Skip to content

പൗമി – ഭാഗം 11

poumi-novel

പാർക്കിംഗ് ഏരിയായിൽ കൊണ്ട് വണ്ടിയും വെച്ചിട്ട് പാച്ചുവിനോട് വാ തോരാതെ സംസാരിച്ചു കൊണ്ട് ഇടനാഴിയിലൂടെ ക്ലാസ്സിലേക്ക് നടക്കുമ്പോഴായിരുന്നു  എതിരെ നടന്നു വരുന്ന ആൽവിനെയും ഗ്യാങ്ങിനെയും പാച്ചുവാണ് അവൾക്ക്  കാണിച്ചു കൊടുത്തത്…

മുന്നോട്ടു വെച്ച കാൽ മുൻപോട്ടു തന്നെ അത് പറഞ്ഞു പാച്ചുവും പൗമിയും മുന്നോട്ടു നടന്നു…..

ആൽവിനും ഗ്യാങ്ങും നടന്നു അവർക്ക് അടുത്ത് എത്തി….

കോളേജിലുള്ള സകലരും ഒരു അടി പ്രതീക്ഷിച്ചെന്നത് പോലെ വരാന്തയിൽ ഇറങ്ങി നിന്നു….

പൗമിയുടെയും ആൽവിന്റെയും കണ്ണുകളിൽ പ്രതികാരത്തിന്റെ കനലെരിഞു….

“ആഹാ…ഇതെപ്പോ ഇറങ്ങി ഹോസ്പിറ്റലിൽ നിന്ന്….??

ഞാനോർത്തു….”

അവൻ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ വിരൽ ഞൊടിച്ചു കൊണ്ടവൾ അവനു നേരെ വിരൽ ചൂണ്ടി….

“ഇരുട്ടിന്റെ മറവിൽ മൂന്നാലു ഗുണ്ടകളുടെ ബലത്തിൽ തട്ടി കൊണ്ട് പോയി ആളാകാതെ, ധൈര്യമുണ്ടേൽ ഒറ്റയ്ക്ക് വാടാ……

ഒരു പെണ്ണിനെ നാലഞ്ച് അവൻമാര് ചേർന്ന് തട്ടി കൊണ്ട് വന്ന് മുൻപിൽ നിർത്തുമ്പോൾ തലയ്ക്കടിച്ചു വീഴ്ത്തുന്നതിൽ എന്ത് ആണത്തമാണ് ഉള്ളത്….

ഇതൊരുമാതിരി….”

അവൾ പറഞ്ഞു തീരും മുൻപേ അവൻ ടീ എന്നും പറഞ്ഞു കൊണ്ട് അവൾക്കടുത്തേക്ക് വിരൽ ചൂണ്ടി വന്നു….

“കൂൾ ആൽവിൻ കൂൾ……

ആണാണെങ്കിൽ വാടാ എന്റെ മുൻപിലേക്ക് ഒറ്റയ്ക്ക്…

ദാ നിൽക്കുന്ന എല്ലാവരുടെയും മുൻപിൽ വെച്ച് ഞാൻ നിന്നെ വെല്ലുവിളിക്കുന്നു….

ധൈര്യമുണ്ടെങ്കിൽ വാ…ഒറ്റയ്ക്ക്…

ഇനിയങ്ങോട്ട് ഒറ്റയ്ക്ക് മതി….”

അതും പറഞ്ഞു പൗമി തിരിഞ്ഞു നടന്നു…അവനും…

അവൾ അവനടുത്തേക്ക് തിരിഞ്ഞു വീണ്ടും വിരൽ ഞൊടിച്ചു…

അവൻ തിരിഞ്ഞു നോക്കി…

“ഐ ആമ് വെയിറ്റിങ് ഫോർ യു..”

അതും പറഞ്ഞു പൗമി സ്ളോ മോഷനിൽ ക്ലാസ്സിലേക്ക് നടന്നു…..

അവിടെ കൂടി നിന്ന പിള്ളേരുടെ മുഴുവനും നോട്ടം പൗമിയിലേക്കായിരുന്നു….

“ടീ എന്താ നിന്റെ ഉദ്ദേശ്ശം…??”

പാച്ചു ആയിരുന്നു അത് ചോദിച്ചത്…

“എന്താ….??”

“ഒരു നൂറു വട്ടം നിന്നെ നിർബന്ധിച്ചതല്ലേ അവനെതിരെ ഒരു കേസ് കൊടുക്കാൻ അന്ന് ഒരു കേസ് കൊടുത്തിരുന്നെങ്കിൽ ഇന്നവൻ ഇങ്ങനെ നിന്റെ മുൻപിൽ വന്ന് ഞെളിഞ്ഞു നിന്ന് സംസാരിക്കില്ലായിരുന്നു….”

“പിന്നെ ഇവനെ പോലൊരു പീറ എന്നെ തല്ലിയെന്നും പറഞ്ഞു കേസ് കൊടുത്താൽ അതിന്റെ നാണക്കേട് എനിക്കാ…..”

“എന്റെ പൗമി നിന്നെ കൊണ്ട് തോറ്റു…..നീ ഇങ്ങനെ എന്നെ കൂടെ കൊണ്ട് നടന്ന് വല്ലവരുടേയും കൈയ്യിൽ നിന്ന് തല്ല് വാങ്ങി തരുവോ….??”

പാച്ചു ചോദ്യ ഭാവത്തിൽ പൗമിയെ നോക്കി…

“ആഹ് നിനക്ക് അത്രയ്ക്ക് പേടിയാണെങ്കിൽ എന്റെ കൂടെ നടക്കണം എന്നില്ല…..”

അതും പറഞ്ഞു അവൾ ദേഷ്യത്തിൽ ക്ലാസ്സിലേക്ക് കയറി…

“ടീ..”

എന്നും പറഞ്ഞു പാച്ചു പിന്നാലെ ചെന്നെങ്കിലും അവൾ തിരിഞു പോലും നോക്കിയില്ല……

അന്നത്തെ ദിവസം അവൾ അവനോടു മിണ്ടാനെ പോയില്ല….

വൈകിട്ട് ക്ലാസ്സ് കഴിയുന്നേന് ഒരു മണിക്കൂർ മുൻപ് അവൾ വീട്ടിലേക്ക് തിരിച്ചു……

പാച്ചൂനോട് പിണങ്ങിയത് കൊണ്ട് ക്ലാസിൽ ഇരിക്കാൻ അവൾക്ക് തോന്നിയില്ല അതു തന്നെയായിരുന്നു നേരത്തെ പോകാനുള്ള കാരണവും….

പാതി വഴി എത്തിയപ്പോൾ പോലീസ് ജീപ്പ്…

അവൾ വണ്ടി പതിയെ സ്ളോ ചെയ്തു……

അവിടെ എവിടെയെങ്കിലും അശ്വിൻ ഉണ്ടോയെന്ന് ഒന്ന് നോക്കി….

കാണാതയപ്പോൾ വണ്ടി പതിയെ മുൻപോട്ടു എടുത്തു….

പെട്ടന്നായിരുന്നു പിന്നിൽ നിന്നൊരു വിളി വന്നത്..

“പൗമി…”

തിരിഞ്ഞു നോക്കാതെ തന്നെ ശബ്ദത്തിലൂടെ അവൾക്ക് ആളെ മനസ്സിലായി…..

അവൾ പതിയെ ഹെൽമറ്റ് ഊരി തലയൊക്കെ ഒന്ന് കുടഞ്ഞു തിരിഞു നോക്കി……. അവളറിയാതെ അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു….. ആ ചിരിയിൽ അവളുടെ നീളൻ കണ്ണുകൾ കൂമ്പിയടഞു….

“എന്താ വന്ന് എത്തി നോക്കിയിട്ട് പോകുന്നത്….??”

“അല്ലാ…ഞാൻ…അച്ഛൻ..ആണോന്ന്…”

“ഓഹോ ഡി ജി പി അദ്ദേഹം ഇപ്പോൾ ജീപ്പിലാണോ യാത്ര ചെയ്യുന്നത്….??”

“അതല്ലാ……അത്.. പിന്നെ…”

“മ്ം..മ്ം…വണ്ടി വിട്ടോ…..”

കണ്ണുകൾ കൂട്ടി ഇറുക്കി അടച്ച് നാവൊന്ന് കടിച്ച് ചമ്മല് മറയ്ക്കാൻ വേണ്ടി അവൾ വേഗം ഹെൽമറ്റ് എടുത്തു തലയിൽ വെച്ചു….

വണ്ടി മുൻപോട്ടു എടുക്കുമ്പോഴും അവൾ മിററിലൂടെ കാണുന്നുണ്ടായിരുന്നു അവളെ നോക്കി നിൽക്കുന്ന അശ്വിനെ……

അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു വോ…..കൺകോണിൽ എവിടെയോ ഒരു പ്രണയം ഒളിഞിരിപ്പുണ്ടോ…..

മിററിൽ തെളിഞ അവന്റെ മുഖത്തേക്ക് അവൾ ഒന്നു കൂടി നോക്കി….. ശേഷം ഉത്തരം കിട്ടാത്ത ആ ചോദ്യവുമായി വീട്ടിലേക്ക് വണ്ടി തിരിച്ചു….

പാന്റിന്റെ പോക്കറ്റിൽ കിടന്നു ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നു.  

റിംഗ് ടോൺ കേട്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി അത് പാച്ചു ആണെന്ന്….കാരണം പാച്ചൂനും പ്രവിക്കും മാത്രമേ അവൾ പ്രത്യേകം റിംഗ് ടോൺ സെറ്റ് ചെയ്തിട്ടുള്ളു….

“എന്നോട് വഴക്ക് ഉണ്ടാക്കി പോയതല്ലേ….കോളെടുക്കാൻ എനിക്ക് മനസ്സില്ല….”

അവൾ മനസ്സിൽ പറഞ്ഞു….

മുൻപോട്ടു നടന്നപ്പോഴായിരുന്നു ഫുഡ്പാത്തിലൂടെ കറുത്ത കമ്പിളി പുതച്ച് നടന്നു പോകുന്ന ആ മനുഷ്യനെ അവൾ കണ്ടത്…

ഇന്ന് എന്തായാലും അയാൾ എവിടേക്ക് ആ പോകുന്നതെന്ന് അറിഞേ പറ്റു….

കഴിഞ്ഞ തവണ ഇയാളെ അന്വേഷിച്ചു പോകാൻ തുടങ്ങിയപ്പോഴായിരുന്നു അവൾക്ക് അപകടം പറ്റിയത്….

അവൾ മനസ്സു കൊണ്ട് അതൊക്കെ ഒന്നോർത്തു…..

അപ്പോഴേക്കും അയാൾ നടന്നു നടന്നു അവിടെ അടുത്ത് ഉള്ള ഒരു ചേരിക്കടുത്ത് എത്തിയിരുന്നു….

പോകണോ വേണ്ടയോ……മനസ്സിൽ ഒരു മൂന്നാലു തവണ തിരിച്ചും മറിച്ചും അത് ആലോചിച്ചു നോക്കി….

ഇനി ചിലപ്പോൾ ഇങ്ങനെയൊരു അവസരം കിട്ടിയെന്ന് വരില്ല….

രണ്ടും കൽപിച്ചു അവൾ പോകാൻ തന്നെ തീരുമാനിച്ചു…

ഇടുങ്ങിയ വഴിയാണ് ഇനിയങ്ങോട്ട് ബൈക്ക് പോകില്ല….

അവൾ ബൈക്ക് ഒരു സൈഡിലേക്ക് ഒതുക്കി വെച്ചിട്ട് അയാൾക്ക് പിന്നാലെ നടന്നു ….

പിന്നിൽ നിന്ന് അയാളെ ശു ശു ന്ന് വിളിക്കുന്നുണ്ടെങ്കിലും അയാൾ തിരിഞ്ഞു നോക്കിയതേ ഇല്ല…പകരം നടത്തത്തിന്റെ വേഗത കൂട്ടി…

ഒന്നും ചിന്തിക്കാതെ അയാൾക്കു പിന്നാലെ അവളും വെച്ചു പിടിച്ചു….

കളിമണ്ണു കൊണ്ടും ഓല കൊണ്ടും ഉണ്ടാക്കിയ വീടുകൾ…

അവൾക്ക് അതൊരു അത്ഭുതമായിരുന്നു

“ഇപ്പോഴും ഇങ്ങനെയൊക്കെയുള്ള വീടുകൾ ഉണ്ടോ….”

അവൾ മനസ്സു  കൊണ്ടോർത്തു….

ഇച്ചിരിയില്ലാത്ത സ്ഥലത്ത് കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ബോളുകൾ എറിഞ്ഞു കളിക്കുന്നു. ….

പൊതു പൈപ്പിനു ചുവട്ടിൽ പ്ലാസ്റ്റിക്ക് കുടങ്ങളുമായി വെള്ളത്തിനു നിൽക്കുന്ന സ്ത്രീകൾ…..

പൗമിയെ സംബന്ധിച്ചടുത്തോളം അതൊരു പുതുമയുള്ള കാഴ്ചയായിരുന്നു….

പലരും അവളെ അത്ഭുതത്തോടെ നോക്കി ….അവരുടെ ആ നോട്ടങ്ങളിൽ അവൾക്കൊരു തരം ഭയം അനുഭവപ്പെട്ടു….

വീണ്ടും മുൻപോട്ടു നടന്നു…. അൽപം കഴിഞപ്പോൾ അയാളൊരു ആളൊഴിഞ്ഞ വീടിനുള്ളിലേക്ക് കയറി പോയി….

വീടെന്ന് തീർത്തു പറയാൻ സാധിക്കില്ല ഓലമേഞ്ഞ ഒരു കുടിൽ….

അതിന്റെ ഇറയത്തായ് മൺകുടങ്ങളും കലങ്ങളും ചട്ടികളും കമഴ്ത്തി വെച്ചിരിക്കുന്നു….

പതിവില്ലാതെ ഇത്രയും നടന്നതിന്റെ ക്ഷീണം… അവൾ ഇടം കൈ നടുവിനും വലം കൈ നെഞ്ചിലും വെച്ചു കൊണ്ട് ദീർഘമായൊന്ന് ശ്വസിച്ചു…..

”ഇവിടെ ആരും ഇല്ലേ….”

അകത്തേക്ക് നോക്കി അവൾ ഉറക്കെ വിളിച്ചു ചോദിച്ചു….

“കയറി വന്നോളു….”

അകത്ത് നിന്നും ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളു…

അവൾക്ക് ഒരുൾ ഭയം തോന്നിയത് കൊണ്ട് കയറാനായൊന്ന് മടിച്ചു….

“പേടിച്ചു പിന്നോട്ട് നിൽക്കണ്ട…കയറി വന്നോളു നീ ഇവിടെ സുരക്ഷിതയാണ്….”

അവൾ പതിയെ അകത്തേക്ക് കയറി…..

ചാണകം മെഴുകിയ തറ…..ദൈവങ്ങളുടെ ഫോട്ടോയ്ക്ക് മുൻപിൽ തിരികൾ തെളിച്ചിട്ടുണ്ട്…പക്ഷേ ആരെയും അവിടെ കണ്ടില്ല…..

തന്നെ ഇവിടേക്ക് കയറ്റിയ ശബ്ദത്തിനുടമയെ തിരയുകയായിരുന്നു പൗമിയുടെ കണ്ണുകൾ….

നിലവിളക്കിന്റെ തെളിച്ചം മാത്രമുള്ള ആ ഒറ്റ മുറിയിൽ അവൾ ചുറ്റും കണ്ണോടിച്ചു….

പെട്ടന്നാണ് അയാൾ കർട്ടനു മറവിൽ നിന്ന് അവൾക്ക് മുൻപിലേക്ക് വന്ന് നിന്നത്….

അക്ഷരാർത്ഥത്തിൽ ഞെട്ടി പോയിരുന്നു പൗമിയപ്പോൾ…..

“ആരാ നിങ്ങള്….”

“ഞാൻ പ്രതീക്ഷിച്ചിരുന്നു ഇങ്ങോട്ടേക്കുള്ള ഈ വരവ്….

എനിക്ക് പിന്നാലെ ഉണ്ടായിരുന്നു അല്ലേ….”

“അതെ….ആരാണ് നിങ്ങൾ…??എപ്പോഴും എനിക്ക് പിന്നാലെ വന്ന് ഓരോ ഉപദേശങ്ങള് തന്ന് നിങ്ങളെപ്പോഴും ഇരുട്ടിലേക്ക് പോയി മറയാറില്ലേ….

എനിക്ക് അറിയണം എന്തിനാണ് എന്റെ പിന്നാലെ വന്ന് അപകടങ്ങളിൽ നിന്നൊക്കെ എന്നെ രക്ഷിക്കുന്നതെന്ന്….”

“രക്ഷിക്കാനും ശിക്ഷിക്കാനുംഒന്നും ഞാനാരും അല്ല കുട്ടീ…..അതൊക്കെ ഈശ്വരനാണ്…”

“എന്ത്…??”

അവളുടെ ചോദ്യങ്ങൾക്ക് ഒന്നും അയാൾ വ്യക്തമായി ഉത്തരങ്ങൾ പറയുന്നതേ ഉണ്ടായിരുന്നില്ല….

ചോദ്യങ്ങളൊക്കെയും ചോദ്യമായ് തന്നെ അവശേഷിച്ചു…..

“സൂക്ഷിക്കണം…..നിനക്കു മുൻപിൽ ഒരുപാട് അപകടങ്ങൾ പതിയിരിക്കുന്നുണ്ട്…… എപ്പോഴും രക്ഷിക്കാൻ എനിക്ക് ആയെന്നു വരില്ല….എനിക്ക് പോകുവാനുള്ള സമയം അടുത്തു വരുന്നു….”

“എന്തൊക്കെയാ നിങ്ങളീ പറഞ്ഞു വരുന്നത്….”

അവിടെ കത്തിച്ചു വച്ചിരുന്ന നിലവിളിക്കിനു മുൻപിൽ നിന്ന് അയാൾ ഒരു പൊതി എടുത്തു കൊണ്ട് അവൾക്ക് കൊടുത്തു….

“ഇത് ധരിക്കണം…. കറുത്ത ചരട് ഉണ്ട് ഇതിൽ… അത് കഴുത്തിലോ കാലിലോ കൈയ്യിലോ അണിയുക…..ഈ ചന്ദനം എപ്പോഴും നിനക്കൊപ്പം കൊണ്ടു നടക്കുക…..

ഒരു പരിധി വരെയൊക്കെ നിന്നെ അപകടങ്ങളിൽ നിന്നു രക്ഷിക്കാൻ ഇതിനെ കൊണ്ടാകും….”

“ഇതൊക്കെ എങ്ങനെ നിങ്ങള്…..”

“പൗർണമി പുണർതം നക്ഷത്രം….ഡിജിപി അനന്തപത്മനാഭൻന്റെ  മകൾ….

എതിരെ വരുന്ന ശത്രുവിനു മുൻപിൽ പതറാതെ നിൽക്കുന്നവൾ….അച്ഛൻ കുടുബത്തിലെ ഒരേ ഒരു പെൺതരി….

ശരിയല്ലേ…..”

അതേ എന്ന അർത്ഥത്തിൽ അവൾ തല കുലുക്കി….

“സൂര്യാസ്തമയം ആയി വരുന്നു…..വേഗം പൊയ്ക്കൊള്ളു….ഈ പ്രസാദവും ആയി..ഇനിയൊരു വീട്ടിലും കയറരുത്….

വഴിയിൽ നിന്നേ കാത്തു ഒരുപാട് അപകടങ്ങൾ ഉണ്ട്…..

ഒരിടത്തും കാല് കുത്തരുത്…ഒന്നിലേക്കും ശ്രദ്ധ തിരിക്കരുത്…..പിൻ വിളികൾ ഒരു പാട് ഉണ്ടാകും തിരിഞ്ഞു നോക്കരുത്…..

ഈശ്വരനുണ്ടാകും എപ്പോഴും കൂട്ടിന്….”

അത്ര മാത്രം പറഞ്ഞു അയാൾ അകത്തേക്ക് നടന്നു….

ഇമകൾ പോലും ഒന്ന് ചലിപ്പിക്കാനാകാതെ അവൾ മുൻപോട്ടു നടന്നു…….

മുന്നോട്ടു നടക്കുമ്പോഴും അവളുടെ ചിന്തകൾ ആ ചാണകം മെഴുകിയ ഒറ്റ മുറി വീടിനെ കുറിച്ചായിരുന്നു…..

ഏത് ശക്തിയാണ് തന്നെ അവിടെ എത്തിച്ചത്……..എന്നെ പതിയിരിക്കുന്ന അപകടങ്ങൾ എന്താണ്…..

ഉത്തരം കിട്ടാത്ത ഓരോ ചോദ്യങ്ങളും അവളുടെ മനസ്സിന്റെ ഇടനാഴിയിലൂടെ ഇഴഞ്ഞു നീങ്ങിക്കൊണ്ടേയിരുന്നു……

തിരിച്ചു ബൈക്കിലേക്ക് കയറുമ്പോൾ കൈകൾക്കൊപ്പം അവളുടെ കാലുകളും വിറച്ചിരുന്നു….

ഉള്ളം കൈയ്യിലിരുന്ന ചന്ദനത്തിന്റെ പൊതിയിലേക്ക് അവൾ ശക്തമായൊന്ന് വിരലുകൾ അമർത്തി….

നീട്ടി വളർത്തിയ നഖങ്ങൾ കൈണ്ട് പാതി പഴുത്ത ആ വാഴയിലക്കീറിൽ ഒരു വിടവുണ്ടായി …..അതിൽ നിന്നൊരു നുള്ള് ഭസ്മം അവളുടെ നഖത്തിനിടയിലേക്ക് അടർന്നു വീണു….

അത് ബാഗിലേക്ക് വെച്ച് വേഗംഅവൾ

വണ്ടിയെടുത്തു….

സൂര്യൻ അസ്തമാക്കാറായിരിക്കുന്നു…..ഇന്ന് അമ്മയുടെ വായിൽ നിന്ന് വഴക്ക് ഉറപ്പാ….

അവൾ മനസ്സു കൊണ്ടോർത്തു…..

വണ്ടി മുൻപോട്ടു നീങ്ങി തുടങ്ങി……

വൈകുന്നേര സമയം ആയതിനാൽ പതിവിലും അധികം തിരക്കുണ്ടായിരുന്നു നിരത്തിൽ….

പെട്ടന്നായിരുന്നു നഗര മധ്യത്തിൽ ഒരാൾക്കൂട്ടം അവൾ കണ്ടത്….

ആരൊക്കെയോ അങ്ങോട്ട് ഓടിയടുക്കുന്നു…

“എന്താ ചേട്ടാ അവിടെ…..??”

ധൃതിയിൽ ഓടുന്ന ഒരാളോടായി വണ്ടി സ്ളോ ചെയ്തു കൊണ്ടവൾ ചോദിച്ചു….

“അവിടെ ബൈക്ക് ആക്സിഡന്റ്….. രണ്ട് പേരും തീർന്നെന്നാ കേട്ടത്….”

അങ്ങോട്ടേക്ക് പോകണമെന്ന് തോന്നിയെങ്കിലും ഉള്ളിന്റെ ഉള്ളിലിരുന്ന് ആരോ പോകരുത് എന്ന് പറയുന്നത് പോലെ….

അവൾ വേഗം വണ്ടിയെടുത്തു…..

വീടിന്റെ മുൻപിൽ എത്തി ഗേറ്റ് കടക്കുന്നതിനു മുൻപ് അവൾക്കൊരു കോള് വന്നു…

വണ്ടി സ്ളോ ചെയ്തു സെക്യൂരിറ്റിയെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു കൊണ്ടവൾ ഫോണെടുത്തു…

“ഹലോ പൗമീ…..”

“ആരാ..??”

“നിന്റെ കാലൻ….”

“വാട്ട്…?”

“നീയെന്നെ മറന്നോ…..ഇനി പത്ത് ദിവസം കൂടിയേ നിനക്ക് മുൻപിൽ ഉള്ളു…..

ആസ്പത്രി വിട്ടതൊക്കെ ഞാൻ അറിഞ്ഞിരുന്നു….”

“നിങ്ങൾക്ക് എന്താ വേണ്ടത് പണമാണോ….എത്രയാ വേണ്ടത് ചോദിക്ക്….എന്തിനാ എന്നെ ഇങ്ങനെ ശല്ല്യം ചെയ്യുന്നത്…??”

അവളുടെ വാക്കുകളിൽ പഴയ ആ ഗാംഭീര്യം ഇല്ലായിരുന്നു…. എന്തൊക്കെയൊ പേടിയാൽ അവളുടെ ശബ്ദമൊന്ന് വിറങ്ങലിച്ചിരുന്നു….

“എന്താ പണം തന്ന് ഒഴിവാക്കാനാണോ….എവിടെ പോയി നിന്റെ തന്റേടം ….??”

“ഛീ നിർത്തെടാ….”

“ഹേയ് ഓവർ സ്മാർട്ട് ആകാതെ…..സെക്യൂരിറ്റിയുടെ കൈയ്യിൽ നിനക്കുള്ള ഇന്നത്തെ ഗിഫ്റ്റ് ഉണ്ട് വാങ്ങിച്ചോ…..”

ചെവിയോരം ചേർത്ത് പിടിച്ച ഫോൺ ഊർന്ന് താഴേക്ക് ഇറങ്ങാതിരിക്കാനായി അവൾ അതിൽ ശക്തിയായി പിടിച്ചു…

“ഇതാ ഒരാൾ മോൾക്ക് തന്നതാ…”

എന്നു പറഞ്ഞു സെക്യൂരിറ്റി അവൾക്ക് നേരെ ആ ബോക്‌സ് നീട്ടി….

ഇടം കൈയ്യിൽ പിടിച്ച ഫോണിലേക്ക് ഒന്നൂടി വിരൽ അമർത്തി കൊണ്ടവൾ സെക്യൂരിറ്റിക്കു നേരെ വലം കൈ നീട്ടി…

അവളുടെ കൈക്കുള്ളിൽ ഇരുന്നു കൊണ്ട് അത് വിറച്ചു..

“എന്താണ് പൗമി കൈ വിറയ്ക്കുന്നുണ്ടോ….??”

പെട്ടന്നവൾ ചുറ്റിലും നോക്കി…

“താൻ ആരെയാ ഈ നോക്കുന്നത്….”

മറുഭാഗത്ത് നിന്നുള്ള  ആ ചോദ്യം ഒരു വെള്ളിടി വെട്ടും പോലെയാണ് അവളുടെ കാതിൽ വന്നു പതിച്ചത്…

അതിനർത്ഥം അയാൾ ഇവിടെ എവിടെയോ ഉണ്ട്….തന്നെ വ്യക്തമായി കാണുന്നുണ്ട് എന്നല്ലേ….

അവൾ മനസ്സാലെ പറഞ്ഞു…

മറുപുറത്ത് കോൾ കട്ടായത് പോലും അവൾ അറിഞില്ല…..

വണ്ടി കൊണ്ട് പോർച്ചിലേക്ക് വച്ച് ഗിഫ്റ്റ് ബോക്‌സ് ആരും കാണാതെ ബാഗിനുള്ളിൽ വെച്ച് അകത്തേക്ക് കയറുമ്പോഴേക്കും പാച്ചു ഹാളിലെ സോഫായിൽ ഇരുന്നു ടി വി കാണുന്നുണ്ടായിരുന്നു….

അവൾ അവന്റെ മുഖത്തേക്കൊന്ന് നോക്കി….

“ടാ പൗമി വന്നോ….”

മുകളിൽ നിന്ന് കേട്ട ശബ്ദം പ്രവിയുടേതായിരുന്നു….

“എവിടെ പോയതാ പൗമി…. ഇപ്പോ സമയം എത്രായീന്ന് അറിയുവോ നിനക്ക്….??”

അതും പറഞ്ഞു കൊണ്ടായിരുന്നു ലക്ഷ്മി അവിടേക്ക് വന്നത്….

അവൾ മൗനമായി അവരുടെ മുഖത്തേക്ക് നോക്കി…

“എന്താ പൗമി ഇത്ര താമസിച്ചത്…??”

ലക്ഷ്മി ചോദിച്ച ചോദ്യം പാച്ചു വീണ്ടും ആവർത്തിച്ചു…. മറുപടിയായി അവളൊന്നും മിണ്ടിയില്ല….

വെറുതെ അവരുടെ മുഖത്തേക്ക് ഒന്ന് നോക്കുക മാത്രം ചെയ്തു കൊണ്ട് അവൾ മുകളിലുള്ള പടി കയറി….

കാലിടറി പോകാതിരിക്കാനായി അവൾ കൈവരിയിലേക്ക് വിരലുകൾ ചേർത്തു….

പതിയെ പിച വെച്ച് നടക്കും പോലെ മുകളിലേക്ക് നടന്നു….

മുകളിൽ പ്രവി നിൽപ്പുണ്ടായിരുന്നു..

“എന്താടാ ഇത്ര താമസിച്ചത്…??”

ഒന്നുമില്ലാ എന്ന അർത്ഥം ത്തിൽ കണ്ണുകൾ ഇറുക്കി അടച്ചു കാണിച്ചു കൊണ്ട് അവൾ അവളുടെ മുറിയിലേക്ക് നടന്നു….

മുറിയിൽ കയറി കതക് അടച്ച് ബാഗ് കട്ടിലിലേക്ക് എറിഞ്ഞു ആ കതകിൽ ചാരി നിലത്തേക്ക് ഇരുന്നു….

കൈകൾ കൊണ്ട് മുഖം അമർത്തി തുടച്ചു…

എന്നിട്ട് ധൃതിയിൽ എന്തോ ഓർത്തിട്ടെന്നത് പോലെ എഴുനേറ്റു ചെന്ന് ആ ബാഗ് തുറന്നു…..

വലം കൈയ്യിൽ ആ മനുഷ്യൻ കൊടുത്ത പ്രസാദം….

ഇടം കൈയ്യിൽ സെക്യൂരിറ്റിയുടെ കൈയ്യിൽ ആരോ ഏൽപ്പിച്ച ഗിഫ്റ്റ്..

ഏത് ആദ്യം തുറക്കണം….

കുറേ നേരത്തെ ചിന്തകൾക്ക് ശേഷം പ്രസാദം തുറന്നു…..

അതിലെ കറുത്ത ചരട് എടുത്ത് ഒന്ന് പ്രാർത്ഥിച്ച ശേഷം കാലിൽ കെട്ടി…..

കൈകൾ വല്ലാതെ തണുത്തു….

അവൾ പതിയെ സെക്യൂരിറ്റി കൊടുത്ത ഗിഫ്റ്റ് കൈയ്യിൽ എടുത്തു….

“റ്റു മൈ ഡിയറസ്റ്റ് ഡിയർ പൗമി…..”

അതിന്റെ മുകളിൽ ഇങ്ങനെ എഴുതിയിരുന്നു

അവൾ അത് വായിച്ചു…. ശേഷം പതിയെ അത് ഓപ്പൺ ചെയ്തു…..

വിറച്ചു കൈണ്ടിരുന്ന അവളുടെ കൈ വഴി ആ ബോക്‌സ് നിലത്തേക്കു വീണതും ആ വീട്ടിൽ അവളുടെ നിലവിളി ഉയർന്നതും ഒന്നിച്ചായിരുന്നു….

അവളുടെ നിലവിളി ശബ്ദം മുറിയുടെ നാല് കോണിലും തട്ടി വാതിലിനെ മറി കടന്നു കൊണ്ട് പുറത്തേക്കൊഴുകി….

നിമിഷ നേരത്തിനുള്ളിൽ പ്രവിയുടെയും പാച്ചുവിന്റെയും ലക്ഷ്മിയുടെയും ശബ്ദം കതകിനു മറുപുറത്ത് നിന്നുയർന്നു…

ചെവി രണ്ടു കൂട്ടി പൊത്തി ഉറക്കെ നിലവിളിച്ചു കൊണ്ടവൾ ഭിത്തിയിൽ ചാരി നിലത്തേക്ക് ഇരുന്നു…

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.4/5 - (13 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “പൗമി – ഭാഗം 11”

Leave a Reply

Don`t copy text!