Skip to content

അകലെ – Part 7

akale-aksharathalukal-novel

✒️F_B_L

ഡയറിയിലേക്ക് കൈനീളും മുൻപ് അതിൽക്കണ്ട ചെറിയൊരു ബോക്സ്‌ അവളെടുത്തു.
തുറന്നുനോക്കിയതും
“Aju” എന്ന് പേരുകൊത്തിയ മനോഹരമായ സ്വർണ്ണമോതിരം.
പാത്തു അതുപോലെ അതെടുത്തുവെച്ച് ഡയറി കയ്യിലെടുത്തു തുറന്നുനോക്കി.

അജൂന്റെ പേഴ്‌സിൽ കണ്ടതിനേക്കാളും വലിയ ഒരു ഫോട്ടോ. അതും പേഴ്സിൽ കണ്ട അതേ മുഖം
അവൾ പേജുകൾ ഓരോന്നായി മറിച്ചുതുടങ്ങി.

“അഫിക്ക് പകരം എന്റെജീവിതത്തിലേക്ക് എന്നെ വിശ്വസിച്ച് വരുന്ന പെണ്ണിനല്ലാതെ മറ്റാർക്കും ഇത് വായിക്കാൻ അവകാശമില്ല.” എന്നായിരുന്നു ആദ്യതാളിലെ വാചകങ്ങൾ.

“ഉള്ളിൽ ഒരുപാട് വേദനയുണ്ടെന്നറിയാം. എല്ലാം ഞാൻകാരണമായിരിക്കും. കൂടെവന്നിട്ട്, ഒരേ റൂമിൽ അന്തിയുറങ്ങിയിട്ട് നിനക്കെന്റെ സ്നേഹം കിട്ടുന്നില്ല എന്ന് തോന്നുന്നെങ്കിൽ അതിനൊരു കാരണമുണ്ട്. ആ കാരണം ഇതിനകത്തുണ്ട്. വായിക്കാം… അവളെക്കാൾ ഇത്തിരിസ്നേഹം കരുതൽ നിനക്ക് തരാൻകഴിയുമെങ്കിൽ എന്നിൽനിന്നും കിട്ടാത്ത സ്നേഹത്തെയോർത്ത് നിനക്ക് കരയേണ്ടിവരില്ല…”
ആ പേജും അങ്ങനെ അവസാനിച്ചു.

“ഓർമവെച്ച നാള്മുതൽകേ കേട്ടതാണ് അഫി അജൂന്റെതാണെന്ന്. ഉപ്പയുടെ ഉറ്റസുഹൃത് മുഹമ്മദിന്റെ ഒരേയൊരു മകൾ അഫീഫ എന്ന അഫി. അഫിയുടെ ജനനത്തോടെ അവളുടെ ഉമ്മ അവളെവിട്ട് പോയി. ആകെയുണ്ടായിരുന്നത്‌ ഉപ്പമാത്രം. ഈ വീടിന്റെ അപ്പുറത്തെ ആളില്ലാത്തവീടായിരുന്നു അവരുടേത്. ഉമ്മയില്ല എങ്കിലും അവൾക്കെല്ലാം എന്റെ ഉമ്മയായിരുന്നു. അഫിയുടെ പിറന്നാൾദിവസം ആരും ആഘോഷിക്കാറില്ല. കാരണം ആ ദിവസമാണ് അവൾക്ക് അവളുടെ ഉമ്മയെ നഷ്ടമായത്.

അഫി പിച്ചവെച്ച്തുടങ്ങിയത് ഈ വീടിന്റെ മുറ്റത്താണ്. എന്റെ കൈപിടിച്ചാണ്. എന്റെ ഉപ്പയുടെ കൂടെ ഗൾഫിലായിരുന്നു അഫിയുടെ ഉപ്പയും. അതുകൊണ്ടുതന്നെ അവൾക്കെല്ലാം ഈ വീടായിരുന്നു. ഈ വീട്ടുകാരെപോലെ ഈ വീടിന്റെ ഓരോ മുക്കുംമൂലയും അവൾക്കും അറിയാമായിരുന്നു.

അഫിയുടെ ഉമ്മയുടെ മൂന്നാമത്തെ ആണ്ടുദിവസം, അതായത് അഫിയുടെ മൂന്നാമത്തെ പിറന്നാൾ. അന്നെനിക്ക് ഒൻപതുവയസ്സ് കഴിഞ്ഞിരിക്കുന്നു. അന്നാണ് എന്റെഉപ്പ അഫിയുടെ ഉപ്പയോട് അക്കാര്യം പറഞ്ഞത്.

“മുഹമ്മദേ, അഫിമോള് വലുതാവുമ്പോൾ ന്റെ അജൂനെക്കൊണ്ട് കെട്ടിക്കാം” എന്ന്.
അഫിയുടെ ഉപ്പയും സമ്മതിച്ചു.
പിന്നീടുള്ള ഓരോ നിമിഷങ്ങളും അവൾക്കൊപ്പമായിരുന്നു.
മണ്ണപ്പംചുട്ടും കണ്ണുപൊത്തിയും കളിക്കുമ്പോൾ അവൾ എന്റെകൂടെ.

ഞാനും അനസ്‌ക്കയും കുഞ്ഞോളും സ്കൂളിൽനിന്ന് വരുന്നവരെ അഫി വീട്ടിൽ ഒറ്റക്കാണ്. സ്കൂൾവിട്ട് അനുക്കയും കുഞ്ഞോളും ഒരു സൈക്കിളിൽ വരുമ്പോൾ ഗേറ്റ് മുതൽ സൈക്കിളിൽ കയറാൻ അഫിയും എന്നെക്കാത്തുനിൽക്കും.

അനുക്കയും കുഞ്ഞോളും രാത്രിയിൽ ഇരുന്ന് പഠിക്കുമ്പോൾ ഞാനും അഫിയും എന്തെങ്കിലും കളിയിലായിരിക്കും.

ആദ്യമായി സ്കൂളിൽ പോകാനൊരുങ്ങിയ അഫി എന്റെ സൈക്കിളിൽ കയറിയപ്പോൾ അന്നെനിക്ക് പതിനൊന്ന് വയസ്സാണ്. ഞാൻ യു പി വിഭാഗത്തിൽ. എൽ പി യിലെ ഒന്നാംക്ലാസ്സിൽ അവളെയിരുത്തി ഞാൻ തൊട്ടപ്പുറത്തെ കെട്ടിടത്തിലെ എന്റെ ക്ലാസ്സിലേക്ക് നടക്കുമ്പോൾ
അന്നവൾ കരഞ്ഞത് എനിക്ക് ഇന്നും ഓർമയുണ്ട്.
കുറച്ചുദിവസത്തേക്ക് ആ കരച്ചിൽ അഫിക്ക് പതിവായിരുന്നു.

പതിവുപോലെ ഒരു ദിവസം സ്കൂളിലേക്ക് പോകുംവഴി അലിക്കയുടെ പെട്ടിക്കടയിലെ കുപ്പിഭരണിയിൽ തേൻമിട്ടായി കണ്ട അഫി അന്നെന്നോട് ചോദിച്ചു
“നാളെ അഫിക്ക് അജുക്ക തേൻമിട്ടായി വാങ്ങിത്തരുമോ” എന്ന്.
വാക്കുകൊടുത്തെങ്കിലും അന്നെന്റെ കയ്യിൽ പൈസ ഇല്ലായിരുന്നു.
വാക്കുപാലിക്കാൻവേണ്ടി അടുക്കളയിലെ അരിപ്പാത്രത്തിൽനിന്ന് പത്തുരൂപ കട്ടെടുത്ത് അന്ന് പാത്തൂന്റെ ആഗ്രഹം തീർത്തു.
പക്ഷെ അന്ന് സ്കൂളും കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ ഉമ്മ വടിയുമായി എന്നെ കാത്തുനിൽക്കുകയായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല.
അടികൊണ്ട് ഞാൻ കരയുന്നതിനേക്കാൾ മുൻപ് കരച്ചിൽ തുടങ്ങിയതാണ് അഫി.

പിന്നീടൊരു സ്കൂളിലെ സ്പോർട്സ് നാളിൽ ഓട്ടമത്സരത്തിലും മറ്റും ഫസ്റ്റ് അടിക്കുമ്പോൾ എന്നേക്കാൾ സന്തോഷം അഫിയിൽ ഞാൻ കണ്ടു.
കാലം മുന്നോട്ടുസഞ്ചരിച്ചു.
പത്താംക്ലാസിൽ ഞാൻ പഠിച്ചിരുന്ന സമയത്താണ് അഫിക്ക് ആദ്യമായി ഒരു നെഞ്ചുവേദന വന്നത്.
അന്നവൾ അഞ്ചാംക്ലാസ്സിൽ. സ്കൂളിൽനിന്നും ടീച്ചർ അവളെ ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്കൂൾ വിട്ടപ്പോൾ ഞാൻ വീട്ടിലേക്കും. സൈക്കിളിൽ അതിവേഗത്തിൽചവിട്ടി വീടത്തുംമുൻപ് ഒന്ന് വീണു. നെറ്റിയിലെയും കൈമുട്ടിലെയും ചോരനോക്കാതെ വീട്ടിലെത്തി.

കട്ടിലിൽ തളർന്നുകിടന്നുറങ്ങുന്ന അഫിയുടെ അടുത്ത് എന്റെ ഉമ്മയുണ്ടായിരുന്നു.
അഫിയുടെ അടുത്ത് നിന്നെഴുന്നേറ്റ് ഉമ്മ എന്റെ മുറിവിൽ മരുന്നവെച്ച് കെട്ടുമ്പോൾ മുറിവിലെ നീറ്റലെനിക്ക് അറിയാൻ കഴിഞ്ഞില്ല. കണ്മുന്നിൽ തളർന്നുകിടന്നുറങ്ങുന്ന അഫിയായിരുന്നു എന്റെ ഉള്ള് പൊള്ളിച്ചത്.

“ഉമ്മാ അഫിക്ക് എന്താ പറ്റിയത്” എന്ന് ഉമ്മയോട് ചോദിച്ചെങ്കിലും “ഒന്നുമില്ല” എന്നുമ്മ എന്നോട് പറഞ്ഞു.
അന്നവൾക്കരികിൽ ഞാൻ  ഏറെനേരം ഇരുന്നു.

രാത്രയിൽ എപ്പോഴോ കണ്ണുതുറന്ന അഫി എന്നെ ചേർന്നുകിടന്നാണ് അന്ന് ഉറങ്ങിയത്.

ദിവസങ്ങൾ ഓരോന്നായി കടന്നുപോയി.
എന്റെ എസ് എസ് എൽ സി പരീക്ഷയും കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഉപ്പയും മുഹമ്മദിക്കയും വീട്ടിലെത്തിയിരുന്നു. ഗൾഫിലെ ബിസിനസ് എല്ലാം അവസാനിപ്പിച്ചു എന്നും ഇനിയുള്ള കാലം നാട്ടിലാണെന്നും അവർ ഉമ്മയോട് പറയുന്നുണ്ടായിയുന്നു.
അതിനിടയിൽ “അഫി മോൾക്ക് ഹാർട്ടിന് കാര്യമായ എന്തോ തകരാർ ഉണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്” എന്ന് ഉമ്മ ഉപ്പയോട് പറഞ്ഞപ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടി.”

ഡയറി വായിച്ചുകൊണ്ടിരുന്ന പാത്തൂന്റെ കണ്ണ് നിറയാൻ തുടങ്ങി. നിറഞ്ഞുവന്ന കണ്ണീരിനെ തുടച്ചുമാറ്റി മൊബൈലിൽ സമയം നോക്കിയപ്പോൾ ആറുമണി.

“അല്ലാഹുവേ സുബ്ഹി” എന്നും പറഞ്ഞ് പാത്തു ഡയറി അടച്ച് കട്ടിലിൽവെച്ച് നിസ്കരിക്കാനുള്ള ഒരുക്കം തുടങ്ങി. നിസ്കാരവും ദുആയും കഴിഞ്ഞ് പാത്തു ഡയറി അലമാരയിൽവെച്ച് അടുക്കളയിലേക്ക് നടന്നു.

“ആ മോളെ അജു എഴുന്നേറ്റോ…?”
ഉമ്മ പാത്തൂനോട് ചോദിച്ചു.

“ഇക്ക പോയല്ലോ ഉമ്മാ. രണ്ടുദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞു” എന്ന് പാത്തൂന്റെ മറുപടി കേട്ടതും

“പെണ്ണ് കെട്ടിയാലെങ്കിലും ഈ ഊരുചുറ്റൽ നിക്കുമെന്നാ വിജാരിച്ചേ, ഇതിപ്പോ ഒരാഴ്ച ആയപ്പോഴേക്കും ആള് പഴയപോലെ” എന്ന് സഹല.

“എന്ത് ചെയ്യാനാ മക്കളേ, അവന് കുടുമ്പത്തെക്കാൾ സ്നേഹം വണ്ടിയോടായിപ്പോയി. എന്റെ മോള് വിഷമിക്കരുത്. അവനെ മാറ്റിയെടുക്കാൻ മോൾക്കെപറ്റു” എന്നുപറഞ്ഞ് ഉമ്മ അവളുടെ അരികിലെത്തി.

അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞ് പാത്തു റൂമിലെത്തി.
മടിച്ചുകൊണ്ട് അവൾ അജൂന്റെ നമ്പറിലേക്ക് വിളിച്ചു.

“എവിടെയാ ഇക്കാ… വല്ലതും കഴിച്ചോ…?”

“കഴിച്ചു. ഞാനിപ്പോ വയനാട് ചുരത്തിലാ”

“വണ്ടി ഓടിക്കുകയാണോ…?”

“അല്ല. പിള്ളേരൊക്കെ പുറത്ത് കാഴ്ചകണ്ട് നിൽക്കുകയാണ്. ഞാൻ വണ്ടിയിൽ ഇരിക്കുന്നു. എന്തെ വിളിച്ചേ…?”

“ഒന്നുല്ല വെറുതെ വിളിച്ചതാ. കോഴികൂവുന്നമുന്നേ പോയതല്ലേ”

“നീ കഴിച്ചില്ലേ പാത്തു”

“ആ കഴിച്ചു. ഉമ്മാക്ക് നല്ല സങ്കടമുണ്ട് അജുക്ക ഇങ്ങനെ കറങ്ങിനടക്കുന്നതിൽ”

“ഞാൻ ചെയ്യുന്നത് എനിക്കിഷ്ടപ്പെട്ട ജോലിയല്ലേ, പിന്നെന്തിനാ സങ്കടം” എന്നുപറഞ്ഞ് അജു ഫോൺ വെച്ചു.

പാത്തു അലമാര തുറന്ന് ഡയറി കയ്യിലെടുത്തു.
നേരത്തെ നിർത്തിയ പേജ് തപ്പിപ്പിടിച്ച് തുടർന്ന് വായിക്കാൻതുടങ്ങി.

“പിന്നെയുള്ള ഒരുവർഷം അവൾക്ക് കാര്യമായ കുഴപ്പങ്ങളൊന്നും ഉണ്ടായില്ല. മുടങ്ങാതെയുള്ള മരുന്ന് അവളെ ക്ഷീണിതയാക്കി.

ഞാൻ +1 ൽ ഒരു സ്കൂളിലും അവൾ ആറിൽ മറ്റൊരു സ്കൂളിലും. എന്റെകൂടെത്തന്നെയായിരുന്നു അഫി അന്ന് വന്നതും പോയതുമെല്ലാം.
ഒരുദിവസം ഒൻപതിൽ പഠിക്കുന്ന കുഞ്ഞോളെ ക്ലാസ്സിലെ ഒരുത്തൻ ശല്യം ചെയ്യുന്നു എന്നറിഞ്ഞപ്പോൾ അവനെ സ്കൂളിന്റെ പുറത്തിട്ട് നെഞ്ചിൽ കേറിയിരുന്ന് പഞ്ഞിക്കിട്ടപ്പോൾ ദൂരെ കുഞ്ഞോളുടെ പുറകിൽനിന്ന് കരയുന്ന അഫിയെയാണ് കണ്ടത്.
അതിനുശേഷം ആദ്യമായി അവളെന്നോട് പിണങ്ങി.
ആരോടും വഴക്കിടരുതെന്ന് അവളെന്നോട് പറഞ്ഞു.

ഞാൻ +2 പഠിക്കുന്ന സമയത്ത് എനിക്കൊരു ആക്‌സിഡന്റ് ഉണ്ടായി. ജീവനോടെ തിരികെകിട്ടുമെന്ന് പ്രതീക്ഷയില്ലാത്ത ഒരു അപകടം. രണ്ടാഴ്ചക്ക് ശേഷം icu വിൽ നിന്നും റൂമിലേക്ക് മാറിയ ഞാൻ ഉമ്മയോട് ചോദിച്ചത് അഫിയെയാണ്.

അവൾ വീട്ടിലാണെന്ന്മാത്രം പറഞ്ഞു ഉമ്മ.
ദിവസങ്ങളോളം ആശുപത്രികിടക്കയിൽ കിടന്നിട്ടും അഫി എന്നെക്കാണാൻ വന്നില്ല. എനിക്കന്ന് ഒരുപാട് സങ്കടം തോന്നി. പിന്നീടാണ് ഞാനറിഞ്ഞത് അഫി വയ്യാതെ മറ്റൊരു ഹോസ്പിറ്റലിലാണെന്ന്.

ആശുപത്രിയിലെ വാസം ഒരാഴ്ചക്ക് ശേഷം അവസാനിപ്പിച്ച് വീട്ടിലേക്ക് ഉപ്പയുടെ കാറിൽപോകുമ്പോൾ ഞാൻ ഉപ്പയോട് ആവശ്യപ്പെട്ടത് ഒന്നുമാത്രമാണ്.
എനിക്ക് അഫിയെ കാണണമെന്ന്.
എന്റെ ആവശ്യം മനസ്സിലാക്കി അവൾ കിടക്കുന്ന ആശുപത്രിയിൽഎത്തി അഫിയെ കാണാനായി വീൽചെയറിൽ ഇരുന്ന് അവളുടെ റൂമിലേക്ക്‌ കടന്നപ്പോൾ ആകെ ക്ഷീണിതയായ അഫിയെയാണ് കണ്ടത്.
വീൽചെയറിലിരുന്ന് മരുന്ന് കയറ്റുന്ന അവളുടെ കൈ ഞാനൊന്ന് തൊട്ടതും അഫി കണ്ണുതുറന്നു.

അജുക്കാ… എന്നവൾ വിളിക്കുമ്പോൾ കണ്ടുനിന്നവർക്കും മനസ്സിലായി എത്രയുംപെട്ടെന്ന് അവളും വീട്ടിലെത്തുമെന്ന്.
അതുതന്നെ സംഭവിച്ചു.
അഫിയുടെ അസുഖം കുറഞ്ഞ് അവൾ തിരികെയെത്തി. പക്ഷെ ഇതിനുമുൻപുവരെ ഉണ്ടായിരുന്നപോലെ എന്റെ വീട്ടിലേക്കല്ല, അവളുടെ വീട്ടിലേക്ക്.

സ്കൂളും കളിയും ഇല്ലതെ വീട്ടിലെ റൂമിൽ ഞാൻ കിടക്കുമ്പോൾ സ്കൂൾ കഴിഞ്ഞുവന്നാൽ അഫി എന്നരികിൽ വരും. ഓരോരോ വിശേഷങ്ങൾ പറയും.

ഒരുദിവസം ഓരോന്നുംപറഞ്ഞ് എന്റെയരികിൽ അവളിരിക്കുമ്പോൾ എന്നോട് പറഞ്ഞു
“എനിക്ക് അജുക്കാനേ എന്തിഷ്ടമാണെന്നോ, പെട്ടെന്ന് എഴുനേറ്റ് നടക്കണം” എന്ന്.
ആദ്യമായാണ് അവളങ്ങനെ പറഞ്ഞത്.
“പിന്നെ എനിക്ക് വയ്യാത്ത പേരുപറഞ്ഞ് എന്നെ ഒഴിവാക്കരുത്” എന്നുകൂടി അന്നാ ഏഴാംക്ലാസ്സുകാരി പറയുമ്പോൾ എന്റെ കണ്ണിൽ കണ്ണുനീരുപോടിഞ്ഞു. അന്നെന്റെ കണ്ണുകൾ തുടച്ച് എന്റെ നെറ്റിയിൽ ആദ്യമായി അവളൊന്ന് മുത്തമിട്ട് വീണ്ടും പറഞ്ഞു “എനിക്കെല്ലാം എന്റെ ഇക്കയാണ്. ഈ കൈപിടിച്ച് നടക്കാൻ കൊതിയുള്ളതുകൊണ്ട് പറഞ്ഞതാ” എന്ന്.

ആ കിടപ്പ് അങ്ങനെ കിടന്നപ്പോൾ ദിവസങ്ങൾ പോയതറിഞ്ഞില്ല.
ഇന്നെന്റെ +2 പരീക്ഷയാണ്. കൂട്ടുകാരവിടെ പരീക്ഷയെഴുതുമ്പോൾ ഞാനിവിടെ കിടക്കുന്നു.
എന്റെ സ്വന്തം കൂടെപ്പിറപ്പുകളെക്കാൾ എന്നരികിൽ സമയം ചിലവഴിച്ച് അഫിയും.

എഴുനേറ്റ് നടക്കാൻ പാകമായപ്പോൾ ഉമ്മയുടെയും അഫിയുടെയും തോളിൽ കയ്യിട്ട് നടന്നു. ചിലനേരം അഫിയുടെതോൾമാത്രം സഹായത്തിനെത്തി.

എന്റെ കൈപിടിച്ച് നടക്കാൻ തുടങ്ങിയ അഫിയുടെ തോളിൽപിടിച്ചാണ് ഞാൻ നടന്നത്.

നഷ്ടപ്പെടുത്തിയ പണത്തിന്റെ കണക്കുപറഞ്ഞ് ഇടക്കൊക്കെ സങ്കടപ്പെടുത്തുമ്പോൾ ആശ്വാസം അഫിയായിരുന്നു.

പഠിപ്പൊക്കെ ഉപേക്ഷിച്ച് പണിക്കിറങ്ങുമ്പോൾ ആദ്യം തടയാൻ ശ്രമിച്ചത് എട്ടാംക്ലാസ്സുകാരി അഫിയായിരുന്നു.

ആ ജീവിതം അതൊന്ന് വേറെ.

ഓട്ടംകഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി എന്നറിഞ്ഞാൽ ഉടനെ അഫി അരികിലെത്തും. അവൾക്കെന്നും പ്രിയപ്പെട്ട തേൻമിട്ടായി അവൾക്കായി നൽകും.
സ്വന്തമായി വണ്ടിയെടുത്തപ്പോൾ അഫിക്കായിരുന്നു ഏറ്റവും കൂടുതൽ സന്തോഷം.
കുഞ്ഞോളുടെ കല്യാണത്തിന് ആളുകൾക്കിടയിൽവെച്ച് അനുക്ക എന്നെ എന്റെ തൊഴിലിന്റെപേരിൽ കുറ്റപ്പെടുത്തുമ്പോൾ എന്റെ സങ്കടം ഞാൻ പുറത്തുകാണിക്കാതെ നടന്നു.
എന്റെ മുഖമൊന്ന് മാറിയാൽ അഫി തിരിച്ചറിയുമെന്ന് അന്നെനിക്ക് മനസ്സിലായി.
അവളെന്നെ കെട്ടിപ്പിടിച്ച് എന്റെ നെഞ്ചിൽ തലവെച്ച് എന്നോട് പറയുമായിരുന്നു “ആരില്ലേലും അജുക്കാക്ക് ഞാനുണ്ട്” എന്ന്.

നിൽക്കാതെ ഓടുന്ന കാലചക്രം.
അനുക്കയുടെ കല്യാണനാളുകൾ.
അന്നെനിക്ക് ഇരുപത്തിമൂന്ന് വയസ്സ്.
കുറേ മുല്ലപ്പൂ വേണമെന്ന് പറഞ്ഞ അഫിക്ക് അവൾ പറഞ്ഞപോലെ ഒരുപാട് പൂവാങ്ങി അതവളുടെ മുടിയിൽ വെച്ച് കൊടുത്തപ്പോൾ അന്നും എനിക്ക് കിട്ടി എന്റെ +1 കാരി അഫിയിൽനിന്നൊരു മണിമുത്തം. പൊട്ടിത്തെറിപ്പിന്റെ പ്രായത്തിൽ ഞാനവളെ ഒന്ന് ചേർത്തുപിടിച്ചത് കുഞ്ഞോളെ കണ്ണിൽകണ്ടു.
അവളത് ഉമ്മയോടുപറഞ്ഞു. ഇക്കയുടെ കല്യാണം കഴിഞ്ഞ് തിരക്ക് കുറഞ്ഞപ്പോൾ ഉമ്മ ഉപ്പയോടും.

അന്ന് ഉപ്പ എന്നോടുപറഞ്ഞവാക്കുകൾ ഇന്നും എന്റെ കാതിലുണ്ട്. “ആയുസ്സെണ്ണി കഴിയുന്ന അവളെ നിനക്കുവേണ്ട. അവളെ മറന്നേക്ക്” എന്ന ഉപ്പയുടെ വാക്ക്.
ആരെന്ത് പറഞ്ഞാലും ആരൊക്കെ എതിർത്താലും അജൂന്റെ പെണ്ണാ അഫി. അത് മറ്റാർക്കും മാറ്റാൻ കഴിയില്ല എന്ന് ഞാൻ തർക്കിച്ചപ്പോൾ ഉപ്പയുടെ കരങ്ങൾ എന്റെ മുഖത്തുപതിഞ്ഞത് നല്ല ഓർമയുണ്ട്.

എല്ലാം കണ്ടും കേട്ടും വീട്ടിലേക്ക് കയറിവന്ന അഫിയെ ഉപ്പ തടഞ്ഞുനിർത്തി അവളെ ഒരുപാട് വഴക്കുപറഞ്ഞു. “ഉമ്മയില്ലാത്ത പെൺകുട്ടിയല്ലേ എന്ന ഒറ്റക്കാരണംകൊണ്ടാണ് നിനക്കിവിടെ ഇത്രയും സ്വാതന്ത്രം തന്നത്” എന്നൊക്കെ പറഞ്ഞു. പൊട്ടിക്കരഞ്ഞാണ് അഫി ഇറങ്ങിപ്പോയത്.

പിന്നെ അവളെന്നെ കാണാൻ വന്നില്ല. എങ്കിലും എനിക്കെല്ലാമായ അഫിയെ കാണാൻ ഞാൻ അവളുടെവീട്ടിൽ ചെന്നു. എന്റെ ശബ്ദം കേട്ടതും അഫി അവളുടെ റൂമിൽകയറി വാതിലടച്ചു.
പുറത്തുനിന്ന് ഞാനവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. തേങ്ങിയുള്ള കരച്ചിലല്ലാതെ മറ്റൊന്നും ഞാൻ കേട്ടില്ല.

“ആരെതിർത്താലും ആരൊക്കെ തള്ളിപ്പറഞ്ഞാലും നിനക്ക് ഞാനുണ്ട്.” എന്ന് ഞാൻ അവളോട് തിരിച്ചുപറഞ്ഞു.

അടുത്ത ദിവസം വണ്ടിയുമായി ട്രിപ്പ്പോയിവന്ന ഞാൻപിന്നെ അറിയുന്നത് അഫിക്ക് സീരിയസ് ആണെന്ന വാർത്തയാണ്.
ആശുപത്രിയിൽ ചെന്ന് അഫിയെ കണ്ടു.
ഞാൻ വിളിച്ചാലുണരാറുള്ള അഫി ഞാൻ എത്രവിളിച്ചിട്ടും ഉണർന്നില്ല. എന്റെ ശബ്ദം കൂടിയപ്പോൾ ഓടിവന്ന ഡോക്ടർ എന്നെ എഴുനേൽപ്പിച്ച് പുറത്തേക്ക് വന്ന് അവളുടെ ഉപ്പയോട് പറഞ്ഞു. “പോയി” എന്ന്.

എന്റെ ഉയർച്ചയിലും താഴ്ചയിലും എന്നോടൊപ്പമുണ്ടായിരുന്ന അഫി ഇനിയില്ല. വെള്ളപുതച്ച് ആശുപത്രിയിൽ നിന്നും ആംബുലസിൽ അവളെ കയറ്റുമ്പോൾ കൂടെ ഞാനും ഉണ്ടായിരുന്നു. എന്നരികിൽ അവൾക്കാകെയുള്ള ഉപ്പയും.

എന്നെച്ചേർത്തുപിടിച്ചു പൊട്ടിക്കരയുന്ന ആ ഉപ്പാക്കിനി സ്വന്തമെന്നുപറയാൻ ആരുണ്ട്.

അവസാനമായി ആ വീട്ടിൽ അവളെ കിടത്തിയപ്പോൾ കസേരയിൽ ഇരുന്ന് കണ്ണുതുടക്കുന്നഎന്റെ ഉപ്പയോട് എനിക്ക് ദേഷ്യംതോന്നി.

മയ്യിത്ത് കട്ടിലിൽ അവളെ കിടത്തി ഒരുഭാഗം എന്റെ തോളിലേറ്റി പള്ളിയിലേക്ക് നടക്കുമ്പോൾ എന്റെ കൈപിടിച്ച് നടന്ന ഇനിയും നടക്കാൻ ആഗ്രഹിച്ചിരുന്ന അഫിയുടെ മുഖമാണ് കൺമുന്നിൽ.

ഇനി എനിക്കെന്റെ അഫിയെ കാണാൻ കഴിയില്ല.

ആറടിമണ്ണിൽ അവളെ തനിയെ കിടത്തി മൂടുകല്ലുവെച്ച് മറച്ചപ്പോൾ എന്റെ കണ്ണുനിറഞ്ഞു.

അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം ഞാൻ മൂന്നുപിടി മണ്ണിലാക്കി അവൾക്ക് നൽകുമ്പോൾ എന്റെ കാലുകൾക്ക് ബലം കുറഞ്ഞു.

ആളുകൾ ഓരോരുത്തരായി പിരിഞ്ഞു.

ഞാൻ അവളുടെ അടുത്ത് ഏറെനേരം ഇരുന്നു…….”

നിറഞ്ഞുവന്ന കണ്ണുകൾതുടച്ച് പാത്തു ഡയറി അടച്ച് പെട്ടിയിലേക്ക് തിരികെ വെക്കാൻനേരം പെട്ടിയിലുള്ള ഓരോ വസ്തുക്കളും എടുത്ത്നോക്കി.

കുഞ്ഞുനാളിലെ അജൂന്റെയും അഫിയുടെയും ഫോട്ടോസ് ഒരുപാടുണ്ടായിരുന്നു അതിൽ. എല്ലാം അതുപോലെ തിരിച്ചുവെച്ച് പാത്തു ബാത്‌റൂമിൽ കയറി മുഖംകഴുകി താഴെയിറങ്ങി.

“സഹലാത്ത” പാത്തു വിളിച്ചു.

“എന്തെ പാത്തു. എന്തുപറ്റി?”

“ഒന്നുല്ല. വെറുതെ വിളിച്ചതാണ്. പണിയൊന്നും ഇല്ലെങ്കിൽ നമുക്ക് ആ മരത്തിന്റെ ചുവട്ടിൽപോയി ഇരുന്നാലോ”

സഹലയും പാത്തുവും മരചുവട്ടിലെത്തി.

“താത്താക്ക് ആ വീട്ടിലുണ്ടായിരുന്ന അഫിയെ അറിയോ…?”

അപ്പുറത്തെ വീട് ചൂണ്ടിക്കാട്ടി പാത്തു ചോദിച്ചു.

“ഞങ്ങളുടെ കല്യാണം കഴിഞ്ഞസമയത്ത് അവിടെയൊരു പെൺകുട്ടി മരണപ്പെട്ടിരിരുന്നു. ആ കുട്ടി ഇവിടെയുള്ളവരുമായി നല്ല അടുപ്പത്തിലായിരുന്നു എന്നും അറിയാം. വേറെ കാര്യമായിട്ട് ഒന്നും എനിക്കറിയില്ല. എന്തെ പാത്തു”

“ഒന്നുല്ല താത്താ… അഫീഫ എന്നായിരുന്നില്ലേ പേര്”

“ആ. അങ്ങനെ എന്തോ ആയിരുന്നു. അഫി എന്നാണ് എല്ലാരും വിളിക്കാറ്”

“എന്റെകൂടെ +1 ൽ ഉണ്ടായിയുന്നു ആ കുട്ടി കുറച്ചുകാലം. മരിച്ച അന്ന് വരാൻ പറ്റിയില്ല. ആ കുട്ടിയുടെ ഉപ്പ എവിടെയുണ്ടെന്ന് അറിയാമോ താത്താക്ക്”

“അതൊന്നും എനിക്കറിയില്ല. അനുക്ക പറഞ്ഞുകേട്ട ചില കാര്യങ്ങളല്ലാതെ കൂടുതലൊന്നും എനിക്കറിയില്ല”
സഹല ഒന്ന് നിർത്തി വീണ്ടും പറഞ്ഞു.
“ആ പെൺകുട്ടിക്ക് നമ്മുടെ അജൂന്റെ മേൽ കണ്ണുണ്ടായിരുന്നു എന്നാ അനുക്ക പറയുന്നേ.
ആ പെൺകുട്ടി ഇവിടെ വന്ന് അജൂന്റെ റൂമിലൊക്കെ കേറിയിറങ്ങി നടക്കുമെന്ന്. എന്റെയും അനുക്കയുടെയും കല്യാണത്തിന്റെ അന്ന് ആ പെൺകുട്ടി അജൂനെ കെട്ടിപ്പിടിക്കുന്നത് നമ്മുടെ കുഞ്ഞോള് കണ്ടു. അതോടെ ആ കുട്ടിയെ ഇവിടെ കയറ്റാതായി. പിന്നെ ആ പെൺകുട്ടി മരിക്കുകയായിരുന്നു. അതോടെ അവളുടെ ഉപ്പ ഇവിടുന്ന് എങ്ങോട്ടോപോയി എന്നാണ് അനുക്ക എന്നോട് പറഞ്ഞത്”

അനസ് സഹലയോട് പറഞ്ഞ കാര്യങ്ങൾ സഹല പാത്തൂനോട് പറഞ്ഞു.

അപ്പോഴേക്കും അനസ് ജോലികഴിഞ്ഞെത്തി.

“ദേ അനുക്ക വന്നു. വാ അകത്തേക്ക് പോകാം”
രണ്ടുപേരും അകത്തേക്ക് വരുന്നതും നോക്കി അനസ് അവിടെനിന്നു.

“എന്താണ് രണ്ടാളുംകൂടി പരിപാടി”

“ഒന്നുല്ല. പാത്തൂന്റെ കൂടെപഠിച്ചിരുന്ന കുട്ടിയാണത്രെ അഫി. അപ്പൊ അതിനെകുറിച്ച് പറയുകയായിരുന്നു”
സഹല അത് പറഞ്ഞപ്പോൾ അനസിന്റെ മുഖഭാവം മാറുന്നത് പാത്തു കണ്ടു.

“നീ എനിക്കൊരു ചായയെടുത്തെ സഹല” അനസ് അകത്തേക്ക് കയറി.

പാത്തു റൂമിൽകയറി ചിന്തയിലാണ്ടു.
“അജുക്കയുടെ ഡയറിയിലുള്ള കാര്യങ്ങൾ സത്യമാണ്, ഉപ്പയുടെ ഭാഗത്തുവന്ന തെറ്റ് മറച്ചുപിടിക്കാൻവേണ്ടിയായിരിക്കും അനുക്ക സഹലാത്താനോട് അങ്ങനെയൊരു കള്ളക്കഥ പറഞ്ഞത്.” ഓരോന്നും ആലോചിച്ചിരുന്നപ്പോ അജൂന്റെ കോളുവന്നു.

ഫോണെടുത്ത് ചെവിയോട് ചേർത്തപ്പോൾ
“ഹാരിസ് വരും വീട്ടിലേക്ക്. ബുള്ളറ്റിന്റെ ചാവി അതൊന്ന് കൊടുത്തേക്ക്” എന്ന് അജു.

“ശെരി. ഇക്ക ഡ്രൈവിങ്ങിലാണോ…?”

“ആ ഓടിച്ചോണ്ടിരിക്കുകയാ. ഞാൻ വെക്കുന്നു”
എന്ന് പറഞ്ഞ് അവൻ ഫോൺവെച്ചു.

അഫിനെ സ്നേഹിച്ചപോലെ എന്നാണാവോ എന്നെയൊന്ന് സ്നേഹിക്കുന്നത് എന്ന് പറഞ്ഞ് ബുള്ളറ്റിന്റെ ചാവി എടുത്ത് കയ്യിൽ പിടിച്ച് നിക്കുമ്പോൾ താഴെനിന്ന് ഉപ്പ വിളിച്ചു.

“മോളെ പാത്തു, ആ ബൈക്കിന്റെ ചാവിയൊന്ന് ഇങ്ങെടുത്തേ”

പാത്തു ചാവിയുമായി താഴെയെത്തി. അത് ഉപ്പാക്കുനേരെ നീട്ടി.

ഉപ്പയത്‌വാങ്ങി ഹാരിസിന് കൊടുത്തു.

_________________

ബസ്സിൽ പിള്ളേര് തകർത്താടുകയാണ്. പകലിലെ കറക്കമൊക്കെ കഴിഞ്ഞ് മൈസൂർ എത്താറായി വണ്ടി.

“അജ്മലെ ഇനി അധികം ദൂരമുണ്ടോ…?”

“ഇല്ല സാറേ, ഒരു പത്തുമിനിറ്റ്”

സ്കൂളിൽനിന്നും മൈസൂർക്ക് ടൂറാണ്. ഒന്നാം ദിവസം ഇവിടെയാണ് സ്റ്റേ. സമയം പതിനൊന്ന് ആവാറായി. അജു വണ്ടിയൊന്ന് സ്പീഡ്‌കൂട്ടി.
വൈകാതെ സ്ഥലത്തെത്തി.

എല്ലാവരും ഇറങ്ങിയശേഷം അജു ബസ്സ് ഒതുക്കിയിട്ടു.

ബസ്സിൽനിന്നും പുറത്തിറങ്ങി അവൻ വണ്ടിയുടെ ടയറൊക്കെ പരിശോധിക്കുമ്പോൾ ബസ്സിനകത്തുനിന്നും മൊബൈൽ ശബ്‌ദിക്കുന്നത് കേട്ടു.
എടുത്ത് നോക്കിയപ്പോൾ പാത്തു.

“ഇക്കാ ഇങ്ങള് എവിടെയാ…”

“മൈസൂർ”

“എന്താ പണി”

“ഇപ്പോ നിർത്തിയൊള്ളു വണ്ടി. എന്തെ…?”

“ഒന്നുല്ല വെറുതെ വിളിച്ചതാ. കഴിച്ചോ…?”

“ആഹ്”

“എപ്പോഴാ ഉറങ്ങുന്നേ”

“ഒന്ന് കുളിക്കണം ഉറങ്ങണം”

“എവിടെയാ കിടത്തം”

“വണ്ടിയിൽത്തന്നെ. എന്തെ…?”

“ഒന്നുല്ല, ഒറ്റക്ക് പേടിയാവില്ലേ…?”

“എനിക്കോ. നല്ല കാര്യായി.”

“എന്നാലേ എനിക്കിവിടെ ഒറ്റക്ക് പേടിയാവാ”

“എന്നാൽ ഉമ്മയുടെകൂടെ കിടന്നൂടെ”

“അപ്പൊ ഉപ്പയോ…?”

“അല്ലാ എന്തിനാപ്പൊ പേടി. അവിടെ ആരും വരില്ലട്ടാ. ജനലൊക്കെ അടച്ചില്ലേ, വാതിലും കുറ്റിയിട്ട് കിടന്നോ”

“ഞാൻ ആദ്യമായിട്ടാ ഒറ്റക്ക് കിടക്കുന്നെ, അതിന്റെയൊരു പേടി”

“അതൊക്കെ മാറും, നീ വെച്ചോ എനിക്ക് സമയം വൈകുന്നു” അവൻ ഫോൺ വെച്ചു.

വെള്ളം പേടി, ഇരുട്ട് പേടി, ഒറ്റക്ക് നിക്കാൻപേടി, എന്തൊക്കെ പേടിയാ ഈ പെണ്ണിന്. അജു ഓരോന്നും പറഞ്ഞ് ഒരു കുളിയൊക്കെ പാസ്സാക്കി ബസ്സിൽ കയറിക്കിടന്നു.

___________________

അജു ഫോൺ വെച്ചപ്പോ അലമാര തുറന്ന് അജൂന്റെയൊരു ഷർട്ടെടുത്ത് പാത്തൂന്റെ ഡ്രെസ്സിനുമുകളിലൂടെ ഇട്ട് ബെഡിൽ കിടന്നു.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം അവളെത്തേടിയെത്തിയില്ല.
അജൂന്റെ തലയിണഎടുത്ത് കെട്ടിപ്പിടിച്ച്
“ഇതുപോലെ ഇങ്ങളെ ഒരൂസം ഞാൻ കെട്ടിപ്പിടിച്ച്” കിടക്കും എന്ന് പറഞ്ഞ് അവൾ കണ്ണുകളച്ചു.

ഏഴുമണി ആയിട്ടും പാത്തൂനെ താഴേക്ക് കാണാതായപ്പോൾ സഹല മുകളിലേക്ക് കയറി റൂമിന്റെ വാതിലിൽ മുട്ടിവിളിച്ചു.

വാതിൽ തട്ടുന്ന ശബ്ദംകേട്ട് പാത്തു എഴുനേറ്റ് അജൂന്റെ ഷർട്ട് ഊരിയിട്ട് വാതിൽ തുറന്നു.

“എന്തുപറ്റി, വയ്യേ” എന്ന് സഹല.

“ഒരു തലവേദന, അല്ലാണ്ട് ഒന്നുല്ല.”

“കാണാതായപ്പോ വന്നുനോക്കിയതാ. നീ കിടന്നോ” എന്നുപറഞ്ഞ് സഹല താഴേക്ക് പോയി.

പാത്തു പുതപ്പൊക്കെ മടക്കിവെച്ച് ഫ്രഷായി താഴേക്കിറങ്ങി.

അടുക്കളയിൽ ഉമ്മയുടെയും താത്തയുടെയും കൂടെ തട്ടിമുട്ടിനിന്ന് ഭക്ഷണം കഴിച്ചെന്നുവരുത്തി തിരികെ റൂമിൽവന്നുകിടന്നു.

ഉച്ചക്ക് ഉമ്മ വന്ന് വിളിച്ചപ്പോഴാണ് കണ്ണുതുറന്നത്.
“എന്തുപറ്റി മോളെ” ഉമ്മ അവളുടെ നെറ്റിയിൽ കൈവെച്ചു ചോദിച്ചു.

“ഒന്നുല്ലുമ്മാ, പനിവരുന്നുണ്ടെന്ന് തോന്നുന്നു. ദേഹമൊക്കെ ഒരു വേദന”

“ആശുപത്രിയിൽ പോണോ…?”

“വേണ്ട. അത് മാറിക്കോളും”

ഉമ്മ താഴെയെത്തി ചൂട് ചുക്കുകാപ്പിയുമായി തിരികെ അവളുടെ അരികിലെത്തി. നിർബന്ധിപ്പിച്ച് കുടിപ്പിച്ചു.

വീണ്ടും പാത്തു കിടന്നു.
__________________

എല്ലാവരും പാലസിൽകേറിയപ്പോ അജു ഫോണെടുത്തുനോക്കി.
“എന്തുപറ്റി, ഇന്ന് തീരെ വിളിച്ചില്ലല്ലോ. തിരക്കുള്ള സമയത്ത് വിളിയോട് വിളിയായിരിക്കും.” എന്നുംപറഞ്ഞ് പാത്തൂന്റെ നമ്പറിൽ വിളിച്ചു.

ബെല്ലടിക്കുണ്ട് എടുക്കുന്നില്ല. രണ്ടുമൂന്നുതവണ വിളിച്ചപ്പോഴും അതുതന്നെയാണ് അവസ്ഥ.

“ഇനി ഇന്നലെയെങ്ങാനും പേടിച്ച് പനിപിടിച്ചോ ആവോ” അജു വീണ്ടും വിളിച്ചു.

ഇത്തവണ കോളെടുത്ത പാത്തൂനെ
“എവിടായിരുന്നെടീ കോപ്പേ” എന്നൊക്കെ ചോദിച്ച് ചീത്തപറഞ്ഞു.

“ഒരു തലവേദന. ഉറങ്ങിപ്പോയി” എന്ന് കേട്ടപ്പോ അജൂന്റെ മനസ്സ് പിടഞ്ഞു.

“എന്നിട്ട് ഡോക്ടർ…”

“ഇല്ല ഉമ്മ ചുക്കുകാപ്പി തന്നു. ഇപ്പോ കുറവുണ്ട്”

“എന്തെങ്കിലും ഉണ്ടെങ്കിൽ ഉമ്മയോട് പറഞ്ഞ് ഹോസ്പിറ്റലിൽ പോ”

“കുഴപ്പൊന്നുല്ല ഇക്കാ…”

“വല്ലതും കഴിച്ചാ നീ”

“ഇല്ല. കഴിക്കണം”

“ഇനി എപ്പോഴാ. മൂന്ന്മണി കഴിഞ്ഞു”

“കഴിക്കാം, ഇക്ക എപ്പോഴാ വരുന്നേ”

“ഇവിടുന്ന് എട്ടുമണിക്ക് പുറപ്പെടും. എന്തായാലും നാളെ വെളുക്കുന്നമുന്നേ അവിടെയെത്തും”

“അപ്പൊ ഇന്നും ഞാൻ ഒറ്റക്കാണല്ലേ”

“ഇവിടന്നങ്ങോട്ട് മിക്കവാറും രാത്രികളിൽ നീ ഒറ്റക്കാവും” എന്ന് പറഞ്ഞ് അജു ഫോൺ വെച്ചു.

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “അകലെ – Part 7”

Leave a Reply

Don`t copy text!