Skip to content

പൗമി – ഭാഗം 16

poumi-novel

ഡോറ് തുറന്ന് ആദ്യം ഇറങ്ങിയത് പൗമി ആയിരുന്നു…….

അവളുടെ കാലുകൾ ആ മണ്ണിലേക്കമർന്നതും എങ്ങു നിന്നോ ഒരു ഇളം കാറ്റ് അവളെ വട്ടം ചുറ്റിയതും ഒന്നിച്ചായിരുന്നു…..

പടിക്കെട്ടുകൾക്ക് ഇരു വശങ്ങളിലുമായി നിന്ന വെള്ള അരളിയും വെള്ള ചെമ്പകവും ഒന്നിച്ചു പൂക്കൾ പൊഴിച്ചപ്പോൾ അവൾക്കു വേണ്ടി വിരിയാനായ് മുറ്റത്തിന്റെ തെക്കേ കോണിലെ നിശാഗന്ധി ചെടിയിൽ ഒരു കുഞ്ഞു മൊട്ട് പ്രത്യക്ഷപ്പെട്ടു……

അവൾ ചുറ്റിലും ഒന്ന് നോക്കി…… ഇളം കാറ്റ് വീശുമ്പോൾ തലതാഴ്ത്തിയാടുന്ന നെൽക്കതിരുകളിലേക്ക് അവളുടെ മിഴികൾ ഉടക്കി…..അങ്ങകലെ നിന്ന് സൂര്യൻ ഉദിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു……ആകാശത്തും പ്രകൃതിയിലും ഒരുപോലെ ചുവപ്പ് പടർന്നിരുന്നു…..

വീടിന്റെ പിന്നാമ്പുറത്തൂടെ പാടത്തേക്ക് നടക്കാനായി ഇട്ടിരുന്ന ജീൻസിന്റെ അറ്റം മടക്കി വയ്ക്കുമ്പോഴേക്കും അനന്തപത്മനാഭൻ അവളെ തടഞ്ഞിരുന്നു…..

“പൂജയും വഴിപാടും ഒക്കെ കഴിഞ്ഞിട്ടു മതി പുറത്തേക്ക് ഉള്ള കറക്കം ഒക്കെ….അടങ്ങി ഒതുങ്ങി എവിടേലും പോയി   ഇരിക്കാൻ നോക്ക്…”

“മ്ം…”

അവളൊന്ന് നീട്ടി മൂളി….

അച്ഛന്റെ പെട്ടന്നുള്ള ദേഷ്യപ്പെടലിൽ പ്രവിക്ക് എന്തോ സംശയം തോന്നിയെങ്കിലും അവനത് മുഖത്ത് കാണിച്ചില്ല…

“പൗമീ… കേറി വാ മഴക്കോള് ഉണ്ട്….ഇന്ന് മഴ തകർത്തു പെയ്യാൻ ചാൻസ് ഉണ്ട്…..”

പ്രവി അതും പറഞ്ഞു അവളെയും വിളിച്ചു അകത്തേക്ക് കയറി…പിന്നാലെ പാച്ചുവും….

അകത്ത് മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്നു….

അവൾ ഓടി ചെന്ന് മുത്തശ്ശിയെ കെട്ടിപ്പിടിച്ചു…..

“ചുക്കി ചുളുങ്ങിയ കൈവിരലുകളാൽ അവർ അവളെ തലോടി….

എന്റെ കുട്ടി വേഗം പോയി വേഷം മാറി വാ…മുത്തശ്ശി കഴിക്കാനെടുക്കാം…”

അവരുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു… അവർക്ക് അടുത്ത് നിന്ന ലക്ഷ്മിയും കരയുന്നുണ്ടായിരുന്നു എന്തിനോ വേണ്ടി…..

“ചെല്ല് വേഗം പോയി വേഷം മാറി വാ…”

മുത്തശ്ശിയവരെ നിർബന്ധിച്ചു മുകളിലേക്ക് വിട്ടു….

അവർ മുകളിലെ റൂമിലേക്ക് പോയി…..

പൗമിയും പാച്ചുവും ഇടനാഴിയിലൂടെ പുറത്തോട്ടും നോക്കി കൊണ്ടങ്ങനെ നടന്നു…

പ്രവി കാറിലിരുന്ന ബാഗെടുക്കാനായി കോണി വഴി താഴേക്ക് ഇറങ്ങി……പാതി എത്തിയപ്പോഴായിരുന്നു ലക്ഷ്മിയുടെ അടക്കിപ്പിടിച്ചുള്ള കരച്ചിലിന്റെ ശബ്ദം കേട്ട് അവൻ അവിടെ തറഞ്ഞു നിന്നത്…

“അമ്മേ..എന്റെ മോള്…..”

“എന്താ ലക്ഷ്മി ഇത്….ഇങ്ങനെ കരയാണോ നീ ഇങ്ങോട്ട് വന്നത്….??

കരയാണ്ടിരിക്ക്…അവൾക്ക് ഒന്നും വരില്ല……”

മുത്തശ്ശി ലക്ഷ്മിയെ ആശ്വസിപ്പിക്കുന്നുണ്ട്…

“എന്നാലും എന്റെ മോൾക്ക് ദൈവം ഇതാണല്ലോ വിധിച്ചത്….അവള് കൊച്ച് കുട്ടിയല്ലേ അമ്മേ….അവള് എങ്ങനെയാ…..”

പറയാൻ വന്ന അക്ഷരങ്ങളൊക്കെയും പാതി വഴിയിൽ വിഴുങ്ങി കൊണ്ട് ലക്ഷ്മി വീണ്ടും ഏങ്ങലടിച്ചു….

അവരുടെ കരച്ചില് കാണാൻ വയ്യാതെ അനന്തപത്മനാഭൻ  മുകളിലേക്ക് ഉള്ള കോണി കയറാൻ തുടങ്ങുമ്പോഴായിരുന്നു അവിടെ മറഞ്ഞു നിന്ന പ്രവിയെ കണ്ടത്

“നീ എന്താ ഇവിടെ…?.”

അത് ചോദിച്ചു കൊണ്ടയാൾ വേഗം മുകളിലേക്ക് കയറാൻ തോനിഞെങ്കിലും പ്രവി അയാളുടെ കൈയ്യിൽ പിടിച്ചു…

“എന്താ അച്ഛാ…??എനിക്ക് അറിയണം….പറയ്…”

അവർ രണ്ടുപേരും പതിയെ പുറത്തേക്ക് ഇറങ്ങി…

“അച്ഛൻ ഇതുവരെ ഒന്നും പറഞ്ഞില്ല….”

“അത്….ടാ മോനെ പൗമീടെ നാളിൽ രണ്ട് മംഗല്ല്യ യോഗം ഉണ്ട്……”

കേട്ടത് വിശ്വസിക്കാനാകതെ പ്രവി നിന്നു…

“എന്താ…??”

“അതേ ടാ മോനെ..  അശ്വിന്റെ നാളിനല്ല കുഴപ്പം പൗമിയുടെ നാളിനാ..

അവളുടെ ജാതകത്തിലാ പറഞിരിക്കുന്നത് ഇരുപത്തി രണ്ട് വയസ് കഴിയും മുൻപ് വിവാഹം നടക്കണം എന്ന്…!”

“എന്നിട്ട് നിങ്ങളാരും ഇത് അശ്വിനോട് പറഞില്ലേ…. ??പറയണ്ടേ അച്ഛാ അശ്വിനോട്…..”

“പറഞ്ഞു… ഇരുപത്തി രണ്ട് വയസ്സിനു മുൻപ് വിവാഹം നടക്കണം എന്നുള്ളത് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു…..ഞാനത് അശ്വിനോടും അവന്റെ പേരന്റ്സിനോടും പറഞ്ഞതും ആണ്….

പൗമിക്ക് നാളിലും ജാതകത്തിലും ഒന്നും വിശ്വാസം ഇല്ലാത്തത് കൈണ്ട് ഞങ്ങളത് അവളോടായ് പറഞില്ലെന്ന് മാത്രം….

അവസാനം അശ്വിനാ പറഞ്ഞത് അവനാ കുഴപ്പം എന്ന്ന്നു പറഞ്ഞു വിവാഹം നടത്താം എന്ന്.. .പൗമി ഈ കാര്യങ്ങളൊന്നും അറിയണ്ടാന്ന് പറഞതും അശ്വിൻ തന്നെയാ…….

അങ്ങനെയാണ് ഞാനും ലക്ഷ്മിയും കൂടി ഇന്നലെ നമ്പൂരിയെ കാണാൻ ചെന്നത്….വിശദമായി നോക്കിയ ശേഷം അദ്ദേഹമാണ് പറഞത് മോൾടെ ജാതകത്തിൽ രണ്ട് മംഗല്ല്യയോഗം കാണുന്നുണ്ടെന്ന്….”

“അത് അശ്വിനോട് പറഞോ….??”

“ഊവ്വ് പറഞു ……”

“എന്നിട്ട്…,??”

“അതൊന്നും അശ്വിനൊരു പ്രശ്നമേ അല്ലെന്നാണ് പറയുന്നത്…..

എനിക്ക് അറിയില്ല  എന്താ ഇനി നടക്കാൻ പോകുന്നതെന്ന്……മനപൂർവം അശ്വിനെ മരണത്തിലേക്ക് തള്ളിവിടാനും വയ്യ..എന്റെ കുഞിന്റെ സങ്കടം കാണാനും വയ്യ…..”

രണ്ട് കൺകോണിലേക്കും ഒഴുകി ഇറങ്ങിയ കണ്ണുനീർ തുള്ളികളെ ചൂണ്ടുവിരലും പെരുവിരലും കൊണ്ട് തുടച്ചു മാറ്റുന്നതിനിടയിലും അയാൾ പറയുന്നുണ്ടായിരുന്നു

“നീ ഇത് ദയവു ചെയ്തു പൗമിയോടും പാച്ചൂനോടും പറയരുത്…

അവർ അറിയാത്ത ഒരു രഹസ്യങ്ങളും നിനക്കില്ലെന്ന് അച്ഛനറിയാം പക്ഷേ ഇത് മാത്രം നീ അവരോട് പറയരുത്…….

സത്യങ്ങളൊന്നും ഒരിക്കലും പൗമി അറിയരുത്…. ഇതൊക്കെ അവൾ അറിഞാൽ ഒരിക്കലും ഈ വിവാഹം നടക്കില…അറിഞു കൊണ്ട് അവൾ ഒരിക്കലും അശ്വിനെ മരണത്തിലേക്ക് തള്ളിവിടാൻ സമ്മതിക്കില്ല….”

“അപ്പോൾ അശ്വിൻ….??”

“ഈ വിവാഹത്തിൽ നിന്ന് പിൻമാറാൻ അവനും തയ്യാറാകുന്നില്ല….”

“മ്ം്‌…അച്ഛൻ അകത്തേക്ക് പൊയ്ക്കോ….”

അനന്തപത്മനാഭൻ അകത്തേക്ക് പോയി കഴിഞപ്പോൾ പ്രവി പതിയെ ഫോണെടുത്ത് അശ്വിനെ വിളിച്ചു…

“ഹലോ…അളിയാ….”

“പറ പ്രവി എന്താ കാര്യം…. ??”

“അളിയാ ഒന്നൂടി ആലോചിച്ചിട്ട് പോരെ…”

“ഈ പ്രവി എന്തൊക്കെയാ ഈ പറയുന്നത്….??”

“അളിയൻ അധികം ഉരുണ്ട് കളിക്കാൻ നിക്കണ്ടാ…..ഞാനെല്ലാം അറിഞ്ഞു… അച്ഛനെല്ലാം പറഞ്ഞു…..”

“അത് പ്രവി…”

“വേണ്ട അളിയാ ജീവിതം വെച്ചൊരു കളിയും വേണ്ട….

താനെന്തൊക്കെയാ ഈ പറയുന്നത്….. എനിക്ക് ഇതിലൊന്നും വല്ല്യ വിശ്വാസം ഇല്ല…..

ഇനിപ്പോ ഇതിലൊക്കെ എന്തേലും കാര്യം ഉണ്ടെന്ന് തന്നെ ഇരിക്കട്ടെ അതിനല്ലേ നമ്മള് പരിഹാര പൂജ  ചെയ്യുന്നത്…..

പിന്നെ ഇതൊന്നും പൗമി അറിയണ്ടാ….”

“ഞാനെങ്ങനെയാ നന്ദി പറയേണ്ടത്.. എല്ലാം അറിഞു വെച്ചു കൊണ്ട് എന്റെ പെങ്ങളെ….”

പ്രവി പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് മറു തലയ്ക്കൽ നിന്നും അശ്വിന്റെ ശബ്ദം ഉയർന്നു…

“പ്രവി ഇതിൽ ത്യാഗത്തിന്റെയും പുണ്യത്തിന്റെയും കണക്കു പറച്ചിലുകളുടെയും ഒന്നും ഒരാവശ്യവും ഇല്ല….

എനിക്ക് അവളെ ഇഷ്ടമാണ്….മറ്റാർക്കും അവളെ വിട്ടു കൊടുക്കാൻ താൽപര്യവും ഇല്ല….

പ്രവി ഞാൻ ഇവിടെ അൽപം തിരക്കിലാ കേട്ടോ….നമുക്ക് ഇതേ പറ്റി പിന്നെ സംസാരിക്കാം….”

അശ്വിനോട് സംസാരിച്ചു ഫോൺ വെച്ചെങ്കിലും പ്രവിയുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു…..

“ടാ പ്രവി നീ ഇവിടെ നിക്കുവാണോ……കഴിക്കാൻ വരുന്നില്ലേ…..??”

പിന്നിൽ നിന്ന് പൗമി ആയിരുന്നു വിളിച്ചത്…

“ഞാൻ വന്നോളാം നീ കഴിച്ചോ……”

ഒന്നമർത്തി മൂളി കൊണ്ട് അവൾ അകത്തേക്ക് നടന്നു….

വൈകിട്ട് ആയപ്പോഴേക്കും പൂജ നടത്താൻ നമ്പൂതിരി വന്നു….

പല  ചായക്കൂട്ടുകളാൽ തീർത്ത കളത്തിലെ ഹോമകുണ്ടത്തിന് എതിർ വശത്തായി പൗമി ഇരിക്കുന്നുണ്ടായിരുന്നു…

അലഷ്യമായി മറ്റെങ്ങോ ശ്രദ്ധപതിപ്പിച്ചിരിക്കുവായിരുന്നു പൗമി…

ഒരു നിമിഷം ലക്ഷ്മി അവളയ കൈ കാട്ടി വിളിച്ചു തൊഴുതു ഇരിക്കാൻ ആഗ്യം കാണിച്ചു… ഒന്ന് തലയാട്ടി കൊണ്ടവൾ കൈകൾ തൊഴുതു പിടിച്ചു…

നമ്പൂതിരി ഉരുവിടുന്ന മന്ത്രങ്ങളൊക്കെയും താൽപര്യം ഇല്ലാത്ത രീതിയിൽ അവൾ കേട്ടിരുന്നു….

പിന്നീടുള്ള ഒരു ദിവസവും ഇത് തന്നെ ആവർത്തിച്ചു……..

രണ്ടാം ദിനം രാത്രിയിൽ…..

ആർത്തലച്ചു പെയ്യുന്ന മഴത്തുള്ളികളെ കൈ കുമ്പിളിൽ കോരി എടുത്തും മുറ്റത്തൂടെ ഒഴുകുന്ന ചെളി വെള്ളത്തിൽ കാല് നനച്ചും ഒക്കെ നിൽക്കുകയാണ് പൗമി……

ആഞു വീശുന്ന കാറ്റിൽ മഴ തുള്ളികൾ അവളുടെ മുഖത്തേക്ക് തെറിച്ചു വീഴുന്നുണ്ടായിരുന്നു……. അവളുടെ ചുണ്ടുകൾ വിറച്ചു കൊണ്ടേയിരുന്നു…

“പൗമി ഇങ്ങോട്ട് കയറുന്നുണ്ടോ…?മഴ കൂടുവാ…”

“എന്താ പ്രവി ഇത്… ഞാൻ ഈ മഴയുടെ ഭംഗി ഒന്ന് ആസ്വദിക്കട്ടേ….”

“ഓഹോ…ഇവിടെ പെയ്യുന്ന മഴ തന്നെയാണ് നമ്മുടെ നാട്ടിലും പെയ്യുന്നത്…

അപ്പോൾ ഈ ആസ്വാദനം ഒന്നും കണ്ടിട്ടില്ലല്ലോ…..??”

“എടാ പ്രവി നിനക്ക് കാര്യം മനസ്സിലായില്ലേ…..

നാളത്തെ പൂജയ്ക്ക് വേണ്ടി ഇന്നൊരാള് വരുന്നുണ്ടല്ലോ….'”

പാച്ചു ആയിരുന്നു അത് പറഞത്…

“ഓഹോ..അപ്പോൾ അതാണ് കാര്യം.. അളിയനെയും നോക്കി നിൽക്കുവാണ്….

എന്നിട്ട് ഞങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ഒരു മഴ ആസ്വാദനം….”

“ഏ..ഏയ് അല്ല പ്രവി…സത്യായട്ടും ഞാൻ മഴ…”

“മതി മതി…..”

“ശ്ശൊ…”

സ്വയം തലയ്ക്ക് തട്ടി അതും പറഞ്ഞു കൊണ്ട് നനഞ കൈ പാച്ചൂന്റെ ദേഹത്ത് തുടച്ച് അവൾ കാല് നീട്ടിയിട്ട് അരഭിത്തിയിലേക്ക് കയറി ഇരുന്നു…..

ഇടതടവില്ലാതെ പെയ്യുന്ന മഴത്തുള്ളികളെ കീറി മുറിച്ചു കൊണ്ട് അവളുടെ മിഴികൾ ഉമ്മറത്തെ ഗേറ്റിനരുകിൽ വട്ടമിട്ട് പറന്നു കൊണ്ടേയിരുന്നു….

പെട്ടന്നായിരുന്നു ആ റെഡ് കാർ ഗേറ്റ് കടന്ന് വന്നത്…

സന്തോഷം കൊണ്ടൊന്ന് തുള്ളിച്ചാടണമെന്ന് തോന്നിയെങ്കിലും തൽക്കാലം സ്വയം കൺട്രോൾ ചെയ്തു കൊണ്ട് ഇരുന്നിടത്ത് നിന്ന് എഴുനേറ്റു…..

കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു ആദ്യം ഇറങ്ങിയത് ഒരു പെൺകുട്ടി ആയിരുന്നു….

പൗമിയുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു

“ആർച്ച….”

ഒരേ കോളേജിൽ ആണ് പഠിക്കുന്നതെങ്കിലും അവൾ ആദ്യമായിട്ട് ആയിരുന്നു ആർച്ചയെ കാണുന്നത്….

കുട നിവർത്തി പിടിച്ചു അവൾ പതിയെ നടന്നു….

പൗമി ആദ്യം നോക്കിയത് പാച്ചുവിന്റെ മുഖത്തേക്ക് ആയിരുന്നു….

അവൾ പതിയെ അവന്റെ തോളിലൂടെ കൈയ്യിട്ട് ചെവിയിൽ പറഞ്ഞു

“ടാ കോഴി വല്ലാണ്ടങ്ങ് നോക്കല്ലേ….”

“പോടി ഞാനോ…??”

“ആ ഞാൻ തന്നെ…”

അപ്പോഴേക്കും കാറ് ഒതുക്കി ഇട്ടിട്ട് അശ്വിനും പുറത്തേക്ക് ഇറങ്ങിയിരുന്നു….

ലക്ഷ്മി യും അനന്തപത്മനാഭനും മുത്തശ്ശിയും എല്ലാവരും പുറത്തേക്ക് ഇറങ്ങി വന്നു….

അച്ഛനും അശ്വിനും തമ്മിൽ യാത്രയെ പറ്റിയൊക്കെ സംസാരിക്കുവായിരുന്നു…

ഇടയ്ക്കിടെ പൗമി അശ്വിനെ നോക്കി എങ്കിലും അവൻ അവളെ ശ്രദ്ധിക്കുന്നതേ ഇല്ലായിരുന്നു…

“ആർച്ചേ തല നനഞോ…..വാ റൂമിൽ പോകാം ഡ്രസ്സ് മാറാം….”

അതും പറഞ്ഞു ആർച്ചയുടെ കൈ പിടിച്ചു പൗമി മുകളിലേക്ക് നടന്നു…ഇടയ്ക് അവൾ അശ്വിനെ ഒന്ന് തിരിഞ്ഞു നോക്കി എങ്കിലും അപ്പോൾ  അവൻ പാച്ചൂനോടും പ്രവിയോടും സംസാരിക്കുവായിരുന്നു…

ആർച്ച ഡ്രസ്സ് മാറി അവൾക്ക് ഒപ്പം താഴേക്ക് ഇറങ്ങി വരുമ്പോഴായിരുന്നു അമ്മ വന്നത്…

“പൗമി ഈ ടവ്വൽ കൊണ്ട് അശ്വിന് കൊടുക്ക്….തല നല്ലോണം നനഞിട്ടുണ്ട് വേഗം തുവർത്താൻ പറയ്യ്…ഇല്ലേൽ പനി വല്ലതും പിടിക്കും…”

“ആർച്ചേ ഇതൊന്ന് അച്ചുവേട്ടന് കൊണ്ട് കൊടുക്കാവോ…..”

വന്ന് കയറിയിട്ട് അവളെ ഒന്ന് നോക്കുക പോലും ചെയ്യാത്തതിന്റെ ദേഷ്യത്തിൽ ആയിരുന്നു പൗമി അങ്ങനെ പറഞത്..

“ആർച്ച വന്നതല്ലേ ഉള്ളു…എന്തേലും കഴിക്കട്ടെ….”

പൗമി ടവ്വലും വാങ്ങി മുകളിലെ അശ്വിന്റെ റൂമിലേക്ക് നടന്നു….

അവൻ അവിടെ ഫോണിൽ എന്തോ നോക്കി കൊണ്ട് നിൽക്കുവായിരുന്നു

“ഓ വന്നപ്പോഴേ തുടങ്ങിയോ ഫോണിൽ പണി ..”

മുഖം ഒരു വശത്തേക്ക് കോട്ടി കൊണ്ട് അതും പിറു പിറുത്തു കൊണ്ടായിരുന്നു അവൾ അകത്തേക്ക് കയറിയത്…

“ടവ്വൽ…”

അവള് അൽപ്പം ഉറക്കെ പറഞ്ഞു…..

ഫോണിൽ നിന്നു മുഖം പോലും ഉയർത്താതെ അവൻ പറഞ്ഞു

“അവിടെ വെച്ചേക്ക്…”

അവൾക്ക് നല്ല ദേഷ്യം വന്നിരുന്നു….

ചവിട്ടി തുള്ളി പുറത്തേക്ക് ഇറങ്ങാൻ പോയതും പിന്നിൽ നിന്ന് അശ്വിന്റെ കൈകൾ അവളെ വട്ടം ചുറ്റിയതും ഒന്നിച്ചായിരുന്നു…

“എന്താണ് മേഡം മുഖത്തൊരു ദേഷ്യം…”

“ആഹ്…ഒന്നൂല്ല….”

“ഓഹോ….”

“കൈവിട് എനിക്ക് പോകണം….”

ഇപ്പോൾ നീ എങ്ങോട്ടും പോകുന്നില്ല…

അതും പറഞ്ഞു കൊണ്ട് അശ്വിൻ ഒരു കൈയ്യാലെ വാതിൽ കുറ്റിയിട്ടു…

“എന്തോന്നാ ഈ കാണിക്കുന്നത്……??”

“ഇനി പറ എന്താ പറ്റിയത്….. എന്തിനാ ഈ മുഖം ഇങ്ങനെ മത്തങ്ങ പോലെ വീർപ്പിച്ചു വെച്ചിരിക്കുന്നത്….”

“ഒന്നൂല്ല….”

അതും പറഞ്ഞു കൊണ്ട് അവൾ അവന്റെ തലമുടിയിലൂടെ വിരലോടിച്ചു…

“ശ്ശൊ നനഞിരിക്കുവാണല്ലോ…..”

അവളെ ചുറ്റി പിടിച്ചിരുന്ന അവന്റെ കൈകൾ വിടുവിച്ചു അവൾ പോയി ടവ്വൽ എടുത്തു അവന്റെ തല തുവർത്തി കൊടുത്തു……

അവൻ അവളുടെ കൈയ്യിൽ നിന്ന് ടവ്വല് വാങ്ങി കട്ടിലിലേക്ക് എറിഞ്ഞുവെങ്കിലും അത് വീണത് നിലത്തേക്ക് ആയിരുന്നു…

അവൻ അവളെ വീണ്ടും അവളിലേക്ക് വലിച്ചടുപ്പിച്ചു…..

“അച്ചുവേട്ടാ…”

അവന്റെ കണ്ണുകളും അവളുടെ കണ്ണുകളും തമ്മിലൊന്ന് ഉടക്കി….അവളുടെ മിഴികളിൽ കൗതുകവും പ്രണയവും ഒന്നിച്ചു നിറഞു കണ്ണുകൾ പതിയെ അടഞു ….

അശ്വിന്റെ ചുണ്ടുകൾ പതിയെ പൗമിയുടെ ചുണ്ടുകളോട് ചേരാനാഞതും പുറത്ത് വാതിലിൽ ആരോ തട്ടിയതുംഒന്നിച്ചായിരുന്നു….

“ശ്ശെ…”

അശ്വിൻ പതിയെ പറഞ്ഞു….

അവള് വാ പൊത്തിച്ചിരിച്ചു…

“കള്ളപോലീസ്….”

വാതില് തുറന്നതും മുൻപിൽ പാച്ചുവും ആർച്ചയും പ്രവിയും…

“ആ…നിങ്ങളൊ….ഞാൻ… ഞാ…ടവ്വല്…തല..”

“ആർടെ തല….”

“അച്ചുവേട്ടന്റെ….”

“ഏ…അളിയന്റെ തലയോ….”

പൗമി നിന്ന് വിയർത്തു…

അവരെല്ലാവരും നിന്ന് ചിരിച്ചു… കൂട്ടത്തിൽ അശ്വിനും…..

പൗമി അശ്വിനെ നോക്കി കണ്ണുരുട്ടി…

രാവിലെ എഴുനേറ്റു കുളിച്ചു കാവിൽ വിളക്കു വെയ്ക്കാൻ പോയത് പോയത് പൗമിയും ആർച്ചയും കൂടി ആയിരുന്നു…..

വൈകിട്ട് ആയപ്പോഴേക്കും പൂജാരി വന്നു….

പൗമിയും അശ്വിനും ഹോമകുണ്ടത്തിനടുത്ത് ഇരുന്നു…

രണ്ടു പേരും പ്രാർത്ഥിച്ചു……നല്ല കാറ്റ് വീശുന്നുണ്ടായിരുന്നു….

പൂജാരി മന്ത്രങ്ങളോരോന്നും ഉരുവിട്ടു കൊണ്ടേയിരുന്നു…

പൂജയുടെ അവസാനം അദ്ദേഹം രണ്ടു മോതിരം പൗമിക്കും അശ്വിനും നേരെ നീട്ടി

“ഇത് രണ്ടുപേരും വലത്തേ കൈയ്യിലെ മോതിര വിരലിൽ അണിയുക

ഒരു കാരണവശ്ശാലും ഇത് വിരലിൽ നിന്ന് ഊരാനോ കൈയ്യിൽ നിന്ന് നഷ്ടപ്പെട്ടു പോകാനോ പാടില്ല…..”

“മ്ംംം…”

“മ്ം…മോള് അകത്തേക്ക് പൊയ്ക്കോളു….”

അവൾ അകത്തേക്ക് നടന്നു…. പിന്നാലെ പാച്ചുവും ആർച്ചയും പ്രവിയും നടന്നു….

അശ്വിനും അനന്തപത്മനാഭനും മുത്തശ്ശനും മുത്തശ്ശിയും ലക്ഷ്മിയും പ്രവിയും അവിടെ തന്നെ നിന്നു….

“പൂജയിൽ ഞാൻ വിചാരിച്ചത് പോലെ തടസങ്ങൾ ഒന്നും ഉണ്ടായില്ല…..

അവളുടെ നാള് കൊണ്ട് ഭവത്താവിനുണ്ടാകുന്ന ദോഷങ്ങളൊക്കെ മാറിയിട്ടുണ്ട്….

ഇതിനു ഫലം ഉണ്ടാവും എത്രയും പെട്ടെന്ന് തന്നെ ഇവരുടെ വിവാഹം നടത്തുക……എല്ലാ അർത്ഥത്തിലും അവൾ അശ്വിന്റേത് ആയി കഴിഞാൽ ഒരു ദുഷ്ട ശക്തികൾക്കും ഇവരെ തമ്മിൽ പിരിക്കാൻ സാധിക്കില്ല……”

ഒരു ദീർഘ ശ്വാസം വിട്ടു കൊണ്ട് അനന്തപത്മനാഭൻ അശ്വിനെ നോക്കി…

××××

പിറ്റേന്ന് രാവിലെ തന്നെ എല്ലാവരും മടക്കയാത്രയ്ക്കായി ഒരുങ്ങി….

“ശ്ശെ…ഇത്തവണ വന്നിട്ട്..കുളത്തിൽ ഒന്ന് കുളിക്കാനോ പാടത്തേക്ക് ഇറങ്ങാനോ ഒന്നും പറ്റിയില്ല….”

“അതിനെന്താ കുട്ടി വിവാഹം കഴിഞ്ഞു രണ്ടാളും കൂടി വാ…കുറച്ച് ദിവസം താമസിച്ചിട്ട് പോകാലോ….”

”മ്ം….ഇതെന്ത് ചെടിയാ മുത്തശ്ശീ…..??”

മുറ്റത്ത് നിന്ന നിശാഗന്ധിയിലേക്ക് വിരൽ ചേർത്ത് കൊണ്ടായിരുന്നു അവളത് ചോദിച്ചത്…

“അത് നിശാഗന്ധിയാ കുട്ടീ…..അതിപ്പോ അങ്ങനെ പൂക്കാറില്ല….”

അതിന്റെ തുഞ്ചത്ത് വിടരും മുൻപേ കരിഞു പോയൊരു മുട്ടിൽ തലോടി കൊണ്ട് പൗമി ഒന്നമർത്തി മൂളി….

മുത്തശ്ശിയോടും മുത്തശ്ശനോടും യാത്ര പറഞ്ഞു അവരിറങ്ങി….

തിരികെ വീട്ടിൽ വന്നു കയറുമ്പോഴും അവളുടെ ചിന്ത മറ്റെങ്ങോ ആയിരുന്നു

“ടീ നിനക്ക് എന്ത് പറ്റി??”

“ഏയ് ഒന്നൂല്ല പ്രവി…”

അവൾ വേഗം റൂമിലേക്ക് നടന്നു…. നാളെ തൊട്ട് എക്സാം തുടങ്ങുവാണ്. …..

അവൾ പാച്ചൂനോട് പഠിക്കാൻ പറഞിട്ട് വേഗം ബുക്ക് എടുത്തു ബാൽക്കണിയിലേക്ക് നടന്നു…..അങ്ങൊട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് പഠിച്ചു…..

കുറെ കഴിഞപ്പോൾ പ്രവി അങ്ങോട്ടേക്ക് വന്നു…

“പ്രവി ഞാനൊരു കാര്യം ചോദിക്കട്ടെ….??”

“മ്ം ചോദിക്ക്….?”

“ഏയ് ഒന്നൂല്ല….”

അവളൊന്നും പറയാതെ വീണ്ടും പഠിക്കാൻ തുടങ്ങി..

“ഈ പെണ്ണിന്റെ ഒരു കാര്യം”

എന്നും പറഞ്ഞു പ്രവി അപ്പുറത്തേക്ക് പോയി…

അന്ന് രാത്രി അൽപം നേരം വൈകി ആയിരുന്നു പൗമിയും പാച്ചുവും ഉറങ്ങിയത് എക്സാം ആയിരുന്നത് കൊണ്ട് രണ്ടാൾക്കും ഒരുപാട് പഠിക്കാൻ ഉണ്ടായിരുന്നു…

രാവിലെ കോളേജിലേക്ക് പാച്ചുവിനൊപ്പം ആയിരുന്നു അവൾ പോയത്….

എക്സാം പത്ത് മണിക്ക് ആയിരുന്നു…

നേരത്തെ തന്നെ അവർ ഹാളിൽ കയറി…..

പരീക്ഷക്കിടയിൽ പൗമി പാച്ചുവിനെ നോക്കി…. തർത്ത് എഴുതുവായിരുന്നു അവൻ….

എക്സാം കഴിഞ്ഞു വീട്ടിലേക്ക് പോകാൻ തുടങ്ങുമ്പോഴായിരുന്നു അതുവഴി വന്ന ആൽവിനെയും ഗ്യാങ്ങിനെയും കണ്ടത്…. പതിവിനു വിപരീതമായി ഇന്നവർക്കൊപ്പം അഖിലും ഉണ്ടായിരുന്നു…

അവൾക്ക് അടുത്ത് എത്തിയപ്പോൾ എന്തോ പറഞ്ഞു അവളെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് അവർ അവളെ മറി കടന്നു പോയി….

“എടി നിനക്ക് എന്താ പറ്റിയെ…??”

ഒന്നൂല്ലടാ പാച്ചൂ….

ഞാൻ ഓടിക്കാം….”

അവൾ അവന്റെ കൈയ്യിൽ നിന്ന് കീ വാങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു…

വഴിയോരങ്ങൾ ഓരോന്നും താണ്ടി അവരുടെ ബുള്ളറ്റ് കുതിച്ചു…

“ടീ പൗമി കുറച്ചു പതിയെ പോ….”

അവള് അപ്പോഴേക്കും അൽപം സ്പീഡ് കുറിച്ചു….

വീടിന്റെ മുറ്റത്തേക്ക് ചെല്ലുമ്പോഴെ അവർ കണ്ടിരുന്നു പരിചയം ഇല്ലാത്ത ഏതോ ഒരു കാറ് മുറ്റത്ത് കിടക്കുന്നത്…

“ഇതാരാടാ…??”

“ആ…”

അകത്തേക്ക് കയറി ചെല്ലുമ്പോൾ അശ്വിനും അനന്തപത്മനാഭനും ലക്ഷ്മിയും എല്ലാവരും ഉണ്ടായിരുന്നു അവിടേ…

ഇതൊക്കെ ആരാ എന്ന അർത്ഥത്തിൽ പൗമി ലക്ഷ്മിയോട് കണ്ണു കൊണ്ട് ആഗ്യം കാണിച്ചു…

“ഇതാണ് അശ്വിന്റെ അമ്മയും അച്ഛനും…”

അവൾ പെട്ടെന്ന് അവർക്കൊരു പുഞ്ചിരി സമ്മാനിച്ചു….

“പ്രവി വന്നില്ലേ അമ്മേ…”

“ഇല്ല…അവന് കുറച്ചു തിരക്കായി പോയി…”

“ടീ അമ്മായിഅമ്മ ഫ്രീക്കത്തി ആണെല്ലോ…??”

അവളുടെ കാതിൽ മെല്ലെ പാച്ചു ആയിരുന്നു അത് പറഞ്ഞത്…

“മിണ്ടാതെ നിക്കെടാ…”

എന്നും പറഞ്ഞു അവൾ കൈ മുട്ട് കൊണ്ട് അവന്റെ വയറിന് ഒരിടി കൊടുത്തു….

അവൾ അശ്വിന്റെ അമ്മയെ മൊത്തത്തിൽ ഒന്ന് നോക്കി…

ജീൻസും ഇറക്കം കൂടിയ ടോപ്പും ആണ് അശ്വിന്റെ അമ്മയുടെ വേഷം….കഴുത്തിൽ കൂടി ഒരു ഷോൾ ചുമ്മാ വട്ടം ചുറ്റി ഇട്ടിട്ടുണ്ട്…. മുടിയൊക്കെ ലെയർ അടിച്ചു ഇട്ടിരിക്കുകയായിരുന്നു…അതിൽ അവിടെവിടെയായി ചെമ്പ് കളറും വ്യാപാച്ചിരിക്കുന്നു…

മുഖത്ത് ചെറിയ തോതിൽ മേക്കപ്പും ഉണ്ട്…

അച്ഛനും വളരെ സിംപിൾ…

“മോൾ ഇങ്ങു വന്നേ…ഫോൺ വിളിച്ചാൽ ഇപ്പോ ഇവന് മോളുടെ കാര്യം പറയാനേ നേരം ഉള്ളു….”

പൗമി അവർക്കടുത്ത് ചെന്ന് ഇരുന്നു ഇടം കണ്ണാൽ അശ്വിനെ ഒന്ന് നോക്കി…. അവന്റെ കണ്ണുകളിൽ അവൾക്ക് കാണാൻ സാധിക്കുമായിരുന്നു പറഞ്ഞറിയിക്കാനാകാത്ത അവളോടുള്ള പ്രണയം….

“എന്താ ആന്റി ഇത്ര പെട്ടെന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ…??”

“വെറുതെ നിങ്ങൾക്ക് ഒക്കെയൊരു സർപ്രൈസ് തരാന്ന് കരുതി…”

“ആന്റിയല്ലാ കേട്ടോ അമ്മയാ….”

അവൾ അവരെ നോക്കി ഒന്നു പുഞ്ചിരിച്ചു……

“എങ്ങനെ ഉണ്ടായിരുന്നു എക്സാം….?”

“കുഴപ്പമില്ലായിരുന്നു അച്ഛാ…”

അശ്വിന്റെ അച്ഛനായിരുന്നു അത് ചോദിച്ചത്…

“എന്നാ ഞങ്ങള് അങ്ങോട്ട് ഇറങ്ങുവാ…”

അശ്വിന്റെ അച്ഛൻ അത് പറഞപ്പോൾ അശ്വിന്റെ അമ്മയും അശ്വിനും എഴുനേറ്റു…

”അതെന്താ ഇത്ര പെട്ടെന്ന് പോകുന്നത്…ഫുഡ് കഴിച്ചിട്ട് പോകാം…”

“ഞങ്ങൾ ഇന്നലെ യു കെ യിൽ നിന്ന് വന്നതേ ഉള്ളു….ഒന്ന് രണ്ട് റിലേറ്റീവ്സിന്റെ വീട്ടിൽ കൂടി കയറാനുണ്ട്….

ഫുഡൊക്കെ ഇനിയൊരിക്കൽ വരുമ്പോൾ ആകാം…..

കല്ല്യാണം കഴിയുന്നത് വരെ ഞങ്ങൾ ഇവിടെ ഉണ്ട്…ഇടയ്ക്കൊക്കെ ഇറങ്ങാം.. “

അതും പറഞ്ഞു അവർ ഇറങ്ങി…. അനന്തപത്മനാഭനും ലക്ഷ്മിയും പാച്ചുവും പൗമിയും അവരെ മുറ്റം വരെ കൊണ്ടു ചെന്ന് യാത്രയാക്കി….

ആ കാറ് ഗേറ്റ് കടന്നു പോകുന്നതും നോക്കി അവൾ നിന്നു…

പെട്ടന്നായിരുന്നു പാന്റിന്റെ പോക്കറ്റിൽ കിടന്നു ഫോൺ വൈബ്രേറ്റ് ചെയ്തത്….

പൗമി ആ കോളെടുത്ത് ഫോൺ ചെവിയോരം ചേർത്ത് പിടിച്ചു…

“ഹലോ..”

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.9/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “പൗമി – ഭാഗം 16”

  1. എന്തിനായിരിക്കും നൽകാനും ഗ്യാങ്ങും അവളെ നോക്കി കളിയാക്കിയത്? ആരായിരിക്കും പൗമിയെ വിളിച്ചത്? അടുത്ത അപകടം വല്ലതും?

Leave a Reply

Don`t copy text!