അകലെ – Part 8

10811 Views

akale-aksharathalukal-novel

✒️F_B_L

“ഇവിടുന്ന് എട്ടുമണിക്ക് പുറപ്പെടും. എന്തായാലും നാളെ വെളുക്കുന്നമുന്നേ അവിടെയെത്തും”

“അപ്പൊ ഇന്നും ഞാൻ ഒറ്റക്കാണല്ലേ”

“ഇവിടന്നങ്ങോട്ട് മിക്കവാറും രാത്രികളിൽ നീ ഒറ്റക്കാവും” എന്ന് പറഞ്ഞ് അജു ഫോൺ വെച്ചു. അത് ഒരു തമാശവാക്ക് മാത്രമായിരുന്നു

അവൾക്ക് വയ്യാന്നറിഞ്ഞപ്പോൾ അജൂന്റെ മനസൊന്ന് കുലുങ്ങിയോ…
ആ ശെരിയാണ്. അജുവിൽ ചെറിയൊരു മാറ്റമൊക്കെ വന്നു. അജു പാത്തൂനെ അറിയാൻ തുടങ്ങിയിരിക്കുന്നു.

ടൂറൊക്കെ ഉഷാറാക്കി പിള്ളേരെല്ലാം സന്തോഷത്തോടെ സാറിന്റെ പുറകിലായി വന്നു.

പറഞ്ഞപോലെ എട്ടുമണിയായപ്പോ ഭക്ഷണമൊക്കെ കഴിച്ച് എല്ലാവരും വണ്ടിയിൽകയറി തിരികെ നാട്ടിലേക്ക് വിട്ടു.

നീണ്ടയാത്രക്കൊടുവിൽ രാത്രി മൂന്നുമണിക്ക് ബസ് സ്കൂൾ മുറ്റത്തെത്തി.
എല്ലാവരും ഇറങ്ങിയതും അജു വണ്ടിയുമായി അവന്റെ സാമ്രാജ്യത്തിലേക്ക്. സാധാരണ ബസ് വീട്ടിലാണ് ഇടാറുള്ളത്. ഇത്തവണ അത് സാമ്രാജ്യത്തിലേക്ക് മാറ്റി.
അജൂന്റെ ബുള്ളറ്റ് അവിടെയുണ്ട്. അവന്റെ ഓഫിസ് തുറന്ന് ബുള്ളറ്റിന്റെ ചാവിയെടുത്ത് ബസ്സിന്റെ ചാവി അവിടെവെച്ചു.

ഓഫീസൊക്കെ പൂട്ടി ബുള്ളറ്റിലിരുന്ന് ഹാരിസിന് ഒരു മെസ്സേജ് “ഇനിയൊരു അറീപ്പുണ്ടാകുന്നവരെ നീയാണ് ബസ്സിന്റെ സാരഥി” എന്ന്.

ബുള്ളറ്റുമെടുത്ത് നേരെ വീട്ടിലേക്ക്.

വീടിന്റെ ഗേറ്റ് കടന്ന് വണ്ടി നിന്നതും ഫോണെടുത്ത് പാത്തൂനെ വിളിച്ചു.

“എടോ ഞാൻ താഴെയുണ്ട്, ഈ വാതിലൊന്ന് തുറക്കാമോ…?”

പാത്തു ഫോണുമായി പതിയെ കോണിയിറങ്ങി വാതിൽതുറന്നു.

അജൂന്റെ ഷർട്ടും ഇട്ട് പാതിതുറന്ന കണ്ണും അലങ്കോലമായി കിടക്കുന്ന മുടിയുമായി പാത്തു വാതിൽക്കൽ. ഇത് കണ്ട അജു.

“ഹലോ എന്താണിത്” എന്ന് ചോദിച്ചതും പാത്തു അജൂന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

അജു അവളെ തന്നിൽനിന്ന് എഴുനേൽപിക്കാൻ വേണ്ടി അവളുടെ കയ്യിൽ പിടിച്ചു.

“നല്ല പനിയുണ്ടല്ലോ പാത്തു, ഞാൻ പറഞ്ഞതല്ലേ ഡോക്ടറെ കാണിക്കാൻ.

അവളൊന്നും മിണ്ടുന്നില്ല.

അജു അവളെയും പൊക്കിയെടുത്ത് വാതിലടച്ച് മുകളിലെക്കുള്ള കോണി കയറി.
അജൂന്റെ തോളിലൂടെ കയ്യിട്ട് അവനെ ചുറ്റിപ്പിടിച്ച് അനുസരണയുള്ള കുട്ടിയെപ്പോലെ പാത്തു അവന്റെ കയ്യിൽ കിടന്നു.
റൂമിലെത്തി വാതിലടച്ച് പാത്തൂനെ ബെഡിലേക്ക് കിടത്തി.

അവൻ ഒരു തുണി നനച്ച് അവളുടെ നെറ്റിയിലിട്ടു.

ഒന്ന് ഫ്രഷായിവന്ന് അജു അവൾക്കരികിലായി കിടന്നു. പതിയെ പാത്തൂന്റെ നെറ്റിയിലൊന്ന് തൊട്ടതും പാത്തു അവന്റെ അരികിലേക്ക് ചരിഞ്ഞുകിടന്നു.
ഫാൻ ഓഫാക്കി അവളെ പുതപ്പിച്ചതും
“പാത്തൂന് പേടിയാ… പേടിയാ…” പാത്തു ഉറക്കത്തിൽ പതിയെ പറഞ്ഞു. പിന്നെ ബെഡിൽ കൈകൊണ്ട് തപ്പുന്ന പാത്തൂനെ കണ്ടപ്പോ അവനെന്തോ സങ്കടം തോന്നി.

“പേടിക്കണ്ടപാത്തൂ. ഞാനില്ലേ ഇവിടെ” എന്ന് അജു അവളുടെ നെറ്റിയിൽ തലോടി പറഞ്ഞു.

പാത്തു ഒന്ന് കണ്ണുതുറന്നു. നോക്കിയപ്പോൾ അജു തന്റെ അരികിൽ.

“ഇക്ക… എപ്പോഴാ വന്നേ…” പതിഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു.

ഇവളല്ലേ റബ്ബേ വാതിൽ തുറന്നുതന്നത് എന്നിട്ടാണോ ഇങ്ങനൊരു ചോദ്യം എന്ന് അജു മനസ്സിലും
“ഇപ്പൊ വന്നൊള്ളൂ നീ ഉറങ്ങിക്കോ” എന്ന് അവളോടും പറഞ്ഞു.

പാത്തു അവന്റെ നെഞ്ചോട് ചേർന്ന് കിക്കാൻ അധികം സമയം വേണ്ടിവന്നില്ല.
അജു തടായാനോ എതിർക്കാനോ ഒന്നിനും നിന്നില്ല.

എപ്പോഴോ ഉറക്കമുണർന്ന അജു കണ്ണുതുറന്ന് നോക്കിയപ്പോൾ തന്റെ നെഞ്ചോടുചേർന്ന് തന്നെ പറ്റിപ്പിടിച്ചു കിടക്കുന്ന പാത്തൂനെയാണ്.
അവൻ പതിയെ അവളുടെ നെറ്റിയിൽ ഒന്ന് തൊട്ടു.

ചൂട് കുറവുണ്ട്. ടേബിളിലേക്ക് കയ്യെത്തിച്ച് മൊബൈലെടുത്ത് സമയം നോക്കി. എട്ടുമണി.
മാത്രമല്ല കുറേ മിസ്കോളും. നോക്കിയപ്പോ ഹാരിസാണ്.

അവനുടനെ ഹാരിസിനെ വിളിച്ചു.

“എന്താടാ…” പാത്തൂനെ ഉണർത്തേണ്ട എന്നുകരുതി പതിയെ ചോദിച്ചു.

“മെസേജ് കണ്ടപ്പോൾ വിളിച്ചതാ”

“അതാണോ. നീ വെച്ചോ ഞാൻ കുറച്ചുകഴിഞ്ഞ് വിളിക്കാം”

പാത്തു അപ്പോഴും അജൂന്റെ നെഞ്ചിലാണ്.

“അജുക്കാ… love you, എന്നെയിനി ഒറ്റക്കാക്കി പോവരുതേ” പതിഞ്ഞ സ്വരത്തിൽ പാത്തു അങ്ങനെ പലതും പറയുന്നുണ്ടെങ്കിലും കണ്ണ് തുറന്നിട്ടില്ല.
ആ തലമുടി കണ്ടാലേ അറിയാം കുളിച്ചിട്ട്പോലുമില്ലാന്ന്. എന്നാലും അജു അതൊക്കെ ഒതുക്കിവെച്ച് അവളെയൊന്ന് നോക്കി.

അജു ആദ്യമായാണ് അവളെയിങ്ങനെ നോക്കുന്നത്. ആ സമയത്ത് തന്നെ പാത്തു കണ്ണുതുറന്നു.

സ്വബോധത്തോടെയുള്ള നോട്ടമായതുകൊണ്ട് പാത്തു ചാടിയെണീറ്റ് ബാത്റൂമിലേക്കോടി. അവൾക്കത് പൂർവാധികം ശക്തിയോടെയുള്ള ഓട്ടമാണെങ്കിലും കണ്ടുനിന്ന അജൂനത് കഞ്ചാവടിച്ച കോഴി പോകുന്നപോലെ ആയിരുന്നു.
ഒരു കുളിയൊക്കെ കഴിഞ്ഞ് മുടിയിൽ ഈറനുമായി പാത്തു തിരിച്ചെത്തിയപ്പോ അജു
“എന്നാ നീ ഭക്ഷണം കഴിച്ചേ…”

“ഇന്നലെ…”

“ഇന്നലെ എപ്പോ…”

“രാത്രി”

“സത്യം പറയെടീ… ” അജൂന്റെ ശബ്ദമൊന്ന് കനത്തു.
ആദ്യമായിട്ടാണ് അജൂന്റെ അങ്ങനൊരു മുഖം അവൾ കാണുന്നത്.
അവൾക്ക് പേടിതോന്നി.

“അത് ഇന്നലെയൊരു ചുക്കുകാപ്പി കുടിച്ചു”

“വേറെ ഒന്നുമില്ലല്ലേ, വെറുതെയല്ല നല്ല ആരോഗ്യമുണ്ട്, പോയി വല്ലതും കഴിക്കാൻ നോക്ക്” അജു റൂമിൽനിന്നും ഇറങ്ങിപ്പോയി.

പാത്തു ഡ്രെസ്സൊക്കെ മാറി താഴേക്കിറങ്ങുമ്പോൾ അജൂന്റെ അടുത്തുനിന്ന് ചീത്തകേട്ടകാരണമുള്ള സങ്കടമൊക്കെ മാറ്റി മുഖത്തൊരു പുഞ്ചിരിവരുത്തി അടുക്കളയിലേക്ക് നടന്നു.

അവിടെനിന്നൊരുകപ്പ് ചായയുമായി ഉമ്മറത്തിരിക്കുന്ന അജൂന് കൊടുത്ത് തിരിച്ചുപോകാനൊരുങ്ങിയതും
“എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോകാം” എന്ന് അജു അവളോട് പറഞ്ഞു.

“വേണ്ട, എനിക്കിപ്പോ കുഴപ്പൊന്നുല്ല”

പാത്തു പഴയപോലെ ആക്റ്റീവ് ആയി അടുക്കളയിൽ നിന്നു.

അവളുടെ ഉള്ളിൽ ഇന്ന് ഉറക്കമുണർന്നപ്പോൾ കണ്ട കാഴ്ചയായിരുന്നു.
എന്നാലും അതെങ്ങനെ സംഭവിച്ചു എന്നാലോചിച്ച് അവൾ കാടുകയറാൻ തുടങ്ങി.

“എന്താ ഒരു ആലോചന. അജു അന്വേഷിക്കുന്നുണ്ട്” സഹല തട്ടിവിളിച്ചത് പറഞ്ഞപ്പോൾ പാത്തു ചിന്തയിൽനിന്ന് ഉണർന്നു. നേരെ അജൂന്റെ അടുത്തേക്ക്.

“ഇക്ക വിളിച്ചോ…”

“ആ. നിനക്ക് കുഴപ്പമൊന്നും ഇല്ലെങ്കിൽ നമുക്കൊരിടംവരെ പോണം. ബൈക്കിൽ യാത്രചെയ്യാൻ പറ്റോ. ഇപ്പോഴല്ല ഉച്ചക്ക് ശേഷം”

“എനിക്ക് കുഴപ്പൊന്നുല്ല. പോവാം”

“എങ്കിൽ ഞാൻ ഉച്ചക്ക് വരാം.”

“എവിടെപ്പോവാ”

“വണ്ടിയുടെ അടുത്തേക്ക്”

അജു ബുള്ളറ്റുമെടുത്ത് പോകുന്നത് പാത്തു നോക്കിനിന്നു.

അജു വരുന്നതും കാത്തിരിക്കുകയായിരുന്നു ഹാരിസ്.
അജൂനെ കണ്ടതും ഹാരിസ് ഒരു പുഞ്ചിരി സമ്മാനിച്ചു.

“ന്താ ഹരിസേ സുഖല്ലേ”

“ആ ഇക്കാ. സുഖം.”

“പിന്നേ ബസ്സിന് എപ്പോഴും ട്രിപ്പുണ്ടാകണമെന്നില്ല. അവസാനം ബസ്സ് വേണ്ട ഇവിടത്തെന്നെ ഇരുന്നാമതിയായിരുന്നു എന്ന് പറയരുത്.”

“ഇല്ല”

“ഇവിടെയിരിക്കാൻ ആരെയെങ്കിലും കിട്ടിയോ”

“നോക്കുന്നുണ്ട്, കിട്ടിയിട്ടില്ല”

“അങ്ങനെയാണെങ്കിൽ ഇനി നോക്കണ്ട. ഞാനിരിക്കാം. ട്രില്പില്ലാത്ത ദിവസങ്ങളിൽ നീയിരുന്നോ. അപ്പൊ ഒന്നില്ലേലും മറ്റൊരു വരുമാനം ഉണ്ടാവില്ലേ”

“ശെരി ഇക്കാ.”

“പിന്നേ ഞാൻ പൊന്നുപോലെ തട്ടാതെയും മുട്ടാതെയും കൊണ്ടുനടക്കുന്ന വണ്ടിയാണ്. അതുപോലെ നോക്കിക്കോണം. ഇനിമുതൽ നിനക്ക് കൂട്ടിന് വിഷ്ണു ഉണ്ടാവും”

“അതൊക്കെ ഞാനേറ്റു”

അജു ആണിയിൽ തൂങ്ങിക്കിടക്കുന്ന ബസ്സിന്റെ ചാവിയെടുത്ത് ഹാരിസിനെ ഏല്പിച്ചു.

“പിന്നെ അജുക്കാ… പെങ്ങൾക്ക് ഒരു കല്യാണക്കാര്യം വന്നിട്ടുണ്ട്”

“ആഹാ അത് കൊള്ളാലോ, എവിടെന്നാ”

“എടപ്പാൾ, ആള് ഗൾഫിലാ. നല്ലജോലിയൊക്കെയുണ്ട്. നല്ല കുടുമ്പവും”

“പിന്നെന്താ പ്രശ്നം”

“അവര് ചോദിക്കുന്നത്…”

“ഇതാണ് പറ്റാത്തത്, പെണ്ണിനേയും വേണം അതിനുപുറമെ പെണ്ണിന്റെ വാപ്പാനെ ഊറ്റുകയും വേണം”

“എന്താ ചെയ്യേണ്ടതെന്ന് ഒരു പിടുത്തവുമില്ല”

“ഇയ്യ് ടെൻഷനാവണ്ട. ഒന്നൂടെ അവരെപ്പറ്റി അന്വേഷണം നടത്ത്. എന്നിട്ട് പെങ്ങളുടെ അഭിപ്രായം ചോദിക്ക്. എല്ലാം ഓക്കേ ആണെങ്കിൽ അതങ്ങ് ഉറപ്പിച്ചെക്ക്. നിന്നെക്കൊണ്ട് കഴിയുന്നത് നീയുണ്ടാക്ക് ബാക്കി ഒക്കെ ആ സമയംവരുമ്പോ ശെരിയാവും”

അജു വീട്ടിലുള്ളവർക്ക് മാത്രമാണ് ഒന്നിനും പറ്റാത്തവൻ. പക്ഷെ അവനെ മനസ്സിലാക്കിയവർക്ക് അവനൊരു ഏട്ടനാണ്, അനിയനാണ്, മകനാണ്, വാപ്പയാണ്.

ഹരിസേ ഞാനിറങ്ങുന്നു. ഇന്ന് ശിവേട്ടന്റെ വീട്ടിലൊന്ന് പോണം. ശിവേട്ടന്റെ കൊച്ചുമോളെ കാണാൻ പോയിട്ടില്ല ഇതുവരെ”
അജു അവിടെനിന്നിറങ്ങി വീട്ടിലേക്ക് വിട്ടു.

ഭക്ഷണം കഴിച്ച് അജ്മലും പാത്തുവും ശിവേട്ടന്റെ വീട്ടിലേക്ക് പുറപ്പെട്ടു.
പോകുന്നവഴി ഒരു ഡ്രെസ്സ്‌കടയിൽ കയറി
“ഏറ്റവും ചെറിയ കുട്ടിക്കുള്ള ഡ്രസ്സ്‌ സെലക്ട്‌ചെയ്യ് പാത്തു” എന്ന് അജു.

പാത്തു ഒന്നും നോക്കിയില്ല. വലിച്ചിടീപ്പിച്ചതിൽ അവൾക്കിഷ്ടമായ മൂന്നെണ്ണം കാണിച്ചു.
അതും വേറെ കുറച്ച് സാധങ്ങളുമായി രണ്ടുപേരും യാത്രതുടർന്നു.

ചെന്നുനിന്നത് ചെറിയൊരു ഓടിട്ടവീട്ടുമുറ്റത്ത്.

“ഇത് നമ്മുടെ ഒരു ഡ്രൈവറിന്റെ വീടാണ്.” എന്ന് അജു പാത്തൂനോട് പറഞ്ഞു.

“കേറിവാ മോനെ, ഇരിക്ക്” ശിവേട്ടന്റെ ഭാര്യ അവരെ സ്വീകരിച്ചു.

“എവിടെ ചേച്ചി അശ്വതിയും കുഞ്ഞും”
അജു ചോദിച്ചു.

“റൂമിലാണ്. അപ്പോഴേക്കും അശ്വതിയുടെ അനിയത്തി ആതിര കുഞ്ഞുമായെത്തി.

പാത്തു കയ്യിലുണ്ടായിരുന്ന പൊതികൾ ചേച്ചിയെ ഏൽപിച്ച് കുഞ്ഞിനെവാങ്ങി.

“പഠിപ്പൊക്കെ എങ്ങനെണ്ട് ആതിരേ”

“കുഴപ്പല്ലാതെ പോകുന്നു.”

“പഴയതുപോലെ അവന്മാരുടെ ശല്യമുണ്ടോ ഇപ്പൊ”

“അയ്യോ അവരൊന്നും നോക്കാൻപോലും ധൈര്യം കാണിക്കുന്നില്ല. അത്തരത്തിലല്ലേ അന്ന് അവിടെ കാണിച്ചുകൂട്ടിയത്”

ആതിരയുടെ വാക്കുകൾ കേട്ട് പാത്തു അജൂനെയൊന്ന് നോക്കി.

“ഇക്കാ താത്ത സൂപ്പർ” എന്ന് ആതിര പറഞ്ഞപ്പോൾ അജു അവളെനോക്കി ഒന്ന് പുഞ്ചിരിച്ചു.

കുറച്ചുനേരം അവിടെയിരുന്ന് അവർ പോകാനൊരുങ്ങി.

അജൂന്റെ പുറകിലിരുന്ന് പാത്തു യാത്രതുടങ്ങി.
പതിവുപോലെ പാത്തൂന്റെ കൈ അജൂന്റെ ഷർട്ടിൽ പിടുത്തമിട്ടിരുന്നു.

“അജുക്കാ… ആതിരയെന്താ പറഞ്ഞെ”

“എന്ത്”

“എന്തോ ശല്യത്തിന്റെ കാര്യം”

“അതൊക്കെ പറയാം. നമുക്ക് ബീച്ചിൽ പോയാലോ…?”

“പോവാം” എന്നവൾ.

അജു വണ്ടിനേരെ ബീച്ചിലേക്ക് വിട്ടു.
ബീച്ചിലേത്തി അജൂന്റെ പുറകെ പാത്തു നടന്നു.

“ഇക്കാക്ക് കടൽ ഇഷ്ടാണോ…”

“എന്ത് ചോദ്യാ പാത്തു. കടൽ ഇഷ്ടമില്ലാത്ത ആരാ ഉള്ളത്. നിനക്ക് ഇഷ്ടമില്ലേ”

“ഒരുപാട് ഇഷ്ടമാണ്. പക്ഷെ വളരെ കുറച്ചുമാത്രമേ കാണാൻപറ്റിയിട്ടുള്ളു. ഉപ്പയുടെ കാലുപിടിച്ചാൽ പെരുന്നാളിന് കടൽകാണാൻ കൊണ്ടോവും”

“ഫായിയും പറഞ്ഞു ഇത്. ഉപ്പാടെകൂടെ അല്ലാതെ കടൽ കണ്ടിട്ടിട്ടില്ല എന്ന്”

“അജുക്കാ ആതിരയുടെ കാര്യം പറ”

“അതൊന്നുല്ല, കാണാൻ മെനയുള്ള പെണ്കുട്ടിയല്ലേ, അപ്പൊ സ്കൂളിലേക്ക് പോകുന്നവഴി കുറച്ച് ചെറുപ്പക്കാർ അവളെ കമന്റടിച്ചു. ആദ്യമൊക്കെ ക്ഷമിച്ചു പിന്നെ സ്ഥിരമായപ്പോൾ ആതിര അവളുടെ അച്ഛനോട് പറഞ്ഞു. അച്ഛനല്ലേ, ചോദിക്കാൻ പോയി. പക്ഷെ പ്രായം നോക്കാതെ അവര് ശിവേട്ടനെ കൈവെച്ചു.
ശിവേട്ടൻ വണ്ടിയെടുക്കാൻ വന്നപ്പോ ഞാൻ കാര്യം ചോദിച്ചു. നടന്ന സംഭവം പറഞ്ഞു.”

“അപ്പൊ ഇക്കപോയി അവരെ പൊങ്കാലയിട്ടല്ലേ…” എന്ന് പാത്തു.

“എങ്ങനെ മനസ്സിലായി”

“എല്ലാ കഥയും ഇങ്ങനെയാ”

അവനൊന്ന് ചിരിച്ചു.

“നിനക്ക് ഐസ്ക്രീം വേണോ”

“ഇന്ന് വേണ്ട. ഇനിവരുമ്പോ മതി”

പാത്തൂന് ചെറിയ പനിയുള്ളതുകൊണ്ട് അജു നിർബന്ധിച്ചില്ല.

“എനിക്ക് തിര ചവിട്ടണം”

“അതിനെന്താ പോയി ചവിട്ടേ കുളിക്കെ എന്താന്നുവെച്ചാ ചെയ്യ്”

“ഒറ്റക്കോ… ഇക്കയും വാ എനിക്ക് പേടിയാ”

“നിനക്കിപ്പോ എത്രയാ പാത്തു പ്രായം”

“19 ആവുന്നു”

“എന്നിട്ടും പേടിമാറിയില്ലേ”

“അതൊക്കെ മാറും. ഇക്ക വായോ” പാത്തു കെഞ്ചിയപ്പോ അജു എഴുനേറ്റു.

അജൂന്റെ അരികിലായി പാത്തു നിൽക്കുന്നുണ്ടെങ്കിലും തിര വരുമ്പോൾ പാത്തു പുറകിലേക്കോടും.

“ബെസ്റ്റ്. നിനക്ക് തിര ചവിട്ടണോ…?”

“ആ”

“എന്നാൽ വാ” അജു അവൾക്കുനേരെ കൈനീട്ടി. മടിക്കാതെ പാത്തു ആ കയ്യിൽപിടിച്ച് തിരച്ചവിട്ടാൻ തുടങ്ങി.

കുറേനേരം അങ്ങനെ അവർ നിന്നു.

“പോവാ…”

അവളൊന്ന് മൂളി.

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ അജു ഒന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ പാത്തു വീഴാൻപോയി. വീണില്ല ഭാഗ്യം.

വീണ്ടും വണ്ടി മുന്നോട്ട് നീങ്ങിയപ്പോൾ പാത്തൂന്റെ കൈ അജുതന്നെ അവന്റെ വയറിലൂടെ ചുറ്റിപ്പിടിപ്പിച്ചു.

വൈകാതെ വീടെത്തി.

അജു ഉമ്മയോടും ബാബിയിടും അല്ലാതെ മറ്റാരോടും കൂടുതൽ സംസാരിക്കാറില്ല.

എല്ലാവരും ചേർന്നിരുന്ന് രാത്രി ഭക്ഷണം കഴിക്കുകയായിരുന്നു.

“അജ്മലെ പഴയതൊക്കെ ഇത്രപെട്ടെന്ന് മറന്നോ നീ” എന്ന് അനസ്.

അജു ഒന്നുംപറഞ്ഞില്ല.

“എന്തൊക്കെ ബഹളമായിരുന്നു, കല്യാണം വേണ്ട, ജീവിതത്തിൽ മറ്റൊരു പെണ്ണില്ല, എന്നിട്ടിപ്പോ എന്തായി” അനസ് വീണ്ടും പറഞ്ഞു.

അജു കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം അവിടെവെച്ച് എഴുനേറ്റുപോയി.

“നിനക്ക് എന്തിന്റെ കേടാ അനസേ.” എന്ന് ചോദിച്ച് ഉപ്പ അനസിനെ ശകാരിച്ചു.

പാത്തു അടുക്കളയിലെ പണിയൊക്കെ തീർത്ത് റൂമിലെത്തിയപ്പോൾ അജു കിടക്കുന്നതാണ് കണ്ടത്.

“ഇക്കാ… അവരവിടെ എന്തെങ്കിലും പറഞ്ഞോട്ടെ. ഇക്ക അതൊന്നും ചെവികൊള്ളണ്ട.” എന്ന് പാത്തു.

“ഇക്കയായിപ്പോയി. എല്ലാരുംചേർന്ന് ഒന്നിനെ ഇല്ലാതാക്കിയതും പോരാഞ്ഞിട്ട് ബാക്കിയുള്ളവനെ സമാധാനത്തിൽ ജീവിക്കാനും വിടില്ല എന്നുവെച്ചാൽ”

പാത്തൂന് ഒന്നും പറയാനില്ലായിരുന്നു.
പാത്തു ബെഡിന്റെ ഒരറ്റത്ത് കിടന്നതും അജു ലൈറ്റ് ഓഫാക്കി.
സാധാരണ ചെറിയവെട്ടമുള്ള ലൈറ്റ് ഇന്ന് ഇട്ടില്ല.

“ഇക്കാ… ലൈറ്റ് ഇട്. ഇരുട്ട് എനിക്ക് പേടിയാ”

അജു ലൈറ്റ്ഇട്ട് അവളെപ്പിടിച്ച് നെഞ്ചിലേക്കിട്ടു. എന്നിട്ട് ലൈറ്റ് ഓഫാക്കി.

“ഇനി പേടിക്കോ”

“ഇല്ലാ”

“നിനക്ക് എന്തിനെയാ പേടിയില്ലാത്തത്”

“എനിക്കെന്റെ ഇക്കാനെ ഇപ്പൊ പേടിയില്ല. ഈ നെഞ്ചിൽ കിടക്കുമ്പോൾ ഈ മനസ്സ് അറിയുമ്പോൾ ഇക്ക എന്നെ സ്‌നേഹിക്കുമ്പോൾ ഞാനെന്തിനാ എന്റെ ഇക്കയെ പേടിക്കുന്നെ”
പാത്തു അവനെ ഇറുകെ കെട്ടിപ്പിടിച്ചു.

“കൊല്ലോ”

“ഇല്ല”
“അജുക്കാ ആദ്യമായി ഞാനിവിടെ കയറിവന്ന അന്ന് ഇക്ക കുറച്ച് സമയംവേണമെന്ന് പറഞ്ഞില്ലേ. ഇനിയും ആ സമയം വേണോ” എന്ന് അജൂന്റെ നെഞ്ചിൽ തലവെച്ച് പാത്തു ചോദിച്ചു.

“ഞാൻ ആ ഡയറി വായിച്ചു. സാരല്ല. എല്ലാം റബ്ബിന്റെ തീരുമാനങ്ങളല്ലേ.”
എന്ന് പാത്തു വീണ്ടും പറഞ്ഞു.

“ഇക്ക ഉറങ്ങിയോ…?”
അജൂന്റെ ശബ്ദമൊന്നും കേൾക്കാതായപ്പോ പാത്തു ചോദിച്ചു.

“ഇല്ല…”

“അഫിയുടെ ഉപ്പ എവിടെയാ…?”

“കുറച്ച് ദൂരെ ജീവിച്ചിരിപ്പുണ്ട്. നമ്മുടെ കല്യാണത്തിന് ഞാൻ ക്ഷണിച്ചിരുന്നു. വരില്ലാന്ന് പറഞ്ഞു.”

“എന്നെ കൊണ്ടുപോവോ അങ്ങോട്ട്”

“പോണം. വരുമെന്ന് ഞാൻ വാക്ക് പറഞ്ഞിട്ടുണ്ട്. ആ മനുഷ്യൻ കാരണമാണ് ഇത്രപെട്ടെന്ന് നീയെന്റെ നെഞ്ചിലേക്കെത്തിയത്. ഇല്ലേൽ ഇന്നും രണ്ടറ്റത് കഴിയേണ്ടിവരുമായിരുന്നു.

“മനസ്സിലായില്ല”

“പറയാം”

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply