✒️F_B_L
ടൂർ അലമ്പായി എന്ന് പാത്തൂന് മനസ്സിലായി. ഓരോന്നും ആലോചിച്ച് ടൂറിന്റെ മൂന്നാംദിവസവും അവസാനിക്കാൻ പോകുന്നു എന്ന് പാത്തു ചിന്തിച്ചുപോലുമില്ല.
ബസ് തിരികെ കോളേജിലെത്തി തിരികെ വീട്ടിലേക്ക് പോകാൻ ഉപ്പയെ കാത്ത്നിൽക്കുമ്പോഴാണ് അജു അവളെ ശ്രദ്ധിച്ചത്. “എവിടെയോ കണ്ടപോലെ” എന്ന് അവന്റെ മനസ്സ് പറഞ്ഞു.
കോളേജിലെ സാറിനെക്കണ്ട് പോകാനൊരുങ്ങി.
ബസ്സിൽ കയറി നേരെ വീട്ടിലേക്ക് പോകുംവഴി അങ്ങാടിയിൽ നിർത്തി രാവുണ്ണ്യേട്ടന്റെ കടയിൽ കയറി ഒരു കട്ടൻ കുടിച്ചു.
ഇത്തവണ ഉപ്പയുടെ ബുള്ളറ്റിന്റെ ശബ്ദത്തെപേടിച്ച് അവൻ ഓടാൻ തയ്യാറായില്ല.
പതിയെ കട്ടൻ ഊതിക്കുടിച്ച് വീടുപിടിച്ചു. ആരോടും മിണ്ടാൻ തയ്യാറാകാതെ അജു റൂമിലേക്ക് കയറി. ഒന്ന് കുളിച്ച് ഫ്രഷായി താഴെവന്നപ്പോൾ ടേബിളിൽ ഒരു കല്യാണക്കുറി.
“അജ്മൽ ഫാത്തിമ” എന്ന പേരുകണ്ടപ്പോൾ അവന്റെ കല്യാണത്തിന്റെ കത്താണെന്ന് അവന് മനസ്സിലായി.
“അജു ചായ എടുക്കട്ടെ…”
ഉമ്മയായിരുന്നു.
“എനിക്കൊരു കട്ടൻമതി”
“നിന്നോട് ഒന്നും ചോദിക്കണ്ട എന്ന് പറഞ്ഞതുകൊണ്ട് അഭിപ്രായം ചോദിക്കാതെ എല്ലാവരും ചേർന്ന് ഒരുക്കങ്ങൾ തുടങ്ങി. കല്യാണം വിളിയൊക്കെ ഏകദേശം തീർന്നു. ഇനി നിന്റെ കൂട്ടുകാർ മാത്രമേ ബാക്കിയുണ്ടാകൂ”
“അവരെ ഞാൻ വിളിക്കാം” എന്ന് അജു.
അജു കട്ടനും കുടിച്ച് നേരെ ബുള്ളറ്റ് എടുത്ത് ജ്വല്ലറിയിലേക്ക് വിട്ടു. അജ്മൽ എന്ന പേരിൽ മഹർ ഡിസൈൻചെയ്യാൻ പറഞ്ഞ് അജു ഇറങ്ങി.
നേരെ അവന്റെ സാമ്രാജ്യത്തിലേക്ക്. അവിടെയുള്ള ചെറിയ കെട്ടിടം, അതാണ് അവന്റെ ഓഫിസ്. ഓഫിസിൽ കടന്നതും കണക്കെഴുതാൻ നിയമിച്ച ഹാരിസ് “കല്യാണമൊക്കെ ഉറപ്പിച്ചു അല്ലെ” എന്ന് ചോദിച്ചു.
“അങ്ങനെ സംഭവിച്ചു. നീയാ കണക്കൊക്കെ ഒന്ന് കാണിച്ചേ”
ഹാരിസ് നാലുദിവസത്തെ വരവ്ചിലവ് എല്ലാം അവനെ കാണിച്ചു.
“അജുക്കാ… എനിക്ക് ചാൻസ് തരോ വണ്ടിയിൽ”
“എല്ലാത്തിലും ഇപ്പൊ ഡ്രൈവർമാർ ഇല്ലേ. വണ്ടിയാണെങ്കിൽ പുതിയതൊന്നും ഇപ്പോൾ എടുക്കില്ല. പിന്നെയുള്ളത് ബസ്സാണ്. നോക്കട്ടെ നീയിപ്പോ ഇതൊക്കെ നോക്കി ഇവിടെയിരിക്ക്.” എന്നുപറഞ്ഞ് അജു കണക്കൊക്കെ പരിശോധിച്ച് അവിടെന്നിറങ്ങി.
വീട്ടിലെത്തി കുറച്ച് കല്യാണക്കുറി എടുത്ത് വീണ്ടും പുറത്തിറങ്ങി. ഒട്ടും താല്പര്യമില്ലെങ്കിലും കൂട്ടുകാരുടെ വീട്ടിലും ജോലിക്കാരുടെ വീട്ടിലും ക്ലബ്ബിലും ഒക്കെ കല്യാണംവിളിയുമായി നടന്നു.
________________
“താത്താ…”
വിളികേട്ട് പാത്തു തിരിഞ്ഞുനോക്കി.
“എന്താ ചെക്കാ നീ വിളിച്ച് കൂവുന്നേ”
എന്ന് പാത്തു ചോദിച്ചതും
“ഇത് കണ്ടോ” എന്നുപറഞ്ഞ് ഫായിസ് എന്ന പാത്തൂന്റെ ഒരേയൊരു അനിയൻ ഫായി അവളുടെ അരികിലിരുന്നു.
ഇൻസ്റ്റാഗ്രാമിൽ അജ്മലിന്റെ ഐഡി തപ്പിപ്പിടിച്ച് വന്നിരിക്കുകയാണ് ഫായി.
ഫോട്ടോസ് ഓരോന്നായി മാറ്റിക്കൊണ്ട് ഫായിതന്നെ അവളെ കാണിച്ചു.
പാത്തൂനും ഒരു താല്പര്യം ഇല്ലാത്തപോലെ ആയിരുന്നു അവളുടെ ഇരിപ്പ്.
“ന്താണ് ന്റെ താത്തപെണ്ണിന്ന് ഒരു ഉഷാർകുറവ്”
“ഒന്നുല്ല ഫായി. താത്താക്ക് ചെറിയൊരു തലവേദന. താത്ത ഒന്ന് കിടക്കട്ടെ” എന്നുപറഞ്ഞ് പാത്തു കിടന്നു.
അപ്പോഴേക്കും കല്യാണം വിളികഴിഞ്ഞ് ഉപ്പയെത്തി.
“ഇനി അധികം ദിവസങ്ങളില്ല. കാര്യങ്ങളൊക്കെ ഒരുവിധം അടുത്തിട്ടുണ്ട്. നാളെ ഡ്രസ്സ് എടുക്കണ്ടേ പോയിട്ട്.” ഉപ്പ ആരോടോ സംസാരിക്കുന്നത് കെട്ട് പാത്തു എഴുനേറ്റുവന്നു.
നോക്കിയപ്പോ ഉമ്മ.
അവരെന്തൊക്കെയോ പറയുന്നുണ്ട്. പാത്തു ഏതോ ലോകത്തെന്നപോലെ അവിടെയിരുന്നു.
“മോളെ പാത്തു… സ്വപ്നലോകത്താണോ…?”
എന്ന ഉമ്മയുടെ ചോദ്യം കേട്ടപ്പോ അവൾ ചിന്തയിൽനിന്ന് ഉണർന്നു.
ദിവസങ്ങൾ ശരവേഗത്തിൽ കടന്നുപോയി.
വിവാഹദിനത്തോട് അടുക്കുംതോറും പാത്തൂന്റെ ഉള്ളിൽ പേടി കൂടിവന്നു.
അജ്മലിന് അവളെ ഇഷ്ടമല്ലേ… അവളെ സ്നേഹിക്കില്ലേ… എന്നതൊക്കെയാണ് പേടിയുടെ കാരണങ്ങൾ.
വിവാഹത്തോടനുബന്ധിച്ച് വീട്ടിൽ തിരക്ക് കൂടി. കുടുംബാംഗങ്ങൾ കൊണ്ട് വീടുനിറഞ്ഞു. കളിയും ചിരിയുമായി പാത്തു കുട്ടികളോടും മുതിർന്നവരോടും ഇടപഴകുമ്പോൾ അവളുടെ ഉള്ളിൽ ഭയമായിരുന്നു.
______________
ഇന്നാണാ കല്യാണം.
“അജു കഴിഞ്ഞില്ലേ” റൂമിന്റെ ഡോറിൽ തട്ടിക്കൊണ്ട് റിയാസ് ചോദിച്ചു.
അകത്തുനിന്നും മറുപടിയൊന്നും കേൾക്കുന്നില്ല.
റിയാസ് വാതിലൊന്ന് തള്ളിയപ്പോ താനേ തുറന്നു.
“ടാ കുഞ്ഞളിയാ എന്താടാ ഇത്, റെഡിയായില്ലേ. പോവണ്ടേ…” ജനാലയിലൂടെ പുറത്തേക്ക് നോക്കിനിൽക്കുന്ന അജ്മലിനോട് റിയാസ് ചോദിച്ചു.
എങ്കിലും മറുപടിയൊന്നുമില്ല.
റിയാസ് അവനെയൊന്ന് തട്ടിവിളിച്ചു.
ഞെട്ടിക്കൊണ്ട് അജു തിരിഞ്ഞതും
കണ്ണൊക്കെ നിറഞ്ഞ് ചുവന്ന് ഒരു കുഞ്ഞിനെപ്പോലെ അജു റിയാസിന്റെ ചുമലിലേക്ക് വീണു.
“എനിക്ക് പറ്റുന്നില്ല അളിയാ… അവൾക്ക് കൊടുക്കാൻ ആഗ്രഹിച്ച മഹർ മറ്റൊരാൾക്ക്…” അജ്മലിന്റെ വാക്കുകൾ ഇടറി. കണ്ണുകൾ നിറഞ്ഞൊഴുകി.
“നമ്മള് കൊതിക്കും, പടച്ചോൻ വിധിക്കും. ഒന്നും നമ്മുടെ കയ്യിലല്ലല്ലോ അജൂ. റബ്ബിന്റെ തീരുമാനം ഇതാവും. നീ കണ്ണ് തുടച്ച് റെഡിയാവ്.”
റിയാസ് അവനെ സമാധാനിപ്പിച്ചു.
അളിയൻതന്നെ അജ്മലിനെ ഒരുക്കി.
പാത്തൂന്റെ വീട്ടിലേക്ക് ഒരുകൂട്ടം ആളുകൾ യാത്രതുടങ്ങി.
_______________
“അവര് ഇപ്പോഴെത്തും. കാര്യങ്ങളൊക്കെ റേഡിയല്ലേ മക്കളേ” പാത്തൂന്റെ ഉപ്പ ഓട്ടം തുടങ്ങി.
“സുഹറാ മോളെ ഒരുക്കിയില്ലേ”
പറഞ്ഞുതീരുംമുൻപ് പൂക്കൾ പതിപ്പിച്ച കാർ ഓഡിറ്റോറിയത്തിന്റെ മുന്നിലെത്തിനിന്നു.
കാറിന്റെ ഡോർ തുറന്ന് അജ്മൽ പുറത്തിറങ്ങിയതും ഫായിസ് ഒരു ബൊക്കെനൽകി അവന്റെ അളിയനെ സ്വീകരിച്ചു.
ചുണ്ടിലൊരു പുഞ്ചിരി തേച്ചുപിടിപ്പിച്ച് അജു സ്റ്റേജിലേക്ക് കയറി മുസ്‌ലിയായുടെ അരികിൽ ഇരിപ്പുറപ്പിച്ചു.
മുകളിലെ പെൺപടകൾക്കിടയിൽനിന്ന് പാത്തു അവനെ ഒളിഞ്ഞുനോക്കി.
ഒളിയും മറയും ഇല്ലാതെ നേരെ നോക്കിയാൽപോലും അജു അവളെ നോക്കില്ലെന്ന് അവൾക്കുറപ്പായിരുന്നു.
നിക്കാഹ്…
പാത്തൂന്റെ ഉപ്പയുടെ കയ്യും അജൂന്റെ കയ്യും കൂടിച്ചേർന്നു.
മുസ്‌ലിയാർ പറഞ്ഞുകൊടുക്കുന്ന ഓരോ വാക്കുകളും അവർ ഏറ്റുപറഞ്ഞു.
ഈ നിമിഷംമുതൽ പാത്തു അജ്മലിന് സ്വന്തമായിരിക്കുന്നു.
നിക്കാഹിനുശേഷം പാത്തൂനെ പെൺപട സ്റ്റേജിലേക്ക് കയറ്റിയപ്പോൾ അജു അവളുടെ കഴുത്തിലേക്ക് മഹാറണീച്ചു. അവന്റെ ചുണ്ടിൽ അപ്പോഴും ആ പുഞ്ചിരി ഉണ്ടായിരുന്നു.
അവരെ അടുത്തുനിർത്തി ഒരുപാട് ഫോട്ടോകൾ കാമറക്കണ്ണുകൾ ഒപ്പിയെടുത്തു. കൂടെ ബന്ധുക്കളും സുഹൃത്തുക്കളും.
പൊന്നുപോലെ നോക്കിയ രക്ഷിതാക്കളെയും കൂടെപ്പിറപ്പുകളെയും പിരിഞ്ഞ് മറ്റൊരാളുടെ കൈപിടിച്ച് മറ്റൊരുവീട്ടിലേക്ക് പറിച്ചുനടുന്ന ഏതൊരു പെൺകുട്ടിക്കും ആ നിമിഷം വേദനയുടെ നിമിഷങ്ങളാണ്. കുറച്ചുനേരം മാത്രം ആയുസ്സുള്ള വേദനയുടെ നിമിഷങ്ങൾ.
വീട്ടുകാരെയും കുഞ്ഞനിയനെയും കെട്ടിപ്പിടിച്ച് പാത്തു പൊട്ടിക്കരഞ്ഞപ്പോൾ പാത്തൂന്റെ ഉപ്പ അജൂന്റെ കരങ്ങളിലേക്ക് പാത്തൂന്റെ കൈവെച്ചുകൊണ്ട് നിറഞ്ഞമിഴിയോടെ പറഞ്ഞു.
“ന്റെ കുട്ടിയെ ഇനി കരായിക്കരുതെ” എന്ന്.
സ്വന്തം ഭർത്താവിന്റെ കൈപിടിച്ച് കാറിലേക്ക് കയറി അവരോട് ഒരിക്കൽക്കൂടി യാത്രപറഞ്ഞ് പാത്തു അജൂന്റെകൂടെ അവന്റെ വീട്ടിലേക്ക് പുറപ്പെട്ടു.
ആ യാത്രയിലുടെനീളം ഇരുവരും മൗനം പാലിച്ചു. രണ്ടുപേർ രണ്ടുദിക്കിലേക്ക് നോക്കി ഓർമ്മകൾ അയവിറക്കി.
സ്വന്തം വീടുവിട്ടിറങ്ങിയ വേദനയിൽ പാത്തു,
ആശിച്ച വേദിയിൽ ആടാൻകഴിയാത്ത വേദനയിൽ അജു.
വന്നിറങ്ങിയ അജുവിനെയും പാത്തുവിനെയും സ്വീകരിക്കാൻ കുടുമ്പം ഒന്നടങ്കം തയ്യാറായി. പലരോടും പലതും പറയുന്നുണ്ടെങ്കിലും രണ്ടുപേരും പരസ്പരം മിണ്ടിയില്ല.
ഫാഷനായി മാറിയ റാഗിംഗ് പരിപാടി അരങ്ങേറാൻ തുടങ്ങിയപ്പോൾ അജുവിന്റെ ഭാവംമാറി.
അതോടെ അനസും റിയാസും ആ പരിപാടി വേണ്ടെന്നുവെച്ചു.
കയ്യിലൊരുഗ്ലാസ്സ് പാലുമായി വിറയാർന്ന കാലുകളുമായി പാത്തു മണിയറയിലേക്ക് കയറിയപ്പോൾ ജനാലയിലൂടെ പുറത്തേക്ക് നോക്കിനിൽക്കുന്ന അജൂനെയാണ്.
“ഇക്കാ പാല്” പേടിയോടെ പാത്തു പറഞ്ഞു.
അജു അത് വാങ്ങാൻ മടിച്ചില്ല.
ഒന്നും മിണ്ടിയില്ലെങ്കിലും അവനത് വാങ്ങി തിരിച്ച് ആ ജനാലിനരികിലേക്ക് നടന്നു.
ഇനിയെന്ത് പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ പാത്തു അവിടെ നിന്നു.
അജു ജനാലിനരികിലും.
“ഇക്കാ…” ഇടറിയ ശബ്ദത്തിൽ പാത്തു പതിയെ വിളിച്ചു.
അജു ഒന്ന് തിരിഞ്ഞുനോക്കി.
“സമയം കളയണ്ട. നല്ല ക്ഷീണമുണ്ടാകും. കിടക്കാൻ നോക്ക്” എന്ന് അജു അവളോട് പറഞ്ഞു.
ബെഡിൽ ഒരറ്റത്ത് “റബ്ബേ നല്ലൊരു ജീവിതം നീയെനിക്ക് നൽകണേ” എന്ന പ്രാർത്ഥനയോടെ പാത്തു കിടപ്പുറപ്പിച്ചു.
ഇന്നലെ വൈകുന്നേരം മുതൽ കെട്ടിയൊരുങ്ങി നിൽകുന്നതുകൊണ്ട് പാത്തു ഉറക്കത്തിലേക്ക് വീണു.
പാത്തൂനെ കൈപിടിച്ചേൽപിച്ചപ്പോൾ അവളുടെ ഉപ്പ പറഞ്ഞ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങി.
അജു ബെഡിന്റെ മറ്റൊരു വശത്ത് സ്ഥാനംപിടിച്ചതും പാത്തു കണ്ണുതുറന്നു.
പതിയെ ഉറക്കത്തിലേക്ക് വഴുതിവീഴുന്ന അജ്മലിന്റെ മുഖംനോക്കി അരണ്ട വെളിച്ചത്തിൽ പാത്തു കണ്ണുതുറന്ന് കിടന്നു.
എപ്പോഴോ ഉറക്കമുണർന്ന പാത്തു അജൂനെയൊന്ന് നോക്കി എഴുനേറ്റ് സമയം നോക്കി. അപ്പോഴേക്കും സുബ്ഹിബാങ്കിന്റെ ഈരടി അവളുടെ കാതിൽ മുഴങ്ങി.
എഴുനേറ്റ് നിസ്കരിക്കാനുള്ള ഒരുക്കം തുടങ്ങി.
നിസ്കാരം കഴിഞ്ഞപ്പോൾ നിസ്കാരപ്പായിലിരുന്ന് കൈകളുയർത്തി റബ്ബിനോട് തേടി.
“നല്ലൊരു ജീവിതം നൽകണേ” എന്ന്.
നിസ്കാരപ്പായ മടക്കിവെച്ച് അജൂനെ നോക്കി നേരെ അടുക്കളയിലേക്ക് പാത്തു നടന്നു.
“മോള് എഴുന്നേറ്റോ… അജൂന് എഴുന്നേറ്റാൽ കട്ടൻ നിർബന്ധമാണ്” എന്ന് ഉമ്മ പറഞ്ഞതും
“അജുക്കാക്ക് എപ്പോഴും കട്ടനോടാ ഇഷ്ടം” എന്ന് സഹലയും പറഞ്ഞു.
“മോളിത് അവന് കൊണ്ടുകൊടുക്ക്” എന്നുപറഞ്ഞ് ഒരു കപ്പ് ചായ പാത്തൂന് നേരെ ഉമ്മ നീട്ടി.
പാത്തു അതുമായി അവരുടെ റൂമിലെത്തി.
ബെഡിൽ നോക്കിയപ്പോൾ അജു ഇല്ല. അപ്പോഴാണ് ബാത്‌റൂമിൽ വെള്ളംവീഴുന്ന ശബ്ദം കേട്ടത്.
പാത്തു ചായയുമായി അവനെകാത്ത് അവിടെനിന്നു.
ബാത്റൂമിന്റെ വാതിൽതുറന്ന് അജു വന്നതും
“ചായ” എന്നവൾ പറഞ്ഞു.
അജു അത് വാങ്ങിക്കുടിച്ച് കപ്പ് തിരിച്ചുനൽകി. അതുമായി പോകാനൊരുങ്ങിയ പാത്തൂനെ അജു വിളിച്ചു.
“വേദനിക്കുന്നുണ്ടെന്നറിയാം, താൻ എന്നോട് ക്ഷമിക്കണം. എനിക്ക് കുറച്ച് സമയം തരണം”
അജൂന്റെ വാക്കുകൾ കേട്ടപ്പോൾ പാത്തു അവനെ നോക്കി.
“ഞാൻ ആഗ്രഹിച്ച പെണ്ണോ ജീവിതമോ ഇതല്ല. കഴിഞ്ഞതൊക്കെ മറക്കാനാണ് എനിക്ക് സമയം വേണമെന്ന് പറഞ്ഞത്” വീണ്ടും അജു പറയുമ്പോൾ അവന്റെ മിഴികൾ നിറയുന്നത് പാത്തു കണ്ടു.
“ഇക്ക ആഗ്രഹിച്ച പെണ്ണ് ഞാനല്ലെങ്കിലും ഞാൻ ആഗ്രഹിച്ച ഒരേയൊരു പുരുഷൻ നിങ്ങളാണ്. സഹിക്കാം… ക്ഷമിക്കാം… അവഗണിക്കാതിരുന്നാൽ മാത്രംമതി” അവളും റൂമിൽനിന്നും പുറത്തേക്ക് പോയി.
പതിവുപോലെ ബുള്ളറ്റെടുത്ത് അജു അവന്റെ സാമ്രാജ്യത്തിലേക്ക് പുറപ്പെട്ടു.
ഏറെ ദൂരം ഇല്ലാത്തതുകൊണ്ട് പെട്ടെന്നവിടെയെത്തി.
“ന്താ മോനെ നേരംവെളുക്കുമ്പോത്തന്നെ ഇവിടെ”
ലോറി ഡ്രൈവർ ശിവേട്ടനായിരുന്നു.
“അതെന്താ ശിവേട്ടാ. ആദ്യമായിട്ടാണോ ഞാൻ ഈ നേരത്ത് ഇവിടെവരുന്നത്”
“അയ്യോ അതല്ല മോനെ. ഇന്നലെയല്ലേ മോന്റെ വിവാഹം കഴിഞ്ഞത്. സാധാരണ ഈ സമയത്ത് അങ്ങനെയോരാൾ പുറത്തുവരാറില്ല. അതുകൊണ്ട് ചോദിച്ചതാ”
“അതാണോ. ഹാരിസിനെ വിളിച്ചിട്ട് കിട്ടിയില്ല. അപ്പൊ അവനെത്തപ്പി ഇറങ്ങിയതാ”
അജു ഓഫിസിലേക്ക് കയറി.
“ഹാരിസെ ഇന്നെങ്ങാനാ എല്ലാർക്കും ട്രിപ്പുണ്ടോ”
“ഉണ്ട് അജുക്കാ”
“പിന്നേ കുറച്ചുദിവസത്തേക്ക് ഒരു ട്രിപ്പ് ശിവേട്ടന് കൂടുതൽ കൊടുക്കണം. മൂപ്പരെ മകളുടെ പ്രസവമാണ്.”
“ആ അത് ഞാനേറ്റു. പിന്നേ എക്സ്പോട്ടിന്റെ ആലപ്പുഴ ടീം മൂന്ന് ലോഡിന്റെ പൈസ തരാനുണ്ട്. മാത്രമല്ല അവർക്കിനി നമ്മുടെലോഡ് വേണ്ടാന്നും പറയുന്നുണ്ട്.”
“അതെന്താ അങ്ങനെ. മൂന്നാലുവർഷമായി നമ്മളല്ലേ അവർക്ക് സാധനം ഇറക്കിക്കൊണ്ടിരുന്നത്. പെട്ടെന്നെന്താ ഇങ്ങനെ, എന്തായാലും നീ അവരെവിളിച്ച് പൈസ ട്രാൻസ്ഫർ ചെയ്യാൻപറയണം.”
“ആ പറയാം”
“എന്നിട്ട് എന്താ പറയുന്നതെന്നുവെച്ചാൽ എന്നെ അറീക്ക്”
“ശെരി അജുക്കാ”
“പിന്നേ നാളെ ബസ്സിനൊരു കല്യാണട്രിപ്പുണ്ട്. നീയെടുക്കോ”
അത് പറഞ്ഞപ്പോൾ ഹാരിസിന്റെ മുഖത്തെ പുഞ്ചിരി ഒന്ന് കാണേണ്ടതായിരുന്നു.
“അതിനെന്താ… ഞാൻ റെഡി.”
“അപ്പൊ നാളെ വീട്ടിലേക്ക് വായോ. ഞാനിറങ്ങുന്നു”
അജു ഇറങ്ങിയതും ശിവേട്ടൻ അടുത്തെത്തി.
“മോനെ ഞാൻ പറഞ്ഞകാര്യം…”
“പേടിക്കണ്ട ശിവേട്ടാ, പറഞ്ഞിട്ടുണ്ട് ഹാരിസിനോട്”
അജു ബുള്ളറ്റ് എടുത്ത് പള്ളിയിലേക്ക് വിട്ടു.
വണ്ടിയിൽനിന്നിറങ്ങി പള്ളിക്കാട്ടിലൂടെ നടന്ന് ഒരു ഖബറിന്റെ മുന്നിൽ ചെന്നുനിന്നു.
കുറച്ചുനേരം അവിടെ ചിലവഴിച്ച് വീട്ടിലേക്ക് പുറപ്പെട്ടു.
“എവിടെപോയതാ നീ”
“ഉപ്പാ ഞാനൊന്ന് വണ്ടിയുടെ അടുത്ത് പോയതാ”
ഉപ്പ ഒന്ന് മൂളിക്കൊണ്ട് പാത്രത്തിലേക്ക് നോക്കി.
അജു അകത്തേക്ക് കയറാൻ ഒരുങ്ങിയതും
“ഇന്ന് ഉച്ചകഴിഞ്ഞാൽ മോളെയുംകൂട്ടി അവളുടെവീട്ടിൽ പോണം. നാളെയും മറ്റന്നാളും അവിടെ. അതിന് ശേഷമേ ഇങ്ങോട്ട് വരാവു”
എന്ന് ഉപ്പയുടെ അടുത്ത കൽപന.
“ശെരി” എന്നുമാത്രം അജുപറഞ്ഞു.
അജു റൂമിൽചെന്നപ്പോൾ പാത്തു ഇച്ചാനുവുമായി ബെഡിലിരുന്ന് കളിക്കുന്നു.
അജൂനെ കണ്ടതും ഇച്ചു “മാമാ” ന്നും വിളിച്ച് അവന്റെ അരികിലേക്ക്.
അജു അവനെ പൊക്കിയെടുത്ത് നെഞ്ചിൽ കിടത്തി അവനും ബെഡിൽ കിടന്നു.
മാമയുടെയും മോന്റെയും കളികൾകണ്ട് പാത്തു അവർക്കരികിലിരുന്നു.
“നിനക്ക് അടുക്കളയിൽ പണിയൊന്നുമില്ലേ”
“എന്നെക്കൊണ്ട് ഒന്നും ചെയ്യിക്കുന്നില്ല ആരും. അപ്പോ ഉണ്ണിനെ എടുത്ത് ഞാനിങ്ങുപോന്നു”
അജു ഒന്ന് മൂളിയിട്ട് ഇച്ചുവുമായി കളിക്കാൻ തുടങ്ങി.
“ഇക്കാടെ ഫോണൊന്ന് തരുമോ”
“എന്തെ”
“ഉമ്മയെ ഒന്ന് വിളിക്കാൻ”
അജു ഷർട്ടിന്റെ പോക്കറ്റിൽനിന്ന് ഫോണെടുത്ത് പാത്തൂന്റെനേരെ നീട്ടി.
സന്തോഷത്തോടെ അവൾ ഉമ്മയോട് സംസാരിക്കുന്നതും കെട്ട് അജു ഉണ്ണിനെ കളിപ്പിച്ചുകിണ്ടിരുന്നു.
“ഇക്കാക്ക് ഫോൺ, ഫായിയാണ്”
പാത്തു അജുവിനുനേരെ നീട്ടി.
“ഹലോ അളിയാ. എന്തുണ്ട് വിശേഷം”
“അൽഹംദുലില്ലാഹ് സുഖം. അവിടെയോ”
അജു ഫായിയുമായി സംസാരിക്കുമ്പോൾ പാത്തൂന്റെ ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.
ഫോൺ വെച്ചതും അജു ഒന്ന് ചീറി.
ഇച്ചുമോൻ ഒന്ന് കടിച്ചതാ. അത് കണ്ടപ്പോ പാത്തൂന്റെ ചിരി പുറത്തേക്ക് വന്നു.
_________________
ഉച്ചതിരിഞ്ഞ് മൂന്നുമണിആയപ്പോഴേക്കും അജുവും പാത്തുവും പോകാനൊരുങ്ങിയിറങ്ങി.
“ഉപ്പാ കാറ്”
“എനിക്ക് ഇന്ന് വണ്ടിവേണം.
“ഇക്കാ…”
“ഇല്ലടാ ബാബിക്ക് ചെക്കപ്പുണ്ട് നാളെകാലത്ത്”
“അളിയാ…”
“റഹീം വരും വണ്ടിയെടുക്കാൻ. അവന് എവിടെയോ പോവാനുണ്ടെന്ന്”
“നീ നിന്റെ ബുള്ളറ്റിൽപോടാ” എന്ന് ഉപ്പ പറഞ്ഞപ്പോ റൂമിൽ കയറി ചാവിയുമായി അജു താഴെയെത്തി.
ആദ്യമായാണ് പാത്തു ബുള്ളറ്റിൽ കയറുന്നത്. അതും അജൂന്റെ പുറകെ.
“റബ്ബേ നീ കാത്തോളണേ” എന്ന് പ്രാർത്ഥിച്ച് പാത്തു അജൂന്റെ പുറകിലിരുന്നു.
ഇതൊക്കെ കണ്ട് ഉമ്മറത്തുനിന്ന് ചിരിതൂകുന്ന കുടുംബാംഗങ്ങളെ അജു കണ്ണാടിയിലൂടെ കണ്ടു.
ബുള്ളറ്റ് ഗേറ്റ് കടന്നതും
“രണ്ടിനെയും ഒന്നാക്കണേ” എന്ന് അജൂന്റെ ഉമ്മ റബ്ബിനോട് തേടി.
പാത്തൂന് ആദ്യമായി ബുള്ളറ്റിൽകയറിയ ത്രില്ലുണ്ടെങ്കിലും ബുള്ളറ്റിൽമാത്രം പിടിച്ചിരിക്കുന്ന പേടികൊണ്ട് അത് പുറത്തുവന്നില്ല.
ഇടക്കെപ്പോഴോ ഒരു ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോൾ അറിയാതെ പാത്തൂന്റെ വലതുകൈ അജൂന്റെ ഷർട്ടിൽ പിടുത്തമിട്ടു.
വണ്ടി ഒരു കടയുടെ മുൻപിൽ നിർത്തി
“ഇറങ്ങ്” എന്ന് അജു പറഞ്ഞപ്പോൾ പാത്തു ഒന്ന് ഭയന്നു.
രണ്ടുപേരും ഇറങ്ങി കടയുടെ അകത്തേക്ക് കയറി.
“ഫായിക്ക് എന്താ വേണ്ടതെന്ന്‌വെച്ചാൽ വാങ്ങിക്ക്”
“ഫായിക്ക് ചോക്ലേറ്റാണ് ഇഷ്ടം”
“ഏതാന്നുവെച്ചാ എടുത്തോ, നിനക്ക് കുടിക്കാനെന്തെങ്കിലും…”
“വേണ്ട ഒന്നും വേണ്ട”
അവിടെന്ന് വാങ്ങിയ ചോക്ലേറ്റുമായി വീട് ലക്ഷ്യമാക്കി ബുള്ളറ്റ്നീങ്ങി.
വൈകാതെ അവർ പാത്തൂന്റെ വീട്ടിലെത്തി.
അവരെയുംകാത്ത് പാത്തൂന്റെ ഉപ്പ പുറത്ത്തന്നെ നിൽപ്പുണ്ടായിരുന്നു.
“എന്താ മക്കളേ വൈകിയത്”
“വരുന്നവഴി ഞങ്ങളൊരു കടയിൽ കയറി. പിന്നേ പതുക്കെയാണ് വന്നത്”
എന്ന് അജു പറഞ്ഞു.
“താത്തപെണ്ണേ” എന്നും വിളിച്ച് അകത്തുനിന്നും ഒരു സാധനം ഓടിവരുന്നതും പിന്നേ രണ്ടും കെട്ടിപ്പിടിച്ച് കറങ്ങുന്നതുമാണ് കണ്ടത്.
കറക്കം നിർത്തി താഴെയിറങ്ങിയ ഫായി അളിയന്റെയും പെങ്ങളുടെയും കൈപിടിച്ച് അകത്തേക്ക് കയറി.
“ഫായിക്ക് പാത്തൂന്ന്പറഞ്ഞാ ജീവനാ. അതുപോലെയാണ് പാത്തൂനും. ഇന്നിപ്പോ മോള് വിളിച്ചപ്പോഴാ ഫായി ഒന്ന് ചിരിച്ചേ”
ഉപ്പ അജൂനോട് പറഞ്ഞു.
“ഇപ്പൊ കുറച്ചൂടെ സന്തോഷായില്ലേ ഫായി”
അജു ചോദിച്ചു.
ഫായി ഒരു നിറചിരി സമ്മാനിച്ച് പാത്തൂനെനോക്കി.
കയ്യിലുള്ള ചോക്ലേറ്റ്പൊതി അവനുനേരെ നീട്ടിയ പാത്തു അവളുടെ മുഖവും ഒന്ന് നീട്ടി.
“ഇത് എനിക്ക് അളിയൻ വാങ്ങിയതല്ലേ. താത്ത വാങ്ങിയതല്ലല്ലോ, അതുകൊണ്ട് താത്തപെണ്ണ് മാറിനിൽക്ക്” ഫായി പാത്തൂന്റെ മുഖംമാറ്റി അജൂനൊരു ഉമ്മകൊടുത്തു.
കുറച്ചുനേരം സംസാരിച്ചിരുന്ന് അജു പാത്തൂന്റെ മുറിയിലേക്ക് കടന്നു.
അപ്പോഴാണ് ബാത്റൂമിൽനിന്നും ഈറനുള്ള മുടിയുമായി പാത്തു ഇറങ്ങിവന്നത്.
“ഇവിടെ ഉണ്ടായിയുന്നോ”
“ഇപ്പൊ വന്നുകേറിയൊള്ളു”
“എന്റെ ഫായിനെ ഇഷ്ടായോ ഇക്കാക്ക്”
“ഹാ. കുട്ടിയല്ലേ”
“ഇതുപോലെ ഒന്നുമല്ല. നല്ല കുറുമ്പനാണ്”
“അതൊക്കെ വളർന്നുവരുമ്പോ മാറും”
അജു സംസാരിച്ചുതുടങ്ങിയപ്പോൾ പാത്തൂനെന്തോ പറഞ്ഞറീക്കാൻ കഴിയാത്ത സന്തോഷം. അതുകൊണ്ടുതന്നെ അവൾ അവനോട് ഓരോന്നും ചോദിച്ചുകൊണ്ടിരുന്നു.
“താത്തപ്പെണ്ണേ വാതിലൊന്ന് തുറക്കോ”
വാതിലിനുപുറത്ത് ഫായിടെ ശബ്ദം കേട്ടതും അജു വാതിൽ തുറന്നു.
കേറിവന്നപാടേ “അളിയാ എന്നെ ബുള്ളറ്റിൽ കറങ്ങാൻ കൊണ്ടുപോവോ” എന്നായിരുന്നു ഫായിടെ ചോദ്യം.
“ഇപ്പോഴോ”
“ആഹ്. ഇവിടെ അടുത്തെവിടെയെങ്കിലും”
“കൊണ്ടുപോവാം. ഞാനൊരുകാര്യം പറഞ്ഞാൽ അത് അനുസരിക്കണം. എങ്കിൽ കൊണ്ടുപോകാം” എന്ന് അജു.
[തുടരും…]
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Next part nu katta waiting…. Aju Pathune snehichal mathiyayirunnu…. Pavam pathu.