✒️F_B_L
“എന്താ നോക്കുന്നെ, താഴെയിറങ്ങണോ”
എന്ന അജൂന്റെ ചോദ്യത്തിന് “വേണ്ട” എന്ന് കണ്ണുകൾകൊണ്ട് പറഞ്ഞ് പാത്തു അവന്റെ നെഞ്ചോടുചേർന്നു.
അജു അവളെയുംകൊണ്ട് റൂമിലെത്തി അവളെ ബെഡിൽ കിടത്തി.
“സമാധാനമായില്ലേ പാത്തൂ നിനക്ക്. ഇനി ഒരുമാസത്തേക്ക് എന്റെ ശല്യം ഉണ്ടാവില്ലല്ലോ” എന്ന് അജു.
“ദേ അജുക്കാ വേണ്ടാത്തത് പറയല്ലേട്ടാ.”
“പിന്നല്ലാതെ, ഞാനൊന്ന് പിടിച്ചപ്പോൾ പേടിച്ചോടിയതല്ലേ നീ. എന്നിട്ടിപ്പോ എന്തായി”
പാത്തു മുഖംതിരിച്ചു.
“പാത്തൂ… ഇന്നത്തെ ദിവസംതന്നെ നിന്റെ കാലൊടിഞ്ഞല്ലോ, ഇനി എല്ലാ ജന്മദിനത്തിലും കാലൊടിഞ്ഞ വാർഷികവും ആഘോഷിക്കാം”
“അല്ലാഹ്, എന്റെ ഫോണോന്നെടുത്തെ അജുക്കാ, ഉപ്പാക്ക് വിളിച്ചില്ല ഇന്ന്”
അജു ടേബിളിൽനിന്ന് പാത്തൂന്റെ ഫോണെടുത്ത് അവൾക്ക് കൊടുത്തു.
പാത്തു ബെഡിൽ കിടന്ന് ഉപ്പയോട് സംസാരിക്കുന്നത് കണ്ടപ്പോൾ അജൂന്റെ മനസ്സ് വേദനിച്ചുതുടങ്ങി.
തനിക്കൊരു മുറിവ് പറ്റുമ്പോഴേക്കും കണ്ണുനിറക്കുന്ന പെണ്ണാണ് കാലും ഒടിഞ്ഞ് കിടക്കുന്നത്.
“ദേ അജുക്കാ എന്താ സ്വപ്നം കാണുന്നെ”
അവൾക്കരികിലിരിക്കുന്ന അജൂനെ തട്ടിക്കൊണ്ട് പാത്തു ചോദിച്ചു.
“ഒന്നുല്ല പാത്തൂ… ഉപ്പ എന്തുപറഞ്ഞു”
“വൈകുന്നേരം വരും എല്ലാവരും ഇങ്ങോട്ട്”
“ഫായി വരോ… കുറേ ആയി ന്റെ അളിയനെ കണ്ടിട്ട്”
“ശെരിയാണ്. മോനൊന്ന് സൂക്ഷിച്ചോ, ഇക്കാനെ പേടിച്ച് ഇറങ്ങിഓടിയിട്ടാണ് കാലൊടിഞ്ഞത് എന്ന് അവനോട് പറയണ്ട. ചിലപ്പോ നിങ്ങളെ തള്ളി താഴെയിടും.”
ഓരോന്നും പറഞ്ഞ് പാത്തൂന്റെകൂടെ റൂമിലിരുന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല.
ഉമ്മ ഭക്ഷണവുമായി എത്തിയപ്പോൾ അവൾതന്നെ എണീറ്റിരുന്ന് കഴിച്ചുതുടങ്ങി.
“അജൂ നീ എവിടേക്കും പോവരുതേ, ഞാനും ഉപ്പയും നിന്റെ ബാബിയുടെ അടുത്തേക്ക് പോവുകയാ. അഡ്മിറ്റാക്കി എന്ന് ഇപ്പൊ വിളിച്ചുപറഞ്ഞിരുന്നു.
നീ പോയാൽ ഇവിടെ മോള് ഒറ്റക്കാവും”
“അല്ലാഹ്… താത്താടെ ഉണ്ണിനെ കണ്ടതിന് ശേഷം ഒടിഞ്ഞാമതിയാരുന്നു കാല്. ഇനിയിപ്പോ ഉണ്ണിനെ കാണാനും പറ്റില്ല” പാത്തു പരിഭവം പറഞ്ഞു.
“നന്നായൊള്ളു, എനിക്കിഷ്ടായി.” എന്ന് അജുപറഞ്ഞ് അവൻതന്നെ ചിരിച്ചു.
“കണ്ടില്ലേ ഉമ്മാ അജുക്ക കളിയാക്കുന്നെ, എന്നെ കാലത്ത് ഓടിച്ചിട്ടാ ഞാൻ വീണത്” എന്ന് പാത്തുപറയുമെന്ന് അജു പ്രതീക്ഷിച്ചില്ല.
കേൾക്കേണ്ട താമസം
“നിനക്ക് കളി കുറച്ച് കൂടുന്നുണ്ട്, എന്റെ മോളെ കിടത്തിയപ്പോ സമാധാനായില്ലേ നിനക്ക്” എന്ന് ഉമ്മ അവനെ വഴക്കുപറയാൻ തുടങ്ങി.
പാത്തു ഭക്ഷണം കഴിച്ച പാത്രവുമെടുത്ത് ഉമ്മ പുറത്തേക്ക് പോയതും അജു റൂമിന്റെ ഡോർ കുറ്റിയിട്ട് അവളുടെ അടുത്ത് വന്നുനിന്നു.
“എനിക്ക് കൈകഴുകണം, നോക്കിനിൽക്കാതെ എന്നെയൊന്ന് പിടിക്ക് മനുഷ്യാ” എന്ന് പാത്തു.
“പിടിക്കാലോ, വാ” അജു അവളെ അരയിലൂടെ കയ്യിട്ട് കട്ടിലിൽ നിന്ന് എഴുനേൽപ്പിച്ച് വാഷ്ബേസണിന്റെ അടുത്തേക്ക് നടന്നു.
അതിന്റെ അടുത്ത് എത്താറായതും അജു പിടിവിട്ടു.
“നീ ഉമ്മയോട് എന്താ പറഞ്ഞെ, എനിക്ക് ചീത്തകേട്ടപ്പോ സമാധാനായില്ലേ. മോള് ഒറ്റക്ക് പോയാമതി”
“ഇക്കാ… എന്നെ പിടിക്ക്, ഞാൻ വീഴും”
ഒറ്റക്കാലിൽ നിന്നുകൊണ്ട് പാത്തു പറഞ്ഞു.
“വീഴണം, അത് കണ്ടിട്ട് എനിക്ക് പൊട്ടിച്ചിരിക്കണം” എന്ന് പറഞ്ഞുതീരുംമുൻപ് പാത്തു അജൂന്റെ നേരെ ചരിഞ്ഞു.
“പാത്തൂ…” എന്ന് വിളിച്ച് അജു അവളെ പിടിച്ചു.
“അപ്പൊ വീഴുന്നതിൽ പേടിയുണ്ടല്ലേ…” എന്ന് പാത്തു ചോദിച്ചപ്പോൾ
“മിണ്ടാതെ കഴുകിയിട്ട് മര്യാദക്ക് ഒരുഭാഗത്ത് അടങ്ങിയിരിക്ക്” എന്ന് അജു.
പാത്തു ഒന്നുംമിണ്ടാതെ അജൂനെയും പിടിച്ച് കൈകഴുകി തിരികെ ബെഡിലെത്തി കിടന്നു.
പാത്തൂന്റെ കാലൊടിഞ്ഞവിവരമറിഞ്ഞ് കുഞ്ഞോളും റിയാസുമെത്തി. അവർക്കുപുറകേ പാത്തൂന്റെ വീട്ടുകാരും.
പാത്തൂന്റെ വീട്ടുകാരെകണ്ട സന്തോഷത്തിലാണ് പാത്തു. ഉമ്മയോടും ഉപ്പയോടുമൊക്കെ കുറേ കത്തിയടിച്ച് പാത്തു വളരെ സന്തോഷത്തിലാണ്.
“അജുക്കാ ബുള്ളറ്റെവിടെ, നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ” എന്ന് ഫായി.
“അച്ചോടാ, ഫായിമോനെ ബുള്ളറ്റ് വർക്ഷോപ്പിലാ, അതിനെന്തോ ചെറിയൊരു പനി, അവിടെ അഡ്മിറ്റാണ്” എന്ന് അജു തട്ടിവിട്ടു.
പാവം ഫായി അത് വിശ്വസിക്കുകയും ചെയ്തു. ഫായി മാത്രമല്ല മറ്റുള്ളവരും.
ഏറെനേരം പാത്തൂന്റെ കൂടെ അവളുടെ കുടുമ്പം ഇരുന്നു. ശേഷം ഇരുട്ടാറായ സമയത്ത് അവരിറങ്ങി.
അവിടെന്ന് കുറച്ച് കഴിഞ്ഞപ്പോൾ കുഞ്ഞോളും റിയാസും യാത്രപറഞ്ഞു.
പാത്തൂനരികിൽ ഓരോന്നും പറഞ്ഞ് അജു ഇരുന്നു. അപ്പോഴാണ് ഹാരിസിന്റെ കോളെത്തിയത്. അവൻ ലൗഡ്‌സ്പീക്കറിൽ ഇട്ടു.
“എവിടെ അജുക്കാ… നല്ല ആളാണ്, ഇവിടെ കുറച്ച് വണ്ടികളുണ്ട്, അക്കാര്യം നിങ്ങൾ മറന്നെന്ന് തോന്നുന്നു.”
“ഇല്ലടാ… ഇന്ന് അങ്ങോട്ട് വരണമെന്ന് കരുതിയതാ.”
“എന്നിട്ടെന്തേ വരാഞ്ഞേ”
“പാത്തു ചെറുതായൊന്ന് വീണു”
“റബ്ബേ… എന്നിട്ട്”
“എന്നിട്ടെന്താ ഹോസ്പിറ്റൽ കൊണ്ടോയി, പ്ലാസ്റ്റർ ഇട്ട്. ഇപ്പൊ ഇവിടെ കിടപ്പുണ്ട്.”
“അപ്പൊ പാത്തൂന്റെ കെട്ടിയോൻ പാത്തൂനെ കഥപറഞ്ഞ് ഉറക്കുകയാണോ,”
“അല്ലടാ പട്ടി. വീട്ടിൽ ആരൂല്ല. ബാബിടെ പ്രസവം ആയോണ്ട് എല്ലാരും അവിടെയാ.”
“നന്നായി. ഈ കണക്കുകൾ ഒന്ന് നോക്കണം. ഞാൻ വീട്ടിലേക്ക് വരാം”
“അതാണ് നല്ലത്. ഇങ്ങോട്ട് പോരെ.”
അജു പാത്തുവിനെ നോക്കി “എന്തെങ്കിലും വാങ്ങണോ നിനക്ക്” എന്ന് ചോദിച്ചു.
“എനിക്ക് ഷവർമ വേണം. കിട്ടോ” എന്ന് പുഞ്ചിരിച്ചുകൊണ്ട് പാത്തു.
“ഞാൻ കേട്ടു. അപ്പൊ അത്തുംവാങ്ങി ഞാൻ വീട്ടിലേക്ക് വരാം.” ഹാരിസ് ഫോൺ വെച്ചു.
വൈകാതെ ഹാരിസെത്തി.
പാത്തൂനോട് കുറച്ചുനേരം സംസാരിച്ചിരുന്ന് ഹാരിസും അജ്മലും താഴേക്ക് പോയി.
ബെഡിൽ കിടക്കുന്ന അജൂന്റെ ഫോണടിക്കുന്നത് കണ്ടപ്പോൾ പാത്തു എടുത്ത്നോക്കി. നോക്കിയപ്പോൾ “ഉപ്പ” എന്ന് കണ്ടതും അവള് കോളെടുത്ത് ചെവിയോട് ചേർത്തു.
“ഉപ്പാ എന്തായി, സഹലാത്ത പ്രസവിച്ചോ എന്ത് കുട്ടിയാ”
“മോളെ ഞാൻ…”
“എന്തുപറ്റി”
“മോളുദ്ദേശിക്കുന്ന ഉപ്പയല്ല ഞാൻ, ഞാൻ…”
അത് കേട്ടപ്പോൾ പാത്തു ഫോൺ കണ്ണിനുനേരെ പിടിച്ചു.
“ഇതിൽ ഉപ്പ എന്നാണല്ലോ സേവ്ചെയ്തിട്ടുള്ളത്”എന്ന് മനസ്സിൽ പറഞ്ഞു.
“മോൾക്ക് അറിയുമോ എന്നറിയില്ല. ഞാൻ അഫിയുടെ ഉപ്പയാണ്. മുഹമ്മദ്.”
“ആ ഉപ്പാ ഉപ്പയായിരുന്നോ, ഞാൻ കരുതി അജുക്കയുടെ ഉപ്പയായിരിക്കുമെന്ന്. എന്തൊക്കെയുണ്ട് വിശേഷങ്ങൾ, സുഖല്ലേ ഉപ്പാക്ക്”
“ആ മോളെ, കുഴപ്പമൊന്നുല്ല. എന്താ മോളെ വിശേഷം, അജു എന്ത്യേ, രണ്ടാളും ഇങ്ങോട്ട് വരാന്ന് പറഞ്ഞിട്ട് ഇതുവരെ കണ്ടില്ലല്ലോ”
“ഉപ്പാ സത്യമായിട്ടും ഇന്ന് വരാന്ന് പറഞ്ഞതാ അജുക്ക. അപ്പൊ ഞാനാ പറഞ്ഞത് വേണ്ടാന്ന്. സഹലാത്ത അഡ്മിറ്റാ. ഇന്നോ നാളെയോ താത്ത പ്രസവിക്കും.”
“അത് കുഴപ്പല്ല. അവനിവിടെന്ന് പോയിട്ട് കുറച്ചുദിവസായി. എന്തായാലും അവനോട് പറയണം ഞാൻ വിളിച്ചിരുന്നു എന്ന്. മാത്രമല്ല പെട്ടെന്ന് രണ്ടാളും ഇങ്ങോട്ട് വരികയുംവേണം”
“ഉപ്പാ പെട്ടെന്ന് എന്നൊക്കെ പറഞ്ഞാൽ പറ്റില്ല ഉപ്പാ.”
“അതെന്തേ”
“വേരൊന്നുംകൊണ്ടല്ല. ഞാനിന്ന് ഒന്നുവീണു. കാലൊടിഞ്ഞ് കിടപ്പാണ്. ഒരുമാസം എന്തായാലും റസ്റ്റ് വേണമെന്നാ പറഞ്ഞിരിക്കുന്നത്. ഇനി അതുകഴിയാതെ ഇത്രയുംദൂരം എങ്ങനെയാ ഉപ്പാ…”
“അത് ഞാനറിഞ്ഞില്ല. കുഴപ്പമില്ല, അജു വന്നാൽ എന്നെയൊന്ന് വിളിക്കാൻ പറ മോള്”
“ശെരി ഉപ്പാ” പിന്നീടൊന്നും കേട്ടില്ല.
പാത്തു ഫോൺ ബെഡിലേക്ക് വെച്ച് കിടന്നു.
അപ്പോഴേക്കും അടുത്തത് എത്തി.
ആ കോളും ഉപ്പ.
ഏത് ഉപ്പയാണെന്ന സംശയത്തിൽ പാത്തു കോളെടുത്തു.
“അജൂ… ബാബി പ്രസവിച്ചു. പെൺകുട്ടി.”
“ഉപ്പാ ഞാനാ പാത്തു. ഇക്ക താഴെയാ”
“അവനോടൊന്ന് പറഞ്ഞേക്ക് മോള്”
ആ കോളും കട്ടായി.
ഈ സമയത്ത് കയ്യിൽ കുറേ പണവുമായി അജു റൂമിലേക്ക് കയറിവന്നു.
“അള്ളോഹ് വീട്ടിൽ ആരുമില്ലാത്ത തക്കംനോക്കി അപ്പുറത്തെ അലമാര കുത്തിതുറന്നോ അജുക്കാ. എവിടെന്നാ ഇത്രയും പണം” പാത്തു ചോദിച്ചു.
“പോടീ… അതിന്റെ ഒരു കുറവുകൂടിയുണ്ട്. ഇത് ഹാരിസ് കൊണ്ടുവന്നതാ. നാളെ ബാങ്കിലിടുന്നമുൻപ് കയ്യോടെ ഇങ്ങുവാങ്ങി. ഒരു അത്യാവശ്യം ഉണ്ട്”
“ഇത്രയും പണത്തിന്റെ അത്യാവശ്യം എന്താ”
“ബുള്ളറ്റ് വാങ്ങണ്ടേ, ഉണ്ടായിരുന്നത് മയ്യത്തായില്ലേ.”
“ഹാ. പിന്നേ പറയാൻ മറന്നു. ഉപ്പ വിളിച്ചിരുന്നു. സഹലാത്ത പ്രസവിച്ചു. പെൺകുട്ടി”
അജു അലമാരയിലേക്ക് പൈസ വെക്കുമ്പോൾ പാത്തു പറഞ്ഞു.
“ആഹാ അപ്പൊ ഞാനൊരു കൊച്ചുപ്പയായി അല്ലെ പാത്തു.” അലമാര അടച്ച് പാത്തൂനുനേരെ തിരിഞ്ഞു.
“ശെരിയാ. അപ്പൊ ഞാനാരാ” എന്ന് പാത്തു.
“നീ വെല്ലിമ്മ” അജു അവളെനോക്കി ചിരിച്ചു.
“നീയൊന്ന് മനസ്സുവെച്ചാ എത്രയും പെട്ടെന്ന് വേണേൽ ഒരു ഉമ്മയാവാം”
എന്ന് പറഞ്ഞ് അജു പാത്തൂന്റെ അടുത്തേക്ക് ചെന്നു.
ഷർട്ടിന്റെ ബട്ടൺ ഓരോന്നായി അഴിച്ച് അജൂന്റെ വരവുകണ്ടപ്പോൾ പാത്തു ബെഡിൽ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു. ശ്രമം വിജയിച്ചപ്പോൾ
“മോനെ അല്ലെങ്കിലേ കാല് വേദനിച്ച് ഒരുവഴിക്കായി, എന്നെ ഓടിക്കല്ലേ പ്ലീസ്”
“ഇല്ല പാത്തു, നീ കിടന്നോ. നിന്റെ സമ്മദം ഇല്ലാതെ നിന്നെ ഞാൻ ഒന്നും ചെയ്യില്ല. അത് പോരെ.”
“മുത്താണ് അജുക്ക”
“എന്തെങ്കിലും ആവട്ടെ, ഇതൊക്കെ ഓര്മയിലുണ്ടായിരിക്കട്ടെ” എന്ന് പറഞ്ഞ് അജു അവൾക്കരികിലിരുന്നു.
“പിന്നേ ഉപ്പ വിളിച്ചിരുന്നു”
“അത് നീ പറഞ്ഞല്ലോ പാത്തു”
“അത് അജുക്കാടെ ഉപ്പ വിളിച്ചത്. ഇത് അഫിയുടെ ഉപ്പ വിളിച്ചതാ പറഞ്ഞെ”
“എന്നിട്ട് നീ കോളെടുത്തോ, സംസാരിച്ചോ, എന്താ പറഞ്ഞെ” അജു ആകാംഷയോടെ ചോദിച്ചു.
“ഒന്നുല്ലാ, എന്താ വരാത്തതെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു കാലൊടിഞ്ഞ് കിടപ്പാണെന്ന്, ഇക്കാനോട് ഒന്ന് വിളിക്കാൻ പറഞ്ഞിരിക്കുകയാ.” എന്ന് പാത്തുപറഞ്ഞപ്പോൾ അജു ഫോണെടുത്ത് വിളിച്ചു.
“പാത്തു പറഞ്ഞില്ലേ, ഇവിടെ ഒന്നിനുപുറകെ ഒന്നായി ആകെ മുടക്കാ. ഇന്ന് വരണമെന്ന് കരുതിയതാ. അപ്പോഴേക്കും പാത്തു കിടപ്പായി. ഞാൻ നാളെ കാലത്ത് ഹാരിസിനെ അങ്ങോട്ട് വിടാം. അവന്റെകൂടെ ഇങ്ങോട്ട് പോരെ. എന്തുപറയുന്നു”
എന്ന് അജു ഫോണിലൂടെ ചോദിച്ചു.
“അത് കേട്ടാമതി. എന്താണ് എടുക്കാൻ ഉള്ളതെന്നുവെച്ചാൽ എടുത്തുവെച്ചോ. നാളെ നേരംവെളുക്കുന്ന മുൻപ് ഹാരിസവിടെ എത്തും.”
എന്ന് പറഞ്ഞ് അജു ഫോൺ വെച്ച് പാത്തൂനെ ഇറുകെകെട്ടിപ്പുണർന്നു.
“നാളെ അഫിയുടെ ഉപ്പ ഇവിടെയെത്തും. ഉപ്പയും ഉപ്പയും തമ്മിലുള്ള ആ പ്രശ്നവും തീർന്നാൽ ഞാൻ ഹാപ്പി” എന്ന് അജു പറഞ്ഞപ്പോൾ
“അതിന് എന്നെയിങ്ങനെ ഞെക്കിക്കൊല്ലുന്നത് എന്തിനാ അജുക്കാ” എന്ന് പാത്തു.
“കഴിക്കണ്ടേ നിനക്ക്” എന്ന് ചോദിച്ച് അജു പാത്തൂനെ കട്ടിലിന്റെ അരികിലേക്കിരുത്തി.
അടുക്കളയിൽ പോയി രണ്ട് പാത്രം എടുത്തുവന്ന് അജു അതിലേക്ക് ശവർമയും കുബ്ബൂസും വെച്ച് കഴിക്കാൻ പറഞ്ഞു.
അജൂന്റെ മുഖത്തായിരുന്നു കഴിക്കുന്നതിനിടയിൽ പാത്തൂന്റെ ശ്രദ്ധ. എന്തോ വല്ലാത്ത സന്തോഷമുണ്ട് ആ മുഖത്ത്. ഇതുവരെ കാണാത്ത ഒരു തിളക്കം ആ കണ്ണുകളിൽ പാത്തൂന് കാണാൻ കഴിഞ്ഞു.
“എന്താ പാത്തൂ നീയിങ്ങനെ നോക്കുന്നെ”
“ഒന്നുല്ല”
“എന്താടോ എന്തെങ്കിലും പറയാനുണ്ടോ”
“ഇല്ല. ഞാൻ ഇക്കയുടെ സന്തോഷം കണ്ടപ്പോ നോക്കിയതാ”
“ബാക്കി നാളെ നോക്കാം. ഇപ്പൊ നീ ഇത് കഴിച്ച് മരുന്ന് കഴിക്ക്.”
അജു പാത്തൂന്റെ കൂടെ ബെഡിലിരുന്ന് ഭക്ഷണം കഴിച്ച് പാത്രവുമായി അടുക്കളയിലേക്ക് പോയി. തിരികെ റൂമിലെത്തി ഹാരിസിനെ വിളിച്ച്
“നാളെ രാവിലെ ആറുമണിക്ക് പാലക്കാട് എത്തണം, ആരുടെയെങ്കിലും കാറെടുത്ത് പൊയ്ക്കോ, അഫിയുടെ ഉപ്പയെ കൂട്ടിക്കൊണ്ടുവരണം” എന്ന് പറഞ്ഞ് അജു ഫോൺ വെച്ച് പാത്തൂന്റെ അരികിൽ കിടന്നു.
കാലത്ത് നേരത്തെ എഴുനേറ്റ് പാത്തൂന് കട്ടനുമായി അജു വന്ന് അവളെ വിളിച്ചു.
“പാത്തൂ… എഴുന്നേറ്റെ പെണ്ണെ, എന്തൊരു ഉറക്കമാണിത്.” അജു അവളെ കുലുക്കിവിളിച്ചു.
“ന്റെ അജുക്കാ… കുറച്ചുനേരംകൂടി ഉറങ്ങട്ടെ. ഇക്കയിവിടെ കിടക്ക്” എന്ന് പറഞ്ഞതും അജു അവളെ പൊക്കിയെടുത്ത് ബാത്റൂമിൽ കൊണ്ടുപോയി നിർത്തി.
മര്യാദക്ക് ഫ്രഷായിട്ട് എന്നെ വിളിക്ക്. അപ്പൊ ഞാൻ ഒന്നൂടെ വരാം.
“എന്റെ ഡ്രെസ്സൊക്കെ അലമാരയിലാ. ഏതെങ്കിലും എടുത്തിട്ട് വാ”
അജു ആദ്യം കയ്യിൽകിട്ടിയഡ്രസ്സ് എടുത്ത് വീണ്ടും അവളുടെ അടുത്തേക്ക്.
“ഇനി മോൻ പൊയ്ക്കോ, ക്കഴിഞ്ഞാൽ ഞാൻ വിളിക്കാം. പോവാൻ നോക്ക് ചെക്കാ”
അജു റൂമിലേക്ക് തിരിച്ചുവന്ന് ജനാലിലൂടെ പുറത്തേക്ക് നോക്കി.
ഇതുവരെയില്ലാത്ത ഒരു പ്രത്യേക ഭംഗി ഇന്ന് ഉദയസൂര്യനുണ്ടെന്ന് അവനുതോന്നി.
ഓരോന്നും ആലോചിച്ച് പുറത്തേക്ക് നോക്കിനിന്നപ്പോൾ
“അജുക്കാ” എന്ന പാത്തൂന്റെ കിളിനാദം അവന്റെ ചെവിയിലെത്തി.
അജു പാത്തൂനെ പൊക്കിയെടുത്ത് തിരികെ ബെഡിലിരുത്തിയതും പാത്തൂന്റെ ഫോണടിക്കാൻ തുടങ്ങി. നോക്കിയപ്പോൾ റിയാസ്.
പാത്തു ഫോണെടുത്ത് ചെവിയിൽവെച്ച്
“ആ റിയാസ്‌ക്കാ… എന്താണ് കാലത്തെത്തന്നെ, എന്തുപറ്റി” എന്ന് പാത്തു ചോദിച്ചു.
“അജു ഇല്ലേ പാത്തൂ അവിടെ”
“ഇവിടെയുണ്ടല്ലോ, എന്തെ റിയാസ്‌ക്കാ”
“ഒന്നുല്ല പാത്തു, നീ ഫോണൊന്ന് അവന് കൊടുക്ക്”
പാത്തു ഫോൺ അജൂനുനേരെ നീട്ടി.
“എടാ അജു നിന്റെ ഫോണെന്ത്യേ,”
“ഇവിടുണ്ടല്ലോ, എന്തെ അളിയാ”
“കുറേ നേരമായി പലരും നിന്നെ വിളിക്കുന്നു. കിട്ടുന്നില്ലല്ലോ”
എന്ന് റിയാസ് പറഞ്ഞപ്പോൾ അജു ഫോൺ എടുത്ത്നോക്കി
“അളിയാ ചാർജ് തീർന്ന് ഓഫായിപ്പോയി, എന്താ കാര്യം”
“നീ ടെൻഷനാവരുത്, ഹാരിസ് നിന്നെ വിളിച്ച് കിട്ടാതായപ്പോൾ എന്നെ വിളിച്ചിരുന്നു.”
“എന്താ കാര്യമെന്ന് പറ അളിയാ”
“നമ്മുടെ അഫിയുടെ ഉപ്പ ഇന്നലെ സുഖമില്ലാതെ ആശുപത്രിയിൽ ആയിരുന്നു.”
“അല്ലാഹ് എന്നിട്ട്”
“നീ ടെൻഷനാവല്ലേ, കുഴപ്പമൊന്നുല്ല. നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് ഡോക്ടർ ഹാരിസിനോട് പറഞ്ഞെന്ന്.”
“അളിയൻ വെച്ചോ. ഞാൻ ഹാരിസിനെ ഒന്ന് വിളിക്കട്ടെ”
അജൂന്റെ കൈകളിൽ വിറയൽ അനുഭവപ്പെട്ടു.
“ടാ എന്തായി, ഉപ്പാനെ കണ്ടോ നീ…”
“അജുക്കാ… അഫിയുടെ ഉപ്പ പോയി അജുക്കാ… ഞാനിവിടെ എത്തുന്നതിന്റെ അരമണിക്കൂർമുൻപ്…” ഹാരിസിന്റെ വാക്കുകൾ പാതിവഴിയിൽ മുറിഞ്ഞുപോയത് അജു അറിഞ്ഞു.
അജു തളർന്ന് ബെഡിലിരുന്ന് നിറഞ്ഞുവന്ന മിഴികൾ തുടച്ച്
“നീ ഒരു ആംബുലൻസ് വിളിച്ച് ഇങ്ങോട്ട് കൊണ്ടുവായോ ഉപ്പയ്യെ” എന്ന് പറഞ്ഞ് ഫോൺ വെച്ചു.
[തുടരും…]
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission