Skip to content

അകലെ – Part 5, 6

akale-aksharathalukal-novel

✒️F_B_L

“താത്തപ്പെണ്ണേ വാതിലൊന്ന് തുറക്കോ”
വാതിലിനുപുറത്ത് ഫായിടെ ശബ്ദം കേട്ടതും അജു വാതിൽ തുറന്നു.

കേറിവന്നപാടേ “അളിയാ എന്നെ ബുള്ളറ്റിൽ കറങ്ങാൻ കൊണ്ടുപോവോ” എന്നായിരുന്നു ഫായിടെ ചോദ്യം.

“ഇപ്പോഴോ”

“ആഹ്. ഇവിടെ അടുത്തെവിടെയെങ്കിലും”

“കൊണ്ടുപോവാം. ഞാനൊരുകാര്യം പറഞ്ഞാൽ അത് അനുസരിക്കണം. എങ്കിൽ കൊണ്ടുപോകാം” എന്ന് അജു.

“ശെരി സമ്മതിച്ചു”

“ഫായിനെ താത്ത എന്താ വിളിക്കാറ്”

“ഫായിന്ന്”

“താത്തയോട് എന്നെ എന്താ വിളിക്കുന്നെ എന്ന് ചോദിക്ക്”

“താത്ത അളിയനെ എന്താ വിളിക്കുന്നെ” ഫായി പാത്തൂനോട് ചോദിച്ചു.

“ഇക്കാന്ന്”

“അപ്പൊ ഫായി ഇനിമുതൽ എന്നെ അങ്ങനെ വിളിച്ചാമതി. അളിയാ എന്നുള്ള വിളി ഇനി വേണ്ട. സമ്മതമാണോ ഫായിക്ക്.”

“സമ്മതം ഇക്കാ. അപ്പൊ പോവാ”

“പോവാം”

“താത്തപ്പെണ്ണേന്ന് വിളിക്കല്ലേ എന്ന് നൂറുവട്ടം ഞാൻ പറഞ്ഞിട്ട് ഫായി കേട്ടില്ല. ഇപ്പൊ അജുക്ക ആളിയാന്ന് വിളിക്കല്ലേ എന്ന് ഒറ്റത്തവണ പറഞ്ഞപ്പോഴേക്കും നീ അനുസരിച്ചല്ലേ ഫായി” എന്ന് പാത്തു മനസ്സിൽ പറഞ്ഞു.
പാത്തു മുടിയൊക്കെ വാരിക്കെട്ടി അജൂന്റെയും ഫായിടെയും പുറകെ പുറത്തേക്ക് നടന്നു.

“ഇനി എപ്പോഴാ ഇക്കയും ഉണ്ണിയും” പാത്തു അജൂനോട് ചോദിച്ചു.

“നോക്കട്ടെ. പറ്റിയാൽ നേരത്തെ വരും”

“ദൂരെയൊന്നും പോവണ്ട. അടുത്തെവിടെയെങ്കിലും പോയാമതി.”
അധികാരത്തോടെ അജുവിനോട് അങ്ങനെ പറയുമ്പോഴും ഇപ്പോഴുള്ള അടുപ്പം പോകല്ലേ എന്ന് അവൾ മനസ്സിൽ പറയുന്നുണ്ടായിരുന്നു.

അജൂന്റെ പുറകിലായി ബുള്ളറ്റിലേറി ഫായി പാത്തൂന് കൈവീശിക്കാണിച്ച് പടികടന്നുപോയി.

“ഫായി… എങ്ങോട്ടാ നമ്മൾ പോകുന്നത്”

“ആദ്യം ബീച്ചിൽ പോവാ”

അജു വണ്ടി ബീച്ചിലേക്ക് വിട്ടു.

ബീച്ചിലെത്തി ഫായി അജൂന്റെ കൈപിടിച്ച് ഓരോന്നും പറഞ്ഞ്നടന്നു.

“ഇക്കാ എനിക്ക് കടലിൽ ഇറങ്ങണം. വല്ലപ്പോഴൊക്കെയാണ് ഇവിടെ വരാറുള്ളത്. വന്നാൽത്തന്നെ തിരചവിട്ടാൻ ഉപ്പ സമ്മതിക്കാറില്ല” ഫായി അങ്ങനെ പറഞ്ഞപ്പോൾ
അജു മുണ്ട് മടക്കിക്കുത്തി അവന്റെ കൈപിടിച്ച് തിരയിലേക്കിറങ്ങി.

ആദ്യമായി തിരചവിട്ടുന്ന ഫായി ഓരോതവണ തിര കരയെത്തേടിവരുമ്പോഴും അതിൽ അജൂന്റെ കൈപിടിച്ച് ചാടിക്കളിച്ചു.

“ഇക്കാ മൊബൈൽ തായോ. ഫോട്ടോ എടുക്കാൻ”
അജു അവന് മൊബൈൽനീട്ടി.

കുറെ സെൽഫിയെടുത്ത് ഫായി വാട്സാപ്പ് തുറന്ന് അതിൽ പാത്തൂനെ തിരഞ്ഞു.

“ഇക്കാ താത്തപ്പെണ്ണിന്റെ നമ്പറില്ലേ ഇതിൽ”
എന്ന് ഫായി ചോദിച്ചതും അജു എന്തുപറയണമെന്നറിയാതെ കുഴങ്ങി.

“അത് വേറെ ഫോണിലാ. ഇതിലില്ല” എന്നവൻ വെറുതെ തട്ടിവിട്ടു.

അത്കേട്ടപ്പോൾ ഫായിക്ക് മനഃപാഠമായ പാത്തൂന്റെ നമ്പർ അവൻ സേവ്ചെയ്ത് വാട്സാപ്പിൽ എടുത്ത ഫോട്ടോസ് മുഴുവൻ അവൾക്ക് അയച്ചു.

______________

“അവരവിടെ മോളെ”

“ഫായിക്ക് കറങ്ങാൻപോകണം എന്ന് പറഞ്ഞപ്പോ രണ്ടാളുംകൂടി പോയിരിക്കുകയാ” ഉപ്പയുടെ ചോദ്യത്തിന് പാത്തു മറുപടിനൽകി.

“ഇരുട്ടായല്ലോ. മഴക്കാറുമുണ്ട്. നീയൊന്ന് വിളിച്ചിട്ട് അവരെവിടെയാ എന്നൊന്ന് ചോദിക്ക്.”

പാത്തു റൂമിൽപോയി മൈബൈലെടുത്ത് അജൂന്റെ നമ്പറിൽവിളിച്ചു.

ആദ്യമായിട്ടായിരുന്നു പാത്തു അവനെ ഫോണിൽവിളിക്കുന്നത്.

“ഹലോ ഇക്കാ എവിടെയാ”

“ഞങ്ങൾ ചായക്കടയിലാ താത്തപ്പെണ്ണേ” എന്ന മറുപടി കേട്ടപ്പോ

“ഇക്കയോ”

“ഇവിടെയുണ്ട് കൊടുക്കാം”

“ആ പറ” എന്ന അജൂന്റെ ശബ്ദം കേട്ടതും

“എവിടെയാ രണ്ടാളും, ഉപ്പ അന്വേഷിക്കുന്നുണ്ട്. പെട്ടെന്ന് വരാൻ നോക്ക്”

“ശെരി” എന്ന് പറഞ്ഞ് അജു ഫോൺവെച്ചു.

പാത്തു ഫോണിലെ നെറ്റ് ഓൺ ചെയ്ത് വാട്സാപ്പ് തുറന്നപ്പോൾ കണ്ടകാഴ്ച അവളെ അത്ഭുതപ്പെടുത്തി.
അജൂന്റെ കുറേ മെസ്സേജ്.

തുറന്നുനോക്കിയപ്പോൾ കുറേ ഫോട്ടോസും വീഡിയോസും.
ഓരോന്നായി മാറ്റിക്കൊണ്ടിരുന്നപ്പോൾ പുറത്ത് നല്ലമഴപെയ്യുന്നത് അവളറിഞ്ഞു.

അപ്പോഴേക്കും കറന്റും പോയി.
പൊതുവെ ഇരുട്ട് പേടിയായതുകൊണ്ട് പാത്തു ഉപ്പയുടെകൂടെ ഉമ്മറത്ത് അവരെയും കാത്തിരുന്നു.

_______________

“പെട്ടല്ലോ ഫായി, ഇനി എന്താ ചെയ്യാ”

“നമുക്ക് മഴനനഞ്ഞുപോയാലോ”

“ആ അടിപൊളി. നിനക്ക് പനിപിടിച്ചാൽ എല്ലാരുംകൂടി എന്നെകൊല്ലും”

“ഇല്ല ഇക്കാ. ഞാൻ മഴയൊക്കെകൊള്ളാറുണ്ട്. ഇക്ക വണ്ടിയെടുക്ക്”

കടയിൽനിന്നും ഒരു കവറുവാങ്ങി അതിൽ മൊബൈലും പേസ്‌സും വെച്ച് ഫായിയെ ഏൽപിച്ച് അജു വണ്ടിയിൽ കയറി.
മഴയായതുകൊണ്ട് പതിയെ വണ്ടി മുന്നോട്ടുനീങ്ങി.

വൈകാതെ വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ ഉമ്മറത്ത് പാത്തുനിൽപ്പുണ്ടായിരുന്നു.
ഫായി ബുള്ളറ്റിൽനിന്നിറങ്ങി ഉമ്മറത്തേക്ക് ഓടിക്കയറി. അവനുപുറകെ അജ്മലും.

“കഴിഞ്ഞോ രണ്ടാളുടെയും കറക്കം, പൂതിതീർന്നോ ഫായി നിന്റെ” പാത്തു ദേഷ്യപ്പെട്ടു.

“താത്ത വിളിച്ചതുകൊണ്ടാ, ഇല്ലേൽ കുറച്ചൂടെ വൈകിയേനെ” എന്നുപറഞ്ഞ് കയ്യിലുണ്ടായിരുന്ന കവർ പാത്തൂന്ന് നീട്ടി.

അജു മുടികൈകൊണ്ട് തട്ടി റൂമിലേക്ക്കടന്നു. പുറകെ പാത്തുവും. അജു ബാത്റൂമിൽ കയറിയപ്പോ പാത്തു കയ്യിലുണ്ടായിരുന്ന കവറിൽനിന്നും മൊബൈലും പേഴ്‌സും എടുത്ത് ടേബിളിൽ വെച്ചതും പേഴ്സ് താഴെവീണു.

താഴെവീണ പേഴ്സ് കയ്യിലെടുത്തപ്പോൾ കണ്ടകാഴ്ച അവളെ തളർത്തി. ഒരു പെൺകുട്ടിയുടെ പുഞ്ചിരിക്കുന്ന ഫോട്ടോ.

“അഫി” അവളുടെ മനസ്സ്മന്ത്രിച്ചു.
അഫി ഇക്കാടെ ആരായിരിക്കും…?
ഇവർതമ്മിലുള്ള ബന്ധം എന്തായിരിക്കും…?
എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിൽ അലയടിച്ചു.

“റബ്ബേ… അഫി ഇന്ന് ജീവിച്ചിരിപ്പില്ല, അങ്ങനെയൊരാളുടെ ഫോട്ടോകൊണ്ടുനടക്കണമെങ്കിൽ ഇക്കയും അഫിയും എന്തോ ബന്ധമുണ്ട്.” എന്ന് അവൾ മനസ്സിൽ പറഞ്ഞതും
ബാത്റൂമിന്റെ ഡോർതുറന്ന് അജു പുറത്തിറങ്ങി.

കയ്യിലുണ്ടായിരുന്ന പേഴ്സ് ടേബിളിൽവെച്ച് പാത്തു പുറത്തേക്ക് നടക്കാനൊരുങ്ങിയതും അജു അവളെ വിളിച്ചു.

“പാത്തു…”

ആദ്യമായാണ് അവനങ്ങനെ വിളിക്കുന്നത്.
അവളൊന്ന് തിരിഞ്ഞുനോക്കി.

“മഴകൊണ്ടാൽ ഫായിക്ക് കുഴപ്പമൊന്നും ഉണ്ടാവില്ലല്ലോ ല്ലേ”
ഷർട്ടിന്റെ കൈ മടക്കിവെക്കുമ്പോഴാണ് അവനത് ചോദിച്ചത്.

“ഇ…ല്ല” പാത്തൂന്റെ ഇടറിയ ശബ്ദംകേട്ട് അജു അവളെനോക്കി.

“എന്തുപറ്റി, കരയുന്നല്ലോ”

“ഒന്നുല്ലഇക്കാ” എന്നുപറഞ്ഞ് പാത്തു തിരിഞ്ഞുനടന്നു.

രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോഴും പണികളെല്ലാം തീർത്ത് പാത്തു റൂമിലെത്തിയപ്പോഴും അവളൊന്നും മിണ്ടിയില്ല.

കല്യാണം കഴിഞ്ഞ രണ്ടാംദിനത്തിലെ രാത്രിതന്നെ നിറമിഴികളുമായി പാത്തു ബെഡിന്റെ ഒരറ്റത്ത്കിടന്നു.

അടുത്തദിവസം ബന്ധുവീടുകളിൽ പോയപ്പോഴോ പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോഴോ അവൾ അവനോടൊന്ന് മിണ്ടിയില്ല. അവനും എന്തെങ്കിലും ചോദിക്കാനോ പറയാനോ തയ്യാറായുമില്ല.

ഉപ്പയോടും ഉമ്മയോടും ഫായിനോടും യാത്രപറഞ്ഞ് തിരികെ അജൂന്റെ വീട്ടിലേക്ക് പോകുമ്പോൾ ബുള്ളറ്റിനുപുറകിൽ അവന്റെ ഷർട്ടിൽപിടിച്ച് ഇരുന്നു എന്നല്ലാതെ അവർതമ്മിൽ മിണ്ടാൻ തയ്യാറായില്ല.

ദിവസങ്ങൾ ഓരോന്നായി കടന്നുപോയി. കല്യാണംകഴിഞ്ഞ് ഒരാഴ്ച. അവരുടെ ആദ്യത്തെ ഞായറാഴ്ച.

രാവിലെതന്നെ അനസിന്റെ കാറുമെടുത്ത് അജു പോകാനൊരുങ്ങിയതും
“എവിടെക്കാ നീ” എന്ന ഉപ്പയുടെ ചോദ്യംവന്നു.

“ആലപ്പുഴ പോവുകയാണ്.”

“എന്തെ…?”

“കുറച്ച് പൈസ കിട്ടാനുണ്ട്. അത് വാങ്ങണം”

“ഉച്ചക്ക് മോളിവിടെ തനിച്ചാകും. നീ അവളെയും കൂട്ടിക്കോ”

“അത് ശെരിയാവില്ല, ഞാൻ കറങ്ങാൻ പോകുന്നതല്ല” എന്ന് അജു ഉപ്പയോട്.

“അറിയാം. എന്നാലും നിന്റെകൂടെ അവളും വരും. ഇല്ലേൽ നീയിന്ന് എവിടേക്കും പോവില്ല”
എന്നുംപറഞ്ഞ് അകത്തുനിൽകുന്ന പാത്തുവിനോട് “പോയി റെഡിയാവ് മോളെ” എന്ന് പറഞ്ഞു.

പാത്തു ഡ്രെസ്സൊക്കെ മാറി അജൂന്റെ കാറിൽകയറി.

നാലുമണിക്കൂർ യാത്രയുണ്ട്. വണ്ടി സഞ്ചരിച്ചുതുടങ്ങി. ദിവസങ്ങളിലായി അവർക്കിടയിൽ കയറിക്കൂടിയ നിശബ്ദതയെ വകഞ്ഞുമാറ്റി അജുതന്നെ മിണ്ടിത്തുടങ്ങി.

“പാത്തൂ… തനിക്ക് എന്താ പെട്ടെന്ന് പറ്റിയത്. ഇങ്ങനെ ആയിരുന്നില്ലല്ലോ നീ”

“ഒന്നുല്ല ഇക്കാ”

“എന്താണെങ്കിലും  പറയണം. പറഞ്ഞാലേ അറിയൂ”

“അറിയാനുണ്ട് പലതും.”

“എന്നാൽ ചോദിക്ക്. അറിയുന്നതാണേൽ പറഞ്ഞുതരാം”

“ഇക്കാടെ പേഴ്‌സിലുള്ള പെൺകുട്ടി ആരാ…?”

അവനൊന്നും മിണ്ടിയില്ല.

“ഇക്കാനോട് ചോദിച്ചത് കേൾകാത്തതുകൊണ്ടാണോ മറുപടിയില്ലാത്തത്”

“പേഴ്സിൽ ഞാൻകണ്ട പെൺകുട്ടി അഫിയാണെന്നറിയാം. അഫി ഇക്കാടെ ആരാ…?”

അജു മറക്കാൻ ശ്രമിക്കുന്ന കഥയാണ് പാത്തുചോദിക്കുന്നത്.

“പാത്തു… അവൾ” അജൂന്റെ ശബ്ദം ഇടാറി.

“പറ അജുക്കാ.”

എന്തായാലും പാത്തു അറിയേണ്ട കഥയാണെന്ന് അജുവിനും തോന്നി.
അവൻ പറയാനൊരുങ്ങി.

“അഫി, അതൊരു കഴിഞ്ഞുപോയ അധ്യായമാണ്. എന്റെ ജീവിതകാലം മുഴുവൻ എന്റെകൂടെവേണമെന്ന് ഞാൻ ആഗ്രഹിച്ച, എന്നാൽ രണ്ടുവർഷം മുൻപ് എന്നിൽനിന്നും അകന്നുപോയ എന്റേതെനന്ന് ഞാൻ കരുതിയിരുന്ന എന്റെ പെണ്ണ്” അജു പറഞ്ഞുനിർത്തി.

ഉള്ളിലെവിടെയോ ഒരു നീറ്റൽ അവനുതോന്നി.

“എനിക്കാ കഥ കേൾക്കാൻകഴിയുമോ” അവരുടെ പ്രണയകഥ കെട്ട് അഫിയെക്കാൾ ഒരുപിടിയെങ്കിലും സ്നേഹം അജൂനുൽകാൻ പാത്തുവിന് കഴിഞ്ഞാൽ അജു പഴയതൊക്കെ മറക്കുമെന്ന് അവൾക്കും തോന്നി.

“പറയുവാണേൽ അഫി ജനിച്ച അന്നുമുതലുള്ള കഥ പറയണം.” എന്ന് അജു.

“ഈ യാത്രയിൽ നമുക്ക് മറ്റൊന്നും പറയാനില്ലല്ലോ. അതുകൊണ്ട് ബുദ്ധിമുട്ടില്ലേൽ…”

“വേണ്ട. ഞാൻ പറയാൻ തുടങ്ങിയാൽ ശെരിയാവില്ല. തിരികെ വീട്ടിലെത്തിലെത്തിയാൽ കട്ടിലിനടിയിലൊരു പെട്ടിയുണ്ട്. അതിനകത്ത് ഡയറിയും. തുറന്ന് വായിക്കാം. നിന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം അതിലുണ്ട്”
അജു അതും പറഞ്ഞ് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു.

എങ്ങനെയെങ്കിലും വീടെത്തിയാൽമതി എന്നായി പാത്തൂന്റെ മനസ്സിൽ.

അജൂന്റെ ഫോൺ ശബ്‌ദിക്കാൻ തുടങ്ങി. കാറിലെ ബ്ലൂടൂത്തിൽ ഫോൺ കണക്ട്ചെയ്ത് അജു സംസാരിക്കാൻ തുടങ്ങി.

“ഞാൻ ഹക്കീമാണ്… പൈസ ഇന്ന് ഉച്ചക്കുമുൻപ് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം”

“ഇത് നിങ്ങൾ പറയാൻ തുടങ്ങിയിട്ട് കുറച്ചുദിവസമായില്ലേ. ഞാൻ അങ്ങോട്ടുള്ള യാത്രയിലാണ്. എറണാംകുളം എത്താറായി.”

“വേണ്ട അജ്മലെ. നീ തിരിച്ച് പൊയ്ക്കോ. മാത്രമല്ല ഇനി നിന്റെലോഡ്മതി ഞങ്ങൾക്ക്”

“വിശ്വസിക്കാമോ ഹക്കീമേ.”

“വിശ്വസിക്കാം”

കോൾ കട്ടായതും അജു വണ്ടി റൂട്ട് തിരിച്ച് മറൈൻഡ്രൈവിലേക്ക് വിട്ടു.

“ആരാ വിളിച്ചത്” പാത്തു ചോദിച്ചു.

“ആലപ്പുഴയിൽ നിന്നും ഹക്കീം. എന്റെ സുഹൃത്താണ്.”

“എന്താ ലോഡിന്റെ കാര്യമൊക്കെ പറഞ്ഞല്ലോ. എന്താ സംഭവം”

“നിനക്ക് എന്നെപ്പറ്റി എന്തറിയാം പാത്തു”

“കണ്ട അറിവില്ലാതെ കൂടുതലൊന്നും അറിയില്ല”

“ന്നാ കേട്ടോ പാത്തൂ. ഞാൻ +2 പഠിക്കുമ്പോ ഒരു ആക്‌സിഡന്റ്. അതോടെ പഠിപ്പ് നിർത്തി.”

“അതെന്തേ”

“ആക്‌സിഡന്റ് ആയപ്പോ കുറച്ച്കാലം കിടക്കേണ്ടിവന്നു. അതിൽ ഉപ്പാക്ക് കുറേ പൈസയും ചിലവായി. പൈസയുടെ കണക്ക് പറഞ്ഞുകേട്ടപ്പോ പഠിക്കാനും തോന്നിയില്ല”

“എന്നിട്ട്” അഫിയുടെ കഥക്ക്മുൻപ് അജൂന്റെ കഥ കേൾക്കാൻ പാത്തൂന് ആകാംഷയായി.

“കിടപ്പൊക്കെ അവസാനിപ്പിച്ച് ഞാൻ എന്തുചെയ്യണെമെന്ന് അറിയാതെ നിന്നപ്പോഴാണ് കൂട്ടുകാരന്റെ ഉപ്പയുടെ കോയക്കയുടെ ലോറിയിൽ ഒരു ക്ളീനറെ വേണമെന്നറിഞ്ഞത്. അങ്ങനെ അതിൽ ക്ളീനറായി. തമിഴ്നാട് കർണാടക ഒക്കെയായിരുന്നു ട്രിപ്പ്. ഓരോ ട്രിപ്പ് കഴിയുമ്പോൾ അത്യാവശ്യം ശമ്പളമൊക്കെ കിട്ടിയിരുന്നു. പതിനെട്ടാമത്തെ വയസ്സ് തികയുന്നവരെ ആ ലോറിയിൽ ക്ളീനറായി തുടർന്നു. ഇടക്ക് വലിയവണ്ടിയെ നിയന്ത്രിക്കാനും പഠിച്ചു.”

“അപ്പൊ ആ പ്രായത്തിലേ തുടങ്ങിയല്ലേ വണ്ടിപ്രാന്ത്”

“ആ അങ്ങനെയും പറയാം. സ്വരുക്കൂട്ടിവെച്ച പൈസകൊണ്ട് ചെറിയൊരു വണ്ടിവാങ്ങി. കോയക്കയുടെ കീഴിൽ കേരളത്തിനകത്തെ ഓട്ടം മുഴുവൻ ഞാനോടി. അനസ്‌ക്ക എൻജിനീയർ ആയപ്പോ അജു അസ്സൽ ഡ്രൈവറായി.
കുടുമ്പത്തിൽ വല്ല കല്യാണമോ അങ്ങനെ ആളുകൂടുന്ന എന്ത് പരിപാടിക്കുപോയാലും അജു ഡ്രൈവറാണെന്ന് പറയാൻ ഉപ്പാക്ക് നാണക്കേട്. അനുക്ക വല്യ ആളായതുകൊണ്ട് കുഞ്ഞോളുടെ സ്കൂളിലെ മീറ്റിങ്ങിനും മറ്റും ഇക്കാനെ വിളിക്കും.
ഒരുദിവസം വീട്ടിൽ കുഞ്ഞോളെ കൂട്ടുകാരികൾ വന്നപ്പോൾ അവരുടെമുന്നിൽവെച്ച് എന്നെ അനുക്ക നാണം കെടുത്തി. അത് അവർക്കൊരു ഹരമായിരുന്നു. ഞാനും നിന്ന്കൊടുക്കും.”

“പാവം” എന്ന് പാത്തു മനസ്സിൽപറഞ്ഞു.

“അവിടെന്ന് ഒരുവർഷം കഴിയുമ്പോഴേക്കും കോയക്കകിടപ്പിലായി. വണ്ടിയും കച്ചവടവും ഒക്കെ അവസാനിപ്പിക്കുന്നു എന്നറിഞ്ഞപ്പോൾ ആ വണ്ടി ഞാൻതന്നെ വാങ്ങി. പിന്നേ ഓരോ വർഷം കൂടുംതോറും വണ്ടിയുടെ എണ്ണംകൂടി. എല്ലാ വണ്ടിയിലും പണിക്കാരായി. ഇന്നെനിക്ക് നാല് ടിപ്പർ ലോറിയും രണ്ട് മീൻലോറിയും ഒരു ബസ്സും പിന്നെയൊരു ബുള്ളറ്റും. വണ്ടികളായി അങ്ങനൊരു സമ്പാദ്യം. പിന്നെ കുറച്ച് സ്ഥലവും”

“അപ്പൊ ഞാൻ മനസ്സിലാക്കിയപോലല്ല ല്ലേ”

പാത്തൂന്റെ ചോദ്യത്തിന് അവനൊന്ന് പുഞ്ചിരിച്ചു.

“സിഗരറ്റ് എപ്പോഴും വലിക്കാറുണ്ടോ” എന്ന അടുത്ത ചോദ്യം കേട്ടതും

“ഞാനോ” എന്ന് അജു.

“ഒരു ടൂർദിവസം ഞാൻ കണ്ടിരുന്നു അജുക്ക ബസ്സിന്റെ പുറകെനിന്ന് സിഗരറ്റ് വലിക്കുന്നത്”

“ഏത് ടൂർ” എന്ന് സംശയത്തോടെ അജു.

“എം ഇ എസ് കോളേജിൽനിന്ന് കഴിഞ്ഞമാസം ആദ്യത്തിൽ മൂന്ന്ദിവസത്തെ ടൂറിന് സുൽത്താൻ ആയിരുന്നു ഞങ്ങളുടെ ബസ്. അതിന്റെ നിയന്ത്രണം അജുക്കാടെ കയ്യിലും. ഇക്ക പെണ്ണുകാണാൻ വന്നതിനുശേഷം നിക്കാഹിന് മുൻപ് അന്നാണ് ഞാൻ അജുക്കയെ കണ്ടത്.
ഭക്ഷണം കഴിക്കാൻ നിർത്തിയ ഹോട്ടലിൽനിന്നും ആരോടോ ഫോണിൽ ചൂടായി എഴുനേറ്റുപോയി ബസ്സിന്റെ പുറകെനിന്ന് സിഗരറ്റ് വലിക്കുന്നത് ഞാൻ കണ്ടു” പാത്തു അത് പറഞ്ഞപ്പോൾ അജു ഇല്ലാതായി.

“ഇടക്കൊക്കെയൊള്ളു. പ്രാന്ത് കേറിയാൽ ഉടനെ വലിക്കും.”

“ഇനിയുള്ള കാലം ആ സ്വഭാവം വേണ്ടെന്നുവെച്ചൂടെ”

“ശ്രമിക്കാം” എന്നായിരുന്നു അജൂന്റെ മറുപടി.

വണ്ടി മറൈൻഡ്രൈവിൽ എത്തിനിന്നു.

“ഇറങ്ങുന്നില്ലേ…” എന്ന് അജു.

അജൂന്റെ ചോദ്യം കെട്ട് പാത്തു കാറിൽനിന്ന് ഇറങ്ങി. അവന്റെ പുറകിലായി നടന്നു. ടൈൽവിരിച്ച പാതയിലൂടെ അജൂന്റെ പുറകിലായി പാത്തു നടക്കുമ്പോൾ ഒരു അകൽച്ച അവൾക്ക് തോന്നി.

തിരക്കുള്ള പാതയിലൂടെ പാത്തൂനെ പുറകിലാക്കി അകലമിട്ട് നടക്കുന്നത് ശെരിയല്ലെന്ന് അവനും തോന്നി.

“എനിക്ക് ഐസ്ക്രീം വാങ്ങിത്തരുമോ” എന്ന് ചോദിച്ച് പാത്തു അജൂന്റെ ഷർട്ടിൽ പിടിച്ചു.
അവൾക്കും ഉള്ളിൽ പേടിയുണ്ട്, കയ്യിലെങ്ങാനും പിടിച്ചാൽ അജു ചീത്തപറയുമോ എന്ന പേടി.

അവൾ ആദ്യമായി ആവശ്യപ്പെട്ടതാണ്. അതുകൊണ്ട് മടികാണിച്ചില്ല.
കടയിൽനിന്നും ഐസ്ക്രീം വാങ്ങി ഒരു ബെഞ്ചിലിരുന്നു.

“അജുക്ക ഇതിനുമുൻപ് ഇവിടെ വന്നിട്ടുണ്ടോ…?”

അജു ഒന്ന് ചിരിച്ചു.
“ഒരുപാട്തവണ ഞാനിവിടെ വന്നിട്ടുണ്ട്. ആ പോകുന്ന ബോട്ടിൽ ചുറ്റിവന്നിട്ടുമുണ്ട്”

അജു കൈചൂണ്ടി കാണിച്ച ബോട്ടിനെ നോക്കി അവളൊന്ന് കണ്ണുകൾവിടർത്തി.

“നല്ല ആഴമുള്ള വെള്ളമല്ലേ. പേടിയാവില്ലേ”

“എന്തിന്. നല്ല രസാണ്. നീ വാ”

“എങ്ങോട്ട്”

“നമുക്ക് വെറുതെ ബോട്ടിലൊന്ന് ചുറ്റിയിട്ട് വരാം”

“അള്ളോഹ് ഞാനില്ല. കാണുമ്പൊത്തന്നെ പേടിയാവാ.” പാത്തു പറഞ്ഞു.

“എന്നാൽ നീയിവിടെയിരിക്ക്. ഞാൻ പോയിട്ട് വരാം” എന്ന് അജ്മലും.

“ഇവിടെ ഞാൻ ഒറ്റക്കോ, ഞാനിരിക്കില്ല എനിക്ക് പേടിയാണ്”

“എല്ലാത്തിനും പേടി പേടി. ഒന്ന് വന്നേ പാത്തു” അജു പാത്തൂന്റെ കൈപിടിച്ചു.

സന്തോഷംകൊണ്ടാവാം പാത്തൂന്റെ കണ്ണ്നിറഞ്ഞു.

അജൂന്റെ കൈപിടിച്ച് പാത്തു ബോട്ടിലേക്ക് കയറി ഒരു സീറ്റിൽ ഇരുന്നു.

“അജുക്കാ എനിക്ക് പേടിയാവുന്നുണ്ടെ, ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ”
അജൂന്റെ കയ്യിലെ പിടിവിടാതെ പാത്തു പറഞ്ഞു.

ബോട്ട് നങ്കൂരത്തിന്റെ ബന്ധനം മുറിച്ച് മുന്നോട്ടുനീങ്ങി. വളരെയടുത്ത് കപ്പലുകൾ കാണുമ്പോഴും പാത്തൂന്റെ ഉള്ളിൽ പേടിയായിരുന്നു. ആ പേടികാരണം പാത്തു കണ്ണുകളടച്ച് അജൂന്റെ തോളിൽ ചാഞ്ഞു.

ബോട്ടുയാത്രക്കൊടുവിൽ കാറിൽ കയറി നേരെ ഹോട്ടലിലേക്ക്.
അവിടെന്ന് ഭക്ഷണവും കഴിച്ച് നേരെ വീട്ടിലേക്ക് പുറപ്പെട്ടു.

വരുന്നവഴി അജ്മലിന്റെ സാമ്രാജ്യത്തിൽ ഒന്ന് കേറി.

“പാത്തൂ… ഇതാണ് ഞാൻ നേരത്തെ പറഞ്ഞ എന്റെ സമ്പാദ്യങ്ങൾ.”

ഞായറാഴ്ച ആയതുകൊണ്ട് അവിടെ ആരുമുണ്ടായില്ല.

“ഇനി വീട്ടിൽപോവാ പാത്തു”

“ആ പോവാം”

ഈയൊരു പകലിൽ അജൂന്റെ ജീവിതം ഏറെക്കുറെ പാത്തൂന് മനസ്സിലായി. കഷ്ടപ്പെട്ടതും ജീവിച്ചതും എല്ലാം.
ഇപ്പൊ കാണിക്കുന്ന അടുപ്പം എപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആശിച്ചുപോയി.
ഇരുട്ടുന്നമുൻപ് വീട്ടിൽ തിരിച്ചെത്തി.
അജു കുളിക്കാനായി ബാത്‌റൂമിൽ കയറിയതും അജൂന്റെ ഫോൺ ശബ്‌ദിച്ചു.

“പാത്തൂ… ആരാന്ന് നോക്ക്” അജു ബാത്റൂമിൽനിന്ന് വിളിച്ചുകൂവി.

പാത്തു ചെന്ന് ഫോൺ നോക്കിയപ്പോൾ “ശിവേട്ടൻ” എന്നുകണ്ടു.

“ശിവേട്ടൻ” എന്നാ കാണുന്നെ.
പാത്തു ബാത്റൂമിനരികിൽനിന്ന് അവനോട് പറഞ്ഞു.

“എടുത്തോ, കുളിക്കുകയാണെന്ന് പറ”

അജു പറഞ്ഞപോലെ പാത്തു ഫോണിൽ പറഞ്ഞു.

കുളികഴിഞ്ഞ് വന്നപ്പോൾ ശിവേട്ടനെ അജു തിരിച്ചുവിളിച്ചു.

“എന്താ ശിവേട്ടാ വിളിച്ചേ…”

“ആണോ എന്ത് കുട്ടിയാ…”

“അപ്പൊ എങ്ങനാ കാര്യങ്ങളൊക്കെ ഉഷാറാല്ലെ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണം”

എന്നുപറഞ്ഞ് അജു ഫോൺ വെച്ചു.

“ലോറിയിലെ ഡ്രൈവറാണ്. മൂപ്പരുടെ മകൾ പ്രസവിച്ചു പെൺകുട്ടി. അത് പറയാൻ വിളിച്ചതാ” അജൂനെ നോക്കിനിന്ന പാത്തൂനോട് അവൻ പറഞ്ഞു.

“പിന്നെ ഞാൻ ഇന്ന് രാത്രി ഒരു ട്രിപ്പ്‌പോവുകയാണ്. രണ്ടുദിവസം കഴിഞ്ഞേ വരൂ”

അത് കേട്ടപ്പോ പാത്തൂനെന്തോ സങ്കടം തോന്നി.

രാത്രി ഭക്ഷണം കഴിച്ച് റൂമിലെത്തിയപ്പോൾ പതിവുപോലെ പാത്തു ബെഡിന്റെ ഒരറ്റത്ത് കിടന്നു. ഇന്ന് മുഴുവൻ യാത്ര ആയതുകൊണ്ട് അവൾക്ക് ക്ഷീണംതോന്നി. കിടന്നപാടേ അവളുറങ്ങി.
അജു തെന്റെ ബാഗെടുത്ത് രണ്ടുദിവസത്തേക്കുള്ള ഡ്രസ്സ്‌ എടുത്തുവെച്ച് അവനും ഒരറ്റത്ത് കിടന്നു.

അലാറത്തിന്റെ ശബ്ദംകെട്ട് അജു കണ്ണുതുറന്നപ്പോൾ തന്റെ അടുത്ത് കിടന്നുറങ്ങുന്ന പാത്തൂനെകണ്ടു. വിളിച്ചുണർത്താനോ ശല്യംചെയ്യാനോ നിൽകാതെ അവൻ പോകുവാനുള്ള ഒരുക്കംതുടങ്ങി.
കുളികഴിഞ്ഞ് ഇറങ്ങിവന്ന അജു കണ്ടത് ഒരുകപ്പ് ചായയുമായി റൂമിലേക്ക് കടന്നുവന്ന പാത്തൂനെയാണ്”

ഡ്രെസ്സുംമാറി ബാഗും ചാവിയുമെടുത്ത് അജു പോകാനൊരുങ്ങിയതും
“സൂക്ഷിച്ച് പോണേ” എന്ന് പാത്തു.

ജീവിതത്തിൽ ആദ്യമായാണ് വീട്ടിൽനിന്നും ഇറങ്ങുമ്പോൾ ഇങ്ങനെയൊരു വാക്കുകേൾക്കുന്നത്.

അജൂന്റെ മുഖത്ത് പുഞ്ചിരിവിടർന്നു.
“നീ കിടന്നുറങ്ങിക്കോ” എന്ന് പറഞ്ഞ് അജു പോയി.

അജു ബസുമായി ഗേറ്റ്കടന്ന് പോയതും പാത്തു തിരികെ റൂമിലെത്തി കട്ടിലിനടിയിലെ പെട്ടിവലിച്ച് പുറത്തേക്കെടുത്തു.

പെട്ടിതുറന്ന പാത്തൂന്റെ കണ്ണുകൾ വിടർന്നു.
അജു പറഞ്ഞപോലെ ഡയറി അതിലുണ്ട്. കൂടെ മറ്റുപലതും.

ഡയറിയിലേക്ക് കൈനീളും മുൻപ് അതിൽക്കണ്ട ചെറിയൊരു ബോക്സ്‌ അവളെടുത്തു.
തുറന്നുനോക്കിയതും
“Aju” എന്ന് പേരുകൊത്തിയ മനോഹരമായ സ്വർണ്ണമോതിരം.
പാത്തു അതുപോലെ അതെടുത്തുവെച്ച് ഡയറി കയ്യിലെടുത്തു തുറന്നുനോക്കി.

അജൂന്റെ പേഴ്‌സിൽ കണ്ടതിനേക്കാളും വലിയ ഒരു ഫോട്ടോ. അതും പേഴ്സിൽ കണ്ട അതേ മുഖം.

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.9/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “അകലെ – Part 5, 6”

Leave a Reply

Don`t copy text!