ല. നമുക്ക് കാറ് വേണ്ട. ബുള്ളറ്റ് മാത്രം മതി”

“ന്റെ പാത്തൂ. പഴയപോലല്ല… ഇപ്പൊ ജുമിയും ഇല്ലേ. അവളെയും ഇടക്ക് പുറത്ത് കൊണ്ടുപോകണ്ടേ.” അജു ബെഡിലേക്ക് കിടന്നു.

“അജുക്കാ… ജുമിക്ക് നല്ല സങ്കടം ഉണ്ടാവില്ലേ, ആരും ഇല്ലല്ലോ അവൾക്ക്. പാവം.” അജൂന്റെ നെഞ്ചിൽ തലവെച്ച് പാത്തു ചോദിച്ചു.

“ആരുപറഞ്ഞു ജുമിക്ക് ആരുമില്ലാന്ന്. അവൾക്ക് ഉമ്മയും ഉപ്പയും ആങ്ങളമാരും താത്താമാരും ഒക്കെയുണ്ട്. നാളെമുതൽ പുതിയ കൂട്ടുകാരും.”

“എല്ലാവരും അതിനെ ഒറ്റപ്പെടുത്താതെ സ്നേഹിച്ചാമതിയായിരുന്നു”

“സ്നേഹിക്കും പെണ്ണെ. നീ ഉറങ്ങാൻനോക്ക്.” അജു അവളെ ചേർത്തുപിടിച്ചു.

രാത്രിയിലെപ്പോഴോ കണ്ണുതുറന്ന പാത്തു അജൂനെ ഒന്ന് നോക്കി. നല്ല ഉറക്കത്തിലാണ്.
പാത്തു അവനെ ഉണർത്താതെ അജൂന്റെ മുഖത്തിനുനേരെ അവളുടെ മുഖം ചേർക്കാൻ നോക്കിയതും അജു കണ്ണുതുറന്നു.

“എന്താ പാത്തൂ… ഞാൻ കള്ളനാണെന്ന് പറഞ്ഞിട്ട് നീ കക്കാൻ കേറിയതാണോ” എന്ന് ചോദിച്ച് അവളെ ബെഡിലേക്ക് തിരികെ കിടത്തി.

“സമാധാനമായി” എന്ന് പാത്തു ചിന്തിച്ചതും അജു പാത്തൂന്റെ അധരങ്ങൾ കവർന്നെടുത്തിരുന്നു.
എതിർക്കാൻ പാത്തൂനും തോന്നിയില്ല. അവന്റെ കഴുത്തിലൂടെ പാത്തു അവനെ ചുറ്റിപ്പിടിച്ചു.

അധരങ്ങൾ തമ്മിൽ വേർപ്പെടുത്തി അജു പാത്തൂനെയൊന്ന് നോക്കി.
നാണംകൊണ്ട് ആ മുഖം ചുവന്നിരുന്നു.
പാത്തു അജൂന്റെ നെഞ്ചിലേക്ക് തലവെച്ച്
“ഒരു ദയയും കാണിക്കരുത്, മനുഷ്യന്റെ ശ്വാസം മുട്ടി” അവള് അജൂന്റെ നെഞ്ചിലൊരു നുള്ളുകൊടുത്തു.

“വേദനിപ്പിക്കാതെ പാത്തൂ…” അജു അവളെ ചേർത്തുപിടിച്ച് എപ്പോഴോ ഉറങ്ങിപ്പോയി.

________________________

“താത്താ അജുക്കയെ ഒന്ന് വിളിക്കോ” ജുമി വന്ന് ചോദിച്ചപ്പോൾ പാത്തു ചോദിച്ചു.

പാത്തു അജൂന്റെ നമ്പറിലേക്ക് വിളിച്ച് ജുമിക്ക് നേരെ ഫോൺ നീട്ടി.

“ന്താ പാത്തു. ഇന്നലത്തേത് ഓർത്തിട്ട് അവിടെ ഇരിക്കാൻ കഴിയുന്നല്ലേ നിനക്ക്” അജൂന്റെ വാക്കുകേട്ട് ജുമിയുടെ കിളിപോയത് പാത്തു അറിഞ്ഞു.

“അജുക്കാ ഇത് ഞാനാ ജുമി.”

“അല്ലാഹ് മോളായിരുന്നോ. ഞാൻ അവളാണെന്നുകരുതി”

“സാരല്ല. അത് ഞാൻ താത്തയോട് പറയാ. പിന്നേ ഞാൻ സ്കൂളിലേക്ക് പോവുകയാണ്. അപ്പൊ പറഞ്ഞിട്ട് പോവാമെന്ന് കരുതി”

“പോയിട്ട് വായോ. നന്നായി പഠിക്കണംട്ടോ. അനുക്കയെ കണ്ടില്ലേ. ആള് എൻജിനീയറാ. ഇനി ഒരാളുടെ ഉണ്ട്. റിയാസ്‌ക. ആള് അക്കൗണ്ടന്റാ. അതുപോലെ മോളും നന്നായി പഠിക്കണം. അജുക്കയെപോലെ ഉഡായിപ്പ് ആവരുത്”

“അതൊക്കെ ഞാനേറ്റു അജുക്കാ. പക്ഷെ അജുക്ക പറഞ്ഞ ഉഡായിപ്പിന്റെ മനസ്സ് മറ്റാർക്കും ഉണ്ടാവില്ലട്ടാ. അതാണ് അജുക്കയുടെ വിജയം. അപ്പൊ ശെരി. വന്നിട്ട് കാണാം. ഞാൻ താത്താക്ക് കൊടുക്കാം” ജുമി പാത്തൂന് ഫോൺ നൽകി പാത്തൂന്റെ കവിളിലൊരു മുത്തവും നൽകി ജുമി പുറത്തേക്ക് പോയതും

“നിങ്ങളെന്താ മനുഷ്യാ ജുമിയോട് പറഞ്ഞത്”

“ഞാൻ നീയാണെന്ന് കരുതി ഇ.ന്നലത്തെ ഓർമയിൽ ഇരിക്കുകയാണോ എന്ന് ചോദിച്ചു”

“നന്നായി. ജുമി ചെറിയകുട്ടി ഒന്നുമല്ലട്ടാ. മറക്കണ്ട ന്റെ കെട്ടിയോൻ”

“ഇല്ല പെണ്ണെ. നീ കഴിച്ചോ”

“ഇല്ല, ആവുന്നേയുള്ളു. ഇക്ക എവിടെയെത്തി”

“എത്താറായി. ഡ്രൈവിങ്ങിലാ”

“എന്നാൽ ഫോൺ വെച്ച് അവിടെ ശ്രദ്ധിക്ക്” എന്നുപറഞ്ഞ് പാത്തു ഫോൺ വെച്ചു.

പാത്തൂന്റെ മനസ്സിലേക്ക് ഇന്നലത്തെ സംഭവം ഓടിയെത്തിയപ്പോൾ അവൾ നാണംകൊണ്ട് മുഖം മറച്ചു.

രാത്രിയേറെ വൈകിയാണ് അജു തിരിച്ചെത്തിയത്.
റൂമിൽ കയറിയപ്പോൾ പാത്തു നല്ല ഉറക്കത്തിലാണ്.
ഒന്ന് ഫ്രഷായിവന്ന് അജു അവൾക്കരികിൽ കിടന്ന് അവളെ നെഞ്ചിലേക്ക് ചേർത്തുകിടത്തി.
അജൂനെയും കെട്ടിപ്പിടിച്ച് ഉറങ്ങുമ്പോൾ ലോകം കീഴടക്കിയ പ്രതീതിയായിരുന്നു പാത്തൂന്.

ദിവസങ്ങളേറെ കടന്നുപോയി.

പാത്തൂന്റെ കാലിലെ പ്ലാസ്റ്ററൊക്കെ മാറ്റി ഇന്നവൾ തനിയെ നടക്കാൻ തുടങ്ങി. ജുമാനയെ എല്ലാവരും ഒരുപോലെ സ്നേഹിക്കുന്നു. അജൂന്റെ ജീവിതത്തിൽ സമാധാനം മാത്രം. അജൂനോട് യാതൊരു പകയുമില്ലാതെ അനസും ഇപ്പോൾ അജൂന്റെകൂടെയുണ്ട്.

നാളെ ഹാരിസിന്റെ പെങ്ങളുടെ കല്യാണമാണ്.
അതുകൊണ്ട് ജുമിക്കും പാത്തൂനും പുതിയ ഡ്രെസ്സെടുക്കാൻ പോവുകയാണ് അജ്മൽ. കൂടെ പാത്തുവും ജുമിയുമുണ്ട്.

തുണിക്കടയിലെത്തി ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ പറഞ്ഞ് അജു അവർക്കൊപ്പം അവിടെനിന്നു.
അപ്പോഴാണ് പുറകിൽനിന്നും
“ടാ അജ്മലെ… ” എന്ന വിളികേട്ടത്.
വിളികേട്ടഭാഗത്തേക്ക് അജൂനൊപ്പം പാത്തുവും തിരിഞ്ഞു.

ആകെ വെള്ളപൂശി ചുണ്ടിൽ ചുവന്ന ചായവും തേച്ച് ഇറുകിയ വസ്ത്രവും അണിഞ്ഞ് അജൂന്റെ നേരെ വന്ന് അവനുനേരെ കൈനീട്ടി.

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!