✒️F_B_L
ഡയറിയുടെ അകത്തളത്തിലേക്ക് കൈനീങ്ങിയപ്പോൾ ഒരു പെൺകുട്ടിയുടെ ഫോട്ടോ കിട്ടി.
അതിൽ അവളുള്ള ഓർഫനേജിന്റെ ഡീറ്റെയിൽസ് ഉണ്ടായിരുന്നു.
അത് ഡയറിക്കുള്ളിൽവെച്ച് ഹാരിസിനോട് ഓരോന്നും സംസാരിച്ചു.
“ടാ തിരക്കിൽ നിന്ന് തിരക്കിലേക്കുള്ള യാത്രയിൽ ചോദിക്കാൻ വിട്ടുപോയി. എന്തായി ഹർഷിടെ കല്യാണം. എവിടംവരെയെത്തി കാര്യങ്ങളൊക്കെ”
“അത് ഒരുവഴിക്ക് നടക്കുന്നു അജുക്കാ. ഞാൻ ചോദിക്കാൻ നിൽക്കുകയായിരുന്നു, എനിക്ക് കുറച്ചുദിവസം ലീവ് തരോ. കല്യാണം വിളിക്കാനും മറ്റും ഞാൻ തന്നെയല്ലേ ഒള്ളു”
“അതിനെന്താ… നിനക്കും ഇനി തിരക്കുകളാവും, കുഴപ്പല്ല. വീട്ടിലിപ്പോ ഉമ്മയുണ്ടല്ലോ, നാളെമുതൽ ഞാൻ ഇരുന്നോളാ ഓഫിസിൽ. നിന്റെ കാര്യങ്ങൾ നടക്കട്ടെ.”
ഏകദേശം പന്ത്രണ്ടുമണിയോടുകൂടി അവർ അജൂന്റെ വീട്ടുമുറ്റത്തെത്തി.
“ടാ പിന്നേ… നീ തനിച്ചല്ല, ഹർഷി നിന്റെമാത്രം പെങ്ങളും അല്ലാട്ടാ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മടികാണിക്കല്ലേട്ടാ ഹാരിസേ”
“ശെരി ഇക്കാ. ഞാൻ പോട്ടെ” ഹാരിസ് അജൂനോട് യാത്രപറഞ്ഞ് പോയി.
അജു വീടിന്റെ കോളിംഗ് ബെൽ അമർത്തിയപ്പോൾ ഉപ്പ വന്നുവാതിൽതുറന്നു.
“നീ എവിടെപോയതാ അജു”
“പാലക്കാട്”
“അവിടെയെന്താ”
“അഫിയുടെ ഉപ്പ താമസിച്ചിരുന്ന സ്ഥലത്ത് പോയതാ”
“എന്തിന്”
അജു പോയകാര്യം ഉപ്പയോട് പറഞ്ഞു. രണ്ടാമത്തെ വിവാഹമൊഴിച്ച്.
കഥകളൊക്കെ കേട്ടപ്പോൾ അജൂന്റെ ഉപ്പയുടെ ഉള്ള് നീറുവാൻ തുടങ്ങി.
“ഉപ്പാ… ഇവിടേക്ക് വരാൻ തീരുമാനിച്ചിരിക്കുകയായിരുന്നു അഫിയുടെ ഉപ്പ. അപ്പോഴേക്കും അല്ലാഹു തിരിച്ചുവിളിച്ചു. ഉപ്പയോട് ആ ഉപ്പാക്ക് ദേഷ്യമൊന്നും ഇല്ല. ഉപ്പ സമാധാനമായി കിടന്നുറങ്ങിക്കോ” എന്ന് ഉപ്പയെ സമാധാനിപ്പിച്ച് അജു മുകളിലേക്ക് കയറി.
തുറന്ന് കിടക്കുന്ന ഡോറിൽകൂടി റൂമിനകത്തുകടന്നതും പാത്തു നിലത്ത് ഇരിക്കുന്നതാണ്.
അത് കണ്ടപ്പോൾ കയ്യിലുള്ള ഡയറി മേശപ്പുറത്തേക്ക് എറിഞ്ഞ് അജു പാത്തൂന്റെ അരികിലേക്ക് ഓടിചെന്നു.
“എന്താ പാത്തൂ ഇത്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഉമ്മയെ വിളിക്കാൻ പറഞ്ഞതല്ലേ നിന്നോട്”
അജു അവളോട് ദേഷ്യപ്പെട്ടു.
“ഈ സമയമായില്ലേ അജുക്കാ, ഉമ്മ ഉറങ്ങിയിട്ടുണ്ടാവും അതാണ് വിളിക്കാതിരുന്നത്.”
പാത്തു അത് പറഞ്ഞപ്പോൾ അജു അവളെ പൊക്കിയെടുത്തു.
“എവിടെക്കാ നീ പുറപ്പെട്ടത്”
“ബാത്റൂമിലേക്ക്”
അജു അവളെയും പൊക്കിയെടുത്ത് ബാത്റൂമിൽ കൊണ്ടുപോയി നിർത്തി.
ശേഷം അവളെ അതുപോലെ പൊക്കിയെടുത്ത് തിരികെ ബെഡിൽ കിടത്തി
“ഞാനൊന്ന് കുളിക്കട്ടെ” എന്ന് പറഞ്ഞ് അജു കുളിക്കാൻ കയറി.
അജു മേശപ്പുറത്തേക്ക് എറിഞ്ഞ ഡയറിയിൽ ആയിരുന്നു പാത്തൂന്റെ കണ്ണ്.
കുളികഴിഞ്ഞ് അജു അവൾക്കരികിൽ വന്ന് കിടന്നപ്പോൾ
“എന്തായി പോയിട്ട്”
“അതൊക്കെ ശെരിയായി, പക്ഷെ…”
“എന്താ ഇക്കാ ഒരു പക്ഷെ…”
അജു എഴുനേറ്റ് ആഡയറി എടുത്ത് പാത്തൂന് നേരെ നീട്ടി.
“നീ അത് വായിച്ചുനോക്ക്” എന്ന് പറഞ്ഞതും പാത്തു അത് വായിച്ചു.
“റബ്ബേ… ഇങ്ങനെയും ഉണ്ടോ ഉമ്മമാര്. ആ പെൺകുട്ടി എവിടെയാണെന്നറിയോ അജുക്കാക്ക്”
എന്ന് പാത്തു ചോദിച്ചപ്പോൾ അജു ഡയറിയുടെ അകത്തുള്ള ഫോട്ടോ തിരഞ്ഞു.
അജു ഓരോ പേജുകളും മാറിമാറി മറിച്ചുനോക്കിയിട്ടും അത് കിട്ടിയില്ല.
“എന്താ അജുക്കാ തിരയുന്നത്,”
“ഇതിൽ ഒരു ഫോട്ടോയും അഡ്രസ്സും ഉണ്ടായിരുന്നു. അത് നോക്കിയതാ”
“അത് നേരെത്തെ എറിഞ്ഞപ്പോൾ താഴെയെങ്ങാനും വീണിട്ടുണ്ടാവും. ഇക്ക അവിടെ നോക്ക്” എന്ന് പറഞ്ഞപ്പോൾ അജു മേശയുടെ ചുറ്റും നോക്കി.
“ഹാവൂ ഭാഗ്യം.” എന്ന് അജു ആ ഫോട്ടോയും പിടിച്ച് പറഞ്ഞു.
അജു പാത്തൂന്റെ അരികിലേക്ക് തുറന്നുകിടക്കുന്ന ഡോറടച്ച് ചെന്നു.
“ഇതാണ് ആ പെൺകുട്ടി.” എന്ന് പറഞ്ഞ് ഫോട്ടോ അവൾക്കുനേരെ നീട്ടി.
ഫോട്ടോയിലുള്ള പെൺകുട്ടിയെയും പുറത്തെഴുതിയ അഡ്രസ്സും നോക്കി
“ഇക്കാക്ക് അവളെ ഇങ്ങോട്ട് കൊണ്ടുവന്നൂടെ, ഒരു അനിയത്തിയെ പോലെ ഞാൻ നോക്കാം ഈ കുട്ടിയെ”
എന്ന് പാത്തു പറഞ്ഞതും അജു അവളെ നെഞ്ചോടുചേർത്തു.
“വൈകാതെ ഞാൻ കൊണ്ടുവരും ഞാൻ. ഹാരിസിന്റെ തിരക്കൊന്ന് കഴിയട്ടെ, എന്നിട്ട് ഉടനെ ഒന്നൂടെ പോണം പാലക്കാട്. ആരുമില്ല എന്ന തോന്നലിൽനിന്ന് ആ പെൺകുട്ടിക്ക് എല്ലാരും ഉണ്ടെന്ന് മനസ്സിലാക്കികൊടുക്കണം. നീ ഈ കാണിച്ച മനസ്സ് കൂടുതലാരും കാണിക്കില്ല പാത്തൂ” എന്ന് പറഞ്ഞ് അജു പാത്തൂനെ ഒന്നൂടെ ചേർത്തുപിടിച്ചപ്പോൾ പാത്തു വേദനകൊണ്ട് “ഉമ്മാ” എന്ന് വിളിച്ചു.
“എന്തുപറ്റി”
“നടുവും കുത്തിയാണ് നേരത്തെ വീണത്. ഒരു വേദന” എന്ന് പാത്തു.
“നീ കിടക്ക്, ഞാൻ മരുന്ന് ഇട്ട് തരാം”
“അമ്പട കള്ളാ. ഇക്കാക്ക് എന്നെ തൊടാനല്ലേ”
“എടീ മരഭൂതമേ, നിന്നോട് ഞാൻ പറഞ്ഞില്ലേ നിന്റെ സമ്മതമില്ലാതെ നിന്നെ ഞാൻ ഒന്നും ചെയ്യില്ലാന്ന്, എന്നാലും ഇക്കാര്യത്തിൽ നീ വാശിക്കാണിച്ചാൽ ഞാനും വാശികാണിക്കും. പിന്നേ ഒടിഞ്ഞകാല് ഒന്നൂടെ ഒടിയും. അതുവേണോ”
“അള്ളോഹ് വേണ്ട”
“എന്നാ അങ്ങോട്ട് തിരിഞ്ഞുകിടക്ക്”
“ലൈറ്റ് ഓഫാക്ക്. എന്നാൽ തിരിയാം”
“അതൊന്നും പറ്റില്ല. മര്യാദക്ക് പറയുന്നത് കേൾക്ക് പാത്തൂ”
അജു കനപ്പിച്ച് പറഞ്ഞപ്പോൾ പാത്തു തിരിഞ്ഞുകിടന്നു.
കയ്യിൽ മരുന്നെടുത്ത് അജു പാത്തൂന്റെ ഇടുപ്പിൽ തൊട്ടപ്പോൾ പാത്തു ഒന്ന് ഞെട്ടി.
അജു മരുന്നവിടെ തേച്ചുപിടിപിടിപ്പിക്കുമ്പോൾ
“മതി ഇക്കാ…”
“മതിയാക്കാം… നീ മിണ്ടാതെ കിടക്ക്”
അജു മരുന്നൊക്കെ പുരട്ടി കൈ കഴുകി തിരികെ അവൾക്കരികിൽ വന്ന് കിടന്നു.
“പാത്തൂ… ഉറങ്ങിയൊ നീ” കണ്ണടച്ച് കിടക്കുന്ന പാത്തൂനെ നോക്കി അജു ചോദിച്ചു.
അവളൊന്നും മിണ്ടിയില്ല.
അജു ലൈറ്റ് ഓഫാക്കിയതും പാത്തു അജൂന്റെ അരികിലേക്ക് ചേർന്നുകിടന്നു.
“അപ്പൊ ഉറങ്ങിയിട്ടില്ലല്ലേ കള്ളി”
“നിങ്ങളാ കള്ളൻ. ന്റെ ദേഹത്ത് തൊട്ടിട്ട് എന്നെ കള്ളിയെന്നോ” പാത്തു അജൂന്റെ മീശയിൽ പിടിച്ചു വലിച്ചു.
“ആ” അജൂന് വേദനിച്ചെന്ന് പാത്തൂന് മനസ്സിലായി.
“അജുക്കാ സോറി” പാത്തു പറഞ്ഞതും അജു അവളെ അരയിലൂടെ ചുറ്റിപ്പിടിച്ച് അവനിലേക്ക് ചേർത്തു.
“കട്ടെടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നേൽ എനിക്കത് എന്നേ ആവാമായിരുന്നു പെണ്ണെ”
“ആ ഇങ്ങോട്ട് വാ കട്ടെടുക്കാൻ. ആ മീശ ഞാൻ പറിച്ചെടുക്കും പറഞ്ഞേക്കാം”
“നിന്റെ കാലൊന്ന് ശെരിയാവട്ടെ, എന്നിട്ട് ശെരിയാക്കുന്നുണ്ട് ഞാൻ”
അവളെയും ചേർത്തുപിടിച്ച് രാത്രിയേറെ വൈകി അജു ഉറങ്ങി.
കാലത്ത് എഴുനേറ്റ് കുളിച്ച് സുന്ദരനായി അജു പാത്തൂന്റെ നെറ്റിയിലൊരു മുത്തവും കൊടുത്ത് ഓഫിസിലേക്ക് പോകാനൊരുങ്ങിയതും
“ഒന്നൂടെ വേണം” എന്ന് പാത്തു പറഞ്ഞതും
അജു പാത്തൂന്റെ അധരങ്ങളിൽ ചുംബിച്ചു.
“അയ്യേ…” പാത്തു അജൂനെ തള്ളിമാറ്റിക്കൊണ്ട് പറഞ്ഞു.
പക്ഷെ അവളുടെ മുഖത്ത് നാണം കലർന്ന ചിരിയുണ്ടായിരുന്നു.
അജു വീണ്ടും വാൾക്കുനേരെ അടുത്തപ്പോൾ
തലയിണ എടുത്ത് അജൂനെ എറിഞ്ഞു.
“ദേ അജുക്കാ, പോവാൻനോക്ക്” എന്ന് പറഞ്ഞ് അടുത്ത തലയിണയും അവനുനേരെ തൊടുത്തുവിട്ടു.
താഴെകിടന്ന രണ്ട് തലയിണയും കയ്യിലെടുത്ത്
“ബാക്കി വന്നിട്ട് തരാം” എന്നുപറഞ്ഞ് സൈറ്റടിച്ച് കാണിച്ച് അജു തലയിണ ബെഡിൽവെച്ച് പുറത്തേക്ക് പോയി.
ഉള്ളിൽ ഒരുപാട് വേദനകൾ ഉണ്ടെങ്കിലും അജു അതൊക്കെ മറന്ന് പാത്തൂനൊപ്പം സന്തോഷത്തോടെ ജീവിച്ചു. ദിവസങ്ങൾ ഓരോന്നായി കടന്നുപോയി. ഹാരിസിന്റെ പെങ്ങളുടെ കല്യാണം വിളിയൊക്കെ ഒന്ന് ഒതുങ്ങിയപ്പോൾ ഒരു ഞായറാഴ്ച കാലത്ത് അജ്മലും ഹാരിസും പാലക്കാട്ടേക്ക് യാത്രതുടങ്ങി.
അജു ആയിരുന്നു ഇത്തവണ ഡ്രൈവർ.
ഹാരിസ് ഫോണിൽ കുത്തിക്കൊണ്ട് സൈഡിൽ ഇരിക്കുന്നുണ്ട്.
പെട്ടെന്നായിരുന്നു ഹാരിസ് അത് ചോദിച്ചത്.
“അജുക്കാ പെൺകുട്ടികളെ വിശ്വസിക്കാൻ പറ്റില്ല അല്ലെ”
“അതെന്താടാ അങ്ങനെ”
“അല്ലാ… ഇന്നലെവരെ ഫോൺ വിളിച്ച് ഭയങ്കര കളിയും ചിരിയുമായിരുന്നു അംന. ഇന്നിപ്പോ ഇതുവരെയില്ലാത്ത ഒരു സീരിയസ്.”
“ഇന്നായിരിക്കും ആ കുട്ടിക്ക് ബോധം വന്നത്”
“തമാശയല്ല അജുക്കാ… അവൾക്കെന്തോ എന്നോട് മിണ്ടാൻ ഒരു താല്പര്യം ഇല്ലാത്തപോലെ”
“ഓഹ് അതാണോ. ചിലപ്പോ വീട്ടിലെങ്ങാനും അറിഞ്ഞുകാണും, അതുകൊണ്ടാവും”
“ഏയ് വീട്ടിൽ അറിഞ്ഞെങ്കിൽ അതുപറഞ്ഞാപ്പോരേ,ഇത് അതൊന്നുമല്ല”
“എന്നാ നീ അവൾക്കൊന്ന് വിളിക്ക്, ഞാൻ സംസാരിക്കാം അവളോട്”
അജു അങ്ങനെ പറഞ്ഞപ്പോൾ ഹാരിസ് അംനയുടെ നമ്പറിലേക്ക് വിളിച്ചു.
“ഹലോ അംനാ ഞാൻ അജ്മലാണ്”
“ഹാ അജുക്കാ പറയ്”
“ഒന്നുല്ല… ഹാരിസ് ധർമ്മസങ്കടത്തിലാണ്, നീ എന്തോ അകലം കാണിക്കുന്നു എന്ന്”
“അതാണോ, അജുക്ക ആയതുകൊണ്ട് പറയുകയാ ഹാരിസ്ക്കാനെ കെട്ടാൻ എന്റെ ഉപ്പ സമ്മതിക്കില്ല.”
“അതെന്താ…?”
“എന്റെ ഉപ്പയുടെ സുഹൃത്തിന്റെ മകനുമായി ഇന്ന് എന്റെ കല്യാണം ഉറപ്പിക്കുകയാണ്”
“അവർക്കുമുന്നെ ഞങ്ങളവിടെ വന്നാൽ…”
“അതൊന്നും ശെരിയാവില്ല. അജുക്ക ഹാരിസ്ക്കാനോട് പറഞ്ഞുകൊടുക്കണം എന്നേക്കാൾ നല്ലൊരു കുട്ടിയെ കിട്ടുമെന്ന്. പിന്നേ…” അവളെന്തോ പറയാനൊരുങ്ങിയതും
“ആ മതി. കൂടുതലൊന്നും പറയണ്ട. കെട്ടിച്ചുതരില്ല എന്ന് ഉറപ്പായിരുന്നേൽ പിന്നേ എന്തിനാ പെങ്ങളെ വെറുതെ അവനെ ഇഷ്ടമാണെന്ന് പറഞ്ഞത്. ഒരിക്കലും ഒരാളുടെയും ജീവിതംവെച്ച് കളിക്കരുത്. പിന്നേ ഇനി അവനെ വിളിക്കാനോ മെസേജ് അയക്കാനോ നിൽക്കണ്ട” എന്ന് പറഞ്ഞ് അജു ഫോൺ കട്ടാക്കി ഹാരിസിനുനേരെ നീട്ടി.
“എടാ ഹാരിസേ… നിനക്കുമുന്നിൽ ഇനിയും ഒരുപാട് സമയമുണ്ട്. ആ സമയമെടുക്കുമ്പോൾ ഞാൻ കണ്ടുപിടിച്ചുതരാം നിനക്ക് ഇവളെക്കാൾ നല്ല ഒന്നിനെ” എന്ന് പറഞ്ഞു.
“ഫോൺ വാങ്ങി സംസാരിച്ചപ്പോൾ ഞാൻ കരുതിയത് എല്ലാം ശെരിയാക്കുമെന്നാണ്. അജുക്ക പറഞ്ഞത് ഞാൻ അവളോട് പറയാനിരിക്കുകയായിരുന്നു” എന്ന് ഹാരിസ്.
“അതുശെരി, അവള് ഒഴിവാക്കുന്നമുന്നേ നീ ഒഴിവാക്കാൻ നിൽക്കുകയായിരുന്നു അല്ലെ”
“പിന്നല്ലാതെ, കുറേ ദിവസായിട്ട് അവള് സ്വത്തിന്റെ പേരുപറഞ്ഞ് എന്നെ കളിയാക്കുന്നു.”
“ഹാരിസേ സ്വത്തും സമ്പാദ്യവും ആരോഗ്യവും ആയുസ്സും ഉണ്ടെങ്കിൽ ഉണ്ടാക്കിയെടുക്കാം. പക്ഷെ നല്ലമനസ്സ് ഉണ്ടാക്കാൻ ഇതൊന്നും പോര ചങ്ങാതി”
“അതറിയാം അജുക്കാ. അജുക്കയെ അല്ലെ ഞാൻ കാണുന്നത്. നിങ്ങളിൽനിന്ന് ഒരുപാട് പഠിക്കാനുണ്ട്.”
“പൊക്കല്ലേ മോനെ ഹരിസേ… ദേ ഈ കാറിന്റെ മേൽഭാഗം തുളഞ്ഞ് പോകാനുള്ള കരുത്തൊന്നും എനിക്കില്ല”
ഓരോന്നും പറഞ്ഞ് പാലക്കാടെത്തിയപ്പോൾ ഒരു ടാക്സി ഡ്രൈവറോട് ഫോട്ടോയുടെ പുറകിലുള്ള അഡ്രസ് ചോദിച്ചു.
ഇനിയും ഒരു അഞ്ചുകിലോമീറ്റർ മുന്നോട്ട് പോയാൽ കാണാമെന്ന് പറഞ്ഞതുകൊണ് അജു നേരെ അങ്ങോട്ട് വിട്ടു.
ഉമ്മയും വാപ്പയും ഉപേക്ഷിച്ച, അല്ലങ്കിൽ നഷ്ടപെട്ട പിഞ്ചോമന പെൺകുട്ടികൾ മുതൽ പതിനെട്ട് തികഞ്ഞ യുവതികൾ വരെ അടങ്ങുന്ന ഒരു വലിയ ഓർഫനേജിന്റെ മുന്നിൽ ചെന്ന് കാറ്നിന്നു.
കാറിൽനിന്നിറങ്ങി അവിടെ കണ്ട സെക്യൂരിറ്റിയോട്
“ഓഫിസ് എവിടെയാ”
“ആ കാണുന്നതാണ്.” എന്ന് സെക്യൂരിറ്റി കൈ ചൂണ്ടി പറഞ്ഞപ്പപ്പോൾ അജു അങ്ങോട്ട് നടന്നു.
ഓഫീസിലെത്തി സലാംചൊല്ലി അകത്തേക്ക് കയറി.
“ഉസ്താദേ ഞങ്ങൾ ചാവക്കാടുനിന്നും വരികയാണ്”
അജു പറഞ്ഞു.
“എന്താ കാര്യം”
അജു ഷർട്ടിന്റെ പോക്കറ്റിൽനിന്ന് ആ ഫോട്ടോ എടുത്ത് ഉസ്താദിനുനേരെ നീട്ടി.
“മുഹമ്മദ്‌ക്ക പറഞ്ഞ അജ്മൽ നിങ്ങളാണോ”
“അതേ…” എന്ന് അജു.
“മരണപ്പെടുന്നതിന്റെ കുറച്ചുദിവസം മുൻപ് ഇവിടെ വന്നിരുന്നു. അപ്പൊ പറഞ്ഞിരുന്നു മോൾക്ക് ഭാഗ്യമുണ്ടെങ്കിൽ അജ്മൽ ഇവിടെ വരുമെന്ന്.” എന്നുപറഞ്ഞ് ഉസ്താദ് ടേബിളിൽ നിന്ന് ഫോണിന്റെ റിസീവർ കയ്യിലെടുത്ത് ഏതോ നമ്പറിലേക്ക് വിളിച്ചു.
“താത്താ… +1ൽ പഠിക്കുന്ന ജുമാനയെ ഒന്ന് ഓഫിസിലേക്ക് കൊണ്ടുവരണം. അവളെ കാണാൻ അജ്മൽ വന്നിട്ടുണ്ടെന്ന് പറ”
എന്ന് പറഞ്ഞ് ഫോൺ വെച്ച് ഉസ്താദ് കസേരയിൽനിന്ന് എഴുനേറ്റ് ഒരു ഷെൽഫിൽനിന്ന് ഒരു ഫയലെടുത്ത് മേശപ്പുറത്ത് വെച്ച് കസേരയിലേക്ക് ഇരുന്നു.
“മുഹമ്മദിക്ക ആളൊരു പാവമായിരുന്നു. ഇവിടെ വരുമ്പോഴെക്കെ എന്നോട് പറയുന്നപോലെ ജുമാനയോടും പറയും എന്നെങ്കിലും ഒരിക്കൽ അജ്മൽ വരുമെന്ന്. അയാളുടെ വിശ്വാസം തെറ്റിയില്ല.”
എന്ന് ഉസ്താദ് പറഞ്ഞപ്പോൾ
“അറിയില്ലായിരുന്നു ഇതൊന്നും. നാട്ടിൽനിന്ന് ഉപ്പ ഇവിടെ എത്തിയപ്പോൾ ഇടക്ക് വിളിക്കാറുണ്ട്, ഒഴിവുകിട്ടുമ്പോഴെക്കെ ഈ നാട്ടിൽ വന്ന് ഉപ്പയെ കാണാറുമുണ്ട്, അന്നൊന്നും ഇങ്ങനെയൊരു മകളെപ്പറ്റിയോ രണ്ടാമത്തെ വിവാഹത്തെ പറ്റിയോ പറഞ്ഞിട്ടില്ല. എല്ലാവരെയും വിട്ട് പോയായതിന്റെ പിറ്റേദിവസം ഇവിടത്തെ ബാധ്യത തീർക്കാൻ വന്നപ്പോഴാണ് ഈ സത്യം ഞാനറിഞ്ഞത്.” എന്ന് പറഞ്ഞതും
അജൂന്റെ പുറകിൽ കൽപേരുമാറ്റം കേട്ട് അജു തിരിഞ്ഞുനോക്കിയതും
“അജ്മൽക്കാ…” എന്ന് വിളിച്ച് ജുമാന അജൂനരികിൽ വന്നുനിന്നു.
“അറിയോ ജുമാനാക്ക് ഈ ഇക്കയെ…” എന്ന് ഉസ്താദ് ചോദിച്ചപ്പോൾ
“അറിയാം, നേരിൽ കണ്ടിട്ടില്ലെങ്കിലും ഉപ്പ ഫോട്ടോ കാണിച്ചുതന്നിട്ടുണ്ട്” എന്ന് ജുമാന ഉസ്താദിന് മറുപടിനൽകി.
“ജുമാനയെ കാണാൻ വന്നതാണ്” എന്ന് ഉസ്താദ്.
“അല്ല ഉസ്താദേ… കാണാൻവേണ്ടിയല്ല ഞാൻ വന്നത്, കൊണ്ടുപോകാനാ” എന്ന് അജു പറഞ്ഞപ്പോൾ ജുമാനയുടെ കണ്ണുകളിലെ സന്തോഷം ഉസ്താദ് കണ്ടു.
“പോകുന്നുണ്ടോ ഇക്കയുടെ കൂടെ, അതോ ഇവിടെ കൂട്ടുകാരോടൊപ്പം നിൽകുന്നോ?” എന്ന ഉസ്താദിന്റെ ചോദ്യത്തിന് ജുമാനക്ക് മറുപടി ഇല്ലായിരുന്നു.
“മോള് ഡ്രെസ്സൊക്കെ എടുത്ത് പോകാനൊരുങ്ങിക്കോ…” എന്ന് പറഞ്ഞ് ഉസ്താദ് ജുമാനയെ പറഞ്ഞയച്ചു.
“കേട്ടോ അജ്മലെ, ഇവിടെ പത്തുമുന്നൂറ്‍ കുട്ടികളുണ്ട്, ചെറുതും വലുതും ഒക്കെയായിട്ട്.
വിവാഹം കഴിഞ്ഞ് കുട്ടികളില്ലാത്ത ദമ്പതികൾ ഇവിടെവന്ന് ചെറിയ കുട്ടികളെ ദത്തെടുക്കാറുണ്ട്, പിന്നേ പതിവ് വിവാഹപ്രായമെത്തിയാൽ കെട്ടിച്ചുവിടലാണ്, അല്ലാതെ സ്വന്തക്കാരോ ബന്ധക്കാരോ ഇവിടെയുള്ള കുട്ടികളെ തേടിവരാറില്ല.” ഉസ്താദ് അവരുമായി പുറത്തിറങ്ങി.
________________________
അജൂന്റെകൂടെ പോകുന്നതിനുള്ള സന്തോഷത്തിലാണ് ജുമാന. എന്നാലും വർഷങ്ങളായി കൂട്ടിനുള്ള ഹന്നയെവിട്ട് പോകുന്നതിലൂടെ സങ്കടവും അവൾക്കുണ്ട്.
“ഹന്നാ… നീ വിഷമിക്കാതെ, അജുക്കയെ പോലെ ഒരു ഇക്ക നിന്നെയും തേടിവരും,”
“വരും വരും, ഒലക്ക വരും.” ഹന്നയുടെ കണ്ണുകൾ നിറയാൻ തുടങ്ങി.
“കരയാതെ പെണ്ണെ. നിനക്ക് ഞാനില്ലേ, എനിക്ക് അജ്മൽക്കയില്ലേ, അപ്പൊ എന്റെഇക്ക നിന്റെയും ഇക്കയല്ലേ… നീ വാ, അജ്മൽക്കാക്ക് നിന്നെ പരിചയപ്പെടുത്തണം” എന്ന് പറഞ്ഞ് ഒരു കയ്യിൽ അവളുടെ സഞ്ചിയും പിടിച്ച് ഹന്നയെ പിടിച്ചുവലിച്ചു.
“ദേ നോക്ക്… ആ മുണ്ടും ഷർട്ടും ഇട്ട ആളാണ് ന്റെ ഉപ്പപറയാറുള്ള എന്റെ അജ്മൽക്ക” എന്ന് താഴെ കാറിനടുത്ത് നിൽക്കുന്ന അജൂന് നേരെ കൈചൂണ്ടി ജുമാന പറഞ്ഞു.
ശേഷം അവളുടെ കൈപിടിച്ച് താഴെ അവർക്കരികിൽ എത്തിയപ്പോൾ
“ഹന്നാ… നീയും പോകുന്നുണ്ടോ കൂട്ടുകാരിയുടെ കൂടെ” എന്ന് ഉസ്താദ്.
“ഇല്ല” എന്ന് ഹന്ന തലയാട്ടി.
“ഇത് ജുമാനയുടെ കൂട്ടുകാരിയാണ്, ഹന്ന. ജുമാനയേക്കാൾ ഇവിടെ പരിജയം ഹന്നാക്കാ”
എന്ന് ഉസ്താദ് പറഞ്ഞപ്പോൾ
“ചോദിക്കുന്നതിൽ തെറ്റുണ്ടെങ്കിൽ ഉസ്താദ് ക്ഷമിക്കണം.”
എന്ന് അഅജു.
“നീ ചോദിക്ക് അജ്മലെ”
“ഇത് എന്റെ കൂട്ടുകാരനാണ് ഹാരിസ്. സ്വന്തമായി വീടും അത്യാവശ്യം നല്ല ജോലിയും ഇവനുണ്ട്. ഇവന്റെ വീട്ടിൽ ഉമ്മയും പെങ്ങളും മാത്രം. ഇവന്റെ പെങ്ങളുടെ കല്യാണമാണ് ഈ മാസം 15ന്.”
എന്ന് അജു പറഞ്ഞപ്പോൾ
“എന്താ അജ്മലെ നീ പറഞ്ഞുവരുന്നത്”
എന്ന് ഉസ്താദ്.
“വേറൊന്നുമല്ല, ഉസ്താദ് നേരത്തെ പറഞ്ഞില്ലേ ഇവരെയൊക്കെ ആരും തേടിവന്നില്ലെങ്കിൽ കെട്ടിച്ചുവിടാറാണ് പതിവെന്ന്. ഇവനുവേണ്ടി ഞാൻ ഈ കുട്ടിയെ ചോദിച്ചാൽ…”
അജു അങ്ങനെ പറഞ്ഞതും ഹാരിസിന്റെ കണ്ണ് പുറത്തേക്ക്‌വന്നു.
“നല്ല കാര്യമാണ് അജ്മലെ. സമയാവുമ്പോൾ നമുക്ക് ആലോചിക്കാം” എന്ന് ഉസ്താദും പറഞ്ഞപ്പോൾ
“കാലൻ അജുക്ക” എന്ന് ഹാരിസ് മനസ്സിൽ പറഞ്ഞു.
“ദേ ഹന്നാ നിനക്കുള്ള നാളുകൾ എണ്ണി കാത്തിരുന്നോ. ശെരിക്ക് കണ്ടോ നീ നിന്റെ ചെക്കനെ” എന്ന് ജുമാന ഹന്നയുടെ ചെവിയിൽ പറയുന്നുണ്ടായിരുന്നു.
“അപ്പൊ വൈകിക്കേണ്ട അജ്മൽ, ഇറങ്ങാൻ നോക്ക്.” എന്ന് ഉസ്താദ് പറഞ്ഞ് അജൂന്റെ നേരെ ഒരു പേപ്പർ കെട്ട് നീട്ടി.
“ഇതെന്താ ഉസ്താദേ”
“നിങ്ങളുടെ നാട്ടിലുള്ള മുഹമ്മദിക്കയുടെ വീടിന്റെയും സ്ഥലത്തിന്റെയും പ്രമാണം. ഇത് ജുമാനയുടെ പേരിലാണ്. ഇവളുടെ വിവാഹത്തിന് അവൾക്കുള്ള സമ്മാനമാണ് ഈ പ്രമാണം. അത് ഇനി നിന്റെ കൈകളിൽ ഇരിക്കട്ടെ” എന്ന് ഉസ്താദ്.
അജു അത് കാറിലേക്ക് വെച്ച്
“പോവാ മോളെ” എന്ന് ജുമാനയെനോക്കി അജു ചോദിച്ചതും ഹന്നയുടെ മിഴികൾ നിറയാൻ തുടങ്ങി.
“മോള് വിഷമിക്കണ്ട. ഞങ്ങൾ ഇനിയും വരും, മോളെ കൊണ്ടുപോകാൻ” എന്ന് അജു ഹന്നയോട് പറഞ്ഞു.
നാളിതുവരെ തന്നോടൊപ്പം ഒരു കൂടെപ്പിറപ്പിനെപോലെ കൂട്ടിനുണ്ടായിരുന്ന ഹന്നയെ കെട്ടിപ്പിടിച്ച് മിഴികൾ വാർത്തുകൊണ്ട് അവളോട് യാത്രപറഞ്ഞ് ജുമാന കാറിലേക്ക് കയറി.
[തുടരും…]
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission