Skip to content

പൗമി – ഭാഗം 21

poumi-novel

“ശ്ശൊ…സ്വാമി തന്ന ചന്ദനം..”

അതും പറഞ്ഞു പൗമി അത് നിലത്ത് നിന്ന് വാരി എടുത്തു…

“സ്വാമിയോ…??”

അശ്വിനായിരുന്നു അത് ചോദിച്ചത്…

“ആ…അച്ചുവേട്ടാ…ഇതൊരു സ്വാമി എനിക്ക് തന്നതാ…!!”

“ഏത് സ്വാമി…??”

“അത് അച്ചുവേട്ടന് അറിയാൻ പാടില്ല…ഇവിടെ ആർക്കും അറിയില്ല അദ്ദേഹത്തെ….ഇതൊക്കെ കൂടാതെ സ്വാമി എനിക്കൊരു മോതിരം കൂടി തന്നിട്ടുണ്ട്….”

അവൾ അലമാരി തുറന്ന് അവനെ അതെടുത്ത് കാണിച്ചു..

“നീയൊന്ന് തെളിച്ചു പറ പൗമി….”

“പൗമീ…….”

“എന്താമ്മേ….??”

“അച്ചു മോനെയും വിളിച്ചിട്ട് താഴേക്ക് വാ..കഴിക്കാം…”

“മ്ം…വരുന്നു അമ്മേ…”

“നീ വേഗം ഡ്രസ്സ് മാറ്റി താഴേക്ക് വാ….വന്നിട്ട് സംസാരിക്കാം…”

അത് പറഞ്ഞു അശ്വിൻ താഴേക്ക് നടന്നു…

വേഷം മാറി അവൾ താഴേക്ക് ചെല്ലുമ്പോഴേക്കും എല്ലാവരും കഴിക്കാൻ ഇരുന്നിരുന്നു…

അശ്വിന്റെ ഓപ്പോസിറ്റ് ഇരുന്ന പ്രവിയുടെ തെട്ടടുത്തായുള്ള ഒഴിഞ്ഞ ചെയറിൽ അവളും ഇരുന്നു….

ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും അശ്വിന്റെ മുഖത്തൊരു സന്തോഷം അവൾക്ക് കാണാനായില്ല….

അവൾ പതിയെ കാല് നീട്ടി അവന്റെ കാലിൽ ഒന്ന് തൊട്ട്….

ഏതോ ചിന്തയിലാണ്ട് ഇരുന്ന അവൻ പെട്ടന്ന് ഞെട്ടി കൊണ്ട് അവളെ നോക്കി…

എന്തുപറ്റി എന്ന അർത്ഥത്തിൽ അവൾ അവനെ പുരികം ഉയർത്തി കാണിച്ചു..

ഒന്നുമില്ല എന്ന അർത്ഥത്തിൽ അവൻ കണ്ണുകൾ അടച്ച് കാണിച്ചിട്ട് അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് കഴിക്കാൻ പറഞ്ഞു…

കഴിച്ച് എണീറ്റ അശ്വിന് പിന്നാലെ അവളും എണീറ്റ്…

“അച്ചുവേട്ടാ എന്താ പറ്റിയത്….എന്താ മുഖത്ത് ഒരു സന്തോഷം ഇല്ലാത്തത്…??”

മുകളിലേക്കുള്ള സ്റ്റെപ്പ് കയറുന്നതിനിടയിൽ ആയിരുന്നു അവൾ അത് ചോദിച്ചത്…

“ആരാ പൗമി ആ സ്വാമി…. നീ എന്തിനാ പരിചയം ഇല്ലാത്തവര് തരുന്ന സാധനങ്ങളൊക്കെ വാങ്ങി വീട്ടിലേക്ക് കൊണ്ടു വരുന്നത്…..??”

“അത് പിന്നെ ഞാൻ….”

“ആ…അതൊക്കെ പോട്ടെ….ആരാ ആ സ്വാമി അതേലും പറയ്യ്…”

അവൾ ഓരോന്നായി അവനോടു പറഞ്ഞു തുടങ്ങി….അമ്മാവന്റെ വീട്ടിൽ നിന്ന് രാത്രി പുറത്ത് ചാടിയതും സ്വാമി രക്ഷിച്ചതും പിന്നെ അന്ന് ഗിഫ്റ്റ് എടുക്കാൻ പോയപ്പോ അപകട സൂചന കൊടുത്ത് അയാൾ അവളെ മറി കടന്നു പോയതും…പിന്നെ ഒരിക്കൽ സ്വാമിക്ക് പിന്നാലെ പോയപ്പോൾ ആൽവിനും ഗ്യാങ്ങും പിടിച്ചോണ്ട് പോയതും പിന്നെ സ്വാമിയെ ഫോളോ ചെയ്തു ആ കോളനിയിൽ കൂടി അയാളുടെ വീട്ടിൽ പോയതും അവസാനം അഖിൽ തനിച്ച് ചെല്ലാൻ പറഞ്ഞപ്പോൾ അന്ന് വീണ്ടും സ്വാമിയെ കാണാൻ പോയതും അവൾകായി പ്രസാദവും ചന്ദനവും മറ്റാരുടെയോ കൈയ്യിലേൽപിച്ച് എന്നന്നേക്കുമായി അയാൾ ഈ ലോകത്തോട് വിട പറഞ്ഞതും….

എല്ലാം പൗമി ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി……

“നീ ഇത് വേറെ ആരോടും പറഞ്ഞിട്ടില്ലേ….??”

“അത് പിന്നെ…ആ…ഞാൻ ഒരിക്കൽ പ്രവിയോട് ഒന്ന് സൂചിപ്പിച്ചിരുന്നു….”

അവൾ പറഞ്ഞു പൂർത്തിയാക്കുന്നത് പോലും കേൾക്കാൻ കാത്തു നിൽക്കാതെ അവൻ വേഗം മുറിയിലേക്ക് നടന്നു… പിന്നാലെ അവളും…

അവൻ വേഗം ബാഗിൽ ഇരുന്ന ലാപ്ടോപ് ഓൺ ചെയ്തു…

പാസ്സ്വേർഡ് അടിക്കുന്നതിനിടയിൽ അവൻ വീണ്ടും അവളോടായ് ചോദിച്ചു..

“നീ ഈ പറയുന്ന ആൾ എങ്ങനെയിരിക്കും….”

“ഞാൻ അയാളുടെ ഫെയ്സ്

കറക്ട് ആയിട്ട് കണ്ടിട്ടില്ല….കാരണംഅയാൾ എപ്പോഴും ഒരു കമ്പിളി പുതയ്ക്കും….മിക്കപ്പോഴും മുഖം പാതി മറച്ചു പിടിക്കും…”

ലാപ്പിലെ ഏതൊക്കെയോ ഫോൾഡറുകൾ പരതി ഒടുവിൽ അവൻ അവളെ ഒരു ഫോട്ടോ കാണിച്ചു..

“ദേ ഇതാണോ അയാൾ എന്ന് നോക്കിയെ…”

ആ ചിത്രത്തിലേക്ക് നോക്കുന്ന ഒരോ നിമിഷവും അശ്വിന്റെ കൈയ്യിലേക്ക് ഉള്ള പൗമിയുടെ പിടുത്തം മുറുകി മുറുകി വന്നു…….

“അ..അച്ഛൻ അല്ലേ ആ നിൽക്കുന്നത്…”

അവൾ ലാപ്പിന്റെ സ്ക്രീനിലേക്ക് വിരൽ ചൂണ്ടി….

ചാണകം മെഴുകിയ തറയിൽ വെള്ളപുതച്ച് നിശ്ചചലനായി കിടക്കുന്ന ഒരു മനുഷ്യൻ… അയാളുടെ തലയ്ക്കൽ കത്തിച്ചു വെച്ച  നിലവിളക്ക്….തൊപ്പിയൂരി അരികിൽ മാറി നിൽക്കുന്ന അനന്തപത്മനാഭൻ….

നിലത്ത് കിടക്കുന്ന വൃദ്ധന് കരിമ്പടം പുതച്ച മനുഷ്യന്റെ ഛായ…

“എന്തൊക്കെയാ ഇത്…. എനിക്കൊന്നും മനസ്സിലാകുന്നില്ല…..”

പൗമിയുടെ മുഖം ഒക്കെ വല്ലാണ്ടായിരുന്നു….

“കൂൾ പൗമി കൂൾ….ഞാനൊന്ന് പറയട്ടേ…”

“കൃത്യമായി പറയുകയാണെങ്കിൽ നീ തനിയെ അഖിലിനെ കാണാൻ പോയില്ലേ അന്ന് പൈൻ ഫോറസ്റ്റിൽ….

അതിന്റെ രണ്ട് ദിവസം മുൻപ് ഇയാൾ മരിച്ചിരുന്നു…

പക്ഷേ നീ കരുതുന്നത് പോലെ ഇയാളൊരു സ്വാമി അല്ല….”

“പിന്നെ…..  ??”

പൗമിയുടെ ചോദ്യങ്ങൾക്ക് ഓരോന്നിനും ആകാംഷയേറി കൊണ്ടേയിരുന്നു…

“ഒരു അച്ഛൻ….സാധാരണക്കാരിൽ സാധരണക്കാരനായ ഒരു മനുഷ്യൻ…ഒരു പെൺകുട്ടിയുടെ അച്ഛൻ….”

“അശ്വിൻ പ്ലീസ് മനുഷ്യനു മനസ്സിലാകുന്ന ഭാഷയിൽ പറയ്യ്…..”

“ഞാനന്ന് അനന്തൻ സാറിന്റെ ക്യാബിനിലേക് എന്തോ ആവശ്യത്തിന് ചെന്നതായിരുന്നു…..”

“എന്താ സാർ മുഖമൊക്കെ വല്ലാതിരിക്കുന്നത്….എന്തേലും വയ്യായ്ക…??”

“ഹേയ് നത്തിംഗ് അശ്വിൻ….ടോ എനിക്ക് ഒരിടം വരെ പോകണം…. ഡ്രൈവറെ വിളിക്കുന്നില്ല…കുറച്ച്  അത്യാവശ്യം ആണ്….

തിരക്ക് ഇല്ലെങ്കിൽ ഒന്ന് വരാൻ കഴിയുമോ….”

“ഞാൻ വരാം സാർ…”

“മ്ം…”

“എവിടേക്ക് ആ സാർ പോകണ്ടത്….”

“ആ ബൈപാസിന്റെ അടുത്ത് ഉള്ള ഒരു കോളനിയില്ലേ അവിടേക്ക്….”

“അവിടെ എന്താ സാർ…??”

“എനിക്ക് വേണ്ടപ്പെട്ട ഒരാൾ അവിടെ മരിച്ചു… അയാളെ ഒന്ന് കാണാനാ….”

×××

“വണ്ടി അകത്തേക്ക് കയറ്റാനുള്ള സ്പെയിസ് ഇല്ലാത്തത് കൊണ്ട് കുറച്ച് ഉള്ളിലേക്ക് ഞങ്ങൾ നടന്നു…

ജീവിതത്തിൽ ആദ്യമായി അനന്തൻ സാർ കരയുന്നത് ഞാൻ അന്ന് ആണ് കണ്ടത്…”

“എന്തിന്…??അച്ഛനെന്തിനാ….അവിടെ പോയത്…അച്ഛനെങ്ങനെയാ അയാളെ പരിചയം..??”

“മടങ്ങി വരും വഴി ഞാനദ്ദേഹത്തോട് അതേ പറ്റി ചോദിച്ചു……”

“സാർ…ആരാ അത്….സാറിന് എങ്ങനെയാ അയാളെ പരിചയം…??”

“അശ്വിൻ വണ്ടി എവിടേലും ഒന്ന് ഒതുക്കി നിർത്ത്…”

ബീച്ച് റോഡിന്റെ സൈഡിൽ ആളൊഴിഞ്ഞ സ്ഥലത്തെ വലിയ വാകമരത്തിന്റെ തണലിൽ ആയി അശ്വിൻ കാറ് നിർത്തി…

“ഇനി പറയ് സാർ അയാൾ ആരാ….എങ്ങനെയാ നിങ്ങള് തമ്മിൽ പരിചയം…”

കുറേ നേരത്തെ നിശബ്ദതയ്ക്കു ശേഷം അനന്തപത്മനാഭൻ പതിയെ പറഞ്ഞു തുടങ്ങി…

“അയാൾക്ക് ഒരു മകൾ ഉണ്ടായിരുന്നു… ഇന്ദു….പഠിക്കാനൊക്കെ മിടുക്കിയായിരുന്നു….

എന്റെ പൗമിയുടെ പ്രായമേ ഉണ്ടായിരുന്നുള്ളു ആ കുട്ടിക്ക്….

ഞാൻ ഇവരെ ആദ്യമായി കാണുന്നത് ഒരു പത്രത്തിന്റെ ഫ്രണ്ട് പേജിലൂടെ ആയിരുന്നു…

നിർധനയായ പെൺകുട്ടിക്ക് പത്താം ക്ലാസ്സിൽ ഫുൾ മാർക്ക്…. തുടർന്നുള്ള പഠനാവശ്യത്തിന്  മറ്റുള്ളവരുടെ സഹായം തേടുന്നു…. ഇതായിരുന്നു ആ ന്യൂസ്….

അതിൽ കണ്ട നമ്പറിൽ വിളിച്ചു ഞാൻ അന്വേഷിച്ചു…. ഞാനൊരിക്കൽ അവരുടെ വീട്ടിലും പോയിരുന്നു….

ആ കുട്ടിക്ക് തുടർന്ന് പഠിക്കാനുള്ള എല്ലാ സഹായങ്ങളും ഞാനന്ന് വാഗ്ദാനം ചെയ്തു….

പഠിച്ച് വലിയൊരു വക്കീൽ ആവണം അതായിരുന്നു ആ കുട്ടിയുടെ ആഗ്രഹം…

വീട്ടിൽ ലക്ഷ്മിക്ക് മാത്രമേ ഇതൊക്കെ അറിയുവായിരുന്നുള്ളു….മക്കളോട് ഒന്നും ഞാൻ പറഞ്ഞിരുന്നില്ല….”

“എന്നിട്ട്…??”

“ഒരു വർഷം കടന്നു പോയി…പ്ലസ്സ് വണ്ണിലെ അവളുടെ റിസൾട്ട് വന്നപ്പോൾ വീണ്ടും അവൾക്ക് ഫുൾ എ പ്ലസ്സ്….

ഒരു ഗിഫ്റ്റുമായിട്ട് അന്ന് അവളെ കാണാൻ ഞാനും ചെന്നിരുന്നു…അന്നവൾ പൗമിയുടെയും പ്രവിയുടേയും പാച്ചുവിന്റെയും വിശേഷങ്ങൾ ഒക്കെ തിരക്കിയിരുന്നു….

ഒരിക്കൽ അവരെയും കൊണ്ട് വരാം എന്ന് പറഞ്ഞു ആയിരുന്നു ഞാൻ അന്ന് ആ വീടിന്റെ പടിയിറങ്ങിയത്…..

പക്ഷേ അവരെ ഒന്നും കാണാൻ അവൾക്ക് ആയില്ല…

അതിന്റെ ഒരാഴ്ചയ്ക് ശേഷം അവളെ അവസാനമായി കാണാൻ വീണ്ടും ഞാൻ വീട്ടിൽ ചെന്നിരുന്നു….

പക്ഷേ അന്നവൾ എന്നോട് മിണ്ടിയില്ല… പൗമിയുടെ പ്രവിയുടെയും പാച്ചുവിന്റെയും വിശേഷങ്ങൾ ഒന്നും തിരക്കിയില്ല…

ഉമ്മറത്തെ വാഴയിലക്കീറിൽ ഒരു കഷണം വെള്ളത്തുണിയും പുതച്ചവൾ സുഖമായിട്ട് ഉറങ്ങുകയായിരുന്നു….”

“സാർ എന്തൊക്കെയാ ഈ പറയുന്നത്….”

“അതേടോ..അവൾ മരിച്ചു.. വെറും മരണം ആയിരുന്നില്ല അത്….കൂട്ട ബലാത്സംഗം….. ആ..കുട്ടി….”

ബാക്കി പറയാനാകാതെ അനന്തപത്മനാഭൻ പൊട്ടിക്കരഞ്ഞു….

അയാളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ അശ്വിനും നിന്നു….

“താൻ ഓർക്കുന്നില്ലേ നാല് വർഷങ്ങൾക്ക് മുൻപ് നടന്ന ഇന്ദു വധം…..

ആ കുട്ടിയാ ഇത്….

അന്നത്തെ ന്യൂസ് പേപ്പറുകൾക്കൊക്കെയും ഇന്ദുവിന്റെ മുഖമായിരുന്നു….. നാല് വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം ആയിരുന്നു ഇന്ദുവും മരണപ്പെട്ടത്….ഇന്നും ഞാൻ വ്യക്തമായിട്ട് അതോർക്കുന്നു….

“കൂടെ പഠിച്ച കൂട്ടുകാർ… അവരായിരുന്നു അവളെ……”

നിറഞ്ഞു വന്ന മിഴികൾ അനന്തപത്മനാഭൻ അമർത്തി തുടച്ചു….

“നീതിക്ക് വേണ്ടി അവർ ഒരുപാട് അലഞ്ഞു…. ഒന്ന് രണ്ട് വർഷം അവർ മുട്ടാത്ത വാതിലുകൾ ഇല്ലായിരുന്നു…..

അവളുടെ കൂട്ടുകാർ പ്രതികൾ ആണെന്ന് തെളിയിക്കാൻ അന്ന് പ്രോസിക്യൂഷന് സാധിച്ചില്ല…

കൃത്യമായി ഒരു വിധി പറയാതെ കോടതി ആ കേസ് അവസാനിപ്പിച്ചു..

പിന്നീട് അതിന്റെ പിന്നാലെ പോകാനുള്ള സാമ്പത്തിക ശേഷിയൊന്നും ആ പാവങ്ങൾക്ക് ഇല്ലായിരുന്നു… 

അയാളും ഭാര്യയും അതിനു ശേഷം ഒരിക്കൽ എന്നെ കാണാൻ വീണ്ടും വന്നിരുന്നു…..

പൗമിയെ പറ്റി ഒരുപാട് കാര്യങ്ങൾ സംസാരിച്ച ശേഷമായിരുന്നു അവർ മടങ്ങിയത്…

അന്നവരെ പൗമിയെ കാണാനായി ഞാൻ വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു…

പൗമിയല്ല അവർക്ക് അത് ഇന്ദു തന്നെയാണെന്ന് പറഞ്ഞിട്ടായിരുന്നു അന്നവർ എനിക്ക് മുൻപിൽ നിന്നു മടങ്ങിയത്…

ആ കുട്ടിക്ക് നീതി വാങ്ങി കൊടുക്കാൻ എനിക്ക് സാധിച്ചില്ലല്ലോ എന്ന കുറ്റബോധം എന്നെ വീണ്ടും അലട്ടി കൊണ്ടിരുന്നു…..

മൂന്നാലു ദിവസങ്ങൾക്ക് ശേഷം അയാളുടെ ഭാര്യ ആത്മഹത്യ ചെയ്തു….

മകൾക്ക് നീതി നിഷേധിച്ച നീതിപീഠത്തിനോടുള്ള ഒരമ്മയുടെ പ്രതിഷേധം….

അതിനു ശേഷം അയാളെപ്പോഴും കരിമ്പടം പുതച്ചു പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ സംസാരിച്ചു മാനസിക നില തെറ്റിയവനെ പോലെയായിരുന്നു നടപ്പ്…

ഒന്ന് രണ്ട് വട്ടം അയാളെ കാണാൻ ശ്രമിച്ചെങ്കിലും അയാൾ എന്നിൽ നിന്നോടി മാറി..

പിന്നെ ഇന്നാണ് ഞാൻ അയാളും മരിച്ചത് അറിയുന്നത്…”

അനന്തപത്മനാഭൻ എല്ലാം പറഞ്ഞു അവസാനിപ്പിച്ചു….അശ്വിൻ നിശ്ചലനായി ഒന്നും മിണ്ടാതെ നിന്നു….

××××××

ഏങ്ങലടിച്ചു കരയുന്ന പൗമിയിലേക്കവന്റെ  മിഴികൾ നീണ്ടു…

“പൗമീ…..”

“അച്ചുവേട്ടാ…..”

അവൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു….. ഇന്ദുവും ആ കുടുംബവും നേർത്തൊരു നോവായി അവർക്കുള്ളിൽ വിങ്ങി നിന്നു….

“അപ്പോൾ അയാളെന്നെ അപകടങ്ങളിൽ നിന്നൊക്കെ രക്ഷിച്ചത് എന്നിൽ എവിടെയോ ഒരു ഇന്ദുവിനെ കണ്ടത് കൊണ്ടാകണം….അല്ലേ അച്ചുവേട്ടാ…..”

അവളുടെ ഏങ്ങലടികൾ വീണ്ടും ഉയർന്നു താഴ്ന്നു കൊണ്ടേയിരുന്നു….

അശ്വിൻ അവളെ പുറത്തു തട്ടി ആശ്വസിപ്പിച്ചു….

“കരയല്ലേ പൗമീ….എന്നാലും അച്ചുവേട്ടാ….”

“പോട്ടെ….ഇങ്ങനെ കരയല്ലേ…..നമ്മള് ഇത് അറിഞ്ഞത് തൽക്കാലം ആരോടും പറയണ്ടാ കേട്ടോ….”

“മ്ം …”

“എന്നാ പോയി മുഖം ഒന്ന് കഴുകിയിട്ടു വാ….ചെല്ല്…”

അവൻ അവളെ വാഷ്റൂമിലേക്ക് തള്ളി വിട്ടു..

അവൾ മുഖം കഴുകി ഇറങ്ങിയപ്പോൾ അശ്വിനെ റൂമിൽ കണ്ടില്ല…

അവൾ.പതിയെ ബാൽക്കണിയിലേക്ക് നടന്നു….

ബാൽക്കണിയിലെ സോപാനത്തിൽ ഇരിക്കുകയായിരുന്നു അവർ എല്ലാവരും…

ബാൽക്കണിയോട് ചേർന്നുള്ള തൂണിൽ ചാരി ഇരിക്കുന്ന അശ്വിന്റെ നെഞ്ചിലേക്ക് ചാരി പ്രവിക്ക് അഭിമുഖം വിധം അവൾ അവന്റെ മടിയിലേക്ക് കാല് നിവർത്തി വെച്ച് കിടന്നു…..

പ്രവിയും അശ്വിനും ഓരോന്നൊക്കെ പറഞ്ഞു പൊട്ടിച്ചിരിക്കുന്നുണ്ട്…

ആർച്ചയും പാച്ചുവും കണ്ണുകൾ കൊണ്ട് കഥ പറയുന്ന തിരക്കിലായിരുന്നു….

പൗമിക്ക് ഒന്നിലും പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല….അവൾ വെറുതെ ആകാശത്തേക്ക് നോക്കി കിടന്നു…..

അവളുടെ മനസ്സിന്റെ ഇടനാഴിയിലൂടെ ഇഴഞ്ഞു നീങ്ങിയ ചിന്തകൾ എല്ലാം ഇന്ദുവിനെ ക്കുറിച്ചായിരുന്നു….

“പൗമീ…….”

“എന്താ പ്രവീ….??”

“നിനക്ക് എന്താ പറ്റിയെ…വയ്യേ….??”

“ചെറിയൊരു തലവേദന…..”

“മെഡിസിൻ എടുത്തിട്ട് വരട്ടേ….??”

“വേണ്ട പ്രവി….നീ ഇവിടെ ഇരിക്ക്…എനിക്ക് സംസാരിക്കണം….”

“എന്നിട്ട് നീ ഒന്നും പറയുന്നില്ലല്ലോ….??”

“അത് പിന്നെ… പ്രവി…”

“എനിക്ക് അറിയാം….വയ്യായ്ക കൊണ്ടാ അല്ലേൽ ഒരു സെക്കന്റ് വാ അടച്ച് വയ്ക്കാത്ത ആളാ….

പിന്നെ നമുക്ക് എല്ലാവർക്കും കൂടി സംസാരിക്കാൻ ഈ ഒരു രാത്രി മാത്രം അല്ലല്ലോ….ഇനിയും മൂന്നാല് ദിവസം കൂടി ഇല്ലേ….”

അവൾ പെട്ടന്ന് അശ്വിനെ നോക്കി…..

അവൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു…

“നീ അളിയനെ നോക്കണ്ടാ…അളിയനും സമ്മതവാ…

ഞങ്ങൾ അതൊക്കെ നേരത്തെ സംസാരിച്ചിരുന്നു….”

“അപ്പോ ഇനി രണ്ട് മൂന്നു ദിവസം കൂടി ഞങ്ങൾ ഇവിടെ ഉണ്ടല്ലേ…….??”

അവൾക്ക് സന്തോഷം കൊണ്ടൊന്ന് തുള്ളിച്ചാടണമെന്ന് തോന്നി….

“അതാ പറഞ്ഞത്…നീ ഇപ്പോൾ പോയി റെസ്റ്റടുക്ക്്‌…സമയം ഇത്രയും ആയില്ലേ…ഞങ്ങളും  കിടക്കാൻ പോവാ…..”

“ആർച്ചേ…ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടോ…??”

“ഇല്ലാ ഏടത്തി….”

“മ്ം എന്നാ പോയി കിടന്നോ….”

എല്ലാവരും കിടക്കാനായി അവരവരുടെ റൂമിലേക്ക് പോയി….

അശ്വിനും പൗമിയും ആ ഇരുപ്പ് തുടർന്നു…..

“പുറത്ത് ഇന്നും നല്ല നിലാവ് ഉണ്ട്…അപ്പോ എങ്ങനാ….”

അശ്വിന്റെ നെഞ്ചിൽ തല ചേർത്ത് കിടക്കുന്ന പൗമിയെ ഇറുകെ പുണർന്നു കൊണ്ടായിരുന്നു അവൻ അത് അവളുടെ കാതിൽ പറഞ്ഞത്…

“ഛീ കള്ള പോലീസ്…..”

നിലാ വെളിച്ചത്തിൽ ഒരു കുഞ്ഞു നക്ഷത്രത്തെ പോലെ അവളുടെ മുക്കുത്തി കല്ലുകൾ വീണ്ടും തിളങ്ങി…..

രണ്ടാളും പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു കൊണ്ട് ഒന്നിച്ചു ആകാശത്തേക്ക് നോക്കി….

അശ്വിന്റെ കൈകൾ അപ്പോഴേക്കും അവളെ വരിഞ്ഞു മുറുക്കി കൊണ്ടേയിരുന്നു….

അവന്റെ ചുണ്ടുകൾ മെല്ലെ അവളുടെ കവിളോരം ചേർന്നു…..

പൗമിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു….

പെട്ടന്നായിരുന്നു അശ്വിന്റെ ഫോൺ റിംഗ് ചെയ്തത്…

പരിചയം ഇല്ലാത്ത നമ്പറിൽ നിന്നുള്ള ഒരു കോൾ ആയിരുന്നു അത്…

അവൻ കോളെടുത്ത് ഫോൺ ചെവിയോരം ചേർത്ത് പിടിച്ചു….

“ഹലോ അച്ചുവേട്ടാ…”

മറുപുറത്ത് നിന്നുള്ള ആ വിളി….അത് അവനെ വല്ലാതെ ഒന്നുലച്ചു…

“ആരാ അച്ചുവേട്ടാ വിളിച്ചത്…..??”

പൗമി ആയിരുന്നു അത് ചോദിച്ചത്…

“ശ്രാവന്തി…”

പൗമിയുടെ മുഖം ദേഷ്യത്താലും സങ്കടത്താലും വലിഞ്ഞു മുറുകി…

അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് അവനെ ഇറുങ്ങി കെട്ടിപിടിച്ചു….

“അച്ചുവേട്ടാ… ഞാൻ നാട്ടിലുണ്ട്…എനിക്ക് ഒന്ന് കാണണം…..”

മറുപടി പറയാതെ അവൻ ആ കോൾ കട്ട് ചെയ്തു ഫോൺ മാറ്റി വെച്ചു…..

അവൻ പൗമിയെ പതിയെ അവന്റെ നെഞ്ചിൽ നിന്നടർത്തി മാറ്റി…

“അയ്യേ…പൗമി കരയ്യാ…എവിടെ പോയി ന്റെ പെണ്ണിന്റെ ധൈര്യം….??”

നിറഞ്ഞ കണ്ണുകളാൽ അവൾ അവനെ നോക്കുമ്പോഴേക്കും അവന്റെ ചുണ്ടുകൾ അവളുടെ കണ്ണിലേക്കമർന്നിരുന്നു….

(തുടരും)

ഒത്തിരി ഇഷ്ടത്തോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.7/5 - (15 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “പൗമി – ഭാഗം 21”

  1. വീണ്ടും പ്രതിസന്ധിയിൽ! ശ്രാവന്തി ഇനി അവരുടെ ജീവിതത്തിലെ കരട് ആകുമോ? ഇനി ഒരു ഭാഗം കൂടി ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. 💖💖💖

Leave a Reply

Don`t copy text!